അറിവിലൂടെ ഉയരുക

എസ്.എ വിദ്യാനഗര്‍

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

മനുഷ്യന്‍ എത്രതന്നെ പഠിച്ചുയര്‍ന്നാലും അവന്റെ അറിവ് പരിമിതമായിരിക്കും. അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു: ''...എന്റെ രക്ഷിതാവേ, എനിക്കു നീ അറിവ് വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:114). ഈമാന്‍ അഥവാ വിശ്വാസം ശക്തിപ്പെടുത്താനുള്ള ഒരു മാര്‍ഗംകൂടിയാണ് വിജ്ഞാനം കരസ്ഥമാക്കല്‍. അതുകൊണ്ടാണ് അറിവുള്ളവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ''...അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു...'' (ക്വുര്‍ആന്‍ 35:28). തൗഹീദിന്റെ സാക്ഷികളായി മലക്കുകളോടൊപ്പം അറിവുള്ളവരെയും ക്വുര്‍ആന്‍ ചേര്‍ത്തു പറഞ്ഞതായി കാണാം: ''താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു)...'' (ക്വുര്‍ആന്‍ 3:18).

മതപരമായ അറിവ് മാത്രം നേടുവാനാണോ ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രേരണ നല്‍കുന്നത്? 'അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.' എന്ന ക്വുര്‍ആന്‍ വചനം വിജ്ഞാനമേഖലക്ക് അങ്ങനെയൊരു പരിധി നിശ്ചയിക്കുന്നില്ല എന്ന് പ്രസ്തുത വചനം മുഴുവനായും അതിനു മുമ്പുള വചനവും പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്:

''നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 35:27,28).

വളഞ്ഞുപോകുന്ന മലമ്പാതകള്‍ പലയിടത്തും പാറക്കല്ലുകളുടെയും മണ്ണിന്റെയും നിറഭേദംകൊണ്ട് ശ്രദ്ധേയമായിരിക്കും. മഴയും കായ്കനികളിലടക്കം പ്രകൃതിയില്‍ നാം വര്‍ണവൈവിധ്യവും വിസ്മയാവഹമായ പ്രതിഭാസം തന്നെയാണ്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെ നിദര്‍ശനങ്ങളത്രെ ഈ വൈവിധ്യങ്ങള്‍. അതിന്റെയെല്ലാം കാര്യകാരണങ്ങള്‍ മനസ്സിലാക്കുവാന്‍ ഭൗതികവിജ്ഞാനം ആവശ്യമാണ്. ഇങ്ങനെ വിജ്ഞാനത്തിന്റെ വിശാലമായ മേഖലയിലേക്ക് മനുഷ്യശ്രദ്ധയെ ക്ഷണിക്കുകയും അതിന് പ്രേരണ നല്‍കുകയുമാണ് വിശുദ്ധ ക്വുര്‍ആന്‍: ''...നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനംനല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്...'' (58:11).

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം: നബി ﷺ  ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: പറഞ്ഞു: ''വിജ്ഞാനം ആഗ്രഹിച്ചുകൊണ്ട് ഒരാള്‍ ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കും. വിദ്യ തേടുന്നവന് അയാളുടെ പ്രവൃത്തിയിലുള്ള തൃപ്തിയില്‍ മലക്കുകള്‍ തങ്ങളുടെ ചിറകുകള്‍ വിരിച്ചുകൊടുക്കും. വെള്ളത്തിലെ മത്സ്യങ്ങള്‍ ഉള്‍പെടെ ആകാശഭൂമികളിലുള്ള സകലതും ജ്ഞാനിയുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. ചന്ദ്രന് ഇതരനക്ഷത്രങ്ങള്‍ക്കിടയിലുള്ള ശ്രേഷ്ഠതപോലെ അറിവുള്ളവന് ആരാധകനെക്കാള്‍ ശ്രേഷ്ഠതയുണ്ട്. തീര്‍ച്ചയായും പണ്ഡിതന്മാള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളകാണ്. പ്രവാചകന്മാര്‍ ദീനാറും ദിര്‍ഹമും അനന്തരം നല്‍കിയിട്ടില്ല. മറിച്ച് വിജ്ഞാനം മാത്രമാണ് അവര്‍ അനന്തരമായി വിട്ടത്. അതിനാല്‍ അത് ആര്‍ജിക്കുന്നവന്‍ സൗഭാഗ്യവാനത്രെ'' (അബൂദാവൂദ്, തുര്‍മുദി).

അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ഭൗതികമായ നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന് അന്ത്യദിനത്തില്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും ഏല്‍ക്കാന്‍ സാധ്യമല്ല'' (അബൂദാവൂദ്)

''ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല...'' (ക്വുര്‍ആന്‍ 11:10).

മനുഷ്യന്റെ ആയുസ്സ് പരിമിതമാണ്. അവന്റെ ഇച്ഛയനുസരിച്ചല്ല അവന്റെ ജീവിതം തുടങ്ങിയതും അവസാനിക്കുന്നതും. സ്രഷ്ടാവിനെ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കാതെയാണ് ജീവിതം അവസാനിക്കുന്നതെങ്കില്‍ ദുഃഖിക്കേണ്ടിവരും. സമ്പത്തും പ്രതാപവും കൊണ്ട് പരലോകത്ത് കാര്യമില്ല. അല്ലാഹുവിലുള്ള സംശയലേശമില്ലാത്ത വിശ്വാസംകൊണ്ട് ജീവിതത്തെ ധന്യമാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''നൂഹിന്റെ ജനത, ആദ്, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്. അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്?...'' (ക്വുര്‍ആന്‍14:9,10).

''അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു'' (ക്വുര്‍ആന്‍ 27:60).

''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?'' (ക്വുര്‍ആന്‍ 52:35).

കുട്ടികളുടെ ബുദ്ധിയും ചിന്തയും വികസിച്ചുവരുമ്പോള്‍ പ്രത്യേകിച്ച് ആദ്യത്തെ അഞ്ചുവര്‍ഷം ചുറ്റുപാടും കാണുന്നതിനെക്കുറിച്ചെല്ലാം അവര്‍ മാതാപിതാക്കളോട് സംശയം ചോദിച്ചുകൊണ്ടേയിരിക്കും. അവയെ നിസ്സാരമാക്കി അവഗണിക്കാന്‍ പാടില്ല. തൃപ്തികരമായ മറുപടി നല്‍കി അവരുടെ മനസ്സിനെ സന്തോഷിപ്പിക്കേണ്ടതുണ്ട്.