ഹുദ്ഹുദ്

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

(സുലൈമാന്‍ നബി(അ) ഭാഗം: 02)

സുലൈമാന്‍ നബി(അ) തന്റെ സൈന്യ സമേതമുള്ള യാത്രയില്‍ ഉണ്ടായ മറ്റൊരു സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു; എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ? ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം'' (27:20,21).

സുലൈമാന്‍ നബി(അ)യുടെ സൈന്യത്തില്‍ പക്ഷികളും ഉണ്ടായിരുന്നല്ലോ. തന്റെ സൈന്യങ്ങളെ പരിശോധിക്കുന്ന വേളയില്‍ പക്ഷികളുടെ കൂട്ടത്തില്‍ ഹുദ്ഹുദിനെ (മരംക്കൊത്തിയെ) കാണുന്നില്ല. സര്‍വസൈന്യാധിപനായ സുലൈമാന്‍ നബി(അ)യെ അറിയിക്കാതെ ഹുദ്ഹുദ് എവിടേക്കോ പോയി. അതിനാല്‍ തന്നെ ഹുദ്ഹുദിനെതിരില്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ശിക്ഷയില്‍ നിന്ന് രക്ഷലഭിക്കണമെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിേക്കണ്ടതുണ്ട്. 

കുപ്പിയിലുള്ള വസ്തുവിനെ ഒരു സാധാരണക്കാരന് കാണാന്‍ കഴിയുന്നത് പോലെ മഹാന്മാര്‍ക്ക് നമ്മുടെ ഹൃദയത്തിലുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് അവരെ പറ്റി ബഹുമാനിച്ചും ആദരിച്ചും പലരും ചൊല്ലിപ്പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇത് ഇസ്‌ലാം പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസത്തിന് എതിരാകുന്നു. മഹാന്മാരുടെ ചരിത്രം ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിനാലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജനങ്ങള്‍ അടിമപ്പെട്ടിരിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നുള്ള എത്രയെത്ര അനുഗ്രഹങ്ങള്‍ കിട്ടിയ നബിയാണ് സുലൈമാന്‍(അ). അദ്ദേഹം മഹാനല്ല എന്ന് ഒരു മുസ്‌ലിമിന് വിശ്വസിക്കാന്‍ കഴിയില്ലല്ലോ. ഹുദ്ഹുദിന്റെഅസാന്നിധ്യം കണ്ടപ്പോള്‍ അദ്ദേഹം അതിന് എന്തുപറ്റി എന്ന് ചോദിക്കുന്നു. ഹുദ്ഹുദ് എവിടെയാണെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. കാരണം അല്ലാഹു അറിയിച്ചാലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. 

ഹുദ്ഹുദിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ പ്രവാചകനും രാജാവുമായിരുന്ന അദ്ദേഹത്തിന് അറിയില്ലായിരുന്നു; ഒരു വമ്പിച്ച വര്‍ത്തമാനവുമായി ഹുദ്ഹുദ് അവിടെ എത്തുമെന്ന്. 

''എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്. സബഇല്‍ നിന്ന് യഥാര്‍ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക്  തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു). മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല'' (ക്വുര്‍ആന്‍ 27:22-26).

സുലൈമാന്‍(അ) ഹുദ്ഹുദിനെ പറ്റി സംസാരിച്ച് സമയം അധികം ആയില്ല. അപ്പോഴേക്കും ഹുദ്ഹുദ് അവിടെ പാറി വന്നു. എന്നിട്ട് സുലൈമാന്‍(അ)നോട് താന്‍ കണ്ട വിവരങ്ങളെല്ലാം വിവരിച്ചു. 'യമനിലെ സബഅ് എന്ന ദൂരദേശത്ത് നിന്നും ഒരു ഉറപ്പുള്ള വാര്‍ത്തയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ആ വാര്‍ത്ത നിങ്ങള്‍ സൂക്ഷ്മമായി അറിയാത്തതുമാകുന്നു.' ദൂര ദേശത്തുള്ള ഒരു കാര്യം സുലൈമാന്‍(അ) അറിയണമെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനം വേണമല്ലോ. അത് അദ്ദേഹത്തിന് എത്താത്തതിനാല്‍ അതിനെ പറ്റി അദ്ദേഹത്തിന് അറിയില്ലെന്ന് ആ പക്ഷിക്കും മനസ്സിലായി. തുടര്‍ന്ന് സബഇല്‍ കണ്ട ആ കാഴ്ച ഹുദ്ഹുദ് വിവരിക്കാന്‍ തുടങ്ങി. സബഇലെ ഭരണ സംവിധാനത്തെ സംബന്ധിച്ചാണ് ഹുദ്ഹുദ് ആദ്യം സംസാരിച്ചത്. 'സബഇലെ ആളുകളെ ഭരിക്കുന്ന ഒരു റാണിയെ ഞാന്‍ കാണുകയുണ്ടായി. അവള്‍ക്ക് അവിടെ ഭരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും നല്‍കപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല, അവള്‍ക്ക് വമ്പിച്ച ഒരു സിംഹാസനവും ഉണ്ട്.' തുടര്‍ന്ന് അവളുടെയും അവളുടെ ജനതയുടെയും വിശ്വാസ സംബന്ധമായ കാര്യങ്ങളും അറിയിച്ചു. 'അല്ലാഹുവിനെ കൂടാതെ സൂര്യനെ നമിക്കുന്ന ബഹുദൈവ വിശ്വാസികളാണ് അവര്‍. അവരുടെ ചെയ്തികളെ പിശാച് അവര്‍ക്ക് അലങ്കാരമാക്കിയിരിക്കുന്നു, അവരെ അവന്‍ വഴികേടിലാക്കിയിരിക്കുന്നു.' 

തുടര്‍ന്ന് അല്ലാഹുവിനെ മാത്രമെ വണങ്ങാവൂ എന്നതിന്റെ കാരണവും അത് വിവരിക്കുന്നുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും ധാരാളം പേര്‍ അല്ലാഹുവിനെ മാത്രം വണങ്ങേണ്ടുന്നതിന് പകരം അല്ലാഹുവിന്റെ പടപ്പുകളില്‍ ചിലരെയും വണങ്ങുന്നു; ആരാധനകള്‍ അര്‍പ്പിക്കുന്നു. 

ഹുദ്ഹുദ് എന്ന ഈ പക്ഷിക്ക് ഭൂഗര്‍ഭജലം എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു നല്‍കിയിരുന്നു എന്നും സുലൈമാന്‍ നബി(അ)യോട് സൈന്യത്തിന് വെള്ളം ആവശ്യമായി വരുന്ന സമയത്ത് അതിനെ പറ്റി ഹുദ്ഹുദ് പറയാറുണ്ടായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഹുദ്ഹുദിന് ഇങ്ങനെ ഒരു കഴിവ് ഉണ്ടായിട്ടും അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന വേളയില്‍ അല്ലാഹുവാണ് ആകാശ ഭൂമികള്‍ക്ക് ഉള്ളില്‍ നിന്നും മറഞ്ഞു കിടക്കുന്നവയെ പുറത്ത് കൊണ്ടുവരുന്നവന്‍ എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഹുദ്ഹുദിനും അറിയാം തനിക്കുള്ള ഈ കഴിവ് അല്ലാഹു നല്‍കിയതാണെന്ന്.

സബഇലെ രാജ്ഞിയെ പറ്റിയുള്ള വിവരം ഹുദ്ഹുദ് അറിയിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായി. അതിനാല്‍ അദ്ദേഹം പറഞ്ഞു:

''...നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം'' (ക്വുര്‍ആന്‍ 27:27).

ഹുദ്ഹുദ് പറഞ്ഞത് സത്യമാണോ അല്ലേ എന്ന് ഉറപ്പിക്കുവാന്‍ സുലൈമാന്‍ നബി(അ)ക്ക് ശരിയായ അന്വേഷണം ആവശ്യമായി വന്നത്, അദ്ദേഹത്തിന് മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവില്ലാത്തതിനാലാണെന്ന് വ്യക്തം. 

സബഇലെ രാജ്ഞിയെ പറ്റിയും ആ നാട്ടുകാരെ പറ്റിയും നല്‍കിയ വിവരണത്തിന്റെ വസ്തുത അറിയുന്നതിനായി സുലൈമാന്‍(അ) ഹുദ്ഹുദിന്റെ അടുത്ത് ഒരു കത്ത് കൊടുത്തു വിട്ടു.

എല്ലാ പ്രവാചകന്മാരും അതാത് സമൂഹത്തിലേക്ക് അല്ലാഹുവിന്റെ സന്ദേശവുമായി ചെല്ലുന്ന വേളയില്‍ ആ നാടിന്റെ ഭരണാധികാരികള്‍ക്കും സന്ദേശം എത്തിക്കുന്നതില്‍ അതീവ ശ്രദ്ധ കാണിച്ചിരുന്നു. നേരില്‍ കാണാന്‍ കഴിഞ്ഞ രാജാക്കന്മാരെ നേരില്‍ കണ്ടു. അല്ലാത്തര്‍ക്ക് എഴുത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും എത്തിച്ചുകൊടുത്തു.  ഇബ്‌റാഹീം(അ), അന്നത്തെ രാജാവായി അറിയപ്പെട്ടിരുന്ന നംറൂദിന്റെ സന്നിധിയില്‍ അല്ലാഹുവിന്റെ സന്ദേശം എത്തിച്ചതും അവിടെ നടന്ന സംവാദവും നാം ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. അതുപോലെ മൂസാ നബി(അ) ഫിര്‍ഔനെന്ന സ്വേച്ഛാധിപതിയുടെ മുന്നില്‍ ധീരതയോടെ അല്ലാഹുവാണ് ഏക ആരാധ്യനെന്ന സത്യം ഉത്‌ഘോഷിച്ചതും നാം വിവരിച്ചിട്ടുണ്ട്.

മഹാനായ മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് മറുനാടുകളില്‍ നിന്നുള്ള നിവേദക സംഘം എത്തുമ്പോള്‍ അദ്ദേഹം അവരെ പ്രത്യേകം പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്ത് അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാന്‍ ശ്രമിച്ചിരുന്നു. നേരില്‍ കാണാന്‍ കഴിയാത്ത ഇതര രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് അവിടുന്ന് എഴുത്ത് കൊടുത്തയക്കാറുമുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ക്വലിനും നജ്ജാശി രാജാവിനും കിസ്‌റ, കൈസര്‍ ചക്രവര്‍ത്തിമാര്‍ക്കും സന്ദേശം കൊടുത്തയച്ചിരുന്നു. നബിﷺയുടെ എഴുത്ത് കിട്ടിയപ്പോള്‍ മുസ്‌ലിമായവരും അഹങ്കാരത്തോടെ എഴുത്ത് പിച്ചിച്ചീന്തിയവരും ഉണ്ടായിട്ടുണ്ട്. കടുത്ത അവഗണന നേരിട്ടപ്പോഴും നബിﷺ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം തുടര്‍ന്നു പോന്നു.

സുലൈമാന്‍നബി(അ)ക്ക് മറുനാട്ടിലെ രാജ്ഞിയുടെയും പ്രജകളുടെയും വിശ്വാസത്തിലെ അപകടത്തെ സംബന്ധിച്ചുള്ള വിവരം ഹുദ്ഹുദിലൂടെ ലഭിച്ചപ്പോള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സുലൈമാന്‍(അ) ഒരു കത്ത് എഴുതുകയാണ്. ആ എഴുത്ത് ഹുദ്ഹുദിനെ ഏല്‍പിച്ചു. എന്നിട്ട് ഇപ്രകാരം സുലൈമാന്‍(അ) പറഞ്ഞു:

''നീ എന്റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക്  ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍ നിന്ന് മാറി നിന്ന് അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് നോക്കുക'' (ക്വുര്‍ആന്‍ 27:28).

സുലൈമാന്‍(അ) എഴുതിയ ആ കത്തില്‍ എന്താണ് ഉള്ളതെന്ന് ഈ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ശേഷം വരുന്ന സൂക്തങ്ങളില്‍ നിന്ന് നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്.

ഹുദ്ഹുദ് എന്നത് സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിലെ രഹസ്യാന്വേഷണ വകുപ്പ് കൈകാര്യം ചെയ്ത ഒരു മനുഷ്യനാണെന്ന് ചില മതയുക്തിവാദികള്‍ ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. ഇവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് പോലെ ഹുദ്ഹുദ് ഒരു മനുഷ്യനല്ല. കാരണം സുലൈമാന്‍(അ) ഹുദ്ഹുദിനോട് കല്‍പിക്കുന്നത് 'നീ എന്റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക്  ഇട്ടുകൊടുക്കുക' എന്നാണ്. ഒരു മനുഷ്യനായ ദൂതനോട് ഒരു രാജാവിനുള്ള കത്ത് കൊണ്ടുപോയി 'ഇട്ടു കൊടുക്കുവാന്‍' കല്‍പിക്കുമോ? 

കത്ത് അവരിലേക്ക് ഇട്ട് കൊടുക്കണമെന്നും എന്നിട്ട് അവിടെ നിന്നും അല്‍പം മാറിനിന്ന് രംഗം നിരീക്ഷിക്കണമെന്നും എന്താണ് എന്റെ കത്തിന് അവരുടെ പ്രതികരണമെന്നും നീ നന്നായി അറിയണം എന്ന് സുലൈമാന്‍(അ) ഹുദ്ഹുദിന് നിര്‍ദേശം നല്‍കി.

കല്‍പന പ്രകാരം ഹുദ്ഹുദ് യമനിലെ സബഅ് പ്രദേശത്തേക്ക് കത്തുമായി പാറി. രാജ്ഞിയുടെ സന്നിധിയിലേക്ക് ഹുദ്ഹുദ് ആ കത്ത് ഇട്ടുകൊടുത്തു. അതിന് ശേഷം അത് അവിടെ നിന്ന് പോകുകയും ചെയ്തു.

കയ്യില്‍ കിട്ടിയ കത്ത് രാജ്ഞി വായിച്ചു. വായിച്ചു നോക്കിയപ്പോള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഗൗരവപ്പെട്ട ചില കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്. മാന്യമാണ് ആ എഴുത്തിന്റെ ശൈലി. മനസ്സിനെ സ്വാധീനിക്കാന്‍ പര്യാപ്തമായ വാക്കുകള്‍. ഒരു രാജാവിന്റെ കല്‍പനയുടെ എല്ലാ ഘടകങ്ങളും ആ കത്തില്‍ അടങ്ങിയിട്ടുമുണ്ട്. ബില്‍ക്കീസ് രാജ്ഞി പരിഭ്രമിച്ചു. അവര്‍ ബേജാറായി. എന്തു ചെയ്യും? ഇതൊരു സാധാരണ എഴുത്തല്ലല്ലോ. ഇത്രകാലം സബഅ് ഭരിച്ചിട്ട് താന്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. കത്തിന്റെ ഉള്ളടക്കവും ശൈലിയും അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു.

സബഇന്റെ രാജ്ഞിയാണെങ്കിലും അവര്‍ ഒരു സ്വേച്ഛാധിപതിയല്ല. അവര്‍ എന്തൊരു തീരുമാനം എടുക്കുന്നതിനും ദര്‍ബാറിലെ പ്രമുഖരുമായി കൂടിയാലോചന നടത്തുന്ന ആളാണെന്നാണ് ക്വുര്‍ആനിന്റെ പ്രതിപാദന രീതിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ കൂടിയാലോചനക്കായി ബന്ധപ്പെട്ടവരെയെല്ലാം രാജ്ഞി വിളിച്ചു ചേര്‍ത്തു.

''അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് (മുസ്‌ലിംകളായിക്കൊണ്ട്) നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക'' (ക്വുര്‍ആന്‍ 27:29-31).

'ഉല്‍ക്വിയ ഇലയ്യ' എന്നതിന് 'എന്നിലേക്ക് ഇടപ്പെട്ടിരിക്കുന്നു' എന്നതാണ് നേര്‍ക്കുനേരെയുള്ള അര്‍ഥം. ഒരു രാജാവും മറ്റൊരു രാജാവിന് കത്ത് ഇട്ടു കൊടുക്കില്ലല്ലോ. 

രാജ്ഞി പ്രമുഖരെ വിളിച്ചു ചേര്‍ത്ത് തനിക്ക് ലഭിച്ച കത്തിലെ ഉള്ളടക്കം അവരെ വായിച്ചു കേള്‍പിച്ചു. 

മുസ്‌ലിംകളായി നിങ്ങള്‍ എന്റെ അടുത്ത് വരണം എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ രണ്ട് രൂപത്തില്‍ വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. രണ്ടും ക്വുര്‍ആനിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നത് തന്നെയാണ്. ഞാന്‍ പറയുന്ന കല്‍പനകള്‍ അനുസരിച്ചു കൊണ്ട്, ഈ രാഷ്ട്രത്തിന് കീഴടങ്ങി ഈ രാജ്യത്തേക്ക് വളരെ വിനയത്തോടെ വരണം എന്നതാണ് അതിലെ ഒരു വ്യാഖ്യാനം. അല്ലാഹുവിനു പുറമെയുള്ളവരെ ആരാധിക്കുന്ന സമ്പ്രദായം ഒഴിവാക്കി അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായി, മുസ്‌ലിംകളായി നിങ്ങള്‍ എന്റെ അടുത്തേക്ക് വരണം എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം.