ദാമ്പത്യജീവിതത്തിലെ കല്ലുകടി

സമീഹ എം. അലി

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ആധുനികസമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏത് രംഗമാണിന്ന് പ്രക്ഷുബ്ധമല്ലാത്തത്? രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍, സാമൂഹിക രംഗങ്ങളില്‍, വൈയക്തിക ബന്ധങ്ങളില്‍...എല്ലാ രംഗങ്ങളിലും അസ്വാരസ്യങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു.  

'ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യം പടരുന്നത് കുടുംബങ്ങളെ മാത്രമല്ല സമൂഹെത്ത തന്നെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. മനഃസംഘര്‍ഷങ്ങള്‍ പേറി ജീവിക്കുന്നവര്‍ക്കിടയില്‍ എന്ത് സമാധാനമാണ് ഉണ്ടാവുക? മനഃസമാധാനം കൊതിക്കുന്ന പലരും വ്യാജ ആത്മീയ അനുഭൂതികള്‍ ലഭിക്കുന്ന താവളങ്ങളില്‍ ചെന്ന് വീഴുന്നു. അവസാനം എല്ലാം തകര്‍ന്നടിഞ്ഞ് മാനസിക രോഗികളായി മാറുന്നു. 

അലകടല്‍ പോലെ ആര്‍ത്തിരമ്പുന്ന മനസ്സുകള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ട് ശാന്തി ലഭിക്കുമെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഒരു കൊച്ചു മേല്‍ക്കൂരക്കു കീഴില്‍  അന്തിയുറങ്ങുന്ന ദമ്പതികളും അവരുടെ മക്കളുമെല്ലാം ഇസ്‌ലാമിന്റെ തനതായ ആത്മീയ വഴിയില്‍ സഞ്ചരിക്കുന്നവരാണെങ്കില്‍ അതുകൊണ്ട് ലഭിക്കുന്ന മനഃസമാധാനം അവര്‍ണനീയമായിരിക്കും. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തെ പരിപക്വമായ സമീപനങ്ങള്‍ കൊണ്ട് അവര്‍ സാര്‍ഥകമാക്കും.

സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷങ്ങള്‍ മാനുഷിക ബന്ധങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് കാണാനാവും.  ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കും അന്തഃഛിദ്രതകള്‍ക്കും കാരണം ഇതുതന്നെയാണ്. സുഭദ്രമായ അസ്തിവാരത്തില്‍ സമാരംഭം കുറിച്ച വൈവാഹിക ബന്ധത്തിലെ വിള്ളലുകള്‍ അപരിഹാര്യമായി തുടരുന്ന പ്രവണതയാണ് ഇന്നുള്ളത്. സകുടുംബം ജീവനൊടുക്കിയതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ എന്തിനിവര്‍ ഈ കടുംകൈ ചെയ്തു എന്ന് നാം നമ്മോടുതന്നെ ചോദിക്കാറുണ്ട്. നീറിപ്പുകയുന്ന അന്തരംഗങ്ങളുമായി അഭിനയിച്ചു കഴിച്ചുകൂട്ടുന്നവര്‍ക്ക് നില തെറ്റുകയും സ്വയം നാശത്തിലേക്ക് ചാടേണ്ടിവരികയും ചെയ്യുന്നു. ഊഷ്മളമായ ദാമ്പത്യ ജീവിതം നയിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. 

ഇഹലോകത്ത് മാത്രമല്ല പരലോകത്തും കുടുംബസമേതം ജീവിക്കുവാന്‍ കഴിയുക എന്ന ഉദാത്തമായ ലക്ഷ്യം കൈവരിക്കുവാനാണ് ഇസ്‌ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഇത് മനസ്സില്‍ വിഭാവന ചെയ്യാന്‍ പോലും കഴിയാത്തവണ്ണം മാനസികമായി ജീവിതപങ്കാളിേയാട് വെറുപ്പു നിറഞ്ഞ മനസ്സുമായാണ് പലരും ജീവിക്കുന്നത്. യഥാര്‍ഥത്തില്‍ പിണഞ്ഞ അബദ്ധങ്ങളത്രയും ഇസ്‌ലാമികമായ അവബോധമില്ലായ്മയാലോ അറിഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാത്തതിനാലോ ആയിരിക്കാം. 

'പുരുഷന്‍ അവന്റെ കൈവിരല്‍ തുമ്പു വരെ പുരുഷന്‍ തന്നെയാണെന്നും സ്ത്രീ കാല്‍വിരല്‍ വരെ സ്ത്രീയാണെ'ന്നുമുള്ള പ്രമുഖ ലൈംഗിക ശാസ്ത്രജ്ഞനായ 'ഹാവ് ലോക്ക് എല്ലിസ്'ന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. പുരുഷ-സ്ത്രീ അണ്ഡ- ബീജങ്ങള്‍ക്ക് ഇടയില്‍ പോലും സ്രഷ്ടാവ് സന്നിവേശിപ്പിച്ചിട്ടുള്ള ആ വ്യതിരിക്തത ശ്രദ്ധേയമാണ്. ചടുലമായി നീക്കങ്ങള്‍ നടത്തുന്ന പുംബീജവും ശാലീനയായി നാണം കുണുങ്ങി പതിയിരിക്കുന്ന സ്ത്രീയുടെ അണ്ഡവും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഉത്തമ നിദര്‍ശനങ്ങളാണ്. അടിത്തറയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഈ വൈജാത്യങ്ങള്‍ മൊത്തം മനുഷ്യരുടെ സ്വഭാവ പ്രകൃതങ്ങളിലെല്ലാം നിഴലിച്ചതായി കാണാം. 

തന്റെ ഇണയുടെ സ്വഭാവത്തിലും പ്രകൃതത്തിലുമുള്ള മേന്മകളെയും കുറവുകളെയും ഉള്‍ക്കൊള്ളുവാന്‍ പങ്കാളിക്ക് സാധ്യമാകണം. പരസ്പരമുള്ള പൊരുത്തക്കേടുകള്‍ ഒരുനിലക്കും വച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിച്ചാല്‍ സദാ പൊട്ടലും ചീറ്റലുമായിക്കഴിയുന്ന സമാന്തര രേഖകളായി ദാമ്പത്യം മാറും. 

0
0
0
s2sdefault