കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

നബീല്‍ പയ്യോളി

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

വാഹനാപകടത്തില്‍ മരിച്ച പ്രവാസി സുഹൃത്തിന് നാട്ടില്‍ വീടില്ലെന്ന കാര്യം അദ്ദേഹം മരണപ്പെട്ടപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിച്ച ആ സഹോദരന്‍ ചെറുപ്രായത്തില്‍ ഈ ലോകത്തുനിന്നും മടങ്ങി. രണ്ട് കുട്ടികളുമായി മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ആ സഹോദരി വൈധവ്യത്തിന്റെ കൈപ്പറിഞ്ഞു.

അവധിയാത്രക്ക് എല്ലാം ഒരുക്കിനില്‍ക്കവെയാണ് സുഹൃത്തായ മറ്റൊരു ചെറുപ്പക്കാരന്‍ അപകടത്തില്‍ മരണമടഞ്ഞത്. വീടുപണി ഏകദേശം പൂര്‍ത്തിയായി താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍.

ജോലിയില്‍ സ്ഥലം മാറ്റം ലഭിച്ചതിനാല്‍ കുടുംബത്തോടൊപ്പം പുതിയ സ്ഥലത്തേക്ക് യാത്രചെയ്യുമ്പോഴാണ് ബേപ്പൂര്‍ സ്വദേശിയും കുടുംബവും അപകടത്തില്‍ മരിച്ചത്. വീടുപണി പൂര്‍ത്തിയാകുന്നതിനുമുമ്പ് ആ അഞ്ചംഗ കുടുംബം ഒന്നിച്ച് ഈ ലോകത്തോട് യാത്രപറഞ്ഞു. ഇന്ന് വീടിനടുത്തുള്ള പള്ളിവളപ്പിലെ ക്വബ്‌റ്സ്ഥാനില്‍     അവര്‍ അന്തിയുറങ്ങുന്നു.

ഇങ്ങനെ പലരൂപത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറം അല്ലാഹുവിന്റെ വിധി നമ്മെ എപ്പോഴും തേടിയെത്തിയേക്കാം. അതിനെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഭൗതികതയുടെ പളപളപ്പില്‍ ലിബറലിസവും പുരോഗമനവാദവും ആധുനികതയും ഒക്കെ പറഞ്ഞു ജീവിതലക്ഷ്യം മറക്കുന്നവര്‍ക്ക് മരണമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. കുടുംബത്തെയും അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇത്തരം സന്ദര്‍ഭത്തില്‍ നാം പ്രയാസപ്പെടും. നിസ്സഹായനായി നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കാന്‍ പരലോക വിശ്വാസവും ഇസ്‌ലാമിക അധ്യാപനങ്ങളും സാധിക്കുന്നു എന്നതാണ് വിശ്വാസി സമൂഹത്തിന് ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും സധൈര്യം നിലകൊള്ളാന്‍ ആത്മവിശ്വാസം നല്‍കുന്നത്.

നാട്ടില്‍നിന്നും ജോലിതേടി വന്ന ഏതാനും മലയാളികളെ കണ്ടപ്പോള്‍ ‘എന്തേ ഈ സന്ദര്‍ഭത്തില്‍ ഇങ്ങോട്ടു വന്നത്’ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ‘നാട്ടില്‍ കോവിഡ് മൂലം ജോലിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരവസം കിട്ടി, അങ്ങനെ വന്നു’ എന്നായിരുന്നു. ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന ഒരാളോട് ‘വര്‍ഷം കുറെയായില്ലേ ഇവിടെ, എന്തെങ്കിലും നീക്കിയിരിപ്പുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞത് ‘പ്രത്യേകിച്ച് സമ്പാദ്യമൊന്നും ഇല്ല’ എന്നാണ്. അസുഖമായി അല്‍പം പ്രയാസത്തില്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ഒരാളോട് ‘നാട്ടില്‍ പോകുന്നില്ലേ, ഇവിടെത്തന്നെ നില്‍ക്കുകയാണോ, എന്തെങ്കിലും വരുമാനമാര്‍ഗം നാട്ടില്‍ ഉണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഇതുവരെ നന്നായി ജീവിച്ചു. ആളുകള്‍ കാണുമ്പോള്‍ അത്യാവശ്യം ഉള്ള പ്രവാസിയാണ് എന്ന് തോന്നും, അത് മാത്രമാണ് സമ്പാദ്യം’ എന്ന മറുപടിയാണ് ലഭിച്ചത്.

എല്ലാവരുടെയും ജീവിതം അല്ലാഹു നിശ്ചയിച്ച സമയത്ത് അവസാനിക്കും, തീര്‍ച്ച. അപ്രതീക്ഷിത മരണങ്ങള്‍ എന്ന് നാം വിളിക്കുന്ന, അല്ലാഹു നിശ്ചയിച്ച സമയത്തുതന്നെയുള്ള മരണങ്ങളില്‍ പലപ്പോഴും കുടുംബം പ്രതിസന്ധിയില്‍ അകപ്പെടുന്ന കാഴ്ച നാം കാണാറുണ്ട്. പെട്ടെന്നൊരുദിനം ഗൃഹനാഥന്‍ ഇല്ലതാകുന്നത് കുടുംബിനിയെ വല്ലാതെ തളര്‍ത്തിക്കളയും. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും തന്റെ ചുമലിലേക്ക് വരുന്ന സാഹചര്യം, പിഞ്ചുമക്കളുമായി എങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന ആശങ്ക, സാമ്പത്തികമായി ഒന്നുമില്ലാത്ത അവസ്ഥ...ഇവയെല്ലാം ഇരുട്ടായി പടര്‍ന്നുകയറും.

ജീവിതാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ഉള്ളതുകൊണ്ട് ജീവിച്ച് പോകുന്നു, അല്‍ഹംദുലില്ലാഹ്,’  ‘ബാധ്യതകള്‍ ധാരാളമുണ്ട്, എന്തുചെയ്യും എന്നറിയില്ല,’ ‘അടിച്ചുപൊളി ജീവിതം’ എന്നിങ്ങനെ പലര്‍ക്കും പലവിധ മറുപടികളാണ് പറയാനുണ്ടാവുക.

സമ്പാദ്യത്തില്‍നിന്നും നാളേക്കായി ഒന്നും നീക്കിവയ്ക്കാതെ കിട്ടുന്നതെല്ലാം ഉടനടി ചെലവഴിച്ചു തീര്‍ക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. എത്ര സമ്പാദിക്കാനും ഇസ്‌ലാം നമുക്ക് അനുവാദം നല്‍കുന്നുണ്ട്; അത് ഹലാലാവണം എന്ന് മാത്രം.

രോഗാവസ്ഥയിലായിരിക്കെ തന്റെ സ്വത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യട്ടെ എന്ന് അന്വേഷിച്ച സഅ്ദി(റ)നോട് നബി ﷺ ‘വേണ്ട’ എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി ﷺ ശേഷം പറഞ്ഞു: ‘തീര്‍ച്ചയായും നീ നിന്റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനെക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം’’ (ബുഖാരി, മുസ്‌ലിം).

കുടുംബത്തിന് ചെലവഴിക്കുന്നത് ഏറ്റവും ഉല്‍കൃഷ്ടമായതാണെന്നും ചെലവിന് കൊടുക്കാതിരിക്കുക എന്നത് കുറ്റമാണെന്നുമാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്.

നബി ﷺ പറയുന്നു: “തന്റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്നതുതന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്’’ (മുസ്‌ലിം, അബൂദാവൂദ്).

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്’’ (മുസ്‌ലിം).

നീക്കിവെക്കല്‍ സാധ്യമാണോ?

നീക്കി വെക്കലിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും പ്രതികരിക്കാറുള്ളത് ‘എനിക്ക് അതിന് സാധിക്കുകയില്ല’ എന്നാണ്. ജീവിതത്തില്‍ ഏതൊരു കാര്യത്തിലും സ്വന്തമായി ഒരു പ്ലാന്‍ ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവിന്റെ വിധിക്കയനുസരിച്ച് കാര്യങ്ങള്‍ നടക്കും. അത് ഏതുവിധത്തിലായാലും അതിനോട് സമരസപ്പെടാന്‍ നമുക്ക് സാധിക്കണം.

കോവിഡ് വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അല്‍പം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം പങ്കുവെച്ചത്. കിട്ടുന്നത് തികയുന്നില്ല, ഭാര്യയ്ക്കും ചെറിയ ജോലിയുണ്ടെങ്കിലും ഒന്നും തികയുന്നില്ല. കുടുംബത്തോടൊപ്പം പ്രവാസലോകത്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. എന്നാല്‍ കരുതിയിരിപ്പായി ഒന്നുമില്ല...ഇതായിരുന്നു അദ്ദേഹത്തിന്റെ പരിഭവം.

വഴിയുണ്ട്, വിഷമിക്കേണ്ട എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ചെലവുകള്‍ കൃത്യമായി എഴുതിവെക്കുന്ന ശീലം ഉള്ളയാളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാര്യം എളുപ്പമായി. എവിടെയൊക്കെ ചെലവ് കുറക്കാന്‍ സാധിക്കും എന്ന് ആലോചിക്കുക, ഭാര്യയുടെയും അഭിപ്രായവും സഹകരണവും തേടുക, എന്നിട്ട് വൈദ്യുതിബില്‍, വീട്ടുവാടക, വെള്ളത്തിന്റെ പണം എന്നിങ്ങനെ നീക്കിവെക്കുന്ന അനിവാര്യമായ ചെലവിലേക്ക് നീക്കിയിരിപ്പ് എന്ന ഒരു ഇനം കൂടി ചേര്‍ക്കുക. അത് ശമ്പളം കിട്ടിയ ഉടനെ ഏതെങ്കിലും ഇടത്തേയ്ക്ക് മാറ്റുക, ചെലവായതായി സ്വന്തത്തെ ബോധ്യപ്പെടുത്തുക. ബാക്കിയുള്ളതുകൊണ്ട് ചെലവുകള്‍ പ്ലാന്‍ ചെയ്യുകയും നടത്തുകയും ചെയ്യുക.

ഈ ആഴ്ചയില്‍ അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ അയാള്‍ സന്തോഷവാനാണ്. കയ്യില്‍ എല്ലാം ചെലവും കഴിഞ്ഞ് അല്‍പം തുക നീക്കിയിരിപ്പുണ്ട്. ‘എനിക്കും സമ്പാദിക്കാന്‍ കഴിയും എന്ന് ബോധ്യമായി’ എന്ന് മനസ്സ് നിറഞ്ഞ് അദ്ദേഹം പറഞ്ഞു. ഇത് വായനക്കാരുമായി പങ്കുവയ്ക്കുന്നത് ശ്രമിച്ചാല്‍ ഇതൊക്കെ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്.

മനുഷ്യനെ വ്യത്യസ്തമായ അവസ്ഥകളിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ പാവങ്ങളും പണക്കാരും ഉണ്ടാവുക സ്വാഭാവികം. ‘ഞാന്‍ ഇങ്ങനെയായിപ്പോയി’ എന്ന് വിലപിക്കാന്‍ നമുക്ക് അവകാശമില്ല; അത് അവിവേകമാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിക്കുന്നതില്‍ തെറ്റില്ല. വരവിനനുസരിച്ച് ചെലവുണ്ടാവുക എന്നത് സ്വാഭാവികം. എന്നാല്‍ അമിതവ്യയം അരുത്. ഏതൊരു മനുഷ്യനും തന്റെ പക്കലുള്ള പണം ചെലവഴിക്കാനുള്ള മാനസികാവസ്ഥ വെച്ച് പുലര്‍ത്തുന്നവരാണ്; പിശുക്കന്‍മാര്‍ ഒഴികെ. അതിനാല്‍ സമ്പാദിക്കാന്‍ അല്ലെങ്കില്‍ നീക്കിവെക്കാന്‍ ഉദ്ദേശിക്കുന്ന വിഹിതം മറ്റൊരിടത്തേക്ക് മാറ്റുക എന്നതാണ് പ്രായോഗികം. ഇരുപത് വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ളവരിലാണ് പലപ്പോഴും സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രകടമായി കാണാറുള്ളത്. വലിയ ബാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ‘അടിച്ചുപൊളിച്ചു ജീവിക്കുക’ എന്നതായിരിക്കും അവരുടെ രീതി. പണം കരുതിവയ്ക്കാനോ നാളെയെക്കുറിച്ച് പ്ലാന്‍ ചെയ്യാനോ അവര്‍ ശ്രമിക്കാറില്ല. മുപ്പത്തിയഞ്ച് കഴിയുമ്പോള്‍ ബാധ്യതകള്‍ പലതും ഇത്തരക്കാരെ വല്ലാതെ നിരാശരാക്കും. ധാരാളം പണം കൈയില്‍ വന്നുപോയിട്ടുണ്ട്, എന്നിട്ടും ഒന്നും ബാക്കിയായില്ലല്ലോ എന്ന ഖേദം അവരില്‍ നിറയും. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും അവര്‍.

കൃത്യമായ പ്ലാനിങ്ങിന്റെ അഭാവം നമ്മെ വല്ലാതെ പ്രയാസപ്പെടുത്തും. അവിവേകവും അതിക്രമങ്ങളും ജീവിതത്തിലുടനീളം കരിനിഴല്‍ വീഴ്ത്തിയേക്കാം. അതുകൊണ്ട് പരമാവധി നേരത്തെതന്നെ പുതു തലമുറക്ക് സാമ്പത്തിക അച്ചടക്കത്തിന്റെയും കരുതിവെക്കലിന്റെയും പ്രാധാന്യത്തെയും ബോധ്യപ്പെടുത്താന്‍ കുടുംബത്തിനും സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. ജീവിതം കേവലം കളി തമാശയല്ലെന്നും അത് ബാധ്യതാ നിര്‍വഹണത്തിന്റെത് കൂടിയാണെന്നും അവര്‍ തിരിച്ചറിയണം.

അതിവേഗം കുതിച്ചുകൊണ്ടിരുന്ന ലോകത്തെ പിടിച്ചുകെട്ടിയാണ് കോവിഡ് വന്നത്. എന്ത് സംഭവിച്ചാലും എന്റെ ജോലിയോ വരുമാനമോ നിലയ്ക്കുകയില്ലെന്ന അമിത ആത്മവിശ്വാസത്തിനേറ്റ അടികൂടിയാണ് കോവിഡ്, ആ പ്രതിസന്ധിയില്‍ അകപ്പെടാത്ത ഒരാളും ലോകത്തുണ്ടെന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ കരുതിവയ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് ഉള്ളതുകൊണ്ട് ജീവിക്കുക, നാളെയെക്കുറിച്ച് ആലോചിക്കാതിരിക്കുക എന്നതല്ല; നാളേക്കുവേണ്ടി എന്തെങ്കിലും നീക്കിവെക്കുക എന്നതാണ് വിവേകം എന്ന് മനസ്സിലാക്കി.

ഈയിടെ എറണാകുളത്തെ ടൗണ്‍ പ്ലാനിങ് ഓഫീസറും പ്രമുഖ വ്യവസായിയും മറ്റുമുള്ള ഒരു ചര്‍ച്ച കാണാനിടയായി. അതില്‍ ടൗണ്‍ പ്ലാനിങ് എഞ്ചിനിയര്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തനീയമാണ്. സ്വന്തമായി ഒരു വീട് എന്നത് മുന്‍പ് അനിവാര്യവും അഭിമാനവുമായിരുന്നുവെങ്കില്‍ ഇന്ന് വാടക വീടാണ് മിക്കവാറും പ്രിഫര്‍ ചെയ്യുന്നത്. വസ്തുക്കളെ ഉടമപ്പെടുത്തുക എന്നതില്‍നിന്ന് സേവനങ്ങളെ ഉപയോഗിക്കുക എന്ന രീതിയിലേക്കാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. എന്തും നമുക്ക് ലഭിക്കും. ബിഎംഡബ്യു കാര്‍വരെ വാടകയ്ക്ക് ലഭിക്കാം. അങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന എന്തും ഉപയോഗപ്പെടുത്താനുള്ള സര്‍വീസ് ഓറിയന്റഡായി ലോകമിന്ന് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കേണ്ട അവസ്ഥയില്‍നിന്ന് കയ്യിലുള്ള പണമനുസരിച്ച് ആവശ്യമനുസരിച്ച് സേവനങ്ങളെ ഉപയോഗപ്പെടുത്താം എന്ന മാനസികാവസ്ഥയിലേക്കാണ് പുതുതലമുറ മാറിക്കൊണ്ടിരിക്കുന്നത്.

സ്വന്തമായി വീട് നിര്‍മിക്കാന്‍ നാല്‍പതോ അമ്പതോ ലക്ഷം രൂപ വേണം; സ്ഥലം വാങ്ങാന്‍ അതിലധികവും. ഇത്ര വലിയ തുക എന്തിന് ഒരുമിച്ച് നിക്ഷേപിക്കണം? അതുകൊണ്ട് മറ്റെന്തെങ്കിലും വരുമാന മാര്‍ഗം ഉണ്ടാക്കി അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ വാടകവീട്ടില്‍ താമസയ്ക്കാം എന്ന ചിന്തയാണ് പുതുതലമുറയുടേത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് വീടുവയ്ക്കാന്‍ സ്ഥലം കിട്ടുക എന്നത് വലിയ ബാധ്യതയാണ്. വില്ലകളോ അപ്പാര്‍ട്‌മെന്റുകളോ ആണ് അഭികാമ്യം എന്ന ചിന്തയിലേക്കാണ് പോക്ക്. എന്തായാലും ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യുക. മോഹനവാഗ്ദാനങ്ങള്‍ നല്‍കി നമ്മെ കുരുക്കാന്‍ കാത്തിരിക്കുന്ന പലിശ സ്ഥാപനങ്ങളുടെ ചതിയില്‍ വീഴാതെ സൂക്ഷിക്കണം. കടം വാങ്ങല്‍ എളുപ്പമാണ്. എന്നാല്‍ അത് തിരിച്ചടക്കല്‍ വലിയ ബാധ്യതയാണ്. അവനവന്റെ വരുമാനത്തിന് താങ്ങാനാവാത്ത സ്വപ്‌നങ്ങള്‍ നെയ്യുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും വിവിധ ജനക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്താന്‍ മടി കാണിക്കേണ്ടതില്ല. അതൊന്നും ആരുടെയും ഔദാര്യമല്ല; രാജ്യത്തെ പൗരന് ലഭിക്കേണ്ട അവകാശമാണ്. നമ്മള്‍ അടങ്ങുന്ന സമൂഹം സര്‍ക്കാരിലേക്ക് അടച്ച നികുതിയില്‍ നിന്നുമാണ് അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് അറച്ചുനില്‍ക്കേണ്ടതില്ല. ദുരഭിമാനത്താല്‍ മാറിനില്‍ക്കേണ്ടതില്ല. പഠനത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങെളയും ചികില്‍സക്ക് സര്‍ക്കാര്‍ ആശുപത്രികളെയും നമ്മള്‍ ഉപയോഗപ്പെടുത്തിയാല്‍ ചെലവ് ഏറെ കുറയ്ക്കാന്‍ സാധിക്കും.

വരുമാനത്തിനനുസരിച്ച് ചെലവഴിച്ച് ജീവിക്കുവാനും ചെറിയൊരുഭാഗം നാളേക്ക് കരുതിവക്കുവാനും ശീലിക്കണം. അത് കുടുംബത്തോട് നാം ചെയ്യുന്ന ഒരു കാരുണ്യം കൂടിയാണ്. പിശുക്കിനും ധൂര്‍ത്തിനും ഇടയ്ക്ക് മധ്യമ നിലപാടില്‍ ജീവിക്കുന്നതാണ് വിവേകം; അതാണ് മതം പഠിപ്പിക്കുന്നതും.  ‘‘സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം''