ബന്ധങ്ങളുടെ വിലയറിയുക

മുസ്‌ലിം ബിന്‍ ഹൈദര്‍

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

കൈപ്പുനീര് കുടിക്കുന്ന ഒറ്റപ്പെടലുകളില്‍ നാം മനസ്സിലാക്കും എത്ര ചെറിയ ബന്ധമാണങ്കിലും അത് പവിത്രതയോടെ സൂക്ഷിക്കണമെന്ന്. അത്രമേല്‍ സമാധാനം സമ്മാനിക്കുന്ന ഒരു അമൂല്യമായ കൂട്ടാണത്. പക്ഷേ, സുഖസൗകര്യങ്ങളുടെ ആധിക്യത്തില്‍ അറിയാതെ നാമാവശേഷമായിപ്പോകുന്ന ബന്ധങ്ങളും അതോടൊപ്പം 'കാരണം' എന്ന മൂന്നക്ഷരത്തിന്റെ പരിധിയില്‍ പോലും വരാത്ത കാര്യങ്ങള്‍ക്ക് ഊതിക്കാച്ചി തിളങ്ങേണ്ട പവിത്ര ബന്ധങ്ങളെ അന്യംനിര്‍ത്തുന്നവര്‍ പരസ്പര സഹകരണത്തിന്റെ സൗന്ദര്യമാസ്വദിക്കാത്തവരും കരുണ വറ്റിയ ഹൃദയരുമാണെന്നറിയുക.

''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:1).

നേര്‍ക്കാഴ്ചയില്‍ ചെറുപുഞ്ചിരി പകരം നല്‍കാനില്ലാതെയും കുശലാന്വേഷണത്തിന്റെ മധുരംപകരാതെയും ആത്മസംതൃപ്തിയുടെ ഹസ്തദാനം കൈമാറാതെയും നടന്നകലേണ്ടി വരിക എന്നത് അതീവ സങ്കടകരമാണ്.

അനന്തരസ്വത്ത് നിയമപ്രകാരം വിഭജിച്ച് നല്‍കുന്നിടത്തുള്ള അസ്വാരസ്യങ്ങളാണ് ബന്ധങ്ങള്‍ തകരുന്നതിനുള്ള വലിയ ഹേതുവായി കാണുന്നത്. സ്‌നേഹനിധിയായ പിതാവിന്റെ അധ്വാനഫലമായി ഉണ്ടാവുകയും അയാള്‍ സ്വയം അനുഭവിക്കാതെ മക്കള്‍ക്കായി മാറ്റിവെക്കുകയും ചെയ്ത സ്വത്ത് ദിവസങ്ങള്‍ക്കകം കുടുംബത്തില്‍ അഭ്യന്തര കലാപത്തിന്റെ കാരണമായിത്തീരുന്നുവെങ്കില്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം തിരിച്ചറിയാത്തവരാണ് അതിന്റെ യഥാര്‍ഥ കാരണക്കാരെന്നറിയുക. കാശ് കൊടുത്ത് അങ്ങാടിയില്‍നിന്ന് വാങ്ങാന്‍ കഴിയുന്നതല്ല കുടുംബ ബന്ധങ്ങള്‍. ഒന്നിനും പകരം വെക്കാനുതകുന്നതും പകരം നല്‍കാന്‍ കഴിയുന്നതുമല്ല ഈ അമൂല്യനിധി.

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യില്‍ നിന്ന് നിവേദനം: ''ഒരാള്‍ പറഞ്ഞു: 'പ്രവാചകരേ! സ്വര്‍ഗത്തിലേക്കെന്നെ അടുപ്പിക്കുന്നതും നരകത്തില്‍നിന്നെന്നെ അകറ്റുന്നതുമായ ഒരു പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞുതരിക.' പ്രവാചകന്‍ ﷺ പറഞ്ഞു: 'നീ അല്ലാഹുവിനെ ആരാധിക്കുക. അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു കൊടുക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുക'' (ബുഖാരി, മുസ്‌ലിം).

ബന്ധം ചേര്‍ക്കുന്നവരെ പുകഴ്ത്തികൊണ്ട് അല്ലാഹു പറഞ്ഞിരിക്കുന്നു: ''കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍'' (ക്വുര്‍ആന്‍13:21).

ഇസ്‌ലാം ഇണക്കത്തിന്റെ മതമാണ്. നന്മയുടെയും കാരുണ്യത്തിന്റെയും മതമാണ്. അത് ബന്ധം ചേര്‍ക്കാന്‍ കല്‍പിക്കുകയും ബന്ധം മുറിക്കുന്നത് വിരോധിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍ ബന്ധം ചേര്‍ക്കുന്നതിന്റെ പ്രാധാന്യം ഉള്‍കൊളളാത്ത, അതിനെ പരിഗണിക്കാത്ത, ഭൂമുഖത്തുള്ള സര്‍വ വ്യവസ്ഥിതികള്‍ക്കും വിരുദ്ധമായി മുസ്‌ലിം സമൂഹത്തെ പരസ്പരം ബന്ധപ്പെട്ടവരും ഇണക്കമുള്ളവരും കാരുണ്യം കാണിക്കുന്നവരും ആക്കി മാറ്റാന്‍ അതിന് സാധിക്കുന്നു. 

വാക്കിലും നോക്കിലും ശ്രദ്ധിച്ച്, കൊടുക്കലും വാങ്ങലും നന്നാക്കി, ചൂഷണമുക്തമായ ഇടപഴകലിലൂടെ നന്മയുടെയും സ്‌നേഹത്തിന്റെയും പൊന്‍കിരണങ്ങള്‍ ഉദിച്ചുയരണം ഓരോ ബന്ധങ്ങളില്‍ നിന്നും. 

അനാഥര്‍ക്കും അശരണര്‍ക്കുമാണ് സ്‌നേഹത്തിന്റെയും കുടുംബബന്ധത്തിന്റെയും വില നന്നായി അറിയുക. ഇരുട്ടറിയുന്നവനേ വെളിച്ചത്തിന്റെ വിലയറിയൂ. സ്‌നേഹിക്കപ്പെടേണ്ടവര്‍ വേര്‍പെട്ടു പോയി അനാധത്വം പേറുന്നവരുടെ അകത്തള ചിത്രങ്ങളെ കുറിച്ച് അറിയുമ്പോഴാണ് ആരോടും പറയാതെയും ആരുമറിയാതെയും കടിച്ചമര്‍ത്തുന്ന സങ്കടങ്ങളുടെ ആധിക്യം മനസ്സിലാവുക. 

യതീമിനെ സംരക്ഷിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രവാചകന്റെ സാമീപ്യം കിട്ടുമെങ്കില്‍, അര്‍ഹതക്കുള്ള അംഗീകാരം മാത്രമാണതെന്ന് അറിയുക. 

''(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:215).

അനാഥ ബാല്യ, കൗമാരങ്ങളിലെ ഏറിയപങ്കും പലപ്പോഴും എത്തിപ്പെടുന്നത് അധാര്‍മികതയുടെ ആഴക്കടലിലാണ്. വഴികാട്ടി നഷ്ടപ്പെട്ട അവര്‍ക്കു മുന്നില്‍ രക്ഷയുടെ തോണിയുമായി കൃത്യസമയത്ത് എത്തിയെങ്കില്‍ മാത്രമെ കാറ്റിലും കോളിലുമകപ്പെടാതെ അവരെ സുരക്ഷിതമായി മറുകരയിലെത്തിക്കാനാവൂ. അതിന് തുനിയുന്നവര്‍ അപൂര്‍വവുമാണ്. സ്വന്തം കുടുംബത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ക്കെന്ത് അനാഥസംരക്ഷണം!

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജീവവായുവിനും ദാഹജലത്തിനുമായി 'വയറുകളാല്‍' ബന്ധിക്കപ്പെട്ട അര്‍ധജീവനുകള്‍ ജീവന് വേണ്ടികേഴുന്നത് കണ്ടവരാണ് നാം.

മനസ്സിലുള്ളത് പറയണമെന്ന തികഞ്ഞ ബോധമുണ്ടായിരിക്കെ നാവ് നിശ്ചലമായിപ്പോയവരുടെ കണ്ണുനീര്‍ അക്ഷരങ്ങള്‍ വായിച്ചവരാണ് നാം.

ബില്ലടക്കാനും മരുന്ന് വാങ്ങാനും ഓടിപ്പായുന്ന, ഐ.സി.യുവിനു മുന്നില്‍ ദുഃഖഭാരത്താല്‍ കണ്ണുനീരുതിര്‍ത്തുകൊണ്ടിരിക്കുന്ന ഉറ്റവരെയും ഉടയവരെയും അവസാനമായി ഒരു നോക്ക് കാണാതെ കണ്ണടഞ്ഞവരുടെ മയ്യിത് നമസ്‌കാരം നിര്‍വഹിച്ചവരാണ് നാം.

ഭൂമിയിലെ ജീവിതം ഏത് നേരവും അവസാനിച്ചേക്കാം എന്ന ബോധമുള്ളവനേ ബന്ധങ്ങള്‍ നന്നാക്കുവാനും ജീവിതം ഇസ്‌ലാമികമാക്കി മുന്നോട്ടു പോകാനും കഴിയുകയുള്ളൂ.

 സുന്ദരമായ ഭൂമിയില്‍ ഉദാത്തമായ ജീവിതം നല്‍കി; ആ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നാഥന്‍ വിവരിക്കുകയും ചെയ്തിട്ടും ജീവിതം ചിട്ടപ്പെടുത്താത്തവര്‍ നഷ്ടക്കാരല്ലാതെ പിന്നാരാണ്?

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).