മലക്കുകള്‍ സവിശേഷ സൃഷ്ടികള്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ വന്നു സംസാരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം: ''അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുകളിലുള്ള വിശ്വാസം, അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവന്റെ ദൂതന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം.'' 

ക്വുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മലക്കുകളിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

''എന്നാല്‍ അല്ലാഹുവിലും വിശ്വാസത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും...'' (അല്‍ബക്വറ 177).

മലക്കുകളുടെ അസ്തിത്വം, അവര്‍ ആദരണീയരാണ്, അല്ലാഹുവിന് ആരാധന നിര്‍വഹിക്കുവാനും അവന്റെ കല്‍പനകള്‍ നിറവേറ്റുവാനും നിര്‍വഹിക്കപ്പെട്ടവരാണവര്‍ എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ് അവരെക്കുറിച്ച് നമുക്ക് വേണ്ടത്. അവരുടെ ഇനങ്ങള്‍ വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അല്ലാഹുവിന്നടുക്കല്‍ അവര്‍ക്കുള്ള സ്ഥാനവും ശ്രേഷ്ഠതയും തുടങ്ങിയവയെല്ലാം    ക്വുര്‍ആനിലും ഹദീഥിലും വന്നപ്രകാരം നമ്മള്‍ വിശ്വസിക്കണം.

പ്രകാശത്തില്‍ നിന്നാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത് (മുസ്‌ലിം). മലക്കുകളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ചില വചനങ്ങള്‍ കാണുക: 

ആദരവ് എന്ന നിലക്ക് അല്ലാഹുവിനോടൊപ്പം മലക്കുകളെയും അവനിലേക്ക് ചേര്‍ത്തിപ്പറയുന്നു.

''തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു...'' (അഹ്‌സാബ് 81). ''...അവരെല്ലാം (റസൂലും സത്യവിശ്വാസികളും) അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു...'' (അല്‍ബക്വറ 285)

''അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു'' (അന്നിസാഅ് 136).

''ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്മാരോടും ജിബ്‌രീലിനോടും ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രു തന്നെയാകുന്നു അല്ലാഹു'' (അല്‍ബക്വറ 98).

താന്‍ സാക്ഷിയാണെന്നതിനോടൊപ്പം അവരെയും തന്നെക്കുറിച്ച് അനുഗ്രഹം ചെയ്യുന്നവന്‍ എന്ന് പറഞ്ഞേടത്ത് അവരെയും ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നു.

''താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു)..'' (ആലു ഇംറാന്‍ 18)

അവര്‍ മാന്യന്മാരാണ്:

''മാന്യന്മാരും പുണ്യവാന്മാരുമായ ചില സന്ദേശ വാഹകന്മാരുടെ കൈകളിലാണത്..' (അബസ 15).

''രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍'' (അല്‍ഇന്‍ഫിത്വാര്‍ 11).

''എന്നാല്‍ (അവര്‍- മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്മാര്‍ മാത്രമാകുന്നു'' (അമ്പിയാഅ് 26)

അവര്‍ ഉന്നതസ്ഥാനത്തുള്ളവരും അല്ലാഹുവിലേക്ക് സാമീപ്യം നേടിയവരുമാണ്.

''സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്'' (മുത്വഫ്ഫിഫീന്‍ 211)

''അത്യുന്നതമായ സമൂഹത്തിന്റെ (മലക്കുകള്‍) നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്ത് കേള്‍ക്കാനാവില്ല'' (സ്വാഫാത് 8).

അല്ലാഹുവിനെ വാഴ്ത്തുകയും ആരാധന നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു അവര്‍:''തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെ പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു'' (206). 

ജോലികളനുസരിച്ച് മലക്കുകള്‍ പലതരമുണ്ട്.

1. സിംഹാസന വാഹകര്‍: ''സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം...''(ഗാഫിര്‍ 7). ''മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്'' (അല്‍ഹാക്ക്വഃ 17).

2. സാമീപ്യം നേടിയവര്‍: ''അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല)'' (അന്നിസാഅ് 172) 

3. സ്വര്‍ഗത്തിന്റെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവര്‍

4. നരകവും അതിലെ ശിക്ഷയും ഏല്‍പിക്കപ്പെട്ടവര്‍: 'സബാനിയ' എന്നാണവര്‍ക്ക് പറയുക. 19 പേരാണ് അവരിലെ നേതാക്കന്മാരിയിട്ടുള്ളത്. മാലിക് എന്ന പേരിലാണ് പാറാവുകാരന്‍ അറിയപ്പെടുന്നത്. പാറാവുകാരുടെ നേതാവാണ് ഈ മലക്ക്. അല്ലാഹു പറയുന്നത് കാണുക: 

''അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്'' (മുദ്ദസ്സിര്‍ 30). ''അവര്‍ വിളിച്ച് പറയും: 'ഹാ മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്) പറയും. നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു'' (സുഖ്‌റഫ് 77). ''നരകത്തിലുള്ളവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചുതരട്ടെ'' (ഗാഫിര്‍ 49). ''അതിന്റെ (നരകത്തിന്റെ) മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (തഹ്‌രീം 6).

5. മനുഷ്യരെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മലക്കുകള്‍: ''മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ ഇന്ന് (മലക്കുകള്‍)''  (റഅ്ദ് 11).

മുമ്പിലൂടെയും പിന്നിലൂടെയും മനുഷ്യരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു അവര്‍. എന്നാല്‍ അല്ലാഹുവിന്റെ വിധി വന്നാല്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

6. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുന്നവര്‍: ''അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (ക്വാഫ് 18). ''തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍'' (ഇന്‍ഫിത്വാര്‍ 10,11).

നബി ﷺ  പറയുന്നു. ''മലക്കുകള്‍ രാവിലും പകലിലും നിങ്ങൡ മാറിമാറി വന്നുകൊണ്ടിരിക്കുന്നു.''

ചുരുക്കത്തില്‍ ദ്രോഹങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുകയും അവന്റെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന മലക്കുകള്‍ മനുഷ്യരുടെ കൂടെയുണ്ട്.

7. ഗര്‍ഭാവസ്ഥയില്‍ വരുന്ന മലക്കുകള്‍: മനുഷ്യന്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ 40 ദിവസം ഭ്രൂണമായി കഴിച്ചുകൂട്ടുന്നു. പിന്നീട് രക്തപിണ്ഡമായും ശേഷം മാംസപിണ്ഡമായും അതേപോലെ കഴിച്ച്കൂട്ടുന്നു. അതിനു ശേഷം ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അങ്ങനെ ആത്മാവിനെ ഇട്ടുകൊടുക്കുന്നു. അവന്റെ ഉപജീവനം, ആയുസ്സ്, കര്‍മങ്ങള്‍, സൗഭാഗ്യവാനോ ദൗര്‍ഭാഗ്യവാനോ തുടങ്ങി നാല് കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പിക്കപ്പെടുകയും ചെയ്യുന്നു.

8. ആത്മാവിനെ പിടിക്കാന്‍ ഏല്‍പിക്കപ്പെട്ടവര്‍: ''അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.'' (അല്‍അന്‍ആം 61). ''നബിയേ പറയുക, നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്''(സജദ 11).

ഉപരിലോകത്തും ഭൂലോകത്തും അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാനങ്ങളും അനുസരിച്ച് കൊണ്ട് ഇവരണ്ടും നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന മലക്കുകളുണ്ട്. അതുകൊണ്ട് തന്നെ അവരിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് പല കാര്യങ്ങളും അല്ലാഹു പറയാറുള്ളത്. (അമ്പിയാഅ് 27, തഹ്‌രീം 6, നാസിആത് 5)

''അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു'' (അല്‍അമ്പിയാഅ് 27).

''അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോട് അനുസരണക്കേട് കാണിക്കുകയില്ല.അവരോട് കല്‍പിക്കപ്പെടുന്ന എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (തഹ്‌രീം 6).

''കാര്യം നിയന്ത്രിക്കുന്നവയെ തന്നെയാണ് സത്യം'' (നാസിആത്ത് 5).

എന്നാല്‍ ഇതുതന്നെ തന്നിലേക്കും ചിലയിടങ്ങളില്‍ അല്ലാഹു ചേര്‍ത്തിപ്പറയുന്നുണ്ട്: ''അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു''(സജദ 5).

അല്ലാഹുവിന്റെ സൃഷ്ടികളിലും അവന്റെ കാര്യങ്ങളിലും ഏല്‍പിക്കപ്പെട്ട ദൂതന്മാരാണ് മലക്കുകള്‍. സന്ദേശം എന്നര്‍ഥമുള്ള 'അലൂകത്' എന്ന പദത്തില്‍ നിന്നാണ് മലക് എന്ന പേര് തന്നെ ഉണ്ടായിട്ടുള്ളത് എന്നതിനാല്‍ സന്ദേശവാഹകന്‍ എന്ന അര്‍ഥവും അതില്‍ ഉള്‍ക്കൊള്ളുന്നു. അല്ലാഹു പറയുന്നു:

''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തൂതി'' (ഫാത്വിര്‍ 1). ''തുടരെത്തുടരെ അയക്കപ്പെടുന്നവരെ തന്നെയാണ് സത്യം'' (മുര്‍സലാത്ത് 1).

അതായത്  അല്ലാഹുവിന്റെ പ്രാപഞ്ചികമായ തീരുമാനങ്ങളും മതപരമായി മനുഷ്യരിലെ ദൂതന്മാരിലേക്ക് കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുന്നവരുമായി അല്ലാഹുവിന്റെ കല്‍പനകളും തീരുമാനങ്ങളും നടപ്പിലാക്കുന്നവരാണവര്‍. ''തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്റെ കല്‍പനപ്രകാരം (സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു'' (നഹ്ല്‍ 2). ''മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (ഹജ്ജ് 75).

വഹ്‌യിന്റെ കാര്യം വിശ്വസ്തനായ ജിബ്‌രീല്‍(അ) ആണ് നിര്‍വഹിക്കുനനത്. ''വിശ്വസ്താത്മാവ് (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു''(ശുഅറാഅ് 193). 

രൂപം മാറാനുള്ള കഴിവ് അല്ലാഹു മലക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെയും ലൂത്വ് നബിയുടേയും അടുക്കലേക്ക് അതിഥികളായിക്കൊണ്ട് (മനുഷ്യരൂപത്തില്‍) മലക്കുകള്‍ കയറിച്ചെന്നു. നബി ﷺ യുടെ അടുക്കലേക്ക് തന്നെ പല രൂപത്തിലായി ജിബ്‌രീല്‍(അ) വരാറുണ്ട്. ദിഹ്‌യത്തുല്‍ കല്‍ബിയുടെയും മറ്റൊരിക്കല്‍ ഒരു അഅ്‌റാബിയുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജിബ്‌രീലിന്റെ സ്വരൂപത്തിലും നബി ﷺ ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനുഷ്യര്‍ക്ക് മലക്കുകളെ അവരുടെ തനിരൂപത്തില്‍ കാണാന്‍ സാധിക്കുകയില്ല. ഞങ്ങള്‍ക്ക് പ്രവാചകനായിക്കൊണ്ട് ഒരു മലക്കിനെ അയച്ചുതന്നുകൂടേ എന്ന മക്കാ മുശ്‌രിക്കുകളുടെ ചോദ്യത്തിന് അല്ലാഹുവിന്റെ മറുപടി ഇപ്രകാരമായിരുന്നു:

''ഇയാളുടെ (നബിയുടെ) മേല്‍ മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷ രൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്'' (അല്‍അന്‍ആം 7,8).

മലക്കുകളെ പ്രവാചകന്മാരായി അയച്ചാല്‍ തന്നെ മനുഷ്യരൂപത്തിലാണയക്കുക. മനുഷ്യരെ അഭിമുഖീകരിക്കുവാനും അവരെ ഉപയോഗപ്പെടുത്തുവാനും അതാണുത്തമം. ഒരു വര്‍ഗം തന്റെ അതേ വര്‍ഗത്തോടാണല്ലോ ഇണങ്ങുക.