നബിﷺയെ സാധാരണ മനുഷ്യനാക്കുകയോ?

എസ്.എ ഐദീദ് തങ്ങള്‍

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

മര്‍ഹൂം സൈദ് മൗലവിയുടെ നാടായ രണ്ടത്താണിയിലെ ഒരു ഊടുവഴിയിലൂടെ കുറെ ദൂരം നടന്നപ്പോഴാണ് ആ പുരാതന തറവാട്ടിലെത്തിയത്. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്ന രണ്ട് സ്ത്രീകള്‍ ഞങ്ങളെ കണ്ടയുടനെ അകത്തേക്കോടി വാതിലിനിടയില്‍ മറഞ്ഞുനിന്നു. കോട്ടക്കല്‍ രണ്ടത്താണിയില്‍ നടത്താനുദ്ദേശിച്ചിരുന്ന എം.എസ്.എം സമ്മേളന നോട്ടീസും ലഘുലേഖയും വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. തിരിച്ചുപോരാനൊരുങ്ങിയപ്പോള്‍ 'മുജാഹിദുകളെപ്പറ്റി കേട്ടിട്ടുണ്ടോ' എന്ന് ചോദിച്ചതിന് പ്രായം ചെന്ന ഒരു സ്ത്രീയാണ് ഉത്തരം പറഞ്ഞത്:

''പിന്നേ... എന്റെ ചെറുപ്രായത്തിലേ കേള്‍ക്കുന്നതല്ലേ... സൈദ് മൗലവിയൊക്കെ കടുത്ത മുജാഹിദായിരുന്നില്ലേ? മുജാഹിദുകള്‍ പറയുന്നതില്‍ കുറച്ചൊക്കെ കാര്യമുണ്ട്. എന്നാലും... നിങ്ങള്‍ മുത്ത് നബിയെ സാധാരണ മനുഷ്യനാണെന്ന് പറയുന്നതാ കുറച്ച് കടുത്ത് പോയത്. നബിതങ്ങളെ സാധാരണ മനുഷ്യനാക്കിയിട്ട് നിങ്ങള്‍ക്കെന്ത്കിട്ടാനാ?''

''ക്വുര്‍ആനില്‍ നബിﷺയെപ്പറ്റി അല്ലാഹു എന്താണോ പറഞ്ഞത് അത് മാത്രമെ ഞങ്ങള്‍ ജനങ്ങളോട് പറയുന്നുള്ളു. ജനങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് കരുതി ക്വുര്‍ആനിലെ ആയത്തുകള്‍ മറച്ച് വെക്കാന്‍ പറ്റുമോ?''

''ക്വുര്‍ആനില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നോ?''

''ഉണ്ട്. മനുഷ്യര്‍ക്കിടയിലേക്ക് അല്ലാഹു മനുഷ്യരെയല്ലാതെ പ്രവാചകന്മാരായി അയച്ചിട്ടില്ല. പ്രവാചകന്മാരില്‍ ആരെങ്കിലും മലക്കോ ജിന്നോ ആയിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഇല്ലല്ലോ! പിന്നെ, അവര്‍ ആരായിരുന്നു? സാധാരണ മനുഷ്യര്‍ തന്നെ! എന്ന് വെച്ച് എന്നെയും നിങ്ങളെയും പോലെയുള്ള ഒരു സാധാരണക്കാരന്‍ എന്നാണോ അതിനര്‍ഥം? ഒരിക്കലുമല്ല! നബിമാര്‍ സൃഷ്ടികളില്‍ ഉത്തമരാണ്. അല്ലാഹു അവര്‍ക്ക് പ്രത്യേകമായി പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പല മുഅ്ജിസത്തുകളും അല്ലാഹുവിന്റെ അനുമതിയോടെ അവരില്‍നിന്നുണ്ടായിട്ടുണ്ട്. അല്ലാഹുവില്‍ നിന്ന് വഹ്‌യ് ലഭിച്ചിട്ടുണ്ട് എന്നതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.''

''അപ്പോള്‍ അവര്‍ സാധാരണക്കാരല്ല എന്നര്‍ഥം?''

''അല്ലാഹുവില്‍നിന്ന് വഹ്‌യ് ലഭിക്കുന്നു, പാപസുരക്ഷിതരാണ്... ഇങ്ങനെയുള്ള കാര്യങ്ങള്‍ നമുക്കാര്‍ക്കും ഇല്ലല്ലോ. അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. എന്നാല്‍ വിശപ്പ്, ദാഹം, വേദന... തുടങ്ങിയതെല്ലാം അവര്‍ക്കുമുണ്ടായിരുന്നു. ആ നിലയ്ക്ക് അവര്‍ സാധാരണ മനുഷ്യരാണ്. ഇതൊക്കെയാണ് മുജാഹിദുകളുടെ വിശ്വാസം. നമുക്കിടയില്‍ തന്നെ പലര്‍ക്കും പല പ്രത്യേകതകളും ഉണ്ടല്ലോ. ചിലര്‍ ഡോക്ടര്‍മാരാണെങ്കില്‍ ചിലര്‍ എഞ്ചിനീയര്‍മാരാണ്. ചിലര്‍ കൂലിപ്പണിക്കാര്‍. മറ്റു ചിലര്‍ കച്ചവടക്കാര്‍... ഇവരെല്ലാം മനുഷ്യരാണെങ്കില്‍ തന്നെയും ഓരോരുത്തരുടെയും കഴിവുകള്‍ വ്യത്യസ്തമാണ്. ഡോക്ടര്‍ സാധാരണ മനുഷ്യനാണ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സ്‌കൂളില്‍ പോകാത്ത ഒരാളെ പോലെയാണ് എന്നല്ല; അറിവിലും കഴിവിലും മികവുണ്ടെങ്കിലും അയാളും ഒരു മനുഷ്യനാണ് എന്നാണ്. നബിﷺ സാധാരണ മമനുഷ്യനാണ് എന്ന് പറയുമ്പോഴും ഇങ്ങനെ മനസ്സിലാക്കിയാല്‍ മതി. അല്ലാഹു എന്തെല്ലാം പ്രത്യേകതകള്‍ നല്‍കിയിട്ടുണ്ടോ അതെല്ലാം അവര്‍ക്കുണ്ട്. എന്നാല്‍ ആത്യന്തികമായി അദ്ദേഹം മനുഷ്യനാണ്. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു എന്ന് പറയാന്‍ അല്ലാഹു നബിയോട് കല്‍പിച്ചതായി ക്വുര്‍ആനില്‍ തന്നെ കാണാം. ഇത് മുജാഹിദുകള്‍ പറഞ്ഞുണ്ടാക്കുന്ന കാര്യമല്ല എന്നര്‍ഥം.''

''ഞങ്ങളുടെ ഉസ്താദുമാര്‍ പറയുന്നത് ഇങ്ങനെയൊന്നുമല്ലല്ലോ. എന്തിനാ അവരിങ്ങനെ ഇല്ലാത്തത് പറഞ്ഞ് പ്രചരിപ്പിക്കുന്നത്?'' നിഷ്‌കളങ്കമായിരുന്നു ആസഹോദരിയുടെ ചോദ്യം.  

ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ പറയുന്നത് ശരിയാണ്. അവര്‍ ഇല്ലാക്കഥകള്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. നബിﷺ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞപ്പോള്‍ മുശ്‌രിക്കുകള്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിച്ചത്! ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ അവര്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ് പരത്താന്‍ തുടങ്ങി. ഇതു പോലെയാണ് മുസ്‌ല്യാക്കന്മാരുടെയും അവസ്ഥ. തങ്ങള്‍ വിശ്വസിച്ചാചരിച്ച് പോരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിമുടി എതിര്‍ക്കുന്നവര്‍ മുജാഹിദുകള്‍ മാത്രമാണെന്ന്അവര്‍ക്കറിയാം. ക്വുര്‍ആനും സുന്നത്തും കൊണ്ട് മുജാഹിദുകള്‍ പറയുന്ന കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയുന്നതിനാല്‍ അവര്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുകയാണ്. നമ്മുടെ ബുദ്ധിആരുടെയും മുമ്പില്‍ പണയം വെക്കാനുള്ളതല്ല. സ്വന്തമായി തീരുമാനമെടുക്കാനുള്ള ബുദ്ധിയും സ്വാതന്ത്ര്യവും അല്ലാഹു നമുക്ക് നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. ആ ബുദ്ധി ഉപയോഗിച്ച് ഇഹലോകത്തിലെ പലകാര്യങ്ങളും നാം ഭംഗിയായി നിര്‍വഹിച്ചു വരുന്നുമുണ്ട്. 

നമുക്ക് ഇഷ്ടമുള്ള ഭക്ഷണമെ നാം കഴിക്കാറുള്ളൂ. നമുക്ക് നല്ലതെന്ന് തോന്നുന്ന സാധനങ്ങള്‍, നമുക്ക് ഇഷ്ടമുള്ള കടയില്‍ നിന്ന് മാത്രമെ നാം വാങ്ങാറുള്ളൂ. മറ്റൊരാള്‍ അതില്‍ ഇടപെടുന്നത് നമുക്ക് ഇഷ്ടവുമല്ല. നമ്മുടെ പരലോകവിജയത്തിന് ഭംഗം വരുത്തുന്ന കാര്യം ആര് പറഞ്ഞാലും അത് സ്വീകരിക്കുവാന്‍ പാടില്ല. പ്രമാണങ്ങള്‍ പഠിപ്പിക്കുന്നതാണെങ്കില്‍ ആര് പറഞ്ഞാലും സ്വീകരിക്കണം. പ്രമാണവിരുദ്ധമെങ്കില്‍ തള്ളിക്കളയുകയും വേണം. പരലോകത്ത് അല്ലാഹുവിന്റെ കോടതിയില്‍ നാം വിചാരണക്കെത്തുമ്പോള്‍ മുജാഹിദുകള്‍ പറഞ്ഞതായിരുന്നു ശരി എന്ന് ബോധ്യമാകും. അന്ന് തിരിച്ച് ഇഹലോകത്തക്ക് മടങ്ങിവന്ന് തെറ്റ് തിരുത്തി വരാന്‍ വല്ല മാര്‍ഗവുമുണ്ടോ നമുക്ക്? ഇല്ല! അതുകൊണ്ട് നബിﷺയും സ്വഹാബികളും അവരെ പിന്‍പറ്റിയ സച്ചരിതരായ മറ്റു വിശ്വാസികളും ജീവിച്ചത് പോലെ ജീവിക്കുവാന്‍ നാം തയ്യാറാകേണ്ടതുണ്ട്. അതാണ് സ്വര്‍ഗത്തിലേക്കുള്ള യഥാര്‍ഥ മാര്‍ഗം.''

ഇത്രയും പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒന്നും തിരിച്ച് പറയാനുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ബോധ്യപ്പെട്ടതായി മനസ്സിലാക്കി ഞങ്ങള്‍ തിരിച്ചു നടന്നു.