ജ്ഞാനമാര്‍ഗത്തില്‍ ഒരു യാത്ര

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

മൂസാനബി(അ): 24

താന്‍ തിരഞ്ഞുനടന്ന ജ്ഞാനിയെ മൂസാ(അ) കണ്ടു. മൂസാനബി(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) തന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി. അദ്ദേഹം സലാം മടക്കുകയും ചെയ്തു. (എന്നിട്ട്) ചോദിച്ചു: 'നിങ്ങള്‍ ആരാണ്?' മൂസാ(അ) പറഞ്ഞു: '(ഞാന്‍) ബനൂഇസ്‌റാഈല്യരുടെ മൂസാ.' അദ്ദേഹം ചോദിച്ചു: 'എന്തുമായിട്ടാണ് താങ്കള്‍ വന്നിരിക്കുന്നത്?' മൂസാ(അ) പറഞ്ഞു:'സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.'

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങെനയാണുള്ളത്: '...അങ്ങനെ മൂസാ(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) ചോദിച്ചു: 'നിങ്ങള്‍ (നില്‍ക്കുന്ന ഈ) സ്ഥലത്ത് സലാം പറയലോ?' അദ്ദേഹം (വീണ്ടും) ചോദിച്ചു: 'ബനൂഇസ്‌റാഈല്യരുടെ മൂസയാണോ?'  മൂസാ(അ) പറഞ്ഞു: 'അതെ, സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.'  

ബനൂഇസ്‌റാഈല്യരിലേക്ക് മൂസാ എന്ന പ്രവാചകന്‍ നിയോഗിക്കപ്പെടുമെന്ന അറിവ്  അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു എന്ന് ഈ ചോദ്യം വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് മൂസാ(അ)യാണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല.

ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് കിടക്കുകയാണ് ഖദ്വിര്‍(അ). സലാം പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം വസ്ത്രം മുഖത്ത് നിന്ന് നീക്കി. അദ്ദേഹത്തിന് അത്ഭുതമായി. താന്‍ വസിക്കുന്ന ഈ നാട്ടില്‍ ഒരാള്‍ സലാം പറയുകയോ?! അങ്ങനെ ഒരാളെ അദ്ദേഹത്തിന് പരിചയം തന്നെയില്ലായിരുന്നു. മൂസാ(അ) തന്നെ പരിചയപ്പെടുത്തി. പരിചയപ്പെട്ടതിന് ശേഷം വന്ന കാര്യം തിരക്കി. മൂസാ(അ) വന്നതിന്റെ ലക്ഷ്യം അറിയിച്ചു. 

അല്ലാഹുവിന് മാത്രമെ മറഞ്ഞ കാര്യങ്ങള്‍ അറിയൂ എന്ന് സോദാഹരണം നമ്മള്‍ വിവരിച്ചതാണ്.  അതിന് ഈ സംഭവവും തെളിവ് നല്‍കുന്നുണ്ട്. മൂസാ(അ)ന് ഖദ്വിര്‍(അ) എവിടെയാണ് താമസിക്കുന്നതെന്ന് അറിഞ്ഞില്ല. മൂസാ(അ) വന്നതെന്തിനാണെന്നും അദ്ദേഹം ആരാണെന്നും ഖദ്വിര്‍(അ)നും അറിഞ്ഞില്ല. 

അല്ലാഹു പറയുന്നു: ''മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?'' (ക്വുര്‍ആന്‍ 18:66).

അല്ലാഹു അദ്ദേഹത്തിന് പ്രത്യേകം കാരുണ്യം ചെയ്യുകയും ചില അറിവുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളത് മൂസാ(അ)ന് അറിയാം; അത് അല്ലാഹു നേരത്തെ അറിയിച്ചതുമാണ്. അതിനാലാണ് 'താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?' എന്ന് ചോദിച്ചത്.

ആ സന്ദര്‍ഭത്തില്‍ ഖദ്വിര്‍(അ) മൂസാനബി(അ)യോട് ഇങ്ങനെ ചോദിച്ചതായി ഹദീഥില്‍ കാണാം:

 ''(മൂസാ), നിന്റെ കൈകളില്‍ ഉള്ള തൗറാത്ത് നിനക്ക് മതിയാകുന്നതല്ലേ? ഓ, മൂസാ! നിനക്ക് വഹ്‌യും വരുന്നുണ്ടല്ലോ.'' മൂസാ(അ) സ്വയം പരിചയപ്പെടുത്തിയതില്‍നിന്ന് ഇക്കാര്യമെല്ലാം ഖദ്വിര്‍(അ) മനസ്സിലാക്കിയിരുന്നു എന്നര്‍ഥം. 

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണല്ലോ മൂസാ(അ). തൗറാത്ത് കൈകളില്‍ ഉണ്ട്, വഹ്‌യും വരുന്നുണ്ട്. പിന്നെ എന്തിനാണ് അറിവ് തേടുന്നതിനായി ഇത്രയും ദൂരം താണ്ടി എന്റെ അടുത്തേക്ക് വന്നത് എന്നതാണ് ഖദ്വിര്‍(അ)ന്റെ ചോദ്യം.

ഒരു പ്രത്യേക കാര്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുകയാണ്: 

ഈ സംഭവം നബിﷺ വിവരിക്കുന്നതിന്റെ തുടക്കം നാം ശ്രദ്ധിച്ചുവല്ലോ. 'അല്ലാഹുവിന്റെ റസൂലായ മൂസാ(അ)' ജനങ്ങളെ ഉദ് ബോധിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടാണല്ലോ നബിﷺ ഈ സംഭവത്തിന്റെ വിവരണം തുടങ്ങുന്നത്. ആ പ്രസംഗത്തിന് ശേഷം ഒരാള്‍ മൂസാനബി(അ)യെ വിളിക്കുന്നതും 'ഓ, അല്ലാഹുവിന്റെ ദുതരേ' എന്നായിരുന്നു. അഥവാ, ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം റസൂലാണെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. മാത്രവുമല്ല, ഖദ്വിര്‍(അ) മൂസാനബി(അ)യോട് 'ബനൂഇസ്‌റാഈല്യരുടെ മൂസാ അല്ലേ എന്നും, നിങ്ങളുടെ കൈകളില്‍ തൗറാത്ത് ഉണ്ട്, നിങ്ങള്‍ക്ക് വഹ്‌യും വരുന്നുണ്ട്, അത് പോരേ' എന്നും ചോദിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം നമുക്ക് ഒരു കാര്യം വ്യക്തമാണ്; മൂസാ(അ) ഖദ്വിര്‍(അ)ന്റെ അടുത്ത് ചെല്ലുമ്പോള്‍ തന്നെ അദ്ദേഹം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നബിﷺയുടെ വിവരണത്തില്‍ നിന്ന് വളരെ വ്യക്തമാണ്.

ചിലര്‍ ചില വിശ്വാസങ്ങള്‍ സ്വയം നിര്‍മിക്കുകയും അതിനായി ക്വുര്‍ആനിനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനിച്ച് വളച്ചൊടിക്കുകയും ചെയ്യാറുണ്ട്. സ്വയം നിര്‍മിച്ച അവരുടെ വിശ്വാസത്തിന് എതിരാകുന്ന ക്വുര്‍ആന്‍ സൂക്തങ്ങളോ ഹദീഥുകളോ കണ്ടാല്‍ അതിനെ അവരുടെ ഇഷ്ടത്തിനനുസരിച്ച് കോട്ടിമാട്ടുകയും ചെയ്യും. അതിന് ഉദാഹരണമാണ് മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവം.

'ജുമുഅഃ ഒരു പഠനം' എന്ന നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതിയ പുസ്തകത്തില്‍ ഈ വിഷയത്തില്‍ വലിയ ഒരു കളവ് എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ആ വരികള്‍ അപ്രകാരം എടുത്ത് ഉദ്ധരിക്കുന്നില്ല. ആവശ്യക്കാര്‍ക്ക് പുസ്തകം ലഭ്യമാണ്. അല്ലെങ്കില്‍ ആ പുസ്തകത്തില്‍ അങ്ങനെ എഴുതിയിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് പരസ്യപ്പെടുത്തുകയും ആവാം. കളവിന്റെ ചുരുക്കം ഇപ്രകാരമാണ്: 'മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവത്തില്‍ നിന്ന് അവര്‍ക്ക് ചില മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്ന് മനസ്സിലാകുന്നു. അതിനര്‍ഥം മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്നാണ് എന്ന് ചിലര്‍ വാദിക്കാറുണ്ട്. ആ വാദം ശരിയല്ല. കാരണം, അന്ന് മൂസാ പ്രവാചകനാണെന്നതിന് യാതൊരു തെളിവും ഇല്ല. അന്ന് മൂസാ(അ) മജ്മഉല്‍ ബഹ്‌റയ്‌നിയില്‍ പഠിക്കുന്ന കാലമായിരുന്നു.' 

നെല്ലിക്കുത്ത് മുസ്‌ലിയാര്‍ ഈ എഴുതിയത് പച്ചയായ കളവാണെന്ന് ഈ സംഭവം വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം അറിയാന്‍ കഴിയും എന്ന് പ്രചരിപ്പിക്കാനാണ് സത്യത്തെ മൂടിവെച്ച് ഇപ്രകാരം കളവ് പറയുന്നത്. 

ഇനി സംഭവത്തിലേക്ക് തന്നെ നമുക്ക് തിരിച്ചു വരാം. ഖദ്വിര്‍(അ) മൂസാ(അ)നോട് വീണ്ടും പറയുകയാണ്:

''തീര്‍ച്ചയായും എനിക്കുള്ള അറിവ് നീ അത് അറിയല്‍ നിനക്ക് അനിവാര്യമാക്കുന്നതല്ല. നിനക്കുള്ള അറിവ് ഞാന്‍ അത് അറിയല്‍ എനിക്കും അനിവാര്യമാക്കുന്നതല്ല.'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

''ഖദ്വിര്‍(അ) മൂസാ(അ)യോട് ചോദിച്ചു: 'ഓ, മൂസാ! തീര്‍ച്ചയായും ഞാന്‍ അല്ലാഹു അവന്റെ അറിവില്‍ നിന്ന് എനിക്ക് പഠിപ്പിച്ച് തന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് നിനക്ക് അറിയില്ല. (അത്‌പോലെ) നീ അല്ലാഹു അവന്റെ അറിവില്‍ നിന്ന് നിനക്ക് പഠിപ്പിച്ചുതന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് ഞാനും അറിയുന്നില്ല.''

രണ്ടുപേര്‍ക്കും പരസ്പരം അറിയാത്ത ചില കാര്യങ്ങളുണ്ടെന്ന് ഇരുവര്‍ക്കും ബോധ്യമായി. രണ്ടുപേരും ഒരുമിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഖദ്വിര്‍(അ) ഒരു ഉപാധി വെച്ചു. 

''അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്

എന്റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല. താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും?'' (ക്വുര്‍ആന്‍ 18:68).

എന്റെ കൂടെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല. കാരണം ഇനി നടക്കാന്‍ പോകുന്ന പല സംഭവങ്ങളുടെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. അപ്പോള്‍ നിങ്ങള്‍ പലതും ചോദിക്കും. അത് നമുക്ക് പ്രയാസമാകും. അങ്ങനെ ചോദിക്കാതെ എല്ലാം കണ്ടും കേട്ടും ക്ഷമയോടെ കൂടെ നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ മൂസാ, നിങ്ങള്‍ എന്റെ കൂടെ കൂടുന്നതിന് എനിക്ക് വിരോധമില്ല എന്നിങ്ങനെ ഖദ്വിര്‍(അ) പറഞ്ഞു.

അങ്ങനെ പ്രയാസങ്ങളൊക്കെ ഉണ്ടെങ്കില്‍ തല്‍ക്കാലം ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എന്നൊന്നും പറഞ്ഞ് മൂസാ(അ) ഒഴിവായില്ല. 

''അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല'' (ക്വുര്‍ആന്‍ 18:69).

ഇന്‍ശാ അല്ലാഹ്... നിങ്ങളോട് അനുസരണക്കേട് കാണിക്കാതെ, എല്ലാം ക്ഷമിച്ച് നിങ്ങളുടെ കൂടെ ഞാന്‍ നില്‍ക്കാം എന്ന് മൂസാ(അ) പറഞ്ഞു.

അടുത്ത സമയത്ത് എന്താണ് സംഭവിക്കുക എന്നത് അല്ലാഹുവിന് മാത്രമാണല്ലോ അറിയുക. അതിനാല്‍ തന്നെ, ഭാവിയില്‍ ഒരു കാര്യത്തെ പറ്റി നാം തീരുമാനം എടുക്കുമ്പോള്‍ അവിടെയെല്ലാം ഇന്‍ശാ അല്ലാഹു (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറയുക എന്നത് ഒരു മര്യാദയായി നാം മനസ്സിലാക്കണം. മൂസാ(അ) അത് പറയാന്‍ മറന്നില്ല. യഥാര്‍ഥ വിശ്വാസികള്‍ക്കേ അത് ആത്മാര്‍ഥമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും സാധിക്കുകയുള്ളൂ. പലരും അത് ഉരുവിടാറുള്ളത് അതിന്റെ അര്‍ഥവും ആശയവും ഉള്‍ക്കൊള്ളാതെ തമാശ രൂപത്തിലാണ്. അത് ഏറെ ഗൗരവമുള്ള കാര്യമായി നാം മനസ്സിലാക്കണം.

മൂസാനബി(അ)യുടെ പ്രതികരണം കേട്ടപ്പോള്‍ ഖദ്വിര്‍(അ) ഒന്നുകൂടെ അത് ഉറപ്പ് വരുത്താനായി, തന്റെ കൂടെ കൂടുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം അറിയിച്ചു.

''അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്; അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു  പറഞ്ഞുതരുന്നത് വരെ''(ക്വുര്‍ആന്‍ 18:70).

ആ നിര്‍ദേശം മൂസാ(അ) സ്വീകരിച്ചു. അങ്ങനെ ഇരുവരും യാത്ര പുറപ്പെടുകയാണ്:

''തുടര്‍ന്ന്  അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്'' (ക്വുര്‍ആന്‍ 18:71).

അവര്‍ രണ്ടുപേരും പോയി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. വാസ്തവത്തില്‍ അവര്‍ മൂന്നു പേരാണല്ലോ; മൂസാ(അ), യൂശഅ്(അ), ഖദ്വിര്‍(അ). ഇവിടെ യുശഅ്(അ)നെ എണ്ണിയിട്ടില്ല. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറയുന്നത്; 'ഇവിടത്തെ പ്രധാന വിഷയം മൂസാ(അ)യും ഖദ്വിര്‍(അ)യും  ആണ്. അവരിലാണല്ലോ ഈ സംഭവം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അവരുടെ കാര്യം മാത്രം എടുത്തു പറഞ്ഞു എന്നേയുള്ളൂ. യൂശഅ്(അ)യും അവരുടെ കൂടെ ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്' എന്നാണ്. 

ഹദീഥില്‍ ഇങ്ങനെ കാണാം: ''അങ്ങനെ അവര്‍ ഇരുവരും സമുദ്ര തീരത്തിലൂടെ നടന്നു. അപ്പോള്‍ (അവരുടെ അരികിലൂടെ) ഒരൂ കപ്പല്‍ സഞ്ചരിച്ചു. അപ്പോള്‍ അവര്‍ ഇരുവരും അവരോട് (കപ്പലില്‍ ഉള്ളവരോട്) അവരെ അതില്‍ കയറ്റാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് (കപ്പലില്‍ ഉള്ളവര്‍ക്ക്) ഖദ്വിര്‍(അ)നെ തിരിച്ചറിഞ്ഞു. (കപ്പലില്‍ കയറ്റിയതിനുള്ള) തുകയൊന്നും കൂടാതെ അവര്‍ അവരെ ഇരുവരെയും (അതില്‍) കയറ്റി.'' 

മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങനെ അവര്‍ ഇരുവരും കടല്‍ തീരത്തിലൂടെ നടന്നു. അപ്പോള്‍ അവരുടെ (ഇവിടെ അവര്‍ മൂന്നുപേരും ഉണ്ടെന്ന് മനസ്സിലാക്കാവുന്ന 'ബിഹിം' എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്) അരികിലൂടെ ഒരു കപ്പല്‍ നീങ്ങി. അപ്പോള്‍ ഖദ്വിര്‍(അ) തിരിച്ചറിയപ്പെട്ടു. അങ്ങനെ അവര്‍ അവരെ അവരുടെ കപ്പലില്‍ കൂലി ഇല്ലാതെ കയറ്റുകയും ചെയ്തു.''

ആ സമയത്ത് അവിടെ നടന്ന ഒരു സംഭവം നബിﷺ നമുക്ക് പറഞ്ഞു തരുന്നു:

''കപ്പലിന്റെ അറ്റത്ത് ഒരു കുരുവി വന്ന് ഇരുന്നു. എന്നിട്ട് അത് അതിന്റെ കൊക്ക് സമുദ്രത്തില്‍ ഒന്ന് മുക്കി. ഈ കാഴ്ച കണ്ട ഖദ്വിര്‍(അ) മൂസാ(അ)യോട് പറഞ്ഞു: എന്റെ അറിവും നിന്റെ അറിവും മുഴുവന്‍ സൃഷ്ടികളുടെ അറിവും അല്ലാഹുവിന്റെ അറിവില്‍ ഈ കുരുവി അതിന്റെ കൊക്ക് കൊണ്ട് മുക്കി എടുത്ത അളവല്ലാതെ ഇല്ല.''

സമുദ്രത്തിലെ വെള്ളവും ആ പറവയുടെ കൊക്കിലെ വെള്ളവും തമ്മിലുള്ള അളവിന്റെ അത്രയും വ്യത്യാസമുണ്ട് അല്ലാഹുവിന്റെ അറിവും കോടാനുകോടി സൃഷ്ടികളുടെ അറിവും തമ്മില്‍ എന്നര്‍ഥം.  

കപ്പലില്‍ കയറിയ ശേഷം അവിശ്വസനീയമായ ആ സംഭവം നടന്നു. ഖദ്വിര്‍(അ) ഒരു മഴു എടുത്ത് കപ്പലിന് ദ്വാരം ഉണ്ടാക്കുന്നു! 'ഒരു കൂലിയും വാങ്ങാതെ നമ്മെ കപ്പലില്‍ കയറ്റിയ ഒരു ജനതയല്ലേ, (എന്നിട്ട്) അവരുടെ കപ്പല്‍ (തകര്‍ക്കാനായി) താങ്കള്‍ മഴു എടുത്തു. അതിലെ ആളുകളെ മുക്കിക്കൊല്ലുംവിധം അതിന് ഒരു ഓട്ടയിടുകയും ചെയ്തു.'

 നേരത്തെ ഖദ്വിര്‍(അ)യുമായി ചെയ്ത കരാര്‍ മൂസാ(അ) മറന്ന് പോയി. പെട്ടെന്ന് അപകടകരമായ ഈ കാഴ്ച കണ്ടപ്പോള്‍ അദ്ദേഹം അതിനെ ചോദ്യം ചെയ്തു. അവരെ മുക്കിക്കൊല്ലുകയില്ല എന്ന് മൂസാനബി(അ)ക്ക് അറിയാം. കാരണം, കപ്പല്‍ മുങ്ങിയാല്‍ എല്ലാവരും അപകടത്തില്‍ പെടുമല്ലോ. പക്ഷേ, എന്തിനാണ് കപ്പലിന്റെ ഒരു പലക മഴുകൊണ്ട് കൊത്തിയെടുത്തത് എന്ന് മൂസാനബി(അ)ക്ക് അറിയണം. കപ്പലിന്റെ ഒരു ഭാഗത്തെ പലക എടുത്ത് കളഞ്ഞതിലൂടെ തിരയടിച്ച് വെള്ളം അകത്തേക്ക് ഇരച്ച് കയറാനും കപ്പല്‍ മുങ്ങാനും സാധ്യതയുണ്ടല്ലോ. ഈ സംശയമെല്ലാം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാലാണ് മൂസാ(അ) അപ്രകാരം ചോദിച്ചത്. ഈ ചോദ്യത്തോടെ മൂസാ(അ) ഖദ്വിര്‍(അ)ന് നല്‍കിയ കരാറില്‍ വീഴ്ച സംഭവിച്ചു. അത് മനപ്പൂര്‍വമല്ലാത്തതിനാല്‍ അദ്ദേഹം അതില്‍ കുറ്റക്കാരനുമല്ല. അത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. ഖദ്വിര്‍(അ) മൂസാ(അ)നോട് ചോദിച്ചു:

''...തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?'' (ക്വുര്‍ആന്‍ 18:72).

ഉടനെ മൂസാ(അ) പറഞ്ഞു: ''...ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ  പേരില്‍ നടപടി എടുക്കരുത്. എന്റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 18:73).

അല്ലാഹുവും നമ്മളും തമ്മിലുള്ള കരാറില്‍ മറന്ന് കൊണ്ട് വല്ല വീഴ്ചയും സംഭവിച്ചാല്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കപ്പെട്ടവരാണല്ലോ നാം: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ...'

ഈ പ്രാര്‍ഥനയും മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞതും ചേര്‍ത്ത് അല്ലാഹുവിന് പുറമെ മഹാത്മാക്കളോടും തേടാം എന്നതിന് തെളിവാക്കുന്നവരുണ്ട്. ഈ രണ്ട് വചനങ്ങളിലും പദങ്ങള്‍ ഏതാണ്ട് ഒരുപോലെയാണെങ്കിലും രണ്ടും രണ്ട് രൂപത്തിലുള്ള അപേക്ഷയാണ്. ഒന്ന് ഒരു സൃഷ്ടിയോട് മറന്ന് കൊണ്ട് ചെയ്ത ഒരു വീഴ്ചയാണ്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതെന്നാണ് മൂസാ(അ) പറഞ്ഞതിന്റെ ഉദ്ദേശ്യം. ആ രൂപത്തില്‍ നമ്മില്‍ വല്ല വീഴ്ചയും സംഭവിച്ചാല്‍ നമ്മളും ഇപ്രകാരം  പറയാറുണ്ടല്ലോ. ഞാന്‍ മറന്നതാണ്, അതിനാല്‍ എന്നോട് ദേഷ്യപ്പെടരുത്, എന്നെ ശിക്ഷിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിനെ പ്രാര്‍ഥനയായി കാണാറില്ല ആരും. ഇതെല്ലാം അല്ലാഹുവിനോട് ചോദിക്കുന്നത് പോലെയുള്ള ചോദ്യമാണെന്ന് ആരും പറയാറുമില്ലല്ലോ. എന്നാല്‍ ഈ ആളുകള്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പറഞ്ഞ്, മഹാത്മാക്കളോടും അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ പാപങ്ങള്‍ പൊറുത്തു കിട്ടാന്‍  ചോദിക്കാം എന്ന് വാദിക്കുന്നു. ഖദ്വിര്‍(അ)ന്റെ കേള്‍വിയുടെ പരിധിക്ക് അപ്പുറത്ത് നിന്ന് അഭൗതികമായ മാര്‍ഗത്തിലൂടെയുള്ള ഒരു തേട്ടമാണ് അവിടെ സംഭവിച്ചെതെങ്കില്‍ ഇവരുടെ വാദത്തെ അത് ശരിവെക്കുമായിരുന്നു. 

ഖദ്വിര്‍(അ)നോട് മൂസാ(അ) അപ്രകാരം ഒരു അപേക്ഷ നടത്തിയപ്പോള്‍ അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്നു.

''അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്'' (ക്വുര്‍ആന്‍ 18:74).

കപ്പലില്‍ നിന്നും അവര്‍ ഇരുവരും ഇറങ്ങിയ ശേഷം കടല്‍ തീരത്തിലൂടെ നടക്കുമ്പോള്‍ ഒരു ബാലന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുന്നത് കാണുകയാണ്. ഖദ്വിര്‍(അ) ആ കുട്ടിയെ പിടിച്ച് കൊന്നുകളഞ്ഞു. നബിﷺ പറഞ്ഞത് പോലെ, ഈ സംഭവം ആദ്യത്തേതിനെക്കാള്‍ കടുത്തതായിരുന്നു. ഇത് കണ്ട മൂസാ(അ) കരാര്‍ വീണ്ടും മറന്നു. അദ്ദേഹത്തോട് ചോദിച്ചു: എന്തിനാണ് ഈ പാവം കുട്ടിയെ താങ്കള്‍ കൊന്നത്? അപരാധമൊന്നും ചെയ്യാത്ത കുഞ്ഞിനെ കൊന്നത് കണ്ട മൂസാനബി(അ)ക്ക് വലിയ വിഷമമായി. നേരത്തെ ചോദിച്ചതിനെക്കാള്‍ ഒന്നുകൂടി ശക്തമായ ശൈലിയിലായിരുന്നു നബി(അ)യുടെ ചോദ്യം. അതിന് ഖദ്വിര്‍(അ) നല്‍കിയ മറുപടിയും കുറച്ച് ശക്തിയുള്ളതായിരുന്നു:

''അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?''

ഖദ്വിര്‍(അ) രണ്ട് സന്ദര്‍ഭത്തിലായി നല്‍കിയ മറുപടിയിലെ ശൈലിയില്‍ മാറ്റം കാണുന്നില്ലേ? ആദ്യം പറഞ്ഞതില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് 'എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല' എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ എന്നാണുള്ളത്. രണ്ടാമത്തെതില്‍ 'എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല' എന്നും. ഇവിടെ 'നിന്നോടല്ലേ ഞാന്‍ പറഞ്ഞത്' എന്ന രൂപത്തില്‍ ഒരു കാര്‍ക്കശ്യ ശൈലി ദൃശ്യമാണ്. 

ഖദ്വിര്‍(അ)ന്റെ മറുപടി കേട്ടപ്പോള്‍ മൂസാ(അ) വളരെ വിനീതനായി നിന്നു. ഞാന്‍ ചോദിച്ചത് ശരിയായില്ല എന്ന് അദ്ദേഹത്തിന് ബോധ്യമായി. ഉടനെ മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞു:

''...ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക്  ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു'' (ക്വുര്‍ആന്‍ 18:76).

വളരെ വിനയത്തോടെയായിരുന്നു മൂസാനബി(അ)യുടെ മറുപടി. ഇനിയും ക്ഷമയോടെ നിങ്ങളോടൊപ്പം എനിക്ക് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് മതിയായ കാരണം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നും സമ്മതിച്ചു. എന്നാല്‍ അറിവിനോടുള്ള താല്‍പര്യം മൂലം 'ഞാന്‍ ഇനി നിങ്ങളോടൊപ്പം വരുന്നില്ല' എന്ന് അദ്ദേഹം പറഞ്ഞില്ല. 

ഖദ്വിര്‍(അ) അത് സമ്മതിച്ചു. വീണ്ടും അവര്‍ യാത്ര തുടര്‍ന്നു.