മൂസാ(അ)യും ഖദ്വിര്‍(അ)യും

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

മൂസാനബി(അ): 23

മൂസാനബി(അ)യുടെ ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒരു യാത്ര നടന്നത് വിശുദ്ധ ക്വുര്‍ആനില്‍  (സൂറഃ അല്‍കഹ്ഫില്‍) വിവരിക്കുന്നുണ്ട്. ആ യാത്രയെ സംബന്ധിച്ചാണ് നാമിനി വിവരിക്കുന്നത്. 

ചരിത്രപരമായ ആ യാത്രയുടെ സാഹചര്യവും സന്ദര്‍ഭവും ആണ് ആദ്യമായി നാം അറിയേണ്ടത്. ആ യാത്രക്കു കാരണമായിത്തീര്‍ന്നത് എന്താണെന്ന് ക്വുര്‍ആന്‍ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ നബിﷺയുടെ വചനങ്ങളില്‍ അത് സംബന്ധമായി വന്നിട്ടുമുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും വിശദമായി തന്നെ ആ വിവരണം നമുക്ക് കാണുവാന്‍ സാധിക്കുന്നതാണ്.

ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുവാനാണല്ലോ നബിﷺ നിയോഗിതനായത്. അത്‌കൊണ്ടു തന്നെ ക്വുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും നബിﷺയുടെ വിശദീകരണത്തിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അത് അല്ലാഹു നമുക്ക് ചെയ്ത് തന്നിട്ടുള്ള വലിയ ഒരു അനുഗ്രഹമാണ്. 

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: എന്നോട് ഉബയ്യ്ബ്‌നു കഅ്ബ് പറഞ്ഞു; നബിﷺ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതനായ മൂസാ(അ) ഒരു ദിവസം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ഹൃദയം ലോലമാകുകയും ചെയ്യുന്നത് വരെ (ഉദ്‌ബോധിപ്പിച്ചു).''

ആ ഉദ്‌ബോദനത്തിലെ വിഷയം എന്തായിരുന്നു എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ദിവസങ്ങളെ സംബന്ധിച്ച് അവരെ അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയായിരുന്നു, (ആ ദിവസങ്ങളില്‍ അല്ലാഹു ചെയ്യുന്ന അവന്റെ അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും പറ്റി). അടിമകള്‍ അല്ലാഹുവിനോട് ചെയ്യേണ്ടുന്ന കടമകളെയും കടപ്പാടുകളെയും പറ്റിയുള്ള ഒരു പ്രസംഗമായിരുന്നു അത്. ആ പ്രസംഗം അവരുടെ കണ്ണുകളെ നനയിപ്പിക്കുന്നതും ഹൃദയങ്ങളെ ലോലമാക്കുന്നതുമായിരുന്നു. അത്രയും ഭക്തി സാന്ദ്രമായ ഒരു ഉദ്‌ബോധനമായിരുന്നു അത്. 

(പ്രസംഗത്തിന് ശേഷം) അദ്ദേഹം ഒന്ന് മാറി. അപ്പോള്‍ അദ്ദേഹത്തെ ഒരാള്‍ കണ്ടു. എന്നിട്ട് അയാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ അങ്ങയെക്കാളും കൂടുതല്‍ അറിവുള്ളവര്‍ വല്ലവരും ഉണ്ടോ?' (മുസാ(അ)) പറഞ്ഞു: 'ഇല്ല.'

മൂസാനബി(അ)യുടെ വൈജ്ഞാനികമായ ആ സംസാരം കേട്ടപ്പോള്‍ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും; മൂസാ(അ)യെക്കാള്‍ അറിവുള്ളവര്‍ ഉണ്ടാകില്ലെന്ന്. അതിനാലാകാം ഇങ്ങനെ ചോദിച്ചത്. മൂസാ(അ) ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടിയും നല്‍കി. മൂസാനബി(അ)ക്ക് അന്ന് ഭൂമിയില്‍ അദ്ദേഹത്തെക്കാള്‍ അറിവുള്ള ഒരാളെയും പരിചയമില്ല. അതിനാലാണ് 'ഇല്ല' എന്ന് മറുപടി നല്‍കിയത്. 

തന്റെ അറിവിനെ അല്ലാഹുവിലേക്ക് മടക്കാത്തതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചു.

പറയപ്പെട്ടു: 'അല്ല (ഉണ്ട്).' അദ്ദേഹം ചോദിച്ചു: 'രക്ഷിതാവേ, എങ്കില്‍ (അദ്ദേഹം) എവിടെയാണ്?' അല്ലാഹു പറഞ്ഞു: 'രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്ത്.' മൂസാ(അ) പറഞ്ഞു: 'രക്ഷിതാവേ, ആ സ്ഥലം എനിക്ക് അറിയുന്നതിനായി നീ എനിക്ക് ഒരു അടയാളം നിശ്ചയിച്ച് തരുമോ?'

തന്നെക്കാള്‍ വലിയ അറിവുള്ള ഒരാള്‍ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അതിനെ മൂസാ(അ) അത് നിഷേധിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തില്ല. നിലവില്‍ തന്നെക്കാള്‍ അറിവുള്ള ഒരാളെ പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നു. അതുകൊണ്ട് 'അല്ലാഹു അഅ്‌ലം' (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍) എന്ന് പറയലായിരുന്നു പൂര്‍ണാര്‍ഥത്തില്‍ അതിനുള്ള മറുപടി. അപ്രകാരം ചെയ്യാത്തതിനാലാണ് അല്ലാഹു മൂസാ(അ)യെ തിരുത്തിയത്. 

തന്നെക്കാള്‍ അറിവുള്ള ഒരാള്‍ രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്തുണ്ട് എന്ന് അറിഞ്ഞപ്പോള്‍ മൂസാനബി(അ)ക്ക് ആവേശമായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ആകാംക്ഷയായി. അദ്ദേഹത്തെ സന്ദര്‍ശിക്കാനും അദ്ദേഹത്തില്‍നിന്ന് വിജ്ഞാനം നേടാനും ആഗ്രഹമായി. ആ പ്രദേശത്തേക്ക് പോകുവാന്‍ ഒരു അടയാളം നിശ്ചയിച്ച് തരുമോ എന്ന് മൂസാ(അ) അല്ലാഹുവിനോട് ചോദിച്ചു. 

അല്ലാഹു പറഞ്ഞു: 'താങ്കള്‍ ഒരു ജീവനില്ലാത്ത മത്സ്യത്തെ എടുക്കുക. അതില്‍ ആത്മാവ് ഊതപ്പെടുന്നതാണ്.' മുസ്‌ലിന്റെ റിപ്പോര്‍ട്ടില്‍ 'ഉപ്പ് തേച്ച മത്സ്യം' എന്ന് പ്രത്യേകം വന്നിട്ടുണ്ട്. 'അങ്ങനെ അതുമായി നീ പോകുക. ഒരു സ്ഥലത്ത് എത്തുമ്പോള്‍ അതിന് അല്ലാഹു ജീവന്‍ നല്‍കുന്നതും അവിടെ വെച്ച് അത് പിടഞ്ഞ് നഷ്ടപ്പെട്ട് പോകുന്നതുമാണ്. ആ മത്സ്യം എവിടെ വെച്ച് നീയുമായി ബന്ധം മുറിയുന്നുവോ അവിടെയാണ് അദ്ദേഹം ഉണ്ടാകുക'- ഇതാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയ അടയാളം. 

അങ്ങനെ മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. അതിനെ ഒരു കൊട്ടയില്‍ ആക്കി. എന്നിട്ട് അദ്ദേഹം തന്റെ ഭൃത്യനോട് പറഞ്ഞു: 'ഈ മത്സ്യം എവിടെ വെച്ചാണോ നിന്നോട് വേര്‍പിരിയുന്നത്, അത് എന്നെ അറിയിക്കുവാനല്ലാതെ നിന്നോട് ഞാന്‍ മറ്റൊന്നിനും നിര്‍ബന്ധിക്കുന്നതല്ല.'

അല്ലാഹു അറിയിച്ചത് പ്രകാരം മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. എന്നിട്ട് ഓലകൊണ്ടോ മറ്റോ ഉണ്ടാക്കിയിട്ടുള്ള ഒരു കൊട്ടയില്‍ അതിനെ ഇടുകയും ചെയ്തു. ദീര്‍ഘമായ യാത്രയും തനിച്ച് പോകുന്നത് പ്രയാസകരവും ആയതിണാല്‍ ഒരു ഭൃത്യനെ സഹായത്തിനായി കൂടെ കൂട്ടുകയും ചെയ്തിരുന്നു. ആ ചെറുപ്പക്കാരന്‍ യുശഅ്ബ്‌നു നൂന്‍(അ) ആണെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. യൂശഅ്(അ)ന്റെപേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. 

ഭൃത്യനായ യൂശഅ്(അ)ന്റെ കൂടെ മൂസാ(അ) യാത്ര പുറപ്പെട്ടു. ആ മത്സ്യത്തെ ശ്രദ്ധിക്കുന്ന കാര്യം മൂസാ(അ) അദ്ദേഹത്തെയാണ് ഏല്‍പിച്ചിരുന്നത്. അദ്ദേഹത്തോട് ആ മത്സ്യം എവിടെ വെച്ചാണോ നഷ്ടപ്പെടുന്നത്, അപ്പോള്‍ തന്നെ ആ വിവരം എന്നെ അറിയിക്കണം എന്ന് കല്‍പിക്കുകയും ചെയ്തു. ഇതല്ലാത്ത മറ്റൊന്നും ഞാന്‍ നിന്നെ ഏല്‍പിക്കുന്നില്ലെന്നും പറഞ്ഞു.

യൂശഅ്(അ) പറഞ്ഞു: കുറെ കാര്യങ്ങളൊന്നും എന്നെ നിങ്ങള്‍ ഏല്‍പിച്ചിട്ടില്ലല്ലോ. ഈ മത്സ്യം നഷ്ടമാകുന്നത് എവിടെവെച്ചാണോ അവിടെവെച്ച് താങ്കളെ അറിയിക്കുന്നതാണ്. അല്ലാഹു പറയുന്നു:

''മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘയമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന്  കൊണ്ടേയിരിക്കും'' (ക്വുര്‍ആന്‍ 18:60).

മൂസാ നബി(അ)യുടെ അറിവിനോടുള്ള ഈ താല്‍പര്യം മുസ്‌ലിംകള്‍ക്ക് അറിവ് അന്വേഷിച്ച് പോകുന്നതില്‍ പ്രേരണയാകേണ്ടതുണ്ട്. മൂസാ(അ) അല്ലാഹുവിന്റെ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനാണ്; അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത 'ഉലുല്‍അസ്മില്‍' മഹാനുമാണ്. ഈ ക്വുര്‍ആന്‍ വചനത്തെ വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം. 

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ''അല്ലാഹുവാണ് സത്യം. അവനല്ലാതെ ഒരു ആരാധ്യനില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഇറക്കപ്പെട്ട ഏതൊരു അധ്യായവും, അത് എവിടെ ഇറങ്ങി എന്ന് നന്നായി അറിയുന്നവനാണ് ഞാന്‍. അല്ലാഹുവിന്റെ കിതാബിലെ ഒരു സൂക്തവും അത് ഏത് കാര്യത്തിലാണ് ഇറങ്ങിയതെന്ന് ഞാന്‍ അറിയാത്തവനായിട്ടല്ലാതെ ഇറങ്ങിയിട്ടില്ല. അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് എന്നെക്കാള്‍ നന്നായി അറിയുന്ന ഒരാളുണ്ടെന്ന് ഞാന്‍ അറിയുകയാണെങ്കില്‍ (ഞാന്‍) ഒട്ടകത്തെ തയ്യാറാക്കി അതില്‍ കയറി അവിടേക്ക് എത്തുമായിരുന്നു'' (ബുഖാരി).

അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് അവഗാഹമായ അറിവുള്ള മഹാനായിരുന്നു അബ്ദുല്ലാഹ്(റ). ക്വുര്‍ആനിനെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലാത്ത വല്ല അറിവിനെ സംബന്ധിച്ചുമുള്ള വാര്‍ത്ത കേട്ടാല്‍ അവിടേക്ക് എന്ത് പ്രയാസവും സഹിച്ച് അദ്ദേഹം എത്തുമായിരുന്നു. ഈ വിജ്ഞാന ത്വര ഇന്ന് നമ്മില്‍ എത്ര പേര്‍ക്കുണ്ട് എന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്. 

ആധുനിക യുഗത്തില്‍ അറിവ് വിരല്‍ തുമ്പുകളിലാണ്. യഥാര്‍ഥത്തില്‍ അറിവ് സ്വീകരിക്കേണ്ടത് ഗുരുമുഖത്ത് നിന്നാണ്. മറ്റുള്ളതിനെയൊക്കെ കണ്ടെത്താനുള്ള മാര്‍ഗങ്ങളായിട്ടേ നാം കാണാവൂ. ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ച് അറിവ് നേടുകയും ഗുരുനാഥന്മാരെയും പണ്ഡിതന്മാരെയും ആശ്രയിക്കാതെ ലഭിക്കുന്ന ആ അറിവിനെ അവലംബിക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. ക്വുര്‍ആന്‍ പഠിക്കാന്‍ 'ഉലൂമുല്‍ ക്വുര്‍ആന്‍' എന്ന ശാഖയുണ്ട്. അത് അറിയുന്ന ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് പോലെയാകില്ല അത് അറിയാത്ത ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത്. ഹദീഥിനെ അറിയാന്‍ 'ഉസ്വൂലുല്‍ ഹദീഥ്' എന്ന നിദാനശാസ്ത്രമുണ്ട്. അത് അറിയാത്തവന്‍ ഹദീഥിനെ കുറിച്ച് വിവരിക്കുമ്പോള്‍ അപകടം സംഭവിക്കുക സ്വാഭാവികം. കര്‍മശാസ്ത്രത്തിന്റെ കാര്യവും അങ്ങനെത്തന്നെ. 

ഒരു ഉദാഹരണം കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ വാക്കുകള്‍ നാം ബുഖാരിയില്‍ നിന്ന് ഉദ്ധരിച്ചല്ലോ. ഈ റിപ്പോര്‍ട്ടില്‍ 'അബ്ദുല്ലാഹ്' എന്നേ വന്നിട്ടുള്ളൂ. അപ്പോള്‍ എങ്ങനെയാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്ന് നാം തെളിയിച്ച് പറഞ്ഞത്? അബ്ദുല്ലാഹ് എന്ന് ഹദീഥിലെ സനദില്‍ കണ്ടാല്‍ അത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ആണെന്നത് ഉസ്വൂലുല്‍ ഹദീഥിലെ തത്ത്വമാണ്. ഇത് അറിയാത്ത ഒരാള്‍ അത് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) എന്ന് കരുതാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റേതെങ്കിലും അബ്ദുല്ലാഹിലേക്ക് ചേര്‍ത്തിപ്പറയാന്‍ സാധ്യതയുണ്ട്. അങ്ങനെ അറിയാതെ സ്വഹാബിമാരുടെ പേരില്‍ കളവ് പറയുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് നല്ല ഗുരുമുഖത്ത് നിന്ന് തന്നെയാകണം അറിവ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നത്.

''അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു'' (ക്വുര്‍ആന്‍ 18:61).

അവരുടെ യാത്ര പറയപ്പെട്ട ആ രണ്ട് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് എത്തി. പക്ഷേ, അവര്‍ രണ്ട് പേരും അവരുടെ അടുക്കലുള്ള മത്സ്യത്തിന്റെ കാര്യം മറന്നിരുന്നു. മത്സ്യം സമുദ്രത്തില്‍ ചാടി. അത് അവര്‍ അറിഞ്ഞതുമില്ല. എന്നാല്‍ ആ മത്സ്യം സമുദ്രത്തിലൂടെ പോയ മാര്‍ഗം ഒരു തുരങ്കം പോലെ ആയി മാറിയിരുന്നു. അത് വിശദീകരിച്ച് കൊണ്ട് നബിﷺ പറയുകയാണ്:

''അവര്‍ രണ്ട് പേരും ഒരു പാറക്കെട്ടില്‍ എത്തിച്ചേരുന്നത് വരെ (അവരുടെ യാത്ര എത്തി). ഇരുവരും ഒന്ന് താല ചായ്ച്ചു. അങ്ങനെ ഇരുവരും ഉറങ്ങുകയും ചെയ്തു. കൊട്ടയിലുള്ള മത്സ്യം പിടക്കാന്‍ തുടങ്ങി. അത് കൊട്ടയില്‍ നിന്ന് പുറത്ത് ചാടി സമുദ്രത്തില്‍ വീണു. (അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു). മത്സ്യം പോയ വഴിയെ തൊട്ട് അല്ലാഹു വെള്ളത്തിന്റെ ഒഴുക്കിനെ പിടിച്ചു നിര്‍ത്തി. അങ്ങനെ അത് ഒരു ചെറിയ മാളം പോലെ ആയിത്തീര്‍ന്നു.

ഇരുവരും യാത്രാക്ഷീണത്താല്‍ ഉറങ്ങിപ്പോയി. യൂശഅ്(അ) പെട്ടെന്ന് ഉണര്‍ന്ന് നോക്കുമ്പോള്‍ കൊട്ടയില്‍ മത്സ്യം പിടക്കുന്നത് കണ്ടു. ആ സമയം വരെയും മത്സ്യത്തിന് ജീവനില്ലായിരുന്നല്ലോ. അല്ലാഹു അറിയിച്ച പ്രകാരം അതിന് ജീവന്‍ കിട്ടിയിരിക്കുന്നു. അങ്ങനെ അത് ആ കൊട്ടയില്‍ കിടന്ന് പിടഞ്ഞ് പുറത്ത് ചാടുകയും സമുദ്രത്തില്‍ ഊളിയിട്ട് പോകുകയും ചെയ്തു. അത് പോയ വഴിക്ക് വെള്ളത്തെ ഒഴുക്കാതെ അല്ലാഹു നിശ്ചലമാക്കുകയും ഒരു ചെറിയ മാളം പോലെ അത് ആയിത്തീരുകയും ചെയ്തു. 

''മത്സ്യം പിടക്കുന്ന വേളയില്‍ മൂസാ(അ) ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഭൃത്യന്‍ (മനസ്സില്‍) പറഞ്ഞു: 'ഞാന്‍ അദ്ദേഹം ഉണരുന്നത് വരെ ഉണര്‍ത്തുകയില്ല.' ഉണര്‍ന്നപ്പോള്‍ ആ വിവരം അറിയിക്കാന്‍ അദ്ദേഹം മറക്കുകയും ചെയ്തു. മത്സ്യം സമുദ്രത്തില്‍ പ്രവേശിക്കുന്നത് വരെ പിടയുകയും ചെയ്തു. അങ്ങനെ സമുദ്രത്തില്‍ (അത് പോയ സ്ഥലത്ത്) അതിന്റെ ഒരു അടയാളം ഉണ്ടായിത്തീരുന്നത് വരെ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്കിനെ അതിനെ തൊട്ട് പിടിച്ച് വെക്കുകയും ചെയ്തു. എന്നോട് അംറ് പറഞ്ഞു: 'കല്ലില്‍ ഉണ്ടാകുന്നത് പോലെ അതിന്റെ അടയാളം ഇപ്രകാരം ആയിത്തീര്‍ന്നു' എന്ന് പറഞ്ഞ് നബിﷺ തന്റെ ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് അവക്കിടയില്‍ ഒരു വട്ടക്കണ്ണി ഉണ്ടാക്കുകയും ചെയ്തു.''

മത്സ്യം പോയത് യൂശഅ് അറിഞ്ഞതാണ്. വിവരം മൂസാ(അ) ഉണര്‍ന്നാലുടന്‍ പറയണമെന്ന് കരുതിയതാണ്. എന്നാല്‍ ഉറക്കം നീണ്ടപ്പോള്‍ അദ്ദേഹം മറന്നുപോയി. 

''മൂസാ ഉണര്‍ന്നപ്പോള്‍ മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മറന്നു. അങ്ങനെ അടുത്ത ദിവസം ആകുന്നത് വരെ രണ്ടു പേരും അവരുടെ ആ ദിവസത്തിലെ ബാക്കിയുള്ള പകലിലും രാത്രിയിലും യാത്ര തുടര്‍ന്നു. മൂസാ(അ) ഭൃത്യനോട് പറഞ്ഞു: നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 18:62).

ഉറക്കില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാകില്ല എന്നു വിചാരിച്ച് ഇരുവരും യാത്ര തുടര്‍ന്നു. കുറെ ദൂരം യാത്ര ചെയ്തപ്പോള്‍ മൂസാനബി(അ)ക്ക് വിശക്കാന്‍ തുടങ്ങി. യാത്രക്ക് തയ്യാറെടുക്കുന്ന സമയത്ത് തന്നെ അവര്‍ ഭക്ഷണം കരുതിയിരുന്നു. ഭൃത്യനോട് പ്രാതല്‍ കഴിക്കാനായി ഭക്ഷണം എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി:

''അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 18:63).

യൂശഅ്(അ) മൂസാനബി(അ)യോട് ആ മത്സ്യം ചാടിപ്പോയ സമയവും അത് പോയപ്പോള്‍ സമുദ്രത്തില്‍ വന്ന മാറ്റവുമെല്ലാം വിവരിച്ചു. ഈ കാര്യം എന്നെ നിങ്ങളെ ഓര്‍മപ്പെടുത്താതെ മറപ്പിച്ച് കളഞ്ഞത് പിശാചാണ് എന്ന് ഖേദത്തോടെ പറയുകയും ചെയ്തു.

സഹോദരന്‍ മറന്നതിന്റെ പേരില്‍ മൂസാ(അ) അദ്ദേഹത്തോട് ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല. കാരണം, മറവി എല്ലാവര്‍ക്കും സംഭവിക്കുന്നതാണല്ലോ.

മൂസാനബി(അ) തിരിച്ചുപോകാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും തിരിഞ്ഞ് നടക്കുകയാണ്. മൂസാ(അ) ഇപ്രകാരം പറയുകയും ചെയ്തു.

''...അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്‍പാൂടുകള്‍ നോക്കിക്കൊണ്ട് മടങ്ങി''(ക്വുര്‍ആന്‍ 18:64).

അവര്‍ വന്ന വഴി തെറ്റിപ്പോകാതിരിക്കാന്‍ അവരുടെ കാല്‍പാടുകളെ നോക്കി നടന്നു. നബിﷺ പറയുന്നു:

''അവര്‍ ഇരുവരും ആ പാറയുള്ളിടത്ത് എത്തുന്നതു വരെ അവരുടെ കാല്‍പാടുകളെ പിന്തുടര്‍ന്ന് നടന്നു.''

അല്ലാഹു പറയുന്നു: ''അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്''(ക്വുര്‍ആന്‍ 18:65).

അപ്പോള്‍ അല്ലാഹുവിന് ഇഷ്ടമുള്ള അവന്റെ ഒരു ദാസനെ അവിടെ വെച്ച് ഇരുവരും കാണുകയാണ്. നബിﷺ ആ രംഗം വിവരിക്കുന്നു:

''അപ്പോഴതാ, വസ്ത്രം കൊണ്ട് ശരീരം മുഴുക്കെ മൂടിപ്പുതച്ച് ഒരാള്‍ കിടക്കുന്നു.''

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ 'അപ്പോഴതാ ഖദ്വിര്‍ ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടി ഉറങ്ങുന്നു'' എന്നാണുള്ളത്.

ക്വുര്‍ആനില്‍ 'ഒരു അടിമ' എന്നാണ് പറഞ്ഞിട്ടുള്ളത്. ആ അടിമയുടെ പേര് ഹദീഥില്‍ ഖദ്വിര്‍ എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഖദ്വിര്‍ എന്നും ഖിദ്വ്ര്‍ എന്നും വായനയുണ്ട്. എന്നാല്‍ ഹദീഥുകളില്‍ ഖദ്വിര്‍ എന്ന പരാമര്‍ശമാണ് അധികവും കാണുന്നത്.

 പ്രവാചകന്മാരുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വുര്‍ആനില്‍ ഇദ്ദേഹത്തിന്റെ പേര് വന്നിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അദ്ദേഹം പ്രവാചകനാണെന്നതിന് വലിയ സൂചനയും ഉണ്ട്. അദ്ദേഹം ഒരു വലിയ്യ് ആണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു പ്രവാചകനാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.

അല്ലാഹു തന്റെ ആ അടിമക്ക് ധാരാളം കാരുണ്യം ചെയ്തിട്ടുണ്ടെന്നും ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിരിക്കുന്നു. അതോടൊപ്പം അല്ലാഹു ചില പ്രത്യേക അറിവും അദ്ദേഹത്തിന് പകര്‍ന്ന് കൊടുത്തിട്ടുണ്ട്.