സ്വരമാധുര്യം നല്‍കപ്പെട്ട പ്രവാചകന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

(ദാവൂദ് നബി(അ): 04)

സംസാര ശേഷിയെ പോലെ തന്നെ പ്രധാനമാണല്ലോ ശബ്ദ ഭംഗിയും. അല്ലാഹു ദാവൂദ് നബി(അ)ക്ക്അതും നല്‍കിയിരുന്നു.

''...ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി'' (ക്വുര്‍ആന്‍ 4:163). 

ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഗ്രന്ഥമാണ് സബൂര്‍. അത് പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് കേള്‍ക്കുന്നതിനായി പക്ഷികളും മറ്റു ജന്തുക്കളും അദ്ദേഹത്തിന്റെ ചുറ്റും ഇരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ഔസാഈ(റഹി) പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയും നല്ല സ്വരമായിരുന്നു അദ്ദേഹത്തിന്റെത് എന്നര്‍ഥം. 

മുഹമ്മദ് നബിﷺ ദാവൂദ് നബി(അ)യുടെ ശബ്ദമാധുര്യത്തെ കുറിച്ച് നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അബൂമൂസല്‍അശ്അരി(റ)യുടെ ക്വുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സൗന്ദര്യത്താല്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പാരായണം കേട്ടപ്പോള്‍ അദ്ദേഹത്തോട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി:

''ഓ, അബൂമൂസാ...! തീര്‍ച്ചയായും താങ്കള്‍ക്ക് ദാവൂദ് കുടുംബത്തില്‍ നിന്നുള്ള ശബ്ദമാധുര്യം (മിസ്മാര്‍) നല്‍കപ്പെട്ടിരിക്കുന്നു'' (ബുഖാരി).

'മിസ്മാര്‍'  എന്ന അറബി പദത്തിന് 'പുല്ലാങ്കുഴല്‍' എന്ന് അര്‍ഥമുണ്ട്.  ദാവൂദ് നബി(അ)യുടെ ആകര്‍ഷകമായ ശബ്ദഭംഗിയെ സൂചിപ്പിക്കുവാന്‍ നബിﷺ പ്രയോഗിച്ച ഈ പദം എടുത്ത്, നിഘണ്ടുവിലുള്ള അതിന്റെ അര്‍ഥങ്ങള്‍ നോക്കി, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണെന്നതിന് ഇത് തെളിവാണെന്ന് ചിലര്‍ സമര്‍ഥിക്കാറുണ്ട്. 

എന്നാല്‍ നബിﷺ ആ പദം പ്രയോഗിച്ചത് അബൂമൂസല്‍ അശ്അരി(റ)യുടെ ശബ്ദസൗന്ദര്യത്തെ സൂചിപ്പിക്കുവാനാണ് എന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. അദ്ദേഹത്തിന്റെ ക്വുര്‍ആന്‍ പാരായണം കേട്ട സന്ദര്‍ഭത്തിലാണല്ലോ നബിﷺ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ തല്‍പര കക്ഷികളുടെ ദുര്‍വ്യാഖ്യാനം ദാവൂദ്(അ) സംഗീതോപകരണം ഉപയോഗിച്ചിരുന്നു എന്നാണ്.

ഈ ഹദീഥിന്റെ വെളിച്ചത്തില്‍ അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാര്‍ ആരും തന്നെ സംഗീതോപകരണം ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് പറഞ്ഞിട്ടില്ല. ബുഖാരിയില്‍ വന്ന ഇതേ ആശയം ഇമാം മുസ്‌ലിം തന്റെ സ്വഹീഹിലും ഉദ്ധരിച്ചിട്ടുണ്ട്. സ്വഹീഹ് മുസ്‌ലിമിന് വിശദീകരണം നല്‍കിയ ഇമാം നവവി(റഹി)യും സ്വഹീഹുല്‍ ബുഖാരിക്ക് വിശദീകരണം എഴുതിയ ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി)യും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്? ഈ ഹദീഥിനെ വിവരിച്ചിടത്ത് അവ അനുവദിക്കപ്പെട്ടതാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇമാം നവവി ഈ ഹദീഥിനെ വിവരിക്കുന്നിടത്ത് പറയുന്നത് കാണുക:

''പണ്ഡിതന്മാര്‍ പറയുന്നു: ഇവിടെ മിസ്മാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ശബ്ദമാണ്... ദാവൂദ്(അ) ഏറ്റവും നല്ല ശബ്ദമുള്ള ആളായിരുന്നു'' (ശറഹു മുസ്‌ലിം).

സംഗീതോപകരണങ്ങളെ അനുവദനീയമായി കാണുന്നവര്‍ തെളിവായി ഉദ്ധരിക്കുന്ന മറ്റൊന്നാണ് അബൂബക്ര്‍(റ)വുമായി ബന്ധപ്പെട്ട, ആഇശ(റ) ഉദ്ധരിക്കുന്ന ഒരു സംഭവം. അതിന്റെ ചുരുക്കം ഇതാണ്: ഒരു പെരുന്നാള്‍ ദിവസം രണ്ട് ചെറിയ പെണ്‍കുട്ടികള്‍ നബിﷺയുടെ അടുത്തിരുന്ന് പാടിക്കൊണ്ടിരിക്കെ അബൂബക്ര്‍(റ) അവിടെ കടന്നുവരികയും 'പിശാചിന്റെ പുല്ലാങ്കുഴലാണോ (മിസ്മാര്‍) (നബിയുടെ അടുക്കല്‍)' എന്ന് രണ്ട് തവണ ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺ പറഞ്ഞു: 'അബൂബക്ര്‍, അവരെ ഇരുവരെയും വിട്ടേക്കുക. എല്ലാ സമൂഹത്തിനും ഒരു ആഘോഷമുണ്ട്. തീര്‍ച്ചയായും നമ്മുടെ ആഘോഷ ദിനം ഇന്നാകുന്നു.' 

ഈ ഹദീഥില്‍ അബൂബക്ര്‍(റ) കുട്ടികളുടെ പാട്ടിനെ പറ്റി 'മിസ്മാര്‍' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. അതിനര്‍ഥം ആ കുട്ടികളുടെ അടുത്ത് വാദേ്യാപകരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവരുടെ വാദം. എന്നാല്‍ അവരുടെ സ്വരമാധുര്യത്തോടെയുള്ള പാട്ടിനെയാണ് അബൂബക്ര്‍(റ) മിസ്മാര്‍ എന്ന് വിശേഷിപ്പിച്ചത്. 

ദാവൂദ് നബി(അ) 'സബൂര്‍' ശ്രവണ മാധുര്യത്തോടെയാണ് പാരായണം ചെയ്തിരുന്നത്. സബൂര്‍ ധാരാളം സമയമെടുത്ത് പാരായണം ചെയ്താലേ സാധാരണ ഒരാള്‍ക്ക് തീര്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ദാവൂദ്(അ) അതിലെ അക്ഷരങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ഒന്നും യാതൊരു വീഴ്ചയും വരുത്താതെ പെട്ടെന്ന് പാരായണം ചെയ്തിരുന്നു എന്ന് ഹദീഥുകളില്‍ കാണാവുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ പ്രത്യേക അനുഗ്രഹമാണത്.

പ്രവാചകന്മാര്‍ അല്ലാഹുവിലേക്ക് ഏറെ വിനിയം കാണിക്കുന്നവരായിരുന്നു. പാപങ്ങള്‍ ചെയ്യാത്ത ശുദ്ധ മനസ്‌കരും തങ്ങളില്‍ വല്ല വീഴ്ചയും വന്നിട്ടുണ്ടാകുമോ എന്ന് ഭയപ്പെട്ട് അല്ലാഹുവിനോട് സദാസമയവും പ്രാര്‍ഥിക്കുന്നവരുമായിരുന്നു. ദാവൂദ് നബി(അ)യും അല്ലാഹുവിന് വഴിപ്പെടുന്നതില്‍ കണിശത പുലര്‍ത്തിയ ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു:

''വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ഥനാമണ്ഡപത്തിന്റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്റെ അടുത്ത് കടന്നുചെല്ലുകയും അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. ഇതാ, ഇവന്‍ എന്റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്റെ  പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്'' (ക്വുര്‍ആന്‍ 38:21-25).

ഒരു വാദിയും പ്രതിയും തര്‍ക്കിച്ചു കൊണ്ട് ദാവൂദ് നബി(അ)യുടെ അടുക്കല്‍ ചെന്ന സംഭവമാണ് ഇത്. അല്ലാഹുവിനെ ആരാധിക്കുന്നതിനായി, ഏകനായി, കവാടങ്ങളെല്ലാം അടച്ച്, ഒരാള്‍ക്കും അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയാത്ത നിലക്ക് ദാവൂദ്(അ) പ്രാര്‍ഥനാ മണ്ഡപത്തില്‍ ഇരിക്കുമ്പോള്‍ മതില്‍ ചാടി രണ്ടാളുകള്‍ അവിടേക്ക് പ്രവേശിച്ചു. ഏകാന്തനായി ഒരിടത്ത് ഇരിക്കവെ പെട്ടെന്ന് രണ്ട് പേര്‍ അവിടേക്ക് പ്രവേശിച്ചപ്പോള്‍ ദാവൂദ്(അ) പേടിച്ചു. അദ്ദേഹം ഭയപ്പെട്ടിട്ടുണ്ടെന്ന് വന്നവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. 'ഞങ്ങള്‍ എന്തെങ്കിലും അക്രമം ചെയ്യുന്നതിനോ അനിഷ്ടം പ്രവര്‍ത്തിക്കുന്നതിനോ വന്നവരല്ല. അതിനാല്‍ അങ്ങ് പേടിക്കേണ്ടതില്ല' എന്ന് ആഗതര്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് അവരില്‍ ഒരാള്‍ അവര്‍ക്കിടയിലെ പ്രശ്‌നം അവതരിപ്പിക്കുവാന്‍ തുടങ്ങി. ഇതെന്റെ സഹോദരനാണ് എന്ന് പറഞ്ഞ് മാന്യമായ നിലക്കാണ് പ്രശ്‌നം ബോധിപ്പിച്ചു തുടങ്ങുന്നത്. സഹോദരന്‍ എന്ന് വിശേഷിപ്പിച്ചത് രക്തബന്ധത്തിലുള്ള സഹോദരന്‍ എന്ന അര്‍ഥത്തിലല്ല, ആദര്‍ശ സഹോദരന്‍ എന്ന നിലയ്ക്കാണ്. 99 പെണ്ണാടുകള്‍ അദ്ദേഹത്തിനും ഒന്ന് എനിക്കും ഉണ്ട്. എന്റെ ഈ ഒരു ആടിനെ കൂടെ അവന് നല്‍കണം എന്നാണ് അവന്‍ പറയുന്നത്. അതിനായി അവന്‍ സംസാരിച്ച്, എന്നെ ഉത്തരം മുട്ടിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇതൊരു അക്രമമാണ്. ഈ അക്രമത്തില്‍ താങ്കള്‍ നീതിയുക്തമായ ഒരു തീരുമാനം എടുത്താലും എന്നിങ്ങനെ അയാള്‍ വിഷയം അവതരിപ്പിച്ചു.

കേസ് കേട്ടതിന് ശേഷം ദാവൂദ്(അ) അവരില്‍ വിധി പറഞ്ഞു. പ്രശ്‌നം അവതരിപ്പിച്ചവന്റെ അടുക്കല്‍ ഒരു ആടാണല്ലോ ഉള്ളത്. അതിനെ കൂടെ മറ്റെയാള്‍ക്ക് നല്‍കണം എന്ന് പറയുക നിമിത്തം അയാള്‍ വലിയ അതിക്രമമാണ് ചെയ്തിരിക്കുന്നത്. 

തുടര്‍ന്ന് ദാവൂദ്(അ) അവരെ ഒരു കാര്യം ഉണര്‍ത്തി: 'തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.'

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് ബിസിനസ്സില്‍ പങ്കാളിയെ സ്വീകരിക്കാവുന്നതാണ്.  എന്നാല്‍ പങ്കാളിയെ തെല്ലും വഞ്ചിക്കാതെ വിജയകരമായ രീതിയില്‍ അത് മുന്നോട്ട് കൊണ്ടു പോകുന്നവരുടെ എണ്ണം വളരെ വിരളവുമാണ്. പങ്കാളിക്കുള്ള വിഹിതം കുറക്കുന്നതിനായി കണക്കുകളില്‍ കൈക്രിയയും മറ്റു കള്ളത്തരങ്ങള്‍ നടത്തുന്നവരും ധാരാളമുണ്ട്. അതിന്റെ പേരില്‍ എത്രയോ ബന്ധങ്ങള്‍ മുറിഞ്ഞുപോവുകയും എത്രയോ പേര്‍ കൊല്ലെപ്പടുകയും ചെയ്തിട്ടുണ്ട്. 'തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്' എന്ന ദാവൂദ് നബി(അ)യുടെ പരാമര്‍ശത്തില്‍നിന്നും പണ്ടുമുതലേ കച്ചവട രംഗത്ത് ഈ ചതി നിലനിന്നിരുന്നു എന്ന് വ്യക്തമാകുന്നു. 

ഈ സംഭവം മുഖേന അല്ലാഹു തന്നെ പരീക്ഷിച്ചതാണെന്ന് ദാവൂദ്(അ) കരുതിയെന്നും അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് പാപമോചനം തേടുകയും റുകൂഉം സുജൂദും ചെയ്ത് ഖേദിച്ചു മടങ്ങുകയും ചെയ്തുവെന്നും അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു എന്നും ദാവൂദ്(അ)ന് അല്ലാഹുവിന്റെഅടുക്കല്‍ സാമീപ്യമുണ്ടെന്നും നല്ല മടക്കസ്ഥാനമുണ്ടെന്നും ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു.

അല്ലാഹു തന്നെ പരീക്ഷിച്ചിരിക്കുന്നു എന്ന് ദാവൂദ് നബി(അ)ക്ക് ബോധ്യമായെന്ന് പറഞ്ഞല്ലോ. ഈ സംഭവത്തില്‍ ദാവൂദ് നബി(അ)യില്‍ എന്ത് അബദ്ധമാണ് സംഭവിച്ചത് എന്നത് നമുക്ക് ഖണ്ഡിതമായി പറയാന്‍ കഴിയില്ല. ഇതു സംബന്ധമായി ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ രണ്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. 

ഒന്ന്, കേസിനെ പറ്റി കൂടുതല്‍ അന്വേഷിക്കാതെയും പ്രതിയുടെ പക്ഷം കേള്‍ക്കാതെയും വിധി പറഞ്ഞതായിരിക്കാം. 

രണ്ട്, പെട്ടെന്ന് അതിക്രമിച്ചു കടന്ന അവരുടെ മേല്‍ എന്തെങ്കിലും ശക്തിയായ നടപടി എടുക്കുവാന്‍ പ്രഥമ വീക്ഷണത്തില്‍ അദ്ദേഹം ഉദ്ദേശിച്ചതായിരിക്കാം.

ബനൂഇസ്‌റാഈല്യരുടെ സ്വഭാവം നന്നായി അറിയുന്ന ആളാണല്ലോ ദാവൂദ്(അ). എത്രയോ പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞിട്ടുമുണ്ട്. അല്ലാഹുവിനെ ആരാധിക്കുവാനായി തന്റെ മണ്ഡപത്തില്‍ ഏകാന്തനായി ഇരിക്കുമ്പോള്‍ അതിക്രമിച്ച് കയറി വന്നവരോട് സ്വാഭാവികമായും രൂക്ഷമായി പ്രതികരിക്കാനും സാധ്യതയുണ്ടല്ലോ. എന്തായിരുന്നാലും നാം സൂചിപ്പിച്ചത് പോലെ ആ പരീക്ഷണം എന്തായിരുന്നു എന്ന് തീര്‍ത്ത് പറയുവാന്‍ നമുക്ക് സാധ്യമല്ല.

ഏതായിരുന്നാലും ദാവൂദ്(അ) തന്റെ ധാരണയിലോ പ്രവൃത്തിയിലോ ഉണ്ടായ ആ നിസ്സാര പിഴവിന് പോലും അല്ലാഹുവിലേക്ക് അങ്ങേയറ്റം ഖേദിച്ചു മടങ്ങി. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ചെയ്യുകയുണ്ടായി. അല്ലാഹുവിന്റെ വിനീതനായ അടിമയായ ദാവൂദ്(അ)നെ അല്ലാഹു പ്രത്യേകം സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു.

''(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ  മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക്  തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്''(ക്വുര്‍ആന്‍ 38:26).

ദാവൂദ്(അ)നെ അല്ലാഹു ആ നാട്ടിലെ ഭരണാധികാരിയാക്കിയല്ലോ. ഭരണാധികാരികള്‍ക്ക് ഭരണീയരോട് നീതിയില്‍ വര്‍ത്തിക്കാന്‍ കഴിയുക എന്നത് പരമപ്രധാനമാണ്. തന്റെ കീഴില്‍ കഴിയുന്നവരെയെല്ലാം ഒരുപോലെ കാണാനും അവരില്‍ ആര്‍ക്കും തന്നെ സ്വാധീനിക്കാന്‍ കഴിയാത്ത വിധം ശരിയായ ചിന്തയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കാനും ഒറ്റുകാരെയും പരദൂഷണക്കാരെയും പ്രത്യേകം തിരിച്ചറിയാനും ആളുകളുടെ സമൂഹത്തിലുള്ള പദവി നോക്കാതെ ന്യായത്തിന്റെ കൂടെ നില്‍ക്കാനും തീരുമാനങ്ങള്‍ നടപ്പിലാക്കാനുമെല്ലാം കഴിയുക എന്നത് ഭരണാധികാരികളുടെ വിജയമാണ്. മുന്‍വിധിയില്ലാതെ, സ്വേച്ഛകള്‍ക്ക് സ്ഥാനം നല്‍കാതെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും സാധിക്കണം.

പരദൂഷണക്കാരുടെയും പകയുമായി നടക്കുന്നവരുടെയും വാക്കുകള്‍ കേട്ട് കുറ്റം ആരോപിക്കുമ്പോള്‍ അതിലെ വസ്തുത അന്വേഷിക്കാതെ നടപടി സ്വീകരിക്കുന്നത് തീര്‍ത്തും ന്യായമാണല്ലോ. കുടുംബമഹിമയും സാമ്പത്തിക മേന്മയും മറ്റും നോക്കി അവര്‍ക്ക് അനുകൂലമായി വിധിപറയുന്നതും അനീതിയും അക്രമവുമാണ്. 

'ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്' എന്നിങ്ങനെ ദാവൂദ് നബി(അ)ക്ക് അല്ലാഹു ഉപദേശം നല്‍കിയത് അദ്ദേഹം ഏതെങ്കിലും തരത്തില്‍ അന്യായം കാണിച്ചതിനാലല്ല, മറിച്ച് കൂടുതല്‍ ശ്രദ്ധിക്കുവാനും ശേഷക്കാര്‍ക്ക് ഒരു പാഠമാകുന്നതിനും വേണ്ടിയാണ്.

ഈ സംഭവവുമായി ബന്ധപ്പെടുത്തി ചില തഫ്‌സീറുകളില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇസ്‌റാഈലീ കഥകള്‍ എടുത്ത് ഉദ്ധരിച്ചതും നമുക്ക് കാണാവുന്നതാണ്. ഇത്തരം അടിസ്ഥാനരഹിതങ്ങളായ കഥകളെയോ റിപ്പോര്‍ട്ടുകളെയോ നാം സ്വീകരിക്കുന്നില്ല.

മഹാന്മാരായ പ്രവാചകന്മാരുടെ പേരില്‍ ധാരാളം കള്ളം പ്രചരിപ്പിച്ചവരായ യഹൂദികള്‍ ദാവൂദ് നബി(അ)യുടെ പേരിലും ഗുരുതരമായ ആരോപണങ്ങള്‍ പടച്ചുവിട്ടിട്ടുണ്ട്.

മഹാനായ ദാവൂദ് നബി(അ)യെ അവര്‍ പ്രവാചകനായി പോലും അംഗീകരിക്കുന്നില്ലെന്നാണ് പഴയനിയമം വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക. രാജന്‍ എന്നാണ് ദാവൂദ് നബി(അ)യെ ബൈബിളില്‍ വിശേഷിപ്പിച്ചു കാണുന്നത്. അപ്രകാരം തന്നെയാണ് സുലൈമാന്‍ നബി(അ)യുടെ കാര്യവും.  

ശമുവേലിന്റെ രണ്ടാം പുസ്തകത്തില്‍ ദാവൂദ് നബി(അ)യെ പറ്റി പറയുന്നത് ഒരു സാധാരണക്കാരനെ പറ്റി പോലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്! അതില്‍ ഇങ്ങനെ കാണാം: 'ഒരു ദിവസം ദാവീദ് തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്‌ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ് അവളെ തന്റെ കിടപ്പറയിലേക്ക് വരുത്തി. ദാവീദ് അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു. ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ് കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്റെ കുഞ്ഞിന്റെ  പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ഊറിയാ തന്റെ വീട്ടില്‍ പോകാന്‍ തയ്യാറായില്ല... ആ ശ്രമം പരാജയപ്പെട്ടു.

പിറ്റേന്ന് പ്രഭാതത്തില്‍ ദാവീദ് ഊറിയായെ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാ നായകനായ യോവാബിന് ഒരു കത്തും കൊടുത്തുവിട്ടു. കത്തില്‍ ദാവീദ് ഇപ്രകാരമെഴുതി: പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍ നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക. അയാള്‍ വെട്ടേറ്റ് വീണ് മരിക്കണം' (2 ശമുവേല്‍ 11:15).

കല്‍പന പോലെ സേനാനായകന്‍ പ്രവര്‍ത്തിച്ചു. ഊറിയാ കൊല്ലപ്പെട്ടു. വിലാപ കാലത്തിനു ശേഷം ഊറിയായുടെ ഭാര്യയെ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അയാളുടെ ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

ദാവീദിന്റെ മക്കള്‍ നടത്തിയ തോന്നിവാസങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് പഴയനിയമം പറയുന്നത്. ഒരു മകനായ അമ്‌നോന്‍ കാമാന്ധത നിമിത്തം സഹോദരിയായിരുന്ന താമാറിനെ ബലാല്‍ സംഗം ചെയ്തു (2 ശാമുവേല്‍ 13:114). മറ്റൊരു മകനായ അബ്ശലോം സ്വന്തം പിതാവിന്റെ ഭാര്യമാരെ പ്രാപിച്ചു (2 ശാമുവേല്‍ 16:20-23).

നോക്കൂ...! ഒരു പ്രവാചകനെയും കുടുംബത്തെയും പറ്റിയാണ് ഇപ്പറഞ്ഞതെല്ലാം!  മഹാന്മാരായ പ്രവാചകന്മാരുടെ പേരില്‍ ഇത്തരം കളവ് പ്രചരിപ്പിക്കുന്ന വിശ്വാസ വൈകല്യങ്ങളില്‍ നിന്ന് നാം രക്ഷപ്പെട്ടതിന് അല്ലാഹുവിനെ സ്തുതിക്കുക.