യേശുക്രിസ്തു ക്വുര്‍ആനില്‍

സലീം പട്‌ല

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

മഹാനായ യേശുക്രിസ്തുവിനെ (ഈസാ നബി(അ)) കുറിച്ച് അതിരുകവിഞ്ഞ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന രണ്ട് വിരുദ്ധ ചേരികളാണ് ജൂതരും ക്രിസ്ത്യാനികളും. ജൂതന്മാര്‍ അഥവാ യഹൂദികള്‍ വ്യഭിചാര പുത്രനും വ്യാജ പ്രവാചകനും മരക്കുരിശില്‍ തൂക്കപ്പെട്ട അഭിശപ്തനുമെന്ന് വിധിച്ച് ക്രിസ്തുവിനെ തള്ളിക്കളയുമ്പോള്‍; ദൈവപുത്രനും സാക്ഷാല്‍ ദൈവവും യേശു തന്നെയാണെന്ന് വാദിച്ച് ക്രൈസ്തവര്‍ അതിരുകവിയുന്നു. ഫലത്തില്‍ രണ്ടു വാദവും അതീവ ഗുരുതരം തന്നെ. 

തെളിവുകളുടെ പിന്‍ബലമില്ലാത്തതും ഊഹാപോഹങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ടതുമായ ഇത്തരം അബദ്ധധാരണകളെയും വികല വിശ്വാസങ്ങളെയും മിഥ്യാസങ്കല്‍പങ്ങളെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ സ്രഷ്ടാവ് അവതരിപ്പിച്ച ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുകയും തിരുത്തുകയും ഈസാ നബി(അ)യുടെ തെളിമയാര്‍ന്ന വ്യക്തിത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമെന്ന് പ്രാമാണികമായി തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ അടിമ

യേശു അഥവാ ഈസാനബി(അ) ദൈവമോ ദൈവപുത്രനോ അല്ലെന്നും അല്ലാഹുവിന്റെ വിനീതനായ ദാസന്‍ മാത്രമാണെന്നും ക്വുര്‍ആന്‍ പറയുന്നു:

1) ''അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 43:59).

2) ''അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്'' (ക്വുര്‍ആന്‍ 4:172).

3) ''അവന്‍ (കുട്ടിയായ യേശു) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 19:30).

4) ''ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും'' (ക്വുര്‍ആന്‍ 19:93).

അല്ലാഹുവിന്റെ സൃഷ്ടി

''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 5:17).

മനുഷ്യനായ ദൈവദൂതന്‍

''മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്'' (ക്വുര്‍ആന്‍ 5:75).

സദ്‌വൃത്തനായ ദൈവദാസന്‍

''...അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും'' (ക്വുര്‍ആന്‍ 3:45,46).

പ്രവാചകശൃംഖലയിലെ ഒരു കണ്ണി

''അദ്ദേഹത്തിന് (ഇബ്‌റാഹിമിന്) നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു'' (ക്വുര്‍ആന്‍ 6:84-86).

''അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്'' (ക്വുര്‍ആന്‍ 19:58).

ദൃഢമനസ്‌ക്കരായ അഞ്ച് ദൂതന്മാരില്‍ ഒരാള്‍

''നൂഹിനോട് കല്‍പിച്ചതും നിനക്ക് (മുഹമ്മദ്‌നബി) നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു...''(ക്വുര്‍ആന്‍ 42:13).

ജനനത്തില്‍ സവിശേഷത

''അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു'' (ക്വുര്‍ആന്‍ 3:59).

വചനവും ആത്മാവും

''വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി'' (ക്വുര്‍ആന്‍ 4:171).

അന്ത്യനാളിന്റെ അടയാളം

''തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പറ്റി നിങ്ങള്‍ സംശയിച്ചുപോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത'' (ക്വുര്‍ആന്‍ 43:61).

ദൈവികദൃഷ്ടാന്തം

''മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 23:50).

പരിശുദ്ധാത്മാവിന്റെ പിന്‍ബലം

''ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്. മര്‍യമിന്റെ മകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്'' (ക്വുര്‍ആന്‍ 2:253).

യോഹന്നാന്‍ സ്‌നാപകനാല്‍ സത്യപ്പെടുത്തപ്പെട്ടു

''അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്റാബില്‍ പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ (ഈസയെ) ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍'' (3:38,39)

ഇസ്‌റാഈല്‍ ജനതയിലേക്കുള്ള ദൈവദൂതന്‍

''...അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും...'' (ക്വുര്‍ആന്‍ 3:48,49).

''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇ്‌റസാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍...'' (ക്വുര്‍ആന്‍ 61:6). 

മോശെ (മൂസാ) പ്രവാചകന്റെ ന്യായപ്രമാണത്തെ (തൗറാത്ത്) സത്യപ്പെടുത്തി

''എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍'' (ക്വുര്‍ആന്‍ 3:50).

ദൈവത്തിന്റെ സുവിശേഷം (ഇന്‍ജീല്‍) പഠിപ്പിച്ചു

''അവരെ(ആ പ്രവാചകന്‍മാരെ)ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്''(ക്വുര്‍ആന്‍ 5:46).

''പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി...''(ക്വുര്‍ആന്‍ 57:27).

മുഹമ്മദ് നബിﷺയുടെ വരവിനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു

''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍...'' (ക്വുര്‍ആന്‍ 61:6). 

ഏകദൈവ വിശ്വാസത്തിലേക്ക് ഇസ്‌റാഈല്യരെ വിളിച്ചു

''(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം'' (ക്വുര്‍ആന്‍ 19:36).

ഏക സത്യദൈവമായ അല്ലാഹുവോട് മാത്രം പ്രാര്‍ഥിച്ചു

''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: (പ്രാര്‍ഥിച്ചു) ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ'' (ക്വുര്‍ആന്‍ 5:114).

ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവം മനുഷ്യരെ ബോധ്യപ്പെടുത്തി

''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ്'' (ക്വുര്‍ആന്‍ 5:72).

നമസ്‌കാരവും നിര്‍ബന്ധദാനവും നിര്‍വഹിച്ചു

''ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 19:31).

മാതാവിന് നന്മ ചെയ്ത് നല്ല മകനായി ജീവിച്ചു

''അവന്‍(അല്ലാഹു) (എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല''(ക്വുര്‍ആന്‍ 19:32).

അല്ലാഹുവിന്റെ അനുമതി പ്രകാരം അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തു

''ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍'' (ക്വുര്‍ആന്‍ 3:49).

മര്‍യമിന്റെ മകന്‍ ഈസാ എന്ന പേരില്‍ അറിയപ്പെട്ടു

''ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ?...'' (ക്വുര്‍ആന്‍ 5:112).

''മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു'' (ക്വുര്‍ആന്‍ 3:45).

ഇതാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന യേശുക്രിസ്തു

''അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്'' (ക്വുര്‍ആന്‍ 19:34).

''തീര്‍ച്ചയായും ഇത് യഥാര്‍ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും'' (ക്വുര്‍ആന്‍ 3:62).