നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി/വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 5)

1. ഖാദിയാനീ പരിഭാഷകള്‍

ഇന്ന് ഇസ്‌ലാമിക ഗ്രന്ഥശാലകളില്‍ കാണപ്പെടുന്ന വ്യതിചലിച്ച ഏറ്റവും അപകടകാരിയാണ് ഖാദിയാനികളുടെ തര്‍ജമകള്‍. 

എഡി. 1840ല്‍ ഇന്ത്യയിലെ ഖാദിയാനില്‍ ജനിച്ച് 1908ല്‍ മരിച്ച, പ്രവാചകത്വം വാദിച്ച മിര്‍സാ ഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായികളാണ് ഖാദിയാനികള്‍. 

ഉപരിപ്ലവമായി മതത്തിന്റെ മേല്‍കുപ്പായത്തിലാണെങ്കിലും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സന്തതിയാണ് ഖാദിയാനി പ്രസ്ഥാനം. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഖാദിയാനികള്‍ക്ക് ഈ മേഖലയില്‍ ഗണ്യമായ വികാസവും ജീവസ്സുറ്റ പ്രവര്‍ത്തനവുമുണ്ട്. ആ കാലത്ത് തന്നെ ഖാദിയാനീ നേതാവായ മുഹമ്മദ് അലിയുടെ തര്‍ജമ 1918ല്‍ ഇംഗ്ലിഷില്‍ പ്രസാധനം ചെയ്യപ്പെടുകയുണ്ടായി. 

1969ല്‍ മാലിക് ഗുലാം ഫരീദിന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ലിഷ് ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവും വിവരണവും പ്രസിദ്ധം ചെയ്യപ്പെട്ടു. അപ്രകാരം മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ദഫറുല്ലാഹ് ഖാന്റെ ഇംഗ്ലിഷ് തര്‍ജമയും വിശുദ്ധക്വുര്‍ആനിന്റെ ആശയവിവര്‍ത്തനമെന്ന പേരില്‍ മറ്റൊരു ലഘുപതിപ്പും ഇംഗ്ലിഷില്‍ വെളിച്ചം കണ്ടു. ഇതിന്ന് ആമുഖമെഴുതിയത് ഖാദിയാനീവിശ്വാസ പ്രകാരമുള്ള വാഗ്ദത്ത മസീഹിന്റെ രണ്ടാം ഖലീഫ മിര്‍സാ ബശീറുദ്ദീനാണ്. പിന്നീടത് 1963ല്‍ വലിയ മൂന്ന് വാള്യങ്ങളിലായി മാലിക് ഗുലാം ഫരീദ് പ്രസിദ്ധീകരിക്കുകയുണ്ടായി. 

ലോകത്തിന്റെ മുഴുമേഖലകളിലും വിശിഷ്യാ യൂറോ-അമേരിക്കന്‍ നാടുകളിലും ആഫ്രിക്കന്‍ വന്‍കരയിലും ഗണ്യവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് ഈ പിഴച്ച വിഭാത്തിനുള്ളത്. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ധന്യവും സമൃദ്ധവുമാണ്. തങ്ങളുടെ നിരര്‍ഥക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്ന് വിശുദ്ധ ക്വുര്‍ആന്‍ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഖാദിയാനീ പ്രസ്ഥാനത്തിന്റെ മലയാള പരിഭാഷ

ഖാദിയാനികളുടെ ഏറ്റവും വലിയ ശ്രമമായിരുന്നു മലയാളത്തില്‍ ഒരു തര്‍ജമ പ്രസിദ്ധീകരിക്കുക എന്നത്. മുഹമ്മദ് അബുല്‍ വഫാ അത് തയ്യാറാക്കുകയും 1991ല്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. 

മുഹമ്മദ് അബുല്‍വഫാ തന്റെ പരിഭാഷയില്‍ അവലംബിച്ചത് ബശീര്‍ അലിയുടെ ഇംഗ്ലിഷ് പരിഭാഷയും മിര്‍സാ ബശീറുദ്ദീന്റെ ഉറുദുതര്‍ജമയും ആയിരുന്നു. പ്രസ്തുത തര്‍ജമ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് (ഖാദിയാനി) പബ്‌ളിഷേഴ്‌സ് ലിമിറ്റഡ് പിന്നീട് ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ക്വുര്‍ആനിന്റെ മുപ്പതാം ജുസ്അ് വിവരണത്തോടൊപ്പം പ്രസ്തുത പരിഭാഷക്ക് 1180 പേജുകളുണ്ടായിരുന്നു. 

വരികള്‍ക്കിടയിലെ വിഷലിപ്ത ചിന്തകള്‍

ഖാദിയാനി ചിന്തകളെ കുറിച്ച് വ്യക്തമായ ചിത്രമാണ് ഈ തര്‍ജമ നല്‍കുന്നത്. അറബിപദത്തിന് നേരെ പദങ്ങളുടെ അര്‍ഥം നല്‍കിയതിനു ശേഷം അടിക്കുറിപ്പുകളിലാണ് വിഷലിപ്ത ചിന്തകള്‍ ഒളിപ്പിച്ചിരിക്കുന്നത്. 

'മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവരിരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു'' (ക്വുര്‍ആന്‍ 5:75) എന്ന ആയത്ത് ദുര്‍വ്യാഖ്യാനിക്കുന്നത് അതില്‍ ഒന്നു മാത്രം. 'ഖലത്' (കഴിഞ്ഞുപോയി) എന്ന പദത്തിന് മരണപ്പെട്ടു എന്നാണ് അര്‍ഥമെന്നും അങ്ങനെവരുമ്പോള്‍ ഈസാനബി(അ)യും മരണപ്പെട്ടിരിക്കുന്നു എന്ന് അതില്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 

എന്നാല്‍ ഈ വിവര്‍ത്തകന്‍ സ്വന്തത്തോട് തന്നെ വിരുദ്ധനായി, സൂറ: ആലു ഇംറാനിലെ 137ാം വചനത്തിന് അര്‍ഥം നല്‍കിയപ്പോള്‍ 'നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞ് പോയിട്ടുണ്ട്' എന്ന് എഴുതുന്നു. ഇതില്‍ 'ഖലത്' എന്നതിന് 'കഴിഞ്ഞുപോയി' എന്നുതന്നെ അര്‍ഥം നല്‍കിയിരിക്കുന്നു. 

മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രചാരം നേടിയ കള്ളവാദങ്ങളില്‍ പെട്ടതാണ് അയാള്‍ തനിക്ക് ദിവ്യബോധനം ലഭിക്കുന്നു എന്നു പറഞ്ഞതിന് പിന്നാലെ താന്‍ വാഗ്ദത്ത മസീഹാണെന്ന് വാദിച്ചത്. 'ദമീമത്തുല്‍ വഹ്‌യ്' എന്ന തന്റെ ഗ്രന്ഥത്തില്‍ അയാള്‍ എഴുതുന്നു: 'തമസ്സിനു ശേഷം സൃഷ്ടികളില്‍ അല്ലാഹുവില്‍നിന്നുള്ള പൂര്‍ണപ്രഭ ചൊരിയാന്‍ വേണ്ടി സൂക്ഷ്മജ്ഞനായ അല്ലാഹുവിന്റെ കല്‍പന പ്രഖ്യാപിച്ചുകൊണ്ട് വാഗ്ദത്ത മസീഹ് വന്നെത്തി.' ഈ കള്ളവാദങ്ങളും അബുല്‍വഫായുടെ തര്‍ജമയില്‍ പറഞ്ഞ ഇതര നബിമാരെപോലെ ഈസാനബി(അ)യും മരണപ്പെട്ടു എന്ന വിവര്‍ത്തനവും എങ്ങനെ സമരസപ്പെടും? വല്ലാത്തൊരു വൈരുധ്യം! 

'നുബുവ്വത്ത് അവസാനിക്കുന്നില്ല!'

 ഖാദിയാനീ പരിഭാഷകന്‍ അബുല്‍വഫാ തന്റെ ശൈഖുമാരെ അനുകരിച്ചുകൊണ്ടും വിശുദ്ധ ക്വുര്‍ആ നിന്റെ ചില വചനങ്ങളുടെ മറപിടിച്ചും വഹ്‌യ് ലോകത്ത് തുടരുമെന്നും പ്രവാചകശൃംഖല അറ്റ് പോയിട്ടില്ലെന്നും കാലാകാലങ്ങളില്‍ പ്രവാചകര്‍ വരുമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആനിലെ സുറഃ അല്‍അഹ്‌സാബിലെ 40ാം വചനമായ 'മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു' എന്ന വചനത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നത് നോക്കുക: ''ഖാത്തം എന്ന പദത്തിന് ശ്രേഷ്ഠന്‍, പൂര്‍ണന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഉദാഹരണത്തിന് 'ഖാതമുശ്ശുഅറാഅ്' എന്ന് നാം ആരെക്കുറിച്ചെങ്കിലും പറഞ്ഞാല്‍ കവികളില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. അതു പോലെ 'ഖാതമുല്‍ അമ്പിയാഅ്' എന്ന് പറഞ്ഞാ ല്‍ നബിമാരില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. ഒരാള്‍ക്ക് ശ്രേഷ്ഠതയുണ്ട് എന്നത് അയാള്‍ അവസാനത്തേതെന്ന് അറിയിക്കുന്നില്ല. അദ്ദേഹം തന്നെയാണ് മഹാനും പൂര്‍ണനും, എന്നാല്‍ അദ്ദേഹം അന്ത്യ പ്രവാചകനല്ല.'' 

അപ്രകാരം തന്നെ അബുല്‍ വഫാ വിശുദ്ധ ക്വുര്‍ആനിലെ ''തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു...'' (40:15) എന്നതിനെ വ്യാഖ്യാനിച്ചു പറഞ്ഞു: 'നിലക്കാത്ത വഹ്‌യ്'. 

'...എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി...'' (ക്വുര്‍ആന്‍ 61:6) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: 'അതിന്റെ ഉദ്ദേശം മിര്‍സാഗുലാമാണ്. അദ്ദേഹത്തിന് 'അഹ്മദ്' എന്ന് പേരുണ്ട്. 

 ''...അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ക്വുര്‍ആന്‍) അതിനെ തുടര്‍ന്നുവരികയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 11:17) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: 'ശാഹിദ്' എന്ന പദത്തിന്റെ ഉദ്ദേശം വാഗ്ദത്ത മസീഹാകുന്നു. അതത്രെ മിര്‍സാ ഗുലാം.'' 

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ...'' (ക്വുര്‍ആന്‍ 55:33) എന്ന് തുടങ്ങുന്ന സൂക്തത്തിന്റെ പരിഭാഷയില്‍ ജിന്നിന്റെ വിപക്ഷയായി അദ്ദേഹം പറഞ്ഞത് സ്വേച്ഛാധിപതികള്‍ എന്നും ഇന്‍സിന്റെ വിപക്ഷ കമ്മ്യൂണിസ്റ്റുകളുമാണ് എന്നാണ്.

മുകളില്‍ പറഞ്ഞ വ്യാഖ്യാനങ്ങളും അല്ലാത്തവയും അബുല്‍വഫാ തന്റെ പരിഭാഷയില്‍ ഉള്‍പ്പെടുത്തിയത് മിര്‍സാ ഗുലാം മഹ്ദിയും വാഗ്ദത്ത മസീഹുമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ്; അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ്. എന്നാല്‍ ഇവയെല്ലാം മിര്‍സായുടെയും അനുയായികളുടെയും പിന്‍ഗാമികളുടെയും കറ്റുകെട്ടലുകള്‍ മാത്രമാണ്. മതപരിജ്ഞാനമില്ലാത്ത ഒരു അശ്രദ്ധാലുവിനല്ലാതെ അത് സ്വീകാര്യമാകില്ല. ഇസ്‌ലാമിനെക്കുറിച്ചോ അറബി ഭാഷയെക്കുറിച്ചോ യാതൊരു അറിവുമില്ലാത്തവനല്ലാതെ അത് ഉള്‍ക്കൊള്ളാനുമാവില്ല. 

മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷയില്‍ ഇയാള്‍ കടത്തിക്കൂട്ടിയ എല്ലാ ദുര്‍വ്യാഖ്യാനങ്ങളും ഭേദഗതികളും ഇവിടെ ഉദ്ധരിക്കാന്‍ നമുക്ക് ഉദ്ദേശമില്ല. അബുല്‍ വഫായും കൂട്ടുകാരും തങ്ങളുടെ ദേഹേച്ഛ ഓതിക്കൊടുത്തതനുസരിച്ചും കള്ള പ്രവാചകന്‍ മിര്‍സായുടെ ചിന്തകള്‍ക്കൊത്തും വിശുദ്ധ ക്വുര്‍ആനിനെതിരില്‍ കല്ലുവെച്ച നുണകള്‍ എഴുതിവിടാന്‍ കാണിച്ച ധൈര്യം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ തന്നെ മാന്യ വായനക്കാര്‍ക്ക് മതിയാകും. 

കേരളത്തില്‍ ഈ പരിഭാഷക്ക് വലിയ പ്രചാരം ലഭിച്ചില്ലായെന്നത് സന്തോഷകരമായ കാര്യമാണ്. കാരണം ഖാദിയാനീ പ്രബോധനം കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തീര്‍ത്തും ശുഷ്‌ക്കമാണ്. അല്ലാഹുവേ നിനക്ക് സ്തുതി.……

നാളിതുവരെയായി ഈ പിഴച്ച പ്രസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ സ്വാധീനമുണ്ടായ നാടാണ് കേരളം. സത്യവാഹകര്‍ അവര്‍ക്കെതിരില്‍ ജാഗരൂഗരുമാണ്. അല്ലാഹുവേ നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

2. അക്വ്‌ലാനി സ്വാധീനമുള്ള പരിഭാഷകള്‍

പ്രമാണ വചനങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ പരിമിതമായ ബുദ്ധിയെ അവലംബിക്കുന്നവരാണ് അക്വ്‌ലാനികള്‍. തങ്ങളുടെ അഭീഷ്ടത്തോട് യോജിക്കുന്നത് സ്വീകരിക്കുകയും മറ്റുള്ളതെല്ലാം തള്ളുകയും ചെയ്യുന്നവരാണ് അവര്‍. 

തീര്‍ത്തും ഖേദകരമെന്ന് പറയട്ടെ, മുസ്‌ലിം അണികളില്‍ അറിവും പരിജ്ഞാനവും ഉള്ളവരെന്ന് പറയപ്പെടുന്ന വര്‍പോലും ഇത്തരം അന്യചിന്തകളുടെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടുണ്ട്. 

'അല്‍ അക്വ്‌ലാനിയൂന്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറയുന്നു: 'അക്വ്‌ലാനികളെയും അവരുടെ അനുയായികളെയും ശപിക്കപ്പെട്ട പിശാച് തന്റെ വലയില്‍ വീഴ്ത്തിയ ഏറ്റവും വലിയ തന്ത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വചനങ്ങളെ -അവ അദ്യശ്യങ്ങളുമായോ ആരാധനകളുമായോ മുഅ്ജിസത്തുകളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ പോലും- കേവലമായ ഭൗതിക വീക്ഷണത്തിന്റെയും ചിന്തയുടെയും പരിമിതികളുള്ള മനുഷ്യബുദ്ധികൊണ്ട് എതിരിടുകയെന്നതാണ്. അങ്ങനെ അവര്‍ വിശുദ്ധക്വുര്‍ആനിലും തിരുസുന്നത്തിലും വന്ന നിരവധി അദ്യശ്യങ്ങളായ കാര്യങ്ങളെ നിഷേധിക്കുന്നു. കാരണം അവ അവരുടെ കേവല ഭൗതിക ചിന്തയോട് യോചിക്കുന്നില്ല എന്നതുതന്നെ. അതു പോലെ അവര്‍ മുഅ്ജിസത്തുകളെ അസാധുവാക്കുന്നു. അവരുടെ അക്വ്‌ലാനി മന്‍ഹജിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ അവര്‍ ഭേദഗതി വരുത്തുന്നത് അവരുടെ അക്വ്‌ലാനി അനുമാനത്തില്‍ നിന്ന് മാത്രമാണ്. അഥവാ അദ്യശ്യകാര്യങ്ങളെക്കാള്‍ ദുര്‍ബലമായ ദ്യശ്യലോകത്തിന് പ്രാമുഖ്യം കല്‍പിക്കുന്ന തെറ്റായ അക്വ്‌ലാനി അനുമാനം.

(അവസാനിച്ചില്ല)

0
0
0
s2sdefault