ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് അന്നജ്ദി: ജീവിതവും സന്ദേശവും

യൂസുഫ് സാഹിബ് നദ്‌വി

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭം. അരാജകത്വത്തിലും സാമൂഹ്യ പ്രതിസന്ധികളിലും മുങ്ങിത്താണിരുന്ന അറേബ്യന്‍ ഉപദ്വീപ്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥ. ദാരിദ്ര്യം വിടാതെ പിടികൂടിയതിനാല്‍ എങ്ങനെയും ഉദരപൂരണം നടക്കണമെന്ന ചിന്തക്ക് മാത്രം പ്രസക്തി ലഭിച്ചിരുന്ന കാലം. സാമൂഹ്യ ജീവിതം അതിദാരുണമായ അവസ്ഥയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്നത്തെ രിയാദിനടുത്ത് നജ്ദിലെ ഉയയ്‌നയില്‍ ശൈഖ് മുഹമ്മദിബിന്‍ അബ്ദില്‍ വഹ്ഹാബ് ഹിജ്‌റ: 1115ല്‍ ജനിച്ചത്. ആധുനിക സുഉൗദി അറേബ്യയുടെ തലസ്ഥാനമായ രിയാദില്‍ നിന്നും 45കി.മി. വടക്കുഭാഗത്തായിട്ട് നജ്ദ് സ്ഥിതിചെയ്യുന്നു. ഹംബലി കര്‍മശാസ്ത്രസരണി പിന്തുടരുന്ന പ്രമുഖ പണ്ഡിത കുടുംബത്തിലായിരുന്നു ശൈഖിന്റെ ജനനം. ഉയയ്‌നയിലെ ശരീഅത്ത് കോടതിയില്‍ ന്യായാധിപനായിരുന്നു ശൈഖിന്റെ പിതാവ്. മുഹമ്മദിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല പിതാവ് തന്നെ നേരിട്ടേറ്റെടുത്തു. അക്വീദ, ക്വുര്‍ആന്‍, ഹദീഥ് തുടങ്ങിയ വിഷയങ്ങളില്‍ മുഹമ്മദ് ബാല്യത്തില്‍ തന്നെ പ്രാവീണ്യം നേടി.

തുടര്‍ന്ന് ഉപരിപഠനത്തിനായി മദീന മാര്‍ഗം ഇറാഖിലെത്തി. ജാഹിലിയ്യത്തിന്റെ കോട്ടയായിട്ടാണ് അന്നും ഇന്നും ഇറാഖ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. സമൂഹത്തില്‍ നിലവിലുള്ള സര്‍വ ദുരാചാരങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്നത് ഇറാഖില്‍ നിന്നാണ്. നബി(സ്വ)യുടെ തിരുകുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്നവരെന്നവകാശപ്പെടുന്ന റാഫിദീ ശീഇകളാണ് അവിടെ ബഹുഭൂരിപക്ഷവും. അവരുടെ തുടക്കമാകട്ടെ യഹൂദ പാരമ്പര്യത്തില്‍ നിന്നും! അതിനാല്‍ ജൂതന്മാര്‍ക്ക് പുണ്യകരമായതും അല്ലാത്തതുമായ സകല വൈകല്യങ്ങളും അവര്‍ ഇസ്‌ലാമിലേക്ക് പുണ്യത്തിന്റെ പേരില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. നബി(സ്വ)യുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍ ഇബ്‌നു അലി(റ)യുടെ രക്തസാക്ഷ്യം സംഭവിച്ചതും ഇതേ ഇറാഖിലെ കര്‍ബലയിലാണ്. ആ ദുരന്തത്തെ ശിയാക്കള്‍ ഒരനുഗ്രഹമായി മനസ്സിലാക്കി അതിനെയും വാണിഭവല്‍ക്കരിച്ചതായാണ് കാണുവാന്‍ സാധിക്കുന്നത്.

സാമൂഹികമായി അധഃപതിച്ചിരുന്ന ഇറാഖില്‍ മതപഠനത്തിനെത്തിയ ശൈഖ് മുഹമ്മദിനെ അവിടുത്തെ കാഴ്ചകള്‍ ഏറെ വേദനിപ്പിച്ചു. ഇറാഖില്‍ കണ്ട ജഹാലത്തുകള്‍ക്കെതിരില്‍ അദ്ദേഹം ശബ്ദമുയര്‍ത്തി. ഇതിന്റെ പേരില്‍ അസഹനീയമായ ഉപദ്രവങ്ങള്‍ അനുഭവിക്കേണ്ടിവന്നു. വിദ്യപകര്‍ന്നു നല്‍കാനായി അദ്ദേഹത്തിന് അഭയം നല്‍കിയ ഗുരുനാഥനും ഇതിന്റെ പേരില്‍ നിരവധി ഉപദ്രവങ്ങള്‍ സഹിക്കേണ്ടിവന്നു.

അസഹനീയമായ ചൂടുള്ള ദിവസം, കുടിക്കാന്‍ അല്‍പം വെള്ളം പോലും നല്‍കാതെ ശൈഖ് മുഹമ്മദിനെ ശത്രുക്കള്‍ ഇറാഖില്‍ നിന്നും പുറത്താക്കി. ബസ്വറയുടെ മണലാരണ്യത്തിലൂടെ അദ്ദേഹം നടന്നു. വിശപ്പും ദാഹവും അസഹനീയമായി. ബോധം നഷ്ടപ്പെട്ട് നിലംപതിച്ചു. വഴിപോക്കനായ അബൂഹാമിദ് എന്നയാള്‍ ബോധരഹിതനായ ശൈഖിനെ കണ്ടെത്തി. തന്റെ വാഹനപ്പുറത്ത് കയറ്റി അദ്ദേഹത്തിന്റെ ലക്ഷ്യത്തില്‍ എത്തിച്ചു.

അറേബ്യന്‍ സമൂഹത്തെ കാര്‍ന്നുതിന്നിരുന്ന ശിര്‍ക്ക്, ബിദ്അത്ത്, അന്ധവിശ്വാസങ്ങള്‍, അനാചാരം തുടങ്ങിയവയില്‍ തുടക്കം മുതല്‍ ചിന്താകുലനായിരുന്നു ശൈഖവര്‍കള്‍.  ക്വബ്‌റാരാധനയും വീരാരാധനയും തുടര്‍ന്നുവരുന്ന അറബി ഗോത്രങ്ങളെ ജാഹിലിയ്യത്തിന്റെ സകല അടിമത്തങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് ശൈഖ് തുടക്കം മുതല്‍തന്നെ ആഗ്രഹിച്ചിരുന്നു. ക്വുര്‍ആനിനും നബി(സ്വ)യുടെ മഹനീയ ചര്യകള്‍ക്കും വിരുദ്ധമായ സര്‍വതും ശൈഖിന്റെ എതിര്‍പ്പിനിരയായി.

മംഗല്യ സൗഭാഗ്യം തേടി മരങ്ങളെ കെട്ടിപ്പിടിച്ച് പ്രാര്‍ഥിക്കുന്ന കന്യകമാര്‍ ഒരു വശത്ത്! നബി(സ്വ)യുടെ കുടുംബത്തിലെ പ്രമുഖരുടെ പേരില്‍ അറിയപ്പെടുന്ന ജാറതീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ആഗ്രഹസഫലീകരണത്തിനായി വഴിപാടുകളും യാത്രകളും നടത്തുന്നവര്‍ മറുവശത്ത്! സ്വഹാബികളുടെതെന്ന പേരില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഖുബ്ബകള്‍ വ്യാപകമായിരുന്നു. ഗുഹകളെയും കൂറ്റന്‍ പാറകളെയും ജനങ്ങള്‍ പ്രാര്‍ഥനാ കേന്ദ്രങ്ങളാക്കി മാറ്റി. തൗഹീദിന് നിരക്കാത്ത സര്‍വതിനെയും ശൈഖ് വിട്ടുവീഴ്ചയില്ലാത്ത നിലയില്‍ എതിര്‍ത്തു.

തുടര്‍ന്ന് ശൈഖ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സായില്‍ എത്തി. അവിടെയും തന്റെ ദൗത്യം നിര്‍വഹിച്ചു. ശിയാക്കള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന അല്‍അഹ്‌സായിലെ അവസ്ഥയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. പരീക്ഷണങ്ങളുടെ പരമ്പരതന്നെ അവിടെ ആവര്‍ത്തിച്ചു. അവസാനം പിതാവ് ന്യായാധിപനായി ജോലി ചെയ്തുവന്ന ഹുറൈമിലയില്‍ എത്തിച്ചേര്‍ന്നു; ദഅ്‌വത്ത് ആരംഭിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിത്താണിരുന്ന നജ്ദുകാരെ പവിത്രമായ ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ തൗഹീദിലേക്ക് അദ്ദേഹം മടക്കി വിളിച്ചു. എതിര്‍പ്പുകള്‍ ശക്തമായി. ഹുറൈമിലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ദുഷ്‌ക്കരമായി. ജീവന്‍തന്നെ അപകടത്തിലാകുന്ന അവസ്ഥയുണ്ടായി. അക്രമികളും തെമ്മാടികളുമായ ചിലര്‍ ഗ്രാമീണരുടെ സഹായത്തോടെ ശൈഖിനെ അപായപ്പെടുത്താനുള്ള ശ്രമം നടത്തി.

തുടര്‍ന്ന് ഉയൈനയില്‍ എത്തി. അവിടുത്തെ ഭരണാധികാരി ഉസ്മാനിബിന്‍ മുഅമ്മറിനോട് തന്റെ ലക്ഷ്യം ശൈഖ് വെളിപ്പെടുത്തി. തൗഹീദിനെ സഹായിച്ചാല്‍ താങ്ങളെ അല്ലാഹു സഹായിക്കുമെന്നും നജ്ദിന്റെയും ഇതര ഗ്രാമപ്രദേശങ്ങളുടെയും ആധിപത്യം താങ്ങള്‍ക്ക് ലഭിക്കുമെന്നും ശൈഖ് അദ്ദേഹത്തെ അറിയിച്ചു. ശൈഖിന്റെ ലക്ഷ്യം മനസ്സിലാക്കിയ ഉസ്മാനിബിന്‍ മുഅമ്മര്‍ അദ്ദേഹത്തിന്റെ ദഅ്‌വത്തിനാവശ്യമായ സകല സഹായങ്ങളും വാഗ്ദാനം ചെയ്തു; ശൈഖിനെ സ്വീകരിക്കുവാനും തയ്യാറായി. ശൈഖ് തന്റെ ഇസ്്വലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. ശിര്‍ക്കും തൗഹീദും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അദ്ദേഹം പ്രാമണികമായി വ്യക്തമാക്കിക്കൊടുത്തു.

ജനങ്ങള്‍ പുണ്യ കേന്ദ്രമായി നേര്‍ച്ചകളും വഴിപാടുകളും സമര്‍പ്പിച്ചിരുന്ന സൈദ്ബിന്‍ ഖത്ത്വാബ്(റ)ന്റെ പേരിലുള്ള ജാറം ശൈഖിന്റെ നേത്രുത്വത്തില്‍ തകര്‍ത്തത് വലിയ പ്രതിഷേധത്തിന് കാരണമായി. ശൈഖിനെ സംരക്ഷിച്ചിരുന്ന ഉസ്മാനിബിന്‍ മുഅമ്മറും അല്‍അഹ്‌സയുടെ ഭരണാധികാരി അമീര്‍ സുലൈമാനും തമ്മില്‍ ഈ വിഷയത്തിന്റെ പേരില്‍ പിണങ്ങാന്‍ കാരണമായി. അല്‍അഹ്‌സായിലെ ഭരണകൂടത്തിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചുവരികയായിന്നു ഉസ്മാനിബിന്‍ മുഅമ്മര്‍. ശൈഖിനെ തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും തടയാന്‍ അമീര്‍ സുലൈമാന്‍, ബിന്‍മുഅമ്മറിനെ നിര്‍ബന്ധിച്ചു. അവസാനം ശൈഖിന് അവിടെ നിന്നും നാടുവിടേണ്ടിവന്നു. ഹി:1160ല്‍ മരുഭൂമിയിലൂടെ നടന്ന് അദ്ദേഹം ദര്‍ഇയ്യയില്‍ എത്തി.

ദര്‍ഇയ്യയുടെ ഭരാണാധികാരി മുഹമ്മദിബിന്‍ സുഊദ് സാമാന്യം ഭേദപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെടുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ സഹോദരന്മാരായ സന്‍യാന്‍, മുശാരി എന്നിവരുമായി ശൈഖ് ബന്ധപ്പെട്ടു. തന്റെ ലക്ഷ്യം വിശദീകരിച്ചു. മുഹമ്മദിബിന്‍ സുഊദിന്റെ ഭാര്യ വളരെയധികം സദ്‌വൃത്തയായ ഒരു മഹതിയായിരുന്നു. ദൂതന്മാര്‍ മുഖേന ശൈഖ് അവരെയും തന്റെ ദൗത്യം അറിയിച്ചു. അവര്‍ക്കും ശൈഖിന്റെ ലക്ഷ്യവും ദഅ്‌വത്തും ഇഷ്ടപ്പെട്ടു. രാജ്ഞിയുടെ ഉപദേശമനുസരിച്ച് മുഹമ്മദിബിന്‍ സുഊദും സഹോദരന്മാരും ശൈഖിനെ വാസസ്ഥലത്തുചെന്ന് സന്ദര്‍ശിച്ചു. സകല സഹായങ്ങളും വാഗ്ദാനം ചെയ്തു.

ദഅ്‌വത്തിനെ സംബന്ധിച്ച് ശൈഖും ഭരണാധികാരിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. അവസാനംവരെയും തനിക്കൊപ്പം തുടരണമെന്ന് ഭരണാധികാരി ശൈഖിനോട് അപേക്ഷിച്ചു. ശൈഖ് അത് സമ്മതിക്കുകയും ചെയ്തു. ശൈഖിന്റെ മതപഠന ക്ലാസ്സിന്റെ ഖ്യാതി ദര്‍ഇയ്യയിലും പുറത്തും  വ്യാപിച്ചു. ഇസ്‌ലാമിക വിജ്ഞാനത്തിനോട് സ്‌നേഹവും കൂറും പുലര്‍ത്തിയവര്‍ ദര്‍ഇയ്യയിലേക്ക് കുടിയേറി. ഗ്രാമീണരായിരുന്നു അവരില്‍ അധികവും. കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ഒരു ഭാഗം തൊഴിലിനും മറ്റൊരു ഭാഗം വിദ്യ അഭ്യസിക്കുവാനും സമയം മാറ്റിവെച്ചു. ശൈഖിന്റെ ദഅ്‌വത്ത് വ്യാപകമാകുന്നതിനനുസരിച്ച് മുഹമ്മദിബിന്‍ സുഊദിന്റെ അധികാരവും ശക്തിയും യശസ്സും വര്‍ധിച്ചുകൊണ്ടിരുന്നു.

ശൈഖിന്റെ ഇസ്്വലാഹിലും ദഅ്‌വത്തിലും ഭരണാധികാരികൂടി നേരില്‍ പങ്കെടുത്തു. കേവലം ഒരു നാടിന്റെ ഭരണാധികാരി എന്നതിനെക്കാള്‍, ഇസ്‌ലാമിക ആദര്‍ശ പ്രമാണങ്ങളെ അളവറ്റ് സ്‌നേഹിക്കുന്ന സൂക്ഷ്മശാലിയായ നേതാവ് കൂടിയായിരുന്നു മുഹമ്മദിബിന്‍ സുഊദ്. ശൈഖിനെതിരില്‍ ഉയര്‍ന്ന, ആദര്‍ശത്തിന്റെ ശത്രുക്കളെ അടിച്ചമര്‍ത്താനുള്ള സൈനിക നടപടികളിലും ഭരണാധികാരി സജീവ സാന്നിധ്യം വഹിച്ചു.

ഇസ്‌ലാമിക പ്രചാരണ പ്രബോധന രംഗത്ത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ ഓര്‍മിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശൈഖ് മുഹമ്മദില്‍ നമുക്ക് കാണാനാവുന്നത്. ഗുണകാംക്ഷാമനസ്സോടെ ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന ശൈഖുല്‍ ഇസ്‌ലാം, ഇസ്‌ലാമിന്റെ ശത്രുക്കളായ താര്‍ത്താരികള്‍ക്കെതിരില്‍ സായുധ സമരം നടത്തിയതിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദഅ്‌വത്താണ് ശൈഖ് മുഹമ്മദ് പ്രാവര്‍ത്തികമാക്കിയത്. ഹി:1206ല്‍ (ക്രി:1797) ശൈഖ് മരണപ്പെട്ടു. തുടര്‍ന്ന് ശൈഖിന്റെ മക്കളും അനുയായികളും ഈ ദഅ്‌വത്തിന്റെ പ്രചാരകരായി.

മനുഷ്യമനസ്സുകളോട് നേരില്‍ സംവദിച്ച ഒരു പ്രബോധകന്‍ എന്നതുപോലെ ഒരു നല്ല ഗ്രന്ഥകാരന്‍ കൂടിയായിരുന്നു ശൈഖ് മുഹമ്മദ്. അദ്ദേഹത്തിന്റെ കൃതികളും വിവിധ ഭരണാധികാരികള്‍ക്കയച്ച കത്തുകളും സമ്പൂര്‍ണ രചനാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി രിയാദിലെ ഇമാം മുഹമ്മദ് യൂണിവേഴ്‌സിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശൈഖിന്റെ ദഅ്‌വത്തിനെതിരില്‍ ശത്രുക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശൈഖവര്‍കളും ശൈഖിന്റെ മക്കളും ശിഷ്യന്മാരും നല്‍കിയ കൃത്യമായ വിശദീകരണങ്ങള്‍ വിവിധ ഭാഷകളില്‍ ലഭ്യമാണ്.

ആധുനിക സുഉൗദി അറേബ്യയുടെ വികസനത്തിന് ശൈഖ് മുഹമ്മദിന്റെ ദഅ്‌വത്തും ഇസ്്വലാഹും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്താണ്. ശൈഖിന്റെ കുടുംബവും ഭരണകൂടവും തമ്മിലുള്ള സജീവ സഹകരണം എല്ലാരംഗത്തും പ്രകടമാണ്. മതകാര്യ മന്ത്രാലയത്തിന്റെ ചുമതല ശൈഖിന്റെ കുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 'ആലുശൈഖ്' എന്ന് ശൈഖിന്റെ കുടുംബം അറിയപ്പെടുന്നു.

ഒരു പുതിയ മതമോ വിശ്വാസമോ സ്ഥാപിക്കാനല്ല ശൈഖ് മുഹമ്മദ് പരിശ്രമിച്ചത്. ക്വുര്‍ആനിലേക്കും നബി(സ്വ)യുടെ മഹനീയ ചര്യകളിലേക്കും ഹിജാസിലെ ജനതയെ ശൈഖ് മടക്കി വിളിക്കുകയാണ് ചെയ്തത്. ശൈഖിനെ പിന്തുണക്കുന്നവരെ വഹ്ഹാബികള്‍ എന്നാണ് ശത്രുക്കള്‍ വിളിക്കാറുള്ളത്. ശൈഖിന്റെ പേരിലേക്ക് ചേര്‍ത്തുകൊണ്ട് മുഹമ്മദികള്‍ എന്നോ മുന്‍ഗാമികളൂടെ മാര്‍ഗം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെന്ന നിലയില്‍ സലഫികള്‍ എന്നോ വിളിക്കുന്നതാകും കൂടുതല്‍ ശരി. അബ്ദുല്‍ വഹ്ഹാബ് എന്ന നാമം ശൈഖിന്റെ പിതാവിന്റെതാണെന്ന തിരിച്ചറിവ് പോലും വിമര്‍ശകര്‍ക്കില്ലാതായി എന്നതാണ് വസ്തുത.

ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹി ദഅ്‌വത്തിനെ താറടിക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ശ്രമങ്ങള്‍ അന്നുമുതല്‍ ഇന്നോളം നടന്നുവരുന്നു. ഉസ്മാനിയാ ഖിലാഫത്തിന്റെ പിന്തുണയില്‍ മക്കയിലെ ശാഫിഈ മുഫ്തിയായി വാണിരുന്ന അഹ്മദ് സൈനീദഹ്‌ലാന്‍, ലബനാനിലെ യൂസുഫ് അന്നബഹാനി തുടങ്ങിയവരാണ് ഇത്തരം കുപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്ത്യയില്‍ ബറേലവി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ അഹ്മദ് രിള്വാഖാന്‍ ബറെലവിയും ഇതേമാര്‍ഗം പിന്‍തുടര്‍ന്നു. ദുര്‍ബലമായിരുന്ന ഉസ്മാനിയാ ഖിലാഫത്തിന്റെ വക്താക്കളായിരുന്നു ശൈഖിനെതിരില്‍ അപവാദ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സൈനീ ദഹ്‌ലാന്റെ 'റദ്ദുല്‍വഹാബിയ്യ' വിവിധ ഭാഷകളില്‍ ലോകമെമ്പാടും പ്രചരിപ്പിച്ചതിന്റെ പിന്നിലും ഉസ്മാനിയാ ഖിലാഫത്തിന്റെ പിന്തുണയുള്ള തുര്‍ക്കികളായിരുന്നു.

ശൈഖ് മുഹമ്മദിന്റെ മുഖ്യരചനയായി അറിയപ്പെടുന്ന 'കിതാബുത്തൗഹീദി'ന്റെ പരിഭാഷ മലയാളത്തില്‍ വ്യാപകമാണ്. കുവൈത്തില്‍നിന്നും കിലേൃിമശേീിമഹ കഹെമാശര എലറലൃമശേീി ഛള കഹെമാശര ടൗേറലി േഛൃഴമിശമെശേീി (ഇഫ്‌സോ) ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പരിഭാഷകന്‍ മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്തിയില്ലന്ന് മാത്രമല്ല, ഗ്രന്ഥകാരന്റെ താല്‍പര്യങ്ങളെപോലും പരിഭാഷകന്റെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് പിപരീതാര്‍ഥത്തിലേക്ക് വളച്ചൊടിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

സുഉൗദി അറേബ്യയിലെ ദാറുസ്സലാം പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ മുഹമ്മദ് കൊടിയത്തൂരിന്റെ 'അത്തൗഹീദ്' എന്ന പരിഭാഷയും, ദമാം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാളം വിഭാഗം പ്രബോധകന്‍ അബ്ദുല്‍ജബ്ബാര്‍ അബ്ദുല്ല മദീനിയുടെ പരിഭാഷയുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത്. എങ്കിലും ശൈഖിനെതിരിലുള്ള നിരവധി ആരോപണങ്ങള്‍ ഇന്നും മലയാളത്തില്‍ ബാക്കിയാണ്. ശൈഖ് മുഹമ്മദിന്റെ രചനകളുടെ വരികള്‍ പോലും കണ്ടിട്ടുള്ളവരല്ല ഈ കാടടച്ചുള്ള വെടിവെപ്പിനു പിന്നില്‍. ശൈഖിനെ പറ്റിയുള്ള ഇവരുടെ അറിവും അംഗുലീ പരിമിതമാണ്.

ശൈഖ് മുഹമ്മദ് ഹിജാസില്‍ നടത്തിയ ഇസ്്വലാഹിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും നടന്നിട്ടുണ്ട്. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി, ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന് സമാനമാണ്. മദീനയില്‍ ശൈഖ് മുഹമ്മദിന്റെ ഗുരുനാഥന്‍, മുഹമ്മദ് ഹയാത്ത് അസ്സിന്ദി, ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവിയുടെ ഗുരുനാഥന്‍ കൂടിയാണ്. ഇമാം ദഹ്‌ലവിയും ശൈഖ് മുഹമ്മദും സമകാലികരായതും ഒരേ ഗുരുവില്‍ നിന്നും വിജ്ഞാനം അഭ്യസിച്ചതും പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് കാരണമായിട്ടുണ്ടാവാം.

ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെ തക്വ്‌വിയ്യത്തുല്‍ ഈമാന്‍ എന്ന കൃതിയും ശൈഖ് മുഹമ്മദിന്റെ കിതാബുത്തൗഹീദും ആശയപരമായി ഒരേ സന്ദേശമാണ് നല്‍കുന്നത്. എന്നാല്‍ രചനയിലും വിഷയത്തിന്റെ ശാസ്ത്രീയ അവതരണത്തിലും തികച്ചും വ്യത്യാസമുണ്ട്. കിതാബുത്തൗഹീദിന്റെ ശറഹാ(വിശദീകരണം)ണ് തക്വ്‌വിയ്യത്തില്‍ ഈമാന്‍ എന്നെല്ലാം ചില ബറേലവി പക്ഷക്കാര്‍ ആരോപിക്കാറുണ്ടെങ്കിലും എന്തടിസ്ഥാനത്തിലാണ് ഈ ആരോപണം എന്ന് മനസ്സിലായിട്ടില്ല.

ജാറപൂജ, വീരാരാധന തുടങ്ങിയ വിവിധ നിലകളില്‍ ഉദരപൂരണം നടത്തിയിരുന്ന ശിയാക്കളെയും ബറേലവി വിഭാഗത്തെയും ആദര്‍ശപരമായി നേരിട്ടവരാണ് ഉത്തര്‍പ്രദേശ് ദാറുല്‍ഉലൂം ദയൂബന്ദിലെയും നദ്‌വത്തുല്‍ ഉലമയിലെയും പണ്ഡിതന്മാര്‍. ശൈഖ് മുഹമ്മദിന്റെ ചിന്തകളെ ഇന്ത്യയില്‍ അനുകൂലിക്കുകയും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തവരെന്ന നിലയില്‍ ഇവരെയും വഹ്ഹാബികള്‍ എന്നാണ് ശിയാ-ബറേലവി വിഭാഗം വിളിക്കാറുള്ളത്. എന്നാല്‍ 'ഞങ്ങള്‍ വഹ്ഹാബികളല്ല, ഈ പറയപ്പെടുന്ന അന്ധവിശ്വാസങ്ങളെ ഞങ്ങളും അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു' എന്ന് വിളിച്ചറിയിക്കുന്ന നിലയിലാണ് ഒരുവിഭാഗം പണ്ഡിതരുടെ നിലവിലെ പ്രവര്‍ത്തനം. ദയൂബന്ദി പണ്ഡിതന്മാരിലെ പ്രമുഖന്മാരെല്ലാം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ക്വയ്യിം, ശൈഖ് മുഹമ്മദിബിന്‍ അബ്ദില്‍ വഹ്ഹാബ് തുടങ്ങിയ നവോത്ഥാന നായകന്മാരെ അംഗീകരിക്കുകയും വാഴ്ത്തുകയും പുകഴ്ത്തുകയും അവരെപ്പറ്റി രചനകളില്‍ എടുത്തു പറയുകയും ചെയ്തിട്ടുള്ളവരാണ്. മൗലാനാ മസ്ഊദ് ആലം നദ്‌വി, അബുല്‍ ഹസന്‍ അലി നദ്‌വി, മന്‍സൂര്‍ നുഅ്മാനി തുടങ്ങിയവരുടെ ഈ വിഷയത്തിലെ രചനകള്‍ ഇപ്പൊഴും സുലഭമാണ്.

ദയൂബന്ദി പ്രമുഖന്മാരുടെ അവസ്ഥയും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. ഈ പറയപ്പെട്ടവരെ സംബന്ധിച്ച് അവരോട് ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ആദ്യം ശൈഖ് മുഹമ്മദിനെപ്പറ്റി തുര്‍ക്കികള്‍ പ്രചരിപ്പിച്ചിരുന്ന കുപ്രചരണങ്ങളില്‍ അവരും അകപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിപ്പറയാന്‍ അവര്‍ തയ്യാറായി. എന്നാല്‍ ഈ വിഷയങ്ങള്‍, ഞങ്ങള്‍ ദയൂബന്ദികളുടെ പാതയിലാണെന്നവകാശപ്പെടുന്ന ബഹുഭൂരിപക്ഷത്തിനും ഇന്നും അജ്ഞാതമാണ്, അല്ലെങ്കില്‍ അവര്‍ അജ്ഞത നടിക്കുകയാണ്. ചെരുപ്പിനനുസരിച്ച് കാലുമുറിച്ചും ഒഴുക്കിനനുസൃതമായി നീന്തിയും അവരും ബറേലവികളോട് ആദര്‍ശ ഐക്യത്തിനുള്ള ശ്രമത്തിലാണ്.

ശൈഖ് മുഹമ്മദിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഹിജാസില്‍ ഇബ്‌നുസുഊദിന്റെ നേതൃത്വത്തില്‍ നടന്ന ശുദ്ധീകരണ നടപടികളെ ഇന്ത്യയിലെ പ്രമുഖ മതസംഘടനയായിരുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പണ്ഡിത പ്രമുഖര്‍ വ്യക്തമായി ന്യായീകരിച്ചിരുന്നു. അന്ധവിശ്വാസങ്ങളുടെ വക്താക്കളായി കാലംകഴിച്ചിരുന്ന ശിയ/ബറേലവി വിഭാഗത്തിന് മാത്രമായിരുന്നു ഇതില്‍ എതിര്‍പ്പ്. ഇബ്‌നു സുഊദിന്റെ ജാറം തകര്‍ക്കല്‍ പരിപാടികളെ വിമര്‍ശിച്ചുകൊണ്ട് ജംഇയ്യത്തിന്റെ സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്ന് ബറേലവി വിഭാഗം വാദിച്ചു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ദയുബന്ദി വിഭാഗം പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ബ്രിട്ടീഷ് ശിങ്കിടികളായ ശരീഫുമാരെ ഹിജാസിന്റെ ഭരണത്തില്‍നിന്നും ഒഴിവാക്കേണ്ടതാണെന്നായിരുന്നു ദയൂബന്ദികളുടെ വാദം. ഹിജാസിന്റെ സമ്പൂര്‍ണ ആധിപത്യം കരസ്ഥമായാല്‍ അവിടെ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുമെന്ന ഇബ്‌നു സുഊദിന്റെ വാഗ്ദാനത്തില്‍ ദയൂബന്ദി ഉലമാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മൗലാനാ അബ്ദുല്‍ബാരിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് പക്ഷക്കാരും ദയൂബന്ദികളിലെ മറ്റൊരുവിഭാഗവും ഇതില്‍ പ്രതിഷേധിച്ച് സംഘടനവിട്ടു. ജംഇയ്യത്തിന്റെ ചരിത്രത്തിലെ ഒന്നാമത്തെ വിഭജനം ഹിജാസിലെ ഇബ്‌നു സുഊദിനെ അനുകൂലിക്കുന്ന വിഷയത്തെ ചൊല്ലിയുള്ളതായിരുന്നു.

പ്രബുദ്ധരായിരുന്ന കേരള മുസ്‌ലിം നേതാക്കളും ഹിജാസിലെ ശുദ്ധീകരണ നടപടികളെ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. ഇബ്‌നു സുഊദിന് വേണ്ടി പ്രാര്‍ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നവരില്‍ കേരള മുസ്‌ലിം നവോത്ഥാന നായകന്‍ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും ഉള്‍പ്പെടുന്നു.(വക്കം മൗലവിയുടെ ദീപിക ഒറ്റവാല്യത്തില്‍: വക്കംമൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്, തിരുവനന്തപുരം, എഡി: 1992).

ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സ്ഥാപിക്കപ്പെട്ട 1918ല്‍, ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെയും അതിന്റെ കേന്ദ്രമായ അറേബ്യയെയും ഇസ്‌ലാമിക ഖിലാഫത്തിനെയും ആചാര അനുഷ്ഠാനങ്ങളെയും ഇസ്‌ലാമിക ദേശീയതയെയും സംരക്ഷിക്കാന്‍ പ്രരിശ്രമിക്കുമെന്ന് സംഘടനയുടെ ലക്ഷ്യവും പരിപാടിയുമായി ആമുഖത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. തൗഹീദും ശിര്‍ക്കും തമ്മില്‍ ഒരിക്കലും രജ്ഞിപ്പിലാകില്ല. ശൈഖ് മുഹമ്മദിനെ ഇസ്്വലാഹിന്റെയും തജ്ദീദിന്റെയും വക്താവായി അംഗീകരിക്കുന്ന ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ വക്താക്കള്‍ക്കും ശിയാ-ബറേലവി ചിന്താഗതിക്കാര്‍ക്കും ഒരിക്കലും ഒന്നാകാന്‍ സാധിക്കില്ല. ഞങ്ങള്‍ ബറേലവികളല്ല എന്ന് അഭിമാനിക്കുമ്പോഴും ശൈഖ് മുഹമ്മദിനെ വിമര്‍ശിക്കുകയും സകല അന്ധവിശ്വാസങ്ങളെയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ആധികാരിക പരാമര്‍ശങ്ങള്‍ ഒരു തിരിച്ചറിവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. (അവസാനിച്ചില്ല)