ശുഐബ് നബിയുടെ ജനത

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

(ശുഐബ് നബി: 2)

അവരുടെ പരിഹാസവും എതിര്‍പ്പും അവസാനിപ്പിച്ചില്ല. കള്ളനെന്നും മാരണം ബാധിച്ചവനെന്നും പറഞ്ഞ് അവഹേളിച്ചു. നീ പറയുന്നതാണ് സത്യമെങ്കില്‍ ഞങ്ങളോട് നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ കൊണ്ടു വരിക എന്ന് വെല്ലുവിളിക്കുവാനും അവര്‍ തയ്യാറായി.

''അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക'' (ക്വുര്‍ആന്‍ 26:187).

''അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു'' (ക്വുര്‍ആന്‍ 26:153).

''നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്'' (ക്വുര്‍ആന്‍ 26:186).

സത്യത്തെ തെളിവിനാല്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ സ്വീകരിക്കുന്ന മാര്‍ഗം അക്രമമായിരിക്കും. ശത്രുക്കള്‍ എന്നും ഏത് കാലത്തും ഈ രീതി അവലംബിച്ചതായി കാണാം. ശുഐബ് നബി(അ)യെ പ്രമാണിമാര്‍ ഭീഷണിപ്പെടുത്തുന്നത് കാണുക: 

''അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ)'' (ക്വുര്‍ആന്‍ 7:88).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

1) വിശ്വാസം ഹൃദയ ബന്ധിതമാണ്. സമ്മര്‍ദത്താലോ, പ്രകോപനത്താലോ, പ്രലോഭനത്താലോ മതം മാറ്റം സംഭവിപ്പിക്കല്‍ തികഞ്ഞ വിഡ്ഢിത്തമാണ്. മനസ്സ് മാറാതെ എങ്ങനെ മതം മാറും? വിശ്വാസം മാറണമെങ്കില്‍ പ്രമാണം കൊണ്ടു ബോധ്യപ്പെടുത്താന്‍ കഴിയണം. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് മാറ്റാന്‍ ഒരു പ്രമാണവും യുക്തിയും ഇല്ല തന്നെ. വിശ്വാസം മാറാതെ കൂടെ നിര്‍ത്തിയാല്‍ ഏത് കൂട്ടര്‍ക്കും പരാജയമായിരിക്കും സംഭവിക്കുക.

2) ഞങ്ങളുടെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ മടങ്ങണം എന്നാണ് ശുഐബ്(അ)നോട് അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ശുഐബ്(അ) മുമ്പ് ബഹുദൈവാരാധകനായിരുന്നുവോ? അല്ല! ഒരു പ്രവാചകനും പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ശിര്‍ക്ക് ചെയ്ത് ജീവിച്ചിട്ടില്ല. പിന്നെ എന്ത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്? നുബുവ്വത്തിന് മുമ്പ് അദ്ദേഹം ബഹുദൈവാരാധനക്കെതിരില്‍ ശബ്ദിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം ബഹുദൈവത്വം അംഗീകരിച്ചിരുന്നു എന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. ആ ധാരണ വാസ്തവ വിരുദ്ധമത്രെ.

ശുഐബ്(അ)യില്‍ വിശ്വസിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി താഴെ പറയും പ്രകാരവും അവര്‍ പറഞ്ഞു നോക്കി:

''അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും'' (ക്വുര്‍ആന്‍ 7:90).

ശുഐബ്(അ)ന്റെ എതിരാളികളായിട്ടുള്ളവരെല്ലാം സമ്പന്നരും മുതലാളിമാരും നാട്ടില്‍ വേണ്ടപ്പെട്ടവരുമാണ്. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ വരാന്‍ പോകുന്ന ഭൗതിക നഷ്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റാനായി പ്രമാണിമാര്‍ ശ്രമിക്കുകയാണ്.

''അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറംതള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 11:91,92).

രക്തബന്ധം എന്നത് അറുത്തു മാറ്റാന്‍ കഴിയാത്തതാണല്ലോ. രക്ത ബന്ധത്തിലുളളവരെ ആരെങ്കിലും പ്രയാസപ്പെടത്തുമ്പോള്‍ വിശ്വാസമോ ആദര്‍ശമോ നോക്കാതെ അവര്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കല്‍ മനുഷ്യസഹജമായ ഒന്നാണല്ലോ. ശുഐബ്(അ)ന്റെ കുടുംബത്തില്‍പെട്ടവരാരെങ്കിലും ഇപ്രകാരം ചെയ്തത് കൊണ്ടാകാം ഇങ്ങനെ ശത്രുക്കള്‍ക്ക് പറയേണ്ടിവന്നത്. 

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും സമാനമായ സംഭവം കാണാം. അബൂത്വാലിബിന്റെ സംരക്ഷണം അതിന് വ്യക്തമായ ഉദാഹരണമാണ്. അബൂത്വാലിബ് വിശ്വാസി അല്ലാതിരുന്നിട്ടും അബൂത്വാലിബ് സംരക്ഷണം നല്‍കിയത് രക്ത ബന്ധത്തിന്റെ കരുത്തിലായിരുന്നു. ശത്രുക്കള്‍ മുഹമ്മദിനെ വിട്ടുതരണമെന്ന് അബൂത്വാലിബിനോട് ആവശ്യപ്പെട്ടപ്പോഴും അതിന് സമ്മതം കൊടുത്തില്ല. ശിഅ്ബ് അബീത്വാലിബില്‍ ശത്രുക്കളുടെ ഉപരോധത്തില്‍ കഴിയുന്ന കാലത്ത് പ്രവാചകന്‍ ﷺ ന് ഹാഷിം കുടുംബത്തിലുള്ളവരും അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളും പേരമക്കളും മൂന്ന് കൊല്ലത്തോളം തുണയായി കൂടെ നിന്നിരുന്നുവെന്നത് ചരിത്രമാണ്. അവരാരും അന്ന് വിശ്വാസികളായിരുന്നില്ല. എന്നിട്ടും അവര്‍ പ്രവാചകനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതാണ് 'കുടുംബ വികാര'ത്തിന്റെ പ്രത്യേകത!

വിശ്വാസിയല്ലാതിരുന്നിട്ടും അബൂത്വാലിബ് നബി ﷺ ക്ക് നിര്‍ഭയത്വം നല്‍കി. ചിലപ്പോള്‍ അങ്ങനെയുള്ള സഹായം വിശ്വാസികള്‍ക്ക് ലഭിക്കും. അബൂത്വാലിബിന്റെ കാല ശേഷമാണല്ലോ ക്വുറൈശികള്‍ നബി ﷺ ക്കെതിരില്‍ അക്രമം വര്‍ധിപ്പിച്ചത്.

എല്ലാവരെക്കാളും മുന്‍ഗണനയും പ്രാധാന്യവും നല്‍കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ. ശുഐബ്(അ) അവരോട് ഉപദേശിക്കുന്നതൊന്നും സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയെക്കാളും കോപത്തെക്കാളും കുടുംബാംഗങ്ങളുടെ സ്ഥാനമാണ് അവര്‍ പരിഗണിക്കുന്നത്. അതിനാലാണ് 'എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍' എന്ന് അവരോട് അദ്ദേഹം ചോദിച്ചത്. മാത്രവുമല്ല, 'എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ' എന്ന് കൂടി അദ്ദേഹം ചോദിച്ചു. 

ശുഐബ് നബി(അ)യുടെ 'നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല' എന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രവാചകന്മാര്‍ കല്‍പിക്കുന്നതിനോടും വിരോധിക്കുന്നതിേനാടും വിപരീതം ചെയ്യുന്നവരല്ലല്ലോ. അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും ഏതൊരു തിന്മയില്‍ നിന്നാണോ വിലക്കുന്നത് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. നന്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതും ഇന്ന് ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ ഒരു മൂല്യമാണ് ശുഐബ്(അ) അവരുടെ മുന്നില്‍ അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ക്കെതിരില്‍ ഇതിന്റെ പേരില്‍ യാതൊരു എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേദക്കാരോടായി ക്വുര്‍ആന്‍ സംസാരിക്കുമ്പോള്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുണ്ട്:

''നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ക്വുര്‍ആന്‍ 2:44).

പ്രബോധകന്മാര്‍ നല്ലവണ്ണം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വിശ്വാസികളോട് അല്ലാഹു അതിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്നത് കാണുക.

''സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു'' (ക്വുര്‍ആന്‍ 61:2,3).

ജനങ്ങളോട് ഉപദേശിക്കുന്നതിനോട് വിപരീത ജീവിതം കൊണ്ടു നടക്കുന്നവരോട് നബി ﷺ  നല്‍കിയ മുന്നറിയിപ്പ് കാണുക.

ഉസാമ(റ) നിവേദനം ചെയ്യുന്നു: ''റസൂല്‍  ﷺ  പറയുന്നത് ഞാന്‍ കേട്ടു: അന്ത്യദിനത്തില്‍ ഒരാളെ കൊണ്ട്‌വന്ന് നരകത്തിലെറിയും. അനന്തരം അയാളൂെട കുടലുകള്‍ പുറത്ത് വരികയും കഴുതകള്‍ ആസുകല്ല് ചുറ്റുന്നത് പോലെ, കുടലും കൊണ്ട് അവന്‍ ചുറ്റിത്തിരിയുകയും ചെയ്യും. തദവസരത്തില്‍ നരകവാസികള്‍ അടുത്തുകൂടി ചോദിക്കും: നിനക്കെന്ത് സംഭവിച്ചു? നീ നല്ലത് കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും ചെയ്തിരുന്നുവല്ലോ? അവന്‍ പറയും. അതെ! ഞാന്‍ നന്മ കല്‍പിച്ചിരുന്നു. പക്ഷെ, ഞാനത് പ്രവൃത്തിയില്‍ കൊണ്ടുവന്നില്ല. തിന്മ നിരോധിച്ചു. പക്ഷെ ഞാനത് പ്രവര്‍ത്തിച്ചു. (ബുഖാരി, മുസ്‌ലിം)

ശുഐബ്(അ)നെ അവരുടെ മാര്‍ഗത്തിലേക്ക് ഭീഷണിപ്പെടുത്തി ചേര്‍ക്കുവാനാണല്ലോ എറിഞ്ഞു കൊല്ലും എന്നെല്ലാം പറഞ്ഞത്. അവരുടെ ഈ ഭീഷണിക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ കാണുക: 

''നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങിവരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങിവരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍'' (ക്വുര്‍ആന്‍ 7:89).

''എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്'' (ക്വുര്‍ആന്‍ 11:93).

എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുന്നവരോട് അവസാനമായി പറയാനുള്ളത് 'നിങ്ങള്‍ ഞങ്ങള്‍ക്കെതിരില്‍ പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തുകൊള്ളുക. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങളും ചെയ്യാം' എന്നായിരുന്നു. ആര്‍ക്കാണ് നിന്ദ്യമായ ശിക്ഷ വരാന്‍ പോകുന്നതെന്നും ആരാണ് വ്യാജവാദികളെന്നും നമുക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അങ്ങനെയാണ് 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍' എന്ന് ആ പ്രവാചകന്‍ ആ സമൂഹത്തിനെതിരില്‍ മനസ്സ് നൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്. അവസാനം എന്ത് സംഭവിച്ചു?

''അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു''(ക്വുര്‍ആന്‍ 26:189).

''നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു'' (ക്വുര്‍ആന്‍ 11:94).

ശക്തമായ ഭൂമി കുലുക്കവും വന്‍ ഘോരശബ്ദവും മുഖേന അവരെ ശിക്ഷിക്കുകയാണ് അല്ലാഹു. മേഘം കൊണ്ട് തണല്‍ മൂടിയ ദിവസം എന്നത് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വാസികളെയും കൊണ്ട് രക്ഷപ്പെടാനായി ശുഐബ്(അ)ന് കല്‍പന നല്‍കി. പിന്നീട് ആ നാട്ടുകാര്‍ക്ക് കഠിനമായ ചൂട് ബാധിപ്പിച്ചു. ഏഴ് ദിവസത്തോളം ഒരു ഇല പോലും അനങ്ങാത്ത രൂപത്തില്‍ കാറ്റടിക്കാതെ അന്തരീക്ഷത്തെ അല്ലാഹു നിര്‍ത്തി. അതോടൊപ്പം വെള്ളം കൊണ്ടുള്ള ഉപകാരം നടക്കുന്നില്ല. (കുളിരേകുന്ന) തണുപ്പില്ല, വീട്ടില്‍ പ്രവേശിച്ചാലും അത്യുഷ്ണം!  അങ്ങനെ അവര്‍ എല്ലാവരും മരുഭൂമിയിലെ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ തീരുമാനിക്കുകയും ഒരുമിച്ച് കൂടുകയും ചെയ്തു. അങ്ങനെ അവര്‍ക്ക് മേഘം മുഖേന തണലിട്ടു. അതിന്റെ തണല്‍ അനുഭവിക്കാന്‍ മേഘത്തിന് താഴെ അവര്‍ ഒരുമിച്ച് ചേര്‍ന്നു. അവര്‍ എല്ലാവരും ഒരു കേന്ദ്രത്തില്‍ ഒരുമിച്ചപ്പോള്‍ അല്ലാഹു തീ പൊരികള്‍ കൊണ്ടും തീജ്വാലകൊണ്ടും അവരെ എറിഞ്ഞ് (അവരിലേക്ക് ശിക്ഷ) അയച്ചു. ഭൂമി അവരെയും കൊണ്ട് കുലുങ്ങി. ആകാശത്ത് നിന്ന് ഘോരശബ്ദം അവര്‍ക്ക് വന്നു... അങ്ങനെ ആ ഭയങ്കരമായ ശിക്ഷക്ക് ഇരയായി ഒന്നടങ്കം അവര്‍ നശിച്ചു.

അല്ലാഹു അവരെ ശിക്ഷിച്ചതിന് ശേഷം, തങ്ങളെ ഭീഷണിപ്പെടുത്തിയ, പല രൂപത്തിലും സത്യത്തില്‍ നിന്ന് മുടക്കാന്‍ ശ്രമിച്ച ആ ജനതയെ കാണുന്ന ശുഐബ്(അ) പറയുന്നത് കാണുക: 

''അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം'' (ക്വുര്‍ആന്‍ 7:93).

ശുഐബ്(അ) അവരോട് നടത്തിയ ഈ സംസാരത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് മുമ്പ് നാം വിവരിച്ചിട്ടുണ്ടല്ലോ. സാമ്പത്തിക ക്രയവിക്രയ രംഗത്ത് അഴിമതിയും പൂഴ്ത്തിവെപ്പും കൊള്ളയും തട്ടിപ്പും വെട്ടിപ്പും പലിശയും നടത്തി നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നവര്‍ക്ക് ശുഐബ്(അ)ന്റെ ജനത ഒരു പാഠമാണ്.