സമാപനം

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 10)

കണ്ടെത്തലുകള്‍, ഫലങ്ങള്‍

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളുടെ പരിണാമത്തില്‍ പങ്ക് വഹിച്ച മലയാളക്കരയുടെ വൈജ്ഞാനിക ചലനങ്ങളില്‍ പ്രസിദ്ധമായ ചില കാര്യങ്ങളും കേരളീയരുടെ പങ്കാളിത്തവും നാം സൂചിപ്പിച്ചു കഴിഞ്ഞു. എല്ലാവരും തങ്ങളുടെ ദാര്‍ശനികവും ചിന്താപരവുമായ ഗതിയും വൈജ്ഞാനികമായ ശേഷിയും ഭാഷാപരവും സാഹിതീയവുമായ നൈപുണ്യവും അനുസരിച്ചാണ് സഞ്ചരിച്ചത്. തങ്ങളുടെ ചിന്താധാരകള്‍ക്കും ദാര്‍ശനിക സരണികള്‍ക്കും അനുസരിച്ചാണ് ചിലര്‍ തങ്ങളുടെ പരിഭാഷയും വിവരണവും നിര്‍വഹിച്ചത്.  

നേരായ വിശ്വാസത്തില്‍ നിലകൊണ്ട വിവര്‍ത്തകര്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തില്‍ വളവും വക്രതയുമില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടു. സന്തുലിതനായ ഒരു വ്യാഖ്യാതാവും മുസ്‌ലിമായ പരിഭാഷകനും സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട കാലടിപ്പാടുകളിലൂടെ അവര്‍ ചലിക്കുന്നതും നാം കണ്ടു. 

എന്നാല്‍ ദേഹേച്ഛക്കൊത്ത് സഞ്ചരിച്ച പരിഭാഷകര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളിലും മാര്‍ഗങ്ങളിലും സത്യത്തെ ദൂരെ നിറുത്തിയതും നാം കണ്ടു. കാരണം അത്തരക്കാര്‍ പരിഭാഷകള്‍ക്കുള്ള തങ്ങളുടെ അവലംബം തങ്ങളുടെ ദേഹേച്ഛ ഏതൊന്നിലേക്ക് ചായുന്നുവോ അതാക്കി മാറ്റി. ഖാദിയാനികളുടെയും മറ്റു പിഴച്ച കക്ഷികളുടേയും പരിഭാഷകളില്‍ അതാണ് നമുക്ക് വ്യക്തമായത്. 

ഇത്തരത്തിലുള്ള മിക്ക വിവര്‍ത്തകരും പൂര്‍വികരുടെ മാര്‍ഗത്തെ കുറിച്ചുള്ള അവരുടെ അജ്ഞത നിമിത്തവും ഋജുവായ വിശ്വാസത്തില്‍ അവര്‍ക്ക് പ്രാവീണ്യമില്ലാത്തതിനാലും ശരിയായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പരിഭാഷകന്റെ നിബന്ധനകള്‍ തങ്ങളില്‍ ശൂന്യമായതിനാലും വ്യതിയാന ചുഴിയില്‍ അവര്‍ ആവോളം ആപതിച്ചതായി നാം കണ്ടു. 

അവരില്‍ ചിലര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ തങ്ങള്‍ക്ക് യഥേഷ്ടം പുറംകയറാനും ദുരുപയോഗപ്പെടുത്താനുമുള്ള ചവിട്ടുപടിയായും തങ്ങളുടെ സാഹിതീയ നൈപുണ്യം പയറ്റിത്തെളിയാനുള്ള ഉപകരണമായും കണ്ടു. അവര്‍ നന്നായി ഇരുട്ടില്‍ തപ്പി. ഫലമോ? ഭൂരിപക്ഷ മുസ്‌ലിം സമുദായവും വഴികേടില്‍ നിപതിക്കാന്‍ അവര്‍ കാരണക്കാരായി!

കേരളീയര്‍ പിഴച്ച ചിന്താഗതികളുടെയും അഭിപ്രായങ്ങളുടെയും മഹാപ്രവാഹങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് നമുക്ക് ചില വ്യതിചലിച്ച പരിഭാഷകള്‍ മുഖവിലക്കെടുത്ത് പ്രതിപാദിക്കവെ മനസ്സിലായി. പരിഭാഷകള്‍ വായിക്കുന്നതോടെ സംഭൂതമാകുന്ന ഈ നാശഹേതുവായ പ്രവാഹങ്ങളുടെ ആധിക്യത്തിലും വ്യതിചലിച്ച ഗ്രൂപ്പുകളുടെ മഹാ കൂട്ടങ്ങള്‍ക്ക് മുമ്പിലും ധാരാളം മുസ്‌ലിംകള്‍ കൊള്ളേണ്ടതെന്ത്, തള്ളേണ്ടതെന്ത്, സത്യമേത്, അസത്യമേത് എന്നറിയാത്ത പരുവത്തില്‍ ചിന്തകള്‍ താറുമാറായും പരിഭ്രാന്തരായും നില്‍ക്കുന്നു. എന്നാല്‍ രൂഢമൂലമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തില്‍ വേരൂന്നിയ ഇസ്‌ലാമിക സംസ്‌കാരവും കൈമുതലാക്കിയ കാര്യദര്‍ശിയായ മുസ്‌ലിം, അവന്നൊരുവന്ന് മാത്രമെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സ്വന്തത്തെ ഇത്തരം വിതണ്ഡവാദങ്ങളില്‍നിന്ന് രക്ഷിക്കാനാകൂ. 

നടേസൂചിപ്പിച്ച പിഴച്ച ചിന്തകളും അതിന് സമാനമായവയും കേരളീയ മുസ്‌ലിംകള്‍ക്ക് വിദൂരമല്ല. കാരണം ചിരപുരാതന കാലം മുതലേ ഇന്ത്യയില്‍ മേല്‍കോയ്മ നേടിയ മതങ്ങളുടെ ആശയഗതികള്‍ അടക്കി വാണിട്ടുണ്ട്. കൂടാതെ ഗ്രീക്ക്-പ്ലേറ്റോ ഫിലോസഫികളും ബാത്വിനിയാക്കളുടെ സിദ്ധാന്തങ്ങളും ശിയായിസത്തിന്റെ തീവ്രതയും ഇന്ത്യയില്‍ വാണരുളിയിട്ടുണ്ട്. 

അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹത്താലും ഉദവിയാലും ഇസ്‌ലാം ഒരു വിഭാഗത്തെ രക്ഷപ്പെടുത്തി. ചിലരില്‍, അവര്‍ ഇസ്‌ലാം ആശ്‌ളേഷിച്ചിട്ടുകൂടി പിതാക്കളില്‍നിന്നും പ്രപിതാക്കളില്‍നിന്നും അനന്തരമെടുത്ത വ്യതിചലിച്ച ചിന്തകളുടെ ഊറലുകള്‍ അവശേഷിച്ചു. അവ കയ്യൊഴിയല്‍ അവര്‍ക്ക് പ്രയാസം തന്നെയാണ്. അവര്‍ക്കിടയില്‍ അടക്കിവാണുകൊണ്ടിരിക്കുന്ന അന്തരീക്ഷം, സത്യം സ്വീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് കൂച്ച് വിലങ്ങ് തീര്‍ക്കുകയും ചെയ്യും. അല്ലാഹുവില്‍നിന്നുള്ള കാവലുള്ളവരും രൂഢമൂലമായ വിശ്വാസം കൊണ്ടും ഉപകാരപ്രദമായ വിജ്ഞാനംകൊണ്ടും അല്ലാഹു ഹ്യദയം തുറന്നവരും ഒഴികെ. അല്ലാഹുവേ അത്തരക്കാരെ നീ വര്‍ധിപ്പിക്കേണമേ...

ശുപാര്‍ശകള്‍, നിര്‍ദേശങ്ങള്‍

1. ശരിയായ വിശ്വാസത്തെകുറിച്ചുള്ള വിവരക്കേടാണ് മാര്‍ഗഭ്രംശം സംഭവിച്ച അധികപേര്‍ക്കുമുള്ളതെന്ന് ഈ ഹ്രസ്വപഠനത്തിനിടെ നാം മനസ്സിലാക്കി. അതിനാല്‍ തന്നെ മലയാളികള്‍ക്ക്, വിശേഷിച്ചും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാനാവാത്തവര്‍ക്ക് പൊതുവിലും വിശ്വാസവുമായി ബന്ധപ്പെട്ട വചനങ്ങള്‍ക്ക് വിശ്വാസത്തിന്റെ നാനോന്മുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിശദ പരാമര്‍ശമുള്ള ഒരു വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം സമര്‍പ്പിക്കണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്നുകില്‍ മുകളില്‍ പരാമര്‍ശിച്ച പ്രധാനഭാഗം പ്രത്യേകം പരിഗണിക്കുന്ന രീതിയില്‍ പുതിയ ഒരു പരിഭാഷ തയ്യാര്‍ ചെയ്യുക, അല്ലെങ്കില്‍ മലിക് ഫഹദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ് കോംപ്ലക്‌സ് പ്രസിദ്ധീകരിച്ച പരിഭാഷയില്‍ ആ ഭാഗം ചേര്‍ത്തെഴുതുക. 

2. ഇന്റര്‍നെറ്റിലൂടെ, അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാത്ത, സത്യമറിയാനാഗ്രഹിക്കുന്നവര്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ എത്തിക്കുന്നതിനുള്ള ഗംഭീര ശ്രമം നടത്തുക. ഈ രംഗത്ത് അത്യാധുനിക മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക. 
 

3. ഒരു പരിഭാഷകനുണ്ടാകേണ്ട നിബന്ധനകള്‍ ഒത്തുചേര്‍ന്നിട്ടില്ലാത്തവര്‍ പുതിയ പരിഭാഷകള്‍ക്ക് പേനയുന്താന്‍ തുടങ്ങിയാല്‍ അതിന് തടയിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. 
 

4. അസത്യത്തിന്റെ വക്താക്കളുടെ പരിഭാഷകള്‍ കയ്യൊഴിയുക. അതിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുക. സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അവയുടെ അപകടങ്ങള്‍ വിവരിച്ച് നല്‍കുക. 

5. വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനങ്ങള്‍ എല്ലാ മുസ്‌ലിമിനും ഉപകാരപ്പെടുമാറ് പള്ളികളിലും പാഠശാലകളിലും പ്രചരിപ്പിക്കാന്‍ ധര്‍മിഷ്ഠരായ ആളുകളെ പ്രോത്‌സാഹിപ്പിക്കുക. 

6. വിശുദ്ധ ക്വുര്‍ആനിലെ വിശുദ്ധ വചനങ്ങളുടെ ആശയ വിവര്‍ത്തന സംഗ്രഹങ്ങള്‍ വായിക്കുന്നവര്‍ തങ്ങള്‍ക്കുടലെടുക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാനും തെറ്റുകളില്‍ നിന്ന് അകലാനും പ്രാവീണ്യമുള്ളപണ്ഡിതന്മാരെ സമീപിച്ച് വിവരം ഉറപ്പ് വരുത്തുക. 

7. പരിഭാഷകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അറബീഭാഷയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഭാഷയിലും കഴിവുറ്റ വിശ്വസ്തരായ പണ്ഡിതര്‍ക്ക് പരിശോധനക്ക് നല്‍കുക.

8. അറിവ് തേടുന്നവര്‍ ആധികാരിക തഫ്‌സീറുകളിലേക്ക് വിവരം തേടി മടങ്ങുക. അവര്‍ തര്‍ജമകള്‍ കൊണ്ട് മാത്രം മതിയാക്കാതിരിക്കുക. 

9. അറബിഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക. വരുംതലമുറക്ക് വളര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം ഗ്രഹിച്ച് വളരാമല്ലോ. 

10. അക്വീദയുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാഠശാലകളില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഉപയോഗിക്കുക. 

11. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ചും പരിഭാഷകള്‍ പ്രചരിപ്പിച്ചും വിദ്യാര്‍ഥികളുടെയും പ്രബോധകന്മാരുടെയും ചിന്തകളില്‍ ശരിയായ വിശ്വാസം നട്ടുവളര്‍ത്താന്‍ ശ്രമിക്കുക. അതിലൂടെ സത്യത്തിന്റെ വക്താക്കള്‍ക്ക് വേണ്ടി പ്രതിരോധിക്കുവാനുള്ള ശിക്ഷണം അവര്‍ക്ക് നല്‍കാനും ശ്രമിക്കുക. 

12. അറബി ഭാഷ നന്നായി പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ക്കേ, വിശുദ്ധ ക്വുര്‍ആനിന്റെ മാധുര്യവും ചന്തവും ദൈവികതയും സാഹിതീയ ഭംഗിയും കണ്ടെത്താനാവൂ എന്ന് അറബിഭാഷ നന്നായി കൈകാര്യം ചെയ്യാത്ത; തര്‍ജമകളെ അവലംബിക്കുന്നവര്‍ അറിയല്‍ അനിവാര്യമാണ്. 

13. വിശുദ്ധ ക്വുര്‍ആന്‍ കേവലം ഒരു സാഹിത്യഗ്രന്ഥമോ ഭാഷാപോഷിണിയോ, ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം തങ്ങളുടെ പരിചയങ്ങള്‍ പയറ്റിത്തെളിയാനുള്ള പരീക്ഷണശാലയോ അല്ല. പ്രത്യുത അല്ലാഹുവില്‍നിന്നുമുള്ള ദിവ്യ വചനങ്ങള്‍ മാത്രമാകുന്നു അത്. അതിനാല്‍ തന്നെ അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും വിവര്‍ത്തനം ചെയ്യപ്പെടുന്ന ഭാഷയിലും സമര്‍ഥരായവര്‍ മാത്രമെ തര്‍ജമക്ക് മുന്നിട്ടിറങ്ങാവൂ. 

അല്ലാഹു നമ്മെ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്ന, പഠിപ്പിക്കുന്ന നിശയുടെ നിഗുഢതയിലും പകലിന്റെ ഓരങ്ങളിലും അത് പാരായണം ചെയ്ത് പ്രാവര്‍ത്തികമാക്കുന്ന ആളുകളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ; അല്ലാഹുവിന്റെ പ്രത്യേകക്കാരും സ്വന്തക്കാരുമായ അഹ്‌ലുല്‍ ക്വുര്‍ആനില്‍ അല്ലാഹു നമ്മെ ചേര്‍ക്കുമാറാകട്ടെ. അവനത്രെ സസൂക്ഷ്മം കേള്‍ക്കുന്നവന്‍, ഉത്തരം ചെയ്യുന്നവനും. 

മലയാളത്തിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ കാലക്രമത്തിലുള്ള സമ്പൂര്‍ണ പട്ടിക:

ഈ പട്ടിക തയ്യാറാക്കുന്നതില്‍ തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിന്റെ സമ്പൂര്‍ണ ആശയ വിവര്‍ത്തനമാണോ എന്നതാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഇവിടെ പരിഭാഷകന്‍ ഏതൊരു പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കപ്പെട്ടവനാണെന്നോ ഏത് വീക്ഷാഗതിക്കാരനാണെന്നോ പരിഭാഷയില്‍ ഉപയോഗിച്ച ലിപിയേതെന്നോ കണക്കിലെടുത്തിട്ടില്ല. മലയാള ഭാഷയിലുള്ള വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ ചെറുതും വലുതും മധ്യമാനത്തിലുള്ളതും സമ്പൂര്‍ണവും ഭാഗികവുമായി ഏകദേശം അന്‍പതോളമാണെന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. പണിപ്പുരയില്‍ പ്രസിദ്ധീകരണത്തിന് തയ്യാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകളെ നാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പഠനത്തില്‍ നാം സൂചിപ്പിച്ചതായ നിബന്ധനകള്‍ക്കനുസ്യതമായി അവരുടെ പ്രയാണം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ഉദവിയുണ്ടാകട്ടെ എന്ന് നാം ആശംസിക്കുന്നു.