പൊട്ടക്കണറ്റില്‍ നിന്ന് കൊട്ടാരത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

(യൂസുഫ് നബി(അ): 2)

യഅ്ക്വൂബ് നബി(അ)യുടെ മക്കള്‍ക്കിടയില്‍ പിശാച് അസൂയയുടെ വിത്തിട്ടു. അത് ദ്രുതഗതിയില്‍ ഭീകരരൂപം പ്രാപിച്ചു. സഹോദരനെ കൊല്ലാം എന്ന് വരെ അഭിപ്രായം ഉയര്‍ന്നു. 

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പരസ്പരം പറയുന്നതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. 'ഇപ്പോള്‍ യുസുഫിന്റെ കഥ തീര്‍ക്കാം. എന്നിട്ട് നമുക്ക് പശ്ചാത്തപിച്ച് മടങ്ങാം' എന്ന കാര്യം! പിന്നീട് പശ്ചാത്തപിച്ച് പാപമുക്തി നേടാം എന്ന ഉദ്ദേശത്തോടെ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അത് ചെയ്യാന്‍ പാടില്ല. ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പിക്കാന്‍ സാധിക്കുക? പശ്ചാത്തപിക്കാന്‍ ആയുസ്സും അവസരവും കിട്ടും എന്നതിന് എന്താണ് ഉറപ്പ്? 

യൂസുഫിനെ കൊല്ലാന്‍ വേണ്ടി ആലോചനയുയര്‍ന്നപ്പോള്‍ അവരില്‍ ഒരാള്‍ അതിനെ എതിര്‍ത്തു. എന്നിട്ട് വേറെ ഒരു പരിഹാരം നിര്‍ദേശിച്ചു:

''...യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌കൊള്ളും'' (ക്വുര്‍ആന്‍ 12:10).

ആ അഭിപ്രായം എല്ലാവരും സ്വീകരിച്ചു. അങ്ങനെ തീരുമാനിച്ചുറപ്പിച്ചതിന് ശേഷം അവര്‍ പിതാവിനെ സമീപിക്കുന്നു: 

''(തുടര്‍ന്ന് പിതാവിന്റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ; താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്റെ ഗുണകാംക്ഷികളാണ് താനും'' (ക്വുര്‍ആന്‍ 12:11).

''നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം'' (ക്വുര്‍ആന്‍ 12:12).

മക്കളുടെ നന്മ മാത്രം കൊതിക്കുന്ന രക്ഷിതാക്കളോട് ചില മക്കള്‍ കളവു പറഞ്ഞ് കാര്യം നേടിയെടുക്കാറുണ്ടല്ലോ. പഠനാവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് കാശ് വാങ്ങുകയും ആ കാശ് തീരുംവരെ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയും ചെയ്യുന്ന മക്കളുണ്ട്.  ഒരു സംഭവം ഉണര്‍ത്തുകയാണ്: മാതാപിതാക്കള്‍ നല്ലവരാണ്. മകന്‍ മതപരമായി അത്ര താല്‍പര്യമില്ലാത്തവനും. ഒരു ദിവസം അവന്‍ ഉമ്മയോട് പറയുന്നു: 'ഉമ്മാ, നാളെ മുതല്‍ എന്നെ സ്വുബ്ഹിക്ക് വിളിക്കണം. എനിക്ക് പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കണം.' ഉമ്മ ആശ്ചര്യപ്പെട്ടു. അവര്‍ വിദേശത്തുള്ള അവന്റെ ഉപ്പയോട് ഈ സന്തോഷം പങ്കുവെച്ചു. അവന്‍ സ്വുബ്ഹിക്ക് വിളിച്ചയുടന്‍ എഴുന്നേറ്റു.  'ഉമ്മാ, ടോര്‍ച്ച് വേണം' അവന്‍ ആവശ്യപ്പെട്ടു. ടോര്‍ച്ച് കേടുവന്ന് കിടക്കുകയാണെന്ന് അവനറിയാം. അവന്‍ പ്രതീക്ഷിച്ച പോലെ ഉമ്മ ടോര്‍ച്ചിന്റെ ഉപയോഗത്തിനായി അവരുടെ മൊബൈല്‍ഫോണ്‍ കൊടുത്തു. എന്നാല്‍ അവന്‍ രാവിലെ എഴുന്നേറ്റ് പോയിരുന്നത് പള്ളിയിലേക്കായിരുന്നില്ല. ഒരു കടവരാന്തയിലേക്കായിരുന്നു. അവിടെ കൂട്ടുകാരും ഒത്തുകൂടും. ഇന്റര്‍നെറ്റില്‍നിന്ന് അശ്ലീല രംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കൂട്ടുകാരോടൊപ്പം അത് കണ്ട് ആസ്വദിക്കും. പാവം ഉമ്മയും ഉപ്പയും മകന്‍ നന്നായെന്ന് കരുതി സന്തോഷിക്കുകയായിരുന്നു അന്നേരം! നുണ പറഞ്ഞ് മാതാപിതാക്കളെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് തന്നെയാണ് യഅ്ക്വൂബ് നബി(അ)യുടെ മക്കളും ചെയ്തത്.  

'ഉപ്പാ, അവനെ എവിടേക്കും വിടാതെ വീട്ടില്‍ തന്നെ പിടിച്ചിരുത്തുകയാണോ? അവന്‍ കുട്ടിയല്ലേ, കളിച്ചു രസിക്കട്ടെ. ഞങ്ങളുടെ കൂടെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിടൂ. പ്രകൃതിസൗന്ദര്യം കണ്ട് അവന്‍ ആനന്ദിക്കട്ടെ. അവനെ ഞങ്ങള്‍ നന്നായി നോക്കും. ആപത്തൊന്നും വരാതെ സൂക്ഷിക്കും...' ഇങ്ങനെയൊക്കെ പറഞ്ഞ് അവര്‍ പിതാവിനെ തെറ്റുധരിപ്പിച്ചു.

യഅ്ക്വൂബ്(അ) നബിയാണെങ്കിലും മുന്നില്‍ വന്ന് നില്‍ക്കുന്ന മക്കളുടെ മനസ്സിലിരുപ്പ് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! കാരണം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കു പോലും അതറിയൂ. 

'കുപ്പിയകത്തുള്ള വസ്തുവിനെ പോലെ

കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ക്വല്‍ബകം എന്നോവര്‍'

'കണ്ണില്‍ കാണാത്തതും ക്വല്‍ബകത്തുള്ളതും

കണ്‍കൊണ്ട് കണ്ട പോല്‍ കാട്ടിപ്പറഞ്ഞോവര്‍' 

എന്നെല്ലാം ശൈഖ് ജീലാനി പറഞ്ഞതായും അദ്ദേഹം അത്ഭുതങ്ങള്‍ കാണിച്ചതായും വിവരിക്കുന്ന മാലപ്പാട്ടുകള്‍ ഭക്തിയോടെ പാടുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ ഇന്ന് അനവധിയുണ്ട്. തന്റെ മുമ്പില്‍ നില്‍ക്കുന്ന മക്കളുടെ മനസ്സിലുള്ളത് എന്തെന്ന് യഅ്ക്വൂബ്(അ) എന്ന മഹാനായ പ്രവാചകന് അറിയാന്‍ കഴിഞ്ഞില്ല എന്നിരിക്കെ മുഹ്‌യിദ്ദീന്‍ ൈശഖിന് ആരുടെയും മനസ്സിലുള്ളത് അറിയും എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തം എന്തുണ്ട്? ഇങ്ങനെ ഒരു വിശ്വാസം ക്വുര്‍ആനോ സുന്നത്തോ പഠിപ്പിക്കുന്നതായി നമുക്ക് കാണുക സാധ്യമല്ല.

യൂസുഫിന്റെ കാര്യത്തില്‍ ഗുണകാംക്ഷയോടെ സംസാരിക്കുന്ന മക്കളുടെ മനസ്സിലുള്ള രഹസ്യം എന്താണെന്ന് പിതാവായ യഅ്ക്വൂബ് നബി(അ)ന് അറിയാന്‍ സാധിച്ചില്ല. അവര്‍ അദ്ദേഹത്തോട് ഇത് പറഞ്ഞ വേളയില്‍ അദ്ദേഹത്തിനുണ്ടായ ഒരു ആശങ്ക അവരുമായി പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹം അവരോട് പറഞ്ഞു:

''...നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 12:13).

പിതാവിന്‍െര്‍ ഈ ആശങ്ക അവര്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കുന്നതിന് വീണു കിട്ടിയ ഒരു പിടിവള്ളിയുമായി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:

''...ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും'' (ക്വുര്‍ആന്‍ 12:14).

പിതാവിന് അവരുടെ കളവ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ആവശ്യത്തിന് അദ്ദേഹം അവസാനം സമ്മതം മൂളി. 

''അങ്ങനെ അവര്‍ അവനെ(യൂസുഫിനെ)യും കൊണ്ടുപോകുകയും അവനെ കിണറ്റിന്റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ (അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.) തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി (ഒരിക്കല്‍) വിവരിച്ചുകൊടുക്കുമെന്ന് അവന്ന് (യൂസുഫിന്) നാം ബോധനം നല്‍കുകയും ചെയ്തു. (അന്ന്) അവര്‍ അതിനെ പറ്റി ബോധവാന്‍മാരായിരിക്കുകയില്ല'' (ക്വുര്‍ആന്‍ 12:15).

അവര്‍ അവരുടെ അജണ്ട നടപ്പില്‍ വരുത്തി. കൊച്ചനുജനായ യൂസുഫിനെ കിണറ്റില്‍ തള്ളി. ആ സന്ദര്‍ഭത്തില്‍ യൂസുഫ്(അ)ന് അല്ലാഹു ബോധനം നല്‍കി; നിന്റെ സഹോദരങ്ങള്‍ ചെയ്ത ഈ കൃത്യത്തെ പറ്റി ഒരു കാലത്ത് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന്.

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതിന് ശേഷം വിട്ടിലേക്ക് മടങ്ങുകയാണ്. പിതാവിനോട് എന്ത് പറയും? 'നിങ്ങള്‍ അശ്രദ്ധരായി കളിച്ചിരിക്കുമ്പോള്‍ അവനെ ചെന്നായ പിടിക്കുമോ എന്ന പേടി എനിക്കുണ്ടെന്ന്' പിതാവ് പറഞ്ഞിരുന്നല്ലോ. ചെന്നായ പിടിച്ചു എന്നു തന്നെ പറയാം എന്ന് അവര്‍ തീരുമാനിച്ചു. 

''അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു. അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.' യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ'' (ക്വുര്‍ആന്‍ 12:16-18).

സന്ധ്യാ സമയത്ത് അവര്‍ പിതാവിന്റെ അടുത്തേക്ക് കള്ളക്കണ്ണീരുമായി ചെന്നു. തങ്ങള്‍ ഓട്ട മത്സരത്തിലും മറ്റും മുഴുകിയ നേരം യൂസുഫിനെ ഞങ്ങളുടെ ചരക്കുകളുടെ അടുത്തിരുത്തി. കളിയില്‍ അവന്റെ കാര്യം ഞങ്ങള്‍ മറന്നു. അങ്ങനെ അവനെ ഒരു ചെന്നായ പിടിച്ചു. ഞങ്ങള്‍ എത്ര സത്യം പറഞ്ഞാലും ഉപ്പ ഞങ്ങളെ വിശ്വസിക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം (അവരുടെ കള്ളത്തരത്തെ സത്യമാണെന്ന് ഒന്നുകൂടെ പിതാവിനെ ഉറപ്പിക്കാനാണ് ഇപ്രകാരം അവര്‍ പറയുന്നത്). ഉപ്പാക്ക് വിശ്വാസമാകുന്നതിനായി ഞങ്ങളിതാ അവന്റെ രക്തം കലര്‍ന്ന കുപ്പായവും കൊണ്ടുവന്നിരിക്കുന്നു. എന്നിങ്ങനെ അവര്‍ വിശദീകരിച്ചു. 

യൂസുഫിന്റെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. അവര്‍ യൂസുഫിന് ഒന്നും സംഭവിക്കാത്ത രൂപത്തിലാണ് ആ കിണറ്റില്‍ താഴ്ത്തിയത്. പിന്നെ എങ്ങനെയാണ് യൂസുഫിന്റെ കുപ്പായത്തില്‍ രക്തം വന്നത്? അവര്‍ ആട്ടിന്‍ കുട്ടിയെയോ മറ്റോ അറുത്ത് അതിന്റെ രക്തം യൂസുഫിന്റെ വസ്ത്രത്തില്‍ പുരട്ടിയതാകാം. അതാകാം 'കള്ളച്ചോര' എന്ന് ക്വുര്‍ആന്‍ അതിനെ വിശേഷിപ്പിക്കാന്‍ കാരണം. ഏതായിരുന്നാലും യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പിതാവായ യഅ്ക്വൂബ്(അ)ന്റെ മുന്നില്‍ ഇപ്രകാരമെല്ലാം വിവരിച്ചു.

ഏത് കളവ് നടത്തുന്നവരും ഒരു തെളിവ് അവിടെ വിട്ടേച്ച് പോകും. യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ വാക്കുകളിലും അവരുടെ തെളിവ് സമര്‍പ്പണത്തിലുമെല്ലാം പന്തികേടുള്ളത് പിതാവ് യഅ്ക്വൂബ്(അ)ന് മനസ്സിലായി. ഒരു ചെന്നായ പിടിച്ചാല്‍ എന്തായിരുന്നാലും അതിന്റെ നഖവും പല്ലും കൊണ്ട് കുപ്പായത്തിന്റെ പലഭാഗത്തും ചെറിയ രൂപത്തിലെങ്കിലും കീറലുണ്ടാകുമല്ലോ. അതൊന്നും സംഭവിച്ചിട്ടില്ല താനും. അപ്പോള്‍ ഇവര്‍ എന്തോ കുതന്ത്രം യൂസുഫിന്റെ കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. എന്താണെന്ന് മനസ്സിലാകുന്നുമില്ല. ഏതെങ്കിലും കാലത്ത് യൂസുഫിനെ കാണാം എന്ന ഒരു പ്രത്യാശ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞു: 'മക്കളേ, നിങ്ങള്‍ക്ക് എന്തൊക്കെയോ ചിലത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നന്നായി ക്ഷമിക്കുക തന്നെ ചെയ്യും. (യൂസുഫിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ചില പ്രത്യാശകളുണ്ട്. ആദ്യത്തെ സ്വപ്‌ന വിവരമെല്ലാം പിതാവിനോട് യൂസുഫ്(അ) പങ്കുവെച്ചിരുന്നുവല്ലോ). അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് ഞാന്‍ സദാസമയം സഹായം തേടുകയും ചെയ്യും.' 

യൂസുഫ്(അ) എത്ര നാള്‍ ആ കിണറ്റില്‍ കഴിച്ചു കൂട്ടി എന്ന് ക്വുര്‍ആനിലോ സുന്നത്തിലോ അറിയിക്കാത്തതിനാല്‍ നമുക്ക് അതിനെ പറ്റി അറിയില്ല.

പ്രയാസപ്പെടുന്നവന്റെ പ്രാര്‍ഥന കേള്‍ക്കുന്നവനും പ്രയാസത്തെ തരണം ചെയ്യാന്‍ കഴിവുള്ളവനും ഏകനായ അല്ലാഹുവാണല്ലോ. യഅ്ക്വൂബ്(അ) അല്ലാഹുവിനോട് സഹായം തേടുന്നു. അവസാനം യൂസുഫിന് അല്ലാഹു രക്ഷ നല്‍കുന്നു. അത് അല്ലാഹു രൂപം വിവരിക്കുന്നത് കാണുക:

''ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്റെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക് -ഏതാനും വെള്ളിക്കാശിന്- വില്‍ക്കുകയും ചെയ്തു. അവര്‍ അവന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു'' (ക്വുര്‍ആന്‍ 12:19,20).

അധികനാള്‍ യൂസുഫ് ആ കിണറ്റില്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ചെറിയ കുട്ടിയാണല്ലോ. വിശപ്പ്, ദാഹം, കിണറ്റില്‍ എറിയപ്പെട്ടതിന്റെയും രാത്രിയിലെ ഇരുട്ടിന്റെയുമെല്ലാം പേടിയും ഉണ്ടാകുമല്ലോ. ഒരു പ്രവാചകനാകുവാനുള്ള വ്യക്തി എന്ന നിലയ്ക്ക് പ്രത്യേകമായ എന്തെല്ലാം സഹായം ഏതെല്ലാം രൂപത്തില്‍ കിട്ടിക്കാണും എന്നൊന്നും നമുക്ക് അറിയില്ല. 

യുസുഫ്(അ) ആ കിണറ്റില്‍ കഴിയുന്ന വേളയില്‍ അതുവഴി ഒരു യാത്രാസംഘം വന്നു. ആ യാത്രാ സംഘത്തിലെ വെള്ളം ശേഖരിക്കുന്നതിന്റെ ചുമതലയുള്ളയാള്‍ വെള്ളം കോരുന്നതിനായി ആ കിണറിന്നടുത്തേക്ക് ചെന്നതിനാല്‍ യൂസുഫിനെ കണ്ടെത്തുകയായിരുന്നു. അവരുടെ ചരക്കുകളുടെ കൂട്ടത്തിലെ ഒന്നായി യൂസുഫിനെയും അവര്‍ കണ്ടു. യൂസുഫിനെ വില്‍ക്കുന്നതിനായി അവരുടെ ചരക്കുകള്‍ക്കിടയില്‍ അവര്‍ മറച്ചുവെച്ചു.(വീണു കിട്ടിയതോ, കൊള്ളയിലൂടെയോ, പിടിച്ചുപറിയിലൂടെയോ, മോഷണത്തിലൂടെയോ കിട്ടിയ വസ്തു എത്ര തുച്ഛ വിലയ്ക്കാണെങ്കിലും വേഗം വിറ്റു പണമാക്കലാണല്ലോ പതിവ്. മുതല്‍ മുടക്കില്ലാതെയാകുമ്പോള്‍ കിട്ടുന്നത് ലാഭം). യാത്രാസംഘം യൂസുഫിനെ തുച്ഛമായ വെള്ളി നാണയങ്ങള്‍ക്ക് വിറ്റ് ഒഴിവാക്കി. 

ഈജിപ്തില്‍ അടിമക്കച്ചവടം ശക്തമായിരുന്ന കാലമായിരുന്നു അത്. വില്‍പനയ്ക്കുള്ള ചരക്ക് ഉയര്‍ന്ന സ്ഥലത്ത് വെച്ച് അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍ണിച്ച് വില ഏറ്റിപ്പറയും. ചന്തയില്‍ അടിമകളെ വില്‍ക്കുന്ന ഭാഗത്ത് ഇവര്‍ യൂസുഫിനെ വില്‍ക്കാനായി നിര്‍ത്തി. യൂസുഫ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു തീരുമാനിച്ചിട്ടുള്ള വിധി നടപ്പിലാകാന്‍ ഇതെല്ലാം സംഭവിക്കണമല്ലോ. 

ഈജിപ്ത് ഭരിക്കുന്ന രാജകുടുംബത്തിലെ അസീസ് എന്ന് പറയുന്ന ഒരാളാണ് സുന്ദരനായ യൂസുഫ് എന്ന കുട്ടിയെ വാങ്ങുന്നത്. യൂസുഫ്(അ) ഇങ്ങനെയാണ് ഈജിപ്തില്‍ എത്തുന്നത്. കുട്ടിയെയുമായി അയാള്‍ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിലെ തന്റെ റാണിയോട് പറഞ്ഞു: 

''ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൗകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല''(ക്വുര്‍ആന്‍ 12:21).

സന്താനങ്ങളില്ലാത്ത ഒരാളായിരുന്നു അസീസ് എന്നാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ അല്ലാഹുവിന്റെ കൃത്യമായ തീരുമാനപ്രകാരം യൂസുഫ്(അ) രാജകൊട്ടാരത്തില്‍ ജീവിതം തുടങ്ങുകയാണ്. കൊട്ടാരജീവിതം അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം പഠിക്കുന്നതിന് ഒരു കാരണവുമാക്കി അല്ലാഹു. അല്ലാഹുവിന്റെ ഓരോ നടപടിയുടെയും കലാശം എങ്ങനെയായിരിക്കും എന്ന് ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ലല്ലോ. 

''അങ്ങനെ അദ്ദേഹം പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു'' (ക്വുര്‍ആന്‍ 12:22).

അല്ലാഹു അദ്ദേഹത്തിന് പ്രവാചകത്വവും കാര്യങ്ങള്‍ ഗ്രഹിക്കുവാനും വിവേകത്തോടെ വിധിപറയുവാനുമുള്ള ശേഷിയും നല്‍കി.

അടിമക്കമ്പോളത്തില്‍ നിന്ന് അസീസ് യൂസുഫ്(അ)നെ വിലയ്ക്ക് വാങ്ങിയത് കുട്ടിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായിട്ടായിരുന്നു. യൂസുഫ് വളര്‍ന്ന് വലുതായി. യൗവനയുക്തനായ അദ്ദേഹം അസാമാന്യ സൗന്ദര്യത്താല്‍ തിളങ്ങി.