മദ്‌യനില്‍ എത്തുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മെയ് 19 1439 റമദാന്‍ 03

(മൂസാനബി(അ): 5)

''മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു'' (ക്വുര്‍ആന്‍ 28:23,24).

യാത്രയിലെ പ്രയാസങ്ങളെല്ലാം അനുഭവിച്ച് വളരെ സാഹസപ്പെട്ട് മൂസാ(അ) മദ്‌യനില്‍ എത്തി. അദ്ദേഹം അവിടെ കണ്ട ഒരു കാഴ്ചയിലൂടെയാണ് മൂസാ(അ)യുടെ മദ്‌യനിലെ ജീവിതത്തിന്റെ പ്രാരംഭത്തെ കുറിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.

ഒരു കിണറിന് സമീപം കുറെ പേര്‍ ആടുകളെ വെള്ളം കുടിപ്പിക്കുന്നതിനായി കൂട്ടം കൂടി നില്‍ക്കുന്നു. അവരുടെ തിക്കും തിരക്കിനുമിടയില്‍ തങ്ങളുടെ ആടുകളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് രണ്ടു സ്ത്രീകള്‍ അല്‍പം അകലെ മാറി നില്‍ക്കുന്നു. മല്ലന്മാരായ ആണുങ്ങള്‍ അവരുടെ സാമര്‍ഥ്യം കൊണ്ട് അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നു. 

മൂസാ(അ) അവരുടെ രണ്ട് പേരുടെയും അടുക്കല്‍ ചെന്ന്, ആടുകളെ വെള്ളം കൂടിപ്പിക്കാതെ മാറി നില്‍ക്കുവാനുള്ള കാരണം അന്വേഷിച്ചു. ഈ പുരുഷന്മാരായ ഇടയന്മാര്‍ അവരുടെ ആടുകളെ കുടിപ്പിച്ച് കഴിയാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല. ഈ മല്ലന്മാരായ ഇടയന്മാര്‍ക്കിടയില്‍ തിക്കും തിരക്കും കൂട്ടി ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തുണയായി ഒരു ആണും ഇല്ല. ഉള്ളത് വൃദ്ധനായ ഞങ്ങളുടെ പിതാവ് മാത്രമാണ്. അദ്ദേഹത്തിന് അതിന് കഴിയുകയുമില്ലല്ലോ. അതിനാലാണ് ഇവയെ തെളിച്ച് ഇങ്ങോട്ട് ഞങ്ങള്‍ വരുന്നത്.

മൂസാ(അ)ന് അവരുടെ സാഹചര്യം പിടികിട്ടി. പുരുഷന്മാര്‍ക്കിടയില്‍ കൂടിക്കലരാതെ അവര്‍ മാറി നില്‍ക്കുന്നതില്‍നിന്ന് നല്ല സംസ്‌കാരമുള്ള കുടുംബത്തിലെ പതിവ്രതകളാണ് അവരെന്നും അദ്ദേഹം മനസ്സിലാക്കി.

മൂസാ(അ) അവരെ സഹായിക്കാന്‍ തീരുമാനിച്ചു. അവിടെയുള്ള പുരുഷന്മാര്‍ക്കിടയില്‍ നിന്നും അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചു. മൂസാ(അ) അവരില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടല്ല അവരെ സഹായിക്കാന്‍ മുതിര്‍ന്നത്. 

നല്ല ചൂടുള്ള സമയമാണത്. മൂസാ(അ) അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചിട്ട് അവിടെ നിന്നും അല്‍പം മാറി ഒരു തണലില്‍ വിശ്രമിച്ചു. എന്നിട്ട് ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 'എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.' 

മദ്‌യനില്‍ എല്ലാവരും തനിക്ക് അപരിചിതരാണ്. കൂട്ടു കുടുംബങ്ങളോ, പരിചയക്കാരോ അവിടെ ഇല്ല. അല്ലാഹു മാത്രമാണ് കാവല്‍. 

സഹായത്തിന് ആവശ്യക്കാരായിട്ടുള്ളവരെ  സഹായിക്കുന്നതില്‍ നാം അമാന്തം കാണിച്ചുകൂടാ. കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. പരോപകാരം ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന കാര്യം നാം മറക്കരുത്.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരാള്‍ റസൂല്‍ﷺയുടെ അടുത്ത് വന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോടാണ്? അല്ലാഹുവിന്ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങള്‍ ഏതാണ്?' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'മനുഷ്യര്‍ക്ക് നന്നായി ഉപകാരം ചെയ്യുന്നവനാണ് മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍. ഒരു മുസ്‌ലിമിനെ സന്തോഷത്തില്‍ പ്രവേശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍. അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്റെ വിഷമങ്ങള്‍ നീക്കാന്‍ നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് (അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ കടത്തില്‍ നിന്ന് (അവന് ആശ്വാസം നല്‍കുന്ന വല്ല) പ്രവര്‍ത്തനങ്ങളും ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ വിശപ്പ് അകറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍).' (എന്നിട്ട് നബിﷺ ഇപ്രകാരം പറഞ്ഞു:) 'ഒരു സഹോദരന്റെ ആവശ്യത്തിനായി, ഈ മസ്ജിദുന്നബവിയില്‍ ഒരു മാസം ഞാന്‍ ഭജനമിരിക്കുന്നതിനെക്കാളും അവന്റെ കൂടെ ഞാന്‍ നടക്കലാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആരെങ്കിലും അവനോടുള്ള ദേഷ്യം അടക്കിപ്പിടിച്ചാല്‍ അല്ലാഹു അവന്റെ സ്വകാര്യതകളും മറച്ചു വെക്കുന്നതാണ്.

'ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നതിന് നടന്നാല്‍ സ്വിറാത്തില്‍ കാലിടറുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്''(ത്വബ്‌റാനി). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: 'ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നത് വരെ നടന്നാല്‍ കാലുകള്‍ക്ക് ഇടര്‍ച്ച സംഭവിക്കുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്'' (ത്വബ്‌റാനി).

അപരനെ സഹായിക്കുന്നതിന്റെ മഹത്ത്വം എത്ര വലുതാണെന്ന് ഈ നബി വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അപരനെ സഹായിക്കാത്തവനെ മത നിഷേധിയായിട്ടാണ് സൂറത്തുല്‍ മാഊനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്നത്.

അപരനെ സഹായിക്കണം. സഹായിക്കുന്നതാകട്ടെ, സഹായിക്കപ്പെടുന്നവരില്‍ നിന്നും യാതൊന്നും മോഹിച്ച് കൊണ്ട് ആകുകയും ചെയ്യരുത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ചിട്ടായിരിക്കണം അതിന് നാം തുനിയേണ്ടത്. 

അക്ഷമയുടെയോ, നിരാശയുടെയോ കണിക പോലുമില്ലാതെ ആത്മാര്‍ഥമായുള്ള മൂസാ(അ)യുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. അല്ലാഹു പറയുന്നു:

''അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്ക്  നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍ നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 28:25). 

ആ സ്ത്രീയുടെ ലജ്ജ ക്വുര്‍ആന്‍ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കേണ്ടതുണ്ട്. ലജ്ജ ഈമാനിന്റെ ഭാഗമാണല്ലോ. നന്മകള്‍ ചെയ്യുന്നതില്‍ ലജ്ജ പാടില്ല. തിന്മകളില്‍ നിന്നും അകറ്റുന്നതുമാകണം അത്. അപ്പോഴേ അത് വിശ്വാസത്തിന്റെ ഭാഗമാകൂ. മതകാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിലോ, മതകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലോ ലജ്ജ ഉണ്ടാകുവാന്‍ പാടില്ല.

സ്വന്തം മക്കള്‍ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി സഹായിച്ച ആ ചെറുപ്പക്കാരന്‍ നല്ല വ്യക്തിയാണെന്ന് ആ പിതാവിനും മനസ്സിലായി. അങ്ങനെ മകളെ മൂസാ(അ)യുടെ അടുത്തേക്ക് വീട്ടിലേക്ക് ക്ഷണിക്കാനായി പറഞ്ഞു വിട്ടു.

ക്ഷണം സ്വീകരിച്ച് മൂസാ(അ) അവളുടെ കൂടെ അവളുടെ പിതാവിന്റെ അടുത്തേക്ക് പോകുകയാണ്. മൂസാ(അ) ആ സമയം അവളോട് പിന്നില്‍ നടക്കുവാനും തനിക്ക് വഴി നിര്‍ദേശിച്ച് തരുവാനും ആവശ്യപ്പെട്ടു. സ്ത്രീയുടെ പിന്നില്‍ പുരുഷന്‍ നടക്കുമ്പോള്‍ കാറ്റോ മറ്റോ ഉണ്ടാകുമ്പോള്‍ അവരുടെ നഗ്‌നത കാണുവാനോ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുവനോ സാധ്യത കൂടുതലാണല്ലോ. ഈ സൂക്ഷ്മതയാകാം ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ മൂസാ(അ)നെ പ്രേരിപ്പിച്ചത്.

മൂസാ(അ) ആ സ്ത്രീകളുടെ പിതാവിന്റെ അടുത്തെത്തി. ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുവാനുള്ള കാരണങ്ങളെല്ലാം മൂസാ(അ) അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. മൂസാ(അ)യുടെ വിവരണമെല്ലാം ആ പിതാവ് കേട്ടു. നല്ല വാക്ക് പറഞ്ഞ് ആശ്വാസം പകര്‍ന്നു. 

ആ മനുഷ്യന്‍ ആരായിരുന്നു എന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു വിഭാഗം പറയുന്നത്, അത് മദ്‌യനിലേക്ക് അയക്കപ്പെട്ട ശുഐബ് നബി(അ) ആണെന്നാണ്. ഒരു വിഭാഗം അത് ശരിയല്ലെന്നാണ് പറയുന്നത്. ശുഐബ് നബി(അ)യും മൂസാ(അ)യും തമ്മില്‍ കുറെ തലമുറകളുടെ കാലവ്യത്യാസം ഉണ്ടെന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം, ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് ലൂത്വ്(അ)യും ഉണ്ട്. അദ്ദേഹത്തിന്റെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അതിന്റെ തൊട്ടടുത്ത പ്രദേശമായ മദ്‌യനിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. ശുഐബ്(അ)യില്‍ അവിശ്വസിച്ച ജനതയോട് ശുഐബ്(അ) സംസാരിക്കുമ്പോള്‍ അവരുടെ അടുത്ത നാട്ടുകാരും അവര്‍ക്ക് പരിചയക്കാരുമായ ലൂത്വ് നബി(അ)യുടെ ജനതയുടെ പര്യവസാനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അപ്പോള്‍ ശുഐബ്(അ) ഇബ്‌റാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും ഒക്കെ കാലത്തിനോട് അടുത്താണ് ജീവിച്ചിരുന്നത്. അതിനാല്‍ ഈ പിതാവ് ശൂഐബ്(അ) ആകുവാനുള്ള സാധ്യത ഇല്ല എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്. വ്യക്തമായ പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ വരാത്തതിനാല്‍ അത് ശുഐബ് നബി(അ) ആണെന്നോ അല്ലെന്നോ പറയേണ്ടതില്ല. ഈ അഭിപ്രായമാണ് ഇബ്‌നുജരീറിനുള്ളത്. മാത്രമല്ല, ശുഐബ് നബി(അ)യുടെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ മാത്രമായിരുന്നുവല്ലോ. അങ്ങനെയുള്ള ആ വിശ്വാസികള്‍ അവരുടെ പ്രവാചകന്റെ മക്കളെ കഷ്ട്ടപ്പെടുത്തുമോ? ഇതെല്ലാം അത് ശുഐബ്(അ) അല്ല എന്നതിലേക്കാണ് ഊന്നല്‍ നല്‍കുന്നത്. അങ്ങനെയാണെങ്കില്‍ ശുഐബ് നബി(അ) പില്‍ക്കാലക്കാരില്‍ ഒരാള്‍ ആയിരുന്നു എന്നാണ് വരിക.

മൂസാ(അ)യും ആ രണ്ട് സ്ത്രീകളുടെ പിതാവും സംസാരിക്കുന്നതിനിടയില്‍ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു:

''...എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ'' (ക്വുര്‍ആന്‍ 28:26).

മൂസാ(അ)ന് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണല്ലോ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചത്. മൂസാ(അ)യാണെങ്കില്‍ ആരാരും ഇല്ലാതെ ഒരു വിദേശിയുമാണ്. ജീവിത മാര്‍ഗത്തിന് ഒരു ജോലി കിട്ടിയാല്‍ തന്നെ ഒരു ആശ്വാസമാകുന്ന സമയമാണല്ലോ.

വലിയ മല്ലന്മാരുടെ ഇടയില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴും വീട്ടിലേക്ക് നടന്ന് പോകുമ്പോഴും അദ്ദേഹം കാണിച്ച സൂക്ഷ്മതയും അവരില്‍ അദ്ദേഹത്തെ സംബന്ധിച്ച് മതിപ്പുളവാക്കി. പിതാവിനോട് ഇദ്ദേഹം എന്തുകൊണ്ടും നമുക്ക് അനുയോജ്യനാണെന്ന് അറിയിക്കുകയും ചെയ്തു.

തൊഴിലാളിയെ സ്വീകരിക്കുന്നവര്‍ തൊഴിലാളിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട രണ്ട് ഗുണങ്ങളാണ് തൊഴിലാളിയുടെ കഴിവും വിശ്വാസ്യതയും. കഴിവില്ലാത്ത തൊഴിലാളിയാണെങ്കില്‍ ഇരുവരുടെയും മനസ്സില്‍ വെറുപ്പുണ്ടാകും. മുതലാളിക്ക് താന്‍ കല്‍പിക്കുന്നത് ചെയ്യാത്തതിനാലുണ്ടാകുന്ന അമര്‍ഷവും തൊഴിലാളിക്ക് തനിക്ക് കഴിയാത്തത് ചെയ്യിപ്പിക്കുന്നതിലുള്ള അമര്‍ഷവും. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് വിശ്വാസ്യത. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ സന്തോഷത്തോടെ അത് മുന്നോട്ട് പോകും.

0
0
0
s2sdefault