യാദൃച്ഛികത സ്രഷ്ടാവാകുമോ?

ശാഹുല്‍ പാലക്കാട്

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

(വഴിമുട്ടുന്ന നവനാസ്തിക ചിന്തകള്‍: 2)

ഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ലോക വീക്ഷണങ്ങളെല്ലാം ഒരു സാധ്യതപോലും അവശേഷിക്കാത്ത അബദ്ധ സിദ്ധാന്തങ്ങളാണെന്ന കാര്യം വ്യക്തമാണ്. എന്നു മാത്രമല്ല കാര്യകാരണ ബന്ധങ്ങള്‍(രമൗലെ ലളളലര േൃലഹമശേീി)ക്കെല്ലാം അതീതമായ, സര്‍വതിനും കാരണമായ, സര്‍വതിനെയും ഇക്കാണുന്ന രൂപത്തില്‍ സംവിധാനിച്ച ആദിഹേതുവായൊരസ്തിത്വം ഉണ്ടായിരിക്കുക എന്നത് മാത്രമാണ് യുക്തിപൂര്‍വമായി അവശേഷിക്കുന്ന ഏക സാധ്യതയെന്ന് വ്യക്തമാണ്.

കേവലമൊരു അസ്തിത്വമെന്നതിലുപരി ഈ ആദിഹേതുവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പ്രപഞ്ചത്തില്‍ നിന്നും തന്നെ ഇങ്ങനെ മനസ്സിലാക്കാം: 

1) സ്വതന്ത്രമായ അറിവ്, ബോധം

സ്ഥലകാല, ദ്രവ്യ, മാനങ്ങളെല്ലാം പൂജ്യമായ ഒരവസ്ഥയില്‍ നിന്നും അസ്തിത്വമില്ലാത്ത പ്രപഞ്ചത്തിന് ഉത്പത്തി കുറിക്കുക എന്ന ധര്‍മം അവിടെ നടക്കുന്നുണ്ട്. ഇവിടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് മാത്രമല്ല ഗ്രാവിറ്റി, വീക്ക് ന്യൂക്ലിയര്‍ ഫോഴ്‌സ്, സ്‌ട്രോങ്ങ് ന്യൂക്ലിയര്‍ ഫോഴ്‌സ്, ഇലക്ട്രോ മാഗ്‌നറ്റിക് ഫോഴ്‌സ് എന്നിങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പിന് പിറകില്‍ കൃത്യമായ മൂല്യങ്ങളുള്ള പ്രാപഞ്ചിക നിയമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ അതിന് ഹേതുവായ ബോധപൂര്‍വമായ ഒരസ്തിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 

''...തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 58:7).

''...തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 11:107).

2) അനന്തമായ നിലനില്‍പുണ്ടായിരിക്കുക 

സര്‍വതിനും കാരണമായ, സൃഷ്ടിക്കപ്പെടാത്ത ആദിഹേതുവായൊരസ്തിത്വം നിലനില്‍ക്കേണ്ടതിന്റെ യുക്തി മുകളില്‍ വിശദീകരിച്ചതാണ്. സൃഷ്ടിക്കപ്പെടാത്തത് എന്നുവെച്ചാല്‍ എന്നെന്നും നിലനില്‍പുള്ളത് എന്നാണര്‍ഥം.

''...അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല...'' (ക്വുര്‍ആന്‍ 112:2,3).

3) പ്രപഞ്ചത്തില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വമുണ്ടായിരിക്കുക 

സര്‍വതിനും ഹേതുവായി നില്‍ക്കുന്ന ഈ അസ്തിത്വം സൃഷ്ടിപ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് പറയാന്‍ പറ്റില്ല. ഉദാഹരണത്തിന് ഒരു ആശാരി കസേരയെന്ന വസ്തുവിന് കാരണമായി പ്രവര്‍ത്തിക്കുന്നു എന്ന് കരുതുക. ഇവിടെ കസേരയുടെ രൂപകല്‍പനയ്ക്ക് ആശാരി അതില്‍നിന്നും സ്വതന്ത്രമായി മറ്റൊരു അസ്തിത്വമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് കഴിയുന്നത്. അതുപോലെ പ്രപഞ്ചത്തിന്റെ ഉല്‍പത്തിക്കും ആസൂത്രണത്തിനും ഹേതുവായി പ്രവര്‍ത്തിക്കുന്ന ഒന്നിന് പ്രപഞ്ചത്തില്‍ നിന്നും സ്വതന്ത്രമായിത്തന്നെ അസ്തിത്വമുണ്ടാവണം.

''അവന് തുല്യമായി യാതൊന്നുമില്ല'' (ക്വുര്‍ആന്‍ 42:11).

''അവന്ന് തുല്യനായി ആരും ഇല്ലതാനും'' (ക്വുര്‍ആന്‍ 112:4).

 ഏതൊരു മനുഷ്യന്റെ പരിമിതമായ യുക്തിക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നപോലെ പ്രത്യക്ഷമായ പ്രപഞ്ചത്തിന്റെ ആസൂത്രണത്തെ ദൈവാസ്തിത്വത്തെ മനസ്സിലാക്കുന്നതിനുള്ള ദൃഷ്ടാന്തമായി ക്വുര്‍ആന്‍ ആവര്‍ത്തിച്ച് എടുത്തുകാണിക്കുന്നതായി കാണാം. ഭൗതിക വാദത്തിന്റെ വീക്ഷണ പ്രകാരമാണെങ്കില്‍ പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള സകലതും യാദൃച്ഛികതയുടെ വികൃതമായ ഉത്പന്നം മാത്രമായിരിക്കണം. ഇതിന് വിരുദ്ധമായി പ്രകൃതിയില്‍ ആസൂത്രണമോ, സങ്കീര്‍ണതകളോ, ഉദ്ദേശ്യ ലക്ഷ്യങ്ങളോ നമ്മുടെ നിരീക്ഷണത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ഥം യാദൃച്ഛികതാ വാദത്തിനും അതിലൂടെ ഭൗതിക വാദത്തിനും നിലനില്‍പില്ലെന്നാണ്. ആധുനിക ശാസ്ത്രത്തിന്റെ തന്നെ അടിസ്ഥാനത്തില്‍ ഇന്ന് പ്രപഞ്ചത്തെയും പ്രകൃതിയെയും പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാവുക അതിന് പിറകിലെ കൃത്യമായ ആസൂത്രണം തന്നെയാണ്. ബിഗ് ബാങിലൂടെ ഉണ്ടായ പ്രപഞ്ചത്തിന്റെ ആരംഭത്തില്‍ സമയത്തിന്റെ സൂക്ഷ്മമായ അവസ്ഥയുടെ തുടക്കത്തില്‍ നിന്ന് തന്നെ ഈ മഹാപ്രപഞ്ചത്തിന്റെ ആസൂത്രണത്തെ വായിച്ചെടുക്കാം. അവിടെ ദ്രവ്യത്തിന്റെ അടിസ്ഥാന രൂപമായ ഫെര്‍മിയോണ്‍ കണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് മാത്രമല്ല ആ ദ്രവ്യകണങ്ങളെ ചേര്‍ത്തുനിര്‍ത്തി ഈ പ്രപഞ്ചത്തെ സംവിധാനിക്കുന്നതിനാവശ്യമായ ബലകണികകളായ (force particles)െ ബോസോണുകളും ഉണ്ടാവുന്നുണ്ട്. 

വൈദ്യുത കാന്തികബലം ഒരു ആറ്റത്തിന്റെ പരിധിയില്‍ ഇലക്ട്രോണ്‍ കണങ്ങളെ നിര്‍ത്തുമ്പോള്‍ പോസിറ്റീവ് ചാര്‍ജ് ഉള്ള പ്രോട്ടോണ്‍ കണങ്ങള്‍ തമ്മിലുണ്ടാകുന്ന വികര്‍ഷണത്തിനും അതീതമായി Strong nuclear force അവയെ ആറ്റം ന്യൂക്ലിയസിനുള്ളില്‍ ചേര്‍ത്ത് നിര്‍ത്തുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം കൂടിയാണ് സ്‌ട്രോങ്ങ് ന്യൂക്ലിയര്‍ ഫോഴ്‌സ്. ഈ ദ്രവ്യ അവസ്ഥയെ സ്ഥൂല ലോകത്ത് ഒരുമിപ്പിച്ച് നിര്‍ത്തുക എന്നതാണ് ഗുരുത്വാകര്‍ഷണ ബലം ചെയ്യുന്ന ധര്‍മം. സ്ഥൂല ലോകത്ത് ഏറ്റവും പ്രബലമെന്ന് തോന്നുമെങ്കിലും ഗുരുത്വ ബലമാണ് ഈ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ദുര്‍ബലം. 

ഈ അടിസ്ഥാന ബലങ്ങളും മൗലിക കണങ്ങളും അവയുടെ മൂല്യത്തിലുള്ള കൃത്യതയുമൊക്കെയാണ് നമ്മുടെ പ്രപഞ്ചത്തെ മനോഹരമായി സംവിധാനിച്ചിരിക്കുന്നത് എന്ന വസ്തുത തന്നെ അതിന്റെ ആസൂത്രണത്തിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തമാണ്. ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ഒരു മണ്‍തരിയുടെ പോലും നിലനില്‍പിന് പിറകിലുള്ള കൃത്യമായ പ്രാപഞ്ചിക നിയമത്തിന്റെ കാര്യമാണിത്. ഇവയില്‍ ഏതിന്റെയെങ്കിലും അഭാവമോ മൂല്യത്തിലുള്ള വ്യത്യാസമോ സൃഷ്ടിക്കുക വിരസവും വികൃതവുമായൊരു പ്രപഞ്ചത്തെയാവും. 

സ്ഥലകാല മാനങ്ങള്‍ പൂജ്യമായ ഒരവസ്ഥയില്‍ നിന്നുള്ള വികാസമാണ് പ്രപഞ്ചോത്പത്തി എന്നാണ് ബിഗ്ബാങ് തിയറി സിദ്ധാന്തിക്കുന്നത്. ഇങ്ങനെ പ്രപഞ്ചം വികസിക്കുമ്പോഴും അതിന്റെ Accelerations െകൃത്യമായ നിയന്ത്രണത്തിന് കീഴെ കൊണ്ടുവരാന്‍ വേണ്ട ആസൂത്രിതമായ സംവിധാനം പ്രപഞ്ചത്തിനുണ്ട്. ഡാര്‍ക്ക് എനര്‍ജി ഒരു മരരലഹലൃമീേൃ എന്ന വണ്ണം പ്രപഞ്ച വികാസത്തിന്റെ തോത് വര്‍ധിപ്പിക്കുമ്പോള്‍ ഗ്രാവിറ്റി ഒരു brake ആയാണ് പ്രപഞ്ച വികാസത്തെ തുലനാവസ്ഥയില്‍ നിര്‍ത്തുന്നത്. ഈ പ്രപഞ്ചാരംഭത്തില്‍ ഗ്രാവിറ്റിയുടെ അളവ് അല്‍പം കൂടിയിരുന്നെങ്കില്‍ ദ്രവ്യത്തിന്റെ Mutual gravity കൊണ്ട് കൂടിച്ചേര്‍ന്ന് ഒരു ഒരു ബിഗ്ക്രഞ്ചിലൂടെ പ്രപഞ്ചം ഉടന്‍ തന്നെ ഇല്ലാതാവുമായിരുന്നു. ഗ്രാവിറ്റിയുടെ അളവ് കുറവായിരുന്നു എങ്കില്‍ പ്രപഞ്ചം അതിവേകം വികസിച്ച് ഒന്നും ഒന്നിനോടും കൂടിച്ചേരാതെ വിരസമായ അവസ്ഥയാവുമായിരുന്നു. ഇനി ഡാര്‍ക്ക് എനര്‍ജിയുടെ അളവാണ് കുറവെങ്കില്‍ പ്രപഞ്ചം ഉടന്‍ തന്നെ ബിഗ്ക്രഞ്ചിലൂടെ കൂടിച്ചേര്‍ന്ന് ഇല്ലാതാവുകയും കൂടുതലായിരുന്നു എങ്കില്‍ അതിദ്രുതം വികസിച്ച് ഒന്നും മറ്റൊന്നിനോട് കൂടിച്ചേരാത്ത അവസ്ഥയും ആവുകയും ചെയ്യുമായിരുന്നു. ഇതിലേത് സംഭവിച്ചാലും ഗ്രഹങ്ങളോ, നക്ഷത്രങ്ങളോ, ഗാലക്‌സികളോ നമ്മളോ ഉണ്ടാകുമായിരുന്നില്ല. ഈ പ്രാപഞ്ചിക നിയമങ്ങള്‍ക്കിടയിലെ സന്തുലിതമായ ബന്ധവും അതിന്റെ ആസൂത്രിതമായ സംവിധാനവുമാണ് സര്‍വതിനെയും ഈ രൂപത്തില്‍ നിലനിര്‍ത്തുന്നതെന്ന് ചുരുക്കം. 

ഒരു ജീവ കോശത്തിന്റെ സങ്കീര്‍ണതകളില്‍ മുതല്‍ ഭൗമ സംവിധാനങ്ങളില്‍ വരെ കാണാന്‍ കഴിയുന്നത് ഈ ആസൂത്രണം തന്നെ. ശാസ്ത്രം നിരീശ്വര വാദത്തിലേക്ക് നയിക്കുമെന്നും ശാസ്ത്രം നിരീശ്വര വാദം തെളിയിക്കുമെന്നുമൊക്കെയുള്ള പഴയകാല നാസ്തിക സങ്കല്‍പങ്ങളുടെ പച്ചയായ ഖണ്ഡനമാണ് ഈ ആധുനിക ശാസ്ത്ര വസ്തുതകളെല്ലാം. ശാസ്ത്രീയമായ അറിവ് വര്‍ധിച്ചപ്പോള്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ഫ്രെഡ് ഹോയില്‍, ചന്ദ്രവിക്രമ സിംഹെ, മൈക്കള്‍ ബെഹെ തുടങ്ങി ലോക പ്രശസ്ത നിരീശ്വര ദാര്‍ശനികനായ ആന്റണി ഫ്‌ളൂ വരെ നീളുന്ന നിരവധി ലോകോത്തര പ്രതിഭകള്‍ നിരീശ്വര വിശ്വാസം വെടിഞ്ഞ് ദൈവാസ്തിത്വത്തെ അംഗീകരിക്കുന്നവരായി എന്ന വസ്തുതയാണ് ഒന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. യാദൃച്ഛികത കൊണ്ട് പ്രപഞ്ചവും അതിന്റെ അടിസ്ഥാന ബലങ്ങള്‍ തൊട്ട് മൗലിക കണങ്ങള്‍ വരെയുള്ളവയുടെ ആസൂത്രിതമായ സംവിധാനവും ജീവനും ജീവലോകവും എല്ലാം ഉണ്ടായി വന്നു എന്ന് പറയുന്നത് അതിസങ്കീര്‍ണമായ ബോയിംഗ് 747 വിമാനം അതിന്റെ ഘടക പദാര്‍ഥങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന മൈതാനത്ത് നിന്നും ഒരു ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ ഉണ്ടായി വന്നു എന്ന് വിശ്വസിക്കുന്ന പോലത്തെ വിഡ്ഢിത്തമാണെന്നാണ് ഫ്രെഡ് ഹോയ്ല്‍ വിലയിരുത്തുന്നത്. അഥവാ പ്രപഞ്ചത്തെ സംബന്ധിച്ച പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ യാദൃച്ഛികതാ വാദത്തെ തള്ളിക്കളയുന്നു; അതിലൂടെ നാസ്തിക വിശ്വാസത്തെയും. എന്നാല്‍ ശാസ്ത്രം മറുപടി പറയുന്നത്  "what' എന്ന ചോദ്യത്തിന് മാത്രമാണ്."why' എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് മനുഷ്യ യുക്തിയാണ്. ഇവിടെ ശാസ്ത്രത്തെ മാത്രമെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കൂ, അവിടെ യുക്തി ഉപയോഗിക്കില്ല എന്ന പിടിവാശി മാത്രമാണ് (സ്വയം പ്രഖ്യാപിത) യുക്തിവാദികള്‍ക്ക് തുണ. ഇത്തരം (സ്വയം യുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന)വില കുറഞ്ഞ നാസ്തിക നിലപാടിനപ്പുറം യുക്തിയുപയോഗിച്ച് ശാസ്ത്രീയമായ അറിവുകളെ വിലയിരുത്തുന്നവര്‍ക്കെല്ലാം ബോധ്യമാവുക ഉദ്ദേശ്യ ലക്ഷ്യങ്ങളും ആസൂത്രണവുമടങ്ങിയ പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് ഹേതുവായ ബോധ പൂര്‍വമായൊരസ്തിത്വത്തിന്റെ ഇടപെടലാണ്. 

മനുഷ്യ യുക്തിയും ബോധവും, പ്രപഞ്ചവും അതിന്റെ സൃഷ്ടിപ്പും ആസൂത്രിതമായ സംവിധാനങ്ങളും എല്ലാം വ്യക്തമാക്കുന്നത് ദൈവാസ്തിത്വമാണെന്നിരിക്കെ ദൈവമില്ല എന്ന് വാദിക്കാന്‍ സ്വന്തം നാസ്തിക പിടിവാശിക്കപ്പുറം ദാര്‍ശനികമായ ഒരു ന്യായവും നിരീശ്വരവാദികള്‍ക്കില്ല. പിന്നെ എങ്ങനെയാണ് അന്ധമായ ദൈവനിഷേധ പ്രവണത മാത്രം കൈമുതലായുള്ള നിരീശ്വരമതം യുക്തിവാദമാവുക? യാതൊരു തെളിവുകളുടെയോ, ദാര്‍ശനിക ന്യായങ്ങളുടെയോ പിന്‍ബലം ഇല്ലാത്ത വിശ്വാസത്തെയാണ് അന്ധവിശ്വാസം എന്ന് വിളിക്കുന്നതെങ്കില്‍ നിരീശ്വര വിശ്വാസമല്ലേ അങ്ങെന വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമായത്? 

ഡാര്‍വിന്റെ ജീവ പരിണാമ സിദ്ധാന്തം നിരീശ്വര വാദത്തിനുള്ള ശാസ്ത്രീയ ന്യായീകരണമാണെന്നാണ് ഭൂരിപക്ഷ നിരീശ്വരവിശ്വാസികളെയും നാസ്തിക പ്രമുഖന്മാര്‍ പറഞ്ഞ് പറ്റിക്കാന്‍ നോക്കുന്നത്. എന്നാല്‍ ജീവശാസ്ത്ര രംഗത്തെയും ജനിതകശാസ്ത്ര രംഗത്തെയുമൊന്നും വളര്‍ച്ച ഈ നാസ്തിക താല്‍പര്യങ്ങള്‍ക്ക് അനുകൂലമല്ല എന്നതാണ് യാഥാര്‍ഥ്യം. പരിണാമം സംഭവിക്കാനുള്ള ഏക ജനിതക മെക്കാനിസമായി എണ്ണപ്പെടുന്നത് മ്യൂട്ടേഷന്‍ മാത്രമാണ്. ഇതാവട്ടെ അന്ധമായി നടക്കുന്ന ചില ജനിതക വ്യതിയാനങ്ങള്‍ മാത്രമാണ്. ക്രോമസോമുകളില്‍ കാണപ്പെടുന്ന ജീനുകളിലെ ഡി.എന്‍.എയിലുള്ള ന്യൂക്ലിയോടൈഡ് സീക്വന്‍സില്‍ വരുന്ന ഒന്നോ രണ്ടോ മാറ്റമാണ് ഈ മ്യൂട്ടേഷനുകള്‍. ഇത്തരം ജനിതകത്തകരാറുകള്‍ ഒരു പുതിയ ജീവിയെയോ ഒരവയവത്തെയെങ്കിലുമോ സൃഷ്ടിക്കാന്‍ യോഗ്യമാണോ എന്ന് നോക്കാം: 

1) സംഭവിക്കുന്ന മ്യൂട്ടേഷനുകളില്‍ Reproductive സെല്ലുകളില്‍ ഉണ്ടാകുന്നവ മാത്രമാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവ(Germinal mutation). അതല്ലാത്തവ കൈമാറ്റം ചെയ്യപ്പെടുന്നില്ല(somatic mutation)

2) ന്യൂക്ലിയോടൈഡ്കളില്‍ ഉണ്ടാകുന്ന ഈ തകരാറുകള്‍ ശരിയാക്കാനായി DNA Repair proteins ഉണ്ട്. അവ വ്യതിയാനം സംഭവിച്ച ന്യൂക്ലിയോടൈഡ് ജോടികളെ പൂര്‍വാവസ്ഥയിലേക്ക് ശരിയായി സംവിധാനിക്കുന്നു. 

3) ഇതിനുമപ്പുറം ജനിതകത്തകരാറുമായി ഒരു കുഞ്ഞ് ജനിച്ചാല്‍ തന്നെ 99 ശതമാനം ഇത്തരം ജനിതക വ്യതിയാനങ്ങള്‍ ദോഷകരമോ ന്യൂട്രലോ ആയ മാറ്റങ്ങളാവും ഉണ്ടാക്കുക. അവയൊന്നിനെയും പ്രകൃതി സെലക്ട് ചെയ്യുകയുമില്ല. 

4) ലഘുവായ മാറ്റങ്ങളിലൂടെ പുരോഗമിച്ചാണ് പരിണാമ പ്രകാരം കൂടുതല്‍ സങ്കീര്‍ണമായ അവയവങ്ങളുടെ ഉത്പത്തിയുണ്ടാവുക. എന്നാല്‍ യാദൃച്ഛികതയുടെ മൂര്‍ധന്യാവസ്ഥയില്‍ ഒരു മാറ്റം സംഭവിച്ചാല്‍ തന്നെ പൂര്‍ണമല്ലാത്ത, വളരെ ലഘുവായ ഉപകാരമില്ലാത്ത അത്തരം ഒന്ന് ആ ജീവിയില്‍ ഊര്‍ജ നഷ്ടം മാത്രമെ ഉണ്ടാക്കൂ. അതുകൊണ്ട് പ്രകൃതിയില്‍ അത് സെലക്ട് ചെയ്യപ്പെടുകയുമില്ല. 

അഥവാ ഒരു ജീവിവര്‍ഗം പരിണമിച്ച് മറ്റൊന്നാവുന്നതിനല്ല അതേപടി നിലനിര്‍ത്തുന്നതിനാണ് പ്രകൃതിയുടെ പിന്തുണ. ഒരു ജീവജാതിക്ക് അനുഗുണമായ ചെറിയൊരു മാറ്റം സംഭവിക്കുന്നത് തന്നെ ഇത്രത്തോളം അസംഭവ്യം ആണെന്നിരിക്കെ നൂറ് ബില്യണ്‍ ന്യൂറോണ്‍ ബന്ധങ്ങളുള്ള മനുഷ്യ മസ്തിഷ്‌കവും 576 മെഗാ പിക്‌സല്‍  Resolution  proteins വരുന്ന കണ്ണുമൊക്കെ ഈ ജനിതകത്തകരാറ് സൃഷ്ടിച്ചത് ആണെന്ന് വിശ്വസിക്കുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്? 

അനേകം ലഘുരൂപങ്ങള്‍ മാത്രം ചേര്‍ന്ന് വികസിത അവസ്ഥയില്‍ എത്തുന്നതാണ് എല്ലാ അവയവങ്ങളും. അതിനിടക്ക് യാദൃച്ഛിക വ്യതിയാനങ്ങളുടെ ഫലമായുണ്ടാകുന്ന ഉപകാരമില്ലാത്ത ലഘുവായ മാറ്റങ്ങളെ ഒരു ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത് നിലനിര്‍ത്തിയാലല്ലാതെ പരിണാമ സിദ്ധാന്തപ്രകാരം പോലും ഒരു പൂര്‍ണ അവയവം ഉണ്ടാകില്ല. അഥവാ പരിണാമ പ്രകാരം തന്നെ ജീവി വര്‍ഗങ്ങള്‍ ഉടലെടുക്കണം എന്ന് വാശിപിടിച്ചാല്‍ പോലും ഉദ്ദേശ്യ ലക്ഷ്യത്തോടെ, ബോധപൂര്‍വമായൊരു ഇടപെടലിന്റെ ഭാഗമായി പരിണാമം ആ വഴിക്ക് നയിക്കപ്പെടുകയായിരുന്നു എന്ന് അംഗീകരിക്കേണ്ടി വരും. രണ്ടായിരുന്നാലും നിരീശ്വരവാദത്തിന്റെ തലക്ക് ഏല്‍ക്കുന്ന പ്രഹരം ആണത്. തന്റെ സിദ്ധാന്തത്തിന് തെളിവാകുമെന്ന് ഡാര്‍വിന്‍ തന്നെ വിശ്വസിച്ചാശ്വസിച്ച ഫോസില്‍ തെളിവുകള്‍ പോലും ഇന്ന് പരിണാമത്തെ തിരിഞ്ഞ്‌കൊത്തുന്ന അവസ്ഥയിലാണ്. ഭൂമുഖത്തുള്ള കോടിക്കണക്കിന് ജീവി വര്‍ഗങ്ങളുടെ ഒന്നിന്റെയും ഉല്‍പത്തി പരിണാമസിദ്ധാന്ത പ്രകാരം ബോധ്യപ്പെടുത്തുന്ന ഇടക്കണ്ണി ഫോസിലുകള്‍ ലഭ്യമല്ലെന്ന് മാത്രമല്ല പെട്ടെന്നുള്ള ജീവിവര്‍ഗങ്ങളുടെ ഉത്പത്തിയെയാണ് പാലിയെന്തോളജിക്കല്‍ തെളിവുകള്‍ കാണിക്കുന്നത്. കാമ്പ്രിയന്‍ കാലഘട്ടം ഇതിനൊരു ഉദാഹരണമാണ്. അന്നുവരെ മുന്‍രൂപങ്ങള്‍ കാണാനില്ലാത്ത, എന്നാല്‍ വളരെ വികസിച്ച ശാരീരിക അവയവങ്ങളോട് കൂടിയ ജീവി വര്‍ഗങ്ങളുടെ പൊടുന്നനെയുള്ള ഉല്‍പത്തിയാണ് കാമ്പ്രിയന്‍ കാലഘട്ടത്തിലെ ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് അന്ധമായ വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കുന്ന ക്രമപ്രവൃദ്ധമായ മാറ്റങ്ങളെയല്ല; വളരെ ഉദ്ദേശ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കപ്പെട്ടൊരു ജീവലോകത്തെയാണ്. 

എന്നാല്‍ ഒരു തിയറി എന്ന നിലയ്‌ക്കെങ്കിലും ഇത്തരം സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നത് ശാസ്ത്രത്തിന്റെ ചില ന്യൂനതകളെ ആശ്രയിച്ചാണ്. ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ശാസ്ത്രം ഒരു സിദ്ധാന്തത്തിലേക്ക് എത്തുന്നത് എങ്കിലും നിരീക്ഷകന്റെ പരിമിതിയും അതിനെ ബാധിക്കും. ഉദാഹരണത്തിന് ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ആപേക്ഷികമായി ഭൂമി പരന്നതായാണ് മനസ്സിലാവുക; യാഥാര്‍ഥ്യം അതല്ല എങ്കില്‍ പോലും. ഇത് നിരീക്ഷണപരമായൊരു ന്യൂനതയാണ്. എന്നാല്‍ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്ന ആള്‍ക്ക് പൂര്‍ണമായും ഭൂമിയുടെ ഗോളാകൃതിയെ ഉള്‍ക്കൊള്ളാനാവും. ഇങ്ങനെ പുതിയ രീതിയില്‍ പഠിക്കുമ്പോള്‍ തെറ്റുകള്‍ മനസ്സിലാക്കിയും തിരുത്തിയും തന്നെയാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ശാസ്ത്രത്തില്‍ പൂര്‍ണ സത്യങ്ങള്‍ ഇല്ലെന്ന് പറയുന്നത്. 

ഇത്തരത്തില്‍ ജീവ ശാസ്ത്രത്തെ മറ്റൊരു തലത്തില്‍ നിന്ന് മനസ്സിലാക്കാനുള്ള വിജയകരമായ മുന്നേറ്റം ശാസ്ത്ര ലോകത്ത് തുടങ്ങിക്കഴിഞ്ഞു. ക്വാണ്ടം ബയോളജി എന്നറിയപ്പെടുന്ന ഈ ശാഖ ജീവശാസ്ത്രത്തെ സൂക്ഷ്മമായി കണികാ തലത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചുള്ള പഠനമാണ്. ജീവശാസ്ത്ര രംഗത്ത് മനസ്സിലാക്കാന്‍ കഴിയാതെ കിടന്ന പലതിനും ഇതിനകം ഉത്തരം നല്‍കാന്‍ ഈ ശാഖയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതുകൊണ്ടാണ് ഇതിനെ വിജയകരമായ മുന്നേറ്റം എന്ന് വിലയിരുത്തിയത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ റോബിന്‍ എന്ന ഒരു തരം പക്ഷിയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം സുപ്രസിദ്ധ ശാസ്ത്ര ജേര്‍ണല്‍ ആയ നേച്ചറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പക്ഷി കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് സ്‌കാന്‍ഡിനേവിയയില്‍ നിന്നും ആയിരം മൈലുകള്‍ക്ക് അപ്പുറം ആഫ്രിക്കയിലേക്കും തിരിച്ചും വര്‍ഷാവര്‍ഷം നടത്തുന്ന യാത്രയില്‍ അവയ്ക്ക് വഴി മനസ്സിലാകുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഇതിലൂടെ ഉത്തരം ലഭിക്കുന്നത്. പറക്കുന്നതിനിടെ ഈ പക്ഷിയുടെ കണ്ണിലെ റെറ്റിനയില്‍ പതിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാകുന്ന രണ്ട് entangled  ആകുന്ന (quantum entanglement) electron കണികകളുടെ പരസ്പര വിരുദ്ധമായ കറക്കത്തെ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കിയാണ് ഈ പക്ഷി വഴി തിട്ടപ്പെടുത്തുന്നത് എന്നതാണ് പുതിയ നിരീക്ഷണം. നൂറ് മൈക്രോ സെക്കന്‍ഡ് വരെയെങ്കിലും ഈ ക്വാണ്ടം അവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടാണ് ഇവ സ്വയം ഒരു ക്വാണ്ടം മെക്കാനിക്കല്‍ GPS navigation സൃഷ്ടിക്കുന്നത് എന്നത് ശാസ്ത്ര ലോകത്തിന് തന്നെ വലിയൊരു അത്ഭുതമാണ്. 

മനുഷ്യകുലം തന്നെ അടുത്തകാലത്ത്, അതും വിസ്മയത്തോടെ മാത്രം മനസ്സിലാക്കിയ ലോകം കണ്ട മികച്ച ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന് (Albert Einstein) പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ Spooky action എന്ന് വിശേഷിപ്പിച്ച പ്രപഞ്ചത്തിന്റെ ക്വാണ്ടം അവസ്ഥകളെ ഒരു ചെറിയ പക്ഷി മനസ്സിലാക്കി അതിനെ ഉപയോഗിക്കുന്നൊരു ജൈവസംവിധാനം തന്നെ രൂപപ്പെടുത്തി എന്നതൊക്കെ ഏത് ജനിതകത്തകരാറ് കൊണ്ടാണ് വ്യാഖ്യാനിച്ചൊപ്പിക്കാന്‍ കഴിയുക? ഉദ്ദേശ്യ ലക്ഷ്യത്തോടുള്ള ബോധപൂര്‍വമായ ഒരസ്തിത്വത്തിന്റെ ഇടപെടല്‍ ഇല്ലാതെ എങ്ങനെയാണ് പ്രപഞ്ചത്തിന്റെ സ്ഥൂല ലോകത്തേക്ക് പ്രവര്‍ത്തിക്കാത്ത ഇത്തരം ക്വാണ്ടം പ്രതിഭാസത്തെ പോലും ഉപയോഗിക്കുന്നൊരു ജൈവ സംവിധാനം ഒരു ചെറുപക്ഷിയില്‍ സൃഷ്ടിക്കപ്പെടുക? 

ഫ്രെഡ് ഹോയില്‍ വിലയിരുത്തിയ പോലെ ഇത്രയും ആസൂത്രിതവും സങ്കീര്‍ണവുമായ ഒരു വ്യവസ്ഥ ദൈവത്തെ കൂടാതെ ഉടലെടുത്തു എന്ന് വിശ്വസിക്കുന്നത് ഒരു കാറ്റടിച്ചപ്പോള്‍ യാദൃച്ഛികമായൊരു വിമാനം തന്നെ ഉണ്ടായിവന്നു എന്ന് വിശ്വസിക്കുന്നതു പോലത്തെ വിഡ്ഢി വിശ്വാസം മാത്രമാണ്. എന്നാല്‍ എത്ര തന്നെ വിഡ്ഢിത്തമാണെന്ന് ബോധ്യമായാലും സ്വന്തം ജീവിത സങ്കല്‍പങ്ങള്‍ക്ക് എതിരാവുമെന്നതുകൊണ്ട് ദൈവത്തെ മാത്രം അംഗീകരിക്കില്ല എന്ന വാശി ചുമന്ന് ജീവിക്കുന്നവരെ സംബന്ധിച്ച് ദൈവത്തിന് പകരം യാദൃച്ഛികതയെ പ്രതിഷ്ഠിച്ച് ആശ്വാസം കണ്ടെത്തുകയല്ലാതെ വേറെന്തുവഴി?!