എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

നബിദിനാഘോഷവും പ്രവാചക സ്‌നേഹത്തിലെ വൈരുധ്യവും

-റിയാസ് അഹമ്മദ് അഞ്ചരക്കണ്ടി

കോളേജ് പഠനകാലത്ത്  ഒരു സുഹൃത്തുമായുണ്ടായ ഫോണ്‍ സംഭാഷണമാണ് മുന്‍ ദിവസങ്ങളില്‍ നടന്ന നബിദിനാഘോഷങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത്. ഈസ്റ്റര്‍ അവധിയായതിനാല്‍ നാട്ടില്‍പോയ അവനോട് ആഘോഷങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഈസ്റ്റര്‍ ഞങ്ങള്‍ക്കൊരു ആഘോഷമല്ലെന്നായിരുന്നു അവന്‍ പറഞ്ഞത്. യേശുക്രിസ്തു ഈയൊരു ദിവസം കുരിശിലേറ്റപ്പെട്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ ദിവസത്തെ ഞങ്ങള്‍ ആഘോഷിക്കാറില്ല. പ്രാര്‍ഥനയും മറ്റുമായി കഴിയാറാണ് പതിവെന്നും അവന്‍ പറഞ്ഞു. ഇസ്‌ലാമിക വിഷയങ്ങളെ ഗൗരവത്തിലെടുക്കാതിരുന്ന ഒരു സമയമായതിനാല്‍ അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.

മുസ്‌ലിംകളില്‍ പലരും റബീഉല്‍ അവ്വല്‍ 12നെ പ്രവാചകന്റെ ജന്മദിനമെന്ന പേരില്‍ ആഘോഷിക്കാറുണ്ടെങ്കിലും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിﷺ ജനിച്ച ദിവസം എന്നാണെന്നതിന് ചരിത്രത്തില്‍ കൃത്യമായ രേഖപ്പെടുത്തലുകളില്ലെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. പ്രവാചകന്‍ﷺ ജനിച്ച ദിവസത്തെക്കുറിച്ച് റബീഉല്‍ അവ്വല്‍ 2,8,9,10,12 എന്നിങ്ങനെ പല അഭിപ്രായങ്ങളുമുണ്ട്. അതല്ല സഫര്‍ മാസത്തിലാണെന്നും അല്ല റമദാന്‍ മാസത്തിലാണെന്നുമൊക്കെ അഭിപ്രായങ്ങളുണ്ടെന്ന് ഇസ്‌ലാമിക ചരിത്ര പണ്ഡിതര്‍ നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതു മുതല്‍ മക്കയുടെയും മദീനയുടെയും പിന്നീട് ലോകത്തിന്റെയും തന്നെ ശ്രദ്ധാകേന്ദ്രമായ അദ്ദേഹത്തിന്റെ വേര്‍പാടിനെപ്പറ്റി ചരിത്രത്തില്‍ ഒരുപാട് കാണാവുന്നതാണ്. 

പ്രവാചക ജീവിതത്തില്‍ മാതൃകയില്ലാത്ത, ഇസ്‌ലാമിക ലോകത്തിന്റെ പ്രഥമ ഖലീഫമാരില്‍ ആരും നടത്തിയിട്ടില്ലാത്ത, ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകാനുചരന്മാര്‍ക്കോ അവരെ കണ്ട് വളര്‍ന്ന് അവരില്‍ നിന്ന് മതം പകര്‍ത്തിയ താബിഉകള്‍ക്കോ അവരില്‍നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കിയ അവരുടെ ശേഷക്കാര്‍ക്കോ പരിചയമില്ലാത്ത ഒന്നാണ് നബിദിനാഘോഷം എന്നത്. 

ക്രൈസ്തവ സമൂഹം നടത്തുന്ന ക്രിസ്മസ് ആഘോഷമാണോ ഇതിനു പ്രചോദനമെന്ന് സംശയിക്കാതെ തരമില്ല. ഉണ്ണിയേശുവിന് പകരം ഉണ്ണി മുഹമ്മദും, ഡിസംബറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ അലങ്കരിക്കുന്നത് പോലെ മസ്ജിദുകള്‍ അലങ്കരിക്കലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ തുടങ്ങിക്കഴിഞ്ഞതാണ്. ക്രിസ്മസിന് കേക്ക് മുറിക്കുന്നതിനെ അനുകരിച്ച് കേക്ക് മുറിക്കലും റബീഉല്‍ അവ്വല്‍ 12ലെ ആഘോഷത്തിന്റെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു! ക്രൈസ്തവ സമൂഹം യേശുവിന്റെ ജന്മദിനം എന്ന് പറഞ്ഞ് ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് യേശു കുറിശിലേറ്റപ്പെട്ടു എന്ന് അവര്‍ വിശ്വസിക്കുന്ന ദിവസമല്ല, അന്നവര്‍ പ്രാര്‍ഥനകളിലും മറ്റുമായ് കഴിയുകയായിരിക്കും. എന്നാല്‍ നബിദിനമാഘോഷിക്കുന്ന മുസ്‌ലിം സമൂഹം അതിനായി തിരഞ്ഞെടുത്തത് പ്രവാചകന്‍ﷺ ഇഹലോകം വെടിഞ്ഞു എന്ന് അവര്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ദിവസത്തെയാണ് എന്നതാണ്. അന്നാണ് റാലികളും കലാ പരിപാടികളും ദഫ് മുട്ടും മധുരം വിതരണം ചെയ്യലും സമൃദ്ധമായ ഭക്ഷണം വിളമ്പലുമൊക്കെ അവര്‍ നടത്തുന്നത്! 

പ്രവാചകന്റെ കാലിലൊരു മുള്ളു തറക്കുന്നത് പോലും സ്വന്തം മരണത്തെക്കാളേറെ അവര്‍ വെറുത്തു. സ്വശരീരത്തെ യുദ്ധവേളയില്‍ പ്രവാചകനുമുന്നിലൊരു പരിചയാക്കാന്‍ അവര്‍ തയ്യാറായിരുന്നു. അത്രയധികം നബിയെ സ്‌നേഹിച്ച അവര്‍ മീലാദുന്നബി കൊണ്ടാടിയിട്ടില്ല; ഒരിക്കല്‍ പോലും.

 പൊതുജനത്തെ ബുദ്ധിട്ടിച്ച് നടുറോട്ടില്‍ പോലും കോപ്രായങ്ങള്‍ പലതും കാട്ടി ആഘോഷിക്കുമാറ് പ്രവാചക സ്‌നേഹം ഇവരില്‍ നിറഞ്ഞൊഴുകുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് അതിനായി റബീഉല്‍ അവ്വല്‍ 12 തിരഞ്ഞെടുക്കാതിരിക്കുക എന്നതാണ്. െ്രെകസ്തവ സമൂഹത്തെപ്പോലെ അതിനായി മറ്റൊരു ദിവസം തിരഞ്ഞെടുക്കുക. അങ്ങനെ അവരെ ചാണിനുചാണായി പിന്‍പറ്റുക.