ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും‍

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി അവന്‍  പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.

 പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും ഹദീഥുകളിലും കണ്ടെത്താവുന്നതാണ്. 

ഒന്ന്). അല്ലാഹു പറയുന്നു: ''പ്രഭാതവും പത്ത് രാത്രികളും തയൊണ് സത്യം'' (സൂറത്തുല്‍ ഫജ്ര്‍ 1,2).

ഇൗ വചനത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്). മറ്റൊരു ക്വുര്‍ആന്‍വചനം കാണുക:''അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 22:28).

മേല്‍ കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

മൂന്ന്). നബിﷺ പറഞ്ഞു: 'ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.' സ്വഹാബിമാര്‍ ചോദിച്ചു: 'അപ്പോള്‍ ജിഹാദോ?' നബിﷺ പറഞ്ഞു: 'ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്ത വിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ-അതും (ജിഹാദും)- ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല'' (ബുഖാരി).

നാല്). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബിﷺ ഇപ്രകാരം പറയുത് ഞാന്‍ കേട്ടു: 'ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റാരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ  അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മവുമില്ല. അത് കൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക.' (ത്വബ്‌റാനി-മുഅ്ജമുല്‍ കബീര്‍).

അഞ്ച്). 'സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു' (ദാരിമി).

ആറ്). 'മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം  മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു' (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി- ഫത്ഹുല്‍ബാരി).

ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലുമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നമസ്‌കാരം: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍ വെച്ച് നിര്‍വഹിക്കുക, സുന്നത്ത് നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാണ്. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.

ഥൗബാന്‍(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ''നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല'' (മുസ്‌ലിം).

നോമ്പ്: പ്രവാചക പത്‌നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബിﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്; മാസങ്ങൡ പൗര്‍ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ തീയതികളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം).

ഹജ്ജ് കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ (ദുല്‍ഹജ്ജ് 9ന്) നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. 

അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ  പാപങ്ങള്‍  പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (സ്വഹീഹ് മുസ്‌ലിം) എന്ന് നബിﷺ പറഞ്ഞതായി കാണാം.

 പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍ നിന്നും മോചിപ്പിക്കുക എന്നും,  അതുപോലെ അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനത്തോടെ പറയുമെന്നും ഹദീഥുകളില്‍ കാണാവുതാണ്.

തക്ബീറുകള്‍: ഇബ്‌നുഉമര്‍(റ)വില്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച (നേരത്തെ സൂചിപ്പിച്ചതായ) ഹദീഥിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാ തുടങ്ങിയ കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലുകയും അതുകേട്ട് മറ്റുജനങ്ങളും തക്ബീര്‍ ചൊല്ലുകയും ചെയ്തിരുന്നു. (ബുഖാരി).  അതുപോലെ  മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളിലുമുള്ളവരും തക്ബീര്‍ചൊല്ലി മിന തക്ബീറുകളാല്‍ മുഴങ്ങാറുണ്ടായിരുന്നു എന്നും ഹദീഥുകളില്‍ കാണാവുതാണ്.

ബലിദിനം: ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ്  മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവസം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരു ഹദീഥ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്.

അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂടുന്ന ദിനവുമാണ് (അബൂദാവൂദ്).

അത്‌കൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ, ആരാധനകളും പുണ്യകര്‍മങ്ങളും കൂടി നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു. 

ഉദുഹിയ്യത്ത്: ദുല്‍ഹജ്ജ് പത്തിനെ 'ബലിദിനം' (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ﷺ വിശേഷിപ്പിച്ചതില്‍ നിന്നു തന്നെ അന്ന് നിര്‍വഹിക്കുവാനുള്ള പ്രധാനപ്പെട്ട കര്‍മം ബലികര്‍മമാണെന്ന് (ഉദുഹിയ്യത്ത്) മനസ്സിലാക്കാവുന്നതാണ്. നബിﷺ പറഞ്ഞു: ''കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല'' (അഹ്മദ്, ഇബ്‌നുമാജ). 

അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല.  വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങനെയൊരു കാര്യം ചെയ്യുവാന്‍ ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് കഴിവുണ്ടായിട്ടും അതില്‍ നിന്നും പലരും തിരിഞ്ഞുകളയുന്നു! 

നാമും ഒരുങ്ങുക

മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അത്‌കൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ''നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പവുമായിരിക്കും''(ക്വുര്‍ആന്‍ 29:69).

അതിനാല്‍ നന്മയുടെ പ്രതിഫലം നേടിയെടുക്കുവാന്‍ നമുക്ക് ധൃതി കാണിക്കാം. ''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 3:133).