ലൂത്വ് നബിയുടെ ജനത

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

കഴിഞ്ഞ ലക്കത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ പുത്രനായ ഇസ്മാഈല്‍ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കി. ഇബ്‌റാഹീം നബി(അ)യുടെ മറ്റൊരു പുത്രനായ ഇസ്ഹാക്വ് നബി(അ)യെക്കുറിച്ചും ലൂത്വ് നബിയെയും അദ്ദേഹത്തിന്റെ ജനതയെയും പറ്റിയാണ് ഈ ലക്കത്തില്‍ പറയാന്‍ പോകുന്നത്.


ഇസ്ഹാക്വ് നബി(അ)

ഇബ്‌റാഹീം നബി(അ)ന് ഇസ്മാഈല്‍(അ) പിറന്നതിന് ശേഷം ഉണ്ടായ പുത്രനാണ് ഇസ്ഹാക്വ്(അ). ഇസ്ഹാക്വ്(അ) ജനിക്കുന്ന സമയത്ത് പിതാവ് ഇബ്‌റാഹീം നബി(അ)ക്ക് 100ഉം മാതാവ് സാറക്ക് 90ഉം വയസ്സായിരുന്നു പ്രായം. ഇസ്ഹാക്വ് എന്ന പുത്രനെ കുറിച്ചുള്ള സന്തോഷ വാര്‍ത്ത ഇബ്‌റാഹീം(അ)നെ അറിയിക്കുന്ന ഭാഗം ക്വുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ:

''അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപ്പറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത് അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെപ്പറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക; വഴിപിഴച്ചവരല്ലാതെ'' (ക്വുര്‍ആന്‍ 15:51-56).

''അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്)''(ക്വുര്‍ആന്‍ 51:29).

''അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും, ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ?  എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്ത്വമേറിയവനും ആകുന്നു'' (ക്വുര്‍ആന്‍ 11:71-73).

പിതാവ് ഇബ്‌റാഹീം(അ) പ്രബോധനം ചെയ്ത ശരീഅത്തിലായിട്ടാണ് ഇസ്ഹാക്വ്(അ) നിയുക്തനായത്. ഇസ്ഹാക്വ്(അ)ന്റെ ചരിത്രം ഇതിലുപരി ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും വേറെ വിവരിക്കുവാനില്ല.


ലൂത്വ്(അ)

ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും ബന്ധുവുമായിരുന്നു ലൂത്വ്(അ). ലൂത്വ്(അ)ന്റെ പേര് ക്വുര്‍ആനില്‍ 27 തവണ പരാമര്‍ശിച്ചിട്ടുണ്ട്. ഇബ്‌റാഹീം(അ)യില്‍ വിശ്വസിച്ച ഏക വ്യക്തി കൂടി ആയിരുന്നു ലൂത്വ്(അ).

ഇബ്‌റാഹീം നബി(അ)യില്‍ വിശ്വസിച്ച ലൂത്വ്(അ) ഇബ്‌റാഹീം നബി(അ)യുടെ കൂടെ ഹിജ്‌റ പോകുവാനും തയ്യാറായി എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചു തരുന്നത്. എന്നാല്‍ പിന്നീട് ലൂത്വ്(അ) സദൂം എന്ന സ്ഥലത്താണ് താമസമാക്കിയത്. അവിടത്തുകാരിലേക്കാണ് അവിടുന്ന് പ്രവാചകനായി നിയുക്തനായത്. ഫലസ്തീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇസ്‌റാഈലിലും ഉള്‍പെടുന്ന ആ കാലത്തെ വലിയ പട്ടണമായിരുന്നു സദൂം. സദൂമുകാര്‍ ദൈവധിക്കാരികളായിരുന്നു. അല്ലാഹു ഏതൊരു ജീവിയിലും നിശ്ചയിച്ചിട്ടുള്ള പ്രകൃതി ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധമാണ്. എന്നാല്‍ ലൂത്വ്(അ) നിയോഗിതനായ സമൂഹം ശിര്‍ക്കിലും കുഫ്‌റിലും ആയിരുന്നു എന്ന് മാത്രമല്ല സ്വവര്‍ഗ ലൈംഗികബന്ധത്തില്‍ ഏര്‍പെടുന്നവരുമായിരുന്നു. മനുഷ്യ കുലത്തില്‍ ഈ വൃത്തികേടിന് നാന്ദി കുറിച്ചത് അവരായിരുന്നു. അവരോട് ലൂത്വ്(അ) നടത്തിയ ഉപദേശങ്ങള്‍ ശ്രദ്ധിക്കുക:

''ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ  തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 26:160-168).

ലൂത്വ് നബി(അ)യുടെ ജനത ലൂത്വ്(അ)നെ മാത്രമെ വാസ്തവത്തില്‍ കളവാക്കിയിട്ടുള്ളൂ. എന്നാല്‍ ക്വുര്‍ആന്‍ പ്രയോഗിച്ചത് മുഴുവന്‍ ദൂതന്മാരെയും കളവാക്കിയവരെന്നാണ്. എന്താണ് അങ്ങനെ പറയാന്‍ കാരണം? അല്ലാഹു അയച്ച മുഴുവന്‍ പ്രവാചകരിലും വിശ്വസിക്കുമ്പോഴേ ഒരാള്‍ വിശ്വാസിയാകുന്നുള്ളൂ. ഒരു പ്രവാചകനെ അവിശ്വസിക്കുന്നത് മുഴുവന്‍ പ്രവാചകരെയും അവിശ്വസിക്കുന്നതിന് സമമാണ്.

അദ്ദേഹം അവരോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവ ദൂതനാണ്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. ഇതിന്റെ പേരില്‍ നിങ്ങളില്‍ നിന്ന് യാതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു നല്‍കും. അതിനാല്‍ എന്നെ നിങ്ങള്‍ അനുസരിക്കുവീന്‍. ആ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യ തിന്മയായ സ്വവര്‍ഗ രതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവാഹം ചെയ്ത് ഭാര്യയും മക്കളും എല്ലാം അവര്‍ കാമ നിവൃത്തിക്കായി ആണുങ്ങളെ തന്നെ സമീപിക്കും. അതിനായി സമീപിക്കുന്നവരും സമീപിക്കപ്പെടുന്നവരും അതില്‍ സംതൃപ്തരായിരുന്നു. ലൂത്വ്(അ) അവരോട് ചോദിച്ചു: ജനങ്ങളേ, നിങ്ങള്‍ കാമ നിവൃത്തിക്കായി പുരുഷന്മാരെ സമീക്കുകയാണോ? കാമ നിവൃത്തിക്കായി നിങ്ങള്‍ക്ക് ഭാര്യമാരില്ലേ. ലൈംഗിക ബന്ധം തന്റെ എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി, വിവാഹത്തിലൂടെ മാത്രമെ മനുഷ്യന് അല്ലാഹു അനുവദിച്ചിട്ടുള്ളൂ. അങ്ങനെയെങ്കില്‍ അതൊരു പുണ്യകര്‍മമാണെന്ന് വരെ ഇസ്‌ലാം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ലൂത്വ്(അ) അവരെ ധാര്‍മികതയിലേക്ക് വിളിച്ചെങ്കിലും അതിന് ആ ജനത അദ്ദേഹത്തിന് നല്‍കിയ മറുപടി 'ലൂത്വേ, നീ ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഈ നാട്ടില്‍ നിന്നും ആട്ടി പ്പുറത്താക്കുന്നതാണ്' എന്നായിരുന്നു. 

അല്ലാഹു പറയുന്നു: ''ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതല്ലാതെ. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ'' (ക്വുര്‍ആന്‍ 29:2830).

ആരെങ്കിലും ഒരു തിന്മയുടെ തുറവിക്ക് കാരണക്കാരനായാല്‍, പിന്നീട് ആ തുറവിയിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തില്‍ ഒരിത്തിരി കമ്മി വരാതെ തുറവിക്ക് കാരണമായവനും ശിക്ഷ ലഭിക്കും; നന്മയും അപ്രകാരം തന്നെയാണ്. സദൂമുകാര്‍ തുടക്കം കുറിച്ച സ്വവര്‍ഗരതി എന്ന തിന്മ ആരെല്ലാം അന്ത്യനാള്‍ വരെ ചെയ്യുന്നുവോ അവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ അളവില്‍ യാതൊരു കുറവും വരാതെ സദൂമുകാര്‍ക്കും ലഭിക്കുമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം.

പരസ്യമായി പോലും ഈ മ്ലേഛവൃത്തി ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അത്രയും ദുഷിച്ച ഒരു വിഭാഗമായിരുന്നു ലൂത്വ്(അ)ന്റെ ജനത അഥവാ സദൂമുകാര്‍. ലൂത്വ്(അ) അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, അവരുടെ മറുപടി 'നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ' എന്നായിരുന്നു. 

''ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ  എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി'' (ക്വുര്‍ആന്‍ 7:8082). 

''ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?'' (27:54). 

ലൂത്വ്(അ) യഥാര്‍ഥത്തില്‍ സദൂമുകാരനല്ല; ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരനാണ്. പിന്നീട് ഈ നാട്ടില്‍ താമസമാക്കിയതാണ്. അതുകൊണ്ടു കൂടിയാകാം അവരുടെ ഇഷ്ടത്തിനെതിരായി സംസാരിച്ച ലൂത്വ്(അ)നെ അവര്‍ നാട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന് ഒരു പേടിയും വന്നില്ല; ഉറച്ച് നിന്നു, തിന്മകള്‍ക്കെതിരില്‍ പോരാടി. സ്വന്തം നാടല്ലാതിരുന്നിട്ടും വിവാഹ ബന്ധത്തിലല്ലാത്ത മറ്റൊരു കുടുംബവുമില്ലാതിരുന്നിട്ടും തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഭാര്യയും സത്യനിഷേധി. എങ്കിലും അദ്ദേഹം തിന്മക്കെതിരില്‍ സദൂമുകാരോട് പോരാടി; എല്ലാം പ്രതികൂലമായിരുന്നിട്ടു പോലും. ചിലരെല്ലാം പിന്മാറി. രണ്ട് പെണ്‍മക്കള്‍ പിതാവില്‍ വിശ്വസിച്ചു.

ലൂത്വും അവന്റെ കൂടെയുള്ളവരും വൃത്തിയുള്ളവരാണ്. വൃത്തിയുള്ളവര്‍ക്ക് ഈ നാട്ടില്‍ നിന്നുകൂടല്ലോ. അതിനാല്‍ അവരെ പുറത്താക്കാം എന്നെല്ലാം പറഞ്ഞ് ശത്രുക്കള്‍ കളിയാക്കുവാന്‍ തുടങ്ങി. അവസാനം ലൂത്വ്(അ) ആ ജനതക്കെതിരില്‍ ഇപ്രകാരം അല്ലാഹുവിനോട് ദുആ ചെയ്തു:                                                     ''എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.''

അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അവരെ നശിപ്പിക്കുവാനായി അല്ലാഹു മലക്കുകളെ മനുഷ്യ രൂപത്തില്‍ പറഞ്ഞു വിട്ടു. അവര്‍ ആദ്യം ചെന്നത് ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്കായിരുന്നു. അതിഥികളായി ചെന്ന അവരെ ഭംഗിയായി സല്‍ക്കരിച്ചു. അവര്‍ക്കായി തയ്യാര്‍ ചെയ്ത ഭക്ഷണം അവരിലേക്ക് നീട്ടിയപ്പോള്‍ അവര്‍ കഴിക്കാതെ പിന്‍മാറിയതും ഇബ്‌റാഹീം(അ) അതു നിമിത്തം പേടിച്ചതും നാം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഇബ്‌റാഹീം(അ) അവരോട് ചോദിച്ച ചോദ്യം ഇപ്രകാരമായിരുന്നു:

''അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി. അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു (രക്ഷപ്പെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല. വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 51:31-37).

ആ മലക്കുകള്‍ അദ്ദേഹത്തിനടുത്ത് വന്നതിന്റെ ലക്ഷ്യങ്ങള്‍ പറഞ്ഞു: 'ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു.' ഇതേ കാര്യം മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

''നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു. ഇബ്‌റാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു'' (ക്വുര്‍ആന്‍ 29:31,32).

ലൂത്വ് നബി(അ)യുടെ ജനതയെ നശിപ്പിക്കലാണ് അവരുടെ ഒരു ലക്ഷ്യമെന്ന് മനസ്സിലാക്കിയ ഇബ്‌റാഹീം(അ) അതിഥികളായി വന്ന മലക്കുകളോട് ചോദിച്ചു: അവിടെ ലൂത്വ് ഇല്ലേ, ലൂത്വില്‍ വിശ്വസിച്ചവരായ അദ്ദേഹത്തിന്റെ വീട്ടുകാരെയും നശിപ്പിക്കുമോ എന്നെല്ലാം. ഇബ്‌റാഹീം നബി(അ)ക്ക് മറ്റൊരു നാട്ടില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ ആകുലത ഉണ്ടായി എന്നര്‍ഥം. 

ലൂത്വ്(അ)ന്റെ നാട്ടിലേക്ക് അവര്‍ ചെല്ലുന്നതും മനുഷ്യരൂപത്തില്‍ നല്ല സുന്ദരന്മാരായിട്ടായിരുന്നു. ക്വുര്‍ആന്‍ അത് വിവരിക്കുന്നത് കാണുക: 

''നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു'' (ക്വുര്‍ആന്‍ 11:77).

ലൂത്വ്(അ)ന്റെ വീട്ടിലേക്ക് നേരിട്ട് അവര്‍ ചെന്നു. ആദ്യം കണ്ടത് മക്കളായിരുന്നു. അവര്‍ പിതാവിനോട് വീട്ടിലേക്ക് വരുന്ന അതിഥികളെ കുറിച്ചുള്ള വിവരം നല്‍കി. അതിഥികളെ കണ്ടപാടെ അദ്ദേഹത്തിന് വല്ലാത്ത ബേജാറായി. അവരുടെ കാര്യത്തില്‍ പ്രയാസം തോന്നി. എന്ത് ചെയ്യും എന്നായി അദ്ദേഹത്തിന്റെ ചിന്ത. അതിഥികളാണല്ലോ. അവര്‍ക്കുള്ള എല്ലാ സംരക്ഷണവും നല്‍കേണ്ടത് ആതിഥേയനാണല്ലോ. നാട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്ന ലൂത്വ്(അ) അവരുടെ കാര്യത്തില്‍ വിഷമത്തിലായി. അദ്ദേഹം പറയുകയും ചെയ്തു, ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്. 

വീട്ടില്‍ ലൂത്വ് നബി(അ)യുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ഒരുവളുണ്ടല്ലോ; ഭാര്യ. അവള്‍ നാട്ടുകാര്‍ക്ക് തന്റെ വീട്ടില്‍ എത്തിയ അതിഥികളെ പറ്റിയുള്ള വിവരം ചോര്‍ത്തിക്കൊടുത്തു. ലൂത്വ്(അ) അറിയാതെ നാട്ടിലെ പ്രമുഖരെ വിവരം അറിയിച്ചു. ഇന്ന് വരെ കാണാത്ത സുന്ദരന്മാരായ ചിലര്‍ വീട്ടില്‍ അതിഥികളായി എത്തിയിട്ടുണ്ടെന്നും അവരെ ഉപയോഗപ്പെടുത്താനും അവള്‍ വിവരം നല്‍കി. സ്വന്തം ഭര്‍ത്താവിനെ ചതിക്കുകയായിരുന്നു ആ സ്ത്രീ ചെയ്തത്. നരകാവകാശിയായ അവളെ പറ്റി പറയുമ്പോള്‍ ലൂത്വ്(അ)നെ ചതിച്ച ഈ കാര്യം അല്ലാഹു എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.

''സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു'' (ക്വുര്‍ആന്‍ 66:10).

വിവരം അറിഞ്ഞ നാട്ടുകാര്‍ ലൂത്വ്(അ)യുടെ വീട്ടിലേക്ക് വന്ന രംഗം അല്ലാഹു വിവരിക്കുന്നത് നോക്കൂ: 

''ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ). അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ. തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍'' (ക്വുര്‍ആന്‍ 11:7880).

''രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു. അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?'' (15:67-70).

അവര്‍ അവസരം മുതലെടുക്കാനായി ലൂത്വ്(അ)ന്റെ വീട്ടിലേക്ക് ഓടി വന്നു. അദ്ദേഹം വല്ലാത്ത വിഷമത്തിലായി. അല്ലാഹുവിനെ പേടിക്കുവാനും അതിഥികളുടെ കാര്യത്തില്‍ വിഷമിപ്പിക്കാതിരിക്കുവാനും ഓര്‍മപ്പെടുത്തി. അവരെ തടുക്കുവാന്‍ മനുഷ്യരില്‍ ആരും തനിക്കൊപ്പമില്ലെന്ന നിസ്സഹായാവസ്ഥ ലൂത്വ് നബി(അ)യുടെ വാക്കിലൂടെ പ്രകടമാണ്. മുഹമ്മദ് നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണുവാന്‍ സാധിക്കും. 

''അല്ലാഹു ലൂത്വിന് കാരുണ്യം ചൊരിയട്ടെ. അദ്ദേഹം (എപ്പോഴും) കരുത്തനായ ഒരു ശക്തിയില്‍ അഭയം തേടിയിരുന്നു'' (ബുഖാരി). അല്ലാഹുവിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.  ലൂത്വ്(അ) അവരോട് പറയുന്ന വാക്കുകള്‍ അതിഥികളായി വീട്ടിലുള്ള മലക്കുകള്‍ കേള്‍ക്കുന്നുണ്ട്. 

നാട്ടുകാര്‍ വീടിന് മുന്നില്‍ തടിച്ച് കൂടി ലൂത്വ്(അ)നോട് അവരുടെ ആവശ്യം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അങ്ങനെ വിഷമിച്ച് നില്‍ക്കുന്ന ലൂത്വ്(അ)നോട് അതിഥികള്‍ വന്ന കാര്യം പറയാന്‍ തുടങ്ങി. 

ചിന്തിക്കുക! പ്രവാചകനായ ലൂത്വ്(അ)ന് ഇതുവരെയും വീട്ടില്‍ ഇരിക്കുന്ന അതിഥികള്‍ മലക്കുകളാണെന്ന് മനസ്സിലായിട്ടില്ല. കാരണം മറഞ്ഞ കാര്യം അല്ലാഹുവിനേ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കുമറിയൂ.

0
0
0
s2sdefault