ലോകഗുരു: മുഹമ്മദ് നബിﷺ

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

(മുഹമ്മദ് നബിﷺ: 01)

അന്ത്യനാള്‍ വരെയുള്ള മാനവരാശിയുടെ മാര്‍ഗദര്‍ശകനായ മുഹമ്മദ് നബിﷺയുടെ സംഭവബഹുലവും മാതൃകായോഗ്യവുമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചവരൊക്കെ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തില്‍ വിസ്മയിച്ച് പോയിട്ടുണ്ട്. സത്യവിശ്വാസികള്‍ക്ക് ആ ജീവിതത്തെ അടുത്തറിയുന്നതിലൂടെ വിശ്വാസ ദൃഢീകരണം ലഭിക്കുമെന്നതില്‍ സംശയമില്ല.

നബി സ്വയുടെ  ജീവചരിത്രം പഠിക്കുന്നതിലൂടെ ഒട്ടനവധി ഗുണങ്ങള്‍ ഒരു മുസ്‌ലിമിനെ ലഭിക്കാനുണ്ട്. അവ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

 

1. സ്വഭാവത്തിലും ജീവിതരീതിയിലും ഒരു സമ്പൂര്‍ണ മനുഷ്യന്റെ ഉദാത്ത മാതൃകയാണ് നബിയുടെ ജീവിതം. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അന്വേഷിക്കുന്നതും അതുതന്നെയാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.'' (ക്വുര്‍ആന്‍ 68:4).

2. ക്വുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഇസ്‌ലാമിക നിയമങ്ങളുടെ പ്രാവര്‍ത്തിക രൂപമാണ് നബിﷺയുടെയും സ്വഹാബിമാരുടെയും ജീവിതം. അത് പഠിക്കല്‍ ആരാധനയുടെ ഒരു ഭാഗം കൂടിയാണ്. അല്ലാഹു പറയുന്നു: ''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 59:7).

3. വാക്കിലും പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും സ്വഭാവത്തിലും നബിﷺയെ പിന്‍പറ്റല്‍ മതപരമായ നിര്‍ബന്ധ കടമയാണ.് നബിﷺയുടെ ജീവിതവും അവിടത്തെ ചര്യകളും സ്വഭാവങ്ങളും പ്രത്യേകതകളും പ്രവാചകത്വത്തിന്റെ തെളിവുകളും മനസ്സിലാക്കിയെങ്കില്‍ മാത്രമെ ഈ പിന്‍പറ്റല്‍ സാധ്യമാവുകയുള്ളൂ. അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7:158).

4. ഉള്ളുകൊണ്ടും പുറംകൊണ്ടും നബിﷺയെ പിന്‍പറ്റല്‍ തന്റെ രക്ഷിതാവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അതിന്റെ ഫലമാകട്ടെ റബ്ബിന്റെ സ്‌നേഹം തിരിച്ചു ലഭിക്കലും. അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 3:31).

5. എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്കും പ്രവാചക ജീവിതത്തില്‍ പാഠങ്ങളുണ്ട്. അവരെ ബാധിക്കുന്ന പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ആശ്വാസമാണ് പ്രവാചക ജീവിതം. പ്രത്യേകിച്ചും പണ്ഡിതന്മാര്‍ക്കും ഭരണാധികാരികള്‍ക്കും. അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക'' (ക്വുര്‍ആന്‍ 52:48,49).

6. പ്രവാചക ജീവിതം സഞ്ചരിച്ച ഈമാനിന്റെ പാതകളും ഉത്തമ സ്വഭാവങ്ങളും വിശ്വാസിയുടെ മനസ്സിന് ശക്തി പകരുകയും ഹൃദയങ്ങള്‍ക്ക് ആശ്വാസം ചൊരിഞ്ഞു കൊടുക്കുകയും നല്ല വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരണ നല്‍കുകയും പ്രതിഫലങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''...അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:71).

7. ക്വുര്‍ആനും ഹദീഥും മനസ്സിലാക്കാനുള്ള ഒരു സഹായിയാണ് നബിചരിത്രം: ''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും'' (ക്വുര്‍ആന്‍ 16:44).

8. രാജാവും പ്രജകളും ഉള്‍ക്കൊള്ളേണ്ടുന്ന ഒട്ടനവധി പാഠങ്ങള്‍ നിറഞ്ഞതാണ് പ്രവാചക ചരിത്രം. അഹങ്കാരികളില്‍നിന്നും ധിക്കാരികളില്‍ നിന്നും രക്ഷ ലഭിക്കാനുള്ള മാര്‍ഗമെന്തെന്ന് മനസ്സിലാക്കാനുള്ള വഴിയാണ് പ്രവാചക ജീവിതം: ''തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്...'' (ക്വുര്‍ആന്‍ 12:111).

9. വമ്പിച്ച വിജ്ഞാന ശേഖരമാണ് പ്രവാചകജീവിതം. അതില്‍ വിശ്വാസം, വിധിവിലക്കുകള്‍, ദഅ്‌വത്ത്, അധ്യാപനം, രാഷ്ട്രീയം, ജിഹാദ്, സ്വഭാവ മര്യാദകള്‍... എല്ലാം ഉള്‍ക്കൊള്ളുന്നു: ''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ക്വുര്‍ആന്‍ 62:2). 

10. അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിന്റെ അടിസ്ഥാനങ്ങള്‍ അല്ലാഹു ക്വുര്‍ആനില്‍ വിശദീകരിക്കുന്നു. നബിമാരുടെ പ്രബോധനത്തിന്റെ അടിസ്ഥാനങ്ങളും അവിടെ ആവശ്യമായ ക്ഷമയും ഗുണകാംക്ഷയും അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നതിക്കുവേണ്ടി സര്‍വതും സമര്‍പ്പിക്കലും എന്തെന്നും എങ്ങനെയെന്നും അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിക്കുന്നു. അതിനുശേഷം നബിﷺ തന്റെ ജീവിതത്തില്‍ പ്രവൃത്തിപഥത്തിലൂടെ അത് കാണിച്ചു കൊടുക്കുന്നു. അങ്ങനെ ശത്രുക്കള്‍ പോലും മിത്രങ്ങളായി മാറിയെന്നാണ് ചരിത്രം. 

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:34,35).

11. ക്വുര്‍ആന്‍ വചനങ്ങളുടെ അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) നബിﷺയുടെ കരങ്ങളിലൂടെ അല്ലാഹു നടപ്പാക്കിയ അമാനുഷിക ദൃഷ്ടാന്തങ്ങളും പ്രവാചക ചരിത്രത്തിന്റെ വെളിച്ചത്തിലൂടെയല്ലാതെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല.

''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53:3,4).

12. നബിയുടെ പ്രത്യേകതകള്‍ അവിടുത്തെ ചരിത്രം പഠിക്കുന്നതിലൂടെയല്ലാതെ മനസ്സിലാക്കാന്‍ കഴിയുകയില്ല. ഈമാനിന്റെയും ദഅ്‌വത്തിന്റെയും അധ്യാപനത്തിന്റെയും വിധിവിലക്കുകളുടെയും ഉസ്വൂലുകള്‍ (അടിസ്ഥാനങ്ങള്‍) വൈജ്ഞാനികമായും കര്‍മപരമായും മനസ്സിലാക്കണമെങ്കില്‍ പ്രവാചക ചരിത്രം അറിയുകതന്നെ വേണം.

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ)...''(ക്വുര്‍ആന്‍ 3:164).

പ്രവാചക ചരിത്രത്തിന്റെ അവലംബം ക്വുര്‍ആന്‍ തന്നെയാണ.് പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള കാര്യങ്ങള്‍ അല്ലാഹു അതില്‍ വിശദീകരിച്ചിട്ടുണ്ട്; അതുപോലെ തന്നെ ഹിജ്‌റക്ക് മുമ്പും ശേഷവും ഉള്ള കാര്യങ്ങളും.

പ്രവാചക ചരിത്രം മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ പൂര്‍ണമായും ഉപയോഗപ്പെടണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അനിവാര്യമാണ്:

1) അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) വിശദീകരിക്കുന്ന ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക.

2) നബിﷺയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും സ്വഭാവപരവും ശാരീരികവുമായ വിശേഷണങ്ങളും ഉള്‍ക്കൊള്ളിച്ച അംഗീകൃത ഹദീഥ് ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക. ബുഖാരി, മുസ്‌ലിം, മുസ്‌നദു അഹ്മദ്, സുനനുകള്‍ (സുനനുത്തിര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, നസാഈ) ജവാമിഉകള്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അതിനെത്തുടര്‍ന്ന് ചരിത്രഗ്രന്ഥങ്ങളും അവലംബിക്കേണ്ടതുണ്ട്