മാതാപിതാക്കളെ ചേർത്തുപിടിക്കുക

ഡോ. ടി. കെ യൂസുഫ്

2022 മെയ് 21, 1442 ശവ്വാൽ 19

മാതാപിതാക്കളും മക്കളും നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണെങ്കിലും മാതാപിതാക്കളോടുളള കടമകളും ബാധ്യതകളും മാത്രം ക്വുർആനും സുന്നത്തും ആവർത്തിച്ച് അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? മക്കളെ നോക്കുക എന്നത് ജന്തുസഹജമായ ഒരു നൈസർഗിക വികാരമാണ്. ഈ പ്രപഞ്ചത്തിലെ സർവ ജീവികളും അവയുടെ കുഞ്ഞുങ്ങളോട് കരുണ കാണിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ഭൂമിയിലെ ഒരു ജീവിയും അതിന്റെ മാതാപിതാക്കളെ പരിചരിക്കുന്നതായി കാണാൻ സാധ്യമല്ല. ഒരു വിശ്വാസി അല്ലാഹുവിനെ ആരാധിക്കുക എന്ന കടമ നിർവഹിച്ചുകഴിഞ്ഞാൽ പിന്നെ അവൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളോടുളള ബാധ്യതകളാണ്.

അല്ലാഹു പറയുന്നു: “തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നൻമ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽവെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക’’ (അൽഇസ്‌റാഅ് 23).

മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം അവർക്ക് ആരോഗ്യമുളള സമയത്ത് ആവർ ആരുടെയും ഔദാര്യം സ്വീകരിക്കാൻ താൽപര്യപ്പെടുകയില്ല, എന്ന് മാത്രമല്ല മക്കളുടെ സന്തോഷത്തിന് അവർ ജീവിതം തന്നെ ബലി കഴിക്കാൻ തയ്യാറായിരിക്കും. എന്നാൽ വാർധക്യം ബാധിക്കുമ്പോൾ അവർക്ക് പരസഹായം ആവശ്യമായിവരും, മാത്രമല്ല; അവരുടെ പെരുമാറ്റത്തിൽ അനിഷ്ടകരമായ പലതും കാണപ്പെടുകയും ചെയ്യും. ‘ഛെ’ എന്ന് പറയിപ്പിക്കുന്ന രീതിയിലായിരിക്കും ചിലപ്പോൾ അവരുടെ പെരുമാറ്റം. അത് കൊണ്ടാണ് അവരോട് പുണ്യം ചെയ്യുന്നതിനും വാക്കിലും നോക്കിലും അവരെ നോവിപ്പിക്കാതിരിക്കാനും കൽപിക്കുന്നത്.

മാതാപിതാക്കളോട് പുണ്യം ചെയ്യാൻ കൽപിച്ചതിനോട് അനുബന്ധമായി ക്വുർആൻ പറയുന്നത് മാതാവ് പ്രയാസത്തോടെ ഗർഭം ചുമക്കുകയും നൊന്തു പ്രസവിക്കുകയും ചെയ്തുവെന്നാണ്. അല്ലാഹു പറയുന്നു:

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു-ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം’’ (ലുക്വ‌്മാൻ 14).

“തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു...’’ (അൽഅഹ്ക്വാഫ് 15).

ഇസ്‌ലാമിലെ ആരാധനാകർമങ്ങൾ പരിശോധിക്കുകയാണെങ്കിൽ; അവയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നമസ്‌കാരം യഥാസമയത്ത് നിർവഹിക്കലാണ്, അത് കഴിഞ്ഞാൽ അവന് പ്രിയപ്പെട്ടത് മാതാപിതാക്കളോടുളള പുണ്യംചെയ്യൽ തന്നെയാണ്.

ഇബ്‌നു മസ്ഊദി(റ)ൽനിന്നും നിവേദനം: “ഞാൻ അല്ലാഹുവിന്റെ ദൂതരോട് ചോദിച്ചു: ‘ഏത് കർമമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്?’ അദ്ദേഹം പറഞ്ഞു: ‘നമസ്‌കാരം അതിന്റെ സമയത്ത് നിർവഹിക്കൽ.’ ഞാൻ ചോദിച്ചു: ‘പിന്നെ എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘മാതാപിതാക്കളോടുളള പുണ്യം.’ ഞാൻ ചോദിച്ചു: ‘പിന്നെ എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ മാർഗത്തിലുളള ധർമസമരം’ (ബുഖാരി).

ഈ ഹദീസ് പ്രകാരം ഇസ്‌ലാമിലെ സൂപ്രധാന കർമമായ നമസ്‌കാരം കഴിഞ്ഞാൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടം മാതാപിതാക്കളോട് പുണ്യം ചെയ്യലാണ്. അല്ലാഹുവിന്റെ മാർഗത്തിലുളള ധർമസമരം പോലും അതിന് ശേഷമാണ്. യുദ്ധത്തിന് അനുമതി ചോദിച്ചു വന്ന ഒരാൾക്ക് പ്രായമായ മാതാപിതാക്കളുളളത് കാരണം പ്രവാചകൻ അനുമതി നിഷേധിച്ചിട്ടുണ്ട്.

ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നു, എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് ഹിജ്‌റക്ക് വേണ്ടി -അല്ലെങ്കിൽ ജിഹാദിന് വേണ്ടി- ഞാൻ താങ്കളോട് ഉടമ്പടി ചെയ്യുന്നു.’ അപ്പോൾ നബി ﷺ ചോദിച്ചു: ‘നിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, അവർ രണ്ടുപേരുമുണ്ട്.’ നബി ﷺ ചോദിച്ചു: ‘നീ അല്ലാഹുവിൽനിന്നും പ്രതിഫലം ആഗ്രഹിക്കുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എങ്കിൽ നീ നിന്റെ മാതാപിതാക്കളിലേക്ക് മടങ്ങിച്ചെന്ന് അവരുമായുള്ള സഹവാസം നന്നാക്കുക’ (മുസ്‌ലിം).

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സ്വർഗപ്രവേശനത്തിന് നിമിത്തമാകും. അത് അവഗണിക്കുന്നവരുടെ കാര്യം കഷ്ടമാണ് എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്.

നബി ﷺ പറഞ്ഞു: “നിന്ദ്യനാകട്ടെ, നിന്ദ്യനാകട്ടെ, നിന്ദ്യനാകട്ടെ! ഒരാൾക്ക് തന്റെ മാതാപിതാക്കളെ വാർധക്യത്തിൽ ലഭിച്ചു; അവരിൽ ഒരാളെയോ അല്ലെങ്കിൽ രണ്ടുപേരെയുമോ. എന്നിട്ടും അവൻ സ്വർഗത്തിൽ പ്രവേശിച്ചില്ല’’ (മുസ്‌ലിം).

മാതാപിതാക്കളോടുളള പു ണ്യം അവരുടെ ജീവിതകാലത്ത് മാത്രം പരിമിതമല്ല; അവരുടെ മരണ ശേഷവും അത് തുടരേണ്ടതുണ്ട്.

ഒരിക്കൽ ഒരാൾ വന്ന് നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, മാതാപിതാക്കളുടെ മരണ ശേഷം എനിക്ക് അവരുടെമേൽ വല്ല പുണ്യവും അവശേഷിക്കുന്നുണ്ടോ?’ നബി ﷺ പറഞ്ഞു: ‘അതെ, അവരുടെമേലുളള പ്രാർഥന, അവർക്ക് വേണ്ടിയുളള പാപമോചന പ്രാർഥന, അവരുടെ കാരാറുകൾ നിറവേറ്റൽ, അവരുടെ ഭാഗത്തുനിന്നുളള കുടുംബബന്ധം ചേർക്കൽ, അവരുടെ സുഹൃത്തുക്കളെ ആദരിക്കൽ’ (അബൂദാവൂദ്).

ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് ഒരിക്കൽ ഇബ്‌നു ഉമർ(റ) ഒരു അപരിഷ്‌കൃത അറബിയെ വഴിയിൽ വെച്ച് കണ്ടപ്പോൾ അദ്ദേഹത്തെ കഴുതപ്പുറത്ത് കയറ്റുകയും തലപ്പാവ് നൽകി ആദരിക്കുകയും ചെയ്തത്.

മാതാപിതാക്കളോട് പുണ്യം ചെയ്യുന്നത് ദീർഘായുസ്സിനും ഉപജീവനവർധനവിനും നിമിത്തമായിത്തീരുമെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്.

നബി ﷺ പറഞ്ഞു: “ആരെങ്കിലും തന്റെ ആയുസ്സ് വർധിക്കുന്നതും ഉപജീവനം വർധിക്കുന്നതും ഇഷ്ടപ്പെടുന്നുവെങ്കിൽ അവൻ തന്റെ മാതാപിതാക്കളോട് പുണ്യം ചെയ്യട്ടെ. അവൻ കുടുംബബന്ധം ചേർക്കട്ടെ’’ (അഹ്‌മദ്).

മാതാപിതാക്കളോട് നന്മ ചെയ്യുന്നതിലൂടെ ഒരാൾക്ക് രോഗശമനവും പ്രാർഥനാസാഫല്യവും നേടാനാവുമെന്നാണ് ഉവൈസ് ബിൻ ആമിറിന്റെ സംഭവത്തിൽനിന്നും ഗ്രഹിക്കാൻ കഴിയുന്നത്. ഉമർ(റ) യമനിൽനിന്നും വരുന്ന യാത്രാസംഘങ്ങളോട് നിങ്ങളുടെ കൂട്ടത്തിൽ ഉവൈസ് ബിൻ ആമിർ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ഉവൈസ് അദ്ദേഹത്തിന്റെ അടുക്കൽ വന്നു. ഉമർ(റ) ചോദിച്ചു: ‘നീ ഉവൈസ്ബിൻ ആമിർ ആണോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ‘താങ്കൾ മുറാദ്, ഖർന് ഗോത്രങ്ങളിൽനിന്നാണോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ‘താങ്കൾക്ക് വെളളപ്പാണ്ട് ഉണ്ടായിരുന്നുവോ? എന്നിട്ട് ഒരു ദിർഹമിന്റെ അത്ര വലിപ്പമൊഴികെ ബാക്കിയുളളതെല്ലാം സുഖപ്പെട്ടുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ‘താങ്കൾക്ക് മാതാവുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ഉമർ(റ) പറഞ്ഞു: ‘നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; യമനിലെ സംഘങ്ങളോടൊപ്പം ഉവൈസ് ബിൻ ആമിർ നിങ്ങളിലേക്ക് വരും. അദ്ദേഹം മുറാദിൽനിന്നും പിന്നെ ഖർനിൽനിന്നും (ഗോത്രവും ഉപഗോത്രവും) ആയിരിക്കും. അദ്ദേഹത്തിന് വെളളപ്പാണ്ടുണ്ടായിരുന്നു. അതിൽനിന്നും ദിർഹമിന്റെ ഭാഗമൊഴിച്ച് ബാക്കിയെല്ലാം സുഖമായി. അദ്ദേഹത്തിന് ഒരു മാതാവുണ്ട്; അദ്ദേഹം മാതാവിനോട് പുണ്യം ചെയ്യുന്നവനാണ്. അദ്ദേഹം അല്ലാഹുവിന്റെ പേരിൽ ശപഥം ചെയ്താൽ അത് നിറവേറും. അദ്ദേഹത്തെകൊണ്ട് നിനക്ക് പാപമോനം തേടാൻ നിനക്ക് സാധിച്ചാൽ നീ അപ്രകാരം ചെയ്യുക’ (ഹാകിം).

ഉമർ(റ) അദ്ദേഹത്തോട് തനിക്കുവേണ്ടി പാപമോചനം തേടാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഉമറിന് വേണ്ടി പാപമോചനം തേടി. പിന്നീട് ഉമർ(റ) അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കൾ ഇനി എങ്ങോട്ടാണ് പോകുന്നത്?’ അദ്ദേഹം പറഞ്ഞു: ‘കൂഫയിലേക്ക്.’ ഉമർ(റ) പറഞ്ഞു: ‘ഞാൻ അവിടുത്തെ ഗവർണർമാർക്ക് എഴുതാം. അവർ താങ്കൾക്ക് ഗുണം ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘വേണ്ട, മണ്ണുപുരണ്ട ജനങ്ങൾക്കിടയിൽ കഴിയുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.’

ഈ സംഭവത്തിൽനിന്നും മാതാവിന് പുണ്യം ചെയ്തത് നിമിത്തമുണ്ടായ മഹത്തായ അനുഗ്രഹങ്ങളാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഒന്നാമതായി, ഒരു മാറാവ്യാധിയായ വെളളപ്പാണ്ടിൽനിന്നും അദ്ദേഹത്തിന് ശമനം ലഭിച്ചു. ഒരു ദൃഷ്ടാന്തമെന്നോണം ഒരു നാണയത്തിന്റെ വലിപ്പത്തിലുളള ഒരു അടയാളം അവശേഷിച്ചു. മറ്റൊന്ന് അദ്ദേഹത്തിന്റെ പ്രാർഥനക്ക് അല്ലാഹു ഉത്തരം നൽകുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി. നബി ﷺ തന്റെ ജീവിതകാലത്ത് കാണാത്ത ഒരാളെ കുറിച്ച് അത്തരത്തിൽ ഒരു പ്രവചനം നടത്തി എന്നതും മറ്റൊരു അത്ഭൂതമാണ്.

മാതാപിതാക്കളിൽ മാതാവിനോടാണ് കൂടുതൽ കടപ്പാട് എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകൾ കാണാൻ കഴിയും. ‘മാതാപിതാക്കളിൽ എന്റെ സഹവാസത്തിന് ഏറ്റവും അർഹതപ്പെട്ടത് ആര്’ എന്ന ചോദ്യത്തിന് ‘നിന്റെ മാതാവ്’ എന്നാണ് നബി ﷺ മൂന്നു പ്രവശ്യം പറഞ്ഞത്. നാലാം പ്രാവശ്യമാണ് ‘നിന്റെ പിതാവ്’ എന്നു പറഞ്ഞത്. ഒരാൾ തന്റെ മാതാവിനെ ചുമലിലേറ്റി കഅ്ബയെ ത്വവാഫ് ചെയ്യുകയായിരുന്നു. ഇബ്‌നു ഉമറിനോട് അദ്ദേഹം ചോദിച്ചു: ‘ഇത് മാതാവിനോടുളള പ്രത്യുപകാരമാകില്ലേ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല ഒരു നോവിനും നെടുവിർപ്പിനും ഇത് പകരമാകുകയില്ല. എങ്കിലും കുറച്ച് ചെയ്യുന്നവർക്കും അല്ലാഹു കൂടുതൽ പ്രതിഫലം നൽകും.’

മാതാപിതാക്കൾക്ക് പുണ്യംചെയ്യുന്നത് പ്രതിഫലാർഹമാണെങ്കിൽ അവരോട് മോശമായി പെരുമാറുന്നതിനെ കൊടിയ പാപമായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്. തന്നെയുമല്ല അതിന്റെ ശിക്ഷ ദുൻയാവിൽ വെച്ചുതന്നെ ലഭിക്കുകയും ചെയ്യും.

നബി ﷺ പറഞ്ഞു: ‘എല്ലാ പാപങ്ങളും; അതിൽനിന്നും അല്ലാഹു ഉദ്ദേശിച്ചത് അന്ത്യദിനംവരെ പിന്തിക്കും, മാതാപിതാക്കളോട് ധിക്കാരം കാണിച്ചതിന് ഒഴികെ. അത് ചെയ്തവന് അല്ലാഹു മരണത്തിന് മുമ്പ് ജീവിതത്തിൽ വെച്ചുതന്നെ പെട്ടെന്ന് നൽകും’ (ഹാകിം).

പാപങ്ങളിൽ ഏററവും ഗുരുതരമായതാണ് മാതാപിതാക്കളോടുളള അനുസരണക്കേട് എന്നാണ് ഹദീസുകൾ വ്യക്തമാക്കുന്നത്. നബി ﷺ പറഞ്ഞു: ‘പാപങ്ങളിൽ ഏറ്റവും വലിയത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടയോ?’ അവർ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റ ദൂതരേ’. നബി ﷺ പറഞ്ഞു: ‘അല്ലാഹുവിൽ പങ്കു ചേർക്കുക, മാതാപിതാക്കളെ ധിക്കരിക്കുക, കളളസാക്ഷ്യം പറയുക’ (തിർമിദി).

മാതാപിതാക്കളോട് ധിക്കാരം കാണിക്കുന്നവരെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല എന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നത് വൻപാപമായി എണ്ണിയ പ്രവാചകൻ വൻപാപങ്ങൾക്കുളള പരിഹാരമായി നിർദേശിച്ചത് മാതാപിതാക്കളോട് പുണ്യം ചെയ്യാനാണ്.

ഇബ്‌നു ഉമറി(റ)ൽനിന്നും നിവേദനം: “ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നു, എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഒരു ഭയങ്കര തെറ്റുചെയ്തു, എനിക്ക് തൗബയുണ്ടോ?’ അപ്പോൾ തിരുമേനി ചോദിച്ചു: ‘നിനക്ക് മതാവുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ ‘നിനക്ക് മാതൃസഹോദരിയുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘എങ്കിൽ നീ അവർക്ക് പുണ്യം ചെയ്യുക’ (അഹ്‌മദ്).

മാതാപിതാക്കളെ ചീത്തവിളിക്കുന്ന എത്രയോ ആളുകളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇത് പൂർവികരായ മുസ്‌ലിംകൾക്ക് സങ്കൽപിക്കാൻപോലും പറ്റാത്തതായിരുന്നു. മാതാപിതാക്കളെ ചീത്തപറയുന്നത് വൻപാപമാണ് എന്ന് പ്രവാചകൻ ﷺ പറഞ്ഞപ്പോൾ അനുചരന്മാർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഒരാൾ മാതാപിതാക്കളെ ചീത്തപറയുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, ഒരാൾ അപരന്റെ പിതാവിനെ ചീത്തവിളിക്കുന്നു, അപ്പോൾ അവൻ ഇവന്റെയും പിതാവിനെ ചീത്തവിളിക്കും. ഒരാൾ അപരന്റെ ഉമ്മയെ ചീത്ത വിളിക്കുമ്പോൾ അവൻ ഇവന്റെ ഉമ്മയെയും ചീത്തവിളിക്കും’ (മുസ്‌ലിം).

മാതാപിതാക്കളോട് നന്നായി പെരുമാറുന്ന പലരും അവരുടെ സമ്പാദ്യം അവർക്ക് നൽകാൻ വൈമനസ്യം കാണിക്കുന്നവരാണ്. എന്നാൽ നമ്മളും നമ്മുടെ സമ്പത്തും മാതാപിതാക്കൾക്ക് അർഹതപ്പെട്ടാതാണ് എന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുളളത്. ഒരാൾ തന്റെ സമ്പത്ത് പിതാവ് ചോദിക്കുന്നു എന്ന് തിരുസന്നിധിയിൽ ആവലാതി പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞത് നീയും നിന്റെ സമ്പത്തും പിതാവിനർഹതപ്പെട്ടതാണെന്നാണ്.

നബി ﷺ പറഞ്ഞു: “നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനാണ്. നിശ്ചയം, നിങ്ങളുടെ മക്കൾ നിങ്ങളുടെ നല്ല സമ്പാദ്യമാണ് അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ മക്കളുടെ സമ്പാദ്യത്തിൽനിന്നും ഭക്ഷിക്കുക.’’

ഈ ഹദീസിന്റെ പശ്ചാത്തലമായി ഇമാം സമഖ്ശരി പറയുന്നത് ഇപ്രകാരമാണ്: ‘ഒരാൾ നബി ﷺ യോട് തന്റെ പിതാവ് തന്റെ സമ്പത്ത് എടുക്കുന്നുണ്ട് എന്ന് പറഞ്ഞു. അപ്പോൾ ആ പിതാവിനെ വിളിപ്പിച്ചു, അദ്ദേഹം വടിയിൽ ഊന്നുന്ന ഒരു വൃദ്ധനായിരുന്നു. പിതാവ് പറഞ്ഞു: ‘ഒരു കാലത്ത് അവൻ ദുർബലനായിരുന്നു. ഞാൻ ശക്തനായിരുന്നു. അവൻ ദരിദ്രനായിരുന്നു. ഞാൻ സമ്പന്നനായിരുന്നു. എന്റെ സമ്പത്തിൽനിന്നും യാതൊന്നും ഞാൻ അവന് തടഞ്ഞിരുന്നില്ല. ഇന്ന് ഞാൻ ദുർബലനാണ്; അവൻ ശക്തനാണ്. ഞാൻ ദരിദ്രനാണ്; അവൻ സമ്പന്നനാണ്. അവൻ അവന്റെ സമ്പത്തുകൊണ്ട് എന്റെമേൽ പിശുക്ക് കാണിക്കുന്നു.’ അപ്പോൾ നബി ﷺ കരഞ്ഞു. അത് കേട്ട കല്ലും മണ്ണും കരഞ്ഞു. എന്നിട്ട് മകനോട് പറഞ്ഞു: ‘നീയും നിന്റെ സമ്പത്തും നിന്റെ പിതാവിന്റെതാണ്.’