അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം‍

ഡോ. മുഹമ്മദ് റാഫി.സി

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

പുരോഗതിയെ കുറിച്ചാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്; മനുഷ്യജീവിതത്തില്‍ വന്ന വിവിധ രംഗങ്ങളിലുള്ള അത്ഭുതകരമായ പുരോഗതികളെ കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും അവ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നവലോകക്രമവും നമ്മുടെ മുന്‍കാല സങ്കല്‍പങ്ങളില്‍ കടന്നുവരിക പോലും ചെയ്യാത്തതും ഉള്‍കൊള്ളാനാവത്തതുമാണ് എന്നതാണ് വസ്തുത.

കച്ചവടമാണ് കൃഷി കഴിഞ്ഞാല്‍ ആദിമ കാലം മുതല്‍ തന്നെ മനുഷ്യന്‍ അവന്റെ വളര്‍ച്ചയുടെ വഴിയില്‍ സ്വീകരിച്ച ഉപാധി. പക്ഷേ, കാലം ചെല്ലുന്തോറും കച്ചവടരംഗത്ത് നന്മയും സത്യസന്ധതയും വിശ്വസ്തതയും നഷ്ടപ്പെടുകയും ചതിയും കളവും കച്ചവടത്തിന്റെ മുഖമുദ്രയായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

കാലം മുന്നോട്ടു പോകുംതോറും മനുഷ്യരുടെ നല്ല ചിന്തകള്‍ക്ക് കോട്ടം തട്ടുകയും ആര്‍ത്തിയും ദുരയും കൂടി വരികയും ചെയ്യുന്നത് സങ്കടകരമായ കാര്യമാണ്. ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധി എന്നതില്‍ നിന്നും കുറഞ്ഞ സമയംകൊണ്ട് ഏത് വിധേനയും കൂടുതല്‍ പണമുണ്ടാക്കാനുള്ള മത്സരങ്ങളിലേക്ക് കച്ചവടരംഗം മാറിയതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. ഇത്തരമൊരു സമൂഹത്തില്‍ മാന്യതയും സത്യസന്ധതയും നഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

കച്ചവട രംഗത്ത് ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും വന്നതോടുകൂടി കൃത്രിമത്വം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് കഴിഞ്ഞിരിക്കുന്നു. അമിതമായ ലാഭക്കൊതി മനുഷ്യനെ കീഴടക്കിയപ്പോള്‍ കൂടുതല്‍ പണം നേടുന്നതിനായി ഏതു നെറികെട്ട മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കുന്നു.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യവസ്തുക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നമ്മുടെ കൊച്ചു കേരളമാണ് ഇതിന്റെ അതിരൂക്ഷമായ പരിണിത ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ മായമില്ലാതെ കിട്ടുന്നതെന്താണ്? വെളിച്ചെണ്ണയുടെ നൂറുകണക്കിന് ബ്രാന്‍ഡുകളാണ് ദിവസവും പൂട്ടുന്നത്. താമസിയാതെ തന്നെ അവ പുതിയ പേരില്‍ പുറത്തിറങ്ങുന്ന വിരോധാഭാസം വേറെ.

ഹോര്‍മോണ്‍ കുത്തിവെക്കപ്പെടുന്ന കോഴികളുടെ മാംസം... മാരകവിഷം തെളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും... മായം ചേര്‍ത്ത പലവ്യജ്ഞന സാധനങ്ങള്‍... റെഡ് ഓക്‌സൈഡിനാല്‍ നിറം നല്‍കപ്പെട്ട അരി... എന്തിലും ഏതിലും മായവും വിഷവും!

ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത് മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗമാണ്, അമോണിയം പ്രയോഗം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇന്ന് ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി കര്‍ശനമായ പരിശോധനാ ക്രമങ്ങളും അവക്കുവേണ്ടിയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും ക്രമീകരിക്കുന്ന കാലത്താണ് നമ്മുടെ രാജ്യം ഇത്തരം സാമൂഹ്യദ്രോഹികളെ ഒന്നു ഭയപ്പെടുത്താന്‍ പോലുമാകാതെ തരിച്ച് നില്‍ക്കുന്നത്.

മുസ്‌ലിം സഹോദരങ്ങള്‍ ഈ വിഷയത്തില്‍ തിരിച്ചറിയേണ്ട ഗൗരവതരമായ ചില കാര്യങ്ങളുണ്ട്. കച്ചവടത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. പലിശയെ നിഷിദ്ധമാക്കുകയും കച്ചവടത്തെ അനുവദിക്കുകയും മാന്യമായ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മതം. കച്ചവടത്തിന്റെ ലാഭം പ്രതീക്ഷിക്കുന്നിടത്ത് ദൈവാനുഗ്രഹം എടുത്തു പറഞ്ഞ ആദര്‍ശം. ഈ തത്ത്വത്തില്‍ ഊന്നിനില്‍ക്കാന്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെങ്കിലും കഴിഞ്ഞാല്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റ് നമുക്ക് നാട്ടില്‍ തിരിച്ച് കൊണ്ടുവരാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. കച്ചവടത്തിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആത്യന്തികമായി നമ്മുടെ പരലോകം ശുഭകരമാകും എന്നതിലും രണ്ടഭിപ്രായമില്ല.

'''സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9:119).

നബിﷺ ഒരിക്കല്‍ പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയില്‍ കണ്ട കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: ''കച്ചവടക്കാര്‍ അന്ത്യദിനത്തില്‍ അധര്‍മകാരികളായി ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്; അല്ലാഹുവിനെ ഭയപ്പെടുകയും നന്മ കാംക്ഷിക്കുകയും സത്യസന്ധരായി കച്ചവടത്തിലേര്‍പെടുകയും ചെയ്തവനൊഴികെ.''

മറ്റൊരിക്കല്‍ റസൂല്‍ﷺ പറഞ്ഞു: ''കച്ചവടക്കാര്‍ക്ക് വില്‍പനവസ്തു മടക്കാന്‍ സ്വതന്ത്ര്യമുണ്ട്; കച്ചവടം പൂര്‍ത്തിയാകുന്നത് വരെ. അവര്‍ സത്യസന്ധരായാണ് കച്ചവടം നടത്തിയതെങ്കില്‍ അതില്‍ അനുഗ്രഹം ചൊരിയപ്പെടും. മറച്ചുവെച്ചും കളവ് പറഞ്ഞുമാണെങ്കില്‍ അനുഗ്രഹം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.'' 

മനുഷ്യന്‍ സമ്പാദിക്കുന്ന നല്ല സമ്പാദ്യങ്ങളില്‍ നബിﷺ എണ്ണിയത് മറച്ചുവെക്കാതെ, വഞ്ചിക്കാതെ നടത്തുന്ന കച്ചവടത്തിലൂടെ നേടുന്ന വരുമാനത്തെയാണ്.

മറ്റൊരിക്കല്‍ 'വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ പരലോകത്ത് പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും'' എന്നും തിരുനബിﷺ പറഞ്ഞുവച്ചിട്ടുണ്ട്.

'മാന്യനായ കച്ചവടക്കാരന് അല്ലാഹുവിന്റെ തണല്‍ ലഭിക്കു'മെന്നും നബിﷺ പറഞ്ഞത് കാണാനാകും.

കൂടുതല്‍ സൂക്ഷ്മത കടന്നുവരേണ്ട രംഗമായി കച്ചവട രംഗം മാറിയിരിക്കുന്നു. എല്ലാവരും കൊള്ളയും ചതിയുമല്ലേ നടത്തുന്നത്, ഞാനായിട്ട് മാറിനിന്നിട്ട് എന്തു കാര്യം എന്ന് ചിന്തിക്കേണ്ടവനല്ല വിശ്വാസി. ഞാന്‍ അത്തരം ദുഷ്പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനിന്നാല്‍ ആ കാരണത്തിലൂടെ അല്ലാഹുവിന്റെ ഇടപെടല്‍ ഭൂമുഖത്തുണ്ടാകും. അത് മുഖേന നന്മകള്‍ പൂക്കുന്ന സാഹചര്യമുണ്ടാകും. കാരണക്കാരനായ എനിക്ക് പരലോകത്ത് ആദരവുകള്‍ ലഭിക്കും എന്ന ബോധം നമ്മെ നയിക്കേണ്ടതുണ്ട്.