എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

അക്ഷരങ്ങള്‍ തീര്‍ക്കുന്ന ആത്മീയവൈകൃതങ്ങള്‍

-പി.പി.എം. തൊടികപ്പുലം

NLP (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം) ഈ മൂന്നക്ഷരമുള്‍ക്കൊള്ളുന്ന ആശയത്തെകുറിച്ച് അറിയാത്തവരില്ലിന്ന്. പ്രമാണങ്ങള്‍ ഗ്രഹിച്ചവരുടെ വേദനയും അതില്ലാത്തവരുടെ ആവേശവുമായി മാനവന്റ മനോമുകുരങ്ങളിലൂടെ തത്തിക്കളിക്കുകയാണത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  NLP  വര്‍ണക്കടലാസില്‍ പൊതിഞ്ഞ അപകടമേറിയ ആശയമാണന്ന് തിരിച്ചറിഞ്ഞവര്‍ വിരളമാവും. അസമാധാനത്തിന് അറുതി വരുത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും അനുഗുണ വഴിയാണന്ന ധാരണയാണ് മാനസിക സംഘര്‍ഷങ്ങളനുഭവിക്കുന്ന മനുഷ്യരെ ഇതിന്റെ ഹോള്‍സെയില്‍ നിര്‍മാണ വിതരണക്കാര്‍ വിശ്വസിപ്പിക്കുന്നത്.

കച്ചവടം കൊഴുപ്പിക്കാനും വേരുറച്ച് പന്തലിക്കാനും ആത്മീയ വിപണന രംഗത്തുള്ള എല്ലാവരും എക്കാലത്തും ഉപയോഗിച്ചിട്ടുള്ളതും വിതരണം ചെയ്തു കൊണ്ടിരിക്കുന്നതുമായ ശാന്തി, സമാധാനം എന്നീ മാനുഷിക വികാരങ്ങള്‍ തന്നെയാണ് ഇവിടെയും ഇറക്കിയിട്ടുള്ള തുറുപ്പുചീട്ട്. കേള്‍ക്കാനും അനുഭവിക്കാനും ഹൃദ്യമായ രൂപഭാവത്തോടെ അതരിപ്പിക്കുന്നുവെന്നതിനെ മാന്ത്രികന്റെ മായാവലയത്തിനപ്പുറമുള്ള പ്രവൃത്തിയായി കാണേണ്ടതില്ല. കാരണം ധ്യാന-മന്ത്രങ്ങളുടെയും എകാഗ്ര സന്യാസത്തിന്റെയും പരിഷ്‌കരിച്ച പതിപ്പ് എന്നതിലുപരി പുതുമയോ ആശയമോ ഈ അക്ഷരങ്ങള്‍ സമ്മാനിക്കുന്നില്ലഎന്നതുതന്നെ! 

ഏത് വ്യക്തിയിലും ഏത് കാലാവസ്ഥയിലും ഇതിന്റെ റേഞ്ച് ഫുള്ളായിരിക്കുമെന്നു കൂടെ തട്ടിവിടുന്നതോടെ  NLP സൈദ്ധാന്തികര്‍ അണ്‍ലിമിറ്റഡ് സമാധാന താരീഫാണ് ഏവര്‍ക്കും ഓഫര്‍ ചെയ്യുന്നത്. ''വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.'' എന്നാണ് ക്വുര്‍ആന്‍ (6:82) പറയുന്നത്.

1970ല്‍ അമേരിക്കക്കാരനായ ജോണ്‍ ഗ്രൈന്‍ഡര്‍, റിച്ചാര്‍ഡ് ബീണ്ടര്‍ എന്നീ രണ്ട് മനുഷ്യരാല്‍ രൂപകല്‍പന ചെയ്യപ്പെട്ട് ലോകത്ത് പടര്‍ന്ന ഈ ആശയം ഒരു നീരാളി കണക്കെ പലരെയും വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന പരമാര്‍ഥം മുന്നില്‍ കണ്ട് അതിനെതിരെ ജനത്തെ ബോധവാന്മാരാക്കേണ്ടതുണ്ട്.

ഇത്തരം ആശയങ്ങളുടെ പ്രായോജകരോടും പ്രചാരകരോടും ക്വുര്‍ആനിന് ചിലത് പറയാനുണ്ട്. ''സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.'' (ക്വുര്‍ആന്‍ 4:83)

കേട്ടപാതി കേള്‍ക്കാത്ത പാതി എന്തും ഏതും വാരിപ്പുണരുന്നതിന് മുമ്പേ അനിവാര്യ ചിന്തയും അത്യാവശ്യ പഠനവും നന്മ മാത്രമെ വരുത്തൂവെന്നറിയുക. ഒപ്പം ദൈവസ്മരണയാല്‍ മാത്രമെ മനസ്സമാധാനം പുലരൂ എന്ന സത്യം ഉള്‍കൊള്ളുകയും ചെയ്യുക.

0
0
0
s2sdefault