തൗറാത്ത് ഏറ്റുവാങ്ങാനുള്ള യാത്ര‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

(മൂസാനബി(അ): 16)

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും യാത്ര തുടരുകയാണ്. ആ യാത്രയില്‍ ഉണ്ടായ പല സംഭവങ്ങളും ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

മൂസാനബി(അ)ക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങള്‍ നല്‍കിയതായും അദ്ദേഹത്തോട് സംസാരിച്ചതായും പല നിയമങ്ങളും അറിയിച്ചുകൊടുത്തതായും നമ്മള്‍ ഇതിനകം മനസ്സിലാക്കി. എന്നാല്‍ ഇതുവരെയും ഒരു വേദഗ്രന്ഥം അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടില്ല.

അല്ലാഹു മൂസാനബി(അ)ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിച്ചു. അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിച്ചു. അതിനായി അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ധ്യാനവുമായി കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. ആദ്യം അത് മുപ്പത് ദിവസമായിരുന്നു. പിന്നീട് അത് നാല്‍പത് ആക്കുകയാണ് ചെയ്തത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തി യാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:142).

നാല്‍പത് ദിവസം അല്ലാഹുവിന്റെ കല്‍പന പ്രകാരം കഴിച്ചു കൂട്ടി. അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി അദ്ദേഹം പുറപ്പെടാന്‍ ഒരുങ്ങി.

തന്റെ കൂടെയുള്ള ജനതയിലെ പലരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് പേടിയുണ്ട്. അല്ലാഹുവിങ്കല്‍ നിന്നുള്ള അനേകം അനുഗ്രങ്ങള്‍ ലഭിച്ചിട്ടും അതിനെക്കുറിച്ച് ഓര്‍ക്കാത്തവര്‍, കണ്ട തെളിവുകളൊന്നും ഹൃദയത്തെ സ്വാധീനിക്കാത്തവര്‍, ഒരു കാര്യം കല്‍പിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി അനേകം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍, കൂടെ അല്ലാഹുവിന്റെ പ്രവാചകന്‍ ഉണ്ടായിട്ടും തൗഹീദിന് വിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെട്ടവര്‍... അങ്ങനെ അനേകം ദുഃസ്വഭാവങ്ങള്‍ ഉള്ള ഒരു വിഭാഗത്തെ വിട്ട് കുറെ ദിവസം മാറിനില്‍ക്കുമ്പോള്‍ അവരുടെ കാര്യത്തില്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും?

നേരത്തെ മൂസാനബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരമെന്നോണം സഹായിയായി അല്ലാഹു  നിയോഗിച്ച സഹോദരന്‍ ഹാറൂനിനെ ഈ ജനതയുടെ നേതൃത്വം ഏല്‍പിച്ച് പുറപ്പെടാന്‍ മൂസാ(അ) തീരുമാനിച്ചു. അങ്ങനെ തന്റെ പ്രതിനിധിയായി സഹോദരന്‍ ഹാറൂന്‍(അ)നെ അദ്ദേഹം നിശ്ചയിച്ചു. പുറപ്പെടുന്ന നേരത്ത് മൂസാ(അ) 'എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക' എന്ന് സഹോദരനെ  ഉപദേശിക്കുകയും ചെയ്തു.

മൂന്ന് കാര്യങ്ങളാണ് ഈ ഉപദേശത്തിലുള്ളത്. ഒന്നാമത്തേത് 'എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുക' എന്നതാണ്. അത് ഒരു ചെറിയ കാര്യമായിരുന്നില്ല. അവരെ നിയന്ത്രിച്ച് കൊണ്ടുപോകല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ സ്വഭാവസവിശേഷതകള്‍ തന്നെ കാരണം.  രണ്ടാമത്തേത് 'നല്ലത് പ്രവര്‍ത്തിക്കുക (അസ്വ്‌ലിഹ്)' എന്നതാണ്. 'അസ്വ്‌ലഹ' എന്നാല്‍ 'നന്നാക്കി' എന്നാണ് അര്‍ഥം. കേട്‌വരുമ്പോഴാണല്ലോ നന്നാക്കുക. പ്രബോധകരുടെ ഒരു വലിയ ദൗത്യമാണിത്;  വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലുമെല്ലാം വ്യതിയാനമുണ്ടാകുമ്പോള്‍ നന്നാക്കിയെടുക്കുക എന്ന വലിയ ദൗത്യം. 

പലപ്പോഴും സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ മനസ്സാക്ഷിക്ക് വിരുദ്ധമായ ശൈലി സ്വീകരിക്കുന്നവരുണ്ട്. താടി വളര്‍ത്തല്‍ തീവ്രവാദത്തിന്റെ അടയാളമാണെന്ന് ശത്രുക്കള്‍ പറയുമ്പോള്‍ എന്നെക്കുറിച്ച് ജനങ്ങള്‍ അപ്രകാരം വിലയിരുത്തുമോ എന്ന് വിചാരിച്ച് താടി വെട്ടി ചെറുതാക്കുന്നവരും വടിച്ചുകളയുന്നവരുമൊക്കെയുണ്ട്. ഇസ്‌ലാമിക വേഷവിധാനത്തെ ഭീകരതയുടെ അടയാളമായി മുദ്ര കുത്തുകയോ പാരതന്ത്ര്യത്തിന്റെ അടയാളമെന്ന് വിശേഷിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഞങ്ങളൊന്നും അത്തരക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വസ്ത്രധാരണ രീതിയില്‍ അഴകുഴമ്പന്‍ സമീപനം സ്വീകരിക്കുന്നവരുമുണ്ട്. ഇതൊന്നും ഒരു സത്യവിശ്വാസിക്ക് ചേര്‍ന്ന നിലപാടല്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രബോധകര്‍ ഗൗരവത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കേണ്ടതുണ്ട്. 

'കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക' എന്നതാണ് മൂന്നാമത്തേത്. കുഴപ്പക്കാര്‍കുഴപ്പം സൃഷ്ടിക്കുമ്പോള്‍ അവരുടെ കൂടെ കൂടുകയല്ല വേണ്ടതെന്നും ജനങ്ങള്‍ക്കിടയില്‍ നന്മ ഉണ്ടാക്കുകയാണ് വേണ്ടതെന്നുമാണ് ഇസ്‌ലാമിന്റെ അധ്യാപനം. മൂസാ(അ) സഹോദരനായ ഹാറൂന്‍നബി(അ)ക്ക് ഇക്കാര്യത്തിലും ഉപദേശം നല്‍കി. ഈ ഉപദേശമെല്ലാം നല്‍കിയ ശേഷം മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി പുറപ്പെടുകയാണ്.

''നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ  രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു'' (ക്വുര്‍ആന്‍ 7:143).

രണ്ടാം തവണയാണ് അല്ലാഹു മൂസാനബി(അ) യോട് നേരിട്ട് സംസാരിക്കുന്നത്. ഒന്ന് നേരത്തെ നാം മനസ്സിലാക്കിയത് പോലെ, മദ്‌യനില്‍ നിന്ന് കുടുംബവുമായി ഈജിപ്തിലേക്ക് മടങ്ങുന്ന വേളയിലാണ് സംഭവിച്ചത്. സൂറഃ ത്വാഹയില്‍ ആ ഭാഗം വന്നിട്ടുണ്ട്. ഇപ്രകാരം അല്ലാഹു നേരിട്ട് സംസാരിച്ചിട്ടുള്ളത് മൂസാനബി(അ)യോട് മാത്രമാണ്. അതിനാലാണ് അല്ലാഹു 'അല്ലാഹു മൂസായോട് ഒരു സംസാരിക്കല്‍ സംസാരിച്ചിട്ടുണ്ട്' എന്ന് പറഞ്ഞത്.

അല്ലാഹു തന്റെ മനുഷ്യരായ ദൂതന്മാരോട് സംസാരിക്കുന്നത് അഥവാ സന്ദേശം കൈമാറുന്നത് മൂന്ന് രൂപത്തിലാണ് എന്ന് താഴെ കൊടുക്കുന്ന സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിത്തരുന്നു:

''(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ, ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 42:51).

ഒന്ന്, വഹ്‌യ് പ്രകാരം. അത് പ്രവാചകന്മാരുടെ ഉറക്കത്തിലോ ഉണര്‍ച്ചയിലോ ആകാവുന്നതാണ്. അല്ലെങ്കില്‍ ഒരു മറയുടെ പുറകില്‍ നിന്നായിക്കൊണ്ട്. ഈ രൂപത്തിലാണ് മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ചത്. ജിബ്‌രീല്‍ എന്ന മലക്കിനെ അയച്ച് സന്ദേശം നല്‍കുന്നതാണ് മൂന്നാമത്തെ രൂപം. ഈ രൂപത്തിലാണ് മറ്റു പ്രവാചകന്മാരോടെല്ലാം അല്ലാഹു സംസാരിച്ചിട്ടുള്ളത്.  

അല്ലാഹു മൂസാനബി(അ)യോട് നേരിട്ട് സംസാരിച്ചു എന്ന് ക്വുര്‍ആനില്‍ നിന്ന് വ്യക്തമാണല്ലോ. അല്ലാഹുവിന്റെ ആ സംസാരം എങ്ങനെയായിരുന്നു എന്ന് നമുക്ക് അറിയില്ല. അല്ലാഹുവുമായി ബന്ധപ്പെട്ടതെല്ലാം സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമാണല്ലോ. അത് എങ്ങനെയെന്നും നമുക്ക് പറയാന്‍ കഴിയില്ല. അല്ലാഹു അറിയിച്ച പ്രകാരം അതിനെ നിഷേധിക്കാതെ, സാദൃശ്യപ്പെടുത്താതെ,  പ്രമാണങ്ങളില്‍ വന്നത് പോലെ നാം വിശ്വസിക്കണം. കാരണം അല്ലാഹു സൃഷ്ടികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ്.

അല്ലാഹു നേരില്‍ സംസാരിച്ചു എന്ന മഹത്തായ ഭാഗ്യം ലഭിച്ച സന്ദര്‍ഭത്തില്‍ മൂസാനബി(അ)യുടെ ഉള്ളില്‍ ഒരു ആഗ്രഹം ഉദിക്കുകയായി. തന്നോട് സംസാരിച്ച ആ റബ്ബിനെ ഒന്ന് കാണുക എന്നതായിരുന്നു ആ ആഗ്രഹം. തന്റെ ആഗ്രഹം സാധിപ്പിച്ചുതരാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്തു. മൂസാനബി(അ)യെ ഈ ചോദ്യത്തിന്റെ പേരില്‍ അല്ലാഹു ആക്ഷേപിച്ചതൊന്നുമില്ല. നീ ചോദിച്ചത് വിവരക്കേടാണെന്നും പറഞ്ഞില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തോട് തന്നെ ഇവിടെ വെച്ച് കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. കാരണം അല്ലാഹു ഇഹലോകത്ത് ഓരോന്നിനും ഓരോ വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരമേ ഇവിടെ എന്തും സംഭവിക്കുകയുള്ളൂ. അല്ലാഹുവിനെ കാണുന്നതിനുള്ള ഒരു വ്യവസ്ഥയിലല്ല ഈ ലോകത്ത് അവന്‍ നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. മൂസാ(അ) ആവശ്യപ്പെട്ടത് ആ വ്യവസ്ഥക്ക് എതിരായതിനാല്‍ അത് അസാധ്യമാണെന്ന് അല്ലാഹു തെളിയിച്ച് കൊടുത്തു.

'നീ എന്നെ കാണുകയില്ല തന്നെ' എന്ന് അല്ലാഹു പറഞ്ഞ ഭാഗത്തെ ഉയര്‍ത്തിപ്പിടിച്ച് അല്ലാഹുവിനെ അടിമക്ക് ഒരിക്കലും (പരലോകത്ത് വെച്ച് പോലും) കാണാന്‍ കഴിയില്ലെന്ന് വാദിച്ചവരും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅയുടെ, അഥവാ പ്രവാചകനെയും സ്വഹാബത്തിനെയും പിന്‍പറ്റി ജീവിക്കുന്ന സന്മാര്‍ഗികളായവരുടെ വിശ്വാസം ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയില്ല എന്നാണ് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്നും, പരലോകത്ത് വെച്ച് വിശ്വാസകള്‍ക്ക് പരമോന്നതനായ അല്ലാഹുവിനെ കാണുവാനും കണ്ട് ആനന്ദിക്കുവാനും കഴിയും എന്നുമാണ്. ഇക്കാര്യം വിശുദ്ധ ക്വുര്‍ആനില്‍ സ്ഥിരപ്പെട്ടതുമാണ്. മുപ്പതില്‍ അധികം സ്വഹാബിമാരില്‍ നിന്ന് സ്വീകാര്യയോഗ്യമായ നിലക്ക് ഇക്കാര്യം ഉദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മരണസമയം മുതല്‍ തന്നെ നാം ഇഹലോക ജീവിതത്തില്‍ കാണുവാന്‍ കഴിയാത്ത പലതും  കാണുവാനും കേള്‍ക്കുവാന്‍ കഴിയാത്ത പലതും കേള്‍ക്കുവാനും തുടങ്ങുമല്ലോ. മലക്കുകളെ നാം ഇതുവരെ കാണുകയോ അവരുടെ ശബ്ദം കേള്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മരണസമയത്ത് നാം മലക്കുകളെ കാണും. അവരുടെ സംസാരം കേള്‍ക്കും. പരലോകത്ത് വെച്ച് നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അപ്രകാരം തന്നെയാണല്ലോ. ഈ കാര്യം ഓര്‍മപ്പെടുത്തുന്നു താഴെയുള്ള ക്വുര്‍ആന്‍ സൂക്തങ്ങള്‍:

''(അന്ന് സത്യനിഷേധിയോട് പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ  ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു'' (ക്വുര്‍ആന്‍ 50:22).

''...അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക്  വെളിപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 39:47).

''ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും'' (ക്വുര്‍ആന്‍ 75:22,23). 

അവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ''അല്ല; തീര്‍ച്ചയായും അവര്‍ അന്നേദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു''(ക്വുര്‍ആന്‍ 83:15). 

ഈ വചനത്തെ വിശദീകരിക്കുമ്പോള്‍ ഇമാം ശാഫിഈ(റഹി) ഇപ്രകാരം പറഞ്ഞു: ''അന്നേ ദിവസം വിശ്വാസികള്‍ അല്ലാഹുവിനെ കാണും എന്നതിന് ഈ ആയത്തില്‍ തെളിവുണ്ട്.'' അവിശ്വാസികള്‍ക്കാണല്ലോ അല്ലാഹു മറയിടുമെന്ന് പറയുന്നത്. അപ്പോള്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് മറയിടില്ല എന്നത് വ്യക്തമാണല്ലോ. 

''സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്...'' (ക്വുര്‍ആന്‍ 10:26). സുകൃതം ചെയ്ത് ജീവിച്ചവര്‍ക്ക് ഏറ്റവും ഉത്തമമായത് ഉണ്ടെന്ന് പറഞ്ഞതിന്റെ ഉദ്ദേശം സ്വര്‍ഗമാണ്. അതിന് പുറമെ കൂടുതല്‍ നേട്ടവും ഉണ്ട് എന്നും പറഞ്ഞല്ലോ. അത് എന്താണെന്നത് താഴെയുള്ള ഹദീഥ്‌കൊണ്ട് വ്യക്തമാണ്:

സ്വുഹയ്ബ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു പറയും: 'ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വര്‍ധിപ്പിക്കണം എന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?' അപ്പോള്‍ അവര്‍ പറയും: 'നീ ഞങ്ങളുടെ മുഖം വെളുപ്പിച്ചില്ലേ? ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?' നബിﷺ പറഞ്ഞു:  'അപ്പോള്‍ അല്ലാഹു അവന്റെ മറ നീക്കും. അപ്പോള്‍ അവരുടെ രക്ഷിതാവിലേക്ക് നോക്കുന്നതിലേറെ ഏറ്റവും ഇഷ്ടപ്പെട്ടതായി യാതൊന്നും നല്‍കപ്പെടുന്നവരാകുന്നവരല്ല അവര്‍'' (മുസ്‌ലിം). 

സ്വര്‍ഗപ്രവേശനത്തെക്കാള്‍ വലിയ സൗഭാഗ്യമാണ് നമ്മുടെ രക്ഷിതാവിനെ കാണാന്‍ കഴിയല്‍ എന്ന് ഈ ഹദീഥില്‍ നിന്ന് വളരെ വ്യക്തമാണ്. ക്വുര്‍ആന്‍ 10:26ല്‍ പറഞ്ഞ 'കുടുതല്‍ നേട്ടം' രക്ഷിതാവിനെ ദര്‍ശിക്കലാണെന്ന് ഈ നബി വചനം നമ്മെ പഠിപ്പിക്കുന്നു. ഇതേ കാര്യം ഹമ്മാദ് ബ്‌നു സലമ(റ)വില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 'പിന്നീട് നബിﷺ ഈ വചനം (സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്...) പാരായണം ചെയ്യുകയും ചെയ്തു' എന്ന് കൂടി ഉണ്ട്.

വിശ്വാസികള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയുന്നതാണ്. അതിനുള്ള പ്രയത്‌നം നമ്മില്‍ നിന്ന് ഉണ്ടാകലാണ് പ്രധാനം. അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യത്തിന് ഹേതുവാക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ ഉണര്‍ത്തുകയാണ്. അല്ലാഹുവിലുള്ള വിശ്വാസവും അതില്‍ തന്നെ അവനെ ഏകനാക്കുന്നതിലും നാം കണിശത നല്‍കുക. കാരണം സുകൃതം ചെയ്യുന്നവര്‍ക്കാണല്ലോ അല്ലാഹു ഈ ഭാഗ്യം വാഗ്ദാനം ചെയ്തിട്ടുള്ളത്. സുകൃതം ചെയ്യുന്നതിലെ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടുന്ന വിഷയമാണ് അല്ലാഹുവിലുള്ള വിശ്വാസവും തൗഹീദും. അതുപോലെ അഞ്ച് നേരത്തെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ഉണ്ടാകുക. പ്രത്യേകിച്ച് ഫജ്ര്‍, അസ്വ്ര്‍ നമസ്‌കാരങ്ങളില്‍. നബിﷺ അവ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

ക്വയ്‌സ്ബ്‌നു അബീ ഹാസിം(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ജരീറുബ്‌നു അബ്ദില്ല(റ) പറയുന്നത് ഞാന്‍ കേട്ടു: 'പൂര്‍ണ ചന്ദ്രനുള്ള രാത്രിയില്‍ നബിﷺ ചന്ദ്രനെ നോക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബിﷺ പറഞ്ഞു: അറിയുക! തീര്‍ച്ചയായും നിങ്ങള്‍ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതില്‍ നിങ്ങള്‍ യാതൊരു പ്രയാസവും അനുഭവിക്കുന്നവരാകില്ല. അതിനാല്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്ര സൂരേ്യാദയത്തിന് മുമ്പുള്ള നമസ്‌കാരവും സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്‌കാരവും (അസ്വ്ര്‍, ഫജ്ര്‍ എന്നിവയാണ് ഉദ്ദേശ്യം) നിങ്ങളെ അതിജയിക്കാതിരിക്കാന്‍ (നിങ്ങള്‍ ശ്രദ്ധിക്കുക).' പിന്നീട് ജരീര്‍(റ) സൂരേ്യാദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക' (20:130) എന്ന ആയത്ത് ഓതുകയും ചെയ്തു.

പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മാറി നില്‍ക്കലാണ് അല്ലാഹുവിനെ കാണുവാനുള്ള മറ്റൊരു മാര്‍ഗം. ഒരു നബി വചനം കാണുക:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ സംസാരിക്കുകയോ അവരിലേക്ക് (കാരുണ്യത്തോടെ) നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ഉണ്ടായിരിക്കുന്നതുമാണ്.''  മുന്ന് തവണ റസൂല്‍ﷺ ഇത് ആവര്‍ത്തിച്ചു. അബൂദര്‍റ്(റ) പറഞ്ഞു:  ''അവര്‍ തകര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതരേ, അവര്‍ ആരാണ്?'' നബിﷺ പറഞ്ഞു: ''വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കിയിടുന്നവരും ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞ് പ്രയാസപ്പെടുത്തുന്നവരും കള്ള സത്യത്തിലൂടെ ചരക്കുകള്‍ വിറ്റഴിക്കുന്നവരുമാണവര്‍'' (മുസ്‌ലിം). ഇത്തരം എല്ലാ തിന്മകളും പാപങ്ങളും അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് നമ്മെ തടയുന്നതാണ്.

അല്ലാഹുവിനെ കാണുന്നതിനായി ആഗ്രഹം മനസ്സില്‍ ഉണ്ടായത്‌കൊണ്ടായില്ല. സാധിക്കുന്നത്ര അല്ലാഹുവിനോട് അതിനായി നാം തേടുകയും വേണം. നബിﷺ പഠിപ്പിച്ച ഒരു പ്രാര്‍ഥനയില്‍ അതിനായി ചോദിക്കുവാന്‍ പഠിപ്പിക്കുന്നത് കാണുക:

''അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടിയുടെ മേല്‍ ഉള്ള നിന്റെ കഴിവ് കൊണ്ടും (ഞാന്‍ നിന്നോട് ചോദിക്കുന്നു). ജീവിതമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ, ദൃശ്യവും അദൃശ്യവുമായ നിലക്ക് നിന്നെ ഭയപ്പെടുന്നതിനെ ഞാന്‍ നിന്നോട് ചോദിക്കുന്നു. തൃപ്തിയും കോപവും ഉള്ളപ്പോള്‍ സത്യവചനത്തെ ഞാന്‍ നിന്നോട് ചോദിക്കുന്നു. ധന്യതയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കുന്നതിനെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. തീര്‍ന്ന് പോകാത്ത അനുഗ്രഹത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. മുറിഞ്ഞ് പോകാത്ത കണ്‍കുളിര്‍മയെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. (നിന്റെ) വിധിയില്‍ സംതൃപ്തി ലഭിക്കുവാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. മരണശേഷം സുഖജീവിതത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തിലേക്കുള്ള  നോട്ടത്തിന്റെ മധുരത്തെയും വിഷമങ്ങളിലെ യാതൊരു വിഷമവും പരീക്ഷണവും കൂടാതെ നിന്നെ കണ്ടുമുട്ടുന്നതിനുള്ള ഇഷ്ടത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈമാനിന്റെ അലങ്കാരം കൊണ്ട് നീ ഞങ്ങളെ അലങ്കരിക്കേണമേ. അല്ലാഹുവേ, ഞങ്ങളെ നീ സന്മാര്‍ഗം പ്രാപിക്കുന്നവര്‍ക്കുന്നവരുടെ മാര്‍ഗദര്‍ശകരും ആക്കേണമേ'' (നസാഈ).

അല്ലാഹു പര്‍വതത്തില്‍ വെളിപ്പെട്ടു. അപ്പോള്‍ എന്താണ് സംഭവിച്ചത്? ബലവത്തായ ആ പര്‍വതം തകര്‍ന്ന് പൊടിയായി. ബലവത്തായ വലിയ ഒരു പര്‍വതത്തിന് പോലും താങ്ങാന്‍ കഴിയാത്ത ഒന്നിനെ മൂസാനബി(അ)ക്ക് എങ്ങനെ കാണാന്‍ കഴിയും. ഇത് കണ്ട മൂസാ(അ)യും ബോധരഹിതനായി നിലം പതിച്ചു.

ബോധം തെളിഞ്ഞ ശേഷം മൂസാ(അ) അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തി. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്തു. അല്ലാഹുവിനെ കാണാത്തതിനാല്‍ അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസക്കുറവ് ഉണ്ടായിരുന്നത് കൊണ്ടൊന്നുമല്ല അപ്രകാരം അല്ലാഹുവിനോട് ചോദിച്ചത്. അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദാര്‍ഢ്യത അദ്ദേഹം ഏറ്റു പറയുകയും ചെയ്തു.

അല്ലാഹുവിന്റെ പ്രകാശമാണ് അല്ലാഹുവിന്റെ മറ. ആ പ്രകാശത്തെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് സ്വഹീഹ് മുസ്‌ലിമില്‍ വന്നത് ഇപ്രകാരം വായിക്കാം:

''അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു. ആ പ്രകാശത്തെ അവന്‍ തുറന്ന് വിട്ടാല്‍ അവന്റെ സൃഷ്ടികളില്‍ നിന്ന് (ഏതൊന്നിലേക്ക്) അവന്റെ ദൃഷ്ടി എത്തുന്നുവോ അവയെ മുഴുവന്‍ അവന്റെ തിരുമുഖത്തിന്റെജ്യോതിസ്സ് കരിച്ച് കളയുന്നതാണ്.''

അല്ലാഹുവിനെ കാണണമെന്ന് മൂസാ(അ) ആവശ്യപ്പെട്ടതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ചെയ്തത്, അത് സാധ്യമല്ലെന്ന് തെളിയിച്ചുകൊടുക്കുകയും ശേഷം അദ്ദേഹത്തോട് ഇപ്രകാരം പറയുകയുമാണ് ചെയ്തത്. 

''അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്റെ സന്ദേശങ്ങള്‍ കൊണ്ടും എന്റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:144).