എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെക്കുറിച്ചുള്ള ലക്കം 56ലെ ലേഖനം അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കപ്പെട്ടിട്ടുള്ള ദുരാരോപണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതായിരുന്നു. 

മംഗല്യ സൗഭാഗ്യം തേടി മരങ്ങളെ കെട്ടിപ്പിടിച്ച് പ്രാര്‍ഥിക്കുന്ന കന്യകമാരും നബി ﷺ യുടെ കുടുംബത്തിലെ പ്രമുഖരുടെ പേരില്‍ അറിയപ്പെടുന്ന ജാറതീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ആഗ്രഹസഫലീകരണത്തിനായി വഴിപാടുകളും യാത്രകളും നടത്തുന്നവരും ഗുഹകളെയും കൂറ്റന്‍ പാറകളെയും പോലുംപ്രാര്‍ഥനാകേന്ദ്രങ്ങളാക്കി മാറ്റിയവരും അടങ്ങിയ ഒരു സമൂഹത്തെ ഇസ്‌ലാമിന്റെ തനതായ ആദര്‍ശത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അഹോരാത്രം പണിയെടുത്ത ശൈഖിനെ സൃഷ്ടി പൂജകരായ മുസ്‌ലിം നാമധാരികള്‍ക്ക് എങ്ങനെ പിടിക്കാനാണ്.

പ്രവാചകന്റെ കാലത്തെ ബഹുദൈവ വാദികളെപ്പറ്റി അല്ലാഹു പറയുന്നു: ''പറയുക: ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത് ആരാണ്? അതെല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തവരില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ പാലിക്കാത്തതെന്തു കൊണ്ട്?'''(ക്വുര്‍ആന്‍ 10:31).

ഇതെല്ലാം മക്കയിലെ മുശ്‌രിക്കുകള്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും അവര്‍ തൗഹീദ് അംഗീകരിച്ചവരായി തീര്‍ന്നില്ല. എന്തുകൊണ്ട്? അവര്‍ നിഷേധിച്ചത് ആരാധ്യതയിലുള്ള തൗഹീദാണ്. സൃഷ്ടികര്‍തൃത്വത്തിലും ആരാധ്യതയിലുമെല്ലാം അല്ലാഹുവിനെ ഏകനാക്കേണ്ടതുണ്ട്. ഇതിലേക്കാണ് ഇക്കാലത്തുള്ള മുസ്‌ലിംകളും സമ്പൂര്‍ണമായി മടങ്ങേണ്ടത്. 

-അബൂഅമല്‍, കാഞ്ഞങ്ങാട്


മുജാഹിദ് പ്രസ്ഥാനവും സംഘടനാ തത്ത്വങ്ങളും

സുഫ്‌യാന്‍ അബ്ദുസ്സലാം എഴുതിയ 'മുജാഹിദ് പ്രസ്ഥാനവും സംഘടനാ തത്ത്വങ്ങളും' എന്ന ലേഖനം (ലക്കം 56) ഓരോ മുജാഹിദ് പ്രവര്‍ത്തകന്റെയും കണ്ണ് തുറക്കാന്‍ പര്യാപ്തമായതായിരുന്നു. തികച്ചും നിഷ്പക്ഷമായിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലും ഗുണകാംക്ഷാനിര്‍ഭരമായ നിര്‍ദേശങ്ങളും ഇസ്വ്‌ലാഹി കേരളത്തില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുകയും അതിന്റെ സദ്ഫലം പ്രകടമാവുകയും ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

'മുജാഹിദ് പ്രസ്ഥാനത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സംഘടനയുടെ 'ഭാരംവഹിക്കുന്ന' ഭാരവാഹികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഓരോരുത്തരും അവരവര്‍ ഏല്‍പിക്കപ്പെട്ട ജോലിയും ഭാരവും കൃത്യമായി നിര്‍വഹിക്കുകയാണ് അവരില്‍ അര്‍പ്പിതമായ കടമ. ഒരു ഭാരവാഹിത്വം ലഭിക്കുമ്പോഴേക്ക് താനേതോ ഒരു വലിയ സ്ഥാനത്തെത്തിയെന്ന തോന്നലാണ് പല സംഘടനകളിലും ചിലര്‍ക്കെങ്കിലും തലക്കനം സൃഷ്ടിക്കുന്നത്. 'അല്‍പന് അര്‍ഥം ലഭിച്ചാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും' എന്ന ചൊല്ല് അത്തരക്കാരെ കാണുമ്പോള്‍ ഓര്‍മവരും. ഒരു ഇസ്‌ലാമിക സംഘം എങ്ങനെയായിരിക്കണമെന്ന കൃത്യമായ കാഴ്ചപ്പാട് സമൂഹത്തിനു മുമ്പില്‍ വരച്ചു കാണിച്ച മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ട്. സംഘടനയിലെ ഓരോ അംഗത്തിന്റെയും കഴിവുകള്‍ മനസ്സിലാക്കി അവരുടെ കഴിവും അഭിരുചിയുമനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുകയും അവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പിക്കുന്ന ശൈലിയാണ് മുജാഹിദുകള്‍ സ്വീകരിച്ചിട്ടുള്ളത്. എക്കാലവും ഒരു കൂട്ടര്‍ നേതാക്കളും മറ്റുള്ളവര്‍ അണികളുമെന്ന തോന്നലുകള്‍ സൃഷ്ടിക്കുന്ന രീതി മുജാഹിദ് പ്രസ്ഥാനത്തിന്റെയല്ല.' 

-അബ്ദുല്‍ ഹമീദ്.കെ.കെ, മഞ്ചേരി