മനസ്സ് കടുത്തുപോയവര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

(മൂസാനബി(അ): 21)

അല്ലാഹു പ്രത്യേകമായി ഭക്ഷണം ഇറക്കിക്കൊടുക്കുകയും മേഘങ്ങള്‍കൊണ്ട് തണലിട്ടുകൊടുക്കുകയും ചെയ്തിട്ടും ബനൂഇസ്‌റാഈല്യര്‍ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. അവര്‍ നന്ദികേട് കാണിക്കാന്‍ തുടങ്ങി. അനുസരണക്കേടും ചോദ്യം ചെയ്യലും തുടര്‍ന്നു. 

''ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാകുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്'' (ക്വുര്‍ആന്‍ 2:61).

ഒരു അധ്വാനവും കൂടാതെ വിശപ്പകറ്റാന്‍ എന്നും നല്ല ഭക്ഷണം (മന്നായും സല്‍വയും). കുടിക്കാന്‍ തെളിനീരുറവ. എന്നാല്‍ കുറച്ച് ദിവസം ഈ ഭക്ഷണം കഴിച്ചപ്പോള്‍ അവര്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങി അപ്പോള്‍ അവര്‍ മൂസാനബി(അ)യോട് വ്യത്യസ്തങ്ങളായ ഭക്ഷണം അല്ലാഹുവിനോട് ചോദിച്ച് വാങ്ങിത്തരുവാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തങ്ങള്‍ക്ക് ലഭിച്ചത് മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. നീ 'നിന്റെ റബ്ബിനോട്'ചോദിക്കൂ എന്നാണ് അവര്‍ പറഞ്ഞത്; നമ്മുടെ റബ്ബിനോട് എന്ന് പറയാന്‍ പോലും അവര്‍ തയ്യാറായില്ല. അത്രയും നന്ദികെട്ടവരായിരുന്നു അവര്‍.  

യാതൊരു അധ്വാനവും കൂടാതെ ഇഷ്ടാനുസരണം കിട്ടിക്കൊണ്ടിരിക്കുന്ന രുചികരവും ശരീരത്തിന് പോഷണം ലഭിക്കുന്നതും അനുഗൃഹീതവുമായ ഭക്ഷണത്തിന് പകരം, എല്ലാ നാട്ടിലും കൃഷി ചെയ്തുണ്ടാക്കാവുന്ന ഭക്ഷ്യ വസ്തുക്കളാണോ നിങ്ങള്‍ക്ക് പകരം വേണ്ടതെന്ന് മൂസാനബി(അ) അവരോട് ചോദിച്ചു. അങ്ങനെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ നാട് വിട്ട് വേറെ നാട്ടിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക എന്ന് അദ്ദേഹം ഒരു താക്കീതെന്നോണം പറഞ്ഞു. ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ചത് 'മിസ്വ്ര്‍' എന്നാണ്. ഈജിപ്തിന് 'മിസ്വ്ര്‍' എന്നാണ് അറബിയില്‍ പറയുക. എന്നാല്‍ ഇവിടെ അതല്ല അര്‍ഥം; 'മറ്റൊരു നാട്' എന്നാണ്. 

അധ്വാനിച്ച് ജീവിക്കുക എന്നത് അവര്‍ക്ക് ശീലമില്ലല്ലോ. നേരത്തെ ഫലസ്തീനിലേക്ക് പോയി അവിടെ താമസമുറപ്പിക്കാനുള്ള നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ അവരുടെ ഇഷ്ടാനുസരണമുള്ള ആഹാരം വേണമെങ്കില്‍ വേറെ നാട് നോക്കാനാണ് പറഞ്ഞത്. അവര്‍ക്ക് മറ്റൊരു പ്രദേശം തേടി പോകാമായിരുന്നു. എന്നാല്‍ അവര്‍ പോയില്ല.  ഇതാണ് ഇസ്‌റാഈല്യരുടെ സ്വഭാവം. ലഭിച്ചതില്‍ തൃപ്തിയടയാത്ത സമൂഹം! നന്ദികേടിന്റെ പര്യായമായ സമൂഹം. അല്ലാഹു ഇത്തരം സ്വഭാവങ്ങളില്‍നിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ. 

നാം ഇതുവരെ വിശദീകരിച്ചതും ഇനി പറയാനിരിക്കുന്നതുമായ എല്ലാ ദുഷിച്ച സ്വഭാവവും അവരില്‍ ഉള്ളതിനാല്‍ കടുത്ത നിന്ദ്യതയും നിര്‍ഗതിയും അവരില്‍ ഉണ്ടായി. അല്ലാഹുവിന്റെ കടുത്ത കോപത്തിന്അവര്‍ വിധേയരായി. 

മൂസാനബി(അ)യുടെ കാല കാലശേഷം തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കൊന്നുകളയാനും അവര്‍ ധൃഷ്ടരായി എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ഏതെല്ലാം നബിമാര്‍ അവരുടെ കൊലക്ക് ഇരയായി എന്ന് ക്വുര്‍ആനില്‍ പറയുന്നില്ല. അങ്ങനെ അല്ലാഹുവിന്റെ നിത്യമായ ശാപ കോപങ്ങള്‍ക്ക് അവര്‍ വിധേയരായി. അല്ലാഹുവിന്റെ കോപത്തിന് വിധേയരായ ഇവരുടെ കൂട്ടത്തില്‍ പെടാതിരിക്കുവാന്‍ നാം നിത്യേന പല തവണ ഫാതിഹ സൂറത്തിലൂടെ തേടുന്ന കാര്യം ഓര്‍ക്കുക. 

ഉപദേശങ്ങളും താക്കീതുകളും ഭീഷണികളുമൊന്നും മാറിച്ചിന്തിക്കുവാന്‍ അവര്‍ക്ക് കാരണമായില്ല. അല്ലാഹു പറയുന്നു: ''നിങ്ങളോട് നാം കരാര്‍ വാങ്ങുകയും നിങ്ങള്‍ക്കു മീതെ പര്‍വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെ പിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു  കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ'' (ക്വുര്‍ആന്‍ 2:93).

ബനൂഇസ്‌റാഈല്യര്‍ക്ക് നേര്‍മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള മാര്‍ഗദര്‍ശനമായിട്ടാണല്ലോ മൂസാനബ(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്. അപ്രകാരം അല്ലാഹു അവരില്‍ നിന്നും കരാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതൊന്നും അവര്‍ പാലിച്ചില്ല. ആ കരാറും അവര്‍ ലംഘിച്ചു. അവര്‍ അതിനോട് അനുസരണക്കേട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം അവര്‍ നന്നാകുവാന്‍ വേണ്ടി അവരെ ഭയപ്പെടുത്തി നോക്കി. പര്‍വതത്തെ അവര്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി! കേവലം ഒരു ഉയര്‍ത്തലായിരുന്നില്ല അത്.

''നാം പര്‍വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുകതന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെ പിടിക്കുകയും അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം'' (ക്വുര്‍ആന്‍ 7:171).

പര്‍വതത്തെ യഥാസ്ഥാനത്തുനിന്നും എടുത്തുയര്‍ത്തി, അവരുടെ തലക്ക് മീതെ ഒരു കൂട പോലെ അല്ലാഹു നിര്‍ത്തി. എന്നിട്ട് അവര്‍ക്ക് വീണ്ടും ഉപദേശം നല്‍കി; നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള തൗറാത്ത് അനുസരിച്ച് ജീവിക്കണം. അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സ്വീകരിക്കണം. അതുവഴി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായി മാറുന്നതാണ്.  

നശിപ്പിക്കപ്പെടാന്‍ പോകുന്നു എന്ന് ബോധ്യമാകുമ്പോഴെങ്കിലും ഒരു മടക്കത്തിനുള്ള ചിന്ത വരുമല്ലോ. അത് സംഭവിച്ചു. ആ സമയത്ത് അല്ലാഹുവിന്റെ ഉപദേശം വന്നപ്പോള്‍ അവര്‍ ഭയംകൊണ്ട് വാക്കാലെങ്കിലും അത് അംഗീകരിച്ചു. 

അല്ലാഹുവിന്റെ കല്‍പന പൂര്‍ണമായും അനുസരിക്കുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. എന്നാല്‍ ഈ വിഭാഗം അല്ലാഹുവിന്റെ കല്‍പനകളില്‍ നിന്ന് അവരുടെ ഇഷ്ടവും അനിഷ്ടവും നോക്കി തള്ളുകയും കൊള്ളുകയുമാണ് ചെയ്തത്. 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരെ പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക: ''തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍'' (24:51).

ഇതായിരിക്കണം സത്യവിശ്വാസിയുടെ സ്വഭാവം. എന്നാല്‍ ബനൂ ഇസ്‌റാഈല്യര്‍ അങ്ങനെയായിരുന്നില്ല എന്ന് നാം മനസ്സിലാക്കി. അവരോട് ഒരു പ്രത്യേക കാര്യം കല്‍പിച്ചപ്പോള്‍ അവരുടെ നിലപാട് എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു. (അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക്‌വേണ്ടി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗകനിര്‍ദേശ പ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല. (ഇസ്‌റാഈല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും അനേ്യാന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശം കൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു'' (ക്വുര്‍ആന്‍ 2:6-73).

ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. അന്നേരം അവര്‍ ഒരു പ്രവാചകനോട് സംസാരിക്കേണ്ട മര്യാദപാലിക്കാതെ നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അതിന് മൂസാ(അ) നല്‍കിയ മറുപടി 'ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു' എന്നായിരുന്നു. അല്ലാഹുവിന്റെ കല്‍പനയെ പരിഹാസത്തോടെ നേരിടുന്നവര്‍ മൂഢന്മാരാണ് അഥവാ വിവരംകെട്ടവരാണ് എന്ന ധ്വനി അതിലുണ്ടായിരുന്നു. ഈ മറുപടിയില്‍ നിന്ന് മൂസാ(അ) അവരോട് പറഞ്ഞത് അവരെ പരിഹസിച്ചതല്ലെന്ന് അവര്‍ക്ക് വ്യക്തമാവുകയും ചെയ്തു. 

ഈ സന്ദര്‍ഭത്തിലെങ്കിലും അവര്‍ക്ക് ഒരു പശുവിനെ അറുക്കാമായിരുന്നു. എന്നാല്‍ അവര്‍ പശുവിന്റെ പ്രായമെന്തായിരിക്കണം എന്നും അതിന് മറുപടി കിട്ടിയപ്പോള്‍ അതിന്റെ നിറമെന്തായിരിക്കണമെന്നുമൊക്കെ തികച്ചും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ച് കല്‍പന നിറവേറ്റുവാന്‍ പ്രയാസകരമായ നിബന്ധനകള്‍ അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയും ചെയ്തു.  

പശുവിനെ അറുക്കുക എന്ന കല്‍പന നിര്‍വഹിക്കുന്നതില്‍നിന്ന് ഒഴിവാകുവാനാണ് അവര്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചത്. ഒടുവില്‍ അവര്‍ പറഞ്ഞത് ശ്രദ്ധിക്കുക; 'ഇപ്പോഴാണ് നീ ശരിയായ വിവരം വെളിപ്പെടുത്തിയത്.' ആദ്യം പറഞ്ഞതില്‍ സത്യമില്ല എന്ന ധ്വനി അതിലുണ്ടല്ലോ. 

ഒരു കാര്യം അറിയാനായി നല്ല മനസ്സോടെ നമുക്ക് ചോദ്യം ചോദിക്കാം. എന്നാല്‍ ചെയ്യാതിരിക്കാന്‍ വല്ല പഴുതുമുണ്ടോ എന്ന ചിന്ത മനസ്സില്‍ മറച്ചുവെച്ച് അനാവശ്യമായ ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ച് ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണ് വരുത്തിവെക്കുക. അത്തരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇസ്‌ലാം വിരോധിച്ചതുമാണ്.

അല്ലാഹു അവരോട് ഇപ്രകാരം ഒരു പശുവിനെ അറുക്കാന്‍ കല്‍പിച്ചത് എന്തിനായിരുന്നു? ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. ആ ധനികന്റെ സമ്പാദ്യം എത്രയും പെട്ടെന്ന് തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് അയാള്‍ കൊല നടത്തിയത്. ആ ധനികനെ കൊന്നതിന് ശേഷം മൃതശരീരം ഒരു പൊതുസ്ഥലത്ത് വെച്ചു. എന്നിട്ട് കൊലപാതകത്തിന്റെ കുറ്റം മറ്റുള്ളവരില്‍ ആരോപിക്കാന്‍ തുടങ്ങി. അല്ലാഹു ആരാണ് കുറ്റം ചെയ്തതെന്ന വിവരം പുറത്ത് കൊണ്ടു വരുന്നതിന് വേണ്ടിയാണ് അവരോട് പശുവിനെ അറുക്കുവാന്‍ പറഞ്ഞത്. പശുവിനെ അറുത്തതിന് ശേഷം അതില്‍ നിന്നും ഒരു ഇറച്ചിക്കഷ്ണം കൊണ്ട് ആ മയ്യിത്തിന്റെ ശരീരത്തില്‍ അടിക്കുവാനും കല്‍പിച്ചു.

പശുവിന്റെ ഏത് ഭാഗം കൊണ്ടാണ് അടിച്ചതെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടില്ല. അത് അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു അത് അറിയിച്ച് തരുമായിരുന്നു. എന്നാല്‍ ചിലര്‍ പശുവിന്റെ വാലുകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തലകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തുടയുടെ ഭാഗം കൊണ്ടാണ് അടിച്ചതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പ്രത്യേക പ്രയോജനമൊന്നും നമുക്കില്ലാത്തതിനാല്‍ നാം അതിന് മുതിരുന്നില്ല.

അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ അങ്ങനെ അടിച്ചു. ആ മയ്യിത്തിന് ജീവന്‍ ലഭിക്കുകയും ചെയ്തു. എന്നിട്ട് അയാള്‍ ആരാണ് തന്നെ കൊന്നതെന്ന് അവരെ അറിയിക്കുകയും ചെയ്തു. ശേഷം അയാള്‍ മരിക്കുകയും ചെയ്തു.

അങ്ങനെ, അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനാണെന്ന് ബനൂഇസ്‌റാഈലുകാര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അവര്‍ക്ക് അതിനെ പറ്റി ചിന്തിച്ച് ജീവിതം സുക്ഷ്മതയുള്ളതാക്കാമല്ലോ. മുഹമ്മദ് നബിﷺയുടെ അനുയായികളോളം ബൗദ്ധികമായി വളര്‍ച്ചയില്ലാത്തവരായിരുന്നു ബനൂ ഇസ്‌റാഈല്യര്‍. അതിനാല്‍ തന്നെ നേര്‍ക്കുനേരെ കണ്ട് മനസ്സിലാക്കത്തക്ക വിധത്തിലുള്ള തെളിവുകളാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. എന്നിട്ടും അവരില്‍ മാറ്റം വന്നില്ല എന്നാണ് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത്.

''പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്‍ന്ന്  വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെ പറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല'' (ക്വുര്‍ആന്‍ 2:74).

0
0
0
s2sdefault