ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

മൂസാനബി(അ): 8

സഹോദരന്‍ ഹാറൂനിനെ സഹായിയായി നിയോഗിക്കുവാന്‍ മൂസാനബി(അ) അല്ലാഹുവിനോട് വേണ്ടി പ്രാര്‍ഥിച്ചതായി നാം മനസ്സിലാക്കി. സൂറത്തുല്‍ ക്വസ്വസ്വിലും ശുഅറാഇലും അത് ഇങ്ങനെ നമുക്ക് കാണാം:

''എന്റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചായായും ഞാന്‍ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 28:34).

''എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ'' (ക്വുര്‍ആന്‍ 26:13).

ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അങ്ങനെ ഇരുവരും അവരിലേക്ക് ചെന്നു. എന്നാല്‍ ഫിര്‍ഔന്‍ അടക്കമുള്ളവരോട് സംസാരിച്ചത് മുഴുവനും മൂസാ(അ) ആയിരുന്നു. അത് ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കി തരുന്നുമുണ്ട്.

പ്രബോധന പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ നമുക്ക് പ്രതികൂലമായി തോന്നുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്നില്‍ നാം അവതരിപ്പിക്കണം. അതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ കാവലുണ്ടാകുവാന്‍ ചോദിക്കുകയും ചെയ്യുക. അല്ലാഹു സഹായിക്കുന്നതാണ്. മൂസാനബി(അ)ക്ക് സംസാരത്തിന് പ്രയാസമുണ്ടാകുമെന്ന് തോന്നിയത് അല്ലാഹുവിനോട് അദ്ദേഹം ഏറ്റു പറഞ്ഞു. അല്ലാഹു അത് സ്വീകരിച്ചു. എല്ലാ കെട്ടുകുടുക്കുകളും നീക്കി. ഏത് നല്ല കാര്യത്തിന് നാം പദ്ധതി രൂപപ്പെടുത്തുമ്പോഴും അതിന് പ്രതികൂലമായ കാര്യങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനായി അല്ലാഹുവിനോട് നാം ചോദിക്കണം. 

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചുതള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ. അവര്‍ക്ക്  എന്റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട.് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 26:12-14).

മൂസാ(അ) അല്ലാഹുവിനോട് തന്റെ വിഷമങ്ങളെല്ലാം പറഞ്ഞു. ഞാന്‍ അവരെ ക്ഷണിച്ചാല്‍ അവര്‍ എന്നെ കളവാക്കും. ഞാന്‍ പറയുന്നതിലേക്ക് അവര്‍ ചെവിതരാത്ത പക്ഷം എന്റെ ഹൃദയം കുടുസ്സാകും. അപ്പോള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയാതെ വരും. അതിനാല്‍ എന്റെ കൂടെ സംസാരിക്കുവാനും മറ്റും ഒരു സഹായി എന്ന നിലക്ക് എന്റെ സഹോദരന്‍ ഹാറൂനിനെ കൂടെ അയക്കണം. മാത്രവുമല്ല, ഞാന്‍ അവരുടെ അടുത്ത് ചെന്ന്, അവരുടെ വിശ്വാസത്തിന് എതിരായ ഒരു കാര്യം പറയുമ്പോള്‍ അവര്‍ക്ക് എന്നെക്കുറിച്ച് പറയാന്‍ ഒരു കുറ്റവുമുണ്ട്:  

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (28:33).

ഇസ്‌റാഈല്യരില്‍ പെട്ട ഒരാളും ക്വിബ്ത്വിക്കാരനും ശണ്ഠ കൂടുന്നത് കണ്ടപ്പോള്‍ ക്വിബ്ത്വിക്കാരനെതിരില്‍ ഇസ്‌റാഈല്യന്‍ സഹായം ചോദിക്കുകയും മൂസാ(അ) അതില്‍ ഇടപെടുകയും ക്വിബ്ത്വിക്കാരന്‍ മരിക്കുകയും ചെയ്ത കാര്യമാണിവിടെ മൂസാ(അ) എടുത്തു പറയുന്നത്. 

മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ മുന്നില്‍ തുറന്നുപറഞ്ഞത് ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറുവാനല്ല; മുന്നോട്ട് പോകുവാനാണ്. ഈ വിഷമത്തില്‍ നിന്നെല്ലാം രക്ഷ കിട്ടേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. 

അല്ലാഹു മൂസാ(അ) ചോദിച്ചതെല്ലാം നല്‍കി. ഇരുവരോടും ഫിര്‍ഔനിന്റെയും ബനൂഇസ്‌റാഈല്യരുടെയും അടുത്തേക്ക് പോകുവാന്‍ കല്‍പിച്ചു.

''എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു''(ക്വുര്‍ആന്‍ 20:42,43).

ആദ്യം അല്ലാഹു കല്‍പിച്ചത് മൂസാ(അ)നോട് തനിച്ച് പോകാനായിരുന്നല്ലോ. ഹാറൂന്‍ നബി(അ)യെകൂടി നിയോഗിച്ചതോടെ നിങ്ങള്‍ രണ്ടു പേരും പോകുക എന്നായി കല്‍പന. അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ യാതൊരു കമ്മിയും വരരുത്. ഈ കാര്യം പറയുന്നതിന് മുമ്പ് മൂസാനബി(അ)ക്ക് അല്ലാഹു ചെറുപ്പം മുതലേ നല്‍കിയ കാവല്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്. 

മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്'' (ക്വുര്‍ആന്‍ 20:37-39).

ഇതിന്റെ വിവരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അതിനിവിടെ മുതിരുന്നില്ല. മൂസാനബി(അ)ക്ക് ഇതോടെ കൂടുതല്‍ പ്രതീക്ഷയും ധൈര്യവും ലഭിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ആശങ്ക ബാക്കിയുണ്ട്:

''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്  എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്'' (ക്വുര്‍ആന്‍ 20:45,46).

''അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്'' (ക്വുര്‍ആന്‍ 26:15).

നേരത്തെ അല്ലാഹു മൂസാനബി(അ)ക്ക് ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തത് നാം മനസ്സിലാക്കി. ഇനിയും പല ദൃഷ്ടാന്തങ്ങളും അല്ലാഹു പ്രകടമാക്കുകയും ചെയ്യും. ആ ദൃഷ്ടാന്തങ്ങളുമായെല്ലാം ഇരുവരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം എന്ന് അല്ലാഹു കല്‍പിക്കുകയാണ്. അതോടൊപ്പം അല്ലാഹുവിനെ സ്മരിക്കുന്നതില്‍ തളര്‍ച്ചയോ അമാന്തമോ സംഭവിച്ചു കൂടാ എന്നും കല്‍പിച്ചു. കാരണം, അല്ലാഹുവിനോട് ഹാറൂനിനെ സഹായിയായി ചോദിച്ചപ്പോള്‍ നിന്നെ ധാരാളം ഓര്‍ക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നു പോകരുത്. പ്രബോധന രംഗത്ത് ശക്തമായി പിടിച്ചു നില്‍ക്കുവാനുള്ള വീര്യമാണ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ. 

അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ എല്ലാ സമയത്തും നമുക്ക് കിട്ടുന്ന ഒരു ശക്തിയാണ്. അത് നഷ്ടപ്പെട്ടാല്‍ പതര്‍ച്ചയും പുറകോട്ട് വലിയലും നിരാശയും നമ്മെ പിടികൂടും. 

ഫിര്‍ഔനിന്റെ ചെയ്തികളെ ഭയക്കുന്ന മൂസാനബി(അ)യെയും ഹാറൂന്‍(അ)നെയും അല്ലാഹു ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. 

''നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം'' (ക്വുര്‍ആന്‍ 20:43,44).

''നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)'' (ക്വുര്‍ആന്‍ 79:17-19).

ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് സൗമ്യതയോടെ, മൃദുവായ ശൈലിയില്‍ സംസാരിക്കുവാനാണ് കല്‍പന. ഇപ്രകാരമുള്ള സംസാരം അവനെ ചിന്തിപ്പിക്കുവാനും അവനില്‍ ഭയപ്പാട് സൃഷ്ടിക്കാനും കാരണമായേക്കാം. 

ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ രണ്ടു പേരോടും നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നും അല്ലാഹു പറഞ്ഞല്ലോ. അല്ലാഹു കൂടെയുണ്ടെന്ന് ക്വുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ പറയുന്നതായി നമുക്ക് കാണാം. അങ്ങനെ അല്ലാഹു കൂടെയുണ്ടെന്ന് പറയുന്ന സന്ദര്‍ഭങ്ങളെ എടുത്ത് പരിശോധിച്ചാല്‍ അതിനെ മൂന്നായി തിരിക്കാന്‍ സാധിക്കുന്നതാണ്.

1. വിശ്വാസി, അവിശ്വാസി, നല്ലവന്‍, തെമ്മാടി, മനുഷ്യന്‍, ജിന്ന്, മൃഗം... എന്നിങ്ങനെയുള്ള  വേര്‍തിരിവില്ലാതെ എല്ലാവരുടെയും കൂടെ പൊതുവായ നിലക്ക് അല്ലാഹു കൂടെ ഉണ്ട് എന്ന് പറയുന്നത് കാണാം. ഉദാഹരണം: 

''നിങ്ങള്‍ എവിടെ ആയിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്'' (ക്വുര്‍ആന്‍ 57:4).

''ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 58:7).

ഈ രണ്ട് സൂക്തങ്ങളിലും അല്ലാഹു എല്ലാവരുടെയും കൂടെ ഉണ്ടെന്നാണല്ലോ പറയുന്നത്. എന്താണ് എല്ലാവരുടെയും കൂടെ ഉണ്ട് എന്ന് പറഞ്ഞാലുള്ള ഉദ്ദേശ്യം? അല്ലാഹുവിന്റെ കാഴ്ചയില്‍ നിന്നോ കേള്‍വിയില്‍ നിന്നോ അറിവില്‍ നിന്നോ മാറിനിന്ന് ഒരു നിമിഷം പോലും അല്ലാഹുവിന്റെ പടപ്പുകളില്‍ ഒന്നിനും കഴിയില്ല എന്നാണ് ഇതിനര്‍ഥം. മുഴുവന്‍ സമയവും അല്ലാഹുവിന്റെ വലയത്തില്‍ തന്നെയാണ് എല്ലാം ഉള്ളത്. 

പ്രത്യേക ഗുണങ്ങളുള്ളവരുടെ കൂടെ അല്ലാഹു ഉണ്ട് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതും നമുക്ക് ക്വുര്‍ആനില്‍ കാണാന്‍ കഴിയുന്നതാണ്. ഉദാഹരണം:

''തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും'' (ക്വുര്‍ആന്‍ 16:128).

''സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 2:153).

അല്ലാഹു കല്‍പിച്ചതെല്ലാം കഴിയും വിധം ചെയ്യുകയും അല്ലാഹു വിരോധിച്ചതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയും ചെയ്യുന്ന സൂക്ഷ്മതയുള്ളവരുടെയും സുകൃതവാന്മാരുടെയും ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ക്ഷമയോടെ ജീവിക്കുന്നവരുടെയും കൂടെ അല്ലാഹു ഉണ്ട് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രത്യേകമായ കാവലും സഹായവും അവര്‍ക്കുണ്ടാകുമെന്നും അവന് അവരോട് പ്രത്യേകമായ സ്‌നേഹം ഉണ്ടായിരിക്കുമെന്നാണ്.

ചില സന്ദര്‍ഭങ്ങളില്‍ ചില വ്യക്തികളോട് അല്ലാഹു, ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറയും. അതില്‍ പെട്ടതാണ് മൂസാനബി(അ)യോടും ഹാറൂന്‍നബി(അ)യോടും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞത്. നബി ﷺ യും അബൂബക്കര്‍(റ)വും മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്ന വേളയില്‍ സൗര്‍ ഗുഹയില്‍ അഭയം തേടിയ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) നബി ﷺ യോട് ശത്രുക്കള്‍ പിടികൂടുമെന്ന ആശങ്കയറിയിച്ചപ്പോള്‍ നബി ﷺ പറഞ്ഞ മറുപടി ക്വുര്‍ആനില്‍ കാണാം: 

''...അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം...'' (9:40).

ഇവിടെയും അല്ലാഹു അവര്‍ക്ക് പ്രത്യേകമായ സഹായമായിട്ടുണ്ടെന്നതാണ് ഉദ്ദേശ്യം. 

ചില നല്ല ഗുണങ്ങളുള്ളവരുടെ കൂടെയും അല്ലാഹു ഉണ്ട് എന്ന് പറഞ്ഞല്ലോ. ആ ഗണത്തില്‍ പെടുന്നവരാകുവാനാണ് നാം പരിശ്രമിക്കേണ്ടത്. 

അല്ലാഹു കൂടെയുണ്ടെന്ന ആശ്വാസ വാക്കില്‍ ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും പോകുകയാണ്. അവര്‍ക്ക് ധൈര്യം ലഭിക്കുന്ന മറ്റൊരു കാര്യം കൂടി അല്ലാഹു അവരെ അറിയിച്ചിട്ടുണ്ട്.

''അവന്‍ (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരന്‍ മുഖേന നിന്റെ കൈക്ക് നാം ബലം നല്‍കുകയും നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍'' (ക്വുര്‍ആന്‍ 28:35).

ആള്‍ബലവും അധികാരത്തിന്റെ സ്വാധീനവും ഫിര്‍ഔനിന് ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക അധികാര ശക്തി നാം നല്‍കുന്നുണ്ട്. അവര്‍ നിങ്ങള്‍ക്ക് എതിരില്‍ എന്ത് തിന്മ തീരുമാനിച്ചാലും അതൊന്നും നിങ്ങളെ ബാധിക്കുന്നതല്ല എന്ന് അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കി. അതോടൊപ്പം വിജയം നിങ്ങള്‍ക്കും നിങ്ങളെ പിന്‍പറ്റിയവര്‍ക്കും ആയിരിക്കുമെന്നും അല്ലാഹു അവര്‍ക്ക് ഉറപ്പ് നല്‍കി. അല്ലാഹുവിങ്കല്‍ നിന്ന് കിട്ടിയ ഈ വാഗ്ദാനത്തില്‍ ഉറച്ച വിശ്വാസമുള്ളവരായതിനാല്‍ പതറാതെ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും.

ചെന്നാല്‍ എന്തെല്ലാം പറയണം എന്നും അല്ലാഹു അവരെ അറിയിച്ചു:

''അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാകുന്നു. അതിനാല്‍ ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദിക്കരുത്. നിന്റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 20:47,48).

സൗമ്യമായ വാക്കുകളായിരിക്കണം പറയേണ്ടത് എന്ന് ഇരുവര്‍ക്കും നല്‍കിയ നിര്‍ദേശത്തിന്റെ അര്‍ഥം സത്യം തുറന്ന് പറയാതെ, അഴകുഴമ്പന്‍ ശൈലി ഉപയോഗിക്കണമെന്നല്ല. മറിച്ച് സത്യം തുറന്ന് പറയണം; അത് തന്മയത്വത്തോടെയും നല്ല സമീപനത്തോടെയും ആകണം എന്നതാണ്. പ്രബോധിതര്‍ക്ക് ഇഷ്ടമുള്ള കാര്യം മാത്രം പറഞ്ഞ് അവരെ സുഖിപ്പിച്ച് കൈയിലെടുത്തതിന് ശേഷം മാത്രം സന്ദേശം എത്തിക്കുക എന്നത് ഇസ്‌ലാം പഠിപ്പിച്ച ശൈലിയല്ല. എതിര്‍പ്പുകള്‍ മറികടക്കുവാന്‍ അതാണ് നല്ല മാര്‍ഗം എന്നാണ്ചിലരുടെ ധാരണ. പ്രവാചകന്മാരോളം സല്‍സ്വഭാവികളും പ്രബോധിതരോട് സ്‌നേഹവും ഗുണകാംക്ഷയും കാണിച്ചവര്‍ ഇല്ലല്ലോ. അവര്‍ ഏറ്റവും നല്ല നിലയില്‍ പറഞ്ഞിട്ടും അവര്‍ക്ക് എന്തെല്ലാം സഹിക്കേണ്ടി വന്നു! എത്ര നല്ല രീതിയില്‍ പറഞ്ഞാലും അവരവരുടെ വിശ്വാസത്തെയും ആദര്‍ശത്തെയും ചോദ്യം ചെയ്യുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. എന്നാല്‍ പ്രകോപനമുണ്ടാക്കുന്ന ശൈലി ഒരിക്കലും സ്വീകരിച്ചുകൂടാ.

''എന്നിട്ട് നിങ്ങള്‍ ഫിര്‍ഔനിന്റെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു. ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട് (നിങ്ങള്‍ ഇരുവരും പോകുക)'' (ക്വുര്‍ആന്‍ 26:16,17).

അല്ലാഹു അവരോട് കല്‍പിച്ചത് പോലെ ഫിര്‍ഔനിന്റെ അടുത്തേക്ക് പോയി ഇതെല്ലാം പറഞ്ഞു. ഞാനാണ് അത്യുന്നതനായ നിങ്ങളുടെ രക്ഷിതാവ് എന്ന് വാദിക്കുന്ന ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് പറയുന്നത് 'തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു' എന്നാണ്. അവന്റെ വാദത്തിനെതിരില്‍ ആദ്യമായി ഈജിപ്തില്‍ മുഴങ്ങുന്ന ശബ്ദം. ഫിര്‍ഔന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത വാക്കുകള്‍.

മൂസാനബി(അ)യുടെ സംസാരം കേട്ട ഫിര്‍ഔന്‍ അത് സ്വീകരിക്കുവാന്‍ മനസ്സ് കാട്ടിയില്ല. അതിനു പകരം ചില ന്യായങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ചെറുതാക്കുവാനാണ് ശ്രമിച്ചത്. 'മൂസാ, നീ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ നോക്കി വളര്‍ത്തി. ഞങ്ങളില്‍ (ക്വിബ്ത്വികളില്‍) പെട്ട ഒരാളെ നീ കൊന്നു കളയുകയും ചെയ്തു. നീ വലിയ നന്ദികേടാണ് കാണിക്കുന്നത്' എന്നെല്ലാം ആദ്യം പറഞ്ഞതിന് ശേഷം അവന്‍ ചോദിച്ചു:

''...എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?'' (ക്വുര്‍ആന്‍ 26:23).

''അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്?'' (ക്വുര്‍ആന്‍ 20:49).

മൂസാ(അ) ആരാണ് റബ്ബ് എന്ന് പരിചയപ്പെടുത്തി കൊടുത്തു: ''...ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു; നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍'' (ക്വുര്‍ആന്‍ 26:24).

''അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്'' (ക്വുര്‍ആന്‍ 20:50).

ഏഴ് ആകാശങ്ങളുടെയും മനുഷ്യരും മൃഗങ്ങളും പറവകളും ഉറുമ്പുകളും വൃക്ഷങ്ങളും മറ്റു പ്രാണികളും ഇഴജീവികളും സമുദ്രവും അതിലെ ജീവികളുമടക്കം അനന്തകോടി ജീവികളുടെയും അജൈവ വസ്തുക്കളുടെയുമെല്ലാം രക്ഷിതാവാണ് അല്ലാഹു. അവനാണ് റബ്ബ്. അവനാണ് എല്ലാറ്റിനും അവയുടെതായ പ്രകൃതം നല്‍കിയ രക്ഷിതാവ് എന്ന് മൂസാ(അ) മറുപടി നല്‍കി. കൃത്യവും വ്യക്തവുമായ ഈ മറുപടി കേട്ടപ്പോള്‍ ഇപ്രകാരമൊരു ചോദ്യമാണ് ഫിര്‍ഔനില്‍ നിന്നുണ്ടായത്: 

''അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്?'' (ക്വുര്‍ആന്‍ 20:51).

ഫിര്‍ഔന്‍ ചോദിച്ച ഈ ചോദ്യം ഇന്നും പലരും ചോദിക്കാറുണ്ട്! സത്യം പറയുമ്പോള്‍ സത്യത്തിന്റെ എതിരാളികള്‍ വലിയ ചോദ്യമായി ചോദിക്കുന്ന ഒന്നാണ്; നിങ്ങള്‍ പറയുന്നത് മാത്രം ശരിയും ഞങ്ങളുടെത് തെറ്റും ആണെങ്കില്‍, മരണപ്പെട്ട് ക്വബ്‌റില്‍ കിടക്കുന്ന ഞങ്ങളുടെ പൂര്‍വികരുടെ സ്ഥിതി എന്താണ്, അവര്‍ നരകത്തിലോ സ്വര്‍ഗത്തിലോ എന്നത്.

ഫിര്‍ഔനിന്റെ ചോദ്യത്തിന് മൂസാനബി(അ) നല്‍കിയ ഉത്തരമാണ് വിശ്വാസികള്‍ക്ക് അസത്യത്തിന്റെ വക്താക്കള്‍ക്ക് നല്‍കാനുള്ളത്:

''അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍...'' (ക്വുര്‍ആന്‍ 20:52,53).

അല്ലാഹു മനുഷ്യന് ഭൂമിയില്‍ ജീവിക്കുവാന്‍ വേണ്ടി ഒരുക്കിയ വിവിധ സംവിധാനങ്ങളെ മൂസാ(അ) ഫിര്‍ഔനിന് മുന്നില്‍ എടുത്തു പറഞ്ഞു. ഇതൊക്കെ താനാണ് ചെയ്തതെന്ന് പറയുവാനോ അവകാശപ്പെടുവാനോ ഫിര്‍ഔനിന് കഴിയില്ലല്ലോ. 

(തുടരും)