മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബും വിമര്‍ശകരും: 2

യൂസുഫ് സാഹിബ് നദ്‌വി

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

ഇഷ്ടമല്ലാത്തവരെയും വിരോധമുള്ളവരെയും വഹാബികളായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തില്‍തന്നെ അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. എണ്ണിയാല്‍ തീരാത്ത നവീന വിശ്വാസ ആചാരങ്ങള്‍ പുലര്‍ത്തിവരുന്നവര്‍ ഇതിനെ നിലനിര്‍ത്തുന്നതിനുള്ള വേലിക്കെട്ടിനെയാണ് 'സുന്നത്തു ജമാഅത്ത്' എന്ന സാങ്കേതികശബ്ദം ഉപയോഗിച്ചുവരുന്നത്. ഈ വസ്തുത പൗരാണിക മുസ്‌ലിം കേരളം അംഗീകരിച്ചതൂമാണ്. യഥാര്‍ഥ സുന്നത്തു ജമാഅത്തുകാരെ അതിന്റെ വൃത്തത്തില്‍ നിന്നും പുറംതള്ളുകയും വെള്ളിയുടെ അംശം പോലുമില്ലാത്ത വടിക്ക് വെള്ളിക്കോല്‍ എന്ന് പറയുന്നതുപോലെ റസൂല്‍ ﷺ യുടെ സുന്നത്തുമായി ബന്ധമില്ലാതെ, സ്വഹാബത്തിന്റെ നടപടികളെപ്പറ്റി ചിന്തിക്കാതെ കേവലം മാമൂല്‍മതക്കാരായി കഴിഞ്ഞു കൂടുന്നവര്‍ സുന്നികള്‍/സുന്നത്തു ജമാത്തുകാര്‍ എന്ന പേര്‍ കയ്യടക്കി വെക്കുന്നതിന് പുറമെ, ശരിയായ സുന്നികളെ വഹ്ഹാബി എന്നുവിളിക്കുകയും ചെയ്യുന്നതു കാണാം. വാസ്തവത്തില്‍ വഹ്ഹാബി എന്ന പേര് സ്വയം സ്വീകരിച്ചിട്ടുള്ള സംഘടനയോ വ്യക്തിയോ കേരളത്തില്‍ എവിടെയുമില്ല. 

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ അനുയായികള്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥമെന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖാംഗങ്ങളായ രണ്ടു മഹാ പണ്ഡിതന്മാര്‍, പ്രമാദമായ മുത്തന്നൂര്‍ പള്ളിക്കേസില്‍ അന്യായഭാഗം സാക്ഷിപറഞ്ഞ കൂട്ടത്തില്‍ പ്രസ്താവിച്ചുനോക്കി. പക്ഷേ, മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ അനുയായിയാണ് താനെന്ന് സമ്മതിക്കുന്ന ഒരൊറ്റ കുട്ടിയെപ്പോലും അവര്‍ക്ക് തെളിവിനായി കാണിക്കാനായില്ല. ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ അഭിപ്രായങ്ങള്‍ പ്രമാണമായി എടുത്തുദ്ധരിച്ചും തെളിയിക്കാന്‍ കഴിഞ്ഞില്ല. ഈ വിഷയകമായി മുത്തന്നൂര്‍ പള്ളിക്കേസില്‍ വിധിപറഞ്ഞ ന്യായാധിപന്‍ ശ്രീ.ശേഖരന്റെ വിധിയില്‍ 18ാം ഖണ്ഡികയില്‍ ഇപ്രകാരം വായിക്കാനാകും: ''വഹ്ഹാബി എന്ന പദത്തിനും അഹ്മദി എന്നപദത്തിനും ഒരു നിര്‍വചനം കിട്ടണമെന്ന വൃഥാശ്രമത്തോടുകൂടിയാണ് ഈ വാദമുഖങ്ങളെക്കുറിച്ചു ഞാന്‍ ചര്‍ച്ച ആരംഭിച്ചത്. അഹ്മദിയ്യ എന്ന പദം സ്വയം വിശദീകണാത്മകമാണ്. അവരുടെ ശരിയായ നിയമങ്ങളും നടപടികളും എന്തെല്ലാമാണെന്ന് ഏതൊരാള്‍ക്കും അറിയാന്‍ കഴിയും. വഹ്ഹാബികളെ സംബന്ധിച്ചിടത്തോളം അവര്‍ അബ്ദുല്‍ വഹ്ഹാബിന്റെ അനുയായികളാണെന്ന ആരോപണം ഒഴികെ, അനുയോജ്യമായ ഒരു നിര്‍വചനവുമില്ല. രേഖയിലുള്ള തെളിവുകളില്‍ നിന്നും എന്തെങ്കിലും നടപടികള്‍ ആരോപിച്ചുകൊണ്ട്, അവര്‍ വഹ്ഹാബികളാണെന്നു പറയുവാന്‍ നമുക്ക് സാധ്യമല്ല. അതിന് പല ദൃഷ്ടാന്തങ്ങളുമുണ്ട്. ഹനഫികള്‍ ചില സന്ദര്‍ഭങ്ങളില്‍ ശാഫികളെ വഹ്ഹാബികളാക്കി മുദ്രയടിച്ചിരുന്നുവെന്നു കാണിക്കുന്ന ഹൈക്കോടതി വിധികളാണ് ഞാനുദ്ദേശിക്കുന്നത്. അപ്പോള്‍, ഒരാള്‍ മറ്റൊരാള്‍ ഉദ്ദേശിക്കുന്നതുപോലെ ആകാത്തപ്പോഴാണ് അയാള്‍ വഹ്ഹാബിയെന്നു പറയാറുള്ളതെന്നു തോന്നുന്നു. ഈ അഭിപ്രായത്തിന്നു മതിയായ പ്രാബല്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സുന്നികളെന്ന് പറയപ്പെടുന്നവരുടെ ഒരു സംഘമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, ഒരു കുട്ടിക്ക് പിതാവ് പേരിടുന്നത് പോലെ ഏതൊരാള്‍ക്കും എന്തു പേരുമിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പാസ്സാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് വഹ്ഹാബി എന്ന പേര്‍ അങ്ങനെ നല്‍കപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം. വഹ്ഹാബി എന്ന പദത്തിന് ഒരു നിര്‍വചനം നല്‍കുന്നതില്‍ അന്യായക്കാരന്‍ പരാജയപ്പെട്ടിരിക്കുന്നു'''(സുന്നി വഹ്ഹാബി: കെ.കെ.എം.ജമാലുദ്ദീന്‍ മൗലവി, അന്‍സാരി വാര്‍ഷിക വിശേഷാല്‍പ്രതി, പ്രസാധകന്‍: അബ്ദുല്‍മജീദ് മരക്കാര്‍, പുസ്തകം:9, ലക്കം:1, ഹിജ്‌റ: 1382, റമദാന്‍:1, 1963 ജനുവരി 27, കൊല്ലവര്‍ഷം1138, മകരം: 14).

അഞ്ചുവര്‍ഷക്കാലം സകല സമ്പത്തും ആരോഗ്യവും ചെലവഴിച്ച് മുസ്‌ല്യാക്കളിലെ തലതൊട്ടപ്പന്മാര്‍ അഭിമാന പ്രശ്‌നമായി കണ്ട് നടത്തിവന്ന പ്രശസ്തമായ മുത്തന്നൂര്‍ കേസിന്റെ വിധിയിലെ സുപ്രധാന ഭാഗമാണ് ഇവിടെ രേഖപ്പെടുത്തിയത്. കേരള മുസ്‌ലിം പൗരോഹിത്യം ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചിട്ടും വഹ്ഹാബി എന്ന പദത്തിന് അവര്‍ ഉദ്ദേശിച്ച വികല നിര്‍വചനം കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിക്കാതെ പോയത് ചരിത്ര യാഥാര്‍ഥ്യമാണ്. 

ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹിനെയും നവോത്ഥാന സംരംഭങ്ങളെയും വിമര്‍ശന വിധേയമാക്കിയവരില്‍ മലയാളികള്‍ക്ക് ചിരപരിചിതനായ എന്‍.എം.കാരശ്ശേരിയെന്ന നടുക്കണ്ടിയില്‍ മുഹ്‌യുദ്ദീനും ഉള്‍പ്പെടുന്നു. വഹ്ഹാബികളെ വിമര്‍ശിക്കുന്നതിന് കാരശ്ശേരി മുഖ്യമായും അവലംബിച്ചിട്ടുള്ളത് അദ്ദേഹം തന്നെ പരിഭാഷപ്പെടുത്തിയ മുഹമ്മദ് അസദി(ക്രി:1900-1992)ന്റെ 'മക്കയിലേക്കുള്ള പാത' എന്ന കൃതിയാണ്. അറേബ്യന്‍ സംസ്‌കൃതിയുടെ വ്യാഖ്യാതാക്കളില്‍ പ്രധാനിയെന്നാണ് മുഹമ്മദ് അസദിനെ പരിചയപ്പെടുത്തപ്പെടുന്നത്. ''തങ്ങള്‍ മാത്രമാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധികളെന്നും മറ്റു മുസ്‌ലിംകളെല്ലാം ധര്‍മഭ്രഷ്ടരാണെന്നും കരുതുന്ന അഭിമാനികളും അഹംഭാവികളുമായ മനുഷ്യരാണവര്‍'' എന്നാണ് മുഹമ്മദ് അസദ് വഹ്ഹാബികളെപ്പറ്റി തന്റെ രചനയില്‍ പരിചയപ്പെടുത്തുന്നത്.(മക്കയിലേക്കുള്ള പാത, മുഹമ്മദ്അസദ്, പരിഭാഷ: എം.എന്‍.കാരശ്ശേരി-2008, പേജ്:210,211).

മുജാഹിദുകള്‍ (വിശുദ്ധപോരാളികള്‍) എന്നും ഇൗയിടെയായി സലഫികള്‍ (ധര്‍മനിഷ്ഠരായ മുന്‍ഗാമികളെ പിന്‍തുടരുന്നവര്‍) എന്നുകൂടിയും സ്വയം വിളിക്കുന്ന മുസ്‌ലിം വിഭാഗത്തെയാണ് മറ്റുള്ളവര്‍ വഹ്ഹാബികള്‍ എന്നു പരാമര്‍ശിക്കുന്നത്. ഇവിടെയും അത് പരിഹാസപ്പേരുതന്നെ. കെ.ടി.മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' (1953) എന്ന നാടകത്തില്‍ വിപ്ലവകാരിയായ നായകന്‍ ഖാലിദിന്റെ പിതാവ് ഉസ്മാന്‍ വഹ്ഹാബിയാണ് എന്ന് എടുത്തുപറയുന്നുണ്ട്. അന്ധവിശ്വാസം, അനാചാരം, യാഥാസ്ഥിതികത തുടങ്ങിയവയെ എതിര്‍ക്കുന്ന പരിഷ്‌ക്കരണവാദി എന്ന അര്‍ഥത്തിലാണ് കെ.ടി.യുടെ പ്രയോഗം.(ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു: എം.എന്‍ കാരശ്ശേരി, മാതൃഭൂമി ബുക്‌സ്-2012).

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിലയിരുത്തുന്ന വിഷയത്തില്‍ മുഹമ്മദ് അസദിന് പരസ്യമായ പിഴവുകളും അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ടെന്ന്, അസദിന്റെ രചനകളെ നിരൂപണം നടത്തിയ സൂക്ഷ്മശാലികളായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. പോളണ്ടിലെ യഹൂദ കുടുംബത്തില്‍(1900-1992) ജനിച്ച ലിയോപോള്‍ഡ് വൈസ് 1926ല്‍ ഇസ്‌ലാം സ്വീകരിച്ചു. അബ്ദുല്‍അസീസ് ആലുസ്സുഊദ് രാജാവിന്റെ കാലത്ത് സുഉൗദി അറേബ്യ സന്ദര്‍ശിച്ചു. ഇസ്‌ലാമിന്റെ ചില സാങ്കേതിക ശബ്ദങ്ങളെ മനസ്സിലാക്കിയ വിഷയത്തില്‍ അസദിന് സംഭവിച്ച പിഴവുകളെ ഇസ്‌ലാമിക ലോകത്തിലെ പണ്ഡിത പ്രമുഖര്‍ വ്യക്തമായി ചൂണ്ടിക്കാട്ടി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദിന്റെ നവോത്ഥാന സംരംഭങ്ങളെയും നജ്ദിലെ പണ്ഡിതന്മാരെയും വിലയിരുത്തുന്ന വിഷയത്തില്‍ പുതുമുസ്‌ലിമായ അസദിന് വ്യക്തമായ പിഴവ് സംഭവിച്ചുവെന്നത് അവിതര്‍ക്കിതമാണ്. അസദിന്റെയും അസദിനെപ്പോലെയുള്ളവരുടെയും സ്ഖലിതങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് എം.എന്‍.കാരശ്ശേരിയും സമാന്തരരും മുസ്‌ലിം സമൂഹത്തില്‍ ആയുധമുയര്‍ത്തുന്നത്. 

കിട്ടുന്ന അവസരങ്ങളിലെല്ലാം ഇസ്‌ലാമിനെ പ്രഹരിക്കാന്‍ തുനിയാറുള്ള എം.എന്‍.കാരശ്ശേരി നമ്മുടെ നാട്ടില്‍ മുഴുത്തുവരുന്ന മതഭീകര വാദവുമായി കേരളത്തിലെ വഹ്ഹാബികള്‍ എന്നു വിളിക്കപ്പെടുന്ന മുജാഹിദ് വിഭാഗത്തിന് ബന്ധമൊന്നുമില്ലന്ന് തുറന്ന് സമ്മതിക്കാനുള്ള മനസ്സ് കാണിച്ചിട്ടുണ്ട് (ആ വഹാബികളല്ല ഈ വഹാബികള്‍:എം.എന്‍.കാരശ്ശേരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്-2010 ഫെബ്രുവരി 21-27).

ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളെ സ്വാഗതം ചെയ്യുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് മതഭീകരതാവാദങ്ങളുമായി ബന്ധമില്ലന്ന കാരശ്ശേരിയുടെ അഭിപ്രായം കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാരായ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം തികച്ചും അസഹനീയമായിരുന്നു. മതഭീകരതയുടെ സകല പിതൃത്വവും ജമാഅത്തെ ഇസ്‌ലാമിയില്‍ ബന്ധപ്പെടുത്തുകയും, മുജാഹിദുകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്ത കാരശ്ശേരിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ ജമാഅത്ത് നേതാവ് ടി.കെ.ഫാറൂഖ് പ്രബോധനം വീക്കിലിയില്‍ 'ഒടുവില്‍ കാരശ്ശേരി വഹാബികളെയും തേടിയെത്തി'(പ്രബോധനം: 2010മാര്‍ച്ച് 13) എന്ന തലക്കെട്ടില്‍ തന്റെ പ്രതികരണം രേഖപ്പെടുത്തി.

ഒരുപ്രദേശത്ത് ദീനിന്റെ കൃത്യമായ അടിത്തറ അനുസരിച്ച് ജീവിതം നയിക്കുന്നവരെയും വിശ്വാസി സമൂഹത്തിന്റെ സമൂലരക്ഷക്ക് വേണ്ടി എന്തെങ്കിലും സമര്‍പ്പിക്കുകയും ചെയ്യുന്നവരെയാണ് വഹ്ഹാബികള്‍ എന്ന് ആക്ഷേപപുരസ്സരം വിളിച്ചുവരുന്നത്. മതബോധമില്ലാത്ത താന്തോന്നികളെ ആരും വഹ്ഹാബി എന്ന് സംബോധന ചെയ്യാറില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ശത്രുതാപരമായ മനോഭാവത്തില്‍ എന്തോ പുതിയ മതത്തിന്റെ അനുയായി എന്ന നിലയില്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും തെറ്റുധരിപ്പിക്കാനുമുള്ള ലക്ഷ്യത്തിലായിരുന്നു മറുപക്ഷം വഹ്ഹാബി എന്ന പ്രയോഗം കൊണ്ട് ഉന്നമിട്ടിരുന്നത്. എന്നാല്‍ ലക്ഷ്യം തെറ്റി എയ്തവനെ തന്നെ ഈ പ്രയോഗം മാരകമായ മുറിവ് ഏല്‍പിച്ചിരിക്കുന്നു. കൃത്യമായ ഇസ്‌ലാമനുസരിച്ച് ജീവിക്കുകയും സന്മാര്‍ഗ വിരുദ്ധമായ സകലതിനെയും പ്രതിരോധിക്കുകയും ശിര്‍ക്ക്, ബിദ്അത്ത്, ഖുറാഫാത്തുകള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന നല്ല സമൂഹത്തെയാണ് ലക്ഷ്യമറിയാത്ത ഇരുളിന്റെ അനുയായികള്‍ വഹ്ഹാബികള്‍ എന്ന് പരിഹസിക്കാന്‍ ശ്രമിക്കുന്നത്.

മതഭീകരതയുമായി വഹ്ഹാബിസത്തിനെ ബന്ധപ്പെടുത്തി മുന്‍കേന്ദ്ര മന്ത്രിയും നിയമ പണ്ഡിതനുമായ രാം ജത്മമലാനി നടത്തിയ പരാമര്‍ശം അടുത്തിടെ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 21 നവംബര്‍ 2009ല്‍ ദല്‍ഹിയില്‍ നടന്ന ഭീകരതക്കെതിരായ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനമാണ് പല നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചത്. 'ലോകമെങ്ങുമുള്ള മതഭീകരതക്ക് പിന്നിലുള്ള വഹാബിസം യുവാക്കളുടെ മനസ്സില്‍ അസംബന്ധം കുത്തിവെക്കുകയാണെന്ന്...' രാം ജത്മലാനി പരസ്യമായി കുറ്റപ്പെടുത്തി. സാമാന്യ ചരിത്രബോധത്തിന്റെ അതിരുകള്‍ ലംഘിച്ച ജത്മലാനിയുടെ കാടുകയറ്റത്തില്‍ പ്രതിഷേധിച്ച് സുഉൗദി അംബാസിഡര്‍ ഫൈസല്‍ ഹസന്‍തറാദ്, വേദിയില്‍ ഉണ്ടായിരുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ച് തന്റെ ശക്തമായ പ്രതിഷേധമറിയിച്ച് സദസ്സില്‍ നിന്നും ഇറങ്ങിപ്പോയി. ഭീകരവാദം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെത് മാത്രമാണെന്ന ജത്മലാനിയുടെ കണ്ടെത്തല്‍, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന്, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി ക്ഷമാപണം നടത്തിയതോടെ രംഗം ശാന്തമായി. ജത്മലാനി ഉയര്‍ത്തിവിട്ട വിവരക്കേടിന്റെ പേരില്‍ ഒരു നല്ല സുഹൃത്തിനെ പിണക്കാന്‍ ഇന്ത്യ താല്‍പര്യപ്പെട്ടില്ല. പൗരാണികകാലം മുതല്‍ ഇന്ത്യയുമായി തുടര്‍ന്നുവരുന്ന സുഉൗദിയുടെ നയതന്ത്രബന്ധം കോട്ടങ്ങള്‍ തട്ടാതെ നിലനില്‍ക്കെണമെന്നായിരുന്നു ഇന്ത്യയുടെ താല്‍പര്യം.

സാംസ്‌കാരിക വിമര്‍ശകനായി ചിലയാളുകള്‍ ഉയര്‍ത്തിക്കാട്ടുന്ന സിയാവുദ്ദീന്‍ സര്‍ദാരും ഇതിന് സമാനമായ പല വിവരക്കേടുകളും എഴുന്നുള്ളിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ്. കേവല ഭൗതിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും അധികാരക്കസേര മാത്രം ലക്ഷ്യമാക്കിയും പ്രവര്‍ത്തിച്ചുവരുന്ന മതരാഷ്ട്രവാദി/ഇസ്‌ലാമിസ്റ്റുകളെ ശൈഖ് മുഹമ്മദിന്റെ അനുയായികളും, ശൈഖിന്റെ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരുമായും ചിത്രീകരിക്കാനുള്ള ഗൂഢശ്രമം തന്റെ  Desperately Seeking Paradise (Print: 2004) എന്ന പുസ്തകത്തിലൂടെ സിയാവുദ്ദീന്‍ ഉയര്‍ത്തിവിടാന്‍ ശ്രമിച്ചു. 

വിവിധ നാടുകളില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിനെ ശൈഖ് മുഹമ്മദിന്റെ ചിന്തകളിലേക്ക് കൂട്ടിക്കെട്ടാനുള്ള ഹീനശ്രമങ്ങള്‍ കേരളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ﷺ യുടെ കാലത്ത് ബ്ലേഡും ഷേവിംഗ് സംവിധാനങ്ങളുമുണ്ടായിരുന്നുവെങ്കില്‍ നബിയും ക്ലീന്‍ ഷേവ് ചെയ്യുമായിരുന്നുവെന്ന മതനിന്ദയെ പരസ്യ മറുപടിയായി നല്‍കി ആശ്വാസം കണ്ടെത്തിയ വ്യക്തിയാണ് സിയാവുദ്ദീന്‍ സര്‍ദാര്‍. ശൈഖ് മുഹമ്മദിനെ നിന്ദിക്കാനും സലഫുകളുടെ ചിന്തകളെ വക്രീകരിച്ചു കാട്ടാനും ഒരു വിഭാഗം ആളുകള്‍ വേദവാക്യങ്ങളായി ഇന്നും സിയാവുദ്ദീന്‍ സര്‍ദാറിനെ ഉദ്ധരിച്ചുവരുന്നു.

സ്വതന്ത്ര രതിയും മദ്യവും സുഉൗദി അറേബ്യയില്‍ യഥേഷ്ടം ലഭിക്കാത്തതിന്റെ പേരില്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ മേല്‍ കുതിരകയറാന്‍ ശ്രമിക്കുന്നവരും കുറവല്ല. കൈറോവിലും മറ്റും സ്വതന്ത്രമായി ലഭിച്ച ആര്‍ഭാടങ്ങള്‍ സുഉൗദിയില്‍ ലഭിക്കാത്തതിന്റെ പേരില്‍ പ്രകോപിതനായി, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇസ്‌ലാമിന്റെയും ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെയും തലയില്‍ കെട്ടിവെക്കാന്‍ ഗ്രന്ഥരചന നടത്തിയ വ്യക്തിയാണ് പത്രപ്രവര്‍ത്തകനായി സുഉൗദിയില്‍ ജോലിചെയ്ത ജോയ് സി.റാഫേല്‍. സുഉൗദികളുടെ അടിമകള്‍ (Slaves Of Saudis) എന്ന കൃതിയില്‍ (മാതൃഭൂമി ബുക്‌സ്, കോഴിക്കോട്-2014) ശൈഖ് മുഹമ്മദിനെ മതഭ്രാന്തനായി (പേജ്: 23) ഇയാള്‍ വിശേഷിപ്പിക്കുന്നു. പണം നല്‍കിയുള്ള മതപരിവര്‍ത്തനം സുഉൗദിയില്‍ വ്യാപകമാണെന്ന് ആക്ഷേപിക്കുന്ന ജോയ് സി.റാഫേല്‍, എണ്ണത്തില്‍ കുറവാണെങ്കിലും ഇസ്‌ലാമിനോടുള്ള ആത്മാര്‍ഥതയും ഇഷ്ടവുംകൊണ്ട് മാത്രം മതം മാറുന്നവര്‍ പാശ്ചാത്യരാണെന്ന് ഈ പുസ്തകത്തില്‍ സമ്മതിക്കുന്നു. (പേജ്: 25). മദ്യം നിയമംമൂലം നിരോധിക്കണമെന്ന് വീക്ഷണമുള്ള ഒരു സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന ജോയ് സി. റാഫേല്‍, തനിക്ക് കൃത്യമായി ലഭിക്കേണ്ട പലതും സുഉൗദിയില്‍ ലഭിക്കാതെ വന്നപ്പോള്‍ ഉണ്ടായ മാനസികാവസ്ഥയില്‍ രചിച്ചതാണ് ഈ പുസ്തകമെന്ന് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. 

ശത്രുക്കള്‍ നടത്തിയ കുതന്ത്രങ്ങളും അപവാദ പ്രചാരണങ്ങളും ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹീ ചലനങ്ങളെ സമൂഹത്തില്‍ ഏറെ തെറ്റിധരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഏതോ യുദ്ധക്കുറ്റവാളികളെപ്പറ്റിയാണ് വഹ്ഹാബികള്‍ എന്ന് പ്രയോഗിക്കുന്നതെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. 

ശൈഖിന്റെ ഗ്രന്ഥങ്ങളെയും അദ്ദേഹത്തിന്റെ ചിന്തകളെയും വിമര്‍ശിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് തുര്‍ക്കിയില്‍നിന്നും ഉസ്മാനിയാ ഖിലാഫത്തിന്റെ മറവില്‍ സര്‍വസഹായങ്ങളും ലഭിച്ചുവന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ലോകത്തിന്റെ സകല കോണിലും എത്തിക്കുക എന്ന സമഗ്രദൗത്യം തുര്‍ക്കികളുടെ ചുമതലയായിരുന്നു. ശൈഖിനോടുള്ള വിരോധം മാത്രം മുന്‍നിര്‍ത്തി, സ്വൂഫീ ത്വരീക്വത്തുകാരുടെ സ്വാധീനത്തിന് വശംവദരായി തുര്‍ക്കികള്‍ പ്രചരിപ്പിച്ച രചനകളില്‍ പച്ചക്കള്ളങ്ങള്‍ ധാരാളം ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. ഒരു ഉദാഹരണം പറയാം: ശൈഖ് മുഹമ്മദ് നജ്ദില്‍ മരണപ്പെടുന്നത് ഹി: 1206ല്‍ ആണ്. ചരിത്രത്തിന്റെ വിസ്മൃതിയുടെ ശ്മാശാനങ്ങളില്‍ അന്ത്യവിശ്രമം വിധിക്കപ്പെട്ട അബ്ദില്‍ വഹാബ് ബിന്‍ അബ്ദിറഹ്മാന്‍ ബിന്‍ റുസ്തം അല്‍ഖാരിജി അല്‍ഇബാള്വിയുമായി ശൈഖ് മുഹമ്മദിനെ ബന്ധപ്പെടുത്താന്‍ ചില കുബുദ്ധികള്‍ ശ്രമിച്ചു. 

ഇവിടെ പരാമര്‍ശിക്കപ്പെട്ട റുസ്തം ഇബാള്വി ഇസ്‌ലാമിക ചരിത്രത്തില്‍ ക്രൂരതയുടെ പര്യായമായിട്ടാണ് അറിയപ്പെടുന്നത്. ഹി: 2ാംനൂറ്റാണ്ടില്‍ സൗത്ത് ആഫ്രിക്കയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍. വഹ്ഹാബികള്‍ എന്ന പേരിലാണ് ഇയാളും അനുയായികളും അറിയപ്പെടുന്നത്. കാരണം ഇയാളുടെ പേരുതന്നെ അബ്ദുല്‍ വഹ്ഹാബ് റുസ്തം എന്നാണ്. ഇസ്‌ലാമിന്റെ സര്‍വ ബാഹ്യകര്‍മങ്ങളെയും ഇയാള്‍ ശക്തി ഉപയോഗിച്ച് ചെറുത്തു. പരസ്യമായ സംഘടിത നിസ്‌ക്കാരം തടഞ്ഞു. ഹജ്ജിനായി മക്കയിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പെടുത്തി. 

ഇസ്‌ലാമിനെതിരില്‍ ഇയാള്‍ നടത്തിയ പരസ്യമായ ധിക്കാരത്തെ ചെറുത്ത മതബോധമുള്ള സമൂഹങ്ങളെ ഇയാള്‍ സായുധമായി നേരിട്ടു. രൂക്ഷമായ യുദ്ധങ്ങള്‍ തന്നെ നടന്നു. ഹി:190-197 കാലത്ത് അള്‍ജീരിയയിലെ തീഹര്‍ത്തിലായിരുന്നു ഇയാളുടെ അന്ത്യം.

ആഫിക്കന്‍ നാടുകളില്‍ വഹ്ഹാബികള്‍ സ്ഥാപിച്ചെടുത്ത ഇസ്‌ലാമിക നവോത്ഥാനത്തെപ്പറ്റി സര്‍വകലാശാലാ തലത്തില്‍ ആധികാരിക പഠനങ്ങള്‍ നടന്നിട്ടുണ്ട്. The Ohio State University ചരിത്രവിഭാഗം പ്രഫ: ഉസ്മാന്‍ കോബോയുടെ (www.facebook.com/omkobo) Unveiling Mode-rntiy in TwentiethCentury West African Islamic Reforms (Brill2012), The Development of Wahhabi Reforms in Ghana and Burkina Faso,1960–1990 തുടങ്ങിയ പഠനങ്ങള്‍ ഈ വിഷയത്തില്‍ ഏറ്റവും ആധികാരികമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ വഹാബിസമെന്ന പ്രയോഗം, ഇഷ്ടമല്ലാത്തവരെ മുദ്രയടിച്ച് ഒഴിവാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഈ ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നു.

0
0
0
s2sdefault