യൂസുഫ് നബി (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

യഅ്ക്വൂബ് നബി(അ)യുടെ 12 മക്കളില്‍ ഒരാളും പ്രവാചകനുമായ വ്യക്തിയാണ് യൂസുഫ് നബി(അ). ഇളയ മകന്‍ ബിന്‍യാമീന്‍ ആയിരുന്നു. ബിന്‍യാമീനിന്റെ തൊട്ടു മുകളിലുള്ള പുത്രനാണ് യൂസുഫ് നബി(അ). ബാക്കി പത്തു പേരും യൂസുഫ്(അ)ന് മുകളിലുള്ളവരാണ്.

യൂസുഫ് നബി(അ)യെ സംബന്ധിച്ച് നബി ﷺ വിവരിച്ചു തന്നത് ഹദീഥുകളില്‍ കാണാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ''മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ മാന്യന്‍.'' (അഥവാ) ഇബ്‌റാഹീമിന്റെ പുത്രന്‍ ഇസ്ഹാക്വിന്റെ പുത്രന്‍ യഅ്ക്വൂബിന്റെ പുത്രന്‍ യൂസുഫ്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പറ്റി നബി ﷺ നമുക്ക് അറിയിച്ചുതന്നത് ഇപ്രകാരമാണ്: ''സൗന്ദര്യത്തിന്റെ പകുതി അല്ലാഹു അദ്ദേഹത്തിന് നല്‍കി.'' 

യുസുഫ്(അ)ന്റെ ചരിത്രം വിവരിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിനെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഏറ്റവും നല്ല വിവരണം എന്നാണ്: 

''നിനക്ക് ഈ ക്വുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു'' (ക്വുര്‍ആന്‍ 12:3).

ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ള മുഴവന്‍ ചരിത്രവും നല്ല വിവരണമാണെന്നതില്‍ നമുക്കാര്‍ക്കും സംശയമില്ല. ക്വുര്‍ആനിന്റെ ഏത് വിവരണവും തെല്ലും സംശയത്തിന് ഇടം നല്‍കാത്തതും കൃത്യവുമാണ്. ഓരോ പ്രവാചകനും നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരുന്നുവല്ലോ. ആ ചരിത്രങ്ങളെല്ലാം അല്ലാഹു നമുക്ക് വിവരിച്ച് തരുമ്പോള്‍ ഏറ്റവും നല്ല വിവരണമാണ് നല്‍കിയിട്ടുള്ളതെന്ന് സാരം. യൂസുഫ് നബി(അ)ന് നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും സത്യസമ്പൂര്‍ണവും ഗുണപാഠങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതുമായ അവസ്ഥയില്‍ വിവരിച്ചിട്ടുള്ളതും ക്വുര്‍ആന്‍ മാത്രമാണെന്നാണ് ഈ പറഞ്ഞതിന്റെ സാരം.

പല പ്രവാചകന്മാരുടെയും ചരി്രതം ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. എന്നാല്‍ യൂസുഫ് നബി(അ)ന്റെ ചരിത്രം സൂറഃ യൂസുഫില്‍ മാത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ അധ്യായത്തിലാകട്ടെ, സവിസ്തരം അത് പ്രതിപാദിച്ചിട്ടുമുണ്ട്.

യൂസുഫ്(അ) കണ്ട ഒരു സ്വപ്‌ന വിവരണത്തിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്നതിന് തുടക്കം കുറിക്കുന്നത്.

''യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു'' (12:4).

മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരുമയും ഇണക്കവും സ്‌നേഹവും ബഹുമാനവും ഈ വചനം നമ്മോട് വിളിച്ച് പറയുന്നുണ്ട്. മാതാപിതാക്കളും മക്കളും എന്നത് ഭൂമിയിലെ ഏറ്റവും വലിയ ബന്ധമാണല്ലോ. ആ ബന്ധത്തോളം വരില്ല മറ്റൊന്നും. ആ ബന്ധം സുദൃഢമാകുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവും നല്‍കുന്നതിലൂടെയും തിരിച്ചറിയുന്നതിലൂടെയുമാണ്. ഇതു പ്രകാരമുള്ള മാതാപിതാക്കളും മക്കളും ഏത് കാലത്തും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാകും. സന്തോഷവും സന്താപവും പരസ്പരം പങ്കുവെച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം ആരായുകയും കണ്ടെത്തുകയും ചെയ്യും. ഞെരുക്കവും പ്രയാസവും മാതാപിതാക്കളോട് പങ്കുവെക്കുക വഴി അവരില്‍ നിന്ന് അവരാല്‍ കഴിയുന്ന സഹായം ലഭ്യമാകും. കാരണം, അവര്‍ എന്നും മക്കളുടെ ഗുണകാംക്ഷികളായിരിക്കും. കൂട്ടുകാരിലും നാട്ടുകാരിലുമൊക്കെ നമുക്ക് ഗുണം വരാതിരിക്കാന്‍ ആശിക്കുന്നവരുണ്ടായേക്കാം. പുറമെ ചിരിക്കുന്നവരും തോളില്‍ കൈയിടുന്നവരുമെല്ലാം ഒരുപോലെയാകില്ല. എന്നാല്‍ മാതാപിതാക്കള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. ആയതിനാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ മനസ്സ് തുറന്ന് അവതരിപ്പിക്കുവാനുള്ള ദുന്‍യാവിലെ ഒരു കേന്ദ്രമാണ് മാതാപിതാക്കള്‍. 

ഇവിടെ യൂസുഫ്(അ) പിതാവിനോട് താന്‍ കണ്ട ഒരു സ്വപ്‌നം പങ്കുവെക്കുകയാണ്; അതിന്റെ ഉദ്ദേശം എന്തെന്ന് അറിയുവാനായി. 'പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു.' അന്നേരം പിതാവ് മകനോട് ഇപ്രകാരം നിര്‍ദേശിച്ചു:

''അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു'' (ക്വുര്‍ആന്‍ 12:5).

പിതാവ് യഅ്ക്വൂബ്(അ) പ്രവാചകനാണല്ലോ. അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്താല്‍ സംസാരിക്കുന്നവരാണ് നബിമാര്‍. യുസുഫി(അ)ന്റെ സ്വപ്‌ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിന് അതില്‍ ഒരു സന്തോഷ സൂചനയെണ്ടെന്ന് മനസ്സിലായി. അതിനാല്‍ ഈ സ്വപ്‌നം നീ ആരുമായും പങ്കുവെക്കരുതെന്നും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും യൂസുഫ്(അ)നെ പിതാവ് ഓര്‍മപ്പെടുത്തി.

സഹോദരങ്ങളോട് നീ കണ്ട സ്വപ്‌നം പറയരുതെന്ന് പിതാവ് യൂസുഫിനോട് നിര്‍ദേശിക്കുവാനുള്ള കാരണം അവര്‍ മോശക്കാരായതിനാലൊന്നുമല്ല. പിശാചുണ്ടല്ലോ എല്ലാവരുടെയും കൂടെ വഴിപിഴപ്പിക്കുന്നതിനായി. അവന്‍ പരസ്പരം അസൂയയുടെ വിത്തിടും. അത് ആരില്‍ മുളച്ച് പൊന്തിയോ അസൂയയെന്ന മാരക രോഗത്താലായിരിക്കും പിന്നീടുള്ള അവന്റെ നീക്കങ്ങള്‍. അസൂയ ഒന്നും ചെയ്യുന്നതിന് തടസ്സമാകില്ല. എത്ര വലിയ നെറികേടിലേക്കും അത് എത്തിക്കുമെന്നതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠം. ആദം നബി(അ)യുടെ മക്കളുടെ ചരിത്രം തന്നെ അതിന് വ്യക്തമായ ഉദാഹരണമാണ്. അതിനാല്‍ അസൂയാലുവിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുവാന്‍ മുസ്‌ലിമിനോട് അല്ലാഹു അറിയിച്ചിട്ടുമുണ്ട്. ഒരേ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന്, ഒരേ ചോറ്റു പാത്രത്തില്‍ നിന്ന് കഴിച്ച് വളര്‍ന്ന സഹോദരങ്ങളില്‍ വരെ അസൂയ പടരും എന്നതും അത് കാരണമായി വലിയ അക്രമം തന്നെ ഉണ്ടായേക്കാമെന്നും നാം അറിയണം. 

അസൂയ ആരിലും വരാവുന്ന രോഗമാണ്. അല്ലാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ എല്ലാം എല്ലാവരോടും പങ്കുവെക്കാന്‍ പറ്റില്ല. ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

'ചില ആവശ്യങ്ങളില്‍ വിജയിക്കുന്നതിനായി (അത് മറ്റുള്ളവരില്‍ നിന്ന്) മറച്ചുവെച്ച് സഹായം ചോദിക്കുവിന്‍. തീര്‍ച്ചയായും അനുഗ്രഹമുള്ളതായ എല്ലാവര്‍ക്കും അസൂയപ്പെടുന്നവരുമുണ്ട്.' അതുപോലെ പ്രഭാത-പ്രദോഷ പ്രാര്‍ഥനകളിലൂടെയും ഉറങ്ങുവാന്‍ കിടക്കുന്ന വേളയിലും എല്ലാം പിശാചില്‍ നിന്ന് അഭയം ചോദിക്കുവാന്‍ നാം മറക്കാതിരിക്കുക.

അനുഗ്രഹം പങ്കുവെക്കുമ്പോള്‍ കേള്‍ക്കുന്നവരില്‍ അസൂയപ്പെടുന്നവരും ഉണ്ടാകാം. അതിനാല്‍ എല്ലാം മറ്റുള്ളവരുമായി തുറന്ന് പങ്കുവെക്കുന്നതും ശ്രദ്ധിക്കണമെന്നതാണ് നാം മനസ്സിലാക്കേണ്ടത്. പിശാചിന്റെ കുതന്ത്രങ്ങളെ പറ്റി നാം സദാ ബോധവാന്മാരായിരിക്കണം. 

യൂസുഫ്(അ)നോട് പിതാവ് സ്വപ്‌ന വിവരം സഹോദരങ്ങളോട് പങ്കുവെക്കരുതെന്ന് പറഞ്ഞതിന് ശേഷം ഇപ്രകാരം പറയുകയുണ്ടായി:

''അപ്രകാരം നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും സ്വപ്‌ന വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും നിന്റെമേലും യഅ്ക്വൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാക്വിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വജ്ഞനും യുക്തിമാനുമാകുന്നു'' (12:6).

യുസുഫ്(അ)ന്റെ ജീവതത്തിലെ പല പരീക്ഷണങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുന്നോടിയായി അല്ലാഹു നമ്മെ അറിയിക്കുന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

''തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'' (12:7).

യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ മനസ്സില്‍, ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ചില ചിന്തകള്‍ കടന്നുവന്നു. അത് കാരണണം അവര്‍ യൂസുഫിനെതില്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുവാന്‍ ശ്രമം നടത്തി നോക്കി. അവര്‍ക്ക് അതില്‍ വിജയം കണ്ടുവെന്ന് തല്‍ക്കാലം തോന്നിയെങ്കിലും വലിയ പരാജയമാണ് അത് അവരില്‍ ഉണ്ടാക്കിയത്.

യൂസുഫ്(അ)നെതിരില്‍ അരുതാത്ത ചിന്ത വരുവാനുണ്ടായ കാരണം എന്തായിരുന്നുവെന്നത് അവരുടെ വാക്കുകളില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.

''യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ)'' (12:8,9).

ഉപ്പാക്ക് ആദ്യം ഉണ്ടായ നമ്മളെ അത്ര ഇഷ്ടമല്ല; ഇളയ മക്കളോടാണ് പിരിശം. അവരോടാണ് സ്‌നേഹം. കരുത്തരായ, ഉപ്പാക്ക് എല്ലാവിധ സഹായം ചെയ്യുന്നതിനും കരുത്തരായ നമ്മളെ വേണം. എന്നാലോ, യൂസുഫിനെയും ബിന്‍യാമീനെയുമാണ് നമ്മളെക്കാള്‍ ഏറെ പ്രിയവും. മാത്രവുമല്ല, അവര്‍ അവരുടെ പിതാവിനെ കുറിച്ച് ഇപ്രകാരം കൂടി പറഞ്ഞു: 'തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.' 

ഉപ്പ നമുക്കിടയില്‍ ഉച്ഛനീചത്തവും അനീതിയും കാണിക്കുന്നുവെന്ന ചിന്ത അവരുടെ മനസ്സില്‍ പിശാച് ഇട്ടു കൊടുത്തു. ഉപ്പ ഇവരുടെ ജനനത്തിന് മുമ്പ് നമുക്ക് നല്‍കിയ സ്‌നേഹവും ലാളനയും തിരികെ ലഭിക്കണമെങ്കില്‍ നമുക്ക് മുന്നില്‍ ഒരു പോംവഴിയേ കാണുന്നുള്ളൂ. ചെറിയ പുത്രന്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കല്‍ എവിടെയെങ്കിലും കൊണ്ടു പോയി തള്ളുക. ഉപ്പാക്ക് മക്കളായി നാം മാത്രമാകുമ്പോള്‍ ഉപ്പാന്റെ സ്‌നേഹവും പരിഗണനയും നമുക്ക് ഉണ്ടാകും എന്നെല്ലാം അവര്‍ ഗൂഢാലോചന ചെയ്തു.

യഅ്ക്വൂബ്(അ) മക്കള്‍ക്കിടയില്‍ പക്ഷപാതിത്തമോ അനീതിയോ കാണിച്ചിട്ടില്ല. ഒരു പ്രാവാചകന്‍ കൂടിയായ അദ്ദേഹം ഒരിക്കലും അപ്രകാരം ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കുവാനും പാടില്ല. പിന്നെ വലിയ മക്കളില്‍ എങ്ങനെ ഈ ചിന്ത കടന്നുവന്നു?  ഇന്നും മുതിര്‍ന്ന മക്കളില്‍ ചെറിയ മക്കളാല്‍ പിതാവിനെ കുറിച്ച് ഇത്തരം ചിന്തകള്‍ ഉണ്ടാകാറുണ്ട്. മുതിര്‍ന്ന മക്കള്‍ മാതാപിതാക്കളോട് പല സന്ദര്‍ഭത്തിലും ഇതൊരു പരാതിയായി അവതരിപ്പിക്കുകയും ചെയ്യുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. വാസ്തവത്തില്‍ ഉപ്പാക്കും ഉമ്മാക്കും അങ്ങനെ ഒരു വേര്‍തിരിവ് ഉണ്ടാകുമോ? ഉണ്ടാകാന്‍ പാടില്ലല്ലോ. നാം ഒന്ന് ചിന്തിച്ചു നോക്കൂ... നാം ചെറുതായിരുന്നപ്പോഴും മാതാപിതാക്കളുടെ കഴിവിനും ആരോഗ്യത്തിനും അനുസരിച്ച് ഒത്തിരി നമ്മെ ലാളിക്കുകയും കളിപ്പിക്കുയും സ്‌നേഹിച്ചവരുമാണ്. പ്രത്യേകിച്ച് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആദ്യ കുട്ടി. ആദ്യ കുട്ടിയെ നിലത്ത് വെക്കാതെ കൊഞ്ചിച്ചും തോളിലേറ്റിയും സ്‌നേഹിച്ച് വളര്‍ത്തും. ആ സ്‌നേഹം പിന്നീടുള്ളവര്‍ക്ക് കിട്ടുമോ? എന്നാല്‍ മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ പക്ഷപാതിത്തം കാണിക്കുന്നുവെന്ന ആദ്യ പരാതിയുടെ വെടി പൊട്ടിക്കല്‍ ആദ്യത്തെ സന്താനവുമാകും! ഇത് പിശാച് കുടുംബത്തില്‍ കലഹം സൃഷ്ടിക്കുന്നതിനായി ഉണ്ടാക്കുന്ന അസൂയ എന്ന രോഗമാണ്. 

മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന്റെ ആഴം അറിയാന്‍ താഴെയുള്ള ചെറു വിവരണം വായിക്കുക:

ഒരു സ്ത്രീ ചോദിക്കപ്പെട്ടു: 'മക്കളില്‍ നിനക്ക് ഏറ്റവും പ്രിയം ആരോടാണ്?' അവള്‍ പറഞ്ഞു: 'രോഗി(യായ കുട്ടിയെ) അവന്‍ സുഖം പ്രാപിക്കുന്നത് വരെയും യാത്ര പോയ(കുട്ടിയെ)വനെ അവന്‍ തിരിച്ചുവരുന്നത് വരെയും ചെറിയ കുട്ടിയെ അവന്‍ വലുതാകുന്നത് വരെയും.' 

അഥവാ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ടെങ്കിലും ശരി, അവരില്‍ ആര്‍ക്കാണോ അസുഖം പിടിപെട്ടത്; അവന്റെ രോഗം സുഖമാകുന്നത് വരെ അവനോടായിരിക്കും മാതാപിതാക്കള്‍ക്ക് സ്‌നേഹവും ശ്രദ്ധയും. മക്കളില്‍ ആരെങ്കിലും സ്ഥലത്തില്ല; എവിടെയോ പോയതാണെന്ന് സങ്കല്‍പിക്കുക. ആ കുട്ടി തിരികെ വരുന്നത് വരെ മാതാപിതാക്കളുടെ ചെവിയില്‍ ആ കുട്ടി വന്ന് വിളിക്കുന്ന ശബ്ദം തിരയടിക്കുകയാകും. ചെറിയ കുട്ടി വലുതാകുന്നത് വരെ അവനിലായിരിക്കും ശ്രദ്ധ. കാരണം, ആ പ്രായത്തില്‍ അവന് ലാളനയും ലഭിക്കല്‍ അനിവാര്യമാണ്. 

(തുടരും)