മൂസാനബി(അ)യുടെ മരണം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

(മൂസാനബി(അ): 27)

മൂസാനബി(അ)യുടെ ചരിത്രം വിവരിക്കുന്നതിനിടയിലാണ് ഖദ്വിര്‍(അ)യുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ നമുക്ക് വിവരിക്കേണ്ടി വന്നത്. മൂസാ നബി(അ)യുടെ ചരിത്രത്തിലേക്ക് തന്നെ നാം തിരിച്ചു വരികയാണ്.

മൂസാനബി(അ)യെ ജനങ്ങള്‍ ഉപദ്രവിച്ചത്

മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെ സംബന്ധിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നത് കാണുക:

''സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു'' (ക്വുര്‍ആന്‍ 33:69).

'നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ,്' 'ഞങ്ങള്‍ക്ക് ഒരേ പോലുള്ള ഭക്ഷണം പോരാ, വ്യത്യസ്തത വേണം,' 'അല്ലാഹുവിനെ പരസ്യമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കില്ല' എന്നൊക്കെ പറഞ്ഞ് അവര്‍ മൂസാ നബി(അ)യെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ നാം മുമ്പ് വിവരിച്ചതാണ്. ഏതായിരുന്നാലും എങ്ങനെയെല്ലാം അവര്‍ ദ്രോഹിച്ചുവോ, അതില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്നാണ് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അതിന് പുറമെ മറ്റൊരു ഉപദ്രവത്തെ പറ്റി നബിﷺ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്.

ബനൂഇസ്‌റാഈല്യര്‍ നഗ്‌നത പ്രകടമാക്കി, പരസ്പരം നോക്കിക്കൊണ്ടായിരുന്നു കുളിച്ചിരുന്നത്. എന്നാല്‍ മൂസാ(അ) അങ്ങനെയായിരുന്നില്ല. അദ്ദേഹം ലജ്ജയുള്ള ആളായിരുന്നു. നബിﷺ അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'തീര്‍ച്ചയായും മൂസാ ലജ്ജയുള്ളവനും (നഗ്‌നത മുഴുവനും) മറയ്ക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ കാരണം തൊലിയില്‍ നിന്നും യാതൊന്നും കാണപ്പെടുമായിരുന്നില്ല. അങ്ങനെ ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് അദ്ദേഹത്തെ ഉപദ്രവിക്കുന്നവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: 'മൂസാ ഇങ്ങനെ മറച്ചുവെക്കുന്നത്, അവന്റെ തൊലിയില്‍ പാണ്ടുപോലുള്ള ന്യൂനത നിമിത്തമോ അല്ലെങ്കില്‍ അദ്ദേഹത്തിന് വൃഷണവീക്കം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തോ ഒരു കുഴപ്പം ഉള്ളത് കൊണ്ടോ ആണ്.'' (അത് ആളുകള്‍ കാണാതിരിക്കാനാണ് മൂസാ(അ) മറ സ്വീകരിച്ച് കുളിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്).

ഏതായിരുന്നാലും, മൂസാനബി(അ)യെ കുറിച്ച് അവര്‍ നടത്തിയ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിച്ചു.

''മൂസായെ പറ്റി അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ മുക്തനാക്കുവാന്‍ ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ഒരു ദിവസം ഒറ്റക്കായിരുന്നു. അങ്ങനെ തന്റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. പിന്നീട് കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ വസ്ത്രം എടുക്കാനായി മുന്നോട്ടു വന്നു. (അപ്പോള്‍ ആ) കല്ല് അദ്ദേഹത്തിന്റെ വസ്ത്രവുമായി ഓടി. അപ്പോള്‍ മൂസാ(അ) തന്റെ വടിയുമായി കല്ലിന് പിറകെ പുറപ്പെട്ടു. എന്നിട്ട് 'കല്ലേ എന്റെ വസ്ത്രം, കല്ലേ എന്റെ വസ്ത്രം' എന്ന് വിളിച്ച് പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരിലെ പ്രമാണിമാരിലേക്ക് എത്തുന്നത് വരെ പോയി.''

''അങ്ങനെ അവര്‍ അദ്ദേഹത്തെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചതായി, നഗ്‌നാവസ്ഥയില്‍ കാണുകയുണ്ടായി. അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കല്ല് നില്‍ക്കുകയും തന്റെ വസ്ത്രം എടുക്കുകയും അത് ധരിക്കുകയും ചെയ്തു. എന്നിട്ട് തന്റെ വടികൊണ്ട് ആ കല്ലിനെ ശക്തിയായി അടിച്ചു. അല്ലാഹുവാണ് സത്യം, അദ്ദേഹത്തിന്റെ അടികൊണ്ട് ആ കല്ലില്‍ ആറോ ഏഴോ അടയാളങ്ങള്‍ ഉണ്ടായി.

അതാണ് അല്ലാഹു (സൂറത്തുല്‍ അഹ്‌സാബ് 69ല്‍) പറഞ്ഞത്: 'സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു'' (ബുഖാരി).

നബിﷺയെ ജനങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ വിഷമിപ്പിക്കുമ്പോഴെല്ലാം മൂസാ നബി(അ)യെ അദ്ദേഹത്തിന്റെ ജനത വിഷമിപ്പിച്ചത് എടുത്തു പറയാറുണ്ടായിരുന്നു എന്ന് നമുക്ക് ഹദീഥുകളില്‍ കാണാം. ഒരു സംഭവം കാണുക:

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''റസൂല്‍ﷺ ഒരു സമ്പത്ത് വീതിക്കുകയായിരുന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ ഒരാള്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം! മുഹമ്മദ് ഇതുകൊണ്ട് അല്ലാഹുവിന്റെ മുഖം ഉദ്ദേശിക്കുന്നില്ല.' അപ്പോള്‍ ഞാന്‍ റസൂല്‍ﷺയുടെ അടുത്തു ചെന്നു. എന്നിട്ട് ഞാന്‍ അത് നബിയെ അറിയിച്ചു. അപ്പോള്‍ നബിﷺയുടെ മുഖം വിവര്‍ണമായി. നബിﷺ പറയുകയും ചെയ്തു: 'അല്ലാഹു മൂസാ(അ)ന് കരുണ ചൊരിയട്ടെ. ഇതിലേറെ എത്ര (കാരണങ്ങള്‍)കൊണ്ട് അദ്ദേഹം ദ്രോഹിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിക്കുകയുണ്ടായി'' (ബുഖാരി).

വാനാരോഹണ യാത്രയില്‍ നബിﷺ കണ്ടുമുട്ടിയത്

നാം ഇന്ന് അഞ്ച് നേരം നമസ്‌കരിക്കുന്നത്, അഞ്ചായി ചുരുക്കപ്പെട്ടതില്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മൂസാനബി(അ)ക്കും പങ്കുണ്ട്. നബിﷺയുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതമായിരുന്നു ഇസ്‌റാഅ്, മിഅ്‌റാജ് യാത്ര. വാനലോകത്തിലൂടെയുണ്ടായ 'മിഅ്‌റാജ്' യാത്രയില്‍ വെച്ച് അല്ലാഹു ഈ സമുദായത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുകയുണ്ടായി.

ആ സംഭവവുമായി ബന്ധപ്പെട്ട ഹദീഥിന്റെ ഭാഗം കാണുക:

''...അങ്ങനെ അല്ലാഹു എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കി. അങ്ങനെ അതുമായി ഞാന്‍ മടങ്ങി. ഞാന്‍ മൂസായുടെ അരികിലൂടെ നടക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: 'എന്താണ് അല്ലാഹു താങ്കളുടെ ഉമ്മത്തിന് നിര്‍ബന്ധമാക്കിയത്?' ഞാന്‍ പറഞ്ഞു: 'അമ്പത് നേരത്തെ നമസ്‌കാരം.' അദ്ദേഹം പറഞ്ഞു: 'നീ നിന്റെ റബ്ബിലേക്ക് മടങ്ങുക, (കാരണം) തീര്‍ച്ചയായും നിന്റെ സമുദായത്തിന്അത് സാധ്യമല്ല.' അങ്ങനെ ഞാന്‍ മടങ്ങി. അങ്ങനെ അത് പകുതിയാക്കി നിശ്ചയിച്ചു. അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. ഞാന്‍ പറഞ്ഞു: 'അത് പകുതിയാക്കിയിരിക്കുന്നു.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക. തീര്‍ച്ചയായും നിന്റെ ഉമ്മത്തിന് അത് സാധ്യമല്ല.' അങ്ങനെ ഞാന്‍ മടങ്ങി.എന്നിട്ട് അല്ലാഹു പറഞ്ഞു: 'അത് അഞ്ചാകുന്നു. അത്(പ്രതിഫലത്തില്‍) അമ്പതാകുന്നു. (ഇനി) എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുന്നതല്ല.' അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക.' അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ രക്ഷിതാവില്‍ നിന്ന് ഞാന്‍ ലജ്ജിക്കുന്നു'' (ബുഖാരി).

അഞ്ച് നേരത്തെ നമസ്‌കാരത്തിന് അമ്പത് നേരത്തെ നമസ്‌കാരത്തിന്റെ പ്രതിഫലമാക്കി അല്ലാഹു നമ്മോട് കാരുണ്യം കാണിച്ചതില്‍ മൂസാനബി(അ)യുടെ പ്രത്യേകമായ ഇടപെടല്‍ നാം കാണുകയുണ്ടായി.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി ഈ സംഭവം തെളിവായി ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. മരണപ്പെട്ട മൂസാനബി(അ)യോട് മുഹമ്മദ് നബിﷺ സഹായം തേടി എന്നും മൂസാ(അ) നബിﷺയെ സഹായിച്ചു എന്നും അതിനാല്‍ നമുക്കും പ്രയാസത്തിന്റെ സമയത്ത് മരണപ്പെട്ട മഹാത്മാക്കളോട് തേടാം എന്നും ഇവര്‍ ജല്‍പിക്കുന്നു. വാസ്തവത്തില്‍ ഇവിടെ എന്ത് പ്രാര്‍ഥനയാണ് ഉണ്ടായത്? അല്ലെങ്കില്‍ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന എന്ത് സഹായ തേട്ടമാണ് ഇവിടെ ഉണ്ടായത്? ജീവനോടെ തന്റെ മുന്നില്‍ കണ്ട മൂസാ നബി(അ)യോട് നബിﷺ സംസാരിച്ചു എന്നല്ലേ ഇവിടെയുള്ളൂ. അതല്ലാതെ കേള്‍വിയുടെയും അറിവിന്റെയും പരിധിക്കപ്പുറത്തുള്ള മൂസാനബി(അ)യെ വിളിച്ച് 'മൂസാ നബിയേ, അല്ലാഹു ഇതാ എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. അത് ലഘൂകരിച്ച് കിട്ടാനായി അങ്ങ് എന്നെ സഹായിക്കണേ' എന്ന് നബിﷺ തേടിയിട്ടില്ലല്ലോ. ഈ സംഭവത്തെ മരണപ്പെട്ടവരെ വിളിക്കാന്‍ തെളിവാക്കുന്നവരുടെ തെളിവില്ലായ്മയാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. 

മൂസാനബി(അ)യുടെ വഫാത്ത്

നബിﷺ, മൂസാ(അ)യുടെ വഫാത്തുമായി ബന്ധപ്പെട്ട ഒരു സംഭവം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കളും ഹദീഥുകളെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവരും ഇമാം ബുഖാരിയെ ആക്ഷേപിക്കുന്നവരും പൊക്കിപ്പിടിക്കുന്ന ഒരു സംഭവമാണ് അത്.

മൂസാ(അ)യുടെ പ്രായമൊന്നും ക്വുര്‍ആനോ സുന്നത്തോ നമുക്ക് അറിയിച്ച് തന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ അത്ഭുതകരമായ ഒരു സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ:

മൂസാ(അ)യുടെ അടുക്കല്‍ മലക്കുല്‍ മൗത്ത് വന്നപ്പോള്‍ അദ്ദേഹത്തിനത് മനസ്സിലായില്ല. ശത്രുക്കളില്‍ നിന്നും കൂടെയുള്ളവരില്‍ നിന്നുമെല്ലാം പലരൂപത്തിലുള്ള വിഷമതകളും അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വമായിരുന്നല്ലോ അദ്ദേഹം. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍, മൂസാ(അ) തന്റെ വീട്ടില്‍ കതകടച്ച് തനിച്ചിരിക്കുമ്പോഴാണ് മലക്കുല്‍മൗത്ത് അദ്ദേഹത്തിന്റെ അടുത്ത് വരുന്നത്. വന്നതാകട്ടെ, മനുഷ്യരൂപത്തിലും. അദ്ദേഹം എങ്ങനെയാണ് തന്റെ വീട്ടില്‍ കയറിയതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. 

എന്നിട്ട് (മലക്ക്) അദ്ദേഹത്തോട് പറഞ്ഞു: ''താങ്കളുടെ രക്ഷിതാവിന് ഉത്തരം നല്‍കുവിന്‍.''

ഞാന്‍ നിന്റെ ആത്മാവിനെ പിടിക്കാനാണ് വന്നിരിക്കുന്നത്. അല്ലാഹുവിലേക്ക് മടങ്ങാന്‍ തയ്യാറായിക്കൊള്ളുക എന്നെല്ലാമാണ് ആഗതന്‍ പറയുന്നത്. അനുവാദം കൂടാതെ ആരെങ്കിലും തന്റെ വീട്ടില്‍ കയറിവരികയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആരും പേടിക്കുമല്ലോ. മൂസാ(അ)ന് മറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലാത്തതിനാല്‍ വന്നത് മലക്കാണെന്ന് അദ്ദേഹത്തിന് മനസ്സിലായതുമില്ല. ഇസ്ലാമിക ഭരണമുള്ള ഒരു നാട്ടില്‍, അനുവാദം കൂടാതെ വീട്ടില്‍ ഒരാള്‍ കയറുകയും എന്നിട്ട് ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ അയാളെ വീട്ടുടമ വല്ലതും ചെയ്താല്‍ അതിനെതിരില്‍ ഭരണാധികാരിക്ക് പ്രതികാരം ചെയ്യാന്‍ അനുവാദമില്ലെന്നാണ് ഇസ്‌ലാമിക നിയമം.

ഏതായിരുന്നാലും മൂസാ(അ)യുടെ അടുക്കലേക്ക് അല്ലാഹു മലക്കിനെ മനുഷ്യരൂപത്തില്‍, ഒരു പരീക്ഷണമെന്നോണം അയച്ചു. മൂസാ(അ)നെ അപ്പോള്‍ മരിപ്പിക്കണമെന്നത് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. മലക്ക് വന്നു. തന്റെ വീട്ടില്‍ തനിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ കൊലവിളി നടത്തി ഒരാള്‍ വന്നാല്‍ കഴിയും വിധം ആരും തടയുമല്ലോ.  മൂസാനബി(അ)യുടെ അടുക്കലേക്ക് മനുഷ്യ രൂപത്തില്‍ മലക്ക് വന്നപ്പോള്‍ അത് തന്നെ സംഭവിച്ചു. 

നബിﷺ പറഞ്ഞു: ''അപ്പോള്‍ മൂസാ(അ) മലക്കുല്‍ മൗത്തിന്റെ കണ്ണിന് ഒരു അടി വെച്ചുകൊടുത്തു. അങ്ങനെ അത് പൊട്ടി.''

മലക്കുല്‍ മൗത്തിന്റെ കണ്ണ് പൊട്ടി എന്നതിന്റെ ഉദ്ദേശ്യം, വന്ന ആ മനുഷ്യരൂപത്തിന്റെ കണ്ണ് പൊട്ടി എന്നാണ്. എന്നിട്ട് മലക്കുല്‍ മൗത്ത് അല്ലാഹുവിലേക്ക് മടങ്ങി. 

നബിﷺ പറഞ്ഞു: ''അങ്ങനെ മലക്ക് അല്ലാഹുവിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു: 'മരണം ഉദ്ദേശിച്ചിട്ടില്ലാത്ത നിന്റെ ഒരു ദാസനിലേക്ക് എന്നെ നീ അയച്ചല്ലോ. നിശ്ചയമായും അദ്ദേഹം എന്റെ കണ്ണ് പൊട്ടിച്ചിരിക്കുന്നു.'' 

നബിﷺ പറഞ്ഞു: ''അല്ലാഹു അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കണ്ണ് തിരികെ നല്‍കി.''

മരണത്തെ ഉദ്ദേശിച്ചാണ് അല്ലാഹു മലക്കിനെ അയച്ചതെങ്കില്‍ മലക്കിനെ അല്ലാഹു തനതായ രൂപത്തില്‍ അയക്കുമായിരുന്നു. അപ്പോള്‍ മൂസാ നബി(അ)ക്ക് അത് മനസ്സിലാകുകയും ചെയ്യുമായിരുന്നു. മാത്രവുമല്ല, അല്ലാഹു പ്രവാചകന്മാരെ മരിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കും എന്ന് നബിﷺ പറഞ്ഞിട്ടുമുണ്ട്.

നബിﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''നിശ്ചയമായും ഒരു നബിയും മരണപ്പെടുകയില്ല. അവരോട് ഇഹലോകമാണോ പരലോകമാണോ തെരഞ്ഞെടുക്കുന്നത് എന്ന് അനുവാദം ചോദിക്കപ്പെടുന്നത് വരെ.'' (ബുഖാരി).

എന്നാല്‍ ഒരു മനുഷ്യന്റെ രൂപത്തില്‍ അക്രമസ്വഭാവത്തില്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായും ഒരു മനുഷ്യന്‍ പ്രതികരിക്കുന്ന ഒരു പ്രതികരണം മാത്രമായിരുന്നു അത്.

നബിﷺ വിവരിക്കുന്നു: ''അല്ലാഹു പറഞ്ഞു: 'നീ എന്റെ അടിമയിലേക്ക് മടങ്ങുക. എന്നിട്ട് ചോദിക്കുക: നീ ഐഹിക ജീവിതം ഉദ്ദേശിക്കുന്നുവോ? തീര്‍ച്ചയായും നീ ഐഹിക ജീവിതത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കാളയുടെ പുറത്ത് താങ്കളുടെ കൈ വെക്കുക. എന്നിട്ട് താങ്കളുടെ കൈ വെക്കുന്ന സ്ഥലങ്ങളില്‍ എത്ര രോമങ്ങളുണ്ടോ, അതിനനുസരിച്ച് ഓരോ രോമത്തിനും ഓരോ വര്‍ഷം എന്ന തോതില്‍ ആയുസ്സ് വര്‍ധിപ്പിച്ചു തരുന്നതാണ്.''

ജീവിക്കാനുള്ള കൊതികൊണ്ടല്ല മൂസാ(അ) മലക്കിനെ അടിച്ചതെന്ന് ഈ ഭാഗം നമുക്ക് വ്യക്തമാക്കി ത്തരുന്നുണ്ട്. കാരണം, ജീവിതമാണോ മരണമാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മൂസാ(അ) നേരത്തെ പ്രതികരിച്ചത് പോലെ പ്രതികരിച്ചിട്ടില്ല. മലക്കിനോട് അല്ലാഹു ചോദിക്കാന്‍ പറഞ്ഞത് പ്രകാരം മലക്ക് ചോദിച്ചു. ജീവിക്കാന്‍ കൊതിയുള്ള ആളായിരുന്നെങ്കില്‍ നല്ല രോമങ്ങളുള്ള കാളയെ ആണല്ലോ അദ്ദേഹം തിരയുക. എന്നാല്‍ മൂസാ(അ) അദ്ദേഹത്തോട് ചോദിക്കുകയാണ്:

''പിന്നെ എന്താണ് സംഭവിക്കുക?''

മലക്ക് പറഞ്ഞു: ''പിന്നീട് നിങ്ങള്‍ മരിക്കുന്നതാണ്.''

അദ്ദേഹം പറഞ്ഞു: ''എന്നാല്‍ ഇപ്പോള്‍ തന്നെ, ഏറ്റവും അടുത്ത സമയം തന്നെ.''

തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, ഈ പരിശുദ്ധ ഭൂമിയില്‍ നിന്ന് എന്നെ നീ മരിപ്പിക്കേണമേ.''

ഈ സംഭവം ഇമാം ബുഖാരിയുടെ സ്വഹീഹില്‍ നമുക്ക് കാണാവുന്നതാണ്. തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കും പ്രകാരം അവിശ്വസനീയമായതോ, ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ആയ യാതൊന്നും ഇവിടെ സംഭവിച്ചിട്ടുമില്ല. ഉണ്ടെങ്കില്‍ തന്നെയും വഹ്‌യിന്റെ മീതെ സ്വന്തം ബുദ്ധിക്ക് സ്ഥാനമില്ല.

മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു അദ്ദേഹത്തെ വഫാത്താക്കുകയും ചെയ്തു. എവിടെയാണ് അദ്ദേഹത്തിന്റെ ക്വബ്ര്‍ സ്ഥിതി ചെയ്യുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. മൂസാ(അ) ക്വബ്‌റില്‍ വെച്ച് നമസ്‌കരിക്കുന്നതായി നബിﷺ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയില്‍ കണ്ടിട്ടുണ്ടെന്ന് ഹദീഥില്‍ വന്നിട്ടുണ്ടല്ലോ.

പ്രവാചകന്മാരുടെ ക്വബ്‌റായി ഇന്ന് അറിയപ്പെട്ടിടത്തോളം മദീനയിലുള്ള മുഹമ്മദ് നബിﷺയുടെ ക്വബ്‌റിന്റെ സ്ഥാനം മാത്രമെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ.