വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും

യൂസുഫ് സാഹിബ് നദ്‌വി

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

(ഭാഗം: 3)

കേരളമുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും പിന്നില്‍ വക്കംമൗലവിയുടെ വിയര്‍പ്പിന്റെ മണം അനുഭവപ്പെടുക സ്വാഭാവികമാണ്. മുസ്‌ലിം സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിയെ ലക്ഷ്യമിട്ട മൗലവി, മുസ്‌ലിം സമൂഹത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമാക്കി സൃഷ്ടിക്കുന്നതിന് കൂടി മുന്‍കൈ എടുത്തു. ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചാല്‍പോലും ഇന്നത്തെപ്പോലെ ഭൗതിക കലാലയങ്ങള്‍ വ്യാപകമല്ലാത്ത സാഹചര്യത്തില്‍ വിദൂര ദിക്കുകളിലേക്ക് യാത്രചെയ്യല്‍ അനിവാര്യമായിരുന്നു. പ്രമുഖന്മാരുടെ മക്കള്‍ മദിരാശിയിലേക്കും തിരുവിതാംകൂറിലേക്കും വിദ്യ അന്വേഷിച്ച് വണ്ടികയറി. തലസ്ഥാന നഗരിയില്‍ അപരിചിതമായ സാഹചര്യത്തില്‍ തങ്ങളുടെ മക്കളെ താമസിപ്പിച്ച് പഠിപ്പിക്കാനുള്ള വൈമനസ്യം പലരക്ഷിതാക്കളും പ്രകടമാക്കിയപ്പോള്‍ ഇതിന് ഒരു പരിഹാരം ഉണ്ടാകണമെന്ന് വക്കംമൗലവി ചിന്തിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന തലസ്ഥാന നഗരിയിലെ അപരിചിതത്വം പരിഹരിക്കുന്നതിന് ഒരു മുസ്‌ലിം ഹോസ്റ്റലിന്റെ ആവശ്യകതയെ ഉണര്‍ത്തിക്കൊണ്ട് മൗലവി ദീപികയില്‍ 1919 മെയ് 14ന് ഒരു ലേഖനം എഴുതി. തുടര്‍ന്ന് കേരള മുസ്‌ലിം ചരിത്രത്തിലെ ഒന്നാമത്തെ മുസ്‌ലിം ഹോസ്റ്റല്‍ തിരുവനന്തപുരത്തെ കുന്നുകുഴിയില്‍ സ്ഥാപിതമായി. കേരളീയ സാംസ്‌ക്കാരിക ചരിത്രത്തിലെ തലതൊട്ടപ്പന്മാരായി അറിയപ്പെടുന്ന കെ.എം.സീതി സാഹിബ്, പി.ഹബീബ് മുഹമ്മദ്, എ.മുഹമ്മദ്കണ്ണ്, കെ.ഷാഹുല്‍ ഹമീദ്, കെ.മുഹമ്മദ് അലി തുടങ്ങിയവര്‍ ഈ ഹോസ്റ്റലിലെ ഒന്നാം തലമുറക്കാരാണ്. തലസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ജോലിചെയ്തുവന്ന പലര്‍ക്കും ഈ കേന്ദ്രം ഒരാശ്വാസമായി മാറി.

ഒരോ രണ്ടാഴ്ചകളിലും വക്കംമൗലവി ഈ ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും ഇവിടെ താമസിച്ച്, മുസ്‌ലിം സമൂഹത്തിന്റെ സമൂല പുരോഗതിക്ക് ആവശ്യമായ വിവിധ വിഷയങ്ങളെപ്പറ്റി ഗഹനമേറിയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന ആദംസേട്ട് സാഹിബ് ഈ ഹോസ്റ്റലിന്റെ ഭരണസമിതിയില്‍ അംഗമായിരുന്നു. ഇവിടെ താമസിച്ച് പഠിച്ച് ഉന്നതവിജയം കരസ്തമാക്കുന്നവര്‍ക്ക് ഉന്നതജോലി സാധ്യതകള്‍ സേട്ടു വാഗ്ദാനം ചെയ്തു. എന്നാല്‍ അല്‍പകാലത്തിന് ശേഷം ഈ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് വഴുതക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. കേരളീയ സാംസ്‌ക്കാരിക ചരിത്രത്തിലെ അറിയപ്പെടുന്ന പല പ്രമുഖരും വക്കം മൗലവിക്കൊപ്പം ഈ കേന്ദ്രത്തില്‍ ഒത്തുകൂടി. ചൂടേറിയ പല ചര്‍ച്ചകള്‍ക്കും ഈ കേന്ദ്രം വേദിയായി മാറി.

മഹാകവി കുമാരനാശാന്റെ (1873-1924) 'ദുരവവസ്ഥ' എന്ന കവിതയുടെ പ്രസാധനം ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച കാലമായിരുന്നു അത്. മലബാര്‍ കലാപത്തില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ പീഡിപ്പിച്ചുവെന്ന തരത്തിലുള്ള കുമാരാനാശാന്റെ കവിതയിലെ പ്രയോഗം അനിയന്ത്രിതമായ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിതുറക്കുമെന്ന് വക്കംമൗലവി, പി.ഹബീബ് മുഹമ്മദ്, എ.അഹ്മദ്കുഞ്ഞ് മൗലവി തുടങ്ങിയ പ്രമുഖര്‍ ഈ കേന്ദ്രത്തില്‍ വെച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കുമാരനാശാനെ ബോധ്യപ്പെടുത്തി. കുമാരനാശാന് തന്റെ അബദ്ധം ബോധ്യപ്പെടുകയും ദുരവവസ്ഥയിലെ പ്രയോഗങ്ങള്‍ തിരുത്താമെന്ന് മുസ്‌ലിം പ്രമുഖരോട് ചര്‍ച്ചയില്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പായി 1924ല്‍ പല്ലനയാറില്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ മരണപ്പെടുകയും ചെയ്തു. വക്കംമൗലവി തലസ്ഥാന നഗരിയില്‍ തുടക്കംകുറിച്ച മുസ്‌ലിം ഹോസ്റ്റലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായിട്ടുള്ള ഹോസ്റ്റല്‍.(Page: 214-215, Vakkom Moulavi, Jose Abraham).

പൗരോഹിത്യം അതിന്റെ നാനാവിധ ദംഷ്ട്രങ്ങളും ഒരുപോലെ പുറത്തുകാട്ടി മുസ്‌ലിം സമൂഹത്തെ വരിഞ്ഞു മുറുക്കിയിരുന്ന ഒരു സാഹചര്യത്തിലാണ് വക്കംമൗലവി തന്റെ ഇസ്്വലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് കേരളമണ്ണില്‍ തുടക്കം കുറിക്കുന്നത്. സമൂഹത്തില്‍ നിലവിലിരുന്ന ദുരാചാരങ്ങളെ തന്നാലാവുന്ന നിലയില്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് മൗലവി തന്നെ നേരിട്ടിറങ്ങി. ഭാര്യ ഭര്‍ത്താവിന്റെ പേര് വിളിച്ചാല്‍ വിവാഹമോചനം സംഭവിച്ചുപോകുമെന്ന അബദ്ധധാരണ അന്ന് വ്യാപകമായിരുന്നു. മൗലവി തന്നെ ഇതിന് പരിഹാരം കണ്ടെത്തി. സ്വന്തം മക്കളില്‍ ഒരാളിന് വക്കം അബ്ദുല്‍ ഖാദിര്‍(1912-1976) എന്ന് നാമകരണം ചെയ്ത് ഈ അന്ധവിശ്വാസത്തെ മൗലവി വെല്ലുവിളിച്ചു. പരീക്ഷണങ്ങളെ അതിജയിച്ചുകൊണ്ട് വക്കം മൗലവിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നേറിയപ്പോള്‍ ഫത്‌വകള്‍കൊണ്ട് നേരിടാനായിരുന്നു പുരോഹിതന്മാരുടെ ശ്രമം. മൗലവിയുടെ ആശയങ്ങളെ പിന്തുണക്കുന്നവരുമായി വൈവാഹികബന്ധം പാടില്ലെന്നായിരുന്നു പുരോഹിതന്മാരുടെ മതവിധി.

വക്കംമൗലവി 'മുസ്‌ലി'മിലൂടെ പുറത്തേക്ക് വിട്ട ഇസ്്വലാഹി ചിന്തകള്‍, തെക്കന്‍ കേരളത്തിലെ യുവമനസ്സുകളെ വളരെ പെട്ടെന്ന് തന്നെ സ്വാധീനിക്കുകയുണ്ടായി. തിരുവനന്തപുരത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള നിരവധി മുസ്‌ലിം യുവാക്കള്‍ വക്കം മൗലവിയെ നേരില്‍ സന്ദര്‍ശിക്കുകയും ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അവഗാഹം നേടുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പെടുകയും ചെയ്തു. ഇവരില്‍ പലരും അറബി ഭാഷയില്‍ നിപുണന്മാരായി മാറി എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇസ്‌ലാം അടിസ്ഥാനമായ തൗഹീദിനെ സംബന്ധിച്ച് വളരെ കൃത്യമായ ബോധം ഈ തലമുറയുടെ മനസ്സുകളില്‍ നിക്ഷേപിക്കാന്‍ വക്കംമൗലവിക്ക് കഴിഞ്ഞുവെന്നതിന് അവരില്‍ ചിലരുടെ രചനകളും സേവനങ്ങളും തെളിവാണ്.

മൗലവി ശിഷ്യന്മാരില്‍ പെട്ട പി.മുഹമ്മദ് മെയ്തീന്‍ വക്കം, ശൈഖ് മുഹമ്മദ്അബ്ദുല്‍ വഹാബിന്റെ 'അല്‍ഉസ്വൂലുസ്സലാസ' എന്ന അറബിഗ്രന്ഥം ശുദ്ധമായ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. 1948ല്‍ ഇടവാ സി.എം.എസ്.പ്രസ്സില്‍ ഇതിന്റെ ഒന്നാമത്തെ പതിപ്പ് 2500 കോപ്പി അച്ചടിച്ചു വിതരണം ചെയ്തു. (ഒന്നാമത്തെ പതിപ്പ് ഈ ലേഖകന്‍ നേരില്‍ കണ്ടിട്ടുണ്ട്). ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീനും അദ്ദേഹം തന്നെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 'ഹൃദയത്തിന്റെ അനുഭവങ്ങള്‍' എന്നപേരില്‍, വക്കം മൗലവിയുടെ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട പള്ളിപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം സംഘം ഇതിന്റെ പ്രസാധനം നിര്‍വഹിച്ചു.

സ്‌കൂളുകളില്‍ അറബി ഭാഷാ പഠനത്തിന്റെ മറവില്‍ കെ.എം.മൗലവി, വക്കംമൗലവി തുടങ്ങിവരെപ്പറ്റിയുള്ള പാഠഭാഗങ്ങിലൂടെ വഹാബിസം കുത്തിവെക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഒരു വിഭാഗം വരണ്ട ചിന്തകളുടെ ഉടമകളായ പുരോഹിതന്മാര്‍, അറബിഭാഷാ വിരുദ്ധ സമരവുമായി രംഗത്തുവന്നത്. മഹാനായ വക്കം മൗലവിയുടെ അധ്വാനത്തിന്റെ പരിണിത ഫലമാണ് ആധുനിക മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഈ നേട്ടങ്ങളെന്ന തിരിച്ചറിവ് പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടതില്‍ നമുക്ക് ഖേദിക്കാം.

വക്കം മൗലവി മുന്‍കയ്യെടുത്ത് തെക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും രൂപംനല്‍കി പ്രവര്‍ത്തിച്ചുവന്നിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കാവശ്യമായ സേവനങ്ങള്‍ സമര്‍പ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. തുടക്കത്തില്‍ സ്ഥാപകന്റെ ലക്ഷ്യവും ചിന്തകളുമായി യോജിക്കുന്ന നിലയിലുള്ള നിരവധി സേവന പ്രവര്‍ത്തങ്ങളുമായി ഈ സംഘങ്ങള്‍ മുന്നോട്ടുപോയി. എന്നാല്‍ പിന്നീട് കണ്ട പല കാഴ്ചകളും അതിദാരുണമായിരുന്നു. സ്ഥാപകന്‍ തന്റെ ജീവിതകാലത്ത് പുലര്‍ത്തിവന്നിരുന്ന ആദര്‍ശ ശുദ്ധിക്കും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും വിലകല്‍പിക്കാത്ത, ഇസ്‌ലാമിനെപ്പറ്റി തിരിച്ചറിവില്ലാത്ത വിവേകം നഷ്ടപ്പെട്ട ഒരുപറ്റം രാഷ്ട്രീയക്കാര്‍ ഈകൂട്ടായ്മകളുടെ തലപ്പത്ത് വലിഞ്ഞുകയറി. മൗലിദ്, നബിദിനറാലി തുടങ്ങിയ നവീന ബിദ്അത്തുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗ്രൂപ്പുകളായിട്ടാണ് ഇന്നീ സംഘങ്ങള്‍ അറിയപ്പെടുന്നത്. ഇതിന്റെ സ്ഥാപകനായ വക്കം മൗലവിയെ ഇവര്‍ക്ക് പേരിനുപോലും പരിചയമില്ല. വഹാബിയായിരുന്ന വക്കം മൗലവിയുടെ പേരുകേട്ടാല്‍ വിളറിപിടിക്കുന്ന അവസ്ഥയിലാണ് ഇന്നിവകളുടെ നടത്തിപ്പുകാര്‍.

കൃത്യമായ ഇസ്‌ലാമിക വിശ്വാസവും ആദര്‍ശമൂല്യങ്ങളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചിരുന്ന വക്കംമൗലവിയെ സംഘടനാവല്‍ക്കരിക്കാനും സ്വൂഫി-ബറേലവി ആശയങ്ങളുടെ വക്താവായി പരിചയപ്പെടുത്താനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ മലയാളക്കരയില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുത് കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. ആധികാരിക സലഫി രീതിശാസ്ത്രത്തിന്റെ സിരാകേന്ദ്രവും പ്രചാരകനുമായി ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതന്‍, അല്‍മനാര്‍ അറബി മാസികയുടെ മുഖ്യ പത്രാധിപര്‍ സയ്യിദ് മുഹമ്മദ് റഷീദ് രിദയുമായുള്ള ബന്ധത്തിലൂടെയാണ് വക്കംമൗലവി ഇസ്‌ലാമിക വിശ്വാസ-ആചാരങ്ങളില്‍ പ്രാവീണ്യം നേടിയത്. ഇസ്‌ലാമിക വിരുദ്ധമായ സ്വൂഫി-ബറേലവി പിഴച്ച ചിന്തകളുടെ നിശിതവിമര്‍ശകനും ത്വരീക്വത്തുകാരുടെ പേടിസ്വപ്‌നവുമായിരുന്ന സയ്യിദ് റഷീദ്‌രിദ സ്വൂഫി-ബറേലവി ചിന്തകളെ പരിപോഷിപ്പിക്കാന്‍ സഹായകമാകുന്ന തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഒരു രചനയിലും പരാമര്‍ശിക്കപ്പെടുന്നില്ല. പിന്നെയെങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്‍ വക്കംമൗലവി ബറേലവി/സ്വൂഫി ചിന്തകളുടെ പ്രചാരകനാകുന്നത്?

മൗലവിയുടെ പേരില്‍ അവകാശവാദം ഉയിക്കാന്‍ ശ്രമിക്കുവരില്‍ കേരളത്തിലെ ബ്രദര്‍ഹുഡ് ചിന്താഗതിക്കാരുടെ സാന്നിധ്യവും കാണുന്നുണ്ട്. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ ഇടക്കിടെ വക്കം മൗലവിയെന്ന നാമത്തെ തിരുകിക്കയറ്റുന്നതില്‍ ആനന്ദം കൊള്ളുകയാണ് ഇവരുടെ അഭിനവ നവോത്ഥാന ചരിത്രകാരന്മാര്‍. ഇസ്‌ലാമിക വിരുദ്ധമായ സംഗീത/വാദ്യ ഉപകരണങ്ങളില്‍നിന്നുള്ള വരുമാനം കൊണ്ട് കീശ നിറക്കുന്നതിനുള്ള വഴികളെ അനുവദനീയനായി പ്രചരിപ്പിക്കുന്നതിനും ഇവര്‍ വക്കംമൗലവിയുടെ പേരിനെ ദുര്‍വിനിയോഗം ചെയ്തുവരുന്നു. വക്കം മൗലവിയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള സാമ്യവുമില്ലെന്ന് മൗലവിയുടെ ഏറ്റവുമടുത്ത കുടുംബ ബന്ധുക്കളില്‍നിന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്.

വക്കം മൗലവിയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിയോഗികളായി അറിയപ്പെട്ടിരുന്നത് സ്വൂഫി/ബറേലവികളായിരുന്നു. മൗലവിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് മുന്നില്‍ എറ്റവും വലിയ വിലങ്ങുതടിയായി വര്‍ത്തിച്ചതും ഈ ഗ്രൂപ്പുകള്‍ തന്നെ. അല്‍മനാര്‍ പത്രാധിപര്‍ സയ്യിദ് റഷീദ് രിദയുമായുള്ള എഴുത്തുകുത്തുകളില്‍ ഈ വിഷയങ്ങള്‍ പലതവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സ്വൂഫി/ബറേലവി ചിന്തകളുമായി എതെങ്കിലും മേഖലകളില്‍ സമരസപ്പെടുന്ന വീക്ഷണങ്ങള്‍ വക്കം മൗലവി പുലര്‍ത്തിയിരുന്നുവെങ്കില്‍ അദ്ദെഹത്തിന് ഒരിക്കലും എതിരാളികളില്‍ നിന്നും ഇത്രയും ശക്തമായ വിമര്‍ശനവും പ്രതിരോധവും അനുഭവിക്കേണ്ടി വരുമായിരുന്നില്ല. വക്കം മൗലവിയുടെ വിയോഗത്തിന് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തില്‍പോലും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് മൗലവിയോടുള്ള കലിപ്പ് തീര്‍ന്നിട്ടില്ല. 'വഹാബി നേതാക്കളായ' കെ.എം.മൗലവി, വക്കം മൗലവി തുടങ്ങിയവരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കേരളത്തിലെ പാഠപുസ്തകങ്ങളില്‍നിന്നും നീക്കം ചെയ്യിക്കുവോളം ഈ കോപവും അമര്‍ഷവും വളര്‍ച്ച പ്രാപിച്ചിരിക്കുന്നു.