ഭീകരവാദികള്‍ ഉണ്ടാകുന്നത്...

റസ്റ്റം ഉസ്മാന്‍

2018 ഏപ്രില്‍ 07 1439 റജബ് 20

കരച്ചിലടക്കാന്‍ കഴിയാതെ പല പ്രാവശ്യം വായന നിര്‍ത്തിവെക്കേണ്ടി വന്ന പുസ്തകമാണ് മുഹമ്മദ് ആമിര്‍ ഖാന്റെ 'ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്'. ഓള്‍ഡ് ഡല്‍ഹിയിലെ തന്റെ ഇടുങ്ങിയ വീട്ടില്‍ നിന്നും എന്തിനെന്നറിയാതെ പോലീസ് പിടികൂടി പീഡനമുറിയില്‍ തള്ളുമ്പോള്‍ പ്രായം ഇരുപത്. തുടര്‍ന്നുള്ള ക്രൂരവും നീതിരഹിതവുമായ നീണ്ട പതിനാലു തടവറ വര്‍ഷങ്ങള്‍ ആ പുസ്തകം എന്റെ മുന്നില്‍ നിവര്‍ത്തിവെച്ചുതന്നു. ഇന്ത്യന്‍ മുസ്‌ലിം സംഘടനകളുടെ 'മഹാസേവനങ്ങളെ' കുറിച്ച് അദ്ദേഹം എഴുതുന്നു: 'എന്റെ കേസിനു മാധ്യമ പബ്ലിസിറ്റി കിട്ടിയതിനു ശേഷം മാത്രമാണ് (ഈ) മത സംഘടനകള്‍ എന്നെ സഹായിക്കുവാന്‍ വന്നത്. ഞാന്‍ കോപാകുലനായിരുന്നു ഈ വര്‍ഷങ്ങളിലെല്ലാം; അവര്‍ എന്നെ സഹായിക്കാന്‍ വരാത്തതില്‍. പ്രത്യേകിച്ചും എന്റെ മാതാപിതാക്കളുടെ വിഷയത്തില്‍. അവര്‍ എന്റെ കുടുംബത്തെ സഹായിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ഉപ്പ ജീവനോടെയിരുന്നേനെ. ഉമ്മാക്ക് സ്‌ട്രോക്ക് വരില്ലായിരുന്നു.'

മകന്റെ മോചനത്തിനായി അധ്വാനിച്ച നിരക്ഷരനും ദരിദ്രനും അവശനുമായ ആ വൃദ്ധ പിതാവ് മകന്‍ പ്രതിയായ 19 കേസുകൡ 11ലും നിരപരാധിയാണ് എന്ന് തെളിഞ്ഞു കണ്ടിട്ടാണ് 2001ല്‍ മരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ 2012 ജനുവരിയിലാണ് താന്‍ ജയില്‍ മോചിതനായിരിക്കുന്നു എന്ന വിവരം അദ്ദേഹം അറിയുന്നത്. പതിനാലു കൊല്ലത്തെ തിക്തമായ അനുഭവങ്ങള്‍ അദ്ദേഹം ഹൃദയഭേദകമായ രീതിയില്‍ വരച്ചുകാണിക്കുന്നുണ്ട്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഭീകരന്മാര്‍ എന്ന് ലേബല്‍ ചാര്‍ത്തി ജയിലില്‍ തള്ളപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ എല്ലാം പുസ്തകമെഴുതിയാല്‍ ഗ്രന്ഥശാലകളില്‍ പുതിയ ഒരു വിഭാഗം തന്നെ ജനിച്ചേനെ. ഭീകരവാദം ആരോപിച്ചു വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ നല്‍കുകയും പിന്നീട് കോടതികളായ കോടതികളെല്ലാം നിരപരാധികളെന്നു കണ്ടത്തി വെറുതെവിട്ടയക്കപ്പെടുകയും ചെയ്ത മുസ്‌ലിം യുവാക്കളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. 2014ല്‍ ഹോം മിനിസ്റ്റര്‍ കിരണ്‍ റിജു രാജ്യസഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ കൈവശം അത്തരമൊരു ഡാറ്റ ഇല്ല എന്നാണ്. എന്നാല്‍ രാജ്യത്തെ വ്യത്യസ്ത മനുഷ്യവകാശ കൂട്ടായ്മകള്‍ സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആയ, അപമാനകരമായ ഈ നീച കൃത്യത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 16 കേസുകളിലായി 40 മുസ്‌ലിം യുവാക്കളെ നീണ്ട ജയില്‍ വാസത്തിനു ശേഷം നിരപരാധികളായി കണ്ടെത്തി പുറത്തുവിട്ടത് 'ജാമിഅ ടീച്ചേര്‍സ് സോളിഡാരിറ്റി അസോസിയേഷന്‍' ആണ്. 2016ല്‍ ജസ്റ്റിസ് എ.പി.ഷാ അധ്യക്ഷനായി ഈ വിഷയത്തിലെ രാജ്യത്തെ ആദ്യ ജനകീയ ന്യായസഭ നടന്നു. ജൂറിയുടെ കണ്ടത്തല്‍ 'തെളിവുകള്‍ക്ക് മുകളില്‍ തെളിവുകള്‍ വിളിച്ചുപറയുന്നത് പോലീസ് കസ്റ്റഡിയിലെ നിയമന്യായ വിരുദ്ധമായ തടവില്‍വെക്കലും പീഡനങ്ങളും നിര്‍ബന്ധിത കുറ്റസമ്മതങ്ങളുമാണ്. നീണ്ട ജയില്‍ വാസവും തുടര്‍ച്ചയായ ജാമ്യനിഷേധങ്ങളും കഴിഞ്ഞു നിരപരാധിയെന്ന് കണ്ടെത്തി പുറത്തുവിടുന്നു!

ഗോധ്ര ട്രെയിന്‍ കത്തിക്കലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹോദരങ്ങളായ ഷമീര്‍, സുല്‍ത്താന്‍, സാദിക്വ് എന്നിവരില്‍ ആരോപിക്കപ്പെട്ടത് അന്താരാഷ്ര ഭീകരവാദ ബന്ധമാണ്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ നിരപരാധികളെന്നു കണ്ടത്തി കുറ്റവിമുക്തരാക്കുമ്പോള്‍ പിതാവ് കാന്‍സര്‍ വന്നു മരണപ്പെട്ടിരുന്നു. അവരുടെ ഉമ്മ ബീബി ഖാത്തൂന് മരുമക്കളെയും പേരക്കുട്ടികളെയും പോറ്റാന്‍ തെരുവില്‍ തെണ്ടേണ്ടിവന്നു. 

37 പേര്‍ മരിക്കുകയും 100ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാലെഗാവ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും പൂര്‍ണമായും മുസ്‌ലിംകളാണ്. കുറ്റാരോപിതരായ 9 പേരില്‍ 8 പേരെയും നിരപരാധികളായി കണ്ടെത്തി കോടതി വെറുതെ വിടുമ്പോള്‍ അവര്‍ ജയിലില്‍ ചെലവിട്ടത് നീണ്ട പത്തുവര്‍ഷങ്ങളാണ്. ഒന്‍പതില്‍ ഒരാള്‍ കുറ്റവിമോചനത്തിനു കാത്തുനില്‍ക്കാതെ മരണമടഞ്ഞു. കേസിലെ യഥാര്‍ഥ പ്രതികളായി പിന്നീട് പിടിക്കപ്പെട്ടത് ബി.ജെ.പിയുടെ വിദ്യാര്‍ഥി ഘടകം മുന്‍ നേതാവ് സാധ്വി പ്രഗ്യാ സിംഗ് താക്കൂറും ഇന്ത്യന്‍ ആര്‍മി ഉദേ്യാഗസ്ഥനായ കേണല്‍ ശ്രീകാന്ത് പുരോഹിതും റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായയും! പക്ഷേ, സംഭവിച്ചതെന്താണ്? കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിന്‍ 2015ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയത് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍.ഐ.എ ഉദേ്യാഗസ്ഥര്‍ കേസിന്റെ മെല്ലെപ്പോക്കിനായ് സമ്മര്‍ദം ചെലുത്തുന്നു എന്നാണ്. കൂടാതെ സാക്ഷികളെല്ലാം ഒന്നൊന്നായി കൂറുമാറുയും ചെയ്യുന്നു. 

ഷാഹിദ് അസ്മി എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ നക്ഷത്രം 32ാം വയസ്സില്‍ വെടിയേറ്റ് മരിക്കും മുമ്പ് ഒറ്റയ്ക്ക് ചെയ്തതെങ്കിലും വടവൃക്ഷമായ് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മുസ്‌ലിം സാമുദായിക രാഷ്ട്രീയ സംഘടനകള്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. 15ാം വയസ്സില്‍ ബോംബെ കലാപത്തിന് ദൃക്‌സാക്ഷിയായതില്‍ നിന്നും റാഡിക്കലയ്‌സ്ഡ് ആയി രാജ്യംവിട്ട ആ പയ്യന് തെറ്റ് മനസ്സിലാക്കി തിരിച്ചുവരാന്‍ മാസങ്ങള്‍ മാത്രമെ എടുത്തുള്ളൂ. പക്ഷേ, അവനെ കാത്തിരുന്നത് 7 വര്‍ഷം നീണ്ടുനിന്ന ജയില്‍ ജീവിതമായിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം വേണ്ടിവന്നു അവനെ കുറ്റവിമുക്തനാക്കാന്‍. പിന്നീട് നിയമം പഠിക്കുകയും വക്കീലാകുകയും ചെയ്ത അദ്ദേഹം നീതിയെന്ന ആശയത്തോടുതന്നെ പ്രേമത്തിലായിരുന്നു. ആ യുവശരീരത്തില്‍ നിന്ന് പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ അനേകം നിരപരാധികളായ മുസ്‌ലിം യുവാക്കളുടെ മോചനത്തിനു കാരണഭൂതനായി തീര്‍ന്നിരുന്നു അദ്ദേഹം. 25 വയസ്സുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി ഇബ്‌റാഹീം ജുനൈദ് മുതല്‍ എണ്ണാന്‍ ഒരുപാടു പേര്‍ നമ്മുടെ മുന്നിലുണ്ട്. നമുക്ക് ചുറ്റും തന്നെയില്ലേ അവരില്‍ പലരും?! ദിവസക്കൂലിക്കാരായ അവരില്‍ പലരും കേസ് നടത്താന്‍ പോകുമ്പോഴും ജയിലില്‍ കിടക്കുമ്പോഴും ചോദ്യം ചെയ്യലെന്ന പേരില്‍ അപമാനിക്കപ്പെടുമ്പോഴും പത്രങ്ങള്‍ അവരുടെ കിട്ടാവുന്നതില്‍ ഏറ്റവും മോശം ചിത്രം ഭീതിജനിപ്പിക്കും വിധം പ്രിന്റ്‌ചെയ്യുമ്പോഴും ചാനലുകള്‍ അവരുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തിരക്കഥ രചിക്കുമ്പോഴും നമ്മള്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു!

ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നമല്ല, മുസ്‌ലിം ദളിത് ആദിവാസി പ്രശ്‌നമാണ്. മുസ്‌ലിമിന്റെ വിഷയത്തില്‍ ഭീകരവാദമാണ് ആയുധമെങ്കില്‍ ദളിതനോ ആദിവാസിയോ ആകുമ്പോള്‍ അത് നക്‌സല്‍ ആകുന്നു എന്ന് മാത്രം. അനീതിയെ എതിര്‍ക്കുന്നതില്‍ മതമോ ജാതിയോ ദേശമോ മാനദണ്ഡമാവരുതെന്ന് മതപരമായി പഠിപ്പിക്കപ്പെട്ട മുസ്‌ലിം സമൂഹം ദളിത് ആദിവാസി പ്രശ്‌നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം കാണിക്കാതെ മാറിനില്‍ക്കുന്നതായാണ് കാണുന്നത്. ഇത് ശരിയല്ല. 

'ഹില്‍ഫുല്‍ ഫുളൂല്‍' എന്ന് പ്രവാചക ചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു ഉടമ്പടിയുണ്ട്. 'പങ്കെടുക്കാത്തതിന് പ്രതിഫലമായി ചുവന്ന ഒട്ടകങ്ങള്‍ (അറബികളുടെ മോഹസമ്മാനം) വാഗ്ദാനം ചെയ്താല്‍ പോലും അതില്‍ പങ്കെടുക്കാതെയിരിക്കുവാന്‍ ഞാന്‍ ചിന്തിക്കുക പോലുമില്ല' എന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ച ഉടമ്പടിയാണത്. മുഹമ്മദ് നബി(സ്വ)ക്ക് ആ ഉടമ്പടി നടക്കുമ്പോള്‍ പ്രായം 20. യമനില്‍ നിന്നും വന്ന മുസ്‌ലിമല്ലാത്ത ഒരു കച്ചവടക്കാരന് മക്കയിലെ ഉന്നത ഗോത്ര നേതാവ് കൊടുക്കുവാനുള്ള പണം നല്‍കാതെ മുഷ്ടി കാണിക്കുന്നു. നീതി ലഭിക്കാതെ അലഞ്ഞ ആ മനുഷ്യന് വേണ്ടി മക്കയിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നു പ്രഖ്യാപിക്കുന്ന ഉടമ്പടിയാണത്. 'സമുദ്രത്തില്‍ വെള്ളമുള്ളിടത്തോളം; താബിര്‍ ഹിറാ മലകള്‍ നിലനില്‍ക്കുവോളം ഞങ്ങള്‍ ഒരു ശരീരമായി നിലകൊണ്ട് അടിച്ചമര്‍ത്തപ്പെടുന്നവനെ സഹായിക്കുമെന്നും അക്രമിയില്‍ നിന്നും അക്രമിക്കപ്പെട്ടവന്റെ നീതി നേടിയെടുക്കുമെന്നും അനേ്യാന്യം ഉപജീവനമാര്‍ഗത്തില്‍ സഹായിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു.' ഇതായിരുന്നു ഉടമ്പടി. ഈ ഉടമ്പയില്‍ ഭാഗഭാക്കായ ഏറ്റവും പ്രായം കുറഞ്ഞയാള്‍ മുഹമ്മദ്(സ്വ) ആണ് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പിന്നീട് പലപ്പോഴും ഈ ഉടമ്പടിയെ പ്രകീര്‍ത്തിക്കുന്ന പ്രവാചകന്‍(സ്വ) അവിടെ അക്രമിക്കപ്പെട്ടയാളുടെ മതമോ, ഗോത്രമോ, ദേശമോ തിരക്കുന്നത് കാണാന്‍ കഴില്ല. നീതി നിഷേധിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന ആദിവാസിക്കോ ദളിതനോ വേണ്ടി നിലകൊള്ളുവാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറാകുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമല്ല. 

ഇന്ത്യയില്‍ ഒരു മുസ്‌ലിം ജീവിക്കുന്നത് രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ്. തങ്ങളുടെ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കപ്പെടേണ്ടത് ഈ രാജ്യത്തെ വ്യവസ്ഥകളിലൂടെയാണ്. ഒരു മുസ്‌ലിം കരാര്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഹുദൈബിയ്യ സന്ധിയില്‍ നിന്നുമാണ് പഠിക്കേണ്ടത്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ പിതാവിനാല്‍ തടവിലാക്കപ്പെട്ട അനുചരനെ കരാറിന്റെ അടിസ്ഥാനത്തില്‍ തിരിച്ചു തടവറയിലേക്കു തന്നെ പറഞ്ഞു വിടുന്ന പ്രവാചന്റെ അനുയായികള്‍ക്ക് ഹാദിയക്ക് നീതി നിഷേധിക്കപ്പെടുന്നത് കണ്ട് വിവേകം വികാരത്തെ മറികടക്കാന്‍ പാടില്ലായിരുന്നു. മുസ്‌ലിമിന്റെ നിലനില്‍പ് അല്ലാഹുവും അവന്റെ റസൂലും കാണിച്ചു തന്ന പാതയിലാണ് എന്നാണ് ഇത് നല്‍കുന്ന പാഠം.

"Justice is expensive. That is why there is so little of it, and it is reserved for those few with enough money and influence to afford it." Naomi Novik  'നീതി വളരെ വിലപിടിപ്പുള്ളതാണ്. അതുകൊണ്ടാണ് അത് വളരെ കുറച്ചുമാത്രമുള്ളത്, സമ്പത്തും പിടിപാടുമുള്ള വളരെ കുറച്ചാളുകള്‍ക്കായി അത് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.' 'നവമി നോവിക്' എഴുതിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നേര്‍കാഴ്ചയാണ്.

ഇന്ത്യന്‍ മുസ്‌ലിം സംഘടനകള്‍ ഉണരേണ്ടതും ഈ വാക്കുകളിലാണ്. സ്‌റ്റേറ്റോ, സ്‌റ്റേറ്റിന്റെ മിഷനറിയായ പോലീസ് ഉള്‍പ്പെടുന്ന ഘടകങ്ങളോ ആരോപിച്ചതു കൊണ്ട് ഒരാളും ഇന്ത്യയില്‍ കുറ്റവാളിയാകുന്നില്ല; കുറ്റാരോപിതന്‍ മാത്രമെ ആകുന്നുള്ളൂ. ഈ ആരോപണത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടായിരിക്കെ എന്തുകൊണ്ടാണ് സംഘടനകള്‍ ഇത്തരം വാദങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നത്; തങ്ങളുടെ നിസംഗതക്ക് ന്യായീകരണം കണ്ടെത്താനാണോ? എല്ലാം പ്രാര്‍ഥനയില്‍ ഒതുക്കുവാനുള്ള ഉപദേശത്തിന്റെ കാര്യവും തഥൈവ. പ്രാര്‍ഥനയാണ് ഒരു മുസ്‌ലിമിന്റെ ഏറ്റവും വലിയ ആയുധം; എന്നാല്‍ അതിനര്‍ഥം പ്രവര്‍ത്തിക്കേണ്ട എന്നല്ല. അത്ഭുതം പ്രകടിപ്പിക്കാന്‍ പോലും പ്രവാചകന്മാര്‍ക്ക് പ്രവര്‍ത്തിക്കണമായിരുന്നു എന്നിരിക്കെ പ്രാര്‍ഥന മാത്രം മതിയെന്നു പറയുന്നതില്‍ അര്‍ഥമില്ല. 

Muslim Legal Fund Of America, എന്ന NGO ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്ലൊരു മാതൃകയുണ്ട്. പോലീസ് സ്‌റ്റേഷന്‍ മുതല്‍ കോടതിമുറി വരെ നീതി നിഷേധിക്കപ്പെട്ട മുസ്‌ലിമിന് അമേരിക്കന്‍ സാഹചര്യത്തില്‍ നിയമ സഹായത്തോടെ നീതി നേടിക്കൊടുക്കുക എന്നതാണവരുടെ പ്രഖ്യാപിത ലക്ഷ്യം. 

മുസ്‌ലിം സമൂഹം ഒന്നിച്ചു നിന്നതിന്റെയും നീതിക്കായി പോരാടുന്നതിന്റെയും ഉദാഹരണങ്ങളാണ് എം.എം അക്ബറിന്റെയും ജൗഹര്‍ മുനവ്വറിന്റെയും കേസുകള്‍. അനീതിക്കിരകളായി അനന്തമായി ജയിലറക്കുള്ളില്‍ അടക്കപ്പെട്ട മനുഷ്യര്‍ക്കും വേണം ഈ നീതി.  അവരുടെ നീതിക്കായി വാദിക്കുവാന്‍ വക്കീലിനെ വേണം. വക്കീലിനു ഫീസ് നല്‍കണം. അതിനുള്ള സംവിധാനം നാം ഒരുക്കണം. അവരെ സഹായിക്കണം. കാരണം അവര്‍ അക്രമിക്കപ്പെട്ടവരാണ്. ഹില്‍ഫുല്‍ ഫുളൂല്‍ ഓര്‍മപ്പെടുത്തുന്ന ഈ നീതി കേവലം മുസ്‌ലിമിന്റെ മാത്രം അവകാശമല്ല; മതത്തിനും ജാതിക്കും വര്‍ണത്തിനും ദേശത്തിനുമപ്പുറം അടിച്ചമര്‍ത്തപ്പെടുന്നവന്റെ അവകാശമാണ്. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഏവരുടെയും കടമയാണ്, അതിനുവേണ്ടി നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും.