യാത്രയിലെ ചിന്തകള്‍

എസ്.എ ഐദീദ് തങ്ങള്‍

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

പിലാത്തറ മുജാഹിദ് സമ്മേളന പ്രചാരണാര്‍ഥമുള്ള സ്‌കോഡ് വര്‍ക്കിനായി കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അന്ന് ഞങ്ങള്‍. ട്രെയിനില്‍ എന്നോടൊപ്പം വേറെയും മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇടതിങ്ങിയ താടിയുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരായിരുന്നു അവരെല്ലാം. സ്‌കോഡ് വര്‍ക്കിനായി തയ്യാറെടുത്ത് പലയിടത്ത് നിന്നായി പുറപ്പെട്ടവരായിരുന്നു അവര്‍. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരേയൊരു ഉദ്ദേശ്യം മാത്രം; കഴിയുന്നത്ര ആളുകളില്‍ സത്യസന്ദേശം എത്തിക്കണം. 

സ്വന്തം പരലോക രക്ഷയാണ് പ്രഥമ ലക്ഷ്യം; കൂടെ ബാധ്യതാനിര്‍വഹണവും. ആയിരക്കണക്കിന് യാത്രക്കാരുമായി കുതിച്ചുപായുന്ന ഈ ട്രെയിനില്‍, അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യാനും നന്മയിലേക്ക് ക്ഷണിക്കാനും സദാചാരം കല്‍പിക്കാനും ദുരാചാരത്തില്‍ നിന്ന് വിലക്കാനും ഇറങ്ങിപ്പുറപ്പെട്ടവര്‍ എത്രയുണ്ടാകുമെന്ന് വെറുതെ ചിന്തിച്ചുപോയി. എല്ലാവരും ഓട്ടത്തിലാണല്ലോ ഇന്ന്; ഭൗതികലോകത്തെ വിഭവങ്ങള്‍ കരസ്ഥമാക്കുവാന്‍. അതിനിടയില്‍ നന്മ കല്‍പിക്കുന്നതും തിന്മ വിരോധിക്കുന്നതുമൊക്കെ പലരും ആവശ്യമില്ലാത്ത ഏര്‍പാടായി കാണുന്നു.

എന്റെയും കൂടെയുള്ളവരുടെയും  അല്‍പം നീണ്ട താടിരോമങ്ങള്‍ നോക്കി അടക്കം പറയുകയും പരിഹാസരൂപേണ ഞങ്ങളെ നോക്കുകയും ചെയ്യുന്ന ചില മുഖങ്ങള്‍ ഞങ്ങള്‍ കണ്ടു. എന്നാല്‍ ഞങ്ങളുടെ എതിര്‍ സീറ്റിലിരിക്കുന്നത് ഒരു ക്രിസ്ത്യന്‍ പാതിരിയാണ്. അദ്ദേഹത്തിന് നീണ്ട താടിയുണ്ട്. തലയില്‍ തൊപ്പിയുണ്ട്. ളോഹയാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ആരും അദ്ദേഹത്തെ നോക്കി അടക്കംപറയുന്നില്ല. പരിഹസിക്കുന്നില്ല. എന്റെ മനസ്സിന്റെ ചിന്തകളെ ഇത് തട്ടിയുണര്‍ത്തി. നീണ്ടുവളര്‍ന്ന് ഇടതിങ്ങിയ ഇദ്ദേഹത്തിന്റെ താടിയിലേക്ക് നോക്കി ആരും അടക്കം പറയാത്തതെന്തേ? പരിഹാസരൂപേണ അദ്ദേഹത്തിലേക്ക് നോക്കാത്തതെന്തേ? 

ഉത്തരം വ്യക്തം. ചില മാധ്യമങ്ങളും ഇസ്‌ലാം വിമര്‍ശകരും പടച്ചുവിട്ട ഉത്തരമാണത്. താടിയും തൊപ്പിയും വെച്ച മുസ്‌ലിംകളെല്ലാം ഭീകരവാദികളാണ് എന്ന ഉത്തരം. അല്‍ഖാഇദ, ഐ.എസ് തുടങ്ങിയ ഭീകര സംഘടനകളെ ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍. താടിവെച്ച താന്തോന്നികള്‍ ചെയ്യുന്നതെല്ലാം ഇസ്‌ലാമിന്റെ പറ്റില്‍ എഴുതിവെക്കാന്‍ മത്സരമാണിന്ന്. ഇറാഖില്‍ അടക്കം പല രാജ്യങ്ങളിലും ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്കന്‍ നടപടിയെ ആരും ക്രൈസ്തവ ഭീകരതയെന്ന് വിശേഷിപ്പിക്കുന്നില്ല. ഫലസ്തിനികളെ കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഇസ്‌റായേല്‍ നടപടിയെ ജൂത ഭീകരതയെന്ന് ആരും വിളിക്കുന്നില്ല. റോഹിങ്ക്യന്‍ മുസ്‌ലിംകളെ നിഷ്‌കരുണം കൊല്ലുകയും ആട്ടിയോടിക്കുകയും ചെയ്ത മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിയെ ബുദ്ധഭീകരതയെന്ന് പറയുന്നില്ല. 

ഒരു യഥാര്‍ഥ മുസ്‌ലിമിന് ഒരിക്കലും ഭീകരവാദിയോ തീവ്രവാദിയോ ആകാന്‍ കഴിയില്ല. നിരപരാധികളെ കൊലചെയ്യാന്‍ സാധിക്കില്ല. ഇസ്‌ലാം അങ്ങനെ പഠിപ്പിക്കുന്നില്ല. ഇക്കാര്യം വിമര്‍ശകര്‍ക്കുമറിയാം. എന്നാല്‍ അവര്‍ക്ക് ചില സ്ഥാപിത ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് അവര്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 

പ്രവാചകന്റെ ചര്യ ജീവിതത്തില്‍ പകര്‍ത്താനുള്ള വ്യഗ്രതയോടെ, അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് ഒരാള്‍ താടിവളര്‍ത്തിയാല്‍ സംശയ ദൃഷ്ടിയോടെ അയാളെ നോക്കുന്നവര്‍, ഫാഷന്‍ എന്ന നിലയില്‍ സ്ത്രീകളെപ്പോലെ തലമുടി നീട്ടി വളര്‍ത്തുന്നവരെ പരിഹസിക്കാറില്ല. നീട്ടിവളര്‍ത്തിയ ജഡപിടിച്ച താടിയും മുടിയും നോക്കി കളിയാക്കാറില്ല. ഭീകരവാദി എന്ന് മുദ്രകുത്താറില്ല. 

മുഹമ്മദ് നബിﷺ താടി വളര്‍ത്തിയിരുന്നു. പ്രവാചകാനുചരന്മാരെല്ലാം താടിവളര്‍ത്തിയവരായിരുന്നു. പരലോകത്ത് ചെല്ലുമ്പോളെങ്കിലും ഇത് ബോധ്യമാകും. സത്യവിശ്വാസികള്‍ നബിചര്യ പിന്‍പറ്റുന്നതില്‍ കണിശതയുള്ളവരായിരിക്കണം. അങ്ങനെയുള്ളവര്‍ താടിവളര്‍ത്തും. എപ്പോഴും പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന കാര്യമാണത്. 

പരലോക നേട്ടത്തിനായി പ്രവാചക ചര്യയെ പിന്‍പറ്റല്‍ എന്ന നിലയില്‍ താടിവളര്‍ത്താന്‍ തയ്യാറില്ലാത്തവര്‍, അത് മോശമായ കാര്യമാണെന്നോ അഭംഗിയാണെന്നോ കരുതുന്നവര്‍ ഇഹലോക നേട്ടത്തിനായി എന്ത് വേഷവും കെട്ടാന്‍ തയ്യാറാണ് താനും! ഗള്‍ഫിലേക്ക് വിസ കിട്ടിയ ഒരാള്‍, നാട്ടില്‍ മുണ്ട് മാത്രം ധരിച്ച് ശീലിച്ചതാണെങ്കിലും ഉടനടി പാന്റ്‌സ് ധരിക്കാന്‍ തയ്യാറാവുന്നു! കാരണമെന്താണ്? ഗള്‍ഫില്‍ ആരും തുണിധരിക്കാറില്ല, അത് തന്നെ. എന്നാല്‍, ഈ അനുസരണബുദ്ധി എന്തുകൊണ്ട് തന്റെ ശാശ്വതമായ പരലോകജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല? താടിവെച്ച ഒരു മുസ്‌ലിമിന് സിനിമാശാലക്ക് മുമ്പിലോ കള്ള്ഷാപ്പിന് മുമ്പിലോ നില്‍ക്കാന്‍ പോലും ധൈര്യം വരില്ല. ഏതൊരു ചെറിയ തെറ്റ് ചെയ്താലും, ഈ താടിവെച്ച് കൊണ്ട് നീയത് ചെയ്യരുതായിരുന്നു എന്ന് ആളുകള്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്. താടി വളര്‍ത്തുന്നവന്‍ സന്‍മാര്‍ഗചാരിയായിരിക്കണം എന്ന ധാരണ പൊതുസമൂഹത്തിനുണ്ടെന്നര്‍ഥം. ഒരു അന്യസ്ത്രീയെ അനാവശ്യമായി ഒന്ന് നോക്കാന്‍ പോലും മുഖത്തെ താടി അയാള്‍ക്ക് തടസ്സമായിരിക്കും എന്നതാണ് വാസ്തവം. ആളുകളെ ഭയന്നാണ് തിന്മ വെടിയേണ്ടത് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. 

'ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് ചിന്തക്ക് കര്‍ട്ടന്‍ വീഴുന്നത്. എന്റെ മുന്നിലിരുന്ന ഫാദര്‍ എഴുന്നേറ്റ് പുറത്ത് പോയി ഒരു ബോട്ടില്‍ വെള്ളവുമായി തിരിച്ചുവന്നു. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. ശേഷം 'ആരാണ് യേശുക്രിസ്തു' എന്ന ലഘുപുസ്തകം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം സസന്തോഷം അത് വാങ്ങി. 

പ്രവാചകന്റെ കാലത്തെ അവസ്ഥയല്ല ഇന്നുള്ളത്. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കിന്ന് നിരവധി മാധ്യമങ്ങളുണ്ട്. ലഘുലേഖകള്‍, സി.ഡികള്‍, പുസ്തകങ്ങള്‍... അങ്ങനെയങ്ങനെ നിരവധി മാര്‍ഗങ്ങള്‍! എന്നോ, എവിടെയോ വെച്ച് ആര്‍ക്കോ കൊടുത്ത ഒരു ലഘുലേഖയായിരിക്കും ചിലപ്പോള്‍ ഒരാളുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നിട്ടുണ്ടാവുക.  

യാത്ര അവസാനിക്കാറായതോടെ ഫാദര്‍ പുസ്തകം തിരിച്ചു തന്ന് കൊണ്ട് പറഞ്ഞു: 'ഇതില്‍ പറഞ്ഞ പ്രധാന പോയിന്റുകള്‍ വീട്ടിലെത്തിയാല്‍ ബൈബിളെടുത്ത് ഞാന്‍ പരിശോധിക്കുന്നതാണ്. പുസ്തകം തന്നതിന് നന്ദി!' 

അദ്ദേഹത്തിന് കൈകൊടുത്ത് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങള്‍ ട്രെയിനിറങ്ങി.