ക്യാമ്പസുകള്‍ നന്മയുടെ വിളനിലങ്ങളാകണം

റാഇഫ് എടക്കനാട്

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

''The ignited mind of the youth is the most powerful resource on the earth.'' മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത്. ഒരു വ്യക്തിയുടെ അധാര്‍മികതയിലേക്കുള്ള നാള്‍വഴികളെ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ ക്യാമ്പസുകള്‍  നിര്‍ണായകമായ പങ്ക് നിര്‍വഹിക്കുന്നതായി കാണാം. കൗമാരത്തിന്റെ ധാര്‍മികതയുടെ വീണ്ടെടുപ്പിന് വേണ്ടി ക്യാമ്പസുകളിലെ ചതിക്കുഴികളെയാണ് ആദ്യം തിരിച്ചറിയേണ്ടത്. മധുരിക്കുന്ന കരിമ്പില്‍ തോട്ടങ്ങളാണെന്നു കരുതി കൊതിയോടെ ഓടിയടുക്കുന്ന കുട്ടിക്കൊമ്പന്മാര്‍ വേടനൊരുക്കിയ വാരിക്കുഴികളില്‍ അകപ്പെട്ട നിസ്സഹായമായ കാഴ്ച നമ്മള്‍ കണ്ടിട്ടില്ലേ...? ഒരിക്കല്‍ വീണുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചുകയറാനാവാത്ത പ്രലോഭനങ്ങളുടെ മധുരിക്കുന്ന കരിമ്പില്‍ തോട്ടങ്ങളുടെ മേല്‍ കാല്‍വെച്ച് വാരിക്കുഴിയില്‍ പതിക്കുന്ന ധാരാളം വിദ്യാര്‍ഥികളുടെ കഥകള്‍ നമുക്ക് ക്യാമ്പസുകളില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും. 

ലോകം ഇന്ന് ആവശ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നുള്ള ക്യാമ്പസുകളുടെ വിദ്യാര്‍ഥികളെയാണ്. ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ ചൈന പറഞ്ഞത് അമേരിക്കയില്‍ നിന്നും ജപ്പാനില്‍നിന്നുമൊക്കെ അക്കാദമിക രംഗത്തുള്ള ആളുകളെ തിരയുന്നതിനെക്കാള്‍ നല്ലത് കഴിവുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതാണ് എന്നാണ്.

ഇങ്ങനെ ഒരഭിപ്രായം പറയാന്‍ ചൈനയെ നിര്‍ബന്ധിച്ചത് നല്ല കഴിവുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ ഇന്ത്യയിലെ ക്യാമ്പസുകള്‍ മുഖ്യമായ പങ്കുവഹിക്കുന്നു എന്ന ഉത്തമ ബോധമാണ്. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസുകളുടെ പടികള്‍ കടക്കുന്നത് പഠനത്തെ ലക്ഷ്യബോധത്തോടെ കണ്ടുകൊണ്ടാണ് എന്ന് ലോകം വിലയിരുത്തി. 

പക്ഷേ, ഇന്ന് വിദ്യാര്‍ഥികള്‍ ക്യാമ്പസുകളെ തിരഞ്ഞെടുക്കുന്നത് ഗുണനിലവാലമുള്ള പഠനത്തെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ടല്ല. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനപ്പുറം സിനിമകളില്‍ കണ്ട, കാമുകിയുടെ വിരല്‍തുമ്പില്‍ പിടിച്ച് നടക്കാനുള്ള ഇലപൊഴിയുന്ന മരത്തണലും, ചില്ലിട്ട മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ജ്യൂസ് സ്വിപ് ചെയ്ത് തന്റെ ബോയ് ഫ്രണ്ടിനോട് അല്ലെങ്കില്‍ തന്റെ ഗേള്‍ ഫ്രണ്ടിനോട് സംസാരിക്കാന്‍ കഴിയുന്ന കാന്റീനും പരസ്പരം ചുംബനം കൈമാറാന്‍ അവസരം നല്‍കുന്ന ലൈബ്രറിയുടെ ഇടനാഴികളും ക്യാമ്പസുകളില്‍ ഉണ്ടോയെന്നു കൂടി അന്വേഷി ച്ച് കൊണ്ടാണ്. സംസ്‌കാരത്തിന്റെ മറയെ ക്യാമ്പസുകളില്‍ വെച്ച് വലിച്ചു കീറുവാന്‍ വെമ്പല്‍ കൊള്ളുന്ന കൗമാരത്തിന്റെ ദൃക്‌സാക്ഷി വിവരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുവാന്‍ സാധിക്കുന്നു. 

സഹപാഠിയുടെ കൂടെ ബെഞ്ചിലിരുന്ന് 'അക്കുത്തിക്കുത്താന' കളിക്കുമ്പോള്‍ അധ്യാപകര്‍ കണ്ണ് ചിമ്മണം എന്ന് പറഞ്ഞ് സമരം ചെയ്യാന്‍ ലജ്ജയിലാത്ത തലത്തിലേക്ക് താഴുന്നുവോ വിദ്യാര്‍ഥി സമൂഹം? തങ്ങളുടെ ലീലാവിലാസങ്ങള്‍ക്ക് സമ്മതം നല്‍കാത്ത മാനേജ്‌മെന്റിനെയും അധ്യാപകരെയും ഞങ്ങള്‍ ഭീകരവാദികള്‍ എന്നു വിളിക്കുമെന്നു ഭീഷണി മുഴക്കി സമരം ചെയ്യുന്നവര്‍ക്കറിയാം ചില ക്യാമ്പസുകളില്‍ തെല്ലെങ്കിലും നിലനില്‍ക്കുന്ന ധാര്‍മിക നിയമത്തിന്റെ അവസാനത്തെ നൂല്‍ബന്ധവും ഊരിയെറിയുന്നവര്‍ക്ക് മുമ്പിലുള്ള തടസ്സം ഇസ്‌ലാമാണെന്ന്. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാം സൃഷ്ടിച്ച ധാര്‍മിക സംരക്ഷണത്തിന്റെ കല്‍ഭിത്തികളെ തകര്‍ക്കാന്‍ ഭീകരവാദത്തിന്റെ അകമ്പടിചേര്‍ത്തത്. ഫെയ്‌സ് ബുക്ക് കാട്ടായ്മയിലൂടെ രൂപം കൊണ്ട, പേര് പോലെ തന്നെ പ്രവര്‍ത്തിക്കുന്ന 'ഫ്രീ തിങ്കേഴ്‌സ്' എന്ന കൂട്ടായ്മയാണ് കേരളത്തിലെ ഒരു ക്യാമ്പസില്‍ ഈ സമരത്തിനു നേതൃത്വം കൊടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് എത്തിയത്. 

ആരാണ് ഫ്രീ തിങ്കേഴ്‌സ്? എറണാകുളം മറൈന്‍ െ്രെഡവിലും കോഴിക്കോട് ബീച്ചിലും അവകാശ ധ്വംസനത്തിനെതിരെ എന്ന പേരും പറഞ്ഞ് ചുംബന സമരം നടത്തിയവരായിരുന്നു ഇവര്‍. അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളുടെ ഈ സാഹസികത എന്ന് വീരവാദം മുഴക്കിയ ആ സംഘത്തോട് ആരും ചോദിച്ച് പോകുന്ന ചില ചോദ്യങ്ങളുണ്ട്. കോട്ടയം വൈക്കത്ത് പോലീസുകാരുടെ കാവലില്‍  85 ദിവസം വീട്ടുതടങ്കലില്‍ കഴിഞ്ഞ ഹാദിയ എന്ന പെണ്‍കുട്ടിയുടെ മോചനത്തിനു വേണ്ടി സമരം ചെയ്യാന്‍ ഈ ചുംബനസമരക്കാരെ എന്തേ കണ്ടില്ല? അതിക്രൂരമായി കൊല്ലപ്പെട്ട, സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യര്‍ക്ക് വേണ്ടി എന്തേ ഇവര്‍ ശബ്ദിച്ചില്ല? പട്ടിണിയും രോഗവുമായി ലോകത്തിന്റെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിനു പിഞ്ചുമക്കളുടെ കവിളത്ത് ഒരു മുത്തം നല്‍കാന്‍ ഈ ചുംബന സമരക്കാര്‍ എന്തേ തയ്യാറായില്ല? 

വാസ്തവത്തില്‍ ഇത് 'അവകാശങ്ങളുടെ വീണ്ടെടുപ്പിനു' വേണ്ടി സംഘടിപ്പിച്ച കേവലം ഒരു പ്രതിഷേധ സമരമായിരുന്നുവോ?  കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ശരീരം പങ്കുവെച്ച് നേടുന്ന മാംസക്കച്ചവടത്തിന്റെ ലാഭവിഹിതം പങ്കുവെക്കുവാന്‍ കൊതിക്കുന്നവര്‍ ഇതിന്റെയൊക്കെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് വെറും ആരോപണമായി തള്ളിക്കളയേണ്ടതാണോ? ക്യാമ്പസുകളിലെ വിദ്യാര്‍ഥിനികളെയാണ് സോഷ്യല്‍ മീഡിയകളില്‍ കെണിയൊരുക്കി കഴുകന്മാര്‍ കാത്തിരിക്കുന്നത്. സെക്‌സ് റാക്കറ്റുകള്‍ ഒരുക്കിയ ചതിക്കുഴിയിലേക്ക് നടന്നടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആരെങ്കിലും അപായ സൂചന നല്‍കിയാല്‍ അവരെ മതമൗലികവാദി എന്ന് ഉറക്കെ വിളിക്കുവാന്‍ പഠിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ രംഗം കൊഴുപ്പിക്കുന്നു എന്നതും ഓര്‍ക്കണം. 

മാറു മറയ്ക്കാന്‍ പറഞ്ഞ അധ്യാപകനെതിരെ സമരം ചെയ്യാനും പ്രതിഷേധസൂചകമായി മാറു പ്രദര്‍ശിപ്പിക്കാനും അതിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ധൈര്യം കാണിക്കുന്നതിനു പിന്നിലെ ചേതോവികാരമെന്താണ്? ഏതെങ്കിലും മുസ്‌ലിം പെണ്‍കുട്ടി ക്യാമ്പസില്‍ തട്ടമഴിച്ചു നടന്നാല്‍ 'ഇത് എന്റെ അടിമത്തത്തില്‍നിന്നുള്ള മോചനമാണ്' എന്ന് അവളെ പറയാന്‍ പഠിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് കമന്റുകള്‍ ഇടുന്നവരും പര്‍ദയണിഞ്ഞ് ക്യാമ്പസിലേക്ക് വരുന്ന പെണ്‍കുട്ടികളെ സിനിമകള്‍ വരച്ച് കാട്ടുന്ന 'റസിയ' എന്ന അടിമത്തത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വാര്‍പ്പു നാമങ്ങള്‍ വിളിക്കുന്നവരും ഒരുഭാഗത്ത്. നടുറോട്ടില്‍ നടക്കുന്ന സെന്റോഫ് പാര്‍ട്ടികളില്‍ തട്ടമിട്ട മുസ്‌ലിം പെണ്‍കുട്ടികളെ കാണുമ്പോള്‍ ലൈക്കടിച്ച് നിര്‍വൃതിയടയുന്ന 'നല്ല ആങ്ങളമാര്‍' മറുഭാഗത്ത്. ഫെയ്‌സ്ബുക്കില്‍ ഏതെങ്കിലും മുസ്‌ലിം പെണ്‍കുട്ടിയുടെ പൊട്ട്‌തൊട്ട, തട്ടമഴിച്ച ഫോട്ടോ കാണുമ്പോള്‍ ചാടിവീഴുന്ന സദാചാര അഭിപ്രായ തൊഴിലാളികളും പെണ്‍കുട്ടികളെ അതിന് പ്രേരിപ്പിക്കുന്നവരും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്; അവരില്‍ പലരുടെയും സഹോദരിമാരും ക്യാമ്പസുകളില്‍ ഇങ്ങനെയൊക്കെയായിരിക്കാം എന്ന കാര്യം.  

ലെഗിന്‍സും ജീന്‍സും ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മോശം വാക്കുകളും നെഞ്ചത്ത് ഒട്ടിച്ചുവെച്ച ടീ ഷര്‍ട്ടും ധരിച്ചെത്തുന്ന സഹോദരിമാരുടെ അംഗലാവണ്യത്തെക്കുറിച്ചാണ് ക്യാംമ്പസുകളിലെ ചൂടേറിയ ചര്‍ച്ച എന്നു വരുന്നത് എത്രമാത്രം അപകടകരമാണ്. ചില ഹോസ്റ്റല്‍ മുറികളിലെ ബുക്ക്‌ഷെല്‍ഫുകളില്‍ പഠിച്ചുതീര്‍ക്കേണ്ട പുസ്തകങ്ങള്‍ക്കു പകരം വലിച്ചുതീര്‍ന്ന സിഗരറ്റിന്റെ പാക്കറ്റുകളും കുടിച്ചുതീര്‍ത്ത മദ്യക്കുപ്പികളുമാണ് അടുക്കിവെച്ചിരിക്കുന്നത്. രാത്രികാലത്ത് മുറികളില്‍ ടേബിള്‍ ലാമ്പുകള്‍ തെളിയുന്നതിനുപകരം ബഫറിംഗിനുശേഷം സ്‌ക്രീനില്‍ തെളിയുന്നത് വീഡിയോയുടെ കുഞ്ഞുവെളിച്ചമാണ്. 

ലക്ഷ്യബോധമില്ലാതെ, അധാര്‍മികതയുടെ സാഗരത്തില്‍ കരകാണാതെ ഉഴറിക്കൊണ്ടിരിക്കുന്നവരെ ധാര്‍മികതയുടെ തീരത്തെത്തിക്കുവാന്‍ ഏത് ദര്‍ശനത്തിനാണ് സാധിക്കുക എന്ന ചോദ്യം പ്രസക്തമാണ്. ഇസ്‌ലാമിന് അതിന് കഴിയുമെന്നതില്‍ സംശമില്ല. അധാര്‍മികതയുടെ കൂത്തരങ്ങില്‍ കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്ത ധാര്‍മികതയുടെ ധ്വജവാഹകരാക്കിയ പ്രകാശമാനമായ ചരിത്രം അതിന് പറയുവാനുണ്ട്. പരലോകവിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിലൂടെ മനസ്സുകള്‍ ആര്‍ദ്രമാകുമെന്നതില്‍ സംശമില്ല.