നിത്യപ്രസക്തമായ ഉപദേശങ്ങള്‍

മൂസ സ്വലാഹി, കാര

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

ഉപദേശങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. വലിയവര്‍ ചെറിയവര്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്കും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും മുതലാളിമാര്‍ തൊഴിലാളികള്‍ക്കും യജമാനന്മാര്‍ വേലക്കാര്‍ക്കും... ഇങ്ങനെ പലരും പലര്‍ക്കും പലതരം ഉപദേശം നല്‍കാറുണ്ട്. ചിലത് സ്വീകരിക്കപ്പെടുന്നു; അധികവും പാഴ്‌വാക്കുകളായി അവശേഷിക്കുന്നു.

ഇസ്‌ലാം ഉപദേശങ്ങളുടെ ഒരു വലിയ കലവറയാണ്. നല്ലതിനെ നിലനിര്‍ത്താനും ചീത്തയായതിനെയെല്ലാം ഉപേക്ഷിക്കാനും, ഉടമയായ അല്ലാഹു അടിമകളെ-സൃഷ്ടികളില്‍ ശ്രേഷ്ഠരും ഉത്തമമാര്‍ഗദര്‍ശിയുമായ മുഹമ്മദ്‌നബിﷺയിലൂടെ-പഠിപ്പിച്ചതാണിതെല്ലാം. പ്രാമാണികമായി വന്ന മതോപദേശങ്ങള്‍ക്ക് എന്നും തിളക്കമേറെയാണ്.

അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം). നിങ്ങള്‍ നീതിപൂര്‍വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.''

സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളാണിത്. പരലോകരക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട ഉപദേശങ്ങളാണ് ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് ലഘുവായി വിവരിക്കുകയാണ് ഈ കുറിപ്പിലൂടെ. ചിന്തിക്കുന്നവരും ശ്രദ്ധിക്കുന്നവരും സൂക്ഷ്മത പാലിക്കുന്നവരുമായി മനുഷ്യന്‍ മാറണമെന്നാണിതിന്റെ താല്‍പര്യം.

1) അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍

അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്...'' (6:151). 

ഇരുലോകത്തും നിര്‍ഭയത്വം നഷ്ടപ്പെടുന്ന ഏറ്റവും വലിയ അക്രമവും അല്ലാഹു ഒരിക്കലും പൊറുക്കാത്തതും സ്വര്‍ഗം നഷ്ടപ്പെടുന്നതും നരകം ശാശ്വതമാക്കുന്നതുമായ പ്രവര്‍ത്തനമാണ് അല്ലാഹുവിന് മാത്രമായിട്ടുള്ള അവകാശത്തെ വ്യത്യസ്ത പേരുകള്‍ നല്‍കി അടിമകള്‍ക്ക് വകവെച്ച് കൊടുക്കല്‍. അല്ലാഹു രക്ഷിതാവാണെന്ന് വിശ്വസിക്കല്‍ മാത്രമല്ല, ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണെന്ന് വിശ്വസിക്കല്‍ കൂടിയാണ് ഏകദൈവാരാധന. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. അല്ലാഹു പറയുന്നു: ''അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്'' (ക്വുര്‍ആന്‍ 12:106).

ആദം നബി(അ)ക്ക് ശേഷം പത്ത് തലമുറ കഴിഞ്ഞ് വദ്ദ്, സുവാഅ്, യഊഥ്, യഊക്വ്, നസ്വ്ര്‍ എന്നീ മുന്‍ഗാമികളായ നല്ലമനുഷ്യരുടെ രൂപങ്ങളെ ആരാധിച്ചു കൊണ്ടാണ് ശിര്‍ക്ക് ലോകത്ത് കടന്നുവന്നത്. കാലാകാലങ്ങളില്‍ നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയും ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ജാറ-ക്വബ്ര്‍ പൂജ, കണക്ക്‌നോട്ടം, ജ്യോത്സ്യപ്പണി, മഷിനോട്ടം, മാരണം, അനിസ്‌ലാമിക മന്ത്രങ്ങള്‍...ഇങ്ങനെ നീളുന്നു ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുടെ പട്ടിക. അല്ലാഹു നല്‍കിയ മുന്നറിയിപ്പ് ഇവര്‍ പരിഗണിക്കാതെ പോകുന്നു: ''...അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:22)

'''അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍തേടുന്നു. അറിയാതെ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് പാപമോചനം തേടുന്നു'' (ബുഖാരി) എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ച് കൊണ്ട്, കര്‍മങ്ങളെ നിഷ്ഫലമാക്കിത്തീര്‍ക്കുന്ന ഈ പാപത്തില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ നാം ശ്രമിക്കണം.

2. മാതാപിതാക്കളെ ദ്രോഹിക്കല്‍

അല്ലാഹു പറയുന്നു: ''മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം...'' (6:151) അല്ലാഹുവിനോടും പ്രവാചകനോടുമുളള കടമ കഴിഞ്ഞാല്‍ ഒരു അടിമ ഏറ്റവും കടമപ്പെട്ടിരിക്കുന്നത് തന്റെ മാതാപിതാക്കളോടാണ്. നന്മയില്‍ അനുസരിക്കലും തിന്മയില്‍ വിയോജിക്കലും നല്ലത് നിറവേറ്റിക്കൊടുക്കലും കാരുണ്യവും സ്‌നേഹവും നിറഞ്ഞ പരിചരണം നല്‍കലുമാണ് ഈ ബാധ്യതാനിര്‍വഹണത്തിന്റെ ശരിയായ രൂപം. അല്ലാഹു പറയുന്നു: ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ''ഛെ'' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23,24).

ഗര്‍ഭം ചുമക്കുന്നതോടുകൂടി മാതാവിന്റെ പ്രയാസം തുടങ്ങുകയായി. ക്ഷീണം, ഛര്‍ദി, ദുര്‍ബലത, ഗര്‍ഭ ഭാരം വഹിക്കല്‍ എന്നീ പ്രയാസങ്ങള്‍, ജീവിതാവസ്ഥയ്ക്ക് മാറ്റം വരല്‍, അസഹ്യമായ പ്രസവവേദന മുതലായവ തരണം ചെയ്ത് രണ്ട് വര്‍ഷം മുലയൂട്ടി വളര്‍ത്തിയവരാണ് ഉമ്മമാര്‍. മക്കളുടെ സുഖജീവിതത്തിനായി രാപകല്‍ കഷ്ടപ്പെടുന്നവരാണ് ഉപ്പമാര്‍. ഈ മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി, അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം എന്ന് നബിﷺ നമ്മെ അറിയിച്ചത് നാം വിസ്മരിക്കാതിരിക്കുക. 

3. ദാരിദ്ര്യഭയത്താല്‍ സന്താനങ്ങളെ കൊല്ലല്‍

അല്ലാഹു പറയുന്നു: ''...ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്...'' (ക്വുര്‍ആന്‍ 6:151).

സന്താനങ്ങളിലെ ലിംഗവ്യത്യാസം അല്ലാഹുവിന്റെ തീരുമാനമാണ്. കണ്‍കുളിര്‍മ, പരീക്ഷണം, പൊങ്ങച്ചം ഇതില്‍ ഏതെങ്കിലുമൊന്നാണ് മക്കള്‍. കണ്‍കുളിര്‍മയാകുന്ന മക്കള്‍ക്ക് വേണ്ടിയാണ് നാം പ്രാര്‍ഥിക്കേണ്ടത്. സന്താനങ്ങളെ പരിപാലിക്കുന്നതിനും ചിട്ടയായി വളര്‍ത്തുന്നതിനും പകരം ഗര്‍ഭാവസ്ഥയില്‍ തന്നെ'അറുത്ത് കളയുന്ന' ചിലര്‍ സമൂഹത്തിലുണ്ട്. പട്ടിണി, ദാരിദ്ര്യം, ദുരഭിമാനം എന്നിവയാണ് ഇതിന് പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍. കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും സ്രഷ്ടാവും അന്നദാതാവും ഒന്ന് തന്നെയാണെന്നും അവന്‍ വിധിച്ചതേ ലഭിക്കൂ എന്നും മനസ്സിലാക്കലാണ് ഇതിനുള്ള പരിഹാരമാര്‍ഗം. അല്ലാഹു പറയുന്നു: ''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ക്വുര്‍ആന്‍ 17:31).

4. നീചവൃത്തികള്‍ വെടിയുക

അല്ലാഹു പറയുന്നു: ''പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്...'' (6:151). മനുഷ്യമനസ്സിന് തെറ്റിലേക്ക് ചായുന്ന പ്രകൃതമായതിനാല്‍ ധാര്‍മികബോധമുള്ളവര്‍ നന്നേ കുറവാണ്. പരസ്യമായും രഹസ്യമായും മ്ലേഛമായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന്‍ ഇടപെടുന്നു. നൂതനമായ സാങ്കേതിക സൗകര്യങ്ങളെ തിന്മകളില്‍ ഉപയോഗപ്പെടുത്താനാണ് പലരും സമയം കണ്ടെത്തുന്നത് എന്നത് ഖേദകരമായ യാഥാര്‍ഥ്യമാണ്. 

നബിﷺ പറഞ്ഞു: ''നിങ്ങളില്‍ സല്‍സ്വഭാവമുള്ളവരാണ് ഏറ്റവും നല്ലവര്‍'' (ബുഖാരി). 

യാതൊരുവിധത്തിലുള്ള നീച പ്രവര്‍ത്തനവും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടായിക്കൂടാ. ആരാധനാകര്‍മങ്ങളിലുള്ള നിഷ്ഠയും നന്മയോടുള്ള താല്‍പര്യവും നിരന്തര പ്രാര്‍ഥനയുമാണ് ജീവിതത്തില്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ കടന്നുവരാതിരിക്കാനുള്ള പോംവഴി. 

5. അന്യായമായ കൊലപാതകം 

അല്ലാഹു പറയുന്നു: ''...അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്...'' (6:151)

നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കൊലപാതകങ്ങള്‍ നടത്തുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണിന്ന്. കണക്കുപറഞ്ഞ് കാശ് വാങ്ങി ക്വട്ടേഷന്‍ കൊലപാതകം നടത്താനും വ്യക്തികളും സംഘങ്ങളും ഒട്ടേറെയുണ്ട്. കൂട്ടം കൂടിയുള്ള കൊലപാതകവും പെരുകിക്കൊണ്ടിരിക്കുന്നു. 

'മറ്റൊരാളെ കൊന്നതിന് പകരമോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ, അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു' എന്നാണ് ക്വുര്‍ആനികാധ്യാപനം. പ്രതിക്രിയ നടത്താനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വ്യക്തികള്‍ക്കല്ല അവകാശം; ഭരണകൂടത്തിനാണ്. 

6. അനാഥ സംരക്ഷണം

അല്ലാഹു പറയുന്നു: ''ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം)'' (6:152). 

അനാഥസംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. സ്വന്തം മക്കളോട് കാണിക്കുന്ന സ്‌നേഹവാത്സല്യം അനാഥരായ കുട്ടികളോടും കാണിക്കാന്‍ തയ്യാറുള്ള അലിവുള്ള മനസ്സാണ് നമുക്കാവശ്യം. അല്ലാഹു പറയുന്നു: ''അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല). അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (2:220). 

 ''തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്''(4:10).

അനാഥസംരക്ഷണത്തിന്റെ മഹത്ത്വം നബിﷺ സമൂഹത്തെ പഠിപ്പിക്കുകയും അതിന് അങ്ങേയറ്റം പ്രേരണ നല്‍കുകയും ചെയ്തതായി ഹദീഥുകളില്‍ കാണാം.

വ്യക്തിഗത നേട്ടത്തിനും സംഘടനാവിപുലീകരണത്തിനും പ്രശസ്തിക്കും മാത്രമായി അനാഥ സംരക്ഷണത്തെ കൊണ്ട്‌നടക്കുന്നവര്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്. നിഷ്‌കളങ്കതയും നിസ്വാര്‍ഥ       യും ലാളിത്യവുമുള്ളവര്‍ക്കേ അനാഥരോട് അനുകമ്പ കാണിക്കുവാനും അവരെ സംരക്ഷിക്കുവാനും കഴിയൂ. 

7. അളവിലും തൂക്കത്തിലും കൃത്യത കാണിക്കുക

അല്ലാഹു പറയുന്നു: ''...നിങ്ങള്‍ നീതിപൂര്‍വം അളവും തൂക്കവും തികച്ച് കൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാദ്ധ്യത ചുമത്തുന്നതല്ല...'' (6:152). 

അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കല്‍, തൂക്ക് ഉപകരണത്തില്‍ ക്രമക്കേട് വരുത്തല്‍, വസ്തുക്കളില്‍ മായം ചേര്‍ക്കല്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഈ രംഗത്തെ വഞ്ചന നാം കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരക്കാര്‍ക്ക് ശക്തമായ താക്കീതാണ് ക്വുര്‍ആന്‍ നല്‍കുന്നത്. അല്ലാഹു പറയുന്നു: ''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്''(83:1,2,3).

 മദ്‌യന്‍ ഗോത്രക്കാരിലേക്ക് നിയോഗിക്കപ്പെട്ട ശുഐബ് നബി(അ)യുടെ പ്രബോധന സന്ദേശങ്ങളില്‍ ഒന്ന് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതിനെതിരിലുള്ള മുന്നറിയിപ്പായിരുന്നു എന്ന് ക്വുര്‍ആനില്‍ കാണാം. കാരണം ആ സമൂഹത്തില്‍ ഈ ദുഷ്പ്രവര്‍ത്തനം അത്രമേല്‍ വ്യാപകമായിരുന്നു.

8. സംസാരത്തില്‍ നീതികാണിക്കല്‍

അല്ലാഹു പറയുന്നു: ''...നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും...'' (6:152). 

സത്യസന്ധമായ വാക്കിനോടും പ്രവൃത്തിയോടും മാത്രമാണ് എപ്പോഴും നമ്മുടെ സഹായ സഹകരണങ്ങള്‍ നിര്‍ബന്ധമാക്കേണ്ടത്. കളവിനും നെറികേടിനും വക്കാലത്ത് പറയുന്ന ശീലം നല്ലതല്ല. എത്ര അടുത്തവരോടും അകന്നവരോടും മതനിലപാടില്‍ ഉറച്ചുനിന്ന് സംസാരിക്കുന്നതാണ് ഉചിതം.

തുച്ഛമായ ലാഭത്തിനും താല്‍കാലിക രക്ഷയ്ക്കും വേണ്ടി അനീതിക്ക് കൂട്ടുനിന്ന് സംസാരിക്കുന്നവര്‍ ഏറെയുണ്ട്.  ആത്യന്തികമായി ഇതുകൊണ്ട് നാശമാണ് ഭവിക്കുക എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ''അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (50:18) എന്ന അല്ലാഹുവിന്റെ അറിയിപ്പ് നാവിനെ സൂക്ഷിക്കുവാന്‍ നമുക്ക് പ്രേരകമാകേണ്ടതുണ്ട്.

9. കരാര്‍ നിറവേറ്റുക

അല്ലാഹു പറയുന്നു: ''...അല്ലാഹുവിനോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക...''(6:152). അടിമകളായ നാം സ്രഷ്ടാവിനോടുള്ള കരാറുകള്‍ നിറവേറ്റുന്നതില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അവന്റെ കല്‍പനകളും നിരോധനങ്ങളും അനുസരിക്കുക, ക്വുര്‍ആനും നബിചര്യയുമനുസരിച്ച് ജീവിക്കുക എന്നത് അവനോടുള്ള കരാറിന്റെ പൂര്‍ത്തീകരണമാണ്. 

അല്ലാഹുവിനോടുള്ള കരാറുകളും മനുഷ്യര്‍ പരസ്പരം നടത്തുന്ന കരാറുകളും പാലിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്.

10. നേരായ പാത പിന്‍പറ്റല്‍

അല്ലാഹു പറയുന്നു: ''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (6:153).

അല്ലാഹുവും നബിﷺയും പഠിപ്പിച്ചതനുസരിച്ച് ജീവിച്ച സച്ചരിതരുടെ മാര്‍ഗമാണ് സത്യമാര്‍ഗം. അതിനപ്പുറമുള്ളതെല്ലാം വെറും കക്ഷിത്വമാണ്. അല്ലാഹു പറയുന്നു: ''അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ'' (30:32).

നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട് ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. പൊള്ളുന്ന വേദനകളും കുത്തുന്ന ആരോപണങ്ങളും നീറുന്ന മുറിവുകളുമാണ് നേര്‍മാര്‍ഗത്തിന്റെ അനുയായികള്‍ എക്കാലത്തും അനുഭവിച്ചിട്ടുള്ളത്. എന്നാല്‍ ആത്മനിര്‍വൃതിയും സമാധാനമുള്ള മനസ്സും ശുഭപ്രതീക്ഷയും നേര്‍മാര്‍ഗത്തില്‍ ജീവിക്കുന്നവര്‍ക്കേ ലഭിക്കുകയുള്ളൂ. 

ക്വുര്‍ആന്‍ നല്‍കുന്ന ഈ വെളിച്ചം കെടാതെ സൂക്ഷിക്കാനും കൂടെ കൊണ്ടുനടക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.