എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഏപ്രില്‍ 14 1439 റജബ് 27

ചാനല്‍ ചര്‍ച്ചകള്‍ പ്രഹസനമാകുമ്പോള്‍

മലയാള ചാനല്‍ ചര്‍ച്ചകള്‍ക്ക് മുമ്പില്‍ അപൂര്‍വമായേ വന്നു ചാടാറുള്ളൂ. എങ്ങാനും പെട്ടുപോയാല്‍ ഇനി ഏഴയലത്ത് വരില്ലെന്ന് ശപഥം ചെയ്‌തേ എഴുന്നേറ്റ് പോകാന്‍ കഴിയൂ. അത്രയ്ക്ക് മലീമസമായിരിക്കുന്നു ചര്‍ച്ചകളില്‍ പലതും. ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടിലും സ്വന്തം മുതലാളിമാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലും മറ്റു അവതാരകരെക്കാള്‍ കേമനാണെന്ന് തെളിയിക്കാനുള്ള ആവേശത്തിലും ഇവര്‍ക്ക് മൂല്യങ്ങള്‍ പലതും ബലി കഴിക്കേണ്ടി വരുന്നു എന്ന വസ്തുത അറിയാതെ പോയതാണോ അതോ മനപ്പൂര്‍വം ചെയ്യുന്നതാണോ എന്ന് മാത്രമേ ചിന്തിക്കാനുള്ളൂ. 

രാജ്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതില്‍ തന്നെ വിഷ്വല്‍ മീഡിയയുടെ സ്ഥാനം ഏറ്റവും മുകളിലാണ് താനും. ഈ വസ്തുതകളൊന്നും തീരെ അറിയാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അത് മീഡിയക്കാര്‍ മാത്രമാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. രാജ്യത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ സമയോചിതമായി ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ മാധ്യമങ്ങളെക്കാള്‍ നല്ലൊരു ചടുലമായ പരിഹാരമാര്‍ഗമില്ല. എന്നാല്‍ ഈയൊരു പോസിറ്റീവായ വശത്തെ പാടെ തമസ്‌കരിച്ച് സെന്‍സേഷന് വേണ്ടി ഇക്കിളി വാര്‍ത്തകളുടെ പിന്നാലെ പായുന്ന വര്‍ത്തമാനകാല മീഡിയാ സംസ്‌കാരത്തെ കാണുമ്പോള്‍ മൂല്യബോധത്തില്‍ വിശ്വസിക്കുന്ന ഏതൊരു മലയാളിയെയും പോലെ അങ്ങേയറ്റം അറപ്പു തോന്നുന്നു.

-ഫൈഹ മൈത്ര


നിങ്ങള്‍ സൃഷ്ടിക്കുന്നത് വൈകൃതബോധമുള്ള തലമുറയെ

ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗികനിവൃത്തി വരുത്തുന്ന ഒരു മലയാളീ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായിരുന്നു പോയ വാരത്തിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. കേരളം എത്രമാത്രം ലൈംഗിക അരാചകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നതിന്റെ മാരക ഉദാഹരണമായിരുന്നു പ്രസ്തുത സംഭവം. 

സംഭവത്തെ അപലപിച്ചും കേസെടുക്കാന്‍ നിര്‍ദേശം കൊടുത്തും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ ആശാവഹം തന്നെ. എങ്കിലും അതിലേക്ക് നയിച്ച കാരണങ്ങളെ തമസ്‌കരിച്ച് വെറും ശിക്ഷാനടപടി കൊണ്ട് ഈ സാഹചര്യത്തെ മറികടക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഉയര്‍ന്ന് കേട്ട പ്രതിഷേധമാണ് മാറുതുറക്കല്‍ സമരം. അതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാം ചുംബനസമരത്തിന് സാക്ഷിയായി. ഇതിനെയെല്ലാം താത്ത്വികവല്‍ക്കരിച്ച്, അതിരുകടന്ന അത്തരം പ്രതിഷേധങ്ങള്‍ക്ക് ആഭ്യന്തര സംരക്ഷണം ഒരുക്കിക്കൊടുത്ത് അതില്‍ പ്രചോദിതരായ യുവതലമുറയുടെ വൈകൃത മനസ്സിനെ മാത്രം പഴിക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്. മാറു തുറക്കാനുള്ള അതേ മാനദണ്ഡമുപയോഗിച്ച് പാന്റ് തുറക്കാന്‍ ശ്രമിച്ചവരെയും ബത്തക്കയെടുത്ത് സമരം നടത്തുന്ന ലാഘവത്തോടെ 'ഏത്തക്ക'യെടുത്ത് പുറത്തിടാന്‍ കാണിച്ച അശ്ലീലതയെയും ഒരുപോലെ അപലപിക്കണം. 

ഓര്‍ക്കുക, അനാവശ്യമായ ഉദാത്തവല്‍ക്കരണം കൊണ്ടും അന്ധമായ മതവിരോധം കൊണ്ടും നിങ്ങള്‍ സൃഷ്ടിക്കുന്നത് മലീമസമായ ഒരു സംസ്‌കാരത്തെയാണ്; അപഥസഞ്ചാരം നടത്തുന്ന ഒരു യുവതലമുറയെയാണ്.

-അഫ്‌സല്‍ കളിയാട്ടുമുക്ക്