തങ്ങളെന്ത്യേ മുജാഹിദായത്?

എസ്.എ ഐദീദ് തങ്ങള്‍

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശത്തായിരുന്നു അന്ന് സ്‌ക്വാഡ്. വലിയ ഗേറ്റും ചുറ്റും ഉയരമുള്ള മതില്‍ക്കെട്ടുമുള്ള ആ വലിയ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ഒരു യാത്രകഴിഞ്ഞു വന്ന ക്ഷീണത്തിലായിരുന്നു ആ വീട്ടുകാര്‍.

''എന്താ? പിരിവിനു വന്നവരാണോ?'' 

രൂക്ഷമായ നോട്ടത്തോടെയുള്ള അയാളുടെ ചോദ്യം ഞങ്ങളെ അസ്വസ്ഥരാക്കിയില്ല. കാരണം ഇത് പുതിയ അനുഭവമല്ല. 

''ഞങ്ങള്‍ പിരിവിനു വന്നവരൊന്നുമല്ല. 'സാല്‍വേഷന്‍' എന്ന പേരില്‍ ഒരു ഇസ്ലാമിക് എക്സിബിഷന്‍ കോഴിക്കോട്ട് നടക്കാനിരിക്കുന്നു. അതിലേക്ക് നിങ്ങളെയൊക്കെ ക്ഷണിക്കാന്‍ വന്നതാ'' ഞാന്‍ പറഞ്ഞു.

''ഏത് പാര്‍ട്ടിക്കാര്‍ നടത്തുന്നതാ ഈ പരിപാടി? എ.പി.യോ? ഇ.കെ.യോ? ജമാഅത്തോ... ആരാ...?''

''ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ കീഴില്‍ സംഘടിപ്പിക്കുന്നതാണ്'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് പടര്‍ന്ന നീരസം ചെറുതല്ലായിരുന്നു.

ഒന്നും പറയാതെ പെട്ടെന്ന് അയാള്‍ അകത്തേക്കൊരു പോക്കായിരുന്നു! പിന്നെ രണ്ടു മിനുട്ട് കഴിഞ്ഞ് കാണും; മധ്യവയസ്‌ക്കനായ മറ്റൊരാളെയും കൂട്ടി അയാള്‍ പുറത്തുവന്നു. അയാള്‍ വന്നപാടെ കയറി ഇരിക്കാന്‍ പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് കസേര നീട്ടിയിട്ട് തന്നത് എന്നെ അത്ഭുതപ്പെടുത്തി. ദൂരെ മാറി മറ്റൊരു കസേര നീക്കിയിട്ട് അതില്‍ ഇരിക്കവേ അയാള്‍ ഞങ്ങളോടായി പറഞ്ഞു: 

''നിങ്ങള്‍ മുജാഹിദുകള്‍ ഞങ്ങളെയൊക്കെ കാഫിറാക്കുന്നവരാണെന്ന കാര്യം ഞങ്ങള്‍ക്ക് ശരിക്കറിയാം. എങ്കിലും എന്റെ വീട്ടില്‍ നിങ്ങള്‍ കയറിവന്ന  സ്ഥിതിക്ക് കയറ്റിയിരുത്തേണ്ടത് ഞങ്ങളുടെ മര്യാദയാണല്ലോ.''

ഞാന്‍ പറഞ്ഞു: ''കയറി ഇരിക്കാന്‍ പറഞ്ഞതിന് വളരെയേറെ നന്ദിയുണ്ട്. ഇനി ഞങ്ങള്‍ക്ക് പറയുവാനുള്ളത് കേള്‍ക്കലും ഒരു മര്യാദയായി തോന്നുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് അല്‍പം സംസാരിക്കാനുണ്ട്.''

''പറഞ്ഞോളൂ... കേള്‍ക്കാന്‍ മടിയൊന്നുമില്ല. ഞങ്ങളല്‍പം ക്ഷീണത്തിലാണെന്ന് മാത്രം. പുത്തന്‍ പള്ളി, മുനമ്പത്ത് ജാറം, മമ്പുറം മഖാം തുടങ്ങി കുറെ ജാറങ്ങളില്‍ സിയാറത്ത് ചെയ്ത് ഞങ്ങള്‍ അല്‍പം സമയം മുമ്പാണ് എത്തിയത്. നല്ല യാത്രാ ക്ഷീണമുണ്ട്'' അയാള്‍ പറഞ്ഞു.

''ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം. ഞങ്ങള്‍ ഇറങ്ങട്ടെ.''

''ഹേയ് അത് വേണ്ട. ഏതായാലും വന്നതല്ലേ. നിങ്ങള്‍ക്കെന്താ പറയാനുള്ളത്?''

''നിങ്ങള്‍ സിയാറത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് പറയട്ടെ, മമ്പുറത്ത് പോയത് ഏതായാലും വെറുതെയായി; മറ്റുള്ള ജാറങ്ങളില്‍ പോയത് കാര്യമായി എന്ന് ഇത് കൊണ്ട് അര്‍ഥമാക്കേണ്ടതില്ല' ഞാന്‍ പറഞ്ഞു.

''അതെന്താ മമ്പുറം ജാറം നിങ്ങള്‍ പ്രത്യേകം പറയാന്‍ കാരണം? കൂടുതല്‍ പോരിശ അതിനാണല്ലോ!'' അയാള്‍ ജിജ്ഞാസയോടെ ചോദിച്ചു. 

എന്റെ കൂടെയുണ്ടായിരുന്ന ഫൈസലാണ് മറുപടി പറഞ്ഞത്: ''മൂപ്പര് മമ്പുറം തങ്ങളുടെ പരമ്പരയില്‍ പെട്ടതാണ്. അത്‌കൊണ്ടാ അത് പ്രത്യേകം എടുത്തു പറഞ്ഞത്!''

''റബ്ബേ...! തങ്ങള്‍പാപ്പേണോ? ഈ പിഴച്ചവരുടെ കൂട്ടത്തില്‍ നിങ്ങള്‍ എങ്ങനെയാ പെട്ടുപോയത്?'' അയാള്‍ അവിശ്വസനീയതയോടെ ചോദിച്ചു.

''നിങ്ങള്‍ക്ക് യാത്രാക്ഷീണമുണ്ടെന്നല്ലെ പറഞ്ഞത്? ഞാന്‍ മുജാഹിദായ കഥപറഞ്ഞു തീര്‍ക്കാന്‍ അരമണിക്കുറെങ്കിലും സമയമെടുക്കും. കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാനത് പറയാം.''

''ഓ, ക്ഷീണം... തങ്ങളത് സാരമാക്കേണ്ട. ഇതെപ്പോഴുമില്ലല്ലോ.''

കിട്ടിയ അവസരം പാഴാക്കേണ്ടെന്ന് ഞാനും കരുതി. അയായുടെ അടുത്തേക്ക് കസേര അല്‍പം നീക്കിയിട്ട് കൊണ്ട് ഞാന്‍ പറഞ്ഞു: ''എന്റെ സുഹൃത്തിനുണ്ടായ ഒരനുഭവമാണ് ആദ്യം ആ വഴിക്ക് ചിന്തിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയത്. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സംഭവം. 1977 കാലഘട്ടം. കുവൈത്തിലേക്ക് വിസയും അന്വേഷിച്ച് നടക്കുന്ന സമയം. സ്‌നേഹിതനും എന്നെപ്പോലെ വിസക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു ദിവസം പള്ളിയിലെ മുസ്‌ലിയാര്‍ സ്‌നേഹിതനോട് പറഞ്ഞു:

''നിനക്ക് വേഗം വിസകിട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്. വെളിയങ്കോട് അടുത്ത് ജിന്ന് ബാധിച്ച ഒരാളുണ്ട്.അവിടെ പോയാല്‍ മതി. ആ വലിയ്യ് അവിടെ ചെല്ലുന്നവര്‍ക്ക് പല ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്നുണ്ടെന്നാണറിഞ്ഞത്. നീ അവിടെയൊന്ന് പോയി നോക്കണം. ചിലപ്പോള്‍ കാര്യം നടന്നെന്ന് വരും.''

സ്‌നേഹിതന്‍ മുസ്‌ലിയാരുടെ ഉപദേശം സ്വീകരിച്ച് ഒരു ദിവസം അവിടെ ചെന്നു. അവന്‍ ചെന്ന സമയത്ത്കുറെ സ്ത്രീകള്‍ പുറത്ത് കാത്തിരിക്കുന്നുണ്ട്. ടോക്കണെടുക്കാന്‍ ആരോ പറഞ്ഞതനുസരിച്ച് അവനും ടോക്കണെടുത്ത് തന്റെ പേര്‍ വിളിക്കുന്നതും കാത്ത് ഒരിടത്തിരുന്നു. സമയം ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും അവന്റെ നമ്പറെത്താന്‍ ഇനിയും ആളുകള്‍ ഏറെ! അപ്പോഴാണ് അകത്തുനിന്ന് ഒരാള്‍ പുറത്തേക്ക് എത്തിനോക്കിക്കൊണ്ട് ഒരു അനൗണ്‍സ്‌മെന്റ് പോലെ ഇങ്ങനെ പറഞ്ഞത്: ''ശൈഖവര്‍കള്‍ അല്‍പ സമയം ഉറങ്ങാന്‍ പോകുന്ന നേരമാണിത്. അത്‌കൊണ്ട് ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ പരിശോധനയുണ്ടാവൂ. അതിനാല്‍ അത്യാവശ്യത്തിന് വല്ലവര്‍ക്കും പുറത്ത് പോകാനുണ്ടെങ്കില്‍ പോയി വരാം.'' 

ഇത്‌കേട്ട് സ്‌നേഹിതന്‍ പുറത്തേക്കിറങ്ങി ഹോട്ടല്‍ തേടിപ്പോയി. ഭക്ഷം കഴിച്ച് തിരിച്ചു വന്നിട്ടും ശൈഖവര്‍കള്‍ ഉറക്കത്തില്‍ തന്നെയാണ്! ഏതായാലും വന്നുപെട്ടല്ലോ എന്ന് കരുതി അവന്‍ തന്റെ നമ്പര്‍ വിളിക്കുന്നതും കാത്തിരുന്നു. 

ഒടുവില്‍ അവന്റെ ഊഴം വന്നു. ശൈഖിന്റെ മുന്നിലെത്തിയ അവന്‍ തന്റെ ഉദ്ദേശ്യം അയാളുടെ മുന്നില്‍ അവതരിപ്പിച്ചു. അയാള്‍ സ്‌നേഹിതന്റെ കര്‍ച്ചീഫ് വാങ്ങി അതില്‍ എന്തൊക്കെയോ മന്ത്രിച്ചൂതി ഒരു കെട്ടിട്ട് തിരിച്ചുകൊടുത്ത ശേഷം ഒരു മാസം കഴിഞ്ഞ് വീണ്ടും വരാന്‍ പറഞ്ഞു. 6 മാസത്തിനുള്ളില്‍ വിസ റെഡിയാകുമെന്ന് പറഞ്ഞാണ് അവനെ മടക്കി അയച്ചത്. എന്നാല്‍ വിസ ലഭിക്കാന്‍ പിന്നെയും ഒരു  വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അവന്‍ ഖത്തറില്‍ പോയി. ഞാന്‍ കുവൈത്തിലേക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞാനവനെ കണ്ടു മുട്ടി. അവന്‍ പറഞ്ഞു:

''അന്നത്തെ ആ ശൈഖിന്റെ കഥ കേള്‍ക്കണോ നിങ്ങള്‍ക്ക്? മുസ്‌ലിയാരുടെ നിര്‍ബന്ധ പ്രകാരം ഒരുപ്രാവശ്യം കൂടി ഞാന്‍ അവിടെ പോയി. അവിടെ ചെന്നപ്പോഴാണറിയുന്നത് ശൈഖ് മരിച്ചുപോയ വിവരം. എങ്കിലെന്താ! ശൈഖിന്റെ ജാറം കെട്ടിപ്പൊക്കി അവിടെ ഉറൂസും നേര്‍ച്ചയുമൊക്കെ ആഘോഷിച്ച് തുടങ്ങിയിരുന്നു. ജാറത്തില്‍ സിയാറത്തും വഴിപാടുകളും ഇടമുറിയാതെ നടന്ന് കൊണ്ടിരിക്കുകയാണ്. ശൈഖിന്റെ മരണശേഷം വരുമാനം എത്രയോ ഇരട്ടിയായി മാറിയിട്ടുണ്ടാകും. മുമ്പ് അവിടെ ഉണ്ടായിരുന്ന അതേ മുരീദാണ് ജാറത്തിലെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്. ഞാനവിടെ ചെന്നപ്പോള്‍ അയാള്‍ ജാറം മൂടിയ തുണിയെടുത്ത് ഒരാളെ ദേഹമാസകലം ഉഴിഞ്ഞ് കൊണ്ട് സൂറഃ യാസീന്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ഉഴിച്ചിലൊക്കെ കഴിഞ്ഞ് അയാള്‍ പോയശേഷമാണ് എന്നെ  വിളിച്ചത്. അയാള്‍ എന്നെ വിളിച്ച്‌കൊണ്ട് പറഞ്ഞു: 'വെറുതെ നിന്ന് സമയം കളയേണ്ട. ആ കാണുന്ന പെട്ടിയില്‍ കാണിക്കയിട്ട ശേഷം നിങ്ങള്‍ക്ക് പറയാനുള്ള സങ്കടം നേരിട്ട് ശൈഖവര്‍കളുടെ ജാറത്തില്‍ പോയി പറഞ്ഞാല്‍ മതി. എല്ലാം ശരിയായിക്കൊള്ളും.' 

ഞാന്‍ 100 രൂപ പെട്ടിയിലിട്ട് അയാള്‍ പറഞ്ഞ പോലെ ശൈഖിന്റെ മക്വ്ബറക്കടുത്ത് പോയി എന്റെ കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ എന്റെ മനസ്സില്‍ ഒരുസംശയം ഉദിച്ചു. പെട്ടെന്നൊരു വിവേകം എന്റെ മനസ്സില്‍ ആരോ ഇട്ടുതന്ന പോലെ. ഞാന്‍ ചിന്തിച്ചു; അന്ന് ഞാന്‍ ആദ്യമായി ഇവിടെ വന്നപ്പോഴുണ്ടായ അനുഭവം ഓര്‍മയില്‍ ഓടിയെത്തി. അന്ന് കാത്തിരിക്കുന്നവരെ പരിഗണിക്കാതെ ശൈഖവര്‍കള്‍ ഉറങ്ങാന്‍ പോയല്ലോ. ആ സമയത്ത് ഇതേ വ്യക്തി അന്ന് പറഞ്ഞതെന്താണ്? 'ശൈഖവര്‍കള്‍ ഉറങ്ങാന്‍ പോകുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് പരിശോധന തുടങ്ങും' എന്ന്. 

അങ്ങനെ പറയാന്‍ കാരണമെന്തായിരുന്നു? അയാള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നതൊന്നും  കേള്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടല്ലേ? എന്നാല്‍ ഇപ്പോഴിതാ, മരണപ്പെട്ട് ആറടി മണ്ണിനടിയില്‍ മറമാടപ്പെടുകയും അതിനുമീതെ ജാറം പടുത്തുയര്‍ത്തുകയും ചെയ്ത ശേഷം അതിനുള്ളില്‍ മരണപ്പെട്ട് കിടക്കുന്ന ശൈഖിനോട് തന്റെ സങ്കടങ്ങള്‍ വിളിച്ചുപറയാന്‍ എന്നോടിയാള്‍ പറയുന്നു! ഇതെന്തൊരു കഥ! ജീവിച്ചിരിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്ന ശൈഖിന് തൊട്ടടുത്തുനിന്ന് പറയുന്നത് പോലും കേള്‍ക്കാന്‍ കഴിവില്ലെങ്കില്‍, ശരീരത്തില്‍ നിന്ന് പ്രാണന്‍ പോയി എല്ലാ കഴിവുകളും നഷ്ടപ്പെട്ട്, മണ്ണിനടിയിലായി ജീര്‍ണിച്ച ശേഷം ഏത് സ്ഥലത്തു നിന്ന് സഹായം തേടിയാലും ആ തേട്ടം ശൈഖ് കേള്‍ക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്യുമത്രെ! ഈ മൂഢവിശ്വാസത്തിലാണോ ഇത്രയും കാലം താന്‍ ജീവിച്ചത്! മരിച്ചവര്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നും ഉത്തരം നല്‍കുകയില്ലെന്നുമുള്ള സത്യം അതോടെ ഞാന്‍ തിരിച്ചറിഞ്ഞു.'

എന്റെ സ്‌നേഹിതനുണ്ടായ ഈ അനുഭവം ഈയുള്ളവനെ മുജാഹിദ് പ്രസ്ഥാനത്തിലെത്തിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ്.''

ഞാന്‍ എന്റെ സംസാരത്തിന് വിരാമമിട്ടപ്പോള്‍ അല്‍പ സമയത്തെ നിശ്ശബ്ദതക്ക് ശേഷം അയാളെന്നോട് ചോദിച്ചു: ''അപ്പോള്‍... തങ്ങള്‍ പറഞ്ഞല്ലോ മമ്പുറത്ത് പോയത് വെറുതെയായല്ലോ എന്ന്. എന്താണ് അങ്ങനെ പറയാന്‍ കാരണം?''

''സംഗതി ഒന്നുതന്നെ. മമ്പുറം തങ്ങളെ എവിടെ നിന്ന് എപ്പോള്‍ വിളിച്ചാലും അദ്ദേഹത്തിന് കാണാനും കേള്‍ക്കാനും കഴിയുമെന്ന വിശ്വാസേത്താടെയും  ആഗ്രഹസഫലീകരണത്തിനുമാണല്ലോ നിങ്ങളള്‍ അവിടെ പോകുന്നത്. ഇതേ വിശ്വാസം തന്നെയായിരുന്നു എനിക്കും കുറേകാലം മുമ്പുണ്ടായിരുന്നത്. ചെറുപ്പത്തില്‍ ഞാന്‍ എന്റെ ബാപ്പയോടൊപ്പം മമ്പുറത്ത് പോകാറുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ യാസീനോതി നൂലില്‍ കെട്ടുകളിട്ടുകൊണ്ടിരിക്കുന്ന ജാറസേവകരായ മുസ്‌ലിയാക്കള്‍ ബാപ്പയെ കണ്ടാല്‍ പെട്ടെന്നെഴുന്നേറ്റ് കൈപിടിച്ച് മുത്തി ജാറത്തിന്റെ ഭീമാകാരമായ വാതിലിന്റെ താക്കോലെടുത്ത് കൊടുക്കും. ബാപ്പ എന്നെയും കൂട്ടി അകത്ത് കടന്നാല്‍ ഉടനെ 'അല്‍ഫാതിഹ' എന്ന് പറയും. പിന്നീട് പല 'ഹള്‌റത്തി'ലേക്കും പാര്‍സലാക്കുന്ന ദീര്‍ഘമായ പ്രാര്‍ഥനയായിരിക്കും! ജാറത്തിനകത്ത് അപ്പോള്‍ ഞാനും ബാപ്പയും തനിച്ചായിരിക്കും. ഈ സമയത്ത് ഞാന്‍ പതുക്കെ അവിടെ വെച്ചിരിക്കുന്ന തൂക്ക് വിളക്കിന് സമീപത്തേക്ക് നീങ്ങും. എന്നിട്ട് ബാപ്പ കാണാതെ അതില്‍ നിറഞ്ഞുകവിഞ്ഞു കിടക്കുന്ന ചില്ലറത്തുട്ടുകള്‍ കഴിയുന്നത്ര വാരി പോക്കറ്റിലിടും! ചില്ലറ കക്കല്‍! കാലങ്ങള്‍ക്ക് ശേഷം മുജാഹിദായ ശേഷം ഈ സംഭവവും എന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. പുറത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും വഫാത്തായിപ്പോയ എന്റെ ഉപ്പാപ്പയായ മമ്പുറം തങ്ങള്‍ക്കറിയുമെങ്കില്‍ ഒരു ചില്ലിക്കാശ് എനിക്കാവിളക്കില്‍ നിന്നെടുക്കാന്‍ പറ്റുമായിരുന്നോ? 'ആ പൈസയില്‍ തൊട്ടുപോകരുത്' എന്ന് അദ്ദേഹം ആജ്ഞാപിക്കുമായിരുന്നില്ലേ?''

സംസാരം അവസാനിപ്പിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു: ''ഇതൊന്നും തമാശയായി തള്ളാനുള്ളതല്ല. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനയായ പ്രാര്‍ഥനയാണ് നിങ്ങള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് വകവെച്ച് കൊടുക്കുന്നത്. നിങ്ങള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ ഒരാവര്‍ത്തിയെങ്കിലും വായിച്ചുനോക്കുക. ലോകത്തേക്ക് വന്ന ഏതെങ്കിലും പ്രവാചകന്മാര്‍ അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും വിളിച്ചുപ്രാര്‍ഥിച്ചതായി നിങ്ങള്‍ക്കതില്‍ കാണാന്‍ കഴിയില്ല. നിങ്ങളവരോട് പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥന അവര്‍ കേള്‍ക്കില്ലെന്നും കേള്‍ക്കുമെന്ന് സങ്കല്‍

പിച്ചാല്‍ തന്നെ നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കില്ലെന്നും പറഞ്ഞത് അല്ലാഹുവാണ്. അവനെക്കാള്‍ വിവരം നമുക്കില്ലല്ലോ.''

അവര്‍ക്ക് തിരിച്ചൊന്നും പറയുവാനുണ്ടായിരുന്നില്ല. സമയം അതിക്രമിച്ചതിനാലും അവരുടെ ക്ഷീണം പരിഗണിച്ചും ഞങ്ങള്‍ വേഗം യാത്ര പറഞ്ഞ് ഇറങ്ങി.