നബിനിന്ദകർ പഠിക്കേണ്ടത് നബിജീവിതം

അബ്ദുൽ മാലിക് സലഫി

2022 ജൂൺ 25, 1442 ദുൽഖഅദ 24

My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremey successfull on both the religious and secular level.....’

1932ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച മൈക്കൽ എച്ച് ഹാർട്ട് എന്ന ചരിത്രകാരൻ 1978ൽ പുറത്തി റക്കിയ തന്റെ The 100: A Ranking of the Most Influential Persons in History എന്ന ഗ്രന്ഥത്തിൽ കുറിച്ചിട്ട വരികളാണിവ.

നബിജീവിതം സമഗ്രമായി പഠിച്ച അദ്ദേഹം, മനുഷ്യചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 മനുഷ്യരുടെ റാങ്കിങ്ങിൽ മുഹമ്മദ് നബി ﷺ യെ ഒന്നാമതായി എണ്ണിയിരിക്കുന്നു. മതപരവും മതേതരവുമായ വിഷയങ്ങളിൽ പൂർണമായി വിജയിച്ച ചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് നബി ﷺ യാണെന്ന് അദ്ദേഹം തുറന്നു പറയുന്നു:

നബി ജീവിതം ഇതുപോലെ മുൻധാരണകൾ മാറ്റിവച്ച് പഠിക്കുന്നവർക്കെല്ലാം ആ മഹത് ജീവിതത്തിൽ അത്യത്ഭുതങ്ങൾ ദർശിക്കാനാവും. നബി ﷺ യെ ശരിയാംവണ്ണം അറിഞ്ഞവരാരും അദ്ദേഹത്തെ നിന്ദിച്ചിട്ടില്ല; ബഹുമാനിച്ചിട്ടേയുള്ളൂ. ഇടക്കിടെ നടക്കുന്ന നബിനിന്ദകൾ നബിചരിത്ര പഠനത്തിന്റെ ആവശ്യകത യിലേക്കാണ് വിരൽചൂണ്ടുന്നത്.

ആർക്കും മാതൃകയാക്കാവുന്ന വിശുദ്ധ ജീവിതമാണ് അദ്ദേഹം നയിച്ചത്. കോടിക്കണക്കിന് മനുഷ്യരാണ് അദ്ദേഹത്തിന്റെ ജീവിതം പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ആധുനിക ലോകത്തിനും തിരുനബി ﷺ  യിൽനിന്ന് ഏറെ പഠിക്കാനുണ്ട്.

അജ്ഞയാണ് മനുഷ്യനെ അന്ധനാക്കുന്നത്. അവിവേകമാണ് അവനെ അപകടകാരിയാക്കുന്നത്. വിജ്ഞാനം മാത്രമാണ് മനുഷ്യന് വെളിച്ചം നൽകുക. വിനയമാണ് വിജയത്തിലേക്കെത്തിക്കുക. അതിനാൽ അത്യത്ഭുതങ്ങൾ നിറഞ്ഞ നബിജീവിതത്തിലൂടെ നമുക്കൊരു യാത്ര നടത്താം.

ആ ജ്ഞാനസാഗരത്തിലെ മുത്തുകൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. മനുഷ്യരിൽ അതിശ്രേ ഷ്ഠനായ തിരുനബി ﷺ യുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ട കടലാസുകളിലെ ഓരോ അക്ഷരത്തിലും പൂർണതയുടെ മഴവില്ലുകൾ നമുക്ക് ദർശിക്കാനാവും.

നബിജീവിതത്തെ വായിക്കുമ്പോൾ നാം അനുഭവിക്കുക അനിർവചനീയ അനുഭൂതി തന്നെയായിരിക്കും. ശീതളക്കാറ്റിനെക്കാൾ കുളിർമയാണ് നബിചരിതങ്ങൾ നമുക്ക് നൽകുക. വിമർശകരെപ്പോലും വിസ്മയിപ്പിച്ച കാര്യങ്ങൾ എമ്പാടും അതിലുണ്ട്. മനുഷ്യമനസ്സിൽ മാറ്റത്തിന്റെ പുതുതിരമാലകൾ അത് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതിനാൽ നമുക്ക് പഠിച്ചു തുടങ്ങാം. മാനവർക്ക് മാതൃകയായ ആ മഹാമനുഷ്യന്റെ മഹിത മാതൃകകൾ നമുക്ക് പഠിക്കാം, പകർത്താം.

മക്കയിൽ നിന്നുയർന്ന പ്രാർഥന

ഇബ്‌റാഹീം(അ) നടക്കുകയാണ്; ശക്തമായ ഉഷ്ണമുണ്ട്. കാലുകൾ പൊള്ളുന്നു. കൂടെ മകൻ ഇസ്മാഈലും ഹാജറയും ഉണ്ട്. ഇസ്മാഈൽ(അ) ചെറിയ കുട്ടിയാണ്. ഹാജറ അരപ്പട്ട മുറുക്കിക്കെട്ടിയിട്ടുണ്ട്. സ്ത്രീകൾ അങ്ങനെ ധരിക്കുന്നത് ആദ്യമാണ്. മൂവരും മക്കയിലെത്തി. ഒരു തണൽമരത്തിന്റെ ചുവട്ടിലിരുന്നു.

അന്ന് മക്ക വിജനമാണ്. പരന്നുകിടക്കുന്ന മരുഭൂമി. നോക്കിയാൽ കാണുന്നത് മണൽക്കൂനകളും വലിയ പർവതങ്ങളും മാത്രം. അദ്ദേഹം ചുറ്റിലും കണ്ണോടിച്ചു. മകനെയും ഹാജറയെയും ഇവിടെയാണ് താമസിപ്പിക്കേണ്ടത്! പടച്ചവന്റെ തീരുമാനം അതാണ്. മക്ക പുണ്യമുള്ള നാടാണ് എന്നതാണ് സമാധാനം. ഭൂമിയുടെ ആരംഭം മുതലേ അങ്ങനെയാണ്.

കുറച്ചുസമയം കഴിഞ്ഞ് ഇബ്‌റാഹീം(അ) തിരിച്ച് നടക്കാനാരംഭിച്ചു. ‘ഞങ്ങളെ ആരെ ഏൽപിച്ചാണ് പോകുന്നത്?’ മുല കുടിപ്രായത്തിലുള്ള കുഞ്ഞിനെയുമെടുത്താണ് ഈ ചോദ്യം!

അനപത്യദുഃഖം അനുഭവിച്ചിരുന്ന തനിക്ക് അല്ലാഹു തന്ന കുഞ്ഞാണിത്! പടച്ചവനോടുള്ള ഇഷ്ടവും പുത്രസ്‌നേഹവും അദ്ദേഹത്തിന്റെയുള്ളിൽ അലകൾ തീർത്തു. അവസാനം ആദ്യത്തേതിനെ മുന്തിച്ച് മുന്നോട്ടുതന്നെ നീങ്ങി. ‘അല്ലാഹു’ എന്നുമാത്രം മറുപടി പറഞ്ഞു.

‘എങ്കിൽ അവൻ ഞങ്ങളെ കൈവെടിയില്ല’ വാനഭൂമികളുടെ രക്ഷിതാവിന് ഒരു ഉമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനാവില്ലേ? തീർച്ചയായും!

ആ മാതാവിന്റെയും പിതാവിന്റെയും ഈയൊരു വിശ്വാസക്കരുത്തിൽ നിന്നാണ് മക്കയുടെ ചരിത്രം ജനിക്കുന്നത്. അവിടെനിന്നാണ് നബി(സ)യുടെ ചരിത്രവും തുടങ്ങുന്നത്.

സംസം ഉണ്ടാവുന്നു, മക്കയിൽ ആളുകൾ വർധിക്കുന്നു, ഇസ്മാഈൽ (അ) വലുതാവുന്നു, വിവാഹിതനാവുന്നു... ചരിത്രം വേഗത്തിൽ തന്നെ കടന്നുപോയി. മകനെ കാണാൻ ഇടയ്ക്കിടെ അദ്ദേഹം വരാറുണ്ട്.

ഇതാ, ഇത്തവണ അദ്ദേഹം എത്തിയിരിക്കുന്നു. ഒരു പുതിയ ചരിതം ആരംഭിക്കാനാണ് ഈ വരവ്. ഇപ്പോൾ മക്ക മുച്ചൂടും മാറിയിട്ടുണ്ട്. വിജനമായിരുന്ന മണ്ണ് ഇന്ന് ജനവാസമുള്ളതായിട്ടുണ്ട്. സംസമിനടുത്ത് ഒരു മരച്ചുവട്ടിൽ അതാ ഇസ്മാഈൽ(അ) ഇരിക്കുന്നു. അമ്പ് മൂർച്ച കൂട്ടുകയാണദ്ദേഹം. പിതാവിന്റെയും മകന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി. ഓടിവന്ന് കെട്ടിപ്പിടിച്ചു. ദീർഘകാലത്തെ വേർപാടിന്റെ കാർമേഘങ്ങൾ അശ്രുകണങ്ങളായി പെയ്തുതീർന്നു!

‘അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ഒരു ഭവനം നിർമിക്കണം’ വരവിന്റെ താൽപര്യം മകനെ ധരിപ്പിച്ചു.

ശരി, പണി തുടങ്ങാം. അവർ തുടങ്ങി. പരിശുദ്ധ മണ്ണിലെ പരിശുദ്ധ ഭവനം പണി പൂർത്തിയായി! ലോകാവസാനം വരേക്കുമുള്ളവരുടെ ക്വിബ്‌ലയാണിത്. സപ്തവാനങ്ങളിൽ ഓരോന്നിലും ഇതിനു സമാനമായ ഭവനങ്ങൾ ഉണ്ട്. അവ കഅ്ബക്കു മുകളിലാണെന്ന് അഭിപ്രായമുണ്ട് (ക്വസസുൽ അമ്പിയാഅ്, ഇബ്‌നുകസീർ, പേ: 185).

ശേഷം കരങ്ങളും കണ്ണുകളും മേൽപോട്ടുയർത്തി പ്രാർഥന; ഈ പ്രവർത്തനം സ്വീകരിക്കപ്പെടാൻ. തുടർന്ന് ഇബ്‌റാഹീം(അ) ഒരു പ്രാർഥനകൂടി നടത്തി. പ്രസ്തുത പ്രാർഥനയിലാണ് നബിചരിത്രത്തിന്റെ ആദ്യാക്ഷരമുള്ളത്. അതിപ്രകാരമായിരുന്നു:

“ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് (ഞങ്ങളുടെ സന്താനങ്ങൾക്ക്) നിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപിച്ചുകൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽനിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു’’ (അൽബക്വറ 129).

ഈ പ്രാർഥനക്ക് ഉത്തരം കിട്ടി. എപ്പോൾ? നൂറ്റാണ്ടുകൾക്കു ശേഷം! പ്രാർഥനക്ക് പെട്ടെന്ന് പ്രതികരണമാഗ്രഹിക്കുന്നവർക്കിതു പാഠമാണ്. ആ പ്രാർഥനയുടെ ഉത്തരമാണ് നൂറ്റാണ്ടുകൾ കഴിഞ്ഞ് മക്കയിൽ ജനിച്ച മുഹമ്മദ് ﷺ  എന്ന ലോകഗുരു. പ്രാർഥനയിൽ പറഞ്ഞ എല്ലാം ഒത്തിണങ്ങിയ കാരുണ്യത്തിന്റെ കടൽ!

വിദൂര ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ എത്ര ഭംഗിയായാണ് ഇബ്‌റാഹീം(അ) രൂപീകരിക്കുന്നത് എന്ന് നോക്കൂ! വിശ്വാസികളുടെ വിചാരങ്ങൾ നൂറ്റാണ്ടുകളെ ഭേദിക്കുന്നതാവണം എന്നതിലേക്കുള്ള ചൂണ്ടുപലകയാണിത്. അറ്റമില്ലാത്ത നന്മകളുടെ തായ്‌വേരുകൾ ചെന്നെത്തുന്നത് ചിലപ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പത്തെ ഒരു സൽകർമത്തിലായിരിക്കും! അതാണ് ‘ഞാൻ എന്റെ പിതാവിന്റെ പ്രാർഥനയാണ്’ എന്ന തിരുവാക്യത്തിന്റെ പൊരുൾ!

അവർ കാത്തിരുന്ന നബി!

ആൾക്കൂട്ടത്തിനിടയിൽ സ്വന്തം മക്കളെ തിരിച്ചറിയാത്തവർ ഉണ്ടാകുമോ? ഇല്ല! ഇപ്രകാരം വേദക്കാർ ക്ക് പ്രവാചകനെ അറിയാമായിരുന്നു. മക്കളുടെ പേര് മാത്രമാണോ രക്ഷിതാക്കൾക്കറിയുക? അല്ല! അവരുടെ അഭിരുചികൾ, സ്വഭാവം, പെരുമാറ്റം, താൽപര്യങ്ങൾ... എല്ലാം അറിയും. മക്കയിൽ വരാനിരിക്കുന്ന നബിയെ വേദക്കാർ ഇപ്രകാരം അറിഞ്ഞിരുന്നു!

എവിടെനിന്നാണ് അവർക്ക് ഈ വിവങ്ങൾ കിട്ടിയത്? മൂസാ നബി(അ)യുടെയും ഈസാ നബി(അ)യുടെയും അധ്യാപനങ്ങളിൽ നിന്നുതന്നെ! നബി ﷺ യുടെ പേര്, നാട്, ഹിജ്‌റ പോക്ക്, ഹിജ്‌റ പോകുന്ന നാട്, സ്വഭാവം, അഭിരുചികൾ... അങ്ങനെ എല്ലാം!

പക്ഷേ, ആ പ്രവാചകൻ വന്നപ്പോൾ ചിലർ സ്വീകരിച്ചു, ചിലർ തള്ളി! അറിയാത്തതുകൊണ്ടല്ല! അഹങ്കാരംകൊണ്ട്! മുൻ പ്രവാചകന്മാർ ഇങ്ങനെ പ്രവചിച്ച ഒരു പ്രവാചകൻ ചരിത്രത്തിൽ വേറെയില്ല!

ചില ചരിത്രസംഭവങ്ങളിലേക്ക് നമുക്ക് പോകാം.

നബി ﷺ  വരുന്നതിനു മുമ്പേ അദ്ദേഹത്തെ പഠിച്ചറിഞ്ഞവരുടെ ചരിത്രം ഏറെ കൗതുകമുളവാക്കുന്ന താണ്.

ഇബ്‌നു ഹയ്യബാൻ ശാമുകാരനായ ഒരു യഹൂദിയാണ്. അയാൾ ശാമിൽനിന്ന് മദീനയിലേക്ക് യാത്ര പോയി. അവിടെയാണിപ്പോൾ താമസം. നല്ല മനുഷ്യനായി ആളുകൾക്കിടയിൽ അറിയപ്പെട്ടു. ആരാധനകളിൽ നിഷ്ഠ പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മരണമടുത്തപ്പോൾ ആളുകൾ അദ്ദേഹത്തിനടുത്ത് ഒരുമിച്ചുകൂടി. കൂട്ടത്തിൽ അസദ്, സഅലബ, അസദ് ബിൻഉബൈദ് എന്നീ യുവാക്കളും ഉണ്ട്.

അദ്ദേഹം പറഞ്ഞു: ‘യഹൂദികളേ! സമ്പന്നതയുടെ മടിത്തട്ടിൽനിന്ന് ദാരിദ്ര്യത്തിന്റെ ഈ നാട്ടിലേക്ക് ഞാൻ വന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ?’

‘ഇല്ല’

‘ഒരു നബിയുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ വന്നത്. അദ്ദേഹം വരാറായിട്ടുണ്ട്. ഈ നാട്ടിലേക്കാണ് അദ്ദേഹം ഹിജ്‌റ വരിക. അദ്ദേഹം വന്നാൽ നിങ്ങൾ അദ്ദേഹത്തെ പിൻപറ്റണം.’ ഇതു പറഞ്ഞ് അയാൾ മരിച്ചു.

മഹ്‌മൂദ് ബിൻ ലബീദ് പറയുന്നു: ‘ഞങ്ങളുടെ വീടിനടുത്ത് ഒരു യഹൂദി ഉണ്ടായിരുന്നു. ഒരുദിനം തന്റെ ജനതയോടയാൾ മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വർഗനരകങ്ങളെക്കുറിച്ചും വിചാരണയെ ക്കുറിച്ചുമെല്ലാം സംസാരിച്ചു. അവർ പരലോക ജീവിതത്തെ അംഗീകരിക്കാത്ത വിഗ്രഹാരാധകരായിരുന്നു.’ നബി ﷺ യുടെ നിയോഗത്തിന് തൊട്ടുമുമ്പാണ് ഈ സംഭവം.

‘നിനക്ക് നാശം! മരണാനന്തരം ഒരു ലോകമോ? അസംബന്ധം! എന്താണ് നിനക്കുള്ള തെളിവ്?’

മക്കയുടെ ഭാഗത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു: ‘ആ നാട്ടിൽനിന്ന് ഒരു നബി വരാനുണ്ട്.’

‘എപ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ കാണുക?’

അദ്ദേഹം ചുറ്റും നോക്കി. എന്നെ അദ്ദേഹം കണ്ടു. ഞാൻ കൂട്ടത്തിൽ ചെറുപ്പമായിരുന്നു.

‘ഈ കുട്ടിക്ക് ആയുസ്സ് ഉണ്ടെങ്കിൽ അവൻ കാണും.’

ദിനങ്ങൾ ഏറെ കഴിഞ്ഞില്ല! നബി(സ) വന്നു! ഞങ്ങൾ എല്ലാവരും വിശ്വസിച്ചു. പക്ഷേ, അസൂയ മൂത്ത അയാൾ വിശ്വസിച്ചില്ല!!

വിഗ്രഹാരാധകരുമായി യുദ്ധമുണ്ടാകുമ്പോൾ ജൂതന്മാർ ഇപ്രകാരം പറയാറുണ്ട്: ‘ഒരു നബി വരാറായിട്ടുണ്ട്. അദ്ദേഹം വന്നാൽ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ചേർന്ന് നിങ്ങളോട് യുദ്ധം ചെയ്ത് നിങ്ങളെ നിലംപരിശാക്കും.’

‘ഞങ്ങൾക്കും അവർക്കുമിടയിൽ തീർപ്പുകൽപിക്കുന്ന ആ പ്രവാചകനെ നീ വേഗം നിയോഗിക്കണേ അല്ലാഹുവേ’ എന്നുവരെ ജൂതന്മാർ പ്രാർഥിക്കാറുണ്ടായിരുന്നു!

സ്വഫിയ്യ(റ)യും പിതാവ് ഹുയയ്യും പിതൃസഹോദരൻ അബൂ യാസിറും മദീനയിലെത്തിയ നബി (സ)യെ കാണാൻ ചെന്നു. കണ്ടു. സംസാരിച്ചു. മടക്കത്തിൽ അബൂ യാസിർ ചോദിച്ചു:

“ഇത് ‘അദ്ദേഹം’ തന്നെയല്ലേ?’’

‘അതെ!’

‘നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ?’

‘അതെ!’

‘ഇനിയെന്താണ് പദ്ധതി?’

‘ശത്രുത തന്നെ!’

ഖദീജ(റ)യുടെ പിതൃവ്യപുത്രനായ വറകത്ത് ബിൻ നൗഫലിന്റെ കഥ ഏറെ പ്രസിദ്ധമാണ്. നബി (സ)യുടെ വർത്തമാനങ്ങൾ കേട്ട ഉടനെ അദ്ദേഹം പ്രവാചകനെ തിരിച്ചറിഞ്ഞു!

അബ്ദുല്ലാഹി ബിൻസലാമും(റ) ഇത്തരത്തിൽ നബിയെ തിരിച്ചറിഞ്ഞ വ്യക്തിയാണ്.

വരാനുള്ള നബിയെക്കുറിച്ച് കേട്ട അറബികളിൽ ചിലർ തങ്ങളുടെ മക്കൾക്ക് മുഹമ്മദ് എന്ന പേരു മന:പൂർവം നൽകിയിരുന്നു!

അദിയ്യ്, സുഫ്‌യാൻ ബിൻ മശാജിഅ, ഉസാമ ബിൻ മാലിക്, യസീദ് ബിൻ റബീഅ എന്നിവർ അതിൽ പെട്ടവരായിരുന്നു. ശാമിൽനിന്ന് ഒരു പുരോഹിതനിൽനിന്നാണ് ഈ വിവരം അവർക്കു കിട്ടിയത്! (ത്വബ്‌റാനി: 273).

ഇരുട്ടിൽ മുങ്ങിയ ലോകത്തേക്ക് വെളിച്ചവുമായിവന്ന മുത്ത്‌നബി ﷺ യെ മുൻവേദക്കാർ എപ്രകാരം അറിഞ്ഞിരുന്നു എന്നത് ഇതിൽനിന്നെല്ലാം വ്യക്തമാണ്. അല്ലാഹുവിന്റെ ഈ വചനങ്ങൾ ശ്രദ്ധേയമാണ്:

“നാം വേദം നൽകിയിട്ടുള്ളവർക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീർച്ചയായും അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുക യാകുന്നു’’ (അൽബക്വറ 146).

“മർയമിന്റെ മകൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈൽ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു’’ (സൂറതുസ്സ്വഫ്ഫ് 6).

മക്കത്തുദിക്കാനിരിക്കുന്ന മുത്തിനെ ലോകം കാത്തിരിക്കുകയായിരുന്നു എന്ന് സാരം! കൈ വെള്ളയിലെത്തിയ ആ മുത്തിനെ പക്ഷേ, ചിലർ കണ്ടില്ല! അവർക്കതിന്റെ പരിമളം ആസ്വദിക്കാനായില്ല!