പ്ലാസ്റ്റിക് സര്‍ജറി: മതത്തിന്റെ കാഴ്ചപ്പാട്

ഡോ. ടി. കെ യൂസുഫ്   

2022 ഫെബ്രുവരി 05, 1442 റജബ്  03

മനുഷ്യശരീരത്തില്‍ പ്രകടമായി കാണുന്ന ഭാഗങ്ങളിലുളള തകരാറുകളും വൈകല്യങ്ങളും ഒരു ശസ്ത്രക്രിയ വഴി മാറ്റിയെടുക്കുന്നതിനാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന് പറയുന്നത്. സൃഷ്ടിപ്പില്‍ വല്ല വൈകല്യവുമുളളവര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടുകൂടി അത് പരിഹരിച്ച് വൈരുപ്യമില്ലാത്തവനായി നടക്കുന്നത് മതപരമായി വിലക്കപ്പെട്ടതാണോ, അതോ അവന്‍ ആജീവനാന്തം കാണാന്‍ കൊളളാത്തവനായി കഴിഞ്ഞുകൂടേണ്ടതുണ്ടോ?

പ്ലാസ്റ്റിക് സര്‍ജറിയുടെ മതവിധി പറയുന്നതിനുമുമ്പ് ആമുഖമായി സൗന്ദര്യത്തെക്കുറിച്ചുളള ഇസ്‌ലാമിക കാഴ്ച്പ്പാട് പരിശോധിക്കാം. മനുഷ്യനെ ഏറ്റവും സുന്ദരമായ  രൂപത്തിലാണ്  സൃഷ്ടിച്ചിട്ടുളളത് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.    നൈസര്‍ഗികമായിത്തന്നെ അവന് സൗന്ദര്യത്തോട് അഭിനിവേശവുമുണ്ട്. ഭംഗിയും  ആകര്‍ഷകത്വവും തോന്നുന്ന രൂപത്തില്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷ പ്പെടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാണാന്‍കൊളളാവുന്ന രൂപത്തില്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് മതപരമായി അഭിലഷണീയവുമാണ്. നബി ﷺ പറഞ്ഞു: ‘‘അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു'' (മുസ്‌ലിം).

ഇസ്‌ലാമിക ശരീഅത്ത് പരിശോധിക്കുകയാണെങ്കില്‍ നന്മ, ഭംഗി, പരിഷ്‌കരണം എന്നിവയെല്ലാം അത് അംഗീകരിക്കുകയും അവയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തതായി കാണാനാവും. ഒരു മനുഷ്യന്‍ അവന്റെ മതം, ബുദ്ധി, ശരീരം, സമ്പത്ത് എന്നിവ സംരക്ഷിക്കുകയും അവ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്നത് ഒരു ബാധ്യതയും  പുണ്യകര്‍മവുമാണ്. അതുപോലെ തന്നെ മതപരമായി വിലക്കപ്പെട്ട പല കാര്യങ്ങളും ചില സന്ദിഗ്ധ ഘട്ടങ്ങളിലും അനിവാര്യ സാഹചര്യങ്ങളിലും അനുവദനീയമായിത്തീരാറുമുണ്ട്. ഈ മാനദണ്ഡങ്ങള്‍വെച്ചു നോക്കുകയാണെങ്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അനിവാര്യമായിത്തീരാറുളള ചില  പ്ലാസ്റ്റിക് സര്‍ജറികള്‍  മതപരമായി അനുവദനീയമാണെന്ന് കാണാനാകും.

മനുഷ്യന്‍ തന്റെ ദേഹത്ത് തീരെ കൈവെക്കാതെ പിറന്നപടി മരണം വരെ ജീവിക്കണം എന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. ശരീരത്തില്‍ നടത്തുന്ന അല്ലറ ചില്ലറ കൈക്രിയകളെ മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമായിട്ട് തന്നെയാണ് ഇസ്‌ലാം കാണുന്നത്. ഉദാഹരണമായി, ചേലാകര്‍മം ഒറ്റനോട്ടത്തില്‍ പ്രകൃതിക്ക് വിരുദ്ധമായി തോന്നാമെങ്കിലും ഇസ്‌ലാം അത്  അംഗീകരിക്കുകയും അത് ചെയ്യാന്‍ അനുശാസിക്കുകയും ചെയ്യുന്നുണ്ട്. താടി നിര്‍ബാധം വളരാന്‍ വിടാന്‍ ആജ്ഞാപിച്ച പ്രവാചകന ﷺ അതോടൊപ്പം തന്നെ മീശ തീരെ ചെറുതായി വെട്ടാനും കല്‍പിച്ചിട്ടുണ്ട്. അതുപോലെ സ്ത്രീകള്‍ ഭംഗിക്ക് വേണ്ടി കാത് കുത്തുന്നതും ആഭരണങ്ങള്‍ ധരിക്കുന്നതും അനുവദിക്കപ്പെട്ടതാണ്.

ജാബിറില്‍(റ)നിന്ന് നിവേദനം: ‘‘ഒരു പെരുന്നാള്‍ ദിവസം നബി ﷺ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചതിന് ശേഷം ബിലാലിനോടപ്പം സ്ത്രീകളുടെ ഭാഗത്തേക്ക് പോയി. എന്നിട്ട് അവരോട് നിങ്ങളാണ് നരകത്തില്‍ അധികമെന്നും അതുകൊണ്ട് നിങ്ങള്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിക്കണമെന്നും ഉപദേശിച്ചു. അപ്പോള്‍ അവര്‍ തങ്ങളുടെ മാലകളും കമ്മലുകളും മോതിരങ്ങളും ഊരി ബിലാലി(റ)ന്റെ വസ്ത്രത്തിലേക്ക് ഇട്ടുകൊടുത്തു'' (നസാഈ).

പ്രധാനമായും രണ്ടുതരം വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി പ്ലാസ്റ്റിക് സര്‍ജറി നടത്താറുളളത്. ഒന്ന് ജന്മനാലുളള തകരാറുകള്‍. കൈകാലുകളിലെ ആറാം വിരല്‍, മുച്ചിറി, മലമൂത്ര വിസര്‍ജന അവയവങ്ങളിലുണ്ടാകുന്ന തടസ്സങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ ചിലത് അഭംഗിയും മറ്റു ചിലത് അപകടകരവുമാണ്. ഇത്തരം വൈകല്യങ്ങള്‍ പരിഹരിക്കുന്നത് മനുഷ്യന്റെ അനിവാര്യതകളില്‍ പെട്ട ഒരു അനിവാര്യതയുമായതുകൊണ്ട് ഈ രംഗത്ത് പ്ലാസ്റ്റിക് സര്‍ജറി അനുവദനീയമാണെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുളളത്.

രണ്ടാമതായി പ്ലാസ്റ്റിക് സര്‍ജറി നടത്താറുളളത് അപകടം, അഗ്നിബാധ എന്നിവ കാരണമായുണ്ടാകുന്ന വൈരൂപ്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ്. പടച്ചവന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തുക എന്ന പട്ടികയില്‍ ഇത് പെടുകയില്ല. മറിച്ച് ഭംഗി കൂട്ടുക അല്ലെങ്കില്‍ കേടുപാട് തീര്‍ക്കുക എന്ന ഗണത്തിലാണ് ഇത് ഉള്‍പെടുന്നത്. ശരീരത്തിലെ ഇത്തരം തകരാറുകള്‍ നന്നാക്കുന്നത് ഇസ്‌ലാം അംഗീകരിച്ചതായി കാണാനാവും. നബി ﷺ യുടെ കാലത്ത് യുദ്ധത്തില്‍ മൂക്ക് നഷ്ടപ്പെട്ട വ്യക്തിക്ക് തല്‍സ്ഥാനത്ത് സ്വര്‍ണത്തിന്റെ മൂക്ക് വെച്ചുപിടിപ്പിക്കുന്നതിന് നബി ﷺ അനുമതി നല്‍കിയതായി ഹദീസുകളില്‍ കാണാം.

 അബ്ദുര്‍റഹ്‌മാന്‍ ബിന്‍ ത്വറഫ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹത്തിന്റെ പിതാമഹന്‍ അര്‍ഫദ് ബിന്‍ അസദിന് കുലാബ് ദിനത്തില്‍ മൂക്ക് മുറിഞ്ഞു. അദ്ദേഹം തല്‍സ്ഥാനത്ത് വെള്ളിയുടെ മൂക്ക് വെച്ചെങ്കിലും അത് പഴുത്ത് വൃണമായി മാറി. അപ്പോള്‍ നബി ﷺ യുടെ കല്‍പന പ്രകാരം അദ്ദേഹം തല്‍സ്ഥാനത്ത് സ്വര്‍ണത്തിന്റെ മൂക്ക് വെച്ചു'' (അബൂദാവൂദ്).

പൊട്ടിയ പല്ലുകളുടെ ന്യൂനത സ്വര്‍ണംകൊണ്ട് പരിഹരിക്കാം എന്ന് പ്രസ്താവിക്കുന്ന അധ്യായങ്ങളും തുര്‍മുദി, അബൂദാവൂദ് എന്നീ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.

പ്രഥമദൃഷ്ടിയില്‍ പ്രകൃതിക്ക് വിരുദ്ധം എന്ന് തോന്നാനിടയുളള ചേലാകര്‍മവും കാത് കുത്തലും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടെങ്കിലും താരതമ്യേന നിസ്സാരമായി തോന്നുന്ന പച്ചകുത്തലും കാലികളുടെ കാത് കീറലും ഇസ്‌ലാം വിലക്കുകയാണ് ചെയ്തിട്ടുണ്ട്. ജാഹിലിയ്യ കാലത്ത് അറബികള്‍ ചില ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ ഒട്ടകങ്ങളെ തിരിച്ചറിയാന്‍ വേണ്ടി അവയുടെ കാതുകള്‍ കീറി അടയാളം വെച്ചിരുന്നു. പൈശാചിക പ്രേരണകൊണ്ടാണ് അവര്‍ അത് ചെയ്തിരുന്നത് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്:

‘‘അവരെ ഞാന്‍ (പിശാച്) വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാണ്'' (നിസാഅ് 119).

മൃഗങ്ങളുടെ കാത് കീറുന്നതും പ്രകൃതിക്ക് മാറ്റം വരുത്തുന്നതും പൈശാചിക പ്രേരണകൊണ്ടായത് കൊണ്ടും അവയില്‍ ശിര്‍ക്ക് ഉളളതുകൊണ്ടുമാണ് ഇസ്‌ലാം അവ വിരോധിച്ചത്. എന്നാല്‍ സ്ത്രീകള്‍ ആഭരണമണിയുന്നതിന് വേണ്ടി അവരുടെ കാത് കുത്തുമ്പോള്‍ ഇത്തരം സ്വാധീനങ്ങളില്ലാത്തതുകൊണ്ടാണ് നബി ﷺ അത് വിരോധിക്കാതിരുന്നത്.

നബി ﷺ അനുചരന്മാരോട് ചേലാകര്‍മം നടത്താന്‍ അനുശാസിക്കുകയും യുദ്ധത്തില്‍ മൂക്ക് മുറിഞ്ഞവനോട് പകരം സ്വര്‍ണത്തിന്റെത് വെക്കാന്‍ കല്‍പിക്കുകയും അതുപോലെ സ്ത്രീകളുടെ കാത് കുത്തുന്നത് വിലക്കാതിരിക്കുകയും ചെയ്ത സ്ഥിതിക്ക് ശരീരത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി അനുവദീനയമാണെന്ന് കാണാനാവും.

സയാമീസ് ഇരട്ടകള്‍ ഇന്ന് വാര്‍ത്തയല്ലാതായിട്ടുണ്ട്. ശരീരത്തിലെ തലയോ ഉടലോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഒട്ടിപ്പിടിച്ച രൂപത്തില്‍ ജനിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും പലയിടത്തും സംഭവിക്കുന്നുണ്ട്. അവരെ അതേരൂപത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആരും പറയാറില്ല. മറിച്ച് അവരെ സുരക്ഷിതരായി വേര്‍പ്പെടുത്താനുളള മാര്‍ഗങ്ങള്‍ ആരായുകയാണ് പതിവ്. അതുപോലെ ജന്മവൈകല്യങ്ങള്‍ പരിഹരിക്കുന്നതും മനുഷ്യമനഃസാക്ഷി അംഗീകരിക്കുന്നതാണ്.  

വാഹന അപകടങ്ങളിലും മറ്റും സാരമായ പരിക്കുപറ്റുകയും തന്മൂലം ശരീരം വിരൂപമായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവ പരിഹരിക്കുന്നതിന് വേണ്ടി നടത്തുന്ന പ്ലാസ്റ്റിക്‌സര്‍ജറി അനുവദനീയമാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നബിയുടെ കാലത്ത് തന്നെ യുദ്ധങ്ങളിലും മറ്റും  പരിക്കുകള്‍ പറ്റിയ സഹാബികളുടെ അവയവങ്ങള്‍ ചികിത്സയിലൂടെ പൂര്‍വസ്ഥിതിയിലാക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. ശരീരത്തിന്റെ സുസ്ഥിതി പുഃനസ്ഥാപിക്കുന്നത് മതപരമായി ബാധ്യതയായ സ്ഥിതിക്ക് ശരീരത്തിനേറ്റ ക്ഷതങ്ങളും മുറിവുകളും കുറച്ചുകൂടി ഭംഗിയായ നിലയ്ക്ക് പരിഹരിച്ച് പൂര്‍വ സ്ഥിതിയിലാക്കുന്നത് ഒരു അപരാധമാകാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജറി അനുവദനീയം തന്നെയാണ്.

ആധുനിക സമൂഹത്തില്‍ സൗന്ദര്യവര്‍ധനവിന് വേണ്ടി മാത്രം പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നവരുമുണ്ട്. അധരത്തിന്റെയോ നാസികയുടെയോ മേറ്റതെങ്കിലും അവയവത്തിന്റെയോ രൂപം ആകര്‍ഷകമായി തോന്നാതിരിക്കുകയും മറ്റാരുടെയെങ്കിലും രൂപമാണ് കൂടുതല്‍ ഭംഗിയുളളത് എന്ന് വിചാരിക്കുകയും ചെയ്യുന്നവരാണ് രൂപമാറ്റ ശസ്ത്രക്രിയക്ക് മുതിരാറുള്ളത്. കാര്യമായ വൈരൂപ്യമോ വൈകല്യമോ ഇല്ലാത്തവര്‍ പരിഷ്‌കാരത്തിന്റെ പേരില്‍ മാത്രം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ മതപരമായി അനുവദനീയമാണെന്ന് പറയാന്‍ പ്രയാസമാണ്. കാരണം പച്ചകുത്തുന്നതും പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുന്നതും പുരികം പറിക്കുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.

ഇബ്‌നുമസ്ഊദി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘മഹാനും പ്രതാപവാനുമായ അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തുന്ന രൂപത്തില്‍ പുരികത്തിലെ രോമം നീക്കാന്‍ ആവശ്യപ്പെടുന്ന സ്ത്രീകളെയും പച്ചകുത്തിക്കുന്ന സ്ത്രീകളെയും സൗന്ദര്യത്തിനുവേണ്ടി പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിട്ടുണ്ട്'' (നസാഈ).

ഈ ഹദീസില്‍ വിരോധിച്ച കാര്യങ്ങള്‍ നടത്തുന്നത് അനിവാര്യമായിത്തീരുകയോ അത് ചെയ്യാന്‍ ഒരാള്‍ നിര്‍ബന്ധിതനായിത്തീരുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ കൃത്രിമ സൗന്ദര്യവും കൂടുതല്‍ ഭംഗിയും ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന ഇത്തരം ശസ്ത്രക്രിയകള്‍ മതപരമായി അനുവദനീയമാണ് എന്ന് പറയാന്‍ പ്രയാസമാണ്.