അയ്യൂബ് നബി (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്(അ). ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നത്. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്ഹാക്വ്(അ)യുടെ മകന്‍ ഈസ്വ് എന്ന ആളുടെ മകനായാണ് അയ്യൂബ്(അ) ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നതെന്നതിന് താഴെ വരുന്ന സൂക്തം തെളിവാകുന്നു:

''അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു'' (ക്വുര്‍ആന്‍ 6:84).

അയ്യൂബ് നബി(അ)യുടെ പേര് വിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത് നമുക്ക് കാണാം. അയ്യൂബ്(അ) ഏത് ജനതയിലായിരുന്നുവെന്നോ, അദ്ദേഹം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളെ പറ്റിയോ വിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ നബി വചനങ്ങളിലോ വന്നതായി കാണുന്നില്ല.

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതത്തില്‍ അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളില്‍ എങ്ങനെ സഹനം കൈകൊള്ളണം എന്നതിനുള്ള മഹനീയ ഉദാഹരണമാണ് അയ്യൂബ്(അ)ന്റെ ചരിത്രത്തിലുള്ളത്.

കാലി സമ്പത്തടക്കമുള്ള വ്യത്യസ്ത രീതിയിലുള്ള വലിയ സമ്പത്തിന്റെ ഉടമയായിരുന്നു അയ്യൂബ്(അ). ആരോഗ്യവും സൗന്ദര്യവുമുള്ള ധാരാളം മക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു; ധാരാളം ബന്ധുക്കളും കുടുംബങ്ങളും ഉണ്ടായിരുന്നു.

അല്ലാഹു ഏറ്റവും കൂടുതല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ നന്നായി പരീക്ഷിക്കും. അയ്യൂബ് നബി(അ)യെ അല്ലാഹു നന്നായി പരീക്ഷിച്ചു. സമ്പത്ത് പതിയെ പതിയെ ഇല്ലാതെയായി. അങ്ങനെ സാമ്പത്തിക മേഖലയില്‍ കടുത്ത പരീക്ഷണത്തിന് അല്ലാഹു അദ്ദേഹത്തെ വിധേയനാക്കി. തുടര്‍ന്ന് പരമ ദരിദ്രനായി അദ്ദേഹം മാറി.

ചുറുചുറുക്കുള്ള, ആരോഗ്യമുള്ള മക്കള്‍ ഓരോന്നായി മരണപ്പെട്ട് പോയി. അങ്ങനെ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും മരണം മുഖേനയും അയ്യൂബ്(അ) പരീക്ഷിക്കപ്പെട്ടു. അതിലും അവസാനിച്ചില്ല. ആരോഗ്യമുള്ള അയ്യൂബ്(അ) തന്നെ രോഗങ്ങളുടെ പിടിയിലായി. കഠിനമായ രോഗം മുഖേനയും ദാരിദ്ര്യം മുഖേനയും വേണ്ടപ്പെട്ടവരുടെ മരണം മുഖേനയും അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ലെന്ന അതിശ്രേഷ്ഠമായ സ്വഭാവ ഗുണത്തെയാണ് ക്വുര്‍ആന്‍ മനുഷ്യരുടെ മുന്നില്‍ അനാവരണം ചെയ്യുന്നത്.

പരീക്ഷണം മനുഷ്യന്റെ കൂടെപിറപ്പാണല്ലോ. ഒരാളും പരീക്ഷണങ്ങളില്‍ നിന്ന് മുക്തരാവില്ല. എല്ലാവരെയും വിവിധങ്ങളായ രീതിയില്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമ എന്ത് സമീപനമാണ് ആ പരീക്ഷണങ്ങളോട് സ്വീകരിക്കേണ്ടതെന്നെല്ലാം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്:

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെഅധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 2:155-157).

ആയത്തില്‍ പറഞ്ഞ പ്രകാരം എല്ലാ വിധത്തിലുള്ള പരീക്ഷത്തിനും അദ്ദേഹം വിധേയനായപ്പോഴും അദ്ദേഹം അല്ലാഹുവിനോട് നിരാശ ബോധിപ്പിച്ചില്ല. മറിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച്, ക്ഷമിച്ചും പ്രാര്‍ഥിച്ചും മുന്നോട്ടു പോയി. ക്വുര്‍ആന്‍ ആ കാര്യം പറയുന്നത് നോക്കൂ:

''അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്'' (ക്വുര്‍ആന്‍ 21:83,84).

''നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം...'' (ക്വുര്‍ആന്‍ 38:414-4).

പരീക്ഷണങ്ങളുടെ ചങ്ങലകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും അദ്ദേഹത്തെ പതര്‍ച്ചയോ നിരാശയോ പിടികൂടിയില്ല; അല്ലാഹുവിനോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്. പരീക്ഷണങ്ങളില്‍ അക്ഷമരായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അയ്യൂബ് നബി(അ)യുടെ ജീവിതം വലിയ പാഠമാണ്.

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ്(അ) അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

അയ്യൂബ്(അ)ന് ബാധിച്ച രോഗത്തെ സംബന്ധിച്ച് പലരും പലതും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുവാന്‍ പാടില്ലാത്തത് വരെ അതിലുണ്ടെന്നതും ഗൗരവത്തില്‍ നാം അറിയേണ്ടതുണ്ട്.

അയ്യൂബ്(അ)ന്റെ ശരീരത്തില്‍ മുറിവ് വന്ന് പഴുത്ത് അതിലൂടെ പുഴുക്കള്‍ അരിച്ചിറങ്ങി. അല്ലാഹുവിനെ സ്മരിക്കുന്ന നാവിനും ഹൃദയത്തിനും മസ്തിഷ്‌കത്തിനും ഒഴികെ മാരകമായ രോഗം പിടിപെട്ട് അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തില്‍ നിന്നും ഒഴിഞ്ഞു മാറി എന്നെല്ലാം വിവരിച്ചവരുണ്ട്. ശരീരത്തിലെ മുറിവിലൂടെ പുറത്തേക്ക് പുഴുക്കള്‍ ചാടിയെന്നും, അവയെ അവിടുന്ന് എടുത്ത് ആ മുറിവിലേക്ക് തന്നെ വെച്ചുവെന്നും നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞവരുണ്ട്. മുറിവ് ബാധിച്ച് ശരീരം ചീഞ്ഞളിഞ്ഞ്, പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വന്നതിനാല്‍, ആ മണം സഹിക്കാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ അദ്ദേഹത്തെ മാലിന്യ കൂമ്പാരമുള്ള സ്ഥലത്ത് കൊണ്ടു പോയി ഇട്ടുവെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. എല്ലുകളും ഞരമ്പുകളും ഒഴികെ മാംസമെല്ലാം കൊഴിഞ്ഞു വീണു എന്ന് വരെ പറഞ്ഞവരും ഉണ്ട്!

ഇതെല്ലാം അടിസ്ഥാന രഹിതങ്ങളായ വ്യാഖ്യാനങ്ങളാണ്. പ്രാമാണികമായി തെളിയിക്കപ്പെടാത്ത ജല്‍പനങ്ങളാണ്. ജനങ്ങള്‍ തന്നില്‍ നിന്ന് അകലാന്‍ കാരണമാകുന്ന ദുര്‍ഗന്ധം വമിക്കുന്ന അസുഖം ഒരു പ്രവാചകന് അല്ലാഹു നല്‍കില്ല.

അദ്ദേഹത്തിന് അല്ലാഹു നല്‍കിയ രോഗം കഠിനമായിരുന്നുവെന്നും കുറെ കാലം അത് നിലനിന്നിരുന്നുവെന്നതും സത്യമാണ്. എന്നാല്‍ ഇസ്‌റാഈലീ കഥകളിലെല്ലാം കാണുന്നത് പോലെയുള്ള ഇത്തരം അതിരുവിട്ട, പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത വ്യാജ കഥകളുടെ പുറകെ പോകാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിനും സുന്നത്തിനും എതിരായിട്ടുള്ള വ്യാഖ്യാനങ്ങള്‍ എവിടെ കണ്ടാലും സ്വീകരിക്കുവാന്‍ നമുക്ക് യാതൊരു ന്യായവും കാണുന്നില്ല.

ഈ വിഷയത്തില്‍ ഏറ്റവും നല്ല ഒരു അഭിപ്രായം പറഞ്ഞിട്ടുള്ള മഹാനായ പണ്ഡിതനാണ് ക്വാദ്വീ അബൂബക്ര്‍(റഹി). അദ്ദേഹം പറയുന്നു:

''അയ്യൂബ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു അവന്റെ കിതാബിലെ രണ്ട് ആയത്തുകൡലൂടെ നമ്മെ അറിയിച്ചതല്ലാതെ (മറ്റൊന്നും) ശരിയായി വന്നിട്ടില്ല. (മുകളില്‍ നാം പറഞ്ഞിട്ടുള്ള ആ രണ്ട് വചനങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്). തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഇതാകുന്നു അയ്യൂബ്(അ)നെ തൊട്ട് വന്നിട്ടുള്ളതില്‍ സ്വീകാര്യമായിട്ടുള്ളത്. 'അയ്യൂബ്(അ) കുളിച്ചുകൊണ്ടിരിക്കവെ വെട്ടുകിളികളില്‍ ഒരു കൂട്ടം കുറെ സ്വര്‍ണം കൊണ്ടു വന്ന് ഇട്ടപ്പോള്‍ അദ്ദേഹം അത് ശേഖരിക്കുവാന്‍ ഒരുങ്ങി. അല്ലാഹു ചോദിച്ചു: അയ്യൂബേ, നിനക്ക് നാം കുറെ സമ്പത്ത് തന്നിട്ടില്ലയോ. അദ്ദേഹം പറഞ്ഞു: അതെ, എന്നാലും ഹലാലായ മാര്‍ഗത്തിലൂടെ നീ എനിക്ക് നല്‍കിയപ്പോള്‍ ആ അനുഗ്രഹം നേടാനാണ് ഞാന്‍ കൊതിച്ചത്' എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തതൊഴികെ വേറെ ഒരു അക്ഷരവും അയ്യൂബ്(അ)നെ സംബന്ധിച്ച് നബി(സ്വ)യില്‍ നിന്നും സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞതൊഴികെ യാതൊന്നും സ്വഹീഹായി അയ്യൂബ്(അ)യെ സംബന്ധിച്ച് വന്നിട്ടില്ല...''

മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിലാണെങ്കില്‍ നമുക്ക് അത് ശരിയാണെന്ന് അംഗീകരിക്കാം. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്ത വിധത്തിലാണെങ്കില്‍ നമുക്ക് അത് അംഗീകരിക്കാവതല്ല. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിലും സുന്നത്തിലും വരാത്തതും എന്നാല്‍ അത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പരാമര്‍ശങ്ങളോട് എതിരാകാതിരിക്കുകയും ചെയ്താല്‍ അത് കൊള്ളാനും തള്ളാനും മുതിരാതിരിക്കുകയാണ് വേണ്ടത്.

അയ്യൂബ്(അ)നെ കുറിച്ച് വന്ന മുന്‍ പരാമര്‍ശങ്ങള്‍ ഒരു പ്രവാചകന് യോജിക്കാത്തതാണ്.  രോഗം പിടിപെടുകയെന്നത് സ്വാഭാവികമാണ്. അത് മൂര്‍ച്ഛിച്ചത് കാരണത്താല്‍ എല്ലാവരും ഒഴിവാക്കി ഒരു കുപ്പതൊട്ടിയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയെന്നെല്ലാം പറയുന്നത് ഒരു പ്രവാചകന് യോജിച്ചതല്ല.

മാരകമായ രോഗത്താലുള്ള അല്ലാഹുവിന്റെ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിയുന്നവന്‍ മഹാ ഭാഗ്യവാനാണ്. പലപ്പോഴും മാരകമായ ഒരു രോഗം ഒരാള്‍ക്ക് പിടിപെട്ടു എന്ന വാര്‍ത്ത പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സന്ദര്‍ശകരുടെയും ആശ്വസിപ്പിക്കുന്നവരുടെയും ശുശ്രൂഷിക്കുന്നവരുടെയും എണ്ണം ആദ്യ നാളുകളില്‍ ധാരാളമുണ്ടാകും. പതുക്കെ പതുക്കെ അത് കുറഞ്ഞു വരും. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വരവിനും പോക്കിനും എല്ലാം ഒരു അയവ് വരും. വല്ലപ്പോഴും വന്നെങ്കിലായി. പിന്നീട് കുടുംബക്കാരും ഏറ്റവും അടുത്ത അയല്‍വാസികളും വീട്ടുകാരും മാത്രമായി. പിന്നെ അതും കുറയും. അവസാനം ഇണയോ മക്കളോ മാതാപിതാക്കളോ മാത്രമാകും. ചിലപ്പോള്‍ അവരില്‍നിന്നും മുഷിപ്പിന്റെയും വെറുപ്പിന്റെയും നിവൃത്തികേടിന്റെയും സംസാരം കേള്‍ക്കാനിടയാകും. അതോടെ രോഗിക്ക് ജീവതത്തോട് മടുപ്പ് തോന്നും. ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഒരു പ്രാര്‍ഥന കാണുക: ''അല്ലാഹുവേ, ആയുസ്സിന്റെ അങ്ങേ അറ്റത്തിലേക്ക് ഞാന്‍ തള്ളപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ തേടുന്നു.''

അയ്യൂബ് നബി(അ)യുട ക്ഷമയെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ''തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു'' (ക്വുര്‍ആന്‍ 38:44).

അദ്ദേഹം ക്ഷമ കൈക്കൊള്ളുക മാത്രമല്ല ചെയ്തത്; രോഗത്താലുള്ള കടുത്ത പരീക്ഷണത്തില്‍ അല്ലാഹുവിന് ഇഷ്ടപ്പെടാത്ത വല്ലതും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാകുമോ എന്നോര്‍ത്ത് അല്ലാഹുവിലേക്ക് നിരന്തരം ഖേദിച്ചു മടങ്ങുകയും ചെയ്തു!

ബൈബിളില്‍ അയ്യൂബ്(അ)നെ പരിചയപ്പെടുത്തുന്നത് ഇയ്യോബ് എന്ന പേരിലാണ്. ഇയ്യോബിന്റെ പുസ്തകത്തില്‍ അയ്യൂബ്(അ)നെ കുറിച്ചുള്ള വിവരണത്തില്‍ ചിലതെല്ലാം ക്വുര്‍ആനിന്റെ വിവരണത്തോട് യോജിക്കുന്നവയാണ്. എന്നാല്‍ ക്വുര്‍ആന്‍ വിവരിച്ചതിനോട് തികച്ചും എതിരായിട്ടുള്ള വിവരണം നല്‍കിയതും അതില്‍ കാണാം.

ദൈവത്തിനെതിരെയുള്ള ആവലാതികളുടെയും സ്വന്തം ദുരിതത്തെ ചൊല്ലിയുള്ള നിരന്തര വിലാപത്തിന്റെയും ആളായി അതില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പല പ്രാവശ്യം  'ഞാന്‍ ജനിച്ച ദിവസം നശിക്കട്ടെ; ഞാന്‍ ഗര്‍ഭ പാത്രത്തില്‍ വെച്ച് മരിക്കാത്തതെന്ത്? ഉദരത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ പ്രാണന്‍ പോകാതിരുന്നതെന്ത്' എന്നെല്ലാം വിലപിച്ചതായും ബൈബിൡ പറയുന്നുണ്ട്.

'സര്‍വ ശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു. ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണി നിരന്നിരിക്കുന്നു... ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യ പാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്ക് ലക്ഷ്യമായി വെച്ചിരിക്കുന്നതെന്ത്? എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിപ്പിക്കാതെയും ഇരിക്കുന്നതെന്ത്?' എന്നും അദ്ദേഹം ദൈവത്തോട് ചോദിച്ചെന്ന് ബൈബിള്‍ പറയുന്നു.

അദ്ദേഹത്തിന്റെ മൂന്ന് സ്‌നേഹിതന്മാര്‍ വന്ന് അദ്ദേഹത്തെ സമാശ്വസിപ്പിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. പക്ഷേ, അതൊന്നും അദ്ദേഹം തെല്ലും കൂട്ടാക്കുന്നില്ല. അവരുടെ ആശ്വാസ വചനത്തിന് മറുപടി നല്‍കുമ്പോള്‍ അദ്ദേഹം ഇടക്കിടെ ദൈവത്തില്‍ കുറ്റം ആരോപിക്കുകയും അല്ലാഹുവിന്റെ ഈ പ്രവൃത്തിയില്‍ യാതൊരു യുക്തിയും നന്മയുമില്ലെന്നും തന്നെപ്പോലുള്ള ഒരു ഭക്തനോട് കാണിക്കുന്ന അക്രമം മാത്രമാണിതെന്നും അവരെ മനസ്സിലാക്കിക്കൊടുക്കുവാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നു!

'ദുഷ്ടന്മാരെ അനുഗ്രഹിക്കുകയും ശിഷ്ടന്മാരെ ശപിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ നിലപാടിനെ' അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. താന്‍ ചെയ്ത സുകൃതങ്ങള്‍ ഓരോന്നായി എടുത്തു പറയുന്നു. പിന്നെ അവയ്ക്ക് പകരമായി ദൈവം തനിക്ക് നല്‍കിയിട്ടുള്ള ദുരിതങ്ങള്‍ വിവരിക്കുന്നു.

അനന്തരം, ദൈവത്തിന് വല്ല മറുപടിയുമുണ്ടെങ്കില്‍ ഏതൊരു കുറ്റത്തിന് പ്രതികാരമായിട്ടാണ് എന്നോടിപ്രകാരം ചെയ്യുന്നതെന്ന് പറഞ്ഞു തരട്ടെ എന്നാവശ്യപ്പെടുന്നു. സ്‌നേഹിതന്മാര്‍ അവസാനം അദ്ദേഹത്തോട് മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് തീരുമാനിക്കുന്നിടത്തോളം ദൈവത്തിനെതിരിലുള്ള അദ്ദേഹത്തിന്റെ വാചാലത അതിരു കടന്നു പോകുന്നു!

അപ്പോള്‍ അവര്‍ക്കു പിന്നില്‍ അതുവരെ മൗനം ദീക്ഷിച്ചിരുന്ന ഒരു നാലാമന്‍ ഇടപെടുന്നു. ഇയ്യോബ് ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതീകരിച്ചതില്‍ കോപിഷ്ടനായിരുന്നു അയാള്‍. അയാളുടെ പ്രഭാഷണം അവസാനിക്കുന്നതിനു മുമ്പായി ദൈവം തന്നെ ഒരു ചുഴലിക്കാറ്റിലൂടെ അവര്‍ക്കിടയില്‍ സ്വയം സംസാരിച്ച് തന്റെ ചെയ്തികള്‍ നീതീകരിക്കുന്നു.

ഇയ്യോബ് പുസ്തകത്തിലെ ഒന്നും രണ്ടും അധ്യായങ്ങളുടെ സംഗ്രഹം പരിശോധിച്ചാല്‍ മൂന്നാം അധ്യായത്തില്‍ പറഞ്ഞതുമായി യോജിപ്പില്ല.

അവസാനം ദൈവകോപം ഭയന്നിട്ട് (ക്ഷമ കൊണ്ടോ നന്ദികൊണ്ടോ തവക്കുല്‍ കൊണ്ടോ അല്ല) ഇയ്യോബ് ക്ഷമായാചനം ചെയ്യുന്നു. ദൈവം അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ദുരിതങ്ങളകറ്റുകയും മുമ്പുണ്ടായിരുന്നതെല്ലാം അദ്ദേഹത്തിന് തിരികെ കൊടുക്കുകയും ചെയ്യുന്നു.

ഈ വിവരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇതിലുള്ള മുഴുവന്‍ വരികളും ദൈവികമല്ല. അഥവാ മനുഷ്യനാല്‍ വിരചിതമായ വരികള്‍ ഇതിലുണ്ട്. അതിലെ പല വരികളും അത് ദൈവത്തിങ്കല്‍ നിന്ന് അവതീര്‍ണമായതല്ലെന്നും അയ്യൂബ്(അ)ന്റെ വാക്കുകളല്ല അതിലുള്ളതെന്നും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. കാരണം ഒരു പ്രവാചകന്‍ അല്ലാഹുവിനെക്കുറിച്ച് ഇപ്രകാരം പറയില്ലല്ലോ.

അതിനാല്‍ ഏറ്റവും ചൊവ്വായ വിവരണവും മാര്‍ഗദര്‍ശനവും മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കുന്ന ഒരേയൊരു വേദഗ്രന്ഥം ഇന്ന് ലോകത്തുള്ളൂ. അത് ക്വുര്‍ആണ്. ഇതാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും. അതു തന്നെയാണ് സത്യവും.

അയ്യൂബ്(അ)ന് ബാധിച്ച കഷ്ടതയും അത് സുഖപ്പെടുന്നതിന് വേണ്ടി അല്ലാഹുവിനോട് അദ്ദേഹം തേടിയതും നാം മനസ്സിലാക്കി. ഇനി അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

''നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (നാം നിര്‍ദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക. ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും! അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതുകൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു'' (ക്വുര്‍ആന്‍ 38:414-4).

രോഗിയായിരുന്ന സന്ദര്‍ഭത്തില്‍ ആവശ്യനിര്‍വഹണത്തിനായി ഭാര്യയുടെ കൂടെയാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. ആവശ്യ നിര്‍വഹണം കഴിഞ്ഞ് ഭാര്യയുടെ കൂടെയാണ് തിരിച്ചു നടക്കാറ്. ഒരു ദിവസം ഭാര്യ അദ്ദേഹത്തിന്റെ അടുത്ത് എത്താന്‍ വൈകി എന്ന് പറയപ്പെടുന്നു. അപ്പോള്‍ അല്ലാഹു അയ്യൂബ്(അ)ന് ദിവ്യസന്ദേശം നല്‍കി: 'അയ്യൂബേ, നീ നിന്റെ കാല് കൊണ്ട് നിലത്തൊന്ന് ചവിട്ടുക.' അങ്ങനെ അവിടെ നിന്നും നല്ല തണുത്ത, ശുദ്ധ ജലം നിര്‍ഗളിക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്റെ കല്‍പന പ്രകാരം അതില്‍ നിന്ന് കുളിക്കുവാനും കുടിക്കുവാനും അദ്ദേഹം അത് ഉപയോഗിച്ചു. തന്മൂലം രോഗം പരിപൂര്‍ണമായി ശമിക്കപ്പെടുകയും ചെയ്തു. വെള്ളം കുടിക്കലും കുളിയും കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗം മാറി എന്ന് മാത്രമല്ല, നല്ല സുന്ദരമായ തൊലിയും ആരോഗ്യവും അദ്ദേഹത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

മുമ്പ് മക്കളുടെയെല്ലാം മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തിന് വലിയ പരീക്ഷണം നല്‍കിയിരുന്നുവല്ലോ. രോഗം മാറിയതിന് ശേഷം അല്ലാഹു അതെല്ലാം തിരികെ നല്‍കി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

അയ്യൂബ്(അ) ഞാന്‍ ഒരാളെ നൂറ് അടി അടിക്കുക തന്നെ ചെയ്യുമെന്ന് ഒരു സത്യം ചെയ്തിരുന്നു. ആരെയെന്നോ എന്തിനാണെന്നോ ക്വൂര്‍ആനിലോ ഹദീഥിലോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭാര്യയെയാണെണ് ഉറപ്പിക്കാവതല്ലാത്ത റിപ്പോര്‍ട്ടുണ്ട്. ഏതായിരുന്നാലും ആരെയെന്നോ എന്തിനെന്നോ എന്നത് നാം അറിയല്‍ പ്രധാനമല്ല. പ്രധാനമായിരുന്നുവെങ്കില്‍ അല്ലാഹു പ്രവാചകനിലൂടെ അത് നമ്മെ അറിയിക്കുമായിരുന്നല്ലോ.

ഒരാള്‍ സത്യം ചെയ്ത് കഴിഞ്ഞാല്‍ അത് പാലിക്കല്‍ നിര്‍ബന്ധമാണല്ലോ. പാലിച്ചില്ലെങ്കില്‍ അതിന് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.  ഈ നിയമം അയ്യൂബ്(അ)ന്റെ കാലത്ത് ഇല്ലായിരുന്നു. അയ്യൂബ്(അ)ന്റെ കാലത്ത് ആ നിയമം ഉണ്ടായിരുന്നുവെങ്കില്‍ അത് അദ്ദേഹം ചെയ്യുമായിരുന്നു. എന്നാല്‍ അയ്യൂബ് നബി(അ)യോട് അല്ലാഹു താന്‍ ചെയ്ത സത്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്:

'നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക...'

ശപഥം ചെയ്തത് നിറവേറ്റുന്നതിനായി 100 ചുള്ളി(കതിര് ആണോ) ഉള്‍കൊള്ളിച്ച് ഒരു അടി അടിക്കുവാന്‍ നിര്‍ദേശിച്ചു. ശപഥം പാലിക്കപ്പെട്ടു.

ആരെയാണ് അടിച്ചത് എന്നോ, എന്തിനാണ് അടിക്കുമെന്ന് ശപഥം ചെയ്തതെന്നോ ക്വുര്‍ആനും ഹദീഥും വെളിപ്പെടുത്താത്തതിനാല്‍ അതിനെ കുറിച്ച് നാം തലപുകഞ്ഞ് ചിന്തിക്കേണ്ടതില്ല.