സമകാലീന സമൂഹത്തില്‍ വക്കംമൗലവിയുടെ ചിന്തകളുടെ പ്രസക്തി

യൂസുഫ് സാഹിബ് നദ്‌വി

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

(വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും: 4)

സമകാലീന സാഹചര്യത്തില്‍ വക്കംമൗലവിയുടെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വ്യക്തമായ ഇസ്‌ലാമിക പാണ്ഡിത്യവും ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായ അഭിപ്രായ വീക്ഷണങ്ങളും പ്രകടമാക്കിയിരുന്ന വക്കംമൗലവിയുടെ ജീവസ്സുറ്റ ചിന്തകള്‍ക്ക് പുനര്‍ജീവന്‍ നല്‍കാന്‍ ആ മഹാത്മാവിനെ സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവരേണ്ടതുണ്ട്. ശരിക്കും കൊണ്‍ഗ്രസ്സ് വീക്ഷണങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി പ്രവര്‍ത്തിച്ചുവന്നയാളായിരുന്നു വക്കംമൗലവി. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിക്കൊണ്ട് കലാലയങ്ങള്‍ കയ്യൊഴിയാനും സ്വാതന്ത്ര്യ സമരരംഗത്ത് സജീവമാകാനും ഗാന്ധിജിയും ദേശീയ നേതാക്കളും ആഹ്വാനം ചെയ്തു. എന്നാല്‍ ഇതേസമയത്ത് തന്നെ ദില്ലിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ ഉപരിപഠനം നടത്തിവരികയായിരുന്ന തന്റെ മകനെ ആ സ്ഥാപനത്തില്‍നിന്നും പിന്‍വലിക്കാനോ തന്റെ ലക്ഷ്യത്തില്‍നിന്നും പിന്തിരിക്കാനോ വക്കം മൗലവി തയ്യാറായില്ല. 

ജാമിഅയുടെ സ്ഥാപകരായ അലിസഹോദരന്മാര്‍, മൗലാനാ ആസാദ് തുടങ്ങിയ പ്രമുഖന്മാരുമായി മൗലവിക്ക് നേരില്‍ ബന്ധമുണ്ടായിരുന്നു. എങ്കിലും തന്റെ മകന്‍ ഈ സന്ദര്‍ഭത്തില്‍ കോളേജ് വിട്ടിറങ്ങാതെ ഉപരിപഠനത്തില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു മൗലവിയുടെ നിലപാട്. ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്ന ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ദേശീയ മുസ്‌ലിം നേതാക്കളുടെയും ബുദ്ധിജീവികളുടെയും കേന്ദ്രമായി വികസിച്ച ഒരുന്നത വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. ഈ ബന്ധമാണ് തന്റെ മകന്‍ അബ്ദുസ്സലാമിനെ അവിടെ അയച്ച് ബി.എ.ബിരുദധാരിയാക്കാന്‍ മൗലവിയെ പ്രേരിപ്പിച്ചത്. അറബി അധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹം അക്കാലത്തെ പ്രമുഖന്മാരായ എഴുത്തുകാരില്‍ ഒരാളായി വളര്‍ന്നു. എണ്ണമറ്റ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ശംസുല്‍ ഉലമ ശിബിലി നുഅ്മാനിയുടെ 'അല്‍ഫാറൂക്വ്' എന്ന ഉര്‍ദു ചരിത്ര പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതും അദ്ദേഹമായിരുന്നു. യുവായായിരിക്കേ 35ാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.

അലിഗര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിവന്നിരുന്ന കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഅ്മാന്‍ സാഹിബ് പോലും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഏടുത്ത് ചാടി പഠനം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിവന്ന സാഹചര്യം ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

കേരളത്തില്‍ സജീവമായിരുന്ന ദേശീയ പ്രസ്ഥാനത്തില്‍ വക്കംമൗലവി സജീവമായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന മജ്‌ലിസുല്‍ ഉലമയെന്ന പണ്ഡിതസഭയില്‍ വക്കംമൗലവിയും അംഗമായിരുന്നു. 1922ലെ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രഥമയോഗത്തിന്റെ അധ്യക്ഷപദവിയും വക്കം മൗലവിക്കായിരുന്നു. ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ചേര്‍ന്ന മജ്‌ലിസ് ഉലമയുടെ യോഗത്തിലും വക്കംമൗലവിയുടെ സജീവ സാന്നിധ്യം നമുക്ക് കണ്ടെത്താനാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ബഹുമുഖ അജണ്ടകള്‍ ഉപയോഗിക്കണമെന്ന വീക്ഷണമായിരുന്നു മുഖ്യ മുന്നണിപ്പോരാളിയായിരുന്ന കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ശക്തമായ ജാതീയതയും ദളിത് വിരോധവും പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരിലും ആരോപിക്കപ്പെട്ടപ്പോഴും സമൂഹത്തിലെ മുഖ്യധാരയില്‍നിന്നും വിദൂരവല്‍ക്കരിക്കപ്പെട്ടിരുന്ന ദൡത് പിന്നോക്ക വിഭാഗങ്ങളെ ഒന്നിച്ചുനിര്‍ത്തി സ്വാതന്ത്ര്യ സമരരംഗം സജീവമാക്കാന്‍ ഗാന്ധിജിയും ആസാദും നെഹ്‌റുവും ആഹ്വാനം ചെയ്തു. ദൡതുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ പോരാട്ടങ്ങള്‍, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ ബഹുമുഖ സമരപദ്ധതികള്‍ ഇതിന്റെ ഭാഗമായിരുന്നു. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ഉന്നമനത്തെ ലക്ഷ്യമിട്ടുകൊണ്ട് വക്കംമൗലവി തന്റെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരത്തിയ വരികള്‍ ഈ രംഗത്തെ പകരം വെക്കാനില്ലാത്ത സംഭാവനകളായി നാം മനസ്സിലാക്കേണ്ടതാണ്. കേലവം മുസ്‌ലിം നേതാവ്, മതപണ്ഡിതന്‍, സ്വാതന്ത്ര്യ സമരഭടന്‍ എന്നതിനെല്ലാം ഉപരിയായി സമൂഹത്തിന്റെ എല്ലാ ഓരോ പ്രശ്‌നങ്ങളിലും തന്റെ ശ്രദ്ധയെ കേന്ദ്രീകരിപ്പിച്ച് പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന മാതൃകായോഗ്യനായ ബഹുമുഖ പ്രതിഭയായിരുന്നു വക്കം അബ്ദുല്‍ഖാദര്‍ മൗലവി(റഹ്).

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം രാജ്യത്തിന്റെ വിവിധകോണുകളില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനൊപ്പം സജീവമായി ഉയര്‍ന്നുപൊങ്ങുന്നതിന്നിടയില്‍ ചില ഒറ്റപ്പെട്ട അപശബ്ദങ്ങളും ഉയര്‍ന്നത് ഇത്തരണത്തില്‍ കാണാതിരിക്കാനാവില്ല. ഭാരതീയരില്‍ കൂടുതലും ഹിന്ദുമതവിശ്വാസികള്‍ ആയിരുന്നല്ലോ. ദേശീയ സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രമുഖന്മാരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കള്‍. അപ്പോള്‍ സ്വാഭാവികമായും രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതോടെ ഈനാട് ഒരു ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കപ്പെടുമെന്ന പ്രചരണത്തിന് ആക്കവും തൂക്കവും ലഭിച്ചിരുന്ന ഒരു സാഹചര്യംകൂടി അന്ന് നിലവിലുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളില്‍ ചിലര്‍ പുലര്‍ത്തിവന്നിരുന്ന ഒറ്റപ്പെട്ട നിലപാടുകളും വീക്ഷണങ്ങളും ഈ അഭിപ്രായത്തെ ശരിയെന്ന് ധ്വനിപ്പിക്കാനും പര്യാപ്തമായിരുന്നു. ഇന്ത്യ ദാറുല്‍ഹര്‍ബാണെന്നും ഇസ്‌ലാമിക വിശ്വാസികള്‍ക്ക് ഇവിടെ ജീവിക്കല്‍ അനുവദനീയമല്ലെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഒറ്റപ്പെട്ട ചില മതപുരോഹിതന്മാര്‍ നല്‍കിയെന്ന് പറയപ്പെടുന്ന മതവിധികളായിരുന്നു ഇതിനുള്ള തെളിവ്. ഈ മതവിധിയെ ആധികാരിക പ്രമാണമായി സ്വീകരിച്ച നിരവധിയാളുകള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യമുണ്ടായി. 

1920 ജൂണ്‍ മാസത്തില്‍ അലഹബാദില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തിലാണ് 'ചെകുത്താന്റെ നാട്ടില്‍നിന്നും രക്ഷതേടി ഇസ്‌ലാമിന്റെ നാടായ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുക'യെന്ന ആഹ്വാനമുണ്ടായത്. വിവേകരഹിതമായ ഈ തീരുമാനം മുസ്‌ലിം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്ന അഭിപ്രായവും കാണാതിരിക്കാനാവില്ല. വിവേകവും ക്ഷമയും നഷ്ടപ്പെട്ട ഏതാനും നേതാക്കളുടെ ക്രൂരമായ നിലപാടുകള്‍ ഒരു സമൂഹത്തെ ഇതിനു നിര്‍ബന്ധിതരാക്കിയെന്ന അഭിപ്രായത്തിന് പ്രസക്തി ലഭിച്ചിട്ടുണ്ട്. കന്നുകാലികളെ വിറ്റ് ഉപജീവനം നിര്‍വഹിച്ചിരുന്ന പട്ടിണിപ്പാവങ്ങള്‍ ജന്മനാട്ടില്‍ എല്ലാം തുച്ഛമായ ചില്ലറകള്‍ക്ക് വിറ്റുപെറുക്കി അഫ്ഗാനിസ്ഥാനിലേക്ക് യാത്രയായി. കെട്ടുകഥകളും കിംവദന്തികളും ഈ പലായനത്തിന് അകമ്പടിസേവിച്ചു. ഏകദേശം 20,000 ആളുകള്‍ അഫ്ഗാനിലെ ഖൈബര്‍ ചുരം താണ്ടിയതായി ചരിത്രം രേഖപ്പെടുത്തുന്നു. എന്നാല്‍ വിഭജനത്തിന്റെ സകല പാപഭാരങ്ങളും വഹിക്കേണ്ടിവന്ന മുഹമ്മദലി ജിന്ന ഈ പലായനത്തിനെ രൂക്ഷമായി എതിര്‍ത്തുവെന്നതാണ് കൂടുതല്‍ ശരി.

വിവേകരഹിതരായ ഒരു സമൂഹത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയില്‍ രൂപപ്പെട്ട ഈ അഫ്ഗാന്‍ പലായാനം ദുരന്തങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. പൊതുവേ സാമ്പത്തികമായി സുരക്ഷിതമായിരുന്നില്ല അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിലെ രാജാവാകട്ടെ ബ്രിട്ടീഷുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയും. പലായനം ചെയ്ത് എത്തുന്നവരെയെല്ലാം ഇരുകയ്യുംനീട്ടി ഹാര്‍ദമായി സ്വീകരിക്കാനുള്ള സംവിധാനമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അഭയാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രണാതീതമായതോടേ പലായനം നിയമംമൂലം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തുവന്നു. പകര്‍ച്ചവ്യാധിയും പട്ടിണിയും വ്യാപകമായി. യാത്ര തിരിച്ചവരും പാതിവഴിയില്‍ മടങ്ങിയവരും കാബൂള്‍ മുതല്‍ പെഷവാര്‍ വരെയുള്ള വഴിയരികുകളില്‍ കൂട്ടത്തോടെ മരിച്ചുവീണു. സ്വദേശത്തേക്ക് മടങ്ങിയെത്തിയവര്‍ക്ക് നിരാശമാത്രം ബാക്കിയായി. ഖിലാഫത്തിനും കോണ്‍ഗ്രസ്സിനുമെതിരില്‍ രാജവ്യാപകമായി കലാപക്കൊടികളുയര്‍ന്ന ദിനരാത്രങ്ങളായിരുന്നു അന്ന്. ഗാന്ധിജിയെയും ചര്‍ക്കയെയും ജനങ്ങള്‍ ശപിച്ചു. 

ഖിലാഫത്തിനോടും കോണ്‍ഗ്രസ്സിനോടും വ്യക്തമായ അനുഭാവവും ബന്ധവുമുണ്ടായിരുന്ന വക്കം മൗലവിയുടെ ദീര്‍ഘവീക്ഷണവും നിലപാടുകളും ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമായിരുന്നു. അദ്ദേഹം ഈ പലായനത്തെ അനുകൂലിച്ചുകൊണ്ട് ഒരക്ഷരംപോലും ഉരിയാടിയിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ചിന്താരഹിതമായും വിവേകമില്ലാതെയും സ്വദേശംവിട്ട് ഇതര നാടുകളിലേക്ക് കുടിയേറുന്ന വിവേകരഹിതരായ ചിലയാളുകളുടെ പ്രവൃത്തിദോഷം അക്ഷരാര്‍ഥത്തില്‍ ഇസ്‌ലാമിക ചലനങ്ങളെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സലഫി മൂവ്‌മെന്റുകള്‍ക്കെതിരില്‍ അനാശാസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കാനും ഇത്തരം സന്ദര്‍ഭങ്ങളെ ചിലയാളുകള്‍ ഉപയോഗപ്പെടുത്തിവരുന്നു. യാഥാര്‍ഥ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വസ്തുതകള്‍ ഇതിന് നേര്‍വിപരീത ദിശയിലാണ് കാണാനാവുക. മൗലാനാ ആസാദിന്റെ 'അല്‍ഹിലാല്‍,' അലിസഹോദരന്മാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'കോമ്രെഡ്,' അഅ്‌സംഘട്ടില്‍നിന്നുള്ള 'അല്‍മആരിഫ്,' ഈജിപ്തില്‍ നിന്നുള്ള 'അല്‍ബലാഗ്,' 'അല്‍മനാര്‍' തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലെ ചലനങ്ങള്‍ സുവ്യക്തമായി നിരീക്ഷിച്ചുകൊണ്ടിരുന്ന വക്കം മൗലവിയുടെ നിഗമനങ്ങളും കണ്ടെത്തലുകളും മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതമായ ഭാവിക്ക് എന്നും ഏറെ അനുഗൃഹീതമായി മാത്രമെ ഭവിച്ചിട്ടുള്ളൂ.

ഇത്തരം കലുഷിതമായ അന്തരീക്ഷത്തില്‍ കേരളീയ സമൂഹത്തെ പലായനം ചെയ്യിക്കാതെയും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയും പിടിച്ചുനിര്‍ത്തുന്നതില്‍ വക്കം മൗലവിയുടെ ചിന്തകള്‍ക്കും വരികള്‍ക്കുമുള്ള സ്വാധീനം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിലും ഉപരിയാണ്. കലാലയങ്ങള്‍ കൊലാലയങ്ങളാണ് എന്നു പറഞ്ഞ് 'ത്വാഗൂത്തിന്റെ' വിദ്യയും സര്‍ട്ടിഫിക്കറ്റുകളും ഉപേക്ഷിക്കാനായിരുന്നു മറ്റുചിലരുടെ ആഹ്വാനം. ബ്രിട്ടീഷുകാരായാ ഗുരുക്കന്മാരില്‍നിന്നും ബ്രിട്ടീഷ് വിദ്യാഭ്യാസ സംവിധാനങ്ങളില്‍നിന്നും പ്രയോജനപ്രദമായതെല്ലാം സ്വീകരിക്കാനും സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന നിലയില്‍ അവ പ്രയോജനവല്‍ക്കരിക്കുവാനും വക്കം മൗലവി ആഹ്വാനം ചെയ്തു. വക്കംമൗലവി ഉള്‍ക്കൊണ്ട ഇസ്‌ലാമിക വിദ്യാഭ്യാസവും പരിഷ്‌ക്കരണ ചിന്തകളുമാണ് ഇവിടെയെല്ലാം തെളിഞ്ഞു നില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

വക്കം മൗലവിയില്‍നിന്നും ശരിയായ നിലയില്‍ ഇസ്‌ലാമിക പാഠങ്ങളും സംഘടനാ പാടവവും ഗ്രഹിച്ച അദ്ദേഹത്തിന്റെ പ്രമുഖനായ ശിഷ്യന്‍ കെ.എം.മൗലവിയും ഇതേ പാതതന്നെ തുടര്‍ന്നു. വിഭജനത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍നിന്നും പലരും കറാച്ചിയിലേക്ക് വണ്ടി കയറിയപ്പോഴും കെ.എം.മൗലവിയും അദ്ദേഹത്തിന്റെ പ്രബുദ്ധരായ ശിഷ്യന്മാരും ഈ മണ്ണില്‍തന്നെ ഉറച്ചുനിന്നത് അവര്‍ ആര്‍ജിച്ചെടുത്ത ശരിയായ പഠനങ്ങളുടെ തെളിവാണ്. (അവസാനിച്ചില്ല)