ആ വിളക്കും അണഞ്ഞു

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

കരുവള്ളി മുഹമ്മദ് മൗലവിയും നമ്മോടു വിട ചൊല്ലി. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ വിയോഗത്തിന് ശേഷം മറ്റൊരു ചരിത്ര പുരുഷനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

''മനുഷ്യരില്‍ ശ്രേഷ്ഠന്‍ ആയുസ്സ് ദിര്‍ഘിക്കുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്തവനാണ്''എന്ന പ്രവാചക വചനം അന്വര്‍ഥമാക്കിക്കൊണ്ട് ഒരു നൂറ്റാണ്ടു കാലത്തെ സംഭവ ബഹുലമായ ജീവിതത്തിന്നൊടുവില്‍ ആ കര്‍മയോഗി നമ്മോട് യാത്ര പറഞ്ഞു. സര്‍വശക്തനായ നാഥന്‍ അദ്ദേഹത്തിന്ന് പൊറുത്ത് കൊടുക്കുകയും സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ- ആമീന്‍.

എല്ലാ നന്മകളോടും ചേര്‍ന്നുനിന്ന കരുവള്ളിയുടെ കരസ്പര്‍ശമേല്‍ക്കാത്ത മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ ഇല്ലെന്ന് പറയാം. മറ്റൊരര്‍ഥത്തില്‍, അവയില്‍ പലതിനും വിത്തൊരുക്കി, നട്ടുനനച്ച് വളര്‍ത്തി, ഫലപ്രാപ്തിയിലെത്തിച്ചത് അദ്ദേഹമാണ്. അതിലേറ്റവും മുഖ്യമായത് കേരളത്തില്‍ അറബിഭാഷാപഠനത്തിന്നും വ്യാപനത്തിന്നും അദ്ദേഹം ചെയ്ത സേവനങ്ങളാണ്.

സമുദായം വിദ്യാഭ്യാസ രംഗത്ത് വളരെ പിറകിലായിരുന്ന ഒരു കാലഘട്ടത്തില്‍ കഠിനാധ്വാനത്തിലൂടെ അറബി ഭാഷയിലും മറ്റു പല ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. 1940ല്‍ അറബി അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കരുവള്ളി 1962ല്‍ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയമിതനായി. ആ ജോലിയില്‍ തുടരവെ 1974ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

കേരള മുസ്‌ലിംകളില്‍ ആശയ സംവേദനത്തിന്ന് അറബി മലയാളം വ്യാപകമായി ഉപയോഗിക്കപ്പെടുകയും അറബിഭാഷാപഠനം മുരടിച്ചു നില്‍ക്കുകയും ചെയ്ത ഒരു കാലത്താണ് അദ്ദേഹം അറബിഭാഷാപഠനത്തിന്റെ തേര്‍തെളിച്ച് മുസ്‌ലിം സമുദായത്തെ വിളിച്ചുണര്‍ത്തിയത്. ഹൈസ്‌കൂള്‍ തലത്തില്‍ മാത്രം പരിമിതമായിരുന്ന അറബി പഠനം പ്രാഥമിക പള്ളിക്കൂടങ്ങളിലേക്കും കടന്ന് ചെന്നതിലും മുസ്‌ലിം സമുദായം പൊതുവെയും അറബിഭാഷാപഠനരംഗം പ്രത്യേകിച്ചും കടപ്പെട്ടിട്ടുള്ള സി.എച്ച്. മുഹമ്മദ് കോയാ സാഹിബിന്റെ ശ്രമഫലമായി അറബിഭാഷാപഠനം വ്യപകമാവുകയും ചെയ്തതിലും കരുവള്ളിയുടെ കരസ്പര്‍ശം പ്രകടമാണ്.

അസംഘടിതരായിരുന്ന അറബി അധ്യാപകരെ അദ്ദേഹം അറബിക് പണ്ഡിറ്റ് യൂണിയന്‍, കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ എന്നീ വേദികളിലൂടെ സംഘടിപ്പിച്ച് അവര്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ മുന്നില്‍ നിന്നു. മുസ്‌ലിം സമുദായത്തിനകത്ത് ഉയര്‍ന്നുവന്ന വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനായും മാര്‍ഗദര്‍ശിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എം.ഇ.എസ്, എം.എസ്.എസ്, കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്‍ തുടങ്ങിയവയുടെ ആവിര്‍ഭാവത്തിലും അഭിവൃദ്ധിയിലും പങ്കാളിയായി ഉത്തരവാദപ്പെട്ട പദവികള്‍ അലങ്കരിച്ചു.

സാക്ഷര കേരളത്തിന്റെ നേട്ടങ്ങളില്‍ അതുല്യ പങ്കാളിത്തമാണ് അദ്ദേഹം നിര്‍വഹിച്ചത്. മലപ്പുറം ജില്ല അക്കാഡമിക്ക് കൗണ്‍സില്‍, കാലിക്കറ്റ് സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, പാഠപുസ്തക രചനാകമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ വിവിധ വിദ്യാഭ്യാസ സംരംഭങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചതിന്റെ നേട്ടങ്ങള്‍ ഇന്ന് മുസ്‌ലിം സമുദായം അനുഭവിക്കുന്നു.

മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത് കരിഞ്ചാപാടി ഗ്രാമത്തില്‍ 1918ല്‍ ജനിച്ച മൗലവി കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യനായി പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിന്നായി 1932ല്‍ ഉമറാബാദിലെ ദാറുസ്സലാമില്‍ ചേര്‍ന്നു. അറബി ഭാഷയിലും മതപഠനത്തിലും അവഗാഹം നേടാന്‍ സഹായിച്ച തോടൊപ്പം ഉര്‍ദു ഭാഷയില്‍ കഴിവ് തെളിയിച്ചെടുക്കാനും ഉമറാബാദ് ജീവിതം അദ്ദേഹത്തെ സഹായിച്ചു.

കരുവള്ളിയെ കൂടാതെയുള്ള ഇസ്വ്‌ലാഹി കേരളത്തിന്റെ ചരിത്രം തികച്ചും അപൂര്‍ണമായിരിക്കും. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസപരവും കര്‍മപരവുമായ ശുദ്ധീകരണ പ്രക്രിയയില്‍ ജാഗരുകരായിരുന്ന കെ.എം മൗലവി, എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, ഇ.കെ. മൗലവി, പി.കെ മൂസ മൗലവി, കെ.പി. മുഹമ്മദ് മൗലവി, കെ.എന്‍. ഇബ്‌റാഹീം മൗലവി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുമായി അദ്ദേഹത്തിന്നുണ്ടായിരുന്ന ആത്മബന്ധവും അവരോടൊത്തുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തെ ഇസ്വ്‌ലാഹി ചരിത്രത്തിലെ മഹാപുരുഷനാക്കി മാറ്റുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഓരോ ഊടിലും പാവിലും കരുവള്ളിയുടെ നിറസാന്നിധ്യമുണ്ട്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചു. മുജാഹിദ് സമ്മേളനങ്ങളെയും സെമിനാറുകളെയും മുജാഹിദ് സ്ഥാപനങ്ങളെയും ഒരുക്കുന്നതിലും നയിക്കുന്നതിലും മൗലവിയുടെ സാന്നിധ്യമുണ്ടായിരുന്നു.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ ഭിന്നതയില്‍ അദ്ദേഹം തീര്‍ത്തും ദുഃഖി തനായിരുന്നു. ഭിന്നതകള്‍ പറഞ്ഞു തീര്‍ത്ത് ഒത്തൊരുമിച്ച് പോകാനുള്ള നിര്‍ദേശങ്ങള്‍ നേതാക്കളുമായും അണികളുമായും പലപ്പോഴും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴും ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും കരുത്തുറ്റ മാനസികാരോഗ്യം അദ്ദേഹം പ്രകടിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങള്‍ മുതല്‍ എല്ലാം കൃത്യമായി ഓര്‍ത്ത്‌വെച്ച് നാളും നാഴികയും തെറ്റാതെ അദ്ദേഹം പറയുമ്പോള്‍ അപാരമായ അദ്ദേഹത്തിന്റെ ഓര്‍മശക്തിയില്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. കേളരത്തിലെ മതപഠനരംഗത്ത് ഒരു മാറ്റത്തിന്റെ പെരുമ്പറ കൊട്ടിയ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യയില്‍ പലതവണ അദ്ദേഹം ഓടിയെത്തി വിദ്യാര്‍ഥികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ സമ്മേളനങ്ങളിലും പൊതുപരിപാടികളിലും അനാരോഗ്യത്തെ അവഗണിച്ചു അദ്ദേഹം ഓടിയെത്തി. ശതാബ്ദിയുടെ നെറുകയിലും ഏറെപ്രസരിപ്പോടെ കര്‍മനിരതനായ ഒരു മഹദ്‌വ്യക്തിയെ യാത്രയാക്കുമ്പോള്‍ സംഭവബഹുലമായ ഒരുനൂറ്റാണ്ടിന്റെ ജീവിതം ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. 

മാതൃകാപരമായ ഒട്ടേറെ സദ്ഗുണങ്ങള്‍ കരുവള്ളിയില്‍ നിന്ന് പകര്‍ത്തിയെടുക്കാനുണ്ട്. കരുവള്ളി എന്ന നാലക്ഷരം മുസ്‌ലിം മനസ്സാക്ഷിയുടെ ഉണര്‍ത്തുപാട്ടായി അല്ലാഹു ഉദേശിക്കുന്ന കാലമത്രയും അവശേഷിക്കും.