അന്ത്യനാള്‍ സംഭവിക്കുമോ?

അബൂഇഹ്‌സാന്‍

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ അന്ത്യദിനത്തെ സംബന്ധിച്ച് അറിയിക്കുകയും തെളിവുകള്‍ സ്ഥാപിക്കുകയും അതിനെ നിഷേധിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. മനുഷ്യരില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. എന്നാല്‍ ഭൂരിപക്ഷമാളുകളും പരലോക നിഷേധികളാണ്.

മരണാനന്തരജീവിതത്തിന്റെ തെളിവുകള്‍ വിവിധ രൂപങ്ങളിലൂടെ ക്വുര്‍ആനില്‍ അല്ലാഹു പ്രതിപാദിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ദുന്‍യാവില്‍ വെച്ച് തന്നെ മരിപ്പിച്ച് ജീവിപ്പിച്ചതിനെ സംബന്ധിച്ച് പറയുന്നു.  'ഞങ്ങള്‍ക്ക് അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം' എന്ന് മൂസാ നബി(അ)യുടെ സമൂഹം ആവശ്യപ്പെട്ടു. ശേഷമുണ്ടായ സംഭവം ക്വുര്‍ആന്‍ ഇപ്രകാരം അനാവരണം ചെയ്യുന്നു:

''...തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി'' (2:55,56)

മറ്റൊരു സംഭവം ക്വുര്‍ആന്‍ പറയുന്നു: ''ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി'' (2:243).

ഇബ്‌റാഹീം നബിയെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (2:260).

അല്ലാഹുവിന്റെ അനുമതിയോട് കൂടി ഈസാനബി(അ) മരിച്ചവരെ ജീവിപ്പിച്ചിരുന്നതും മുന്നൂറില്‍ പരം വര്‍ഷത്തിനു ശേഷം ഗുഹാവാസികള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതുമായ സംഭവങ്ങള്‍ ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. 

മറ്റു ചില സന്ദര്‍ഭങ്ങളില്‍ പുനരുത്ഥാനം അല്ലാഹുവിനെ സംബന്ധിച്ച് നിസ്സാരമാണെന്ന് പഠിപ്പിക്കുവാന്‍ വേണ്ടി ആദ്യത്തെ സൃഷ്ടിപ്പിനോട് താരതമ്യപ്പെടുത്തി പറയുന്നു:

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിക്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയത്തില്‍ താമസിപ്പിക്കുന്നു). പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നത് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്കു കാണാം. എന്നിട്ട് അതിന്മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ക്വബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും'' (22:5-7).

''പറയുക: ആദ്യ തവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്'' (36:79).

''അപ്പോള്‍, ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ച് കൊണ്ടുവരിക എന്ന് ഇവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക...'' (17:51).

''അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു'' (30:27).

ചില സന്ദര്‍ഭങ്ങളില്‍ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനോട് താരതമ്യം ചെയ്യുന്നു. കാരണം അവയെ സൃഷ്ടിക്കുക എന്നത് മനുഷ്യ പുനഃസൃഷ്ടിയെക്കാള്‍ ഗൗരവമുള്ളതാണ്. അല്ലാഹു പറയുന്നു:

''ആകാശഭൂമികളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് അവര്‍ക്ക് കണ്ടുകൂടേ? അതെ, തീര്‍ച്ചയായും അവന്‍ എത് കാര്യത്തിനും കഴിവുള്ളവനാകുന്നു'' (46:22). 

''മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്. അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവര്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുളവനല്ലേ?'' (75:36-40).

ഈ ലോകത്ത് മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരുമുണ്ട്. അവര്‍ തങ്ങളുടെ കര്‍മഫലം പൂര്‍ണമായും ലഭിക്കാതെയാണ് മരണപ്പെട്ടുപോകുന്നത്. അപ്പോള്‍ നീതി നടപ്പിലാക്കപ്പെടുകയും കര്‍മഫലം ലഭിക്കുകയും ചെയ്യുന്ന ഒരു ലോകം അനിവാര്യമായിത്തീരുകയാണ്.

വിശുദ്ധ ക്വുര്‍ആനിലെ നിരവധി വചനങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ, വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ് പരലോക വിശ്വാസം. മറ്റു ചിലപ്പോള്‍ അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം പരലോക വിശ്വാസത്തെയും ചേര്‍ത്തിപ്പറയുന്നു. (ആറു വിശ്വാസകാര്യങ്ങളില്‍ പെട്ട ഒന്നാണതെന്ന് ഹദീഥും പഠിപ്പിക്കുന്നു).   

''സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും ഒരു പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്...'' (2:264).

വിവിധങ്ങളായ പേരുകള്‍ ഈ ദിവസത്തിന് അല്ലാഹു നല്‍കിയിട്ടുണ്ട്. തന്റെ രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്നത് കൊണ്ട് 'യൗമുല്‍ ക്വിയാമഃ' (എഴുന്നേറ്റുവരുന്ന ദിനം) എന്നാണതിന്റെ പ്രധാന പേര്. വാക്വിഅ, ഹാക്ക്വ, ക്വാരിഅ, റാജിഫ, സ്വാഖ്ഖ, ആസിഫ, അല്‍ ഫസഉല്‍ അക്ബര്‍, യൗമുല്‍ ഹിസാബ്, യൗമുദ്ദീന്‍, വഅ്ദുല്‍ ഹക്ക്വ്... എന്നിങ്ങനെ പല പേരിലും ഈ ദിവസം അറിയപ്പെടുന്നു. ദിവസത്തിന്റെ ഭയാനകതയും ജനങ്ങള്‍ക്ക് അന്ന് അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ പേരുകള്‍ സൂചിപ്പിക്കുന്നത്. അതെ കണ്ണുകള്‍ അഞ്ചിപ്പോകുന്ന ദിവസം! ഹൃദയങ്ങള്‍ തൊണ്ടക്കുഴിയിലേക്കെത്തുന്ന ദിവസം!

''അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ)വിഷയം അന്ന് ഉണ്ടായിരിക്കും'' (80:34-37).

''ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! പര്‍വതങ്ങള്‍ കടഞ്ഞ രോമം പോലെയും. ഒരു ഉറ്റബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായച്ഛിത്തമായി നല്‍കിക്കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാൡആഗ്രഹിക്കും. തന്റെ ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്'' (70:10-14).

ഈ ദിവസത്തിലുള്ള വിശ്വാസം മനുഷ്യനെ കര്‍മങ്ങള്‍ ചെയ്യാനും അതിന്ന് തയ്യാറെടുക്കാനും പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു:

''...അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള  ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (18:110).

''സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്‌കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്മാര്‍)'' (2:45,46).

''നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്ത് പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചുപോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ ആ ദിവസത്തിന്റെ തിന്മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്'' (76:7-11).

അപ്രകാരം തന്നെ ശത്രുക്കളെ കണ്ടുമുട്ടുന്ന സമയത്ത് സ്ഥൈര്യം ലഭിക്കാനും പ്രയാസങ്ങളില്‍ ക്ഷമകൊള്ളാനും പരലോകവിശ്വാസം ഉപകരിക്കുന്നു. താലൂത്തിന്റെയും സൈന്യത്തിന്റെയും സംഭവത്തിലൂടെ അല്ലാഹു ഇക്കാര്യം സുതരാം വ്യക്തമാക്കിത്തരുന്നു:

''അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ താലൂത്ത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ആര്‍ അതില്‍നിന്ന് കുടിച്ചുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരത രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെ കൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നുകഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതിനെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു'' (2:249).

പരലോകത്തിലുള്ള വിശ്വാസമില്ലായ്മ, സത്യനിഷേധത്തിനും അധര്‍മങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പരസ്പര ശത്രുതക്കും കുഴപ്പങ്ങള്‍ക്കും കലഹങ്ങള്‍ക്കും മനുഷ്യരെ പ്രേരിപ്പിക്കുന്നു.

''നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും ഇഹലോക ജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതില്‍ സമാധാനമടയുകയും ചെയ്തവരും നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായിട്ടത്രെ അത്'' (10:7,8).

കാരണം അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. 

''...അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്'' (28:26).

''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍'' (107:1-3).

ഈ ദിവസത്തെ ഭയപ്പെടുവാനും അന്നത്തെ ഭയാനകതകളില്‍ നിന്ന് മോചനം ലഭിക്കുന്നതിനുമായി സല്‍ക്കര്‍മങ്ങള്‍കൊണ്ട് ഒരുങ്ങുവാന്‍ അല്ലാഹു നമ്മോട് കല്‍പിക്കുന്നു. അല്ലാഹു പറയുന്നു:

''നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല'' (2:281).

''ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായച്ഛിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക'' (2:123).

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ വഞ്ചിച്ചുകളയാതിരിക്കട്ടെ'' (31:33).

പരലോക വിശ്വാസം എന്നതിന്റെ വിവക്ഷ; മരണശേഷമുള്ള ക്വബ്‌റിലെ രക്ഷാശിക്ഷകള്‍, പുനരുത്ഥാനം, അതിന് ശേഷമുള്ള വിചാരണ, തുലാസ്, രക്ഷ, ശിക്ഷ, സ്വര്‍ഗം, നരകം തുടങ്ങി അന്ത്യദിനത്തെക്കുറിച്ച് അല്ലാഹു വിശേഷിപ്പിച്ച മുഴുവന്‍ കാര്യങ്ങളിലും വിശ്വസിക്കുക എന്നതാണ്.

അന്ത്യനാളിന് ക്വുര്‍ആനില്‍ പറഞ്ഞ ചില പേരുകള്‍ കാണുക:

1. യൗമുല്‍ ബഅ്‌സ്: (പുനരുത്ഥാന നാള്‍). മരണശേഷമുള്ള ജീവിതവും പുനരുത്ഥാരണവും നടക്കുന്നത് ഈ ദിവസത്തിലാണ്.

2. യൗമുല്‍ ഖുറൂജ്: (പുറപ്പെടുന്ന ദിനം). കാരണം ജനങ്ങള്‍ അവരുടെ ക്വബ്‌റുകളില്‍ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പുറപ്പെടുന്നത് ഈ ദിവസത്തിലാണ്.

3. യൗമുദ്ദീന്‍: (പ്രതിഫലദിനം). കാരണം ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കപ്പെടുന്നത് ഈ ദിവസത്തിലാണ്.

4. യൗമുല്‍ ഫസ്വ്ല്‍: (വേര്‍തിരിക്കുന്ന ദിനം). കാരണം ജനങ്ങളെ നീതി നിഷ്ഠമായി വേര്‍തിരിക്കുന്നത് ഈ ദിവസത്തിലാണ്.

5. യൗമുല്‍ ഹശ്ര്‍: (ഒരുമിച്ചുകൂട്ടുന്ന ദിവസം). കാരണം മുഴുവന്‍ സൃഷ്ടിജാലങ്ങളെയും വിചാരണ സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്നത് ഈ ദിവസത്തിലാണ്.

6. യൗമുല്‍ ഹിസാബ്: (വിചാരണദിനം). കാരണം ജനങ്ങള്‍ ഐഹിക ലോകത്ത് ചെയ്തിട്ടുള്ള കര്‍മങ്ങളുടെ വിചാരണ നടക്കുന്നത് ഈ ദിവസത്തിലാണ്.

7. യൗമുല്‍ വഊദ്: (താക്കീതിന്റെ ദിനം). കാരണം അവിശ്വാസികളോടുള്ള അല്ലാഹുവിന്റെ താക്കീത് പുലരുന്നത് ഈ ദിവസത്തിലാണ്.

8. യൗമുല്‍ ഖസ്ര്‍: (നഷ്ടത്തിന്റെ ദിനം). കാരണം ആ ദിവസം അവിശ്വാസികള്‍ക്ക് നഷ്ടകരമാണ്.

9. യൗമുല്‍ ഖുലൂദ്: (ശാശ്വതത്വത്തിന്റെ ദിനം). കാരണം ആ ദിവസം മുതലുള്ള ജീവിതം ശാശ്വതവും അനന്തവുമാണ്.

10. അല്‍വാക്വിഅ: സംഭവിക്കുമെന്നുറപ്പുള്ളത്.

11. അല്‍ഹാക്ക്വ: അസത്യത്തിന്റെ വക്താക്കള്‍ക്ക് യാഥാര്‍ഥ്യം ബോധ്യമാകുന്നത് ഈ ദിവസത്തിലാണ്.

12. അല്‍ക്വാരിഅ: കാതുകളെയും ഹൃദയങ്ങളെയും നടുക്കിക്കളയും വിധം ഭയാനകരമായത്.

13. അല്‍ഗാശിയ: ഭീകരത മൊത്തത്തില്‍ ജനങ്ങളെ ആവരണം ചെയ്യുന്ന ദിവസം.

14. അത്ത്വാമ്മ: എല്ലാറ്റിനെയും അതിജയിക്കുന്ന മഹാവിപത്ത്.

15. അല്‍ആസിഫ: (സമീപസ്ഥമായത്). ദുന്‍യാവിന്റെ ആയുസ്സിനെ സംബന്ധിച്ചിടത്തോളം അത് വളരെ സമീപമാണ്.

16. യൗമുത്തഗാബുന്‍: നഷ്ടം വെളിപ്പെടുത്തുന്ന ദിവസം.

17. യൗമുത്തനാദ്: (പരസ്പരം വിളിക്കുന്ന ദിവസം). കാരണം എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം അന്ന് വിളിച്ചുകൂട്ടപ്പെടും. സ്വര്‍ഗക്കാര്‍ നരകക്കാരെയും നരകക്കാര്‍ സ്വര്‍ഗക്കാരെയും വിളിക്കും. അഅ്‌റാഫുകാര്‍ വിളിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ ദിവസത്തിന് ഇങ്ങനെയൊരു പേരു വന്നത്.