ശിക്ഷകള്‍ വന്നിറങ്ങുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

(മൂസാനബി(അ): 13)

അക്രമം സഹിക്കവയ്യാതെ, നിവൃത്തിയില്ലാതെയായപ്പോള്‍ മൂസാ(അ) ഫിര്‍ഔനിനും അവന്റെ അണികള്‍ക്കുമെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

''മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്). ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 10:88).

സമ്പത്ത് യഥേഷ്ടം ഉള്ളതിനാലാണല്ലോ അവര്‍ക്ക് ഇത്ര അഹങ്കാരം. അത് നീങ്ങിയാല്‍ അഹങ്കാരം ഇല്ലാതെയാകും. അതിനാല്‍ അവരുടെ ധനം തുടച്ചു നീക്കപ്പെടുന്നതിനായി മൂസാ(അ) അല്ലാഹുവിനോട് തേടുകയാണ്. അതുപോലെ അവരുടെ ഹൃദയത്തിന് കാഠിന്യം കിട്ടുന്നതിനായും അല്ലാഹുവിനോട് അദ്ദേഹം തേടി. കാരണം, മനസ്സ് കഠിനമായാല്‍ അഹങ്കാരം കൂടും. അത് ശിക്ഷ പെട്ടെന്ന് ആകുന്നതിന് കാരണമാകുകയും ചെയ്യും. ഫിര്‍ഔനിനും അവന്റെ ജനതക്കുമെതിരില്‍ മൂസാ(അ)യും ഹാറൂന്‍(അ) തേടിയപ്പോള്‍ അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു.

''അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന്  പോകരുത്'' (ക്വുര്‍ആന്‍ 10:89).

അല്ലാഹു ഇരുവരോടും നേരെചൊവ്വെ നിലക്കൊള്ളുവാനും വിവരമില്ലാത്തവരുടെ മാര്‍ഗത്തെ പിന്തുടരാതിരിക്കുവാനും കല്‍പിക്കുകയും ചെയ്തു.

അല്ലാഹു അവരില്‍ പല തരത്തിലുള്ള ശിക്ഷകളും ഇറക്കി. ക്വുര്‍ആന്‍ പറയുന്നത് കാണുക: ''ഫിര്‍ഔനിന്റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും വിളകളുടെ കമ്മിയുംകൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 7:130).

ഫലഭൂയിഷ്ടമായ പ്രദേശമായിരുന്നു ഈജിപ്ത്. അവിടെ കായ്കനികളിലും മറ്റു ഭക്ഷ്യ സാധനങ്ങളിലും കുറവ് വരാന്‍ തുടങ്ങി. അങ്ങനെ പല രൂപത്തിലുള്ള പരീക്ഷണങ്ങളും അവരില്‍ ഉണ്ടായി. കാലവിപത്തുക്കള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരുന്നു. എല്ലാ നിലയ്ക്കും ജീവിതം പൊറുതിമുട്ടുന്ന അവസ്ഥയിലായി ഈജിപ്തുകാര്‍. എന്നാലും അവര്‍ ചിന്തിക്കാനും കാര്യം ഗ്രഹിക്കാനും തയ്യാറായില്ല. അഹങ്കാരികളുടെ അവസ്ഥ എന്നും അപ്രകാരം തന്നെയാണല്ലോ. തങ്ങളുടെ മോശമായ സമീപനത്താല്‍ അല്ലാഹു നല്‍കുന്ന പരീക്ഷണമാണെന്ന് ഒരിക്കലും അവര്‍ ചിന്തിക്കുവാന്‍ കൂട്ടാക്കില്ല. ഈ കൂട്ടര്‍ എന്താണ് ഈ സന്ദര്‍ഭത്തില്‍ ചെയ്തത് എന്ന് ക്വുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് നോക്കുക:

''എന്നാല്‍ അവര്‍ക്കൊരു നന്മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക്  വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്റൈ പക്കല്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 7:131).

മൂസായും കൂട്ടരും ഈ നാട്ടില്‍ ഉള്ളതിനാലാണ് നമുക്ക് ഇപ്രകാരം അപലക്ഷണങ്ങള്‍ കാണേണ്ടി വരുന്നതും ഇടയ്ക്കിടെ ആപത്തുകള്‍ വരുന്നതും എന്ന് അവര്‍ പറയാന്‍ തുടങ്ങി. നന്മയാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കിലോ അത് അവരുടെ മേന്മയായും വിലയിരുത്തി സ്വയം ഗര്‍വ് നടിക്കും. എന്നാല്‍ അവര്‍ അനുഭവിക്കുന്ന ആപത്തുകളൊന്നും മൂസാ(അ)യെ കൊണ്ട് അവര്‍ അനുഭവിക്കുന്നതല്ല. അതെല്ലാം അല്ലാഹുവാണ് അവരില്‍ നിശ്ചയിക്കുന്നത്.

''അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല'' (ക്വുര്‍ആന്‍ 7:132).

അല്ലാഹു അവര്‍ക്ക് കാര്യം മനസ്സിലാക്കി മടങ്ങുവാനായി ചെറിയ ചെറിയ പരീക്ഷണങ്ങള്‍ നല്‍കി. അതില്‍ പെട്ടതായിരുന്നു കാര്‍ഷികോല്‍പന്നങ്ങളിലെ കുറവ്. എന്നാല്‍ ഇതെല്ലാം നേരത്തെ നാം പറഞ്ഞത് പോലെ മൂസാ(അ)യുടെ ദുശ്ശകുനമായാണ് അവര്‍ കണ്ടത്. പരീക്ഷണങ്ങള്‍ അനുഭവിക്കുമ്പോഴും അവര്‍ക്ക് മനംമാറ്റം വന്നില്ല. ദൃഷ്ടാന്തങ്ങള്‍ ഓരോന്ന് കണ്ടിട്ടും അവര്‍ക്ക് മാറിച്ചിന്തിക്കാന്‍ തോന്നിയില്ല. അവര്‍ അവരുടെ അഹന്തയില്‍ തന്നെ മുരടിച്ച് നിന്നു. സമയം ദീര്‍ഘിക്കുന്നതിന് അനുസരിച്ച് അവരില്‍ പരീക്ഷണങ്ങളും വ്യത്യസ്തമായി അല്ലാഹു ഇറക്കിക്കൊണ്ടിരുന്നു.

''വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു'' (7:133).

കടുത്ത ശിക്ഷ വരുന്നതിന് മുമ്പായി ചെറിയ ശിക്ഷകള്‍ ഓരോന്നായി അവരില്‍ അല്ലാഹു ഇറക്കി. അതില്‍ പെട്ട ഒന്നായിരുന്നു ത്വൂഫാന്‍. ത്വൂഫാന്‍ എന്നത് എല്ലാ കാലവിപത്തുക്കളെയും ഉദ്ദേശിച്ചും വെള്ളപ്പൊക്കത്തെ മാത്രം ഉദ്ദേശിച്ചും പറയുന്ന ഒരു പദമാണ്. നൈല്‍ നദിയിലെ വെള്ളം കരകവിഞ്ഞ് ഒഴുകി. അവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. അങ്ങനെ കൃഷിയെല്ലാം നശിക്കാന്‍ തുടങ്ങി. അവര്‍ കെട്ടി ഉയര്‍ത്തിയ കൊട്ടാരങ്ങളും വീടുകളും സൗധങ്ങളും നിലംപൊത്താന്‍ തുടങ്ങി. ഈ വിധം നാശം വിതക്കുന്ന പ്രളയത്താല്‍ അല്ലാഹു അവരെ പരീക്ഷിച്ചു നോക്കി.

അതുപോലെ നാടിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഒരു തരം വെട്ടുകിളികള്‍. അവയും അവരുടെ വിളകളെ നശിപ്പിക്കുന്നവയായിരുന്നു. നല്ല പച്ചപ്പുള്ള വിളകള്‍ അവ നശിപ്പിച്ചു. ഉണങ്ങിയവയും തഥൈവ. അങ്ങനെ കൃഷിയിടത്തില്‍ യാതൊന്നും അവശേഷിപ്പിക്കാതെ എല്ലാം ഇവ നശിപ്പിക്കാന്‍ തുടങ്ങി. വീടുകളില്‍ കയറി അവരുടെ സ്വസ്ഥ ജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കി. എവിടെയും ഈ വെട്ടുകിളികള്‍ തന്നെ. ഇവ മൂലമുള്ള പരീക്ഷണവും അവര്‍ക്ക് കുറെ നാള്‍ അനുഭവിക്കേണ്ടി വന്നു.

പിന്നീട് അവരിലേക്ക് ഇറക്കിയത് ക്വുമ്മലുകളെയാണ്. 'ക്വുമ്മല്‍' എന്ന് പറഞ്ഞാല്‍ ചെറിയ പ്രാണികള്‍ ആണെന്നും പേനുകളാണെന്നും ചെള്ളുകളാണെന്നും ഏതോ തരത്തിലുള്ള ഈച്ചകളാണെന്നുമെല്ലാം പറയുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഏതായിരുന്നാലും അവര്‍ക്ക് ഉപദ്രവകരമായ ഈ ചെറു പ്രാണികളുടെ ശല്യം അവരില്‍ ഉണ്ടായി. അതും അവര്‍ക്ക് പാഠം പഠിക്കാന്‍ പറ്റിയ രൂപത്തിലുള്ള ഒരു പരീക്ഷണമായിരുന്നു. പക്ഷേ, അവര്‍ക്കുണ്ടോ മാറ്റം! അവര്‍ അവരുടെ അഹന്തതയില്‍ തന്നെ കഴിച്ചു കൂട്ടി.

പിന്നീട് തവളകളെ ഇറക്കി. എവിടെ നോക്കിയാലും തവളകള്‍. പാത്രം തുറന്നാല്‍ അതില്‍ തവളകള്‍. ഭക്ഷണം കഴിക്കാന്‍ വായ തുറക്കാന്‍ പറ്റാത്ത അവസ്ഥ! കിടപ്പ് സ്ഥലത്തും മറ്റെല്ലായിടത്തും തവളകള്‍. എവിടെ നോക്കിയാലും ജീവിതം പൊറുതി മുട്ടിക്കുന്ന രൂപത്തില്‍ തവളകള്‍!

എവിടെ നോക്കിയാലും രക്തം. കുടിക്കാനുള്ള വെള്ളത്തില്‍ രക്തം. നൈല്‍ നദിയില്‍ നിന്ന് വെള്ളമെടുത്താല്‍ അതിലും രക്തം. ഇതെല്ലാം അവര്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കും ഇതൊന്നും അനുഭവപ്പെടുന്നില്ല. അതാണ് അത്ഭുതകരമായ കാര്യം! അവിശ്വാസികളെ മാത്രം ഈ ശിക്ഷകള്‍ ഒന്നിനു പുറകെ മറ്റൊന്നായി ബാധിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ ധാരാളമായിരുന്നു. എന്നാല്‍ അവര്‍ അതിനെല്ലാം ഓരോ ന്യായം കണ്ടെത്തി അവരുടെ അഹങ്കാരത്തില്‍ തന്നെ കഴിച്ചു കൂട്ടി.

''ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും ഇസ്‌റാഈല്‍ സന്തതികളെ നിന്റെ കൂടെ ഞങ്ങള്‍ അയച്ചുതരികയും ചെയ്യുന്നതാണ്; തീര്‍ച്ച. എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന് ശിക്ഷ അകറ്റിക്കൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു'' (ക്വുര്‍ആന്‍ 7:134,135).

''മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിന്റെയും അവന്റെ പൗരമുഖ്യന്മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു. അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു'' (ക്വുര്‍ആന്‍ 43:46-50).

ശിക്ഷകള്‍ ഓരോന്നായി അവരെ ആവരണം ചെയ്ത് തുടങ്ങിയപ്പോള്‍ പേടികൊണ്ടോ പരിഹാസത്താലോ മൂസാനബി(അ)യോട് രക്ഷക്കായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി അവര്‍ ആവശ്യപ്പെട്ടു. ഒമ്പത് ദൃഷ്ടാന്തങ്ങള്‍ അവര്‍ നേര്‍ക്കുനേര്‍ കണ്ടവരായിരുന്നു. മൂസാനബി(അ)യുടെ വടി, കൈ കക്ഷത്ത് വെച്ചാല്‍ പ്രകാശിക്കുക, ത്വൂഫാന്‍, വരള്‍ച്ച, കായ്കനികളുടെ കുറവ്, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം ഇവയായിരുന്നു അവ. ശിക്ഷകള്‍ ഒന്നിച്ചല്ല; ഓരോന്നായിട്ടാണ് അവരെ ബാധിച്ചത്. ഓരോ ശിക്ഷ വരുമ്പോഴും അവര്‍ മൂസാ(അ)യെ സമീപിച്ച് മോചനത്തിനായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി ആവശ്യപ്പെടും. 'നിന്റെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ഇസ്‌റാഈല്‍ മക്കളെ നിന്റെ കൂടെ അയക്കുന്നതുമായിരിക്കും' എന്ന് പറയുമ്പോള്‍ അവര്‍ വിശ്വസിച്ചെങ്കില്‍ നന്നായിരുന്നു എന്ന ചിന്തയാല്‍ ഓരോ സന്ദര്‍ഭത്തിലും മൂസാ(അ) അല്ലാഹുവിനോട് തേടും. ദുരിതം അവരില്‍ നിന്ന് നീങ്ങുകയും ചെയ്യും. എന്നാല്‍ അവര്‍ വാക്ക് ലംഘിച്ചുകൊണ്ട് അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നു. 

മൂസാനബി(അ)യുടെ പ്രാര്‍ഥന നിമിത്തം പരീക്ഷണങ്ങള്‍ നീങ്ങുമ്പോള്‍ തന്റെ ആളുകളില്‍ ആരെങ്കിലും അദ്ദേഹത്തില്‍ വിശ്വസിച്ചേക്കുമോ എന്ന പേടി ഫിര്‍ഔനിലുണ്ടാകും. ആ പേടി നിമിത്തം അവന്‍ ആളുകളെ പിടിച്ചു നിര്‍ത്താനായി ജനങ്ങള്‍ക്കിടയില്‍ ഇപ്രകാരം വിളംബരം നടത്തി: 

''ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ? അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു. അപ്പോള്‍ ഇവന്റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്? അങ്ങനെ ഫിര്‍ഔന്‍ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു'' (ക്വുര്‍ആന്‍ 43:51-54).

ഇങ്ങനെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മൂര്‍ത്തിയായി ഫിര്‍ഔന്‍ ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. മൂസാനബി(അ)യെ തരംതാഴ്ത്തിക്കാണിച്ച് ആശ്വാസം കൊണ്ടു; ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ പരമാവധി പ്രയത്‌നിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഫിര്‍ഔനിന്റെ പത്‌നി ആസ്യ(റ) മൂസാ(അ)യില്‍ വിശ്വസിക്കാന്‍ തയ്യാറായി.

ആസ്യ(റ)യുടെ മടിത്തട്ടില്‍ വളര്‍ന്ന മഹാനാണല്ലോ മൂസാ(അ). അദ്ദേഹത്തിന്റെ മഹത്ത്വം അവര്‍ അന്നു തന്നെ കണ്ടറിഞ്ഞിട്ടുണ്ടാകും. അവസാനം ഭര്‍ത്താവ് മൂസാ(അ)യെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാന്‍ തയ്യാറായപ്പോള്‍ അതിനെതിരില്‍ അവര്‍ പ്രതികരിച്ചു. തന്റെ വിശ്വാസം അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. വിശ്വാസികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ക്കായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെ എല്ലാവിധ സുഖസൗകര്യങ്ങളും വെടിയാന്‍ അവര്‍ തയ്യാറായി. 

വിശ്വാസികള്‍ക്ക് മാതൃകയായി ക്വുര്‍ആന്‍ പരിജയപ്പെടുത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളാണ് ഫിര്‍ഔനിന്റെ ഭാര്യ. അവരെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''സത്യവിശ്വാസികള്‍ക്ക്  ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ  ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 66:11).

ഫിര്‍ഔനിന്റെ ഭാര്യ എന്നാണ് ക്വുര്‍ആന്‍ അവരെ പറ്റി വിശേഷിപ്പിച്ചത്. പേര് പറഞ്ഞിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അവരുടെ പേര് 'ആസ്യബിന്‍ത് മുസാഹിം' എന്ന് വന്നിട്ടുണ്ട്. 

മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്കെതിരില്‍ കഠിനമായ മര്‍ദനം അഴിച്ചുവിട്ട ഫിര്‍ഔന്‍ തന്റെ ഭാര്യയെയും വെറുതെ വിട്ടില്ല. ശരീരത്തില്‍ ആണിയടിച്ച് അക്രമിച്ചു. ശരീരത്തില്‍ ചുട്ടു പഴുത്ത പാറക്കല്ല് കയറ്റി വെച്ച് മൂസാ(അ)യില്‍ അവിശ്വസിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അണു അളവ് പതറാതെ അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ച് നിന്നു. സ്വര്‍ഗത്തില്‍ ഒരു ഭവനം ലഭിക്കുവാനും അക്രമികളില്‍നിന്ന് രക്ഷ ലഭിക്കുവാനും അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങളെക്കാള്‍ അല്ലാഹുവിന്റെ സാമീപ്യം അവര്‍ ആഗ്രഹിച്ചു. 

അല്ലാഹുവിന്റെ മതത്തിന്റെ ആദര്‍ശം ഹൃദയത്തിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന കരുത്താണ് ആസ്യാ(റ)യുടെ ജീവിതത്തില്‍ നാം കാണുന്നത്. ഭര്‍ത്താവായ ഫിര്‍ഔന്‍ അല്ലാഹുവിന്റെ ദീനിനെതിരില്‍ കല്‍പിച്ചപ്പോള്‍ അല്ലാഹുവിന് വേണ്ടി ഭര്‍ത്താവിന്റെ മര്‍ദനം സ്വീകരിച്ചു. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് എതിരായി ഭര്‍ത്താവ് കല്‍പിക്കുമ്പോള്‍ അതിന് അനുഗുണമായി നില്‍ക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന ചരിത്രമാണ് ആസ്യ(റ)യുടെ ചരിത്രം. സ്ത്രീകളില്‍ വിശ്വാസം പൂര്‍ണതയില്‍ എത്തിയവരുടെ കൂട്ടത്തില്‍ നബി ﷺ അവരെ എണ്ണിപ്പറഞ്ഞതായി കാണാം.

ഫിര്‍ഔന്‍ നാള്‍ക്കുനാള്‍ പീഡനം വര്‍ധിപ്പിക്കുവാന്‍ തുടങ്ങി. മൂസാ(അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

''ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ഥിച്ചു'' (ക്വുര്‍ആന്‍ 44:22). 

അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു: ''മൂസായ്ക്ക് നാം ബോധനം നല്‍കി: എന്റെ  ദാസന്മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്. അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു. തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു. തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്). അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക്  നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 26:52-59).

ഈജിപ്തില്‍ നിന്നും ഫലസ്തീനിലേക്ക് പോകാനായിരുന്നു ഈ നിര്‍ദേശം. ഫിര്‍ഔനും കൂട്ടരും നിങ്ങളെ പിന്തുടരും എന്ന കാര്യവും നേരത്തെ തന്നെ അല്ലാഹു മൂസാ(അ)യെ അറിയിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ യാത്രക്കുള്ള തയ്യാറെടുപ്പെല്ലാം ചെയ്തു.

വിവരം ഫിര്‍ഔന്‍ അറിഞ്ഞു. ഫിര്‍ഔന്‍ ഈജിപ്തിലെ പട്ടണങ്ങളിലേക്ക് ആളെ അയച്ചു. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തു. മൂസാ(അ)യെയും വിശ്വാസികളെയും നശിപ്പിക്കുന്നതിനായി പലിയ ഒരു പടയെ തയ്യാറാക്കി. കൂടെയുള്ളവരെ, മൂസാനബി(അ)യുടെ ഒപ്പമുള്ളവരുടെ എണ്ണം വളരെ കുറവാണെന്നു പറഞ്ഞ് ആവേശം കൊള്ളിച്ചു. അവന്റെ ഓരോ പ്രവര്‍ത്തനങ്ങളും നമ്മെ ഏറെ അരിശം കൊള്ളിക്കുകയാണ്. അതിനാല്‍ അവനെയും സംഘത്തെയും നാം പിടിച്ച് നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഫിര്‍ഔന്‍ അണികള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു. 

ഫിര്‍ഔന്‍ ഒരു വലിയ സംഘത്തോടൊപ്പം മൂസാ(അ)യെയും വിശ്വാസികളെയും പിടികൂടാനായി എല്ലാ സജ്ജീകരണങ്ങളോടും കൂടി പുറപ്പെട്ടു. അവരുടെ ആ പുറപ്പാടിനെ കുറിച്ച് അല്ലാഹു പറഞ്ഞത് ഒന്ന് സൂക്ഷിച്ച് നോക്കുക: 'അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.' അവര്‍ അറിയാതെ അല്ലാഹു അവരുടെ സുഖലോലുപതയില്‍ നിന്നും പുറത്തിറക്കി. എന്നിട്ട് അതിന്റെ യെല്ലാം അനന്തരാവകാശികളായി ബനൂ ഇസ്‌റാഈല്യരെ ആക്കുകയും ചെയ്തു! അവക്കൊന്നും യാതൊരു കേടുപാടുകളും വരുത്താതെ മറ്റൊരു സ്ഥലത്തേക്ക് അവരെ നശിപ്പിക്കുവാന്‍ കൊണ്ടുപോയി. അല്ലാഹുവിന്റെ തന്ത്രത്തെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ? ഇത് അവരുടെ അന്ത്യയാത്രയുടെ തുടക്കമാണെന്ന് അവരുണ്ടോ അറിയുന്നു!

ഫിര്‍ഔനും കൂട്ടരും ഉദയവേളയില്‍ ആയിക്കൊണ്ട് വിശ്വാസികളുടെ പിന്നാലെ വന്നു. അവര്‍ പരസ്പരം കണ്ടുമുട്ടി:

''അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചുതരും'' (ക്വുര്‍ആന്‍ 26:61,62).

അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരുടെ കൂടെ അല്ലാഹുവുണ്ടാകും. അല്ലാഹു സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കാതിരിക്കില്ല. (തുടരും)