ഇതര മത വിശ്വാസികളുമായുള്ള ഇടപാടുകള്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

(ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം: 2)

മനുഷ്യന്‍ ഭൂമുഖത്തെ ആദരിക്കപ്പെട്ട സൃഷ്ടിയാണ്. അല്ലാഹു നല്‍കിയ ആദരവ് മനുഷ്യര്‍ക്കിടയില്‍ പരസ്പരം നിലനിര്‍ത്തേണ്ടവനാണ് മുസ്ലിം. 

''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു''(ക്വുര്‍ആന്‍:17:70).

മനുഷ്യനെ വിവിധ തരക്കാരായും ഗോത്ര, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളോടെയുമാണ് സൃഷ്ടിച്ചത് എന്നും ക്വുര്‍ആന്‍ പറയുന്നുണ്ട്. (ക്വുര്‍ആന്‍: 30:22, 49:13).

അതിനാല്‍ തന്നെ അടിസ്ഥാനപരമായി ഒരു മുസ്ലിം ഇത്തരം വൈവിധ്യങ്ങളെ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കേണ്ടവനും അവന്റെ ഉത്തരവാദിത്തങ്ങള്‍ ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ട് നിര്‍വഹിക്കുകയും ചെയ്യേണ്ടവനുമാണ്.

മനുഷ്യന്‍ സാമൂഹ്യജീവിയായതിനാല്‍ തന്നെ പരസ്പരമുള്ള ഇടപാടുകള്‍ അവന്റെ ജീവിതത്തില്‍ നിരന്തരമായി നടത്തേണ്ടിവരുമല്ലോ. ഏത് കാലത്തെയും സാമൂഹ്യ സാഹചര്യത്തെ ഉള്‍ക്കൊള്ളാന്‍ വിശാലതയുള്ള ഇസ്ലാം, ഇക്കാരണം കൊണ്ടുതന്നെ സഹജീവികളോട് മനുഷ്യനെന്ന ബന്ധം എപ്പോഴും നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുമുണ്ട്.

പരോപകാരവസ്തുക്കള്‍ (അല്‍മാഊന്‍) എന്ന പേരില്‍ ഒരധ്യായം തന്നെ ക്വുര്‍ആനില്‍ കാണാവുന്നതാണ്. മനുഷ്യര്‍ തമ്മില്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടേണ്ട പരോപകാര വസ്തുക്കള്‍ തടഞ്ഞുവെക്കുന്നവരെ മതത്തെ വ്യാജമാക്കിയവരോടാണ് ക്വുര്‍ആന്‍ അതില്‍ ഉപമിച്ചത് എന്നും കാണാനാകും. 

നബിﷺയുടെ ജീവിതത്തിലുടനീളം ഈ പരസ്പര സമ്മതത്തോടെയുള്ള കൊള്ളകൊടുക്കലുകള്‍ നടന്നതായി കാണാനാകും. ഹിജ്റയുടെ സന്ദര്‍ഭത്തില്‍ നബിﷺ തന്റെ വഴികാട്ടിയായി നിശ്ചയിച്ചത് അബ്ദുല്ലാഹിബ്നു ഉറൈഖിത് എന്ന അമുസ്ലിം വ്യക്തിയെയായിരുന്നു. മരണപ്പെടുന്ന ഘട്ടത്തില്‍ നബിﷺയുടെ പടയങ്കി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു എന്നതും പ്രസ്താവ്യമാണ്.

നബിﷺയുടെ ജീവിതത്തിലെ മറ്റുചില ഉദാഹരണങ്ങള്‍ കാണുക:

ഇതര മത വിശ്വാസികളുമായുള്ള ഇടപാടുകള്‍

ഇംറാന്‍ ബിന്‍ ഹുസൈനി(റ)ല്‍ നിന്നും നിവേദനം: ''ഞങ്ങള്‍ നബിﷺയുടെ കൂടെ ഒരു യാത്രയിലായിരുന്നു. രാത്രിയുടെ അന്ത്യയാമം വരെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ രാത്രിയില്‍ ഞങ്ങള്‍ ഒരു ഉറക്കം ഉറങ്ങി, യാത്രയില്‍ ഇതുപോലെ ആസ്വാദ്യകരമായ ഒരു ഉറക്കം ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. സൂര്യകിരണങ്ങളുടെ ചൂടാണ് ഞങ്ങളെ ഉറക്കില്‍നിന്ന് ഉണര്‍ത്തിയത്. ഓരോരുത്തരായി ഉണരാന്‍ തുടങ്ങി. നാലാമതായാണ് ഉമര്‍(റ) ഉണര്‍ന്നത്. നബിﷺ ഉറക്കത്തിലായിരിക്കെ ഉണര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കാറില്ലായിരുന്നു; കാരണം അദ്ദേഹത്തിന് ഉറക്കില്‍ എന്ത് സംഭവിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. (സ്വപ്‌നത്തിലൂടെ വഹ്‌യ് നല്‍കപ്പെടുന്ന സന്ദര്‍ഭമാണെങ്കില്‍ അതിനിടയില്‍ ഉണര്‍ത്തുമ്പോള്‍ അതിന് ഭംഗം വരുമെന്ന് അവര്‍ ഭയപ്പെട്ടു). ഉമര്‍(റ) ഉണര്‍ന്നെണീറ്റപ്പോള്‍ ആളുകള്‍ ശങ്കിച്ചുനില്‍ക്കുന്നത് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം മറ്റുള്ളവരെക്കാള്‍ മനഃശക്തിയുള്ളയാളാണല്ലോ; അദ്ദേഹം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലി. തന്റെ തക്ബീറിന്റെ ശബ്ദം കേട്ട് നബിﷺ ഉണരുന്നതുവരെ ഉമര്‍(റ) ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടിരുന്നു. നബിﷺ ഉണര്‍ന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട് (നേരം വൈകിയതിന്റെ) ആശങ്കയറിയിച്ചു. നബിﷺ പറഞ്ഞു: 'പ്രശ്‌നമില്ല, യാത്ര തുടരൂ.' അങ്ങനെ അവര്‍ യാത്ര തുടര്‍ന്നു.

യാത്ര അല്‍പദൂരം തുടര്‍ന്നപ്പോഴേക്കും വെള്ളമുള്ള സ്ഥലത്തെത്തുകയും നബിﷺയും സ്വഹാബികളും അവിടെയിറങ്ങി വുദൂഅ് ചെയ്യുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ഒരാള്‍ മാത്രം നമസ്‌കരിക്കാതെ മാറിനില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. നബിﷺ അദ്ദേഹത്തോട് കാര്യമന്വേഷിച്ചു. 'ഞാന്‍ ജനാബത്തുകാരനാണ്, കുളിക്കാനാവശ്യമായ വെള്ളം കിട്ടിയില്ല'- അയാള്‍ മറുപടി നല്‍കി. 'താങ്കള്‍ക്ക് മണ്ണ് ഉപയോഗിച്ച് ശുദ്ധി (തയമ്മും) വരുത്തിയാല്‍ മതിയാകുമല്ലോ'- നബിﷺ നിര്‍ദേശിച്ചു. നബിﷺ യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകള്‍ക്ക് വിശക്കാന്‍ തുടങ്ങി. അപ്പോള്‍ നബിﷺ യാത്ര നിര്‍ത്തി അലി(റ)യെയും മറ്റൊരാളെയും വിളിച്ച് വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞയച്ചു. അവര്‍ ഒട്ടകപ്പുറത്ത് രണ്ട് തോല്‍പാത്രം വെള്ളവുമായി പോകുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. അവര്‍ അവരോട് എവിടെ നിന്നാണ് വെള്ളം ലഭിച്ചതെന്ന് അന്വേഷിച്ചു. 'ഇന്നലെ മുതല്‍ ഈ സമയം വരെ വെള്ളം അന്വേഷിച്ച് നടക്കുകയായിരുന്നു. മറ്റുള്ളവര്‍ കൂട്ടംതെറ്റി പോയതാണ്' എന്ന് അവള്‍ പറഞ്ഞു. അവര്‍ ഇരുവരും പറഞ്ഞു: 'എങ്കില്‍ നടക്കൂ.' അവള്‍ ചോദിച്ചു: 'എവിടേക്ക്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലിന്റെ അടുത്തേക്ക്.' അവള്‍ ചോദിച്ചു: 'ആ മതം മാറിയയാളുടെ അടുത്തേക്കോ?' നീ ഉദ്ദേശിക്കുന്നയാള്‍ തന്നെ എന്നു പറഞ്ഞ് അവര്‍ അവളെയും കൊണ്ട് നബിﷺയുടെ അടൂത്തക്ക് ചെന്നു. അവര്‍ നടന്നതെല്ലാം നബിﷺയെ ധരിപ്പിച്ചു. അവളോട് ഒട്ടകപ്പുറത്തുനിന്ന് താഴെയിറങ്ങാന്‍ പറയാന്‍ നബിﷺ ആവശ്യപ്പെട്ടു. നബിﷺ ഒരു പാത്രം കൊണ്ടുവരാന്‍ കല്‍പിക്കുകയും രണ്ട് തോല്‍പാത്രത്തില്‍നിന്നും അതിലേക്ക് വെള്ളം ചൊരിയുകയും തോല്‍പാത്രങ്ങളുടെ വായ ഭാഗം പരസ്പരം ചേര്‍ത്ത് വെക്കുകയും ചെയ്തു. എന്നിട്ട് ആളുകളോട് വിളിച്ചു പറഞ്ഞു: 'കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യുവിന്‍.' അങ്ങനെ ഉദ്ദേശിക്കുന്നവര്‍ കുടിക്കുകയും കുടിപ്പിക്കുകയും ചെയ്തു. അവസാനം പാത്രത്തിലെ വെള്ളം വലിയ അശുദ്ധിബാധിച്ചിരുന്ന വ്യക്തിക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: 'ഇത് നിന്റെ മേല്‍ ഒഴിക്കുക.' തന്റെ വെള്ളം കൊണ്ട് ചെയ്യുന്നതെല്ലാം നോക്കി നില്‍ക്കുകയായിരുന്നു ആ സ്ത്രീ. അല്ലാഹുവാണെ സത്യം! അവളുടെ പാത്രങ്ങളിലെ വെള്ളത്തില്‍ നിന്ന് അല്‍പം പോലും കുറഞ്ഞിരുന്നില്ല. നബിﷺ പറഞ്ഞു: 'ഇവള്‍ക്ക് വേണ്ടി നിങ്ങള്‍ ശേഖരിക്കുക.' ഉടനെ അവര്‍ അജ്‌വ കാരക്കയും ധാന്യപ്പൊടിയും ഗോതമ്പുമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും അത് ഒരു തുണിയില്‍ പൊതിയുകയും അവളെ ഒട്ടകപ്പുറത്ത് കയറ്റി ഭക്ഷ്യവസ്തുക്കളടങ്ങിയ തുണി അവളുടെ മുമ്പില്‍ വെച്ചുകൊടുക്കുകയും ചെയ്തു. പോകുമ്പോള്‍ നബിﷺ അവളോട് പറഞ്ഞു: 'നീ മനസ്സിലാക്കണം; ഞങ്ങള്‍ നിന്റെ തോല്‍പാത്രത്തിലെ വെള്ളത്തില്‍നിന്ന് ഒട്ടും കുറച്ചിട്ടില്ല. മറിച്ച് അല്ലാഹുവാണ് ഞങ്ങളെ  കുടിപ്പിച്ചത്.' അവള്‍ കുടുംബത്തില്‍ തിരിച്ചെത്തി. വൈകാന്‍ എന്താണ് കാരണമെന്ന് അവര്‍ തിരക്കി? അവള്‍ പറഞ്ഞു: 'അത്ഭുതം! രണ്ട് പുരുഷന്മാര്‍ എന്നെ കണ്ടുമുട്ടി. സാബിഅ് (മതംമാറിയവന്‍) എന്നറിയപ്പെടുന്ന ആളുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹം ഇന്നയിന്ന കാര്യങ്ങളെല്ലാം ചെയ്തു. അല്ലാഹുവാണെ, അയാള്‍ മനുഷ്യരില്‍ ഇതിനും അതിനുമിടയില്‍ (അവള്‍ നടുവിരലും ചൂണ്ടുവിരലും ആകാശത്തേക്ക് ഉയര്‍ത്തി- ആകാശത്തെയും ഭൂമിയെയും ഉദ്ദേശിച്ച്) ഏറ്റവും വലിയ മാരണക്കാരനാണ്. അല്ലെങ്കില്‍ അദ്ദേഹം സത്യമായും അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണ്.' ഒരുദിവസം അവള്‍ തന്റെ സമൂഹത്തോട് പറഞ്ഞു: 'ഈ ജനത (മുസ്‌ലിംകള്‍) നിങ്ങളെ (അവരുടെ മതത്തിലേക്ക്) നിര്‍ബന്ധപൂര്‍വം ക്ഷണിക്കുന്നതായി ഞാന്‍ കാണുന്നില്ല. നിങ്ങള്‍ക്ക് ഇസ്‌ലാമിലേക്ക് വന്നുകൂടേ?' അങ്ങനെ അവര്‍ അവളെ അനുസരിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

ഈ സംഭവത്തില്‍ വിശ്വാസികള്‍ക്ക് പഠിക്കാന്‍ ഒരുപാട് പാഠങ്ങളുണ്ട്. ഇസ്‌ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണ് എന്ന് ആരോപിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയുണ്ട്.  

ഖൈബര്‍ യുദ്ധവേളയില്‍ നബിﷺയും ജൂതന്മാരും സന്ധിയിലായിരിക്കെ സന്ധിക്ക് കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനവും മുസ്‌ലിംകളില്‍ നിന്നുണ്ടാകാതിരിക്കാന്‍ നബിﷺ സദാ ജാഗ്രത പാലിച്ചു. സമാധാനത്തിന്റെ നിലനില്‍പില്‍ നബിﷺ എത്രമാത്രം ശ്രദ്ധാലുവായിരുന്നുവെന്നും എത്ര ത്യാഗം സഹിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന ഒരു സംഭവം കാണുക:

സഹ്‌ല്ബ്‌നു അബീ ഹഥ്മ(റ) ഉദ്ധരിക്കുന്നു: അദ്ദേഹത്തിന്റെ ഗോത്രക്കാരായ അബ്ദുല്ലാഹിബ്‌നു സഹ്‌ലും മുഹൈസയും ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബര്‍ സന്ധി നിലവില്‍ വന്ന സമയമായിരുന്നു അത്. ഖൈബറില്‍ വെച്ച് അബ്ദുല്ല വധിക്കപ്പെടുകയും ജഡം ഒരു കിണറ്റില്‍ ആരോ വലിച്ചെറിയുകയും ചെയ്തു. മുഹൈസ് ജൂതന്മാരുടെ അടുത്തെത്തി അവരോടു പറഞ്ഞു: 'അല്ലാഹുവാണെ, നിങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.' അവര്‍ പറഞ്ഞു: 'അല്ലാഹുവാണെ, ഞങ്ങള്‍ കൊന്നിട്ടില്ല.' മുഹൈസ തന്റെ ഗോത്രത്തിലെത്തി കാര്യങ്ങള്‍ പറഞ്ഞു. സഹോദരന്‍ ഹുവൈസയെയും അബ്ദുറഹ്മാന്‍ ബിന്‍ സഹലിനെയും കൂട്ടി നബിﷺയുടെ അടുത്തെത്തി പരാതി പറഞ്ഞു. മുഹൈസ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ നബിﷺ പറഞ്ഞു: 'മുതിര്‍ന്നവര്‍ സംസാരിക്കട്ടെ.' അങ്ങനെ ഹുവൈസ ആദ്യം സംസാരിച്ചു; തുടര്‍ന്ന് മുഹൈസയും. അപ്പോള്‍ നബിﷺ അവരോട് ചോദിച്ചു: 'അവര്‍ തന്നെയാണ് വധിച്ചതെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രായച്ഛിത്തമാണോ വേണ്ടത്, അതോ നിര്‍ത്തിവെച്ച യുദ്ധം പുനരാരംഭിക്കുകയോ?'

തുടര്‍ന്ന് നബിﷺ ജൂതന്മാര്‍ക്ക് ഒരു കത്തെഴുതി. അവര്‍ മറുപടി അയച്ചു; 'തീര്‍ച്ചയായും ഞങ്ങള്‍ അദ്ദേഹത്തെ കൊന്നിട്ടില്ല' എന്നു പറഞ്ഞ്. നബിﷺ ഹുവൈസയോടും സുഹൃത്തുക്കളോടും പറഞ്ഞു: 'അവര്‍ ആണയിട്ടു പറയുന്നു ഞങ്ങള്‍ കൊന്നിട്ടില്ലെന്ന്. എന്നിട്ടും നിങ്ങള്‍ പ്രായച്ഛിത്തം ലഭിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവോ?' അവര്‍ പറഞ്ഞു: 'ഇല്ല.' എന്നാല്‍ നബിﷺ അവര്‍ക്കുവേണ്ടി നൂറ് ഒട്ടകം നഷ്ടപരിഹാരമായി നല്‍കുകയുണ്ടായി'' (ബുഖാരി, മുസ്‌ലിം).

സൈദ്ബ്‌നു സഅനയുടെ ഇസ്‌ലാം സ്വീകരണം

അബ്ദുല്ലാഹ്ബ്‌നു സലാം നിവേദനം: അല്ലാഹു സൈദ്ബ്‌നു സഅനയ്ക്ക് സന്മാര്‍ഗ ദര്‍ശനം നല്‍കാന്‍ ഉദ്ദേശിച്ചപ്പോള്‍ സൈദ് പ്രഖ്യാപിക്കുകയുണ്ടായി: ''ഞാന്‍ മുഹമ്മദിന്റെ വദനം കണ്ടപ്പോള്‍ പ്രവാചകത്വത്തിന്റെ ചില അടയാളങ്ങള്‍ കാണുകയുണ്ടായി. എന്നാല്‍ അവ എനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്.

ഒന്ന്: അദ്ദേഹം വിവേകം കൊണ്ട് അവിവേകത്തെ അതിജയിക്കണം.

രണ്ട്: അവിവേകം എത്ര തീക്ഷ്ണമായാലും വിവേകമതിയായി നിലകൊള്ളണം.

ഇവ പരിശോധിച്ചറിയാനായി ഞാന്‍ അവരുടെ കൂടെ കൂടും. എന്നിട്ട് അദ്ദേഹത്തിന്റെ വിവേകത്തെ ഞാന്‍ തിരിച്ചറിയാന്‍ ശ്രമിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം റസൂല്‍ﷺ തന്റെ വീട്ടില്‍ നിന്നും അലി(റ)യുടെ കൂടെ പുറത്തേക്കിറങ്ങി. അവരുടെ അടുത്തേക്ക് ഗ്രാമീണനായ ഒരാള്‍ തന്റെ വാഹനപ്പുറത്ത് വന്ന് പറഞ്ഞു: ''തിരുദൂതരേ, ഇന്ന് ഒരു ഗോത്രം മുസ്‌ലിംകളായിരിക്കുന്നു. അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചിരിക്കുന്നു. ഞാന്‍ അവരുമായി ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചിരുന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞിരുന്നു; നിങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ട് മുസ്‌ലിംകളായി മാറിയാല്‍ അല്ലാഹു നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുമെന്ന്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കുകയാണ്, മഴ തടയപ്പെട്ടിരിക്കുകയാണ്. പ്രവാചകരേ, ഞാനിപ്പോള്‍ ഭയപ്പെടുന്നത് അവര്‍ അല്ലാഹുവിന്റെ ദീനില്‍ നിന്ന് തിരിച്ചുപോകുമോ എന്നതാണ്. താങ്കള്‍ അവര്‍ക്ക് വേണ്ടി വല്ല സഹായവും ചെയ്തിരുന്നെങ്കില്‍...''

നബിﷺ തന്റെ ചാരത്തുണ്ടായിരുന്ന അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ''നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ.''

സൈദ്ബിന്‍ സഅന തുടരുന്നു: ഞാന്‍ മുഹമ്മദിന്റെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു: ''ഇന്നാലിന്ന വ്യക്തിയുടെ ഈത്തപ്പനത്തോട്ടം നിശ്ചിത കാലത്തേക്ക് ഞങ്ങള്‍ക്ക് വില്‍ക്കാമോ?''

നബിﷺ പറഞ്ഞു: ''പറ്റില്ല യഹൂദീ, എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് നിശ്ചിത ഈത്തപ്പഴം വില്‍ക്കാന്‍ വഴിയുണ്ടാക്കാം.'' ഇന്ന വ്യക്തിയുടേതെന്ന് നബിﷺ പറഞ്ഞില്ല.

ഞാന്‍ പറഞ്ഞു: ''മതി, അവ നല്‍കുക. ഞാന്‍ എന്റെ പണക്കിഴി തുറന്ന് എണ്‍പത് മിസ്‌ക്വാല്‍ സ്വര്‍ണ നാണയം നല്‍കി നബിﷺയില്‍ നിന്നും ഈത്തപ്പഴം വാങ്ങി ആ മനഷ്യന് നല്‍കി. അയാള്‍ പറഞ്ഞു: 'ഞാന്‍ അതിരാവിലെ തന്നെ ഇത് അവര്‍ക്ക് നല്‍കി സഹായിക്കും.''

സൈദ് ബിന്‍ സഅന പറയുന്നു: ''ഞാന്‍ മുഹമ്മദിന്റെ അടുത്തേക്ക് നീങ്ങി, എന്നിട്ട് പറഞ്ഞു: മുഹമ്മദ് എന്ന വ്യക്തിയുടെ തോട്ടത്തിന് ജാമ്യമായി എന്റെ കയ്യില്‍ നിന്നും ഈ ഈത്തപ്പഴം വാങ്ങിക്കൂടെ?'' മുഹമ്മദ് മറുപടി പറഞ്ഞു: ''പറ്റില്ല ജൂത സുഹൃത്തേ, പകരം നിശ്ചിത അവധി കണക്കാക്കി ഞാന്‍ താങ്കളില്‍ നിന്നും ഇവ വാങ്ങും. ഇന്ന വ്യക്തിയുടെ നാമം നാം പറയുന്നില്ല.'' ഞാന്‍ പറഞ്ഞു: ''ആയിക്കോട്ടെ.''

സൈദ് ബിന്‍ സഅന തുടരുന്നു: ''അങ്ങനെ അവധി പറഞ്ഞ ദിവസം എത്താന്‍ രണ്ടോ മൂന്നോ ദിവസം ബാക്കിനില്‍ക്കെ ഞാന്‍ അവിടെ ചെന്നു, ഞാനദ്ദേഹത്തിന്റെ കുപ്പായത്തിലും തട്ടത്തിലും പിടിച്ച്, ക്രൗര്യ ഭാവത്തോടെ നോക്കി. ''മുഹമ്മദ്, എന്റെ കടം വീട്ടാനുള്ള പരിപാടിയില്ലേ? അല്ലാഹുവാണ, അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബം കടം വെച്ച് താമസിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എനിക്ക് നിങ്ങളെക്കുറിച്ചറിയാം.'' ഞാന്‍ ഉമറിനെ നോക്കി. കറങ്ങുന്ന ഗോളം പോലെ അദ്ദേഹത്തിന്റെ കൃഷ്ണമണികള്‍ എന്നെ വലയം വെച്ചുകൊണ്ടിരുന്നു, പിന്നെ എന്നെ തറപ്പിച്ച് നോക്കി പറഞ്ഞു: ''അല്ലാഹുവിന്റെ ശത്രുവേ, നീ അല്ലാഹുവിന്റെ പ്രവാചകനോടാണ് കയര്‍ക്കുന്നത്. അത് ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല എന്നാണോ നീ കരുതിയത്? റസൂലിനെ സത്യ സന്ദേശം കൊണ്ട് നിയോഗിച്ചവനാണെ സത്യം! നിന്റെ തല എന്റെ വാളിന്റെ ഇരയായിമാറിയേനെ.'' 

അപ്പോഴും പ്രവാചകന്‍ ശാന്തപ്രകൃതനായി ഉമറിനെ സാകൂതം നോക്കുകയായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ''ഉമര്‍, നമുക്കേറ്റവും ഹിതകരമായത് കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത കൊടുത്തുതീര്‍ക്കലാണ്. സൈദിനോട് അവകാശം ചോദിക്കുമ്പോള്‍ മാന്യമായി ചോദിക്കാന്‍ ആവശ്യപ്പെടുകയും ആവാം, താങ്കള്‍ പോയി അദ്ദേഹത്തിന്റെ അവകാശം തിരിച്ച് നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്യുക. നാം വാങ്ങിയതിനെക്കാള്‍ 20 സ്വാഅ് അധികമായി നല്‍കുകയും ചെയ്യുക.''

സൈദ് പറയുന്നു: 'ഉമര്‍ എനിക്ക് സ്വാഅ് അധികം തന്നു. ഞാന്‍ ചോദിച്ചു: 'എന്തിനാണ് ഈ അധിക ധനം?' ഉമര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്‍ എന്നോട് അധികം തരാന്‍ പറഞ്ഞു. ഞാന്‍ തന്നു.' ഞാന്‍ ചോദിച്ചു: 'താങ്കള്‍ക്കെന്നെ അറിയില്ലേ ഉമര്‍?' 'ഇല്ല. താങ്കളാരാണ്?' ഉമര്‍ ചോദിച്ചു. 'ഞാന്‍ സൈദ്ബിന്‍ സഅന, ജൂത പണ്ഡിതന്‍!' ഉമര്‍ അത്ഭുതം കൂറി. 'പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ അല്ലാഹുവിന്റെ ദൂതനോട് ഇങ്ങനെയൊക്കെ പെരുമാറിയത്?' 'ഉമര്‍! ഞാന്‍ റസൂലിനെ കണ്ട മാത്രയില്‍, പ്രവാചകത്വത്തിന്റെ അടയാളങ്ങളില്‍ പെട്ട രണ്ട് കാര്യങ്ങളല്ലാത്ത മറ്റെല്ലാം ഞാനദ്ദേഹത്തില്‍ കണ്ടു, ആ രണ്ടെണ്ണം അദ്ദേഹത്തില്‍ ഉണ്ടെന്ന് എനിക്കുറപ്പില്ലായിരുന്നു. അവ 'അദ്ദേഹത്തിന്റെ വിവേകമാണ് അവിവേകത്തെ അതിജയിക്കുക', 'അവിവേകം ആരില്‍ നിന്നു വന്നാലും അദ്ദേഹത്തില്‍ വിവേകം മാത്രമാണ് വര്‍ധിക്കുക' എന്നീ കാര്യങ്ങളാണ്. അവ രണ്ടും ഞാന്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഉമര്‍, താങ്കളെ സാക്ഷി നിര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: 'അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഒന്നുകൂടി അറിയുക; എന്റെ ധനത്തിന്റെ പാതിഭാഗം (അവ ധാരാളമുണ്ട്) മുഹമ്മദ് നബിﷺയുടെ സമുദായത്തിന് ദാനമായി നല്‍കുകയും ചെയ്തിരിക്കുന്നു.' ഉമര്‍(റ)വും സൈദും റസൂലിനടുത്തേക്ക് ചെന്നു. സൈദ് ശഹാദത്ത് ഉരുവിട്ടു: 'അശ്ഹദു...' അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് അവന്റെ ദുതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അദ്ദേഹത്തിന് ബൈഅത്ത് ചെയ്തിരിക്കുന്നു.' അദ്ദേഹത്തോടൊപ്പം ഈ രംഗം കണ്ടുനിന്ന ധാരാളം പേര്‍ വിശ്വാസികളായി മാറി. പിന്നീട് സൈദ്(റ) തബൂക്ക് യുദ്ധത്തില്‍ നെഞ്ച് വിരിച്ച് രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. അല്ലാഹു സൈദിന് കാരുണ്യം ചൊരിയുമാറാകട്ടെ'' (അബൂദാവൂദ്).