പ്രപഞ്ചസ്രഷ്ടാവിന്റെ കാവലുള്ള ഗ്രന്ഥം

അബൂഫായിദ

2022 സെപ്തംബർ 17, 1444 സ്വഫർ 20

തൗറാത്ത് സംരക്ഷിക്കാൻ ജൂതന്മാരോട് അല്ലാഹു കൽപിച്ചു: “തീർച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന് ) കീഴ്‌പെട്ട പ്രവാചകൻമാർ യഹൂദമതക്കാർക്ക് അതിനനുസരിച്ച് വിധികൽപിച്ചുപോന്നു. പുണ്യവാൻമാരും പണ്ഡിതൻമാരും (അതേ പ്രകാരം തന്നെ വിധികൽപിച്ചിരുന്നു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവർക്ക് ഏൽപിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാൽ നിങ്ങൾ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ചുതന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അവിശ്വാസികൾ’’ (ക്വുർആൻ 5:44).

എന്നാൽ വിശുദ്ധ ക്വുർആനിന്റെ സ്ഥിതി അതല്ല. ക്വുർആനിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നത് ഇപ്രകാരമാണ്: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15.9).

ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യം പൂർവ ഗ്രന്ഥങ്ങളുടെ സംരക്ഷണം അതാതു ജനതകളെയായിരുന്നു അല്ലാഹു ഏൽപിച്ചിരുന്നത്, എന്നാൽ ക്വുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ സ്വയം ഏറ്റെടുത്തിരിക്കുന്നു എന്നാണ്. തൗറാത്ത,് ഇഞ്ചീൽ തുടങ്ങിയ പൂർവ ഗ്രന്ഥങ്ങളുടെ സംരക്ഷച്ചുമതല അതാത് ജനങ്ങളെ ഏൽപിച്ചുവെങ്കിലും അവർക്കത് യഥോചിതം നിർവഹിക്കാനായില്ല. ക്വുർആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു സ്വയം ഏറ്റെടുത്തതിനാൽ അത് സുരക്ഷിതമായി നിലനിൽക്കുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരിലൂടെയാണ് ആ സംരക്ഷണം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ കാലശേഷം തങ്ങളുടെ പവിത്രഗ്രന്ഥം സംരക്ഷിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത വളരെ കുറച്ച് അനുയായികളെ മാത്രമെ പൂർവ പ്രവാചകന്മാർക്ക് ലഭിച്ചിരുന്നുള്ളൂ. എന്നാൽ മുഹമ്മദ് നബി ﷺ യുടെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുന്ന് മരണത്തിന്റെ രണ്ടരമാസം മുമ്പ് ഹജ്ജ് നിർവഹിച്ചു. ‘ഹജ്ജതുൽ വിദാഅ്’ (വിടവാങ്ങൽ ഹജജ്) എന്നറിയപ്പെടുന്നത് അതാണ്. പ്രസ്തുത വേളയിൽ അറഫാ മൈതാനിയിൽ ലക്ഷത്തിൽപരം മുസ്‌ലിംകൾ ഒത്തുചേർന്നിരുന്നു. റസൂൽ തിരുമേനിയുടെ അവസാനകാലമായപ്പോഴേക്ക് ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണത്തിലുണ്ടായ വർധനവ് ഇത് സൂചിപ്പിക്കുന്നു. നബി ﷺ യുടെ കാലശേഷം സത്യവിശ്വാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ പൗരാണിക ഗ്രന്ഥങ്ങൾക്കൊന്നും ലഭിച്ചിട്ടില്ലാത്തത്ര ജനസഞ്ചയം കുർആനിന്റെ സംരക്ഷണത്തിന്റെ മാർഗത്തിൽ തയ്യാർ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ഭരണകൂടങ്ങൾ വിശുദ്ധ ക്വുർആനിന്റെ സംരക്ഷണത്തിന്റെ വിഷയത്തിൽ കാലാകാലങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തുകയും ചെയ്തിട്ടുണ്ട്.

അച്ചടിയന്ത്രങ്ങളുടെ വരവോടെ ക്വുർആൻ പ്രതികൾ വിപുലമായ തോതിൽ അച്ചടിക്കപ്പെട്ടു. അങ്ങനെ ക്വുർആനിന്റെ സുരക്ഷിതത്വം കൂടുതൽ ലളിതമായിത്തീർന്നു. മുമ്പ് ഏതൊരു പുസ്തകത്തിന്റെയും ആവശ്യമുള്ള കോപ്പികൾ ഓരോന്നോരോന്നായി കൈകൊണ്ട് എഴുതിയുണ്ടാക്കുകയായിരുന്നു പതിവ്. അതിനാൽ ഒരു പുസ്തകത്തിന്റെ വിവിധ കയ്യെഴുത്തുപ്രതികൾ തമ്മിൽ നേരിയ തോതിലെങ്കിലും വ്യത്യാസത്തിന് സാധ്യതയുണ്ടായിരുന്നു. പൗരാണിക കൃതികളുടെ കയ്യെഴുത്തുപ്രതികൾക്കിടയിൽ ഇത്തരം നേരിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്.

എന്നാൽ വിശുദ്ധ ക്വുർആൻ മാത്രം ഇതിൽനിന്ന് വ്യത്യസ്തമാണ്. മുൻകാലത്ത് എഴുതപ്പെട്ട വിശുദ്ധ ക്വുർആനിന്റെ ലക്ഷക്കണക്കിന് പ്രതികളിൽ വളരെയെറെ കോപ്പികൾ മ്യൂസിയങ്ങളിലും ലൈബ്രറികളിലുമായി ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നുപോലും നിസ്സാരമായ അക്ഷരവ്യത്യാസം വെച്ചുപുലർത്തുന്നില്ല. ക്വുർആൻ വചനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മുസ്‌ലിംകൾ അത്രമാത്രം സൂക്ഷ്മത കാണിച്ചു എന്നത് ക്വുർആനിന്റെ കാര്യത്തിലുള്ള അല്ലാഹുവിന്റെ പ്രത്യേക സഹായത്തിന്റെ നിദർശനമാണ്.

മനഃപാഠമാക്കൽ

ജനങ്ങൾ ക്വുർആൻ പൂർണമായി മനഃപാഠമാക്കുക എന്ന മറ്റൊരു സംവിധാനവും ക്വുർആനിന്റെ സംരക്ഷണത്തിന് അല്ലാഹു ഏർപെടുത്തിയിട്ടുണ്ട്. അറിയപ്പെട്ടിടത്തോളം മറ്റൊരു കൃതിയും ഇവ്വിധം സമ്പൂർണമായി മനഃപാഠമാക്കപ്പെട്ട ചരിത്രമില്ല. വിശുദ്ധ ക്വുർആൻ ആദ്യന്തം മനഃപാഠമാക്കാനുള്ള താൽപര്യം ലക്ഷക്കണക്കിന് ആളുകളുടെ അകതാരിൽ ഉത്ഭൂതമായി. വിശുദ്ധ ക്വുർആനിന്റെ അവതരണ കാലംതൊട്ട് ഇന്നോളമുള്ള ചരിത്രത്തിൽ ഓരോ ഘട്ടത്തിലും ക്വുർആൻ മനഃപാഠമാക്കിയ ആയിരക്കണക്കിനാളുകൾ ഉണ്ടായിട്ടുണ്ട്. ക്വുർആനിന്റെ സംരക്ഷണാർഥം അല്ലാഹു ചെയ്ത അത്ഭുതകരമായൊരു സംവിധാനമാണിത്. വിശുദ്ധ ക്വുർആനിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ചരിത്രത്തിന്റെ പിന്നിട്ട 1400ൽപരം വർഷത്തെ ഈ അനുഭവം തികച്ചും ദൈവികമായ ഒരു സംരക്ഷണം തന്നെയാണ്.

ക്വുർആൻ വചനങ്ങളുടെ സംരക്ഷണത്തിന് അല്ലാഹു ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഏർപെടുത്തിയതിനാൽ അതൊരിക്കലും വികലമാക്കപ്പെടുകയോ വിനഷ്ടമാവുകയോ ചെയ്യില്ല.

ആശയ സംരക്ഷണം

ക്വുർആനികാശയങ്ങളുടെ വ്യാഖ്യാനത്തിലും വിശദീകരണത്തിലും മുസ്‌ലിംകൾ യാതൊരുവിധ വൈകല്യവും വരുത്താതിരിക്കുക എന്നത് അവരുടെ ബാധ്യതയാണ്. ക്വുർആൻ ഒരുകാര്യത്തിന് എന്ത് സ്ഥാനമാണോ കൽപിച്ചിട്ടുള്ളത് അതേ സ്ഥാനവും പദവിയും തന്നെ മുസ്‌ലിംകൾ അതിന്ന് വകവെച്ചു കൊടുക്കേണ്ടതാണ്. അതല്ലാതെ കുർആനിന്റെ മറവിൽ അവർ സ്വന്തമായ ‘തിരുത്തലുകൾ’ അവതരിപ്പിക്കാൻ പാടില്ല. വിശുദ്ധ ക്വുർആനിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ സ്വന്തം വ്യഖ്യാനത്തിന്റെ വെളിച്ചത്തിലുള്ള ‘ഒരു പുതിയ മതമായിട്ടല്ല’ അവതരിപ്പിക്കേണ്ടത്. പ്രത്യുത ക്വുർആൻ അതിന്റെ അറബി മൂലത്തിൽ ഏതൊരു കാര്യം അവതരിപ്പിച്ചിട്ടുണ്ടോ അതേ ആശയമാണ് ജനങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കേണ്ടത്.

ക്വുർആനിനെ കേവലം ‘ബർകത്തി’ന്റെ ഗ്രന്ഥമാക്കുകയും സ്വന്തം ജീവിതത്തെ ഇതര ആശയങ്ങളുടെ ആധാരത്തിൽ ചലിപ്പിക്കാൻ തുടങ്ങുകയും ചെയ്തതാണ് മുസ്‌ലിംകൾക്ക് ക്വുർആനിന്റെ വാഹകരാവാൻ കഴിയാതെ പോയതിന്റെ കാരണം. ചിലർ ‘മസ്അല’കളുടെ പേരിലാണെങ്കിൽ മറ്റുചിലർ ‘ഫളാഇലു’(ശ്രേഷ്ഠത)കളുടെ പേരിലാണ് പ്രശ്‌നമുയർത്തിയത്. ചിലർ മഹാന്മാരുടെ അഭിപ്രായങ്ങളെയും ചില കഥകളെയും ദീനിന്റെ ആധാരമാക്കിയെങ്കിൽ മറ്റുചലർക്കത് വാചകക്കസർത്തുകൾ മാത്രമായി! ചിലർ ക്വുർആനിനെ രാഷട്രീയ വിപ്ലവത്തിന്റെ അനുബന്ധമാക്കിയെങ്കിൽ അതുകൊണ്ട് മറ്റുചിലർ കേവലം ‘സാമുദായികത’യുടെ മുദ്രയണിഞ്ഞു. ഇതെല്ലാം തന്നെ യഥാർഥത്തിൽ ക്വുർആനികാശയത്തോട് ബന്ധപ്പെട്ട ‘കൈക്രിയകളാ’ണ്

മുസ്‌ലിംകൾ ക്വുർആൻ വചനങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ കാത്തുസൂക്ഷിക്കുന്നു എന്നതുകൊണ്ട് മാത്രം ക്വുർആനിന്റെ ആശയ തലത്തിലുള്ള ഈ കയ്യേറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കില്ല. പൂർവസമുദായങ്ങൾ തങ്ങൾക്ക് ലഭിച്ച ദൈവിക ഗ്രന്ഥങ്ങളുടെ മൂലവചനങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ തന്നെ വീഴ്ച വരുത്തിയതിനാണ് ശിക്ഷിക്കപ്പെട്ടത്. അതേശിക്ഷ യഥാർഥ കുർആനികാശയത്തിന്റെ സംരക്ഷണത്തിൽ വീഴ്ചവരുത്തിയവർക്കും ലഭിക്കാതിരിക്കില്ല.