പ്രമാണം ക്വുര്‍ആന്‍ മാത്രമോ?

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2018 ഏപ്രില്‍ 14 1439 റജബ് 27

ക്വുര്‍ആന്‍ മാത്രമാണ് പ്രമാണമെന്നും അതിനാല്‍ ഹദീഥുകളോ അതിനോടനുബന്ധമായ രേഖകളോ അംഗീകരിക്കുകയോ അതിന്റെയടിസ്ഥാനത്തില്‍ ദീനീനിയമങ്ങള്‍ പാലിക്കുകയോ ചെയ്യുന്നത് മഹാ അപരാധമാണെന്നും പറയുന്ന ഹദീഥ് നിഷേധികള്‍ അവരുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ഉദ്ധരിക്കുന്ന തെളിവുകള്‍ ഹദീഥുകളില്‍ നിന്നും അതിനോടടുത്തു നില്‍ക്കുന്ന ചരിത്രങ്ങളില്‍ നിന്നുമാണ്! കേരള മുസ്‌ലിംകള്‍ക്കിടയിലെ സംഘടനാ ഭിന്നതയില്‍ നിന്നും ആഗോളാടിസ്ഥാനത്തിലുള്ള ശിയാ സുന്നീ വിയോജിപ്പുകളില്‍ നിന്നും വെള്ളവും വളവും സ്വീകരിക്കുകയും ശിയാപക്ഷത്ത് താത്ത്വികമായി ഓരം ചേര്‍ന്ന് മുതലക്കണ്ണീരൊഴുക്കുകയും സ്വന്തം അസ്തിത്വത്തിലേക്ക് തിരിച്ച് വരുമ്പോള്‍ ശിയായിസവും ഇസ്‌ലാമിസവും കയ്യൊഴിയുകയും ചെയ്യുന്ന ഹദീഥ് നിഷേധികള്‍ സര്‍വ മത സത്യവാദത്തിലേക്കും നിരീശ്വര വാദത്തിലേക്കും സംഘപരിവാര രാഷ്ട്രീയ ചേരിയിലേക്കും ആപതിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

ഹദീഥുകെള സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് അനൈക്യത്തിന് കാരണമെന്നും ഹദീഥ് നിരാകരണം സമുദായ-മാനവ ഐക്യത്തിലേക്ക് നയിക്കുമെന്നും അവകാശപ്പെട്ട വിരലിലെണ്ണാവുന്നവര്‍ പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് പോയ കാഴ്ചയാണ് മുസ്‌ലിം കേരളം പിന്നീട് കണ്ടത്. ഹദീഥ് നിരാകരണ സിദ്ധാന്തം ഫലം കാണാതിരിക്കുകയും ആളുകള്‍ തീരെ അവഗണിക്കുകയും ചെയ്ത ദശാസന്ധിയില്‍ വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ നേടാനും അതുവഴി വംശനാശ ഭീഷണി നേരിടുന്ന സ്വന്തം അസ്തിത്വം സമൂഹത്തില്‍ അടയാളപ്പെടുത്താനും ശ്രമം നടന്നപ്പോള്‍ യുക്തിവാദിയായ ചേന്ദമംഗലൂര്‍കാരനും ഹിന്ദുഐക്യവേദി വക്താവും പരിപൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നതോടുകൂടി മുസ്‌ലിം സാമാന്യ ജനങ്ങള്‍ക്ക് ഹദീഥ് നിഷേധികളുടെ ഉദ്ദേശ ശുദ്ധി ബോധ്യപ്പെട്ടതിനാല്‍ മതപ്രബോധകര്‍ക്കും മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും ഏറെ വിശദീകരിക്കേണ്ടി വന്നില്ല.

'മുഹമ്മദ് നബി ﷺ ക്ക് 300 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ട ഹദീഥുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരാനുഷ്ഠാനങ്ങള്‍ പുതുനിര്‍മിതവും തള്ളപ്പെടേണ്ടതുമാണ്. ക്വുര്‍ആനിന്റെ അടിസ്ഥാനത്തിലുള്ള ആരാധനകളാണ് നാം അനുഷ്ഠിക്കേണ്ടത്.' ഇത് ഹദീഥ് നിഷേധികളുടെ പ്രധാനമായ ഒരു ആരോപണമാണ്. എന്താണ് വസ്തുത എന്ന് പരിശോധിക്കാം. 

യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ നിഷ്പന്നമായത് ക്വുര്‍ആനില്‍ നിന്നാണ്. ഹദീഥ് ഗ്രന്ഥങ്ങള്‍ എഴുതപ്പെടുന്ന കാലത്ത് നിലവിലെ ആചാരനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു. ഹദീഥ് ഗ്രന്ഥങ്ങളുടെ ക്രോഡീകരണ ഉദ്ദേശ്യം ആചാരനുഷ്ഠാനങ്ങള്‍ മാറ്റിമറിക്കുക എന്നായിരുന്നില്ല. അങ്ങനെയെങ്കില്‍ അധികാരത്തിന് വേണ്ടി നടന്നു എന്ന് പറയപ്പെടുന്ന യുദ്ധങ്ങള്‍ക്കും നിലവിലെ രാഷ്ട്രീയ മേല്‍കോയ്മക്കും ആചാരാനുഷ്ഠാനങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? ശിയാ രാഷ്ട്രീയത്തില്‍ നിന്ന് സുന്നീ രാഷ്ട്രീയത്തിലേക്കുള്ള പരിവര്‍ത്തനത്തിനാണ് ഹദീഥുകള്‍ നിര്‍മിച്ചത് എന്ന ശീഈ വാദം ചിലപ്പോള്‍ ഹദീഥ് നിഷേധികള്‍ കടമെടുക്കാറുണ്ട്. അപ്പോള്‍ ഹദീഥ് നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം അബൂഹുറയ്‌റ(റ)യിലേക്കും മുആവിയ(റ)യിലേക്കും സൗകര്യപൂര്‍വം ഇവര്‍ ചാര്‍ത്തിക്കൊടുക്കും.

ഈ വാദപ്രകാരം 300 വര്‍ഷങ്ങള്‍ക്ക് ശേഷം ബുഖാരിയും മുസ്‌ലിമും ഹദീഥുകള്‍ നിര്‍മിച്ചു എന്ന ഇവരുടെ വാദഗതികളെ ഇവര്‍ തന്നെ ഖണ്ഡിക്കുകയാണ്. ബുഖാരിയും മുസ്‌ലിമും ജൂതരുടെ ഏജന്റുമാരാണ് എന്ന വാദങ്ങളും ഇവര്‍ ഉയര്‍ത്തുന്നു. അങ്ങനെയെങ്കില്‍ യഹൂദരോട് കാര്‍ക്കശ്യം പുലര്‍ത്തുന്ന നടപടികള്‍ ഹദീഥുകളില്‍ കടന്ന് കൂടുമായിരുന്നില്ലല്ലോ. ഇവിടെ ഹദീഥ് നിഷേധികള്‍ ഒരു തന്ത്രപൂര്‍വമായ ഇരട്ടത്താപ്പ് സ്വീകരിച്ചിരിക്കുന്നു. ആചാരനുഷ്ഠാനങ്ങളുടെ ഹദീഥുകളെ പറ്റി പറയുമ്പോള്‍ അത് യഹൂദ നിര്‍മിതിയാണ് എന്ന് വാദിക്കും. യഹൂദരെ കണക്കറ്റ് ശകാരിക്കുകയും ചെയ്യും. യഹൂദരുടെ വഞ്ചനാ നിലപാടിനെതിരെ ആഞ്ഞടിക്കുന്ന ഹദീഥുകളെപറ്റി പറയുമ്പോള്‍ യഹൂദരെ കൊന്നൊടുക്കാന്‍ വേണ്ടി മുസ്‌ലിം പക്ഷപാതിയായ മുആവിയ നിര്‍മിച്ചവയാണെന്ന് പറയും. വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഒരു അഭിപ്രായം മാത്രമാണ് ഇവിടെ ഹദീഥ് നിഷേധികള്‍ക്ക് പോലും സ്വീകരിക്കാനാവുക. ഏതെങ്കിലും ഒരഭിപ്രായം മാത്രം സ്വീകരിച്ചാല്‍ ഫലത്തില്‍ അത് ഹദീഥിനെ സത്യപ്പെടുത്തുന്നതിന് തുല്യമാവുകയും ചെയ്യും.

ഹദീഥുകള്‍ മുഴുവന്‍ കളവുകളാണ് എന്ന വാദം ഇവര്‍ തന്നെ ഖണ്ഡിക്കുന്നു. അലിയും മുആവിയയും തമ്മിലുള്ള സംഘട്ടനത്തില്‍ അലി(റ)യുടെ ഭാഗത്താണ് ന്യായം എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ കൂട്ട് പിടിക്കുന്നത് ഹദീഥുകളെ തന്നെയാണ്. സ്വിഫ്ഫീന്‍ യുദ്ധവേളയില്‍ അബൂദര്‍റ് അക്രമികളുടെ കയ്യാല്‍ വധിക്കപ്പെടുമെന്നുള്ള നബിവചനത്തിന്റെ പുലര്‍ച്ച കണ്ട് മുആവിയപക്ഷത്തു നിന്ന് അലിപക്ഷത്തേക്ക് കുറെയാളുകള്‍ കൂറ് മാറുന്നു. പ്രസ്തുത ഹദീഥ് സുന്നീ ഹദീഥ് ഗ്രന്ഥങ്ങളിലുണ്ട് താനും. ഇവിടെ മുആവിയയെ തെറിപറയാന്‍ വേണ്ടി ഹദീഥ് നിഷേധികള്‍ ഈ ഹദീഥ് തെളിവായെടുക്കുന്നു. അലിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി മുആവിയയുടെ നിര്‍ദേശാനുസരണമാണ് ഹദീഥ് നിര്‍മിക്കപ്പെട്ടതെങ്കില്‍ പ്രസ്തുത ഹദീഥ് ഒരു കാരണവശാലും ഗ്രന്ഥങ്ങളില്‍ വരില്ലായിരുന്നു. മാത്രവുമല്ല അലിയെയും അദ്ദേഹത്തിന്റെ സേവനങ്ങളെയും ഇസ്‌ലാമിക ലോകത്തിന് മനസ്സിലാക്കിക്കൊടുത്തതും ഈ പണ്ഡിതന്‍മാരല്ല. മറിച്ച് അഹ്‌ലുസ്സുന്നയുടെ ആചാര്യന്‍മാരാണ്. അന്ധമായ വ്യക്തിപൂജയും രാഷ്ട്രീയ പക്ഷപാതിത്വങ്ങളും ഇസ്‌ലാമിക പണ്ഡിതന്‍മാരെ സ്വാധീനിച്ചിരുന്നില്ല എന്ന് വ്യക്തമാണ്. എതിരാളികള്‍ ഉന്നയിക്കും പ്രകാരം അലീ വിരോധമാണ് ഹദീഥുകളുടെ രചനക്ക് പിന്നില്‍ എങ്കില്‍ അലി(റ)യെക്കുറിച്ച് നല്ലതൊന്നും ഹദീഥുകള്‍ നമുക്ക് പകര്‍ന്ന് തരില്ലായിരുന്നു.

മാത്രവുമല്ല ശിയാലോകം സുന്നീലോകത്തിനെതിരെ പുത്തനാചാരങ്ങള്‍ നിര്‍മിച്ചു എന്ന ആരോപണമുന്നയിക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ അവരുടെ സത്യത തെളിയിക്കാനുമാണ് ശ്രമിക്കുക. ഇവര്‍ പറയുന്നത് പോലെയാണ് സത്യമെങ്കില്‍ ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ ശിയാക്കള്‍ക്ക് എളുപ്പമായിരുന്നു.  റസൂലിന്റെ കാലത്ത് ആചരിക്കുകയും തലമുറകള്‍ പിന്‍തുടരുകയും ചെയ്ത നമസ്‌കാരത്തെ അതിന്റെ രൂപവും ഭാവവും സമയക്രമവും എല്ലാം തന്നെ സഹാബികളുടെ കാലഘട്ടത്തില്‍ തന്നെ മുആവിയ തന്റെ അധികാരമുപയോഗിച്ച് പരിവര്‍ത്തിപ്പിച്ചു എന്ന് പറഞ്ഞാല്‍ ബുദ്ധിയുള്ള ആരെങ്കിലും അംഗീകരിക്കുമോ? തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ ബലപ്രയോഗത്തിലൂടെ മാറ്റിയപ്പോള്‍ വിശ്വാസി സമൂഹം അത് ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നത് കടുത്ത ദൈവ ധിക്കാരമല്ലേ? എന്നാല്‍ അവരെ പറ്റി ക്വുര്‍ആന്‍ പറയുന്നതോ, 'അവര്‍ അല്ലാഹുവിനെയും അല്ലാഹു അവരെയും തൃപ്തിപ്പെട്ടിരിക്കുന്നു' എന്നുമാണ്. ക്വുര്‍ആനിന്റെ അഭിപ്രായ പ്രകാരം മാത്രം നോക്കുകയാണെങ്കിലും ഹദീഥ് നിഷേധികളുടെ തെളിവുകള്‍ വളരെ ദുര്‍ബലമത്രെ.

ഹദീഥുകളിലൂടെ നബിയെ അധിക്ഷേപിക്കുന്നു എന്നതാണ് ഹദീഥ്് നിഷേധിക്കാന്‍ കാരണമായി ഹദീഥ് നിഷേധികളിലെ ഒരു അവാന്തര വിഭാഗത്തിന്റെ വക്താവ് പറയുന്നത്. മുസ്‌ലിംകളുടെ പ്രവാചക സ്‌നേഹമെന്ന വികാരം ഉപയോഗപ്പെടുത്തി തെറ്റുധാരണ സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ഒരു ഗ്രന്ഥത്തെ ഒരാള്‍ സമീപിക്കുന്നതിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് ആ ഗ്രന്ഥത്തിലെ വചനങ്ങള്‍ അയാള്‍ക്ക് തോന്നിക്കപ്പെടുക സ്വാഭാവികം മാത്രമാണ്. ക്വുര്‍ആനില്‍ നബിയെ മഹത്വപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് ഹദീഥ്് നിഷേധികള്‍ക്ക് സമ്മതിക്കേണ്ടി വരുന്നു. അതേ ക്വുര്‍ആനിക വചനങ്ങള്‍ക്ക് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വികലമായി അവതരിപ്പിക്കുന്നതില്‍ പല മിഷണറിമാരും ചില ഓറിയന്റലിസ്റ്റുകളും വൈദഗ്ധ്യം കാണിക്കുന്നു എന്നത് പോലെയാണിതും. ഹദീഥിന്റെ പശ്ചാത്തലത്തില്‍ നിന്നും മാറ്റി അതിനെ വികലമാക്കി ചിത്രീകരിക്കുന്ന ഈ രീതി നിരീശ്വര നിര്‍മത വാദികളില്‍ നിന്നും ഫാഷിസ്റ്റുകളില്‍ നിന്നുമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചിരിക്കുന്നത്. അപ്പോള്‍ പ്രശ്‌നം ഹദീഥുകള്‍ നബിയെ അപകീര്‍ത്തിപ്പെടുത്തുകയല്ല മറിച്ച് ഹദീഥുകളെ അതിന് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്. ക്വുര്‍ആനിനെ ദുരുപയോഗപ്പെടുത്തുന്നത്‌പോലെ.

നബി ﷺ യുടെ പേരില്‍ ഇല്ലാവചനങ്ങള്‍ ആരും കെട്ടിയുണ്ടാക്കിയിട്ടില്ല എന്ന് മുസ്‌ലിം ലോകം വാദിക്കുന്നില്ല. ഒരുപാട് വ്യാജ ഹദീഥുകള്‍ തല്‍പരകക്ഷികള്‍ പ്രവാചകനിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു പല കാലങ്ങളിലായി. എന്നാല്‍ അത്തരം ഗൂഢശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് മഹാന്‍മാരായ മുഹദ്ദിഥുകള്‍ ചെയ്തിട്ടുള്ളത്.

ഇനി വാദത്തിന് വേണ്ടിയെങ്കിലും ഹദീഥ് മുക്തമായൊരു ആചാരാനുഷ്ഠാനം സങ്കല്‍പിക്കുക. ആരാധനകളുടെ രൂപം എങ്ങനെയാണ് നാം സ്വീകരിക്കുക? ഹദീഥുകള്‍ മാറ്റിനിര്‍ത്തിയാല്‍ പാരമ്പര്യത്തെ മാത്രം വിശ്വാസത്തിലെടുക്കേണ്ടിവരും. ഹദീഥുകളെക്കാള്‍ വിശ്വാസ സ്രോതസ്സാണ് പാരമ്പര്യം എന്നാണ് വാദമെങ്കില്‍ ആ പാരമ്പര്യത്തില്‍ നിന്നാണ് ഹദീഥുകളുടെ ആവിര്‍ഭാവം എന്ന് സമ്മതിക്കേണ്ടിവരും. യഥാര്‍ഥത്തില്‍ ഹദീഥുകളെ കയ്യൊഴിഞ്ഞവര്‍ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ പല തട്ടിലാണ്. നമസ്‌കാരം ഉദാഹരണമായെടുക്കാം: നമസ്‌കാരത്തില്‍ അത്തഹിയ്യാത്തും സൂറത്തും, നബി ﷺ യുടെ പേരിലുള്ള സ്വലാത്തും ഒഴിവാക്കി അഞ്ച് വക്ത്ത് നമസ്‌കരിക്കുന്നവര്‍, ഇതേപോലെ മൂന്ന് വക്ത്ത് നമസ്‌കരിക്കുന്നവര്‍, നമസ്‌കാരത്തിന്റെ രൂപം ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ പ്രാര്‍ഥനയാണ് നമസ്‌കാരമെന്ന് അഭിപ്രായമുള്ളവര്‍ (ഇവര്‍ നമസ്‌കരിക്കാറില്ല), പക്ഷികളെപ്പോലെ നമസ്‌കരിക്കുന്നവര്‍ (ഇവരുടെ മനസ്സിലാണ് നമസ്‌കാരം)... ഇങ്ങനെ പലരൂപത്തില്‍ നമസ്‌കരിക്കുന്നവവരാണ് ഹദീഥ് നിഷേധികള്‍. ഭിന്നതകള്‍ ഒഴിവാക്കാനും മുസ്‌ലിം ലോകത്തെ ഒന്നാക്കാനും ക്വുര്‍ആന്‍ മാത്രം പ്രമാണമായെടുത്തവരുടെ അവസ്ഥയാണിത്! 

ക്വുര്‍ആന്‍ എങ്ങനെ വ്യാഖ്യാനിക്കണം എന്നതാണ് പ്രധാനം. ക്വുര്‍ആന്‍ മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. അപ്പോള്‍ ലഭ്യമായ നബിവചനങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് വ്യാഖ്യാനിക്കേണ്ടത്. നബിവചനങ്ങളെ പാടെ നിരാകരിച്ചുകൊണ്ട് ക്വുര്‍ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ വ്യാഖ്യാന മാനദണ്ഡം ഹദീഥുകള്‍ക്ക് പകരം വ്യാഖ്യാനിക്കുന്നയാളുടെ മനോനിലവാരവും അയാളുടെ മൂല്യബോധവും അയാളുടെ ഭാഷാ വൈദഗ്ധ്യവും അയാളുടെ അഭിപ്രായവും മാത്രമാണ്. അപ്പോള്‍ ഹദീഥുകള്‍ തള്ളണമെന്ന് വാദിക്കുന്നവര്‍ പറയാതെ പറയുന്നത് അവരുടെ അഭിപ്രായങ്ങള്‍ ഹദീഥ് പോലെ പരിഗണിക്കണം എന്നാണ്. ഇസ്‌ലാം വിരുദ്ധ ക്രിസ്ത്യന്‍ മിഷണറിമാരും നിരീശ്വരവാദികളും ചെയ്യുന്നത് ഹദീഥുകളുടെ സഹായമില്ലാതെ ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്കനുകൂലമാക്കിക്കൊണ്ട് ചില ഹദീഥുകള്‍ ഇക്കൂട്ടരും ഉദ്ധരിക്കാനും മടികാണിക്കാറില്ല ഹദീഥ് നിഷേധികളെപ്പോലെ തന്നെ.

ഹദീഥ്് അംഗീകരിക്കുന്നവരുടെ ഇടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലേ എന്ന് ചോദിച്ചേക്കാം. ഹദീഥ് അനുകുലികള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം ശാഖാപരവും നിര്‍മാണാത്മകവുമാണ്. ഹദീഥ്് നിഷേധികള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം ഘടനാപരവും നിഷേധാത്മകവുമാണ്. നമസ്‌കാരം നിര്‍ബന്ധമാണെന്നും അവ അഞ്ച് സമയങ്ങളിലാണെന്നും റക്അത്തുകളുടെ എണ്ണം ഇത്രയാണെന്നതിനും മറ്റും ഹദീഥ് അനുകൂലികള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍ നമസ്‌കാരത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരും അതിന്റെ സമയങ്ങളില്‍ ഭിന്നിച്ചവരും അതിന്റെ അനുഷ്ഠാന രൂപങ്ങളില്‍ അഭിപ്രായവ്യത്യാസമുള്ളവരും അതിന്റെ റക്അത്തുകളുടെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരും ഹദീഥ് നിഷേധികള്‍ക്കിടയിലുണ്ട് എന്നതാണ് വസ്തുത. ഇതില്‍ ഓരോരുത്തരും വാദിക്കുന്നത് അവരുടെ വാദമാണ് ശരി എന്നാണ്. അതിനുള്ള അവരുടെ തെളിവ് ക്വുര്‍ആനിന് അവര്‍ നല്‍കുന്ന ഭാഷ്യമാണ്.

ഹദീഥ് അംഗീകരിക്കുന്നവര്‍ ക്വുര്‍ആന്‍ അപൂര്‍ണമാണെന്ന് മനസ്സിലാക്കുന്നവരല്ല. ക്വുര്‍ആന്‍ ഒരു യാഥാര്‍ഥ്യം ആണ് എന്നത് പോലെ അത് അവതരിക്കപ്പെട്ട വ്യക്തിത്വവും അദ്ദേഹത്തിന്റെ അനുയായികളും യാഥാര്‍ഥ്യമാണെന്ന് അവര്‍ മനസ്സിലാക്കുകയും സൂക്ഷ്മമായ സത്യാസത്യവിവേചന മാനദണ്ഡങ്ങളുപയോഗിച്ച് അതിനെ പരിശോധിക്കുകയും ചെയ്ത് കൊണ്ട് വ്യക്തമായ യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളുന്നു.

ക്രോഡീകരിക്കപ്പെട്ട ക്വുര്‍ആന്‍ അതേ ക്രമത്തില്‍തന്നെ അംഗീകരിക്കുകയല്ലാതെ ക്വുര്‍ആനിസ്റ്റുകള്‍ക്ക് നിവൃത്തിയില്ല. ഗ്രന്ഥരൂപത്തില്‍ ആകാശത്ത് നിന്ന് ഇറക്കപ്പെട്ടതല്ല ക്വുര്‍ആന്‍. അതിന്റെ അധ്യായങ്ങളുടെയും സുക്തങ്ങളുടെയും ക്രമീകരണങ്ങള്‍ നടന്നത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് എന്നതിന് ഹദീഥുകളും സ്വഹാബികളുടെ തുടര്‍നടപടികളുമൂള്‍കൊള്ളുന്ന ചരിത്രം മാത്രമാണ് സാക്ഷി. നിലവിലെ ക്വുര്‍ആന്‍ അതേ രൂപത്തില്‍ അംഗീകരിക്കുന്ന ഹദീഥ് നിഷേധികള്‍ ഇവ്വിഷയകമായ ഹദീഥും പാരമ്പര്യങ്ങളും അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ശിയാക്കളുടെ ചില വാദങ്ങള്‍ കടമെടുത്തുകൊണ്ട് അഹ്‌ലുസ്സുന്നയെ അക്രമിക്കുന്ന ഹദീഥ് നിഷേധികള്‍ ശിയാക്കളും ഹദീഥുകള്‍ അംഗീകരിക്കുന്നവരാണെന്ന യാഥാര്‍ഥ്യം ബോധപൂര്‍വം മറച്ച് വെക്കുന്നു. മുആവിയ(റ)യാണ് ഹദീഥുകള്‍ നിര്‍മിച്ചത് എന്ന് അവകാശപ്പെടുമ്പോള്‍ ഹദീഥ് എന്ന പൊതുവായ രീതിയാണ് ഹദീഥ്് നിഷേധികള്‍ ഉന്നം വെക്കുന്നത്. എന്നാല്‍ ശിയാക്കള്‍ ഹദീഥ്് എന്ന പ്രമാണത്തിനോ രീതിശാസ്ത്രത്തിനോ എതിരല്ല. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥുകളോട് മാത്രമാണ് അവര്‍ക്ക് വിരോധം. കുടിലമായ കുതന്ത്രങ്ങളും വാദമുഖങ്ങളും സമര്‍ഥിക്കാന്‍ വേണ്ടി മാത്രം ശിയാ വിശ്വാസമാണ് സത്യം എന്ന് പറയുന്ന ഹദീഥ് നിഷേധികള്‍ ശിയാക്കളുടെ ദുര്‍ബലങ്ങളും ബാലിശങ്ങളുമായ വിശ്വാസാചാരങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്നു. ശിയാക്കള്‍ക്ക് അവര്‍ അംഗീകരിക്കുന്ന ഹദീഥുകള്‍ക്ക് പുറമെ 'ഫാത്തിമ(റ)യുടെ ഇല്‍ഹാമുകള്‍,' ക്വബ്‌റിടങ്ങളില്‍ പാരായണം ചെയ്യുന്ന 'സിയാറത്ത്' എന്ന ഗ്രന്ഥം എന്നിവ ആധികാരിക പ്രമാണങ്ങളാണ്. ഹദീഥുകളെ സംശയദൃഷ്ട്യാ നോക്കിക്കാണുന്ന ഹദീഥ് നിഷേധികള്‍ക്ക് ഇത് എങ്ങനെയാണ് സ്വീകാര്യമായത് എന്ന് അറിയാന്‍ കൗതുകമുണ്ട്. 

മറ്റൊന്ന് ശിയാക്കളുടെ മഹ്ദീ വിശ്വാസമാണ്. ഇമാം മഹ്ദി അലി(റ)യുടെ പാരമ്പര്യത്തില്‍ ജന്മമെടുത്തു എന്നും സാമര്‍റ എന്ന ഗുഹയില്‍ അപ്രത്യക്ഷനായതാണെന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നും അവസാന കാലഘട്ടത്തില്‍ അദ്ദേഹം ശിയാലോകത്തെ രക്ഷിക്കാനും സുന്നികളെ അമര്‍ച്ച ചെയ്യാനും മടങ്ങിവരുമെന്നും വിശ്വസിക്കുകയും അതിനെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നവരാണ് ശിയാക്കള്‍. വളരെ വ്യക്തമായി എല്ലാവര്‍ക്കുമറിയാവുന്ന ഇത്തരം കാര്യങ്ങളെ തമസ്‌കരിച്ച് കൊണ്ട് അന്ധമായ സുന്നീ വിരോധം വെച്ച് പുലര്‍ത്തുന്ന ഇവരുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. എന്ത്‌കൊണ്ടെന്നാല്‍ ശിയാക്കള്‍ക്ക് 'തക്വിയ്യഃ'എന്ന ഒരു സിദ്ധാന്തമുണ്ട്. ഈ സിദ്ധാന്തപ്രകാരം യഥാര്‍ഥ ശിയാ വിശ്വാസം ഒരു ശിയാ വിശ്വാസിക്ക് മറച്ച് വെക്കാം. സുന്നീ ലോകത്തെ എതിര്‍ക്കാനായി ശിയാ മസ്തിഷ്‌കങ്ങളില്‍ ഉദയം കൊണ്ട ഒരു സിദ്ധാന്തമാണ് ഹദീഥ് നിഷേധവാദം എന്ന് അനുമാനിക്കാന്‍ ന്യായങ്ങളുണ്ട്.

കേരളത്തില്‍ ഹദീഥ് നിഷേധവുമായി വന്നവരുടെ ഇറാന്‍ സന്ദര്‍ശനങ്ങളും, ശിയാ അനാചാരങ്ങള്‍ക്കുള്ള മൗനസമ്മതവും, ശിയാ അനുകൂല നിലപാടുകളും 'തക്വിയ്യഃ' സിദ്ധാന്തത്തിന്റെ വിപുലമായ ഉപയോഗ സാധ്യതകളും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ ഒട്ടനവധി ആശങ്കകള്‍ നിറഞ്ഞതാണ്.