ധീരമായ ഇടപെടല്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ശവ്വാല്‍ 23 1439 ജൂലായ് 07

(മൂസാനബി(അ): 11)

അല്ലാഹുവിന്റെ മതം സത്യസന്ധമായി പ്രബോധനം ചെയ്തു എന്നതല്ലാത്ത ഒരു തെറ്റും മൂസാനബി(അ)യും സഹോദരന്‍ ഹാറൂന്‍നബി(അ)യും ചെയ്തിട്ടില്ല. അത് സ്വീകരിച്ചു എന്നത് മാത്രമാണ് ജാലവിദ്യക്കാര്‍ക്കെതിരിലും ഫിര്‍ഔന്‍ കടുത്ത സമീപനം സ്വീകരിക്കാനുള്ള കാരണം.

മൂസാനബി(അ)യെ നശിപ്പിക്കലല്ലാതെ ഈ ആദര്‍ശ വളര്‍ച്ചയെ തടയാന്‍ വേറെ വഴിയില്ലെന്ന് ഫിര്‍ഔന്‍ മനസ്സിലാക്കി. ഈജിപ്തില്‍ മൂസാ(അ) ആദര്‍ശ വിപ്ലവം സൃഷ്ടിക്കുമെന്ന ഭയം അവനെ പിടികൂടി. ആ ഭീതി വെളിച്ചത്ത് വരുന്ന അവന്റെ വാക്കുകള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം പറഞ്ഞു തരുന്നു:

''ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 40:26).

ഭീകരനും ധിക്കാരിയുമായ ഫിര്‍ഔന്‍ മൂസാനബി(അ)യെ കുഴപ്പക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. വാസ്തവത്തില്‍ എല്ലാ കുഴപ്പത്തിന്റെയും തലയാണ് ഫിര്‍ഔന്‍. നീചന്മാര്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായും നല്ലവര്‍ കുഴപ്പക്കാരുമായി ചിത്രീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടല്ല. വര്‍ത്തമാനകാലത്തും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മൂസാനബി(അ)യെയും വിശ്വാസികളെയും അവരുടെ ആദര്‍ശത്തെയും നശിപ്പിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്ന ഫിര്‍ഔനിന്റെ നിലപാട് ശക്തിപ്പെടുന്നു. പരിസരം ഭീതിജനകമായ അവസ്ഥയില്‍ ആയി. മൂസാ(അ) അല്ലാഹുവിനോട് തേടാന്‍ തുടങ്ങി:

''മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു'' (ക്വുര്‍ആന്‍ 40:27).

സ്രഷ്ടാവായ അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കാതെ, സ്വേച്ഛകള്‍ക്ക് അടിമപ്പെട്ട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്ക് വിചാരണ നാളില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന ബോധ്യമില്ലാതെ നടക്കുന്ന ആധുനിക ഫിര്‍ഔന്‍മാരുടെ ചെയ്തികളില്‍ നിന്ന് നമുക്കും അഭയം തേടാനുള്ളത് മൂസാ(അ) അഭയം തേടിയ അല്ലാഹുവിനോട് മാത്രമാണ്.

ഒരു ജനതയെതൊട്ട് പേടിയുണ്ടായാല്‍ അല്ലാഹുവിനോട് നാം കാവല്‍ തേടണം. അതിനുള്ള പ്രാര്‍ഥന പ്രവാചകന്‍ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്.

നബി ﷺ ഒരു സമൂഹത്തെതൊട്ട് പേടിച്ചാല്‍ (ഇപ്രകാരം) പറയും: ''അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു'' (അബൂദാവൂദ്).

മൂസാ(അ) അല്ലാഹുവിനോട് ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിന് വേണ്ടി ദുആ ചെയ്തു. മൂസാ(അ) തന്നില്‍ വിശ്വസിച്ചവരോടും അല്ലാഹുവിനോട് സഹായത്തിനായി തേടാന്‍ ആവശ്യപ്പെട്ടു:

''മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തിക്കൊടുക്കുന്നു. പര്യവസാനം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും'' (ക്വുര്‍ആന്‍ 7:128).

ഫിര്‍ഔനും സംഘവും അക്രമിക്കുവാന്‍ ഒരുമ്പെട്ടിരിക്കുകയാണല്ലോ. ഏത് വലിയ ശക്തിയുള്ളവരെയും നിലംപതിപ്പിക്കുവാന്‍ എല്ലാ ശക്തിയുടെയും ഉടമയായ അല്ലാഹുവിനാണല്ലോ സാധിക്കുക. അതിനാല്‍ എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനോട് സഹായം ചോദിക്കുക. എന്ത് പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും നന്നായി ക്ഷമിക്കുകയും ചെയ്യുക; അല്ലാഹു നമ്മെ സഹായിക്കുന്നതാണ്. ഭൂമിയില്‍ ആര്‍ക്കും കാലാകാലം അടക്കിവാഴാന്‍ കഴിയില്ല. അതിന്റെ പരിപൂര്‍ണ അവകാശി അല്ലാഹുവാണ്. അതിന്റെ അനന്തരാവകാശം അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നതാണ്. ഏറ്റവും നല്ല പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും എന്നെല്ലാം മൂസാ(അ) അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു.

പ്രബോധനത്തിന് പ്രതികൂലമായ സാഹചര്യം നമ്മെയും വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതായി മനസ്സിലാക്കുക. അന്യായമായ നിയമ നടപടികളും ഇടപെടലുകളും വര്‍ധിച്ച് വരുമ്പോള്‍ പ്രാര്‍ഥനയെന്ന വലിയ ആയുധം ഉപയോഗപ്പെടുത്താന്‍ നാം മടിക്കാതിരിക്കുക.

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ എന്ത് സമീപനമായിരിക്കണം സ്വീകരിക്കേണ്ടത് എന്ന് മൂസാ(അ) കൂടെയുള്ളവരോട് പറഞ്ഞുകൊടുത്തത് നാം കണ്ടല്ലോ. ഈ സമയത്ത് അവര്‍ മൂസാനബി(അ)യോട് ഒരു സങ്കടം പറയുന്നുണ്ട്.

''അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്‌തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്'' (ക്വുര്‍ആന്‍ 7:129).

വിശ്വസിച്ചു എന്ന് കരുതി അല്ലാഹു നിശ്ചയിച്ചിട്ടുള്ള ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലാഹുവിന്റെ ദീന്‍ മുറുകെപിടിച്ച് ജീവിക്കുക തന്നെ വേണം. പ്രതികൂലമായി എന്ത് സംഭവിച്ചാലും പതറിപ്പോകാന്‍ പാടില്ല. ഫിര്‍ഔനിന്റെ ഭീഷണി സ്വരത്തിന് മുന്നില്‍ അല്‍പം പതര്‍ച്ച വന്നപ്പോള്‍ മൂസാ(അ) അവരെ കൂടുതല്‍ ഉപദേശിച്ച് ഈമാനികമായ കരുത്ത് പകര്‍ന്നുകൊടുത്തു.

''മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെമേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, നിങ്ങള്‍ അവന്ന് കീഴ്‌പെട്ടവരാണെങ്കില്‍. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മര്‍ദനത്തിന് ഇരയാക്കരുതേ. നിന്റെ കാരുണ്യംകൊണ്ട് സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ'' (ക്വുര്‍ആന്‍ 10:84-86).

മൂസാനബി(അ)യുടെ കൂടെയുള്ള വിശ്വാസികള്‍ ക്രൂരനായ ഫിര്‍ഔനിന്റെ ഭീഷണിക്ക് മുന്നില്‍ അല്‍പം പതറിയപ്പോള്‍ മൂസാ(അ) അവര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ഏത് കാലത്തെ വിശ്വാസികളും സ്വീകരിക്കേണ്ടത്. മൂസാ(അ) അവരോട് പറഞ്ഞ കാര്യങ്ങളും അവരുടെ മറുപടിയും നാം ശ്രദ്ധിച്ച് വായിക്കേണ്ടതാണ്. അല്ലാഹുവിന് സര്‍വസ്വവും സമര്‍പിച്ചവനാണല്ലോ മുസ്‌ലിം. പിന്നെ എന്തിന് പേടിക്കണം?

മൂസാ(അ) നല്‍കിയ ഉപദേശം അവരുടെ മനസ്സിന് കുളിര് പകര്‍ന്നു. അവര്‍ക്ക് ആവേശം കൂടി. 'അല്ലാഹുവേ, എല്ലാം ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പിക്കുന്നു' എന്ന് അവര്‍ തുറന്ന് പ്രഖ്യാപിച്ചു. 'അല്ലാഹുവേ, അക്രമികള്‍ക്ക് ഞങ്ങളെ എന്തും ചെയ്യാവുന്ന വിധത്തില്‍ ഞങ്ങളെ ഒരു പരീക്ഷണ വസ്തു ആക്കരുതേ. സത്യനിഷേധികളായ ജനതയില്‍ നിന്ന് നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ' എന്ന് അവര്‍  അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ അല്ലാഹുവിന്റെ കാരുണ്യത്തെ നാം എപ്പോഴും ചോദിക്കേണ്ടതുണ്ട്. എല്ലാവരെയും അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവാണ് നമ്മുടെ അത്താണി.

ഇസ്‌റാഈല്യരില്‍ നിന്ന് വലിയ ഒരു സംഘം മൂസാ(അ)യില്‍ വിശ്വസിച്ചു എങ്കിലും ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചവരുടെ എണ്ണം വളരെ വിരളമായിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍ മൂന്ന് പേരാണെന്നാണ് വന്നിട്ടുള്ളത്. അതില്‍ ഒന്ന് കുടുംബത്തില്‍ പെട്ട, വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതെ നേരത്തെ തന്നെ വിശ്വാസം ഉള്ളില്‍ ഒളിപ്പിച്ച ആളായിരുന്നു. (അദ്ദേഹത്തെ കുറിച്ച് ശേഷം വരുന്നുണ്ട്). മൂസാനബി(അ)യോട് നാടുവിടാന്‍ വേണ്ടി ഉപദേശിച്ച ആളായിരുന്നു അതില്‍ ഒരാള്‍. ഫിര്‍ഔനിന്റെ ഭാര്യയായ ആസ്യ(റ) ആയിരുന്നു അതില്‍ പെട്ട മറ്റൊരാള്‍ എന്നാണ് അഭിപ്രായം. വേറെ ആരും തന്നെ മൂസാ(അ)യില്‍ ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചിരുന്നില്ല. വിശ്വസിച്ചവര്‍ തന്നെയും ഫിര്‍ഔനിന്റെ അക്രമത്തെ ഭയന്നുകൊണ്ടായിരുന്നു വിശ്വാസികളായി ജീവിച്ചിരുന്നത്.

''എന്നാല്‍ മൂസായെ തന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത് തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍തന്നെയാകുന്നു'' (ക്വുര്‍ആന്‍ 10:83).

അവസാനം മൂസാനബി(അ)യെയും കൂട്ടരെയും പെട്ടെന്ന് നശിപ്പിച്ചില്ലെങ്കില്‍ ആപത്താണെന്ന് ഫിര്‍ഔനിന് മനസ്സിലായി. കൊല്ലാനുള്ള ഒരുക്കം നടത്തി. ഈ സന്ദര്‍ഭത്തില്‍ വിശ്വാസം ഉള്ളില്‍ ഒതുക്കി നടക്കുന്ന ഒരാളുടെ വിശ്വാസം അതിനെതിരില്‍ പ്രതികരിപ്പിച്ചു. അദ്ദേഹമാകട്ടെ, ഫിര്‍ഔനിന്റെ ബന്ധത്തില്‍ പെട്ടവനായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ പിതൃവ്യപുത്രനാണെന്ന് പറയപ്പെടുന്നു. അപ്പോഴും അദ്ദേഹം തന്റെ വിശ്വാസം പ്രകടിപ്പിക്കാതെയാണ് പ്രതികരിക്കുന്നത്, ഒരു മധ്യസ്ഥനെ പോലെ.

സുറതുല്‍ ഗാഫിറില്‍ അദ്ദേഹത്തിന്റെ ആ ധീരമായ ഇടപെടല്‍ വിശദമായി അല്ലാഹു നമുക്ക് പറഞ്ഞു തരുന്നുണ്ട്. (ഈ അധ്യായത്തിന് സൂറതുല്‍ മുഅ്മിന്‍ -വിശ്വാസി-എന്ന പേരും ഉണ്ട്). ഈ പേര് (മുഅ്മിന്‍) ഫിര്‍ഔനിനോട് സധൈര്യം മൂസാനബി(അ)യുടെ ആദര്‍ശത്തെ പിന്‍താങ്ങിക്കൊണ്ട് സംസാരിച്ച നല്ല മനുഷ്യനെ ഉദ്ദേശിച്ചാണെന്നത് പ്രത്യേകം നാം മനസ്സിലാക്കേണ്ടതുണ്ട്.

''ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ പെട്ട, തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. എന്റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല'' (ക്വുര്‍ആന്‍ 40:28,29).

വിശ്വാസം പുറത്തേക്ക് പ്രഖ്യാപിക്കാതെ, ഉള്ളില്‍ മറച്ചുവെച്ച ഈ വ്യക്തി ഫിര്‍ഔനിന്റെ സഭയിലേക്ക് കയറിച്ചെന്ന് ഇങ്ങനെ സംസാരിക്കുന്നത്! 'എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?'എന്ന ചോദ്യവും 'അദ്ദേഹം കേവലം ഒരു വാദം ഉന്നയിക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്, അതിനുള്ള വ്യക്തമായ പ്രമാണവും നിങ്ങളുടെ മുന്നില്‍ കാണിച്ചുവല്ലോ' എന്ന് തുടങ്ങുന്ന വിശദീകരണവും ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും ഇതിന് സമാനമായ ഒരു സംഭവം കാണാം:

ഉര്‍വതുബ്‌നു സുബയ്ര്‍(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ''ഞാന്‍ അബ്ദുല്ലാഹിബ്‌നുഅംറ്(റ)വിനോട് റസൂല്‍ ﷺ യെ മുശ്‌രിക്കുകള്‍ കഠിനമായി ചെയ്തതിനെ പറ്റി എനിക്ക് പറഞ്ഞു തന്നാലും'' എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''നബി ﷺ കഅ്ബയുടെ മുറ്റത്ത് നമസ്‌കാരത്തിലായിരിക്കെ ഉക്വ് ബതുബ്‌നു അബീമുഅയ്ത്വ് (നബി ﷺ യുടെ അടുത്തേക്ക്) മുന്നിട്ടു. എന്നിട്ട് അദ്ദേഹത്തിന്റെ ചുമലില്‍(ശക്തിയായി) പിടിച്ചു. (എന്നിട്ട്) നബി ﷺ യുടെ കഴുത്തില്‍ മുണ്ടിട്ട് ശക്തിയായി പിടിച്ച് കുരുക്കി (ശ്വാസം മുട്ടിച്ച് കൊന്നുകളയാന്‍ ശ്രമിച്ചു). അപ്പോള്‍ അബൂബക്ര്‍(റ) അവിടേക്ക് വന്നു. എന്നിട്ട് നബി ﷺ യുടെ ചുമലില്‍ പിടിച്ചു. നബി ﷺ യില്‍ നിന്ന് (അയാളെ) തള്ളി. എന്നിട്ട് അദ്ദേഹം ചോദിച്ചു: ''എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്.''

മാനവചരിത്രത്തില്‍ ഈ ചോദ്യം ചോദിക്കേണ്ട അവസരങ്ങള്‍ ധാരാളം ഉണ്ടാകും. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി, അവനെ മാത്രമെ ആരാധിക്കാവൂ, അവന്‍ മാത്രമെ ആരാധനക്ക് അര്‍ഹനായിട്ടുള്ളൂ എന്ന് മനസ്സിലാക്കി ആരാധനയുടെ ഭാഗമായുള്ള ഏതെല്ലാം വികാരങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിന് മാത്രം നല്‍കുമ്പോള്‍ അന്യായമായ ആരോപണങ്ങള്‍ക്ക് വിധേയനായേക്കാം. വിശ്വാസികളായതിന്റെ പേരില്‍ മാത്രം മാനസികമായും ശരീരികമായും പീഡിപ്പിക്കപ്പെടുന്ന എത്രയോ മനുഷ്യര്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ടല്ലോ.

തന്റെ മുന്നില്‍ നിസ്സങ്കോചം മൂസാനബി(അ)ക്കു വേണ്ടി സംസാരിച്ച വ്യക്തിയോട് ഫിര്‍ഔന്‍ പറഞ്ഞത് 'ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല' എന്നാണല്ലോ. എന്നാല്‍ താനാണ് റബ്ബ് എന്ന് അവകാശപ്പെടുന്ന ഫിര്‍ഔനിന് അതിനുള്ള പ്രമാണം നിരത്തുവാനില്ലായിരുന്നു. മൂസാനബി(അ)യാകട്ടെ അല്ലാഹുവാണ് റബ്ബ് എന്നതിനുള്ള പ്രമാണം നിരത്തുകയും ചെയ്തു. അഹങ്കാരം ഫിര്‍ഔനിനെ അവന്റെ വ്യാജവാദത്തില്‍ ഉറപ്പിച്ചു നിറുത്തി. അവന്‍ മനസ്സിലാക്കിയതാണ് സത്യം എന്നും അതിലേക്ക് അവന്‍ വഴി നടത്തുമെന്നും പറഞ്ഞത് അവന്റെ മനഃസാക്ഷിയെ വഞ്ചിച്ചു കൊണ്ടായിരുന്നു. മൂസാനബി(അ) കാണിച്ച ദൃഷ്ടാന്തങ്ങള്‍ അവനും കൂടെയുള്ളവര്‍ക്കും ബോധ്യമായിരുന്നു. 

''അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു'' (ക്വുര്‍ആന്‍ 27:14).

മൂസാനബി(അ)യെ വകവരുത്തുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുന്ന ഫിര്‍ഔനിനെ, അവന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍ ഉപദേശിക്കുന്നതാണല്ലോ നാം പറഞ്ഞു വന്നത്. അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ ബാക്കി ഭാഗം കാണുക:

''ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു. അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും ഥമൂദിന്റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്. ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല'' (ക്വുര്‍ആന്‍ 40:30,31).

ഓരോ ജനതയിലേക്കും പ്രവാചകന്മാര്‍ വന്നപ്പോള്‍ ആ ജനത അവരെ നിഷേധിച്ചിട്ടുണ്ട്. അതിന് അവര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷ കടുത്തതുമായിരുന്നു. നൂഹ്‌നബി(അ)യുടെ ജനതക്കും ആദ്, ഥമൂദ് സമുദായത്തിനും ശേഷക്കാര്‍ക്കും ലഭിച്ച ശിക്ഷ കടുപ്പമുള്ളതായിരുന്നു. അതെല്ലാം അദ്ദേഹം ഫിര്‍ഔനിനെ ഓര്‍മിപ്പിച്ചു.

അല്ലാഹു അവന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല. അവരെയെല്ലാം അല്ലാഹു നശിപ്പിക്കാന്‍ കാരണം അവരുടെ അക്രമമായിരുന്നു. അവര്‍ അനീതി കാണിച്ചതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്.

''എന്റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല...'' (ക്വുര്‍ആന്‍ 40:32,33).

പരലോകത്ത് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ചും അവിടത്തെ നിസ്സഹായതയെ കുറിച്ചും ഫിര്‍ഔനിനെ അയാള്‍ ഓര്‍മപ്പെടുത്തി.

''വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അ​​ദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു'' (ക്വുര്‍ആന്‍ 40:34).

മൂസാ(അ) ഈജിപ്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാചകന്‍ യൂസുഫ്(അ) ആയിരുന്നല്ലോ. ആ സംഭവം നാം വിവരിച്ചു കഴിഞ്ഞു. യൂസൂഫ്(അ) ഈജിപ്തുകാര്‍ക്ക് ശരിയായവഴി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അതില്‍ സംശയാലുക്കളായി. അദ്ദേഹത്തിന്റെ മരണത്തോടെ ഇനിയൊരു പ്രവാചകനെ അല്ലാഹു അയക്കില്ലെന്ന് അവര്‍ പറഞ്ഞു നടന്നു. അങ്ങനെ അവര്‍ അതിരു കടന്നവരായി മാറുകയാണ് ചെയ്തത്. അവര്‍ പിന്നീട് സംശയങ്ങളില്‍ അകപ്പെട്ടു. ആരായിരുന്നു ആ സംശയാലുക്കള്‍? എന്തുകൊണ്ടാണ് അവര്‍ക്ക് സംശയം ഉണ്ടായത്?

''അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ  ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു'' (ക്വുര്‍ആന്‍ 40:35).

ഈ ഉപദേശമെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ ഒന്ന് മാറിച്ചിന്തിക്കുവാന്‍ തയ്യാറായില്ല. അവന്‍ ഇതെല്ലാം ഒരു പരിഹാസമാക്കി എടുക്കുകയാണ് ചെയ്തത്. അവന്‍ അവന്റെ മന്ത്രി ഹാമാനെ വിളിച്ചു:

''ഫിര്‍ഔന്‍ പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ! അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔനിന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫിര്‍ഔനിന്റെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 40:36,36).

ഫിര്‍ഔനിന്റെ പരിഹാസം നിറഞ്ഞ വാക്കുകളാണിത്. മൂസാ(അ) പറയുന്നത് സത്യമാണെന്ന് ബോധ്യമായിട്ടും ഫിര്‍ഔന്‍ അഹങ്കാരത്താല്‍ അതിനെയെല്ലാം കളവാക്കി. എന്നാലും ഈ ഉപദേശിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ ഗുണകാംക്ഷയോടെയുള്ള ഉപദേശം തുടര്‍ന്ന് കൊണ്ടേയിരുന്നു:

''ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്റെ മാര്‍ഗം കാട്ടിത്തരാം'' (ക്വുര്‍ആന്‍ 40:38).

'എനിക്ക് സത്യമെന്ന് തോന്നുന്നതിലേക്ക് ഞാന്‍ നിങ്ങളെ വഴിനടത്താം' എന്ന് പറഞ്ഞ ഫിര്‍ഔനിന്റെ മാര്‍ഗം ശരിയല്ലെന്ന് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുകയാണ്.

ഫിര്‍ഔനിന്റെ കൂടെക്കൂടികള്‍ക്ക് അവന്‍ ഭൗതികമായ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിരുന്നു. അതിനാല്‍ അവനെ ഒഴിവാക്കുക എന്നത് ഭൗതികപ്രിയരായവര്‍ക്ക് വിഷമകരവുമായിരുന്നു. അതിനാല്‍ ഭൗതികലോകത്തിന്റെ നശ്വരതയെ പറ്റി അദ്ദേഹം ആ ജനതയെ ഉപദേശിച്ചു:

''എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മംപ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ-അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും'' (ക്വുര്‍ആന്‍ 40:39,40).

ഐഹിക ജീവിതം ശ്വാസോച്ഛ്വാസം നിലയ്ക്കുന്നത് വരെ അനുഭവിക്കാവുന്ന നിസ്സാരമായ വിഭവം മാത്രമാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത, എന്നെന്നും നിലനില്‍ക്കുന്നതാണ് പരലോക ജീവിതം. അവിടെ വിജയിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി. അവിടെ പരാജയപ്പെടുന്നതാണ് ഏറ്റവും വലിയ പരാജയം. (തുടരും)